Wednesday, December 25, 2024
Novel

ഈ യാത്രയിൽ : ഭാഗം 16

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

ഇനി ആ മനസിൽ കയറിയാൽ പിന്നെയൊരു തിരിച്ചു പോക്ക് ഉണ്ടാകില്ലയെന്നു മനസിൽ ഉറപ്പിച്ചു… മുന്നോട്ടുള്ള പദ്ധതികൾ കണക്കു കൂട്ടി തന്റെ ക്യാമ്പിനു നേരെ നടന്നു….

മനസിലെ ചില കണക്കു കൂട്ടലുകളുമായി ലക്ഷ്മി നേരെ ചെന്നു കയറിയത് മഹിയുടെ അടുത്തേക്കായിരുന്നു.

ആ സമയത്തു op ആയിരുന്നെങ്കിൽ കൂടിയും അധികം പെഷ്യൻറ്‌സ് ഉണ്ടായിരുന്നില്ല. ലക്ഷ്മി ഡോറിൽ നോക്ക് ചെയ്തു കൊണ്ടു അകത്തേക്ക് കയറി.

തന്റെ സ്വതവേയുള്ള മഹിക്കുമാത്രമായി നൽകാറുള്ള വശ്യമായ ചിരി ചുണ്ടുകളും അതേ വശ്യമായ നോട്ടം കണ്ണുകളിലും വരുത്തിക്കൊണ്ടായിരുന്നു മഹിക്കു നേരെ മുന്നിൽ ചെന്നു നിന്നത്.

മഹി തലയുയർത്തി നോക്കി. ചൂണ്ടുവിരൽ ചുണ്ടുകളിലുരസി മഹിയും വശ്യമായ നോട്ടം ലക്ഷ്മിക്ക് തിരികെ നൽകി.

ലക്ഷ്മിയുടെ ഉള്ളം തുടിച്ചു… മഹിയുടെ കയ്യിൽ നിന്നും കിട്ടിയ ആ നോട്ടവും പുഞ്ചിരിയുമെല്ലാം അവൾക്കു പ്രിയ ദേവന്റെ കൈകളിൽ നിന്നും കിട്ടിയ പ്രസാദം പോലെയായിരുന്നു.

അവളിലെ തെറ്റുകൾ മഹിയെന്ന അവളുടെ ഇഷ്ട ദേവൻ പൊറുത്തു കടാക്ഷിച്ച പോലെയായിരുന്നു.

ലക്ഷ്മി കുറച്ചു നിമിഷങ്ങൾ അവളുടെ നോട്ടങ്ങളിൽ ലയിച്ചു നിന്നിരുന്നു. മഹി ലക്ഷ്മിയുടെ മുഖത്തിനു നേരെ വിരലുകൾ ഞൊടിച്ചപ്പോഴാണ് അവൾ സ്വബോധത്തിലേക്കു വന്നത്. അവൾ ചമ്മി മുഖം താഴ്ത്തി.
“ലക്ഷ്മി ജോയിൻ ചെയ്‌തോ” മഹി തന്നെ സംസാരത്തിനു തുടക്കമിട്ടു.

“ഇല്ല…. മഹിയെ വന്നു കണ്ടിട്ടാകാമെന്നു കരുതി” ലക്ഷ്മി ചിരി മായ്ക്കാതെ തന്നെ പറഞ്ഞു.

“താൻ… താൻ എന്താ പെട്ടന്ന്… നാട്ടിലേക്ക്… ഹസ്ബൻഡ്”

“കുറച്ചേറെ പറയാനുണ്ട് മഹി.. പറയാം… ഞാൻ ഇവിടെ തന്നെയുണ്ടല്ലോ… നിന്റെ പേർസണൽ റൂമിലേക്ക്‌ ഞാൻ വരാം ഫ്രീയാകുമ്പോൾ” ലക്ഷ്മിയുടെ ആ വാക്കുകളിൽ ദ്വയർത്ഥം ഒളിഞ്ഞിരുന്നത് മഹിക്കു അവളുടെ ചുണ്ടുകളിൽ നിന്നും മനസിലായി.

അവനും മറുപടി പറയാതെ ചിരിച്ചു.

“Excuse me… dr ലക്ഷ്മി…” ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കുമ്പോൾ തെല്ലു ഗൗരവത്തോടെ ചാരു നിൽക്കുന്നു.

“Yes”

“നിങ്ങളോടു ജോയിൻ ചെയ്യാൻ പറഞ്ഞതല്ലേ…

ഇപ്പൊ സമയം നോക്കു… dr ലക്ഷ്മി…. മുൻപ് നിങ്ങളുടെ ഇവിടുത്തെ സേവനം എങ്ങനെയായിരുന്നുവെന്നു എനിക്കറിയില്ല. പക്ഷെ ഇവിടെനിന്നങ്ങോട്ടു punctual ആയിരിക്കണം.

അതെനിക്ക് നിർബന്ധമാണ്. അതല്ലാതെയുള്ള ലൂസ് ടോക്ക് പിന്നെയാകാം. ഒക്കെ” ചാരുവിന്റെ ആജ്ഞപോലെയുള്ള സംസാരം ലക്ഷ്മിക്ക് തെല്ലൊരു അലോസരമുണ്ടാക്കി.

ലക്ഷ്മി മങ്ങിയ ഒരു ചിരി മറുപടി നൽകി മഹിയെ ഒന്നുകൂടെ നോക്കിയപ്പോൾ അവൻ കണ്ണുകൾകൊണ്ടു പോകാൻ പറഞ്ഞു.

അതോടെ ലക്ഷ്മി രംഗം വിട്ടു. ചാരു മഹിയെ നോക്കി ചിരിച്ചുകൊണ്ട് പുരികമുയർത്തി ‘എങ്ങനെയുണ്ട്’ എന്ന രീതിയിൽ ചോദിച്ചു. മഹി അതേ ചിരിയോടെ തംസപ് കാണിച്ചു.

ലക്ഷ്മി തന്റെ ക്യാബിനിൽ എത്തിയത് വർധിച്ചു വന്ന ആശങ്കയോടെയാണ്. ഇത്തവണയും സിസ്റ്റർ ഡെയിസി തന്നെയായിരുന്നു ലക്ഷ്മിയുടെ കൂടെ.
“ഡെയിസി ശ്രീമംഗലത്തെ പുതിയ മരുമകളുടെ ഭരണമാണോ ഇവിടെ”

“അയ്യോ…. ഒന്നും പറയണ്ട എന്റെ ഡോക്ടറെ. അവരാണ് ഇപ്പൊ ഇവിടെ തലപ്പത്തു. മഹേഷ് ഡോക്ടർ ഇപ്പൊ കൻസൽട്ടിങ് മാത്രമേയുള്ളൂ.

ഇപ്പൊ വന്ന മാഡം ഭയങ്കര സ്ട്രിക്ട് ആണ്. മഹേഷ് ഡോക്ടർ ആയിരുന്നപ്പോൾ അധികമൊന്നും ശ്രെധിക്കില്ലയിരുന്നു. അതുകൊണ്ടു തന്നെ അധികം പണിയെടുക്കേണ്ടി വരില്ലായിരുന്നു.

ഇതിപ്പോ ഒരു രക്ഷയുമില്ല. ” ഡെയിസി പണിയെടുത്തു ജീവിക്കേണ്ട ഇപ്പോഴത്തെ അവസ്ഥയെ ആലോചിച്ചു പരിതപിച്ചു.

കൂട്ടത്തിൽ ചാരുവിനെ കുറിച്ചു അത്യാവശ്യം നല്ല പരദൂഷണം തന്നെ ലക്ഷ്മിയോട് പറഞ്ഞു കൊടുക്കുകയും ചെയ്തു.
“ഡെയിസി… താൻ പേടിക്കണ്ട.

അവളുടെ കൈകളിൽ നിന്നും അധികാരം എന്നിലേക്കെത്തുന്നത് ഞാൻ കാണിച്ചുതരാം.

കുറച്ചൊന്നു ക്ഷമിച്ചാൽ മതി” ലക്ഷ്മി കണക്കുകൂട്ടാലോടെ ഗൂഢമായി ഡെയിസിയെ നോക്കിക്കൊണ്ടു പറഞ്ഞു.

ദേവി മനസിലെ ചിന്തകളാൽ വല്ലാതെ വലഞ്ഞു. എന്തിനായിരിക്കും ലക്ഷ്മി രണ്ടാമത് വന്നിരിക്കുന്നെ.

മോനെ കൊണ്ടുപോകാനാകുമോ. അതായിരുന്നു അവളുടെ വിഷമത്തിന്റെ ഒന്നാമത്തെ കാരണം.

അതല്ലെങ്കിൽ കണ്ണനെയും മഹിയെയും ആകുമോ…. അതാലോചിക്കുംതോറും അവളുടെ ഹൃദയം വേദനകളുടെ ഭാരം മൂലം കനം കൂടിയപ്പോലെ തോന്നി. തന്നെ ഒഴിവാക്കി വിടുമോയെന്നു അവൾ നന്നായി ഭയന്നു.

താൻ തന്നെ ഒഴിഞ്ഞു പോകുമെന്ന് പറഞ്ഞതാണ്. വാക്കു കൊടുത്തതാണ്.

ഇനി… അതു മാത്രമല്ല ഒരു ഭാര്യയുടെ കടമയിൽ ഒരു കാര്യം മാത്രം ചെയ്യുന്നുമില്ല. ഏതൊരു പുരുഷനും വേണ്ടുന്ന കാര്യം. ഇനി അതുകൊണ്ടെങ്ങാനും….

ഇല്ല ആ ഒരു കാരണത്തിന്റെ പേരിൽ എന്നെ വിട്ടു പോകുന്നെങ്കിൽ പോട്ടെ…. അവളുടെ മനസിലെ പിടിവലിയിൽ അവൾ നന്നേ പരാജയപ്പെട്ടു.

മഹി സ്നേഹിച്ചില്ലെങ്കിലും കണ്ണനെ വിട്ടു ഇനി ഒരു നിമിഷംപോലും തനിക്കാകില്ലയെന്നു അവളുറപ്പിച്ചു കഴിഞ്ഞു.

എങ്കിലും മഹിയേട്ടനോടുള്ള തന്റെ പ്രണയം മനസിലാക്കുന്നില്ലല്ലോ…. എന്റെ കണ്ണിൽ എത്ര വട്ടം മിന്നി തെളിഞ്ഞതാണ് മഹിക്കു മുൻപിൽ.

എന്നിട്ടും…. വഴക്കിടുന്നതും കൊമ്പുകോർക്കുന്നതുമെല്ലാം ഇഷ്ടം കൊണ്ടാണെന്നു ഒരിക്കൽ പോലും മനസ്സിലാക്കിയില്ല.

അല്ലെങ്കി ഇപ്പൊ ലക്ഷ്മിയെ ഇവിടെ കൊണ്ടുവന്നു പ്രതിഷ്ഠിക്കുമായിരുന്നോ…. സങ്കടം വന്നു കണ്ണുനീർ ഒഴുകാൻ തുടങ്ങി.

രാത്രിയിൽ കണ്ണൻ ഉറക്കമായത്തിന് ശേഷമാണ് മഹിയെത്തിയത്. മഹി വരുമ്പോൾ ദേവി കുമ്പിട്ടു നിന്നു മുറി വൃത്തിയാക്കുന്നതാണ് കണ്ടത്.

കുറച്ചു നിമിഷങ്ങൾ അവൻ അവളെ നോക്കി കണ്ടു. പിന്നെ ഒരു കുസൃതി തോന്നി അവൻ ശബ്ദമുണ്ടാക്കാതെ പുറകിൽ ചെന്നു നിന്നു നോക്കി.

ഇടുപ്പിൽ സാരി തല കുത്തിയിട്ടുണ്ട്. ഇടുപ്പിൽ നിന്നും സാരി കുറച്ചു ഇറങ്ങി കിടക്കുന്നു….

മഹി അവന്റെ വിരലുകൾ കൊണ്ടു സാരി ഇറങ്ങി അനാവൃതമായ അവളുടെ ഇടുപ്പിലൂടെ വിരലുകൾ ഇക്കിളി പെടുത്തികൊണ്ടു ഓടിച്ചു.

പെട്ടെന്നുണ്ടായ വികാരത്തിൽ അവൾ ഞെട്ടി കൊണ്ട് കയ്യിലിരുന്ന അടിച്ചുവാരി വീശി. കൃത്യമായി അതു മഹിയുടെ ഷോൾഡറിൽ അടിച്ചു.

പെട്ടന്ന് ചെയ്തുപോയതാണ്. മഹിക്കു ദേഷ്യം വന്നുവെന്ന് അവന്റെ മുഖഭാവത്തിൽ നിന്നും അവൾക്കു മനസിലായി.

ദേവിയും പെട്ടന്ന് അവന്റെ നിൽപ്പ് കണ്ടു ഭയന്നിരുന്നു. ദേവിയുടെ ഭയം അവളുടെ കണ്ണുകളിൽ ആദ്യമായി കാണുകയായിരുന്നു മഹി.

ഇതിക്കു മുന്നേ ഇങ്ങനെയുള്ള അവസരങ്ങളിൽ പോരു കോഴിയെ പോലെ തന്നെ വെല്ലുവിളിച്ചു മാത്രം നിൽക്കുന്ന ദേവി ഇന്ന് നനഞ്ഞ കോഴിയെ പോലെ നിൽക്കുന്ന കണ്ടു അവന്റെയുള്ളിൽ ആർത്തലച്ചു ചിരിച്ചുവെങ്കിലും പുറമേ ഗൗരവം നടിക്കാൻ അവൻ ഒരുപാട് കഷ്ടപ്പെട്ടു.

“ഞാൻ… പെട്ടന്ന്… എന്തോ ഇഴയുംപോലെ തോന്നി അതാ… സോറി” ദേവി വിക്കി വിക്കി തന്റെ ഭാഗം പറഞ്ഞു നിന്നു.

കണ്ണിൽ ഒരു നേരിപോടുമായി മഹി ദേവിക്ക് നേരെ നടന്നടുത്തു. “ഞാൻ … ഞാൻ.. പറഞ്ഞില്ലേ… അറിയാതെ… സോറി … പറഞ്ഞല്ലോ” അവളുടെ വാക്കുകളിൽ പതർച്ചയായിരുന്നു…

അവന്റെ നോട്ടതോടൊപ്പം അവൾ പുറകിലേക്ക് അടിവച്ചു നീങ്ങി. ഒടുവിൽ ചുമരിൽ തട്ടി ഇനി പോകാൻ ഇടമില്ലെന്നു മനസിലായി.

മഹി ദേഷ്യത്തോടെ തന്നെ തന്റെ മുഖം അവളിലേക്കടുപ്പിച്ചു…

പക്ഷെ അവന്റെയുള്ളിലെ പ്രണയപൂർവ്വമായ നോട്ടം അവൻ വിദഗ്ദ്ധമായി അവളിൽ നിന്നും മറയ്ക്കുകയും ചെയ്തിരുന്നു. അവളുടെ ഇരു തോളിലും ശക്തമായി അവന്റെ കൈകൾ പിടിമുറുക്കി…

അവൾ ശരീരം ബലം പിടിച്ചു നിന്നു… കണ്ണുകൾ ഇറുകെയടച്ചു… മഹി തന്റെ അധരങ്ങൾ അവളുടെ കഴുത്തിലേക്കു അമർത്താൻ തുടങ്ങിയതും എവിടെ നിന്നോ കിട്ടിയ ശക്തിയിൽ ദേവി അവനെ തള്ളി മാറ്റുകയും അവന്റെ കവിളിൽ ദേവിയുടെ കൈകൾ പതിയുകയും ചെയ്തു… പിന്നേം പിന്നേം ….

തന്റെ സമ്മതമില്ലാതെ ശരീരത്തിൽ തൊടുമ്പോൾ ഒരു പെണ്ണിന്റെ പ്രതികരണം….

ശക്തമായി ഒന്നിന്റെ അധികാരത്തിലും അവളുടെ സമ്മതമില്ലാതെ അവളെ തൊടുവാനുള്ള ഒരധികാരവും അതു ഭർത്താവാണെങ്കിൽ പോലും ഇല്ലായെന്നു അവൾ ഒരിക്കൽ കൂടി അവനെയോർമിപ്പിച്ചു.

അടിച്ചു കഴിഞ്ഞുള്ള മൗനത്തിൽ അവൾ കണ്ടു എന്തിനോ വേണ്ടി നിറഞ്ഞ രണ്ടു കണ്ണുകൾ…. അവൾ ഏറെ പ്രണയിച്ച തന്റെ പ്രിയപ്പെട്ട കാപ്പി കണ്ണുകൾ…

അവൻ തിരിഞ്ഞു അടുത്തുകണ്ട ചെയർ ചവിട്ടി തെറിപ്പിച്ചു പുറത്തേക്കു നടന്നു.

അവൾക്കും എന്തോ വല്ലാതായി. മുന്പെങ്ങും കാണാത്ത തരം ദേഷ്യം അവനിൽ കണ്ടപ്പോൾ ആദ്യമായി അവളൊന്നു പകച്ചു.

രാത്രിയിൽ ഏറെ വൈകിയാണ് മഹി മുറിയിലേക്ക് എത്തിയത് ദേവി കണ്ണനെ കെട്ടിപിടിച്ചു കിടക്കുന്നതാണ് മഹി കണ്ടത്.

അവൻ തന്റെ സോഫയിൽ വന്നു കിടന്നു കണ്ണിനു മുകളിൽ കൈകൾ വച്ചുകൊണ്ടു കിടന്നു.

കുറച്ചു നിമിഷങ്ങൾ ദേവി കാത്തു. അവൻ ഉറങ്ങിയെന്നു തോന്നിയപ്പോൾ പതിവുപോലെ അവനരികിൽ അവൾ ചെന്നിരുന്നു. താൻ അടിച്ച കവിളിൽ മൃദുവായി തലോടി.

രണ്ടുതുള്ളി കണ്ണുനീർ അവന്റെ കൈത്തണ്ടയിൽ അവളുടേതായി വീണിരുന്നു. മൗനമായി മഹിയുടെ മുഖത്തേക്ക് നോക്കി അവൾക്കു പറയാനുള്ളതെല്ലാം ഇറക്കി വച്ചു.

“എന്നെയെന്തിനാ ഇങ്ങനെ വിഷമിപ്പിക്കുന്നെ… അല്ലെങ്കി തന്നെ ആ ലക്ഷ്മി പിശാശിനെ കൊണ്ടുവന്നു എന്റെ മനസമാധാനം മുഴുവൻ കളഞ്ഞില്ലേ… അതിന്റെ ദേഷ്യം കൂടി എന്റെയുള്ളിൽ ഉണ്ടായിരുന്നു.

അതിന്റെകൂടെ… എന്നോട് മാത്രം എന്താ പ്രണയം തോന്നാത്തത്… ഭംഗിയില്ലേ എനിക്ക്…

അല്ലെങ്കി എൻറെയി സ്വഭാവം ഇഷ്ടമാകുന്നില്ലേ…. അല്ലെങ്കി ലക്ഷ്മിയെ പ്രതിഷ്ഠിച്ച ആ മനസിൽ ഇനിയൊരു പെണ്ണിന് സ്ഥാനമില്ലേ… അതുകൊണ്ടാണോ… ലക്ഷ്മിയെ വീണ്ടും കൊണ്ടുവന്നത്…”

അവൾ അറിയാതെ തന്നെ എന്തൊക്കെയോ പുലമ്പി കൊണ്ടു അവന്റെ കാലിന്റെ ഭാഗത്തു തല വച്ചു കിടന്നു. അറിയാതെ ഉറങ്ങി പോയിരുന്നു.

മഹി എഴുനേറ്റു അവളെ ഒരു ചിരിയോടെ നോക്കിക്കൊണ്ടു മുഖത്തെ നാസികത്തുമ്പിൽ ചുവന്ന കല്ലു മൂക്കുത്തിയോടൊപ്പം പ്രകാശിച്ചു നിന്ന വിയർപ്പുകണങ്ങൾ തൂവൽ സ്പർശം പോലെ അവന്റെ ചുണ്ടുകളാൽ ഒപ്പിയെടുത്തു.

ഉറക്കം എഴുനേറ്റു അവൾ ഈ രംഗം കണ്ടാൽ തന്റെ വാലു മുറിയും എന്ന ഓർമയിൽ അവളെ കൈകളിൽ കോരിയെടുത്തു ബെഡിൽ കിടത്തി പുതപ്പെടുത്തു പുതച്ചു കൊടുത്തു. കുനിഞ്ഞു നെറ്റിയിൽ ചുണ്ടുകൾ ചേർത്തു….

അവനും മൗനമായി മന്ത്രിച്ചു…. കുറച്ചു കൂടി കാത്തിരിക്കണം… എൻറെയുള്ളിലെ പ്രണയം നിന്നിലേക്ക്‌ മാത്രം ഒഴുക്കിവിടുന്ന ദിവസത്തിനായി…

പിന്നീടുള്ള ദിവസങ്ങളിൽ മഹി ഒരു നോട്ടം കൊണ്ടുപോലും ദേവിയെ നേരിട്ടില്ല. മുഴുവൻ അവഗണനയായിരുന്നു. ദേവി വിളമ്പി കൊടുക്കാൻ സമ്മതിക്കില്ല.

അവളെടുത്തു വയ്ക്കുന്ന ഡ്രസ് ഇടില്ല. രാത്രിയിൽ ഏറെ വൈകി മാത്രമേ എത്തുകയുള്ളൂ.

പലപ്പോഴും അവളെ കണ്ണിൽ ഈറനണിയിച്ചിരുന്നു. അവൻ കാണിക്കുന്ന അവഗണന തന്നെ ഒഴിവാക്കുവാൻ വേണ്ടി തന്നെയാണെന്ന് അവളെകദേശം ഉറപ്പിച്ചു.

ആ ചിന്തയിൽ സ്വയം നീറി നീറി അവളിരുന്നു.

ഈ ദിവസങ്ങളിളിലെല്ലാം ലക്ഷ്മി മഹിയോട് അടുക്കാനും സംസാരിക്കാനും ശ്രമിക്കുമ്പോഴെല്ലാം ഡ്യൂട്ടിയുടെ പേരും പറഞ്ഞു ചാരു പുറകെ നടക്കാൻ തുടങ്ങിയിരുന്നു. പിന്നെ അത്യാവശ്യം നല്ല തിരക്കും ഉണ്ടായിരുന്നു മഹിക്കു.

കുറെ തിരക്കുള്ള ദിവസങ്ങൾക്കു ശേഷം വൈകീട്ടോടെ നേരത്തെ എത്തിയ ദിവസം ദേവിയുടെ അച്ഛനും ഉണ്ടായിരുന്നു.

അന്ന് ഉടക്കിപോയതിനു ശേഷം മഹിയെ അഭിമുഗീകരിക്കാൻ ദേവിയുടെ അച്ഛന് വല്ലാത്ത വിഷമം തോന്നി.

എങ്ങനെയാണെങ്കിലും തന്റെ മകൾ സന്തോഷത്തിലാണെന്നു അയാൾക്ക്‌ ബോധ്യപ്പെട്ടു.

കുറച്ചു വിശേഷങ്ങൾ പറഞ്ഞിരുന്നു അയാൾ ഇറങ്ങി. ദേവി മുറിയിലേക്ക് വരുമ്പോൾ മഹി ഫ്രഷായി ഇറങ്ങി കണ്ണാടിയുടെ മുന്നിൽ നിന്നും ഡ്രസ് ചെയ്യുകയായിരുന്നു.

“എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു”

“മുഖവുര വേണ്ട. കാര്യം മാത്രം പറയു”

“അച്ഛൻ… അച്ഛൻ വന്നത്… താഴെയുള്ള അനിയത്തിയുടെ കല്യാണം ഉറപ്പിച്ചു. അതു പറയാനാണ്”
മഹിയുടെ മുഖം പ്രസന്നമാകുന്നത് അവൾ കണ്ടു.

അതിശയമായി. തന്റെ അനിയത്തിയുടെ കല്യാണം ശരിയായെന്നു പറഞ്ഞതിന് ഇത്ര സന്തോഷമേന്തിനാണെന്നു അവൾക്കു മനസിലായില്ല.

“ഇനി അടുത്ത അനിയത്തിയുടെ കല്യാണം കൂടി കഴിഞ്ഞാൽ ഒഴിഞ്ഞു പോകുമല്ലോ… ഓഹ് … അതുവരെ കൂടി സഹിച്ചാൽ മതിയല്ലോ” മഹി പുച്ഛത്തോടെ പറഞ്ഞു കൊണ്ട് കയ്യിലെ ടർക്കി അവൾക്കു മേലെ ഇട്ടുകൊണ്ടു പുറത്തേക്കു പോയി.

അവന്റെ ചുണ്ടിലൂറിയ ചിരി അവൾ കണ്ടാലൊന്നു പേടിച്ചു വേഗം അവിടെ നിന്നും മുങ്ങി.

ദേവി തറഞ്ഞു നിന്നു. തന്റെ വായിൽ നിന്നും വന്ന വെറും വാക്കിൽ മഹി തന്നെ ഇനി ഒഴിവാക്കി വിടുമോയെന്നു.

എങ്കിലും എവിടെയും കടിച്ചു തൂങ്ങി കിടക്കാൻ ദേവിക്ക് ആകില്ല…. അവൾ മനസിലുറപ്പിച്ച.

ഹോസ്പിറ്റലിൽ ഒപി ചെയ്യുന്നതിനിടയിൽ രണ്ടു ഓപ്പറേഷൻ കൂടിയുണ്ടായിരുന്നു. സാധാരണയിൽ കവിഞ്ഞു പെഷ്യൻറ്‌സ് കൂടി ഉണ്ടായിരുന്നു എല്ലാം കഴിഞ്ഞപ്പോൾ നാലു മണിയോട് അടുത്തിരുന്നു.

ഹോസ്പിറ്റലിൽ തന്നെയുള്ള തന്റെ മുകളിലെ പ്രൈവറ്റ് റൂമിൽ ഫ്രഷ് ആകുവാൻ വേണ്ടി കയറി.

ബാത്റൂം തുറന്നു വന്ന മഹി തന്റെ മുന്നിൽ ടർക്കിയും പിടിച്ചു നിൽക്കുന്ന ലക്ഷ്മിയെ കണ്ടു. അവൻ ആദ്യം ഒന്നു അമ്പരന്നു….

പിന്നെ സ്വതവേയുള്ള കുസൃതി ചിരിയോടെ അവളെ സ്വാഗതം ചെയ്തു.

“കുറച്ചു ദിവസമായി ഞാൻ മഹിയെ കാണാൻ ശ്രമിക്കുന്നു. അപ്പോഴെല്ലാം ആ ചാരു മാഡം വന്നു ബ്ലോക്ക് ചെയ്യുന്നു… എന്താ മഹി…

അവൾക്കു തന്റെ അനിയൻ പോരാതെ വരുന്നുണ്ടോ” ലക്ഷ്മിയുടെ വാക്കുകളിൽ അവളുടെ കരണം പുകച്ചൊന്നു കൊടുക്കാനും കഴുത്തിനു പിടിച്ചു വെളിയിൽ തള്ളിയിടാനും തോന്നി അവനു…

മനസിൽ നൂറാവർത്തി അതു ചെയ്തു കഴിഞ്ഞിരുന്നു. തന്റെ മുഷ്ടി ചുരുട്ടി കണ്ണുകൾ ഇരുകേയടച്ചു വന്ന ദേഷ്യത്തെ അവൻ സ്വയമടക്കി നിർത്തി.

“ലച്ചു… ഇതുപോലുള്ള സംസാരം ഇനി ആവർത്തിക്കരുത്. ചാരു എനിക്ക് എന്റെ അനിയത്തി അച്ചുവിനെ പോലെയാണ്. പോലെ എന്നല്ല അനിയത്തി തന്നെ. ”

ലക്ഷ്മി മഹി പറഞ്ഞതിൽ അവളെ ‘ലച്ചു’ എന്നു വിളിച്ചതുമാത്രമേ കേട്ടുള്ളൂ. ബാക്കിയൊന്നും കേട്ടില്ല… അപ്പൊ മഹിയുടെയുള്ളിൽ പഴയ ലക്ഷ്മിയായി തന്നെ താനുണ്ട്. മതി…

ഈ ഒരു കച്ചിതുരുമ്പു മതി തിരികെ അവന്റെയുള്ളിൽ കയറി പറ്റാൻ…. ലക്ഷ്മിയുടെ കണ്ണിൽ കണ്ണുനീർ നിറച്ചു…അതു എങ്ങനെ വന്നുവെന്ന് അവൾക്കു പോലും അതിശയമാണ്…

നിറ കണ്ണുകളോടെ അവന്റെ നെഞ്ചിൽ വീണു കണ്ണുനീർ ഇനി വരില്ല എന്നു ഉറപ്പുള്ളത് കൊണ്ടു ഏങ്ങി ഏങ്ങി വിതുമ്പി കരഞ്ഞു കൊണ്ടിരുന്നു. മഹി ആദ്യം ഭയന്നു പോയി…

പിന്നെ പതുക്കെ അവന്റെ കൈകൾ അവളുടെ തോളിൽ തട്ടി കൊണ്ടിരുന്നു. അവന്റെ ചുണ്ടിലൂറിയ ചിരിയോടെ വാതിൽക്കലേക്കു നോക്കുമ്പോൾ കയ്യിൽ അവനുള്ള ഭക്ഷണവുമായി നിൽക്കുന്ന ദേവി…

കണ്ണുകളിൽ ചുവപ്പു പടർത്തി… ആ ഉണ്ടക്കണ്ണുകളിൽ തന്നെയും ലക്ഷ്മിയെയും എരിച്ചു ഭസ്മമാക്കാനുള്ള തീയുണ്ടെന്നു അവനു തോന്നി പോയി…

ആ സമയം അവൾ ഭദ്രകാളി തന്നെയായിരുന്നു. വല്ലാത്തൊരു ആധിയോടെ ലക്ഷ്മിയെ മഹി അടർത്തി മാറ്റി… ലക്ഷ്മി നോക്കിയപ്പോൾ ദേവിയെ കണ്ടു… ലക്ഷ്മിയുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി…

അതിന്റെ അർത്ഥം ദേവിക്ക് മാത്രമേ വായിച്ചെടുക്കാൻ സാധിക്കുമായിരുന്നുള്ളൂ….

പക്ഷെ മഹിയുടെ കണ്ണുകൾ ചുറ്റും പരതുകയായിരുന്നു… ഇത്തവണ ശൂലത്തിനു പകരം അവളുടെ കൈകളിൽ എന്താണ് കിട്ടാൻ പോകുന്നതെന്ന്…

അതുകൊണ്ടു തന്റെ ശരീരത്തിൽ എവിടെയായിരിക്കും തുന്നികെട്ടേണ്ടി വരികയെന്നു… അല്ലെങ്കി ലക്ഷ്മിയുടെ തലയാണോ തന്റെ തലയ്ക്കാണോ…..!!

(തുടരും)

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

ഈ യാത്രയിൽ : PART 1

ഈ യാത്രയിൽ : PART 2

ഈ യാത്രയിൽ : PART 3

ഈ യാത്രയിൽ : PART 4

ഈ യാത്രയിൽ : PART 5

ഈ യാത്രയിൽ : PART 6

ഈ യാത്രയിൽ : PART 7

ഈ യാത്രയിൽ : PART 8

ഈ യാത്രയിൽ : PART 9

ഈ യാത്രയിൽ : PART 10

ഈ യാത്രയിൽ : PART 11

ഈ യാത്രയിൽ : PART 12

ഈ യാത്രയിൽ : PART 13

ഈ യാത്രയിൽ : PART 14

ഈ യാത്രയിൽ : PART 15