Saturday, January 18, 2025
Novel

ദേവതാരകം : ഭാഗം 26 – അവസാനിച്ചു

എഴുത്തുകാരി: പാർവതി പാറു

രാത്രി താര ഉറങ്ങുന്നതും നോക്കി അവൻദേവ ആ ചാരുകസേരയിൽ ഇരുന്നു… എപ്പോഴോ അവളെ നോക്കി നോക്കി അവൻ ഉറങ്ങി… സൂര്യകിരണങ്ങൾ കണ്ണിലേക്കു അടിച്ചപ്പോഴാണ് അവൻ കണ്ണു തുറന്നത്.താര എഴുന്നേറ്റ് പോയിരുന്നു… അവളെ അവൻ ഇന്നലെ പുതപ്പിച്ച പുതപ്പ് അവന്റെ ദേഹത്ത് ഇട്ടിട്ടുണ്ട്…. അവന്റെ ചുണ്ടിൽ അറിയാതെ ഒരു ചിരി വിരിഞ്ഞു…. അവൻ കുളിച്ചു താഴേക്ക് ചെല്ലുമ്പോൾ അടുക്കളയിൽ അമ്മ ദോശ ഉണ്ടാക്കുകയാണ്…. അവന്റെ കണ്ണുകൾ താരയെ തിരഞ്ഞു…

പക്ഷെ താരയെ അവിടെ ഒന്നും കണ്ടില്ല… അവന്റെ നോട്ടം കണ്ടുകൊണ്ട് അമ്മ പറഞ്ഞു… അവൾ അച്ഛന്റെ കൂടെ അമ്പലത്തിൽ പോയതാണ്… അവൾ തന്നെ വിളിക്കാതെ പോയതിൽ അവന് വിഷമം തോന്നി… അവൻ ഉമ്മറത്ത് വന്നിരുന്നു പേപ്പർ എടുത്തു… അപ്പോഴാണ് ഗേറ്റ് കടന്ന് താരയും അച്ഛനും വരുന്നത്… അവൾ അച്ഛനോട് എന്തൊക്കെയോ പറയുന്നുണ്ട്… അച്ഛൻ ചിരിക്കുന്നുമുണ്ട്… അവൾ തന്നോടിങ്ങനെ സംസാരിച്ചിട്ട് എത്ര നാളായി അവൻ ഓർത്തു… വന്നുകയറുമ്പോൾ ഉമ്മറത്തിണ്ണയിൽ ദേവയെ കണ്ടപ്പോൾ താര ചിരിച്ചു… അവളുടെ കൈയിൽ ഉണ്ടായിരുന്ന ഇലച്ചീന്തിലെ ചന്ദനം അവന് തൊട്ട് കൊടുത്തു…

ഒരു നിമിഷം അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി… അവളുടെ കണ്ണുകളിൽ വീണ്ടും പ്രണയം നിറഞ്ഞു തുടങ്ങുന്നത് അവൻ അറിഞ്ഞു… അവന്റെ നോട്ടം നേരിടാനാവാതെ അവൾ അടുക്കളയിലേക്ക് നടന്നു… രാവിലെ എല്ലാവരും ഒരുമിച്ച് ഇരുന്ന് ചായ കഴിച്ചു… താരേ നമുക്ക് വേഗം ഇറങ്ങണം… കഴിക്കുന്നതിനിടയിൽ ദേവ പറഞ്ഞു… എങ്ങോട്ടാ മോനേ… ഇന്ന് പോണോ… ഇന്നലെ വന്നതല്ലേ ഉള്ളൂ… ക്ഷീണം മാറീട്ട് പോരേ… പിന്നെ നാളെ അവളുടെ വീട്ടിലേക്ക് പോണ്ടതല്ലേ…. അമ്മ പറഞ്ഞു.

ഞങ്ങൾ ഇന്ന് ആ വഴി കാഞ്ഞങ്ങാട്ടേക്ക് പോകും… രണ്ട് ദിവസം കഴിഞ്ഞേ വരൂ… ലീവ് തീരും മുന്നെ അമ്മമ്മയുടെ അടുത്ത് രണ്ട് ദിവസം നിൽക്കണം.. അത് നല്ലതാ മോനേ.. നിങ്ങൾ പോയി വാ.അച്ഛൻ പറഞ്ഞു. അവൻ വേഗം കഴിച്ചു എഴുന്നേറ്റ് റെഡി ആവാൻ പോയി… താര മുറിയിലേക്ക് വന്നപ്പോഴേക്കും അവൻ ഒരുങ്ങി ഇറങ്ങിയിരുന്നു… അവളും വേഗം ഒരുങ്ങി ഡ്രസ്സ്‌ പാക്ക് ചെയ്ത് ഇറങ്ങി…. കാറിനുള്ളിൽ നിശബ്ദത ആയിരുന്നു… രണ്ടു പേർക്കും സംസാരിക്കണം എന്ന് ആഗ്രഹം ഉണ്ട്… പക്ഷെ തുടങ്ങാൻ ഒരു മടി…ഇടക്ക് അവർ ഇരുവരും മുഖത്തോട് മുഖം നോക്കി ചിരിക്കും… ആ മൗനത്തിന് വല്ലാത്തോരു ഭംഗി ആയിരുന്നു..

ഒടുവിൽ ദേവ സ്റ്റീരിയോ ഓൺ ചെയ്തു….

എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ…
എന്നാർദ്ര നയനങ്ങൾ തുടച്ചില്ലല്ലോ…
എന്നാത്മ വിപഞ്ചികാതന്ത്രികൾ മീട്ടിയ
സ്‌പന്ദനഗാനമൊന്നും കേട്ടില്ലല്ലോ…
(എന്നിട്ടും…)

അറിയാതെ അവിടുന്നെന്നടുത്തുവന്നു…
അറിയാതെ തന്നെയെന്നകത്തു വന്നു…
ആ. . ആ. . ആ. .
അറിയാതെ അവിടുന്നെന്നടുത്തുവന്നു…
അറിയാതെ തന്നെയെന്നകത്തു വന്നു…
ജീവന്റെ ജീവനിൽ സ്വപ്‌നങ്ങൾ വിരിച്ചിട്ട
പൂവണിമഞ്ചത്തിൽ ഭവാനിരുന്നു…
(എന്നിട്ടും…)

നിൻ സ്വേദമകറ്റാനെൻ‍ സുന്ദരസങ്കല്‌പം
ചന്ദനവിശറി കൊണ്ടു വീശിയെന്നാലും (2)
വിധുരയാമെന്നുടെ നെടുവീർപ്പിൻ ചൂടിനാൽ
ഞാനടിമുടി പൊള്ളുകയായിരുന്നു…

എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ…
എന്നാർദ്ര നയനങ്ങൾ തുടച്ചില്ലല്ലോ…
എന്നാത്മ വിപഞ്ചികാതന്ത്രികൾ മീട്ടിയ
സ്‌പന്ദനഗാനമൊന്നും കേട്ടില്ലല്ലോ…

താരയുടെ മനസ്സിൽ നിന്നെന്ന പോലെ കാറിൽ ആ പാട്ട് ഒഴുകി… ദേവ അവളെ നോക്കി.. അവൾ കണ്ണടച്ച് പാട്ടിൽ മുഴുകി ഇരിക്കുകയാണ്… ചുണ്ടുകൾ മൂളുന്നുണ്ട്… അവൻ സ്റ്റീരിയോയിലെ ശബ്ദം കുറച്ചു…. അവളുടെ ശബ്ദം മെല്ലെ പുറത്ത് വന്നു…

എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ…
എന്നാർദ്ര നയനങ്ങൾ തുടച്ചില്ലല്ലോ…
എന്നാത്മ വിപഞ്ചികാതന്ത്രികൾ മീട്ടിയ
സ്‌പന്ദനഗാനമൊന്നും കേട്ടില്ലല്ലോ…

അവൾ കണ്ണുകളടച്ചു സീറ്റൽ ചാരി ഇരുന്ന് പാടി… അവളുടെ കിളിക്കൊഞ്ചൽ പോലെ ഉള്ള ശബ്ദം ദേവയുടെ ഉള്ളിലേക്ക് ഇറങ്ങി ചെന്നു… പാടി നിർത്തുമ്പോൾ അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ കാവിളിലേക്ക് ഇറങ്ങി… അത് കണ്ടപ്പോൾ ദേവക്കും വേദന തോന്നി… അതെ ഞാൻ അറിഞ്ഞില്ലല്ലോ… അവളുടെ പ്രണയം അറിഞ്ഞില്ലല്ലോ… അവളുടെ മനസ് അറിഞ്ഞില്ലല്ലോ… അവനും ഉള്ളിൽ വിഷമം തോന്നി… അവൻ വണ്ടി ഒതുക്കി നിർത്തി… അവന്റെ മനസ് വായിച്ച പോലെ അവൾ പറഞ്ഞു… മാഷേ… എന്ത് പറ്റി…. അവൻ ഒന്നും പറയാതെ തലകുനിച്ചിരുന്നു… അതെല്ലാം മറന്നേക്ക്…

ഞാനും എല്ലാം മറന്നു…. അന്നെന്നോട് പറഞ്ഞത് ഞാൻ ഈ ചെവിയിലൂടെ കേട്ട് ആ ചെവിയിലൂടെ വിട്ടു.. അവൾ പഴയ കുസൃതിയോടെ പറഞ്ഞപ്പോൾ അവൻ ചിരിച്ചു… ഇനി ഈ കണ്ണുകളിൽ എന്നോടുള്ള കുറ്റബോധം വേണ്ട… പ്രണയം മാത്രം മതി..എന്നോടുള്ള നിലക്കാത്ത പ്രണയം… താരേ നിനക്കെങ്ങനെ എന്നോട് ഇത്ര പെട്ടന്ന് ക്ഷമിക്കാൻ കഴിയുന്നു…. എനിക്ക് കഴിയും..മാഷേ… എനിക്ക് മാത്രമേ കഴിയൂ… കരണമെന്താണെന്നോ…. അവൾ അവന്റെ മുഖം കൈകളിൽ കോരി എടുത്തു… എന്റെ ഹൃദയത്തിൽ വർഷങ്ങൾ മുൻപേ വേരിറങ്ങിയ ഒരു മുഖം ഉണ്ട്..അതിന്റെ വേരുകൾ എന്റെ മനസിനെയും തലച്ചോറിനെയും…

കൈകളെയും കാലുകളെയും.. എന്തിന് എന്റെ മൂക്കിൻ തുമ്പിനെ വരെയും ആഴത്തിൽ കീഴടക്കി കഴിഞ്ഞിരിക്കുന്നു….ഈ മുഖം….എന്റെ മാഷിന്റെ ഈ ചിരിച്ച മുഖം… ഈ മുഖം എന്നും സന്തോഷത്തോടെ ഇരിക്കണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്…. അത് പറഞ്ഞു അവളവന്റെ നെറ്റിയിൽ ചുംബിച്ചു… അവൻ അവളെ ഇറുകെ പുണർന്നു… അവളുടെ മുഖം ചുംബനങ്ങൾ കൊണ്ട് മൂടി… സോറി താരേ…. ഞാൻ ഒരിക്കൽ പോലും നിന്നെ അറിയാൻ ശ്രമിച്ചില്ല… ഇനി ഒരിക്കലും ഞാൻ കാരണം ഈ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല… ഇനി ഒരിക്കലും ഒന്നിന് വേണ്ടിയും ഞാൻ നിന്നെ കൈവിടില്ല….

അവർ യാത്ര തുടർന്നു…. ഒത്തിരി സംസാരിച്ചു… ഉള്ളിലുള്ള വിഷമങ്ങൾ എല്ലാം രണ്ടുപേരും മറന്നു… ഏകദേശം സന്ധ്യയോട് അടുത്തപ്പോൾ അവർ മായയുടെ അടുത്ത് എത്തി… അവളുടെ അച്ഛൻ അവരെ അവൾക്ക് അരികിൽ കൊണ്ടുപോയി… ഒന്നും മിണ്ടാതെ എങ്ങോട്ടോ നോക്കി ഇരിക്കുന്ന മായയെ താര വേദനയോടെ നോക്കി…. യാമി….. അവൾ വിളിച്ചു… മായ തലചെരിച്ചവളെ നോക്കി…. മുഖത്ത് ഭാവങ്ങൾ ഒന്നും ഇല്ലായിരുന്നു… കുറച്ചു നേരം മായ അവളെ തന്നെ നോക്കി നിന്നു.. പിന്നെ ഓടി വന്ന് അവളെ കെട്ടിപിടിച്ചു… സിത്തു…. നീ എന്നോട് പിണങ്ങല്ലേ… എന്നോട് പൊറുക്കണം… സിത്തു ഞാൻ നിന്നെ… ഞാനാ.. ഞാൻ കാരണമാ…

അവൾ എന്തൊക്കെയോ പുലമ്പി അവളുടെ കാൽചുവട്ടിലേക്ക് ഊർന്നു വീണു… താര അവളെ താങ്ങി പിടിച്ചു.. ദേവയും അച്ഛനും ചേർന്ന് അവളെ കട്ടിലിൽ കിടത്തി… താര അവളുടെ മുടിയിഴകളെ തലോടി കൊണ്ടിരുന്നു… അവളുടെ അച്ഛൻ അവൽക്കരികിൽ വന്നിരുന്നു… താരമോളെ… ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റാണ് അവൾ ചെയ്തത്…. എന്റെ യാമിയോട് മോള് ക്ഷമിക്കണം…. എന്താ അച്ഛൻ പറയുന്നേ… അവൾ എന്നോട് എന്ത് തെറ്റാണ് അതിന് ചെയ്തത്… ഞാനല്ലേ അവളോട്‌ ഒന്നും പറയാതിരുന്നത്…. ഇവളുടെ ഈ അവസ്ഥക്ക് ഞാൻ കൂടി കാരണം അല്ലേ…

ഞാനല്ലേ ക്ഷമ ചോദിക്കേണ്ടത്… താരയുടെ വാക്കുകൾ അയാൾക്ക് വലിയ ഒരു ആശ്വാസം ആയിരുന്നു. അയാൾ എഴുന്നേറ്റ് ദേവക്കരികിൽ ചെന്നു… ഭാഗ്യം ചെയ്തവൻ ആണ്‌ നീ… ഇവളെ പോലെ ഒരു ഭാര്യയെ കിട്ടിയില്ലേ… നല്ലതേ വരൂ… അവൻ ചിരിച്ചു…. അച്ഛനോട് യാത്ര പറഞ്ഞു അവർ അവിടെ നിന്ന് ഇറങ്ങി…. മാഷേ നമുക്ക് സംഗീതേട്ടനെ കൂടി കണ്ടിട്ട് പോവാം… കാറിൽ കയറി അവൾ പറഞ്ഞു… അവർ നേരേ പോയത് സംഗീതിന്റെ വീട്ടിലേക്ക് ആയിരുന്നു… മായയുടെ അവസ്ഥ കണ്ട് തളർന്നു പോയിരുന്നു സംഗീത്… പക്ഷെ സന്തോഷം നിറഞ്ഞ താരയുടെയും ദേവയുടെയും മുഖം അവന് ആശ്വാസം നൽകി…

രാത്രി ഭക്ഷണം കഴിഞ്ഞ് അവിടെ നിൽക്കാൻ അവന്റെ അമ്മ നിർബന്ധിച്ചപ്പോൾ അവർ സമ്മതിച്ചു… സംഗീതേട്ടാ നമുക്ക് ബീച്ചിൽ പോവാം.. രാത്രി ഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ താര പറഞ്ഞു… ആർക്കും എതിർപ്പ് ഇല്ലായിരുന്നു.. അവർ മൂന്ന് പേരും കൂടി ബീച്ചിലൂടെ നടന്നു… അവൾക്ക് ഇരുപുറവും അവളെ സ്നേഹിച്ചു വീർപ്പുമുട്ടിക്കുന്ന ഈ രണ്ട് ഹൃദയങ്ങൾ എന്നും കൂടെ ഉണ്ടാവാൻ അവൾ പ്രാർത്ഥിച്ചു… കുറേ നടന്നു മടുത്തപ്പോൾ അവർ മണലിൽ ഇരുന്നു… സംഗീത് എന്താണ് നിന്റെ തിരുമാനം… ദേവ ചോദിച്ചു… അവന് മറുപടി ഇല്ലായിരുന്നു…

മായ അവളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ ഇനി നിനക്കെ സാധിക്കൂ… ദേവ പറഞ്ഞു… എനിക്കിനി അവളെ സ്നേഹിക്കാൻ കഴിയുമോ എന്ന് അറിയില്ല… സംഗീത് എവിടേക്കോ നോക്കി പറഞ്ഞു.. എന്ത് കൊണ്ട് എന്നെയും മാഷെയും ചതിച്ചത് കൊണ്ടാണോ…. ആയിരിക്കാം… നിന്നെ വേദനിപ്പിച്ചാൽ വേദനിക്കുന്നത് എനിക്കും കൂടി അല്ലേ… സിത്തു … എനിക്ക് വേദന ഉണ്ടെന്ന് ആരു പറഞ്ഞു… ഈ ലോകത്ത് ഇന്ന് ഏറ്റവും സന്തോഷിക്കുന്നത് ഞാൻ ആവും.. അതും പറഞ്ഞവൾ ദേവയുടെ തോളിലേക്ക് ചാരി… അവൻ അവളെ ചേർത്ത് പിടിച്ചു… അത് കണ്ടപ്പോൾ സംഗീതിന്റെ മനസും നിറഞ്ഞു…

എനിക്ക് അറിയാം സംഗീതേട്ടന്റെ ഉള്ളിൽ ഇപ്പോളും അവൾ മാത്രം ആണ്‌… അവളെ ആ അവസ്ഥയിൽ കണ്ടത് ഈ മനസിന് സഹിക്കാൻ ആയിട്ടുണ്ടാവില്ല… എന്നെ വേദനിപ്പിച്ചു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ആണ്‌ സംഗീതേട്ടൻ അവളെ സ്വീകരിക്കാൻ മടിക്കുന്നത്… എനിക്ക് അവളോട്‌ ക്ഷമിക്കാനാവും..എനിക്ക് അവളോട്‌ ഒരു പിണക്കവും ഇല്ല.. എനിക്ക് കാണണം അവളെ എന്നും എന്റെ ഏട്ടനൊപ്പം… സംഗീതിന് എന്ത് മറുപടി നൽകണം എന്നറിയില്ലായിരുന്നു… അവൾ പറഞ്ഞത് തന്നെ ആയിരുന്നു അവന്റെ മനസിനെ അലട്ടിയ പ്രശ്നം…

അവളുടെ സമ്മതത്തിന് വേണ്ടി ആണ്‌ കാത്തിരുന്നത്… സംഗീത് അവളെ നോക്കി ചിരിച്ചു… ആ ചിരിയിൽ ഉണ്ടായിരുന്നു അവന്റെ തിരുമാനം… . രാത്രി പുലരുവോളം അവർ ഓരോന്ന് പറഞ്ഞിരുന്നു… വീട്ടിൽ എത്തി സുഖമായി ഉറങ്ങി… ഉച്ച ആയി അവർ ഉണർന്നപ്പോൾ… ദേവയും താരയും കുളിച്ചു മാറി താരയുടെ വീട്ടിലേക്ക് പോവാൻ ഇറങ്ങി… സംഗീത് മായയുടെ അടുത്തേക്കും… പോവാൻ നേരം താര സംഗീതിന്റെ കൈകൾ ചേർത്ത് പിടിച്ചു പറഞ്ഞു…. സ്നേഹം കൊണ്ട് ഭേദം ആവാത്ത മുറിവുകൾ ഒന്നും ഇല്ലെന്ന് എന്റെ അച്ഛൻ പറയാറുണ്ട്…

ഇനി ഈ മനസിലെ സ്നേഹം കൊണ്ട് വേണം അവളിലെ മുറിവ് ഉണക്കാൻ… സംഗീത് അവളെ ചേർത്ത് പിടിച്ചു… താരേ നിന്നെ പോലെ സ്നേഹിക്കാനും ക്ഷമിക്കാനും.. നിനക്ക് മാത്രമേ കഴിയൂ… ഞാനും ശ്രമിക്കാം നിന്നെ പോലെ ആവാൻ… അവൾ ചിരിച്ചു…. താരയും ദേവയും അവളുടെ വീട്ടിൽ എത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു… സന്തോഷത്തോടെ വന്ന് കയറിയ മകളെ കണ്ടപ്പോൾ അവളുടെ അച്ഛന്റെ മനസ് നിറഞ്ഞു… രാത്രി ഭക്ഷണം കഴിഞ്ഞ് താര കിടക്കാൻ വരുമ്പോൾ ദേവ ടെറസ്സിൽ ഇരുന്നു എന്തോ വായിക്കുകയായിരുന്നു…

അവൾ കുളിച്ചു വന്നപ്പോഴും അവൻ അതേ ഇരുപ്പാണ്… അവൾ അവന്റെ അടുത്തേക്ക് ചെന്നു…. എന്താ ഇത്ര കാര്യമായി വായിക്കുന്നേ… അവൾ ചോദിച്ചു.. അവൻ കൈയിലുള്ള ഡയറി പൊക്കി കാണിച്ചു… താരയുടെ ഡയറി… അയ്യോ ഇതെവിടിന്ന് കിട്ടി… അയ്യേ അതൊന്നും വായിക്കല്ലേ…. അവൾ ഡയറി പിടിച്ചു വാങ്ങാൻ നോക്കി… അവനും വിട്ട് കൊടുത്തില്ല.. ഒടുവിൽ അവളെ അരയിൽ ചുറ്റിപിടിച് മടിയിൽ ഇരുത്തി… എന്റെ താരേ.. നിന്നെ കാണും മുന്നെ ഞാൻ സ്നേഹിച്ചു തുടങ്ങിയതാണ് ഈ വരികളെ.. എന്റെ പ്രണയം പൂർണമാവുന്നത് ഈ അക്ഷരങ്ങളിലൂടെ ആണ്..

നിന്റെ പ്രണയം ഞാൻ തിരിച്ചറിഞ്ഞത് ഈ വാക്കുകളിലൂടെ ആണ്… നിന്റെ ഹൃദയം ഞാൻ കണ്ടത് ഈ കറുത്ത മഷിയിൽ എഴുതിയ ഓരോ കവിതകളിലൂടെയും ആണ്.. … അവൻ അവളുടെ കാതോരം പറഞ്ഞു…അവൾക്ക് ഉള്ളിലാകെ ഒരു കോരി തരിപ്പ് തോന്നി… പക്ഷെ എനിക്കിനി കേൾക്കണം… നീ എന്നെ പ്രണയിച്ച കഥ…ആ എട്ടാം ക്ലാസ്സുകാരി പൊട്ടി പെണ്ണിൽ നിന്ന് എന്റെ താര ആകും വരെ നിനക്കൊപ്പം വളർന്ന നമ്മുടെ പ്രണയകഥ…. പറയില്ലേ… അവൻ അവളെ ഇറുകി പുണർന്നു കൊണ്ട് ചോദിച്ചു… . മ്മ്… അവൾ മൂളി.. അവൻ അവളെ നിലത്തേക്ക് ഇരുത്തി…

അവളുടെ മടിയിൽ തലവെച്ചു കിടന്നു… അവൾ അവന്റെ മുടികളിൽ തലോടി പറഞ്ഞു തുടങ്ങി ആ പാവടക്കാരിയുടെ ഉള്ളിലെ മാഷിനെ കുറിച്ച്.. … എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ദേവ എഴുന്നേറ്റിരുന്നു അവളുടെ മുഖം കൈകളിൽ കോരി എടുത്തു… അവളുടെ നെറ്റിയിൽ ചുംബിച്ചു… ആ ചുംബനത്തിൽ ഉണ്ടായിരുന്നു അവന്റെ മറുപടി മുഴുവനും… നെറ്റിയിൽ നിന്നും അവന്റെ ചുണ്ടുകൾ അവളുടെ കണ്ണിലേക്കും കവിളുകളിലേക്കും വ്യാപിച്ചു… പ്രണയത്തിന്റെ ചൂട് അവരിരുപേരെയും മറ്റേതോ ലോകത്ത് എത്തിക്കാൻ തുടങ്ങിയിരുന്നു. ദേവ അവളെ മെല്ലെ കിടത്തി അവളുടെ മേലേക്ക് ചാഞ്ഞു…

അവന്റെ ചുണ്ടുകളും കൈകളും അവളുടെ ശരീരത്തിൽ കവിത രചിക്കാൻ തുടങ്ങിയിരുന്നു… അവന്റെ പ്രണയം അവളെ കീഴ്പെടുത്തി കൊണ്ടിരുന്നു… അവന്റെ കൈകൾ അവളെ ഇറുകെ പുണർന്നിരുന്നു… നാണം കൊണ്ട് ഇറുകി അടഞ്ഞ കണ്ണുകൾ എപ്പോഴോ തുറക്കുമ്പോൾ അവൾ കണ്ടു അങ്ങ് ദൂരെ ആകാശ സീമയിൽ അവരെ നോക്കി പുഞ്ചിരിക്കുന്ന കാക്കത്തോള്ളായിരം നക്ഷത്രങ്ങളെ …….. അതിനിടയിൽ അവളുടെ മാഷിന്റെ മുഖം ഉള്ള ആ ദേവതാരകത്തെ….

അവസാനിച്ചു.

ഈ കൺഫ്യൂസിങ് കഥക്ക് നിങ്ങൾ തന്ന സപ്പോർട്ട് ന് നന്ദി പറഞ്ഞാൽ തീരില്ല…  കാട്ടിക്കൂട്ടലുകളെക്കാൾ പ്രണയം മനോഹരം ആവുന്നത് അതിന്റെ നിശ്ശബ്ദതകളിൽ ആണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ… ♥️♥️ അത് കൊണ്ട് തന്നെ ആണ്‌ എന്റെ ഈ കഥയിൽ സ്ഥിരം കാണുന്ന ക്ളീഷേ പ്രണയ രംഗങ്ങൾ ഒന്നും കാണാഞ്ഞത്… എന്നിട്ടും ക്ഷമയോടെ എന്റെ കഥ വായിച്ച എല്ലാവർക്കും എന്റെ ഒരായിരം നന്ദി…. കഥ വായിച്ചു ലൈക്‌ അടിച്ചു പോയവരൊക്കെ ഈ last പാർട്ടിലെങ്കിലും അഭിപ്രായം(കുറ്റം, പോരായ്മകൾ സ്വീകരിക്കും ) പറയും എന്ന് വിശ്വസിക്കുന്നു…(സൂപ്പർ, nice, സ്റ്റിക്കർ വേണ്ട ) നിങ്ങളുടെ എല്ലാം സപ്പോർട്ട് ഉണ്ടെങ്കിൽ വീണ്ടും ഒരു കഥയുമായി ഞാൻ ഉടൻ തന്നെ തിരിച്ചു വരുന്നതാണ്…🙂🙂🙂 . എന്ന് സ്വന്തം പാറു 😘😘😘

ദേവതാരകം : ഭാഗം 1

ദേവതാരകം : ഭാഗം 2

ദേവതാരകം : ഭാഗം 3

ദേവതാരകം : ഭാഗം 4

ദേവതാരകം : ഭാഗം 5

ദേവതാരകം : ഭാഗം 6

ദേവതാരകം : ഭാഗം 7

ദേവതാരകം : ഭാഗം 8

ദേവതാരകം : ഭാഗം 9

ദേവതാരകം : ഭാഗം 10

ദേവതാരകം : ഭാഗം 11

ദേവതാരകം : ഭാഗം 12

ദേവതാരകം : ഭാഗം 13

ദേവതാരകം : ഭാഗം 14

ദേവതാരകം : ഭാഗം 15

ദേവതാരകം : ഭാഗം 16

ദേവതാരകം : ഭാഗം 17

ദേവതാരകം : ഭാഗം 18

ദേവതാരകം : ഭാഗം 19

ദേവതാരകം : ഭാഗം 20

ദേവതാരകം : ഭാഗം 21

ദേവതാരകം : ഭാഗം 22

ദേവതാരകം : ഭാഗം 23

ദേവതാരകം : ഭാഗം 24

ദേവതാരകം : ഭാഗം 25