Friday, April 26, 2024
Novel

ഹരിബാല : ഭാഗം 21

Spread the love

നോവൽ
എഴുത്തുകാരി: അഗ്നി

Thank you for reading this post, don't forget to subscribe!

ഇപ്പൊ വരാം എന്ന് പറഞ്ഞുകൊണ്ട് മുകളിലേക്ക് പോയ ബാലയെ കാണാഞ്ഞിട്ടാണ് ഹരിയുടെ ‘അമ്മ അവളെ തിരഞ്ഞ്‌ മുറിയിലേക്ക് ചെന്നത്…

അവിടെ ചെന്നപ്പോൾ അവർ തറയിൽ ബോധമില്ലാതെ കിടക്കുന്ന ഇന്ദുവിനെയാണ് കണ്ടത്…

“ഏട്ടാ…”..’അമ്മ വേഗം അച്ഛനെ വിളിച്ചു..

“എന്താടോ ഭാര്യേ..” എന്നും ചോദിച്ചോണ്ട് അദ്ദേഹം ഓടിക്കയറി വന്നു…

അദ്ദേഹം വന്നപ്പോൾ കാണുന്നത് നിലത്ത് വീണ് കിടക്കുന്ന ഇന്ദുവിനെയും അവളുടെ തല മടിയിൽ എടുത്തു വച്ചിരിക്കുന്ന തന്റെ ഭാര്യയെയും അവരുടെ അടുത്ത് കിടക്കുന്ന ഫോണും ആയിരുന്നു…

അദ്ദേഹം വേഗം തന്നെ അടുക്കളയിൽ നിന്നും ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവന്ന് അവളുടെ മുഖത്തേക്ക് തളിച്ചു…

അവൾ കണ്ണ് തുറന്നതും കണ്ണേട്ടാ എന്നാലറിയതും ഒന്നിച്ചായിരുന്നു…

“അമ്മേ…അച്ഛാ..എന്റെ കണ്ണേട്ടൻ..”

“യ്യോ..എന്റെ മോനെന്താ പറ്റിയെ ഏട്ടാ…”
എന്നും പറഞ്ഞുകൊണ്ട് അമ്മയും നിലവിളിക്കാൻ തുടങ്ങി..

എന്താ മോളെ…എന്താ എന്റെ കുട്ടിക്ക് പറ്റിയത്…
അച്ഛനും കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു…

അവൾ എന്തോ പറയാനായി തുടങ്ങിയപ്പോഴാണ് താഴെ നിന്നും കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടത്…

അച്ഛൻ താഴേക്ക് ഇറങ്ങിച്ചെന്ന് വാതിൽ തുറന്നു…അജിത് ആയിരുന്നു അപ്പുറത്ത്..

“അച്ഛാ…”..അജിത്ത് വിളിച്ചു..

“എന്താ മോനെ..”..

“അത്…ഹരി…ഹരിക്ക് ഒരു ആക്സിഡന്റ്…”

“അയ്യോ..എന്റെ കുട്ടിക്ക്…”

“ഇല്ലച്ചാ..അവനൊന്നുമില്ല…എന്നെ അവന്റെ അവിടെയുള്ള കൂട്ടുകാരൻ ശബരി ആണ് വിളിച്ചു പറഞ്ഞത്…”

“അയ്യോ..എന്റെ കുട്ടി..ഞാൻ അവളോട് ഒന്ന് സൂചിപ്പിക്കട്ടെ”

“അച്ഛാ..അമ്മയോട്…”

“പറയണം മോനെ…പെറ്റ വയറല്ലേ…പറഞ്ഞില്ലെങ്കിലും അവർക്കത് മനസ്സിലാകും…”

അദ്ദേഹം കണ്ണ് തുടച്ചു തിരിഞ്ഞതും തന്നെ നോക്കി നിൽക്കുന്ന തന്റെ ഭാര്യയെ ആണ് കണ്ടത്..

“ഏട്ടാ…ഇന്ദുമോള് പറഞ്ഞു…നമ്മുടെ മോൻ…”

“ഇല്ലെടോ..ഒന്നും ഇല്ല…നീ വേഗം ശ്രീജിയോട് ഇങ്ങട് വരാൻ പറ…അവര് മോൾടെ വീട്ടിൽ പോയതല്ലേ…കാര്യം പറയണ്ട…പിന്നെ അവരെ അവിടെ നിർത്തിയിട്ട് പോരാൻ പറയുട്ടോ..”

വിറയ്ക്കുന്ന കൈകളോടെ ആ അമ്മ ഫോൺ എടുത്ത് ശ്രീജിത്തിനെ വിളിച്ച് വേഗം വരാൻ പറഞ്ഞു…ഉള്ളിൽ തികട്ടിവരുന്ന വിഷമത്തെ കടിച്ചമർത്തി അവർ പുഞ്ചിരിച്ചു…കാരണം അവരും കൂടി പരിഭ്രമിച്ചാൽ അത് ഇന്ദുവിന് ഒരു ആഘാതമായാലോ എന്നവർ ഭയന്നു..

ശ്രീജിത്ത് വേഗം തന്നെ വന്നു…അപ്പോഴേക്കും അജിത്ത് അവനെ കാര്യങ്ങൾ പറഞ്ഞറിയിക്കുകയും അച്ഛനും ശ്രീജിത്തിനും മുംബൈക്ക് പോകാനുള്ള വിമാനടിക്കറ്റും ഏർപ്പാടാക്കിയിരുന്നു..

അങ്ങനെ അജിത്തിനെ വീടേൽപിച്ച് അവർ മുംബൈയിലേക്ക് പറന്നു…

അന്ന് ആ വീട്ടിൽ ഒന്നും ഉണ്ടാക്കിയില്ല…അവിടത്തെ അവസ്ഥ ശോകമൂകമായിരുന്നു…ഉച്ചഭക്ഷണം അജിത്ത് വാങ്ങിക്കൊണ്ട് വന്നിരുന്നു…അത് അവർ രണ്ടുപരും കയ്യിട്ട് ഇളക്കിയതല്ലാതെ ഒരു വറ്റ് വായിലേക്ക് ചെന്നില്ല…

★★★★★★★★★★★★★★★★★★★★

ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കായിരുന്നു ഫ്‌ളൈറ്റ്..രണ്ടുമണിയായപ്പോഴേക്കും. അവർ ഛത്രപതി ശിവാജി വിമാനത്താവളത്തിന് പുറത്തെത്തി..

വേഗം തന്നെ ഒരു ടാക്‌സി വിളിച്ച് അവർ ആശുപത്രിയിലെത്തി…അവിടെ അവരെ കാത്തെന്നപോലെ ശബരിയും വിച്ചുവിന്റെ അളിയൻ ജിത്തുവും ഉണ്ടായിരുന്നു…

അവർ വേഗം തന്നെ ഐസിയുവിന്റെ അങ്ങോട്ടേക്ക് ചെന്നു….അവിടെ തലയിൽ ഒരു വലിയ കെട്ടും കൈയ്യിൽ ഒരു പൊട്ടലും ആയിട്ട് ഹരി കിടക്കുന്നുണ്ടായിരുന്നു…

അപ്പോഴേക്കും ഡോക്ടർ ഇറങ്ങി വന്നു..

“നിങ്ങൾ മലയാളികൾ ആണല്ലേ..”

“അതേ ഡോക്‌ടർ..” ശ്രീജിത്ത് പറഞ്ഞു..

“ഞാൻ ഡോക്‌ടർ ടോണി…എറണാകുളം ആണ് സ്വദേശം…വരു ക്യാബിനിലോട്ടിരിക്കാം…കുറച്ച് സംസാരിക്കാനുണ്ട്…”

അവർ നാല്.പേരും അകത്തേക്കു ചെന്നു…

ഡോക്‌ടർ പറഞ്ഞുതുടങ്ങി..

“ശബരി പറഞ്ഞതനുസരിച്ച് ഇത് കരുതിക്കൂട്ടിയുള്ളൊരു ആക്രമണമായിരുന്നു.. ഇയാൾക്കും കുറച്ച് അപകടം പറ്റിയിട്ടുണ്ട്…”

ശബരിയുടെ കണങ്കാലിൽ ബാൻഡേജ് ചുറ്റിയിരുന്നു…കൈ മുട്ടിനു മീതെ ഒരു കെട്ടും ഉണ്ടായിരുന്നു…

ഡോക്‌ടർ തുടർന്നു …
“ശബരി അധികം പരിക്കുകളില്ലാതെ രക്ഷപെട്ടു…ശ്രീഹരിക്ക് പ്രത്യക്ഷത്തിൽ പരിക്കുകൾ കാണുന്നില്ലെങ്കിലും അവന്റെ തലയ്ക്ക് നല്ലവണ്ണം ക്ഷതമേറ്റിട്ടുണ്ട്…”

“അതായത് ഡോക്ടർ പറഞ്ഞു വരുന്നത്…”
ജിത്തു പറഞ്ഞു നിറുത്തി…

“ഞാൻ പറയുന്ന കാര്യങ്ങൾ നിങ്ങൾ ക്ഷമയോടെ കേൾക്കണം…
ഹരിക്ക് പരിക്ക് എന്ന് പറയാൻ തലയുടെ പുറം ഭാഗത്തേറ്റ ക്ഷതം പിന്നെ വലത്തുകയ്യിലെ ആ പൊട്ടൽ…അല്ലാതെ ഒന്നും ഇല്ല…

പക്ഷെ തലയിൽ ഉള്ള ആഴമേറിയ മുറിവുകൾ നിമിത്തം അദ്ദേഹത്തിന്റെ ചില ഞരമ്പുകൾക്ക് ചെറിയൊരു കുഴപ്പം പറ്റിയിട്ടുണ്ട്..അതായത് കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ ഓർമ്മകൾ ഹരിക്ക് നഷ്ട്ടപ്പെട്ടു…എന്നാൽ അത് തിരിച്ചു വരും പക്ഷെ സമയം എത്ര എടുക്കും എന്ന് പറയാൻ കഴിയില്ല…ചിലപ്പോൾ ഒരു ആഴ്ച ആകാം അല്ലെങ്കിൽ ഒരു മാസം അല്ലെങ്കിൽ ഒരു വർഷം ….അത് എങ്ങനെയുമാകാം.. ”

ഇത്രയും പറഞ്ഞ് നിർത്തിയപ്പോഴേക്കും എല്ലാവരും തറഞ്ഞിരുന്നു പോയി..ആ സമയത്ത് എല്ലാവരും കൂടുതൽ വിഷമിച്ചത് ഇന്ദുവിനെക്കുറിച്ചോർത്തായിരുന്നു..

“ബൈ ദ ബൈ…ഈ ഇന്ദൂട്ടി ആരാ…എന്റെ ഇന്ദൂട്ടിയുടെ കല്യാണം കഴിഞ്ഞുപോയി എന്നൊക്കെ അയാൾ പറയുന്നുണ്ടായിരുന്നു…അതുകൊണ്ട് ചോദിച്ചതാ…”

“അത് ഡോക്ടർ….” ശ്രീജിത്ത് ബാക്കി പറയാനാകാതെ നിർത്തി…

“യാ…ഇറ്റ്‌സ് ഓക്കെ…ഞാൻ ചോദിച്ചു എന്നെ ഉള്ളു….എന്തായാലും ഹരിക്ക് ബോധം വരുമ്പോൾ കയറി കണ്ടോളു…”
എന്നും പറഞ്ഞുകൊണ്ട് ഡോക്ടർ റൗണ്ട്സിന് പോയി…

അവർ അപ്പോൾ തന്നെ വീട്ടിലേക്ക് ഹരിക്ക് കുഴപ്പമില്ലെന്നും കൈക്ക് ആകെ ഒരു പൊട്ടൽ മാത്രേ ഉള്ളുവെന്നും വിളിച്ചു പറഞ്ഞു…ഓർമ്മശക്തി നഷ്ട്ടപെട്ട കാര്യം പറഞ്ഞിരുന്നില്ല….അത് ഒരിക്കലും അവർക്ക് പെട്ടന്ന് താങ്ങാൻ കഴിയില്ല എന്ന് മനസ്സിലാക്കിയിരിക്കണം…

പിന്നെ നീണ്ട നേരത്തെ കാത്തിരിപ്പായിരുന്നു ഹരി ഉണരാനായി…കണ്ണ് തുറന്നുടൻ തന്നെ അവനെ എല്ലാവരും കയറി കണ്ടു..എല്ലാവരെയും.നേരത്തെ മുതൽ പരിചയമുള്ളതുകൊണ്ട് അവന് ബുദ്ധിമുട്ടുണ്ടായില്ല…

കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും അവിടെയുള്ള നഴ്‌സ് വന്ന് അവരോട് പുറത്തേക്കിറങ്ങാൻ പറഞ്ഞു…

എല്ലാവരും പോയപ്പോൾ ഹരി ശ്രീജിത്തിനെ മാത്രം വിളിച്ചു….അവൻ അവിടെ നിന്ന് ബാക്കിയുള്ളവർ പുറത്തേക്ക് പോയി..ഹരിയും ശ്രീജിത്തും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു…

പുറത്തിറങ്ങിയ ഉടൻ തന്നെ ജിത്ത് ഡോക്ടർ വിളിച്ചിട്ട് അദ്ദേഹത്തിന്റെ കൂടെ പോയി..

കുറച്ച് കഴിഞ്ഞപ്പോഴേക്കും ശ്രീജിത്ത് പുറത്തേക്ക് വന്നു…

“എന്താ മോനെ..എന്താ അവൻ പറഞ്ഞത്?…”..അച്ഛൻ ചോദിച്ചു..

“അച്ഛാ…അത് അവന് അവന്റെയും ശാരിയുടെയും വിവാഹത്തിന് മുൻപ് വരെയുള്ള ഓർമ്മകളെ ഉള്ളു..അതായത് ബാലമോള്ടെ കല്യാണം കഴിഞ്ഞത് വരെ…
വിച്ചു മരിച്ചതോ, കുട്ടൻ ഇന്ദുവിനെ വിവാഹം ചെയ്തതോ..അതൊന്നും അവന്റെ ഓർമ്മയിലില്ല..

ഇപ്പോൾ അവൻ എന്നോട് പറഞ്ഞത് ശാരിയുമായുള്ള അവന്റെ വിവാഹം മാറ്റിവയ്ക്കാനാണ്…അവന്റെ ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് അവൻ കരുതിയിരിക്കുന്നത് ഒരാഴ്ച്ച കഴിഞ്ഞാൽ അവന്റെയും ശാരിയുടെയും വിവാഹം ആണെന്നാണ്..ഞാൻ മാറ്റിവയ്ക്കാം എന്ന് അവനോട് പറഞ്ഞിട്ടുണ്ട്…”…

അപ്പോഴേക്കും ജിത്തുവെത്തി…അവൻ പറയുന്ന കാര്യങ്ങൾ കേട്ടിട്ട് അവർ വീണ്ടും വല്ലാത്തൊരവസ്ഥയിലായി…..

“ഡോക്ടർ പറഞ്ഞത് ഹരിയുടെ ഓർമ്മകൾ തനിയെ തിരികെ വരണമെന്നാണ്..അതിനാൽ തന്നെ കഴിഞ്ഞ നാല് വർഷങ്ങളിൽ സംഭവിച്ച മാറ്റങ്ങൾ ഒന്നും തന്നെ അവൻ കാണുവാൻ ഇടവരരുത്.. അതായത് വീണമോളെ പോലും കാരണം ഹരിയുടെയും ശാരിയുടെയും വിവാഹത്തിന്റെ അന്നാണ് വേദിക വീണയെ ഗർഭിണിയായിരിക്കുന്ന വിവരം പുറത്തറിയുന്നത്…അതിനാൽ തന്നെ അവന്റെ ഓർമ്മയിൽ എങ്ങും വീണമോൾ ഇല്ല…

പിന്നെ ബാല അവിടെ നിൽക്കുന്നത്കൊണ്ട് പ്രശ്നം ഉണ്ടാവാതെ നോക്കാം…കാരണം അച്ഛനും അമ്മയും.സ്വന്തം മകനെപ്പോലെ കരുതുന്ന തന്റെ കൂട്ടുകാരന്റെ ഭാര്യയാണ് ഇന്ദു എന്നാണല്ലോ അവൻ വിചാരിച്ചിരിക്കുന്നത്…എന്നാലും ഒന്ന് രണ്ട് ദിവസത്തിൽ കൂടുതൽ ബാലയെ അവിടെ നിർത്താൻ കഴിയില്ല…”

“അത് നമുക്കെന്തെങ്കിലും ചെയ്യാം…”..ശ്രീജിത്ത് പറഞ്ഞു…

★★★★★★★★★★★★★★★★★★★★

“ന്റെ കുട്ടി..അവന് കുഴപ്പമില്ല എന്നറിഞ്ഞപ്പോൾ സമാധാനയില്ലേ…ഇനി ഇത് കഴിക്ക്…രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്യ..”

‘അമ്മ വീട്ടിലിരുന്ന് ഇന്ദുവിന്റെ ഊട്ടുകയാണ്…

അവർ രണ്ടുപേരും വൈകുന്നേരമാണ് ഭക്ഷണം കഴിക്കുന്നത്…ഇത്രയും നേരം ഹരിയുടെ നില അറിയാതെ ഒന്നും കഴിക്കില്ല എന്നുള്ള വാശിയിലായിരുന്നു അവൾ…

അവർ കഴിച്ചെഴുന്നേറ്റപ്പോഴേക്കും ഇന്ദ്രനും ജോയലും എത്തിയിരുന്നു…രാത്രി വൈകിയാണ് അവർ തിരികെ പോയത്..

ആ ദിവസവും കൂടെ മൂന്ന് ദിവസങ്ങളും കടന്ന് പോയി…ഇതിനിടയിൽ വീട്ടിൽ വിളിച്ച് ഹരിയുടെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞ് മനസ്സിലാക്കിയിരുന്നു

ഇന്ദുവിന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും അവന്റെ നല്ലതിന് വേണ്ടി അവൾ മാറിത്താമസിക്കാം എന്നവൾ തീരുമാനിച്ചു…

അങ്ങനെ അവൾ അവരുടെ മുറിയിൽ നിന്നും വീടിന്റെ ഓരോ മൂലയിൽ നിന്നും അവളുടെ ഓർമ്മകൾ നിലനിൽക്കുന്ന ഓരോ വസ്തുക്കളും എടുത്തു മാറ്റിവച്ചു..

അവൾ ട്രീസയുടെ വീട്ടിലേക്ക് മാറാൻ തീരുമാനിച്ചു…കോളേജിൽ പോകാനുള്ള എളുപ്പവും അത് കൂടാതെ അവർ തന്റെ കണ്ണേട്ടനെ കാണാൻ വരുമ്പോഴേക്കും അവൾക്കും കൂടെ വന്ന് ഒരു നോക്ക് കാണാം എന്നുള്ള തിരിച്ചറിവും ആയിരുന്നു അതിന് അവളെ പ്രേരിപ്പിച്ചത്…

അങ്ങനെ അപകടം നടന്ന് അഞ്ച് ദിവസത്തിന് ശേഷം ഹരിയുമായി അച്ഛനും ശ്രീജിയേട്ടനും ജിത്തേട്ടനും ശബരിയേട്ടനും മടങ്ങിയെത്തി….

വീടിന്റെ വാതിൽക്കൽ തന്നെ ഇന്ദുവും അമ്മയും ട്രീസയും ജോയലും ഉണ്ടായിരുന്നു..വേദികയെയും വീണമോളേയും വേദികയുടെ വീട്ടിൽ ആക്കിയിരുന്നു…ട്രീസയുടെയും ഇന്ദുവിന്റെയും കൂട്ട് അറിയാവുന്ന ഹരി അവരുടെ കൂടെ ഇന്ദുവിനെ കണ്ടത് കാര്യമാക്കിയില്ല….

അവൻ വന്ന ഉടനെ തന്നെ ‘അമ്മ അവനെ ചെന്ന് വാരിപ്പുണർന്നു മുത്തങ്ങൾ കൊണ്ട് മൂടി..ഇതെല്ലാം കണ്ട് നിന്ന ഇന്ദുവിന്റെ കണ്ണിൽ നീർമുത്തുകൾ നിറഞ്ഞു…

ഈ ഒരു മാസം കൊണ്ട് താൻ പടുത്തുയർത്തിയ സ്വപ്നങ്ങൾ…ജീവിതത്തിൽ ആദ്യം കുറയെ സ്നേഹം വിച്ചുവേട്ടന്റെ രൂപത്തിൽ തന്നു..പിന്നീടത് ഇരട്ടിയായി തിരികെയെടുത്തു….

അതിനുശേഷം ഒന്ന് മനസ്സ് തുറന്ന് സന്തോഷിക്കുന്നതും..കാത്തിരിപ്പിന്റെ സുഖം അറിയുന്നതും കഴിഞ്ഞ ഒരു മാസത്തിലാണ്…തൻെറ കണ്ണേട്ടൻ തിരികെ വരാനുള്ള കാത്തിരിപ്പ്….

തിരികെ വരുമ്പോൾ ഓടി ചെന്ന് വാരിപ്പുണരണമെന്നും അന്ന് മുഴുവനും കണ്ണേട്ടന്റെ കൂടെ സമയം ചിലവഴിക്കണമെന്നും ഒക്കെ ആശിച്ചിരുന്ന തന്റെ തലയ്ക്ക് ഒരു പ്രഹരമേറ്റതുപോലെ തോന്നി അവൾക്ക്….അവൻ വന്നിട്ട് ആകെ ഒരു തവണ മാത്രം അവളെ ഒന്നു നോക്കി ഒരു വരണ്ട ചിരി മാത്രം സമ്മാനിച്ചു…അവസാനം അവൾക്ക് സഹിക്കാൻ വയ്യാതെ ആയപ്പോൾ അവൾ മുഖം പൊത്തി അകത്തേക്കോടി…അച്ഛന്റെയും അമ്മയുടെയും മുറിയിൽ ചെന്ന് ആ കട്ടിലിൽ വീണ് കരഞ്ഞു തളർന്നുറങ്ങിപ്പോയി..

അവളുടെ അവസ്ഥ കണ്ട് ട്രീസയുടെയും അമ്മയുടെയും കണ്ണുകൾ നിറഞ്ഞു..എന്നാൽ ഹരി അങ്ങനെ പെരുമാറുന്നതിൽ തെറ്റൊന്നും ഇല്ലതാനും കാരണം അവന്റെ ഇപ്പോഴത്തെ കാഴ്ചപ്പാടിൽ ഇന്ദു അവൻ സ്നേഹിച്ച കുട്ടിയാണെങ്കിൽ പോലും ഇന്ന് അവൾ മറ്റൊരാളുടെ ഭാര്യയാണ്…അതുകൊണ്ട് അവൻ അവളെ കാര്യമാക്കാൻ പോയില്ല…

വൈകുന്നേരം ട്രീസ ചെന്ന് വിളിക്കുമ്പോഴാണ് അവൾ കണ്ണ് തുറക്കുന്നതും എഴുന്നേൽക്കുന്നതും…കഴിഞ്ഞ സംഭവങ്ങൾ ഓർത്തപ്പോഴേക്കും അവൾക്ക് സങ്കടം വന്നു..എന്നാലും അവൾ അത് പുറത്ത് കാണിക്കാതെ ട്രീസയോടൊപ്പം പോകാനായി ഇറങ്ങി..

“‘അമ്മാ…കണ്ണേട്ടൻ…”

“അവൻ മരുന്നിന്റെ ശക്തിയിൽ ഉറങ്ങുവാണ് മോളെ…”

“ഞാൻ ഇപ്പൊ വരാട്ടോ…”
എന്നും പറഞ്ഞുകൊണ്ട് അവൾ മുകളിലേക്ക് ചെന്നു..

അവിടെ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ കിടന്നുറങ്ങുന്ന തന്റെ കണ്ണേട്ടനെ കണ്ടവൾക്ക് അതിയായ വാത്സല്യം തോന്നി..

അവൾ പതിയെ അവന്റെ അടുക്കൽ ചെന്ന് മുട്ട്കുത്തിയിരുന്നു…നെറ്റിയിലേക്ക് വീണ് കിടന്ന മുടി മാടിയൊതുക്കി വച്ചു..നെറ്റിയിൽ നനുത്തൊരു ചുംബനവും നൽകി തിരികെ പൊന്നു…കണ്ണിൽ നിന്നൂറിയ കണ്ണുനീർ തുടച്ചും കൊണ്ട് അവൾ സന്തോഷവതിയാണ് എന്ന് പുറമെ അഭിനയിച്ചുകൊണ്ട് ട്രീസയെ അനുഗമിച്ചു…

അവൾ ട്രീസയുടെ വീട്ടിൽ ചെന്നു… അവിടെ ചേട്ടായിയും ട്രീസയും ചേട്ടയിയുടെ അപ്പൻ മാത്യു ഈപ്പനും അന്നാമ്മ മാത്ത്യുവും ആണ് താമസം…

ചെന്ന ഉടനെ തന്നെ അമ്മച്ചി അവളെ വിളിച്ചുകൊണ്ട് പോയി…

“ഓ..ഇപ്പൊ അമ്മച്ചിക്ക് നമ്മളെ ഒന്നും വേണ്ടല്ലോലെ…”
ട്രീസ ഒന്ന് കെറുവിച്ചു..
ഇത് കേട്ട ഇന്ദു ഒന്ന് ചിരിച്ചു…അമ്മച്ചി ഇന്ദുവിനും..പിന്നെ ഓടിച്ചെന്ന് ട്രീസമ്മയ്ക്കും ഓരോ മുത്തം കൊടുത്തു..

അപ്പോഴേക്കും അപ്പച്ചൻ ജോവാനായും ജോഷ്വായും ആയി താഴേക്ക് വന്നു…അവർ മൂന്ന് പേരുംകൂടെ മുകളിൽ കളിക്കുകയായിരുന്നു…

കുഞ്ഞുങ്ങൾ രണ്ടുപേരും ഇന്ദുവിനെ കണ്ടപ്പോൾ ഇമ്മാ എന്നും പറഞ്ഞ് അവളുടെ ദേഹത്തേക്ക് ചാടി പതിയെ കുറുമ്പുകൾ കാണിച്ചുകൊണ്ടിരുന്നു..അവൾ അവരെയും എടുത്ത് കളിപ്പിച്ചും കൊണ്ട് മുകളിലേക്ക് പോയി…

ആ കുഞ്ഞുങ്ങൾ അവൾക്കൊരു ആശ്വാസമായിരുന്നു കാരണം അവർ ഉള്ളപ്പോൾ അവൾക്ക് വെറുതെ ഓരോന്ന് ചിന്തിക്കാനുള്ള സമയം കിട്ടിയിരുന്നില്ല..അവൾ കുഞ്ഞുങ്ങളോടൊത്ത് ഇരിക്കുമ്പോൾ പ്രസന്നവതിയായി കാണപ്പെട്ടത് എല്ലാവർക്കും ഒരാശ്വാസമായിരുന്നു..

അവൾ കോളേജിൽ പോയിത്തുടങ്ങി..എല്ലാ ദിവസവും പോക്കും വരവും ട്രീസയുടെയും ചേട്ടയിയുടെയും കൂടെ ആയിരുന്നു…

രണ്ട് ദിവസം കൂടുമ്പോൾ അവൾ അവരുടെ കൂടെ കണ്ണനെ കാണാൻ പോകുമായിരുന്നു…പോകുമ്പോഴൊക്കെ അവന് ഇഷ്ട്ടപ്പെട്ട എന്തെങ്കിലും അവൾ ഉണ്ടാക്കികൊണ്ട് പോകും….

അത് ട്രീസ കൊണ്ടുവന്നതാണെന്ന് പറഞ്ഞ് അവിടെ അവളുടെ മുന്നിൽ വച്ച് തന്നെ അവനെക്കൊണ്ട് കഴിപ്പിക്കും…അത് കാണുമ്പോൾ അവളുടെ മനസ്സും നിറയും..

അങ്ങനെ ഹരി നാട്ടിലെത്തിയിട്ട് മൂന്നാഴ്ച കഴിഞ്ഞു…

അന്നവൾ കോളേജിലേക്ക് തനിയെ ആണ് പോയത് കാരണം അന്ന് ട്രീസയ്ക്ക് സ്കാനിങ് ആയതുകൊണ്ട് ചേട്ടായിയും ട്രീസയും കോളേജിലേക്ക് വന്നില്ലായിരുന്നു..

അന്ന് തിരികെയിറങ്ങാൻ അവൾ പതിവിലും വൈകി..ഒറ്റ ബസ്സ് പോലും വരുന്നില്ല…അങ്ങനെ അവൾ ബസ് സ്റ്റോപ്പിൽ ബസ്സിനായി കത്തിരിക്കുമ്പോഴാണ് പരിചിതമായൊരു വാഹനം വന്ന് മുൻപിൽ നിന്നത്…അതിനകത്ത് ഇരിക്കുന്ന ആളെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു…

“നീ വരുന്നോ…”..അയാൾ ചോദിച്ചു..

ബസ്സ് ഒന്നും വരാത്തതുകൊണ്ട് അവൾ അയാളോട് കൂടെ വരാം എന്ന് സമ്മതിച്ച് വണ്ടിയിലേക്ക് കയറി യാത്ര തുടങ്ങി…

(തുടരും..)

ഹരിബാല : ഭാഗം 1

ഹരിബാല : ഭാഗം 2

ഹരിബാല : ഭാഗം 3

ഹരിബാല : ഭാഗം 4

ഹരിബാല : ഭാഗം 5

ഹരിബാല : ഭാഗം 6

ഹരിബാല : ഭാഗം 7

ഹരിബാല : ഭാഗം 8

ഹരിബാല : ഭാഗം 9

ഹരിബാല : ഭാഗം 10

ഹരിബാല : ഭാഗം 11

ഹരിബാല : ഭാഗം 12

ഹരിബാല : ഭാഗം 13

ഹരിബാല : ഭാഗം 14

ഹരിബാല : ഭാഗം 15

ഹരിബാല : ഭാഗം 16

ഹരിബാല : ഭാഗം 17

ഹരിബാല : ഭാഗം 18

ഹരിബാല : ഭാഗം 19

ഹരിബാല : ഭാഗം 20