Friday, November 22, 2024
Novel

ദേവാസുരം : ഭാഗം 8

എഴുത്തുകാരി: അഞ്ജലി അഞ്ജു


പാർട്ട് ആറ് പോസ്റ്റിയത് മാറിപ്പോയിരുന്നു. പ്രിയ വായനക്കാരോട് അഞ്ചും, ആറും, ഏഴും വായിച്ചിട്ട് ഭാഗം എട്ട് വായിക്കാൻ അപേക്ഷിക്കുന്നു. ലിങ്കുകൾ താഴെ..

ദേവാസുരം : ഭാഗം 7

ദേവാസുരം : ഭാഗം 6

ദേവാസുരം : ഭാഗം 5

ഭാഗം 8 👇👇👇

ജാനു വേഗത്തിൽ തന്നെ ഭക്ഷണം എടുത്തു വെച്ചു. അവൻ കഴിക്കാനായി വന്നപ്പോൾ അവളിൽ എന്തെന്നില്ലാത്ത ആവേശം വന്നത് പോലെ. അത്രയും സമയം മനസ്സിലുണ്ടായിരുന്ന സങ്കടങ്ങൾ അലിഞ്ഞു പോയിരുന്നു.

സാമ്പാറും തോരനും പുളിശ്ശേരിയുമൊക്കെയായി ഒരു ചെറിയ ഊണ്. പാത്രത്തിലെ അവന്റെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞു മനസും നിറയുന്ന തരത്തിൽ സന്തോഷത്തോടെയാണ് അവൾ വിളമ്പി കൊടുത്തത്. ഇന്ദ്രന് തന്റെ മുത്തശ്ശിയെ ഓർമ വരുന്ന തരത്തിൽ ഉള്ളതായിരുന്നു അവളുടെ പാചകം. ശെരിക്കും മുത്തശ്ശി വയ്ക്കുന്നത് പോലെ തന്നെ. അവനും ആസ്വദിച്ചു ഭക്ഷണം കഴിച്ചു.

“നീ കഴിക്കുന്നില്ലേ?”

മടിയോടെയാണ് ഇന്ദ്രനത് ചോദിച്ചത്.

“ഞാൻ പിന്നീട് കഴിച്ചോളാം.”

അവന്റെ ആ വാക്കുകൾ മതിയായിരുന്നു അവളുടെ മനസ് നിറയ്ക്കാൻ.
അവൻ കഴിച്ചു മുകളിലേക്ക് പോയതിനു ശേഷം അവൻ കഴിച്ചതിന്റെ ബാക്കിയാണ് അവളും കഴിച്ചത്. അങ്ങനെ കഴിക്കുമ്പോൾ ഉള്ളിലെവിടെയോ വല്ലാത്ത സന്തോഷം തോന്നിയിരുന്നു.
കഴിച്ചിട്ട് മുകളിലേക്ക് ചെന്നപ്പോൾ റൂമിൽ അവൻ ഉണ്ടായിരുന്നില്ല.

“ഡീ…”

അലക്കാനായി അവന്റെ മുഷിഞ്ഞ തുണികൾ എടുത്തു തിരിഞ്ഞപ്പോളാണ് ഇന്ദ്രന്റെ അലർച്ച കെട്ടത്.
“നീ എന്തിനാ എന്റെ ഡ്രസ്സ്‌ എടുക്കുന്നത്?”

“അലക്കാൻ.”

“നീ ഉണ്ടാക്കി തന്നത് കഴിച്ചെന്നും വെച്ചു കൂടുതൽ ഭാര്യ ചമയാൻ വരണ്ട. ജോലിക്കാരി ഉണ്ട് അതൊക്കെ ചെയ്യാൻ.”

“ഞാൻ നേരത്തേ പറഞ്ഞതാണ് ഭാര്യ ചമയാൻ താത്പര്യമില്ലെന്ന്. പിന്നെ ഇവിടെ എനിക്ക് ചെയ്യാനുള്ള ജോലിയല്ലേ ഉള്ളൂ അത് കൊണ്ട് ജോലിക്ക് വരുന്ന ചേച്ചിയോട് വരണ്ടെന്ന് പറയാൻ അമ്മയോട് ഞാൻ പറഞ്ഞിരുന്നു.”

“നിന്നോട് ആര് പറഞ്ഞു ഇവിടുത്തെ ജോലിയെടുക്കാൻ?”

“ഞാൻ ഇവിടുന്ന് കഴിക്കുന്നതിനു പകരമായി ജോലി ചെയ്യുന്നെന്ന് കരുതിയാൽ മതി. ഇനി അതും പറ്റില്ലെങ്കിൽ ജോലിക്കാരിക്ക് കൊടുക്കുന്ന ശമ്പളം എനിക്ക് തന്നേക്ക്‌.”

ഒരു കുസൃതി ചിരിയോടെ അവൾ അതും പറഞ്ഞുകൊണ്ട് വസ്ത്രങ്ങളുമെടുത്തു താഴേക്ക് പോയി.

അലക്കൊക്കെ കഴിഞ്ഞു തിരികെ വന്നപ്പോൾ അവൻ അവിടെ ഉണ്ടായിരുന്നില്ല. സന്ധ്യ കഴിഞ്ഞും അവനെ കാണാതായതോടെ അവൾക്കും പേടിയായി. ഒറ്റയ്ക്ക് ഒരു മുറിയിൽ പോലും രാത്രിയിൽ ഇരിക്കാൻ അവൾക്ക് ഭയമാണ്.

അന്ന് അമ്മയെ അച്ഛൻ ഉപദ്രവിച്ചപ്പോൾ ജാനുവിനെ മുറിയിൽ പൂട്ടി ഇട്ടിരുന്നു. അമ്മയുടെ ശബ്ദമൊന്നും കേൾക്കാതെയായപ്പോൾ അലറി വിളിച്ച് കരഞ്ഞെങ്കിലും ആരും അത് കേട്ടിരുന്നില്ല. പിറ്റേന്ന് നേരം വെളുക്കും വരെയും ആ ഇരുട്ട് മുറിയിൽ കരഞ്ഞു കരഞ്ഞാണ് നേരം വെളുപ്പിച്ചത്.

അതിൽ പിന്നീട് ഇങ്ങനെയാണ്. ഒറ്റക്കായപ്പോൾ അന്നത്തെ ആ കാര്യങ്ങളൊക്കെ അവളുടെ മനസിലേക്ക് ഓടി വന്നു. അറിയാതെ കണ്ണുകളും നിറഞ്ഞു. അപ്പോളാണ് കാളിങ് ബെൽ അടിച്ചത്. ഇന്ദ്രനാവും അതെന്ന് അവൾക്ക് അറിയാമായിരുന്നു.

“എവിടെങ്കിലും പോകുമെങ്കിൽ പറഞ്ഞിട്ട് പൊയ്ക്കൂടേ?”

വാതിൽ തുറന്നു കൊണ്ട് ദേഷ്യത്തിൽ അവൾ ചോദിച്ചു.

“അതെന്താ ഞാൻ പുറത്ത് പോണമെങ്കിൽ നിന്റെ അനുവാദവും വാങ്ങണോ?”

“കാണാതാവുമ്പോ എവിടെ ആണെന്ന് വെച്ചു ഇരിക്കാനാണ്.”

അവൾ പറഞ്ഞത് ശ്രദ്ധിക്കാതെ അവൻ അകത്തേക്ക് കയറി. പിന്നാലെ ജാനുവും.

“നീ അമ്മയെ വിളിച്ചില്ലായിരുന്നോ? നിന്നോട് അങ്ങോട്ടേക്ക് വിളിക്കാൻ പറഞ്ഞു.”

“എന്റെ കയ്യിൽ ഫോണില്ല. ഇവിടുത്തെ ഫോണിൽ നിന്ന് വിളിക്കാൻ നമ്പറും അറിയില്ല അതാണ് ഏട്ടനേയും വിളിക്കാതെ ഇരുന്നത്.”

“നിനക്ക് ഫോണില്ലായിരുന്നോ?”

അതിശയത്തോടെയാണ് ഇന്ദ്രനത് ചോദിച്ചത്.

“ഒരു പഴയ ഫോൺ ഉണ്ടായിരുന്നു. ഇങ്ങോട്ടേക്കു വന്നപ്പോൾ അത് കുട്ടികൾക്ക് കൊടുത്തു.”

“മ്മ്. ദാ അമ്മയെ വിളിച്ച് സംസാരിച്ചോളൂ.”

അവൻ ഫോണും കൊടുത്ത് മുകളിലേക്ക് പോയി.

അവൾ ഉഷയെ വിളിച്ചു സംസാരിച്ചു. അന്നത്തെ കാര്യങ്ങളൊക്കെ കേട്ട് കഴിഞ്ഞപ്പോളാണ് ഉഷയ്ക്കും ആശ്വാസമായത്. അവർ വീട്ടിൽ ഉണ്ടെങ്കിൽ ജാനുവും ഇന്ദ്രനും ഒരിക്കലും അടുക്കില്ലെന്നു അറിയാവുന്നത് കൊണ്ടാണ് രുദ്രയുടെ പേരും പറഞ്ഞു ഇവിടുന്ന് പോയത്.

ഏതായാലും കണക്കു കൂട്ടിയത് പോലെ തന്നെ കാര്യങ്ങൾ നടക്കുമെന്ന പ്രതീക്ഷ അവരിലും നാമ്പിട്ടിരുന്നു. അവന്റെ ഇഷ്ടങ്ങൾ അവളും ഉഷയോട് ചോദിച്ചു മനസിലാക്കിയിരുന്നു.

ഫോൺ തിരികെ കൊടുക്കാനായി പോകുമ്പോളാണ് വോൾപേപ്പറിൽ അവളുടെ കണ്ണ് പതിച്ചത് ഇന്ദ്രനോടൊപ്പം രണ്ടു പേർ കൂടെ ചിത്രത്തിൽ ഉണ്ടായിരുന്നു ഒരാൾ പെൺകുട്ടി ആണ്.

അവന്റെ ഷെൽഫിൽ കണ്ട കുട്ടിക്കാലത്തെ ഫോട്ടോയിലും ഇവർ തന്നെയാവുമെന്ന് അവൾ ഊഹിച്ചു. അവർ കൂടെയുള്ളപ്പോളാണ് അവൻ സന്തോഷിക്കുന്നതെന്ന് ആ ചിത്രത്തിൽ നിന്ന് അവൾക്ക് മനസിലായി.

ഇനി ഇവരുമായുള്ള പ്രശ്നം കൊണ്ടാണോ ഏട്ടന് എപ്പോളും ദേഷ്യം? കല്യാണത്തിനും ഇവരെയൊന്നും കണ്ടില്ല.

അങ്ങനെ ഓരോന്നും ആലോചിച്ചു റൂമിലേക്ക് എത്തിയപ്പോൾ ഫോൺ വീണ്ടും ബെൽ ചെയ്തു. സ്‌ക്രീനിൽ നേരത്തേ കണ്ട പെൺകുട്ടിയും ഇന്ദ്രനുമായുള്ള ഫോട്ടോ തെളിഞ്ഞു വന്നു.

ഇന്ദ്രൻ അവളെ ചേർത്ത് പിടിച്ചുള്ള ഫോട്ടോ കണ്ടപ്പോൾ ജാനുവിനും ചെറിയ കുശുമ്പ് ഉണ്ടായെന്നു പറയാം. അലീന എന്നാണ് പേര് തെളിഞ്ഞു വന്നത്. ഇന്ദ്രന് ഫോൺ കൊടുത്ത് അവൾ മുറിയിൽ തന്നെ ചുറ്റി പറ്റി നിന്നു.

“ഡാ എവിടാണ്?

“ഞാൻ വീട്ടിൽ ഉണ്ട്. എന്താടി?”

“അല്ല ഒരു കല്യാണം കഴിച്ചതിൽ പിന്നെ ഒരു വിവരവും ഇല്ല. ഇപ്പോ നമ്മളെയൊന്നും വേണ്ടല്ലേ.”

“നിനക്കല്ലേ വേണ്ടാത്തത്.”

അവന്റെ മുഖത്തു ഒരു പുഞ്ചിരി ഒളിഞ്ഞിരുന്നു. ജാനുവും അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൻ അവളെ ഒന്ന് നോക്കിയിട്ട് ബാൽക്കണിയിലേക്ക് പോയി.

കുറേ സമയം നോക്കി നിന്നിട്ടും അവൻ വരാതിരുന്നത് കൊണ്ട് നമ്മുടെ കുശുമ്പി ജാനു ദേഷ്യം പിടിച്ച് ലൈറ്റ് ഒക്കെ ഓഫ്‌ ആക്കി നേരത്തേ കിടന്നു. പക്ഷെ ഇന്ദ്രൻ വരും വരെ അവൾ ഉറങ്ങിയിരുന്നില്ല.

പിറ്റേന്ന് ഇന്ദ്രന് ഓഫീസിൽ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു. അവന് പോവാനായി ഡ്രെസ്സും ജാനു എടുത്ത് വെച്ചിട്ടുണ്ടായിരുന്നു. അവൻ കഴിച്ചിട്ട് പോകാനായി ഇറങ്ങിയപ്പോൾ ജാനുവും ഒരുങ്ങി താഴേക്ക് വന്നു.

“നീ ഇതെങ്ങോട്ടാ?”

“കോളേജിൽ എക്സാം ഫീ അടക്കേണ്ട ലാസ്റ്റ് ദിവസം നാളെയാണ്.”

“അതിന്? തനിയെ അങ്ങോട്ട് പോയ മതി. എനിക്കൊന്നും വയ്യാ.”

“എന്നെ ബസ് സ്റ്റോപ്പിൽ ആക്കി തന്നാൽ മതി. അവിടുന്ന് ഞാൻ പൊക്കോളാം.”

അവളുടെ മുഖത്തെ ഭാവം കണ്ടപ്പോൾ മറുത്ത് ഒന്നും പറയാൻ തോന്നിയില്ല.
“മ്മ്.”

അവൾ വേഗം തന്നെ കാറിൽ കയറി.

ഓടി പിടിച്ചാണ് കോളേജിൽ എത്തിയത്. ഓഫീസിനു മുന്നിൽ ക്ലാസ്സിലെ കുറച്ചു കുട്ടികൾ ഉണ്ടായിരുന്നു. ചിലരൊക്കെ വന്നു സംസാരിച്ചു.

വിവാഹത്തിന്റെ വിശേഷങ്ങൾ ചോദിച്ചു. ദേവു നേരത്തേ ഫീ അടച്ചിരുന്നു അത് കൊണ്ട് ഇന്ന് വന്നില്ല. അവളോട് ഞാനും ഇന്ന് വരുമെന്ന് പറഞ്ഞിരുന്നെങ്കിൽ അവളും വന്നേനെ.

ശേ പറയാഞ്ഞത് മണ്ടത്തരമായി ഇനിയിപ്പോ ഒറ്റക്ക് നടക്കണം. തിരികെ ഒറ്റക്ക് പോവാൻ ആണെങ്കിൽ മടിയാവുന്നു.

ഏട്ടൻ കാറിൽ കയറാൻ പറഞ്ഞപ്പോൾ കോളേജ് വരെ കൊണ്ട് ആകുമെന്നാണ് വിചാരിച്ചത്. ആഹ് ബസ് സ്റ്റോപ്പിലെങ്കിലും ആക്കാൻ തോന്നിയത് ഭാഗ്യം.

എക്സാം ഫീയൊക്കെ അടച്ചു സ്റ്റാഫ്‌ റൂമിൽ ചെന്നു ടീച്ചേഴ്സിനെയൊക്കെ കണ്ടു. കുറച്ചു നോട്സ് വാങ്ങാനും ഉണ്ടായിരുന്നു. അങ്ങനെ അവിടുന്നും ഇറങ്ങി കഴിഞ്ഞപ്പോൾ അനുവാദം കൂടാതെ മനസിലേക്ക് വിഷ്ണു ഏട്ടന്റെ ചിന്തകൾ കടന്നു വന്നു.

ഉള്ളിൽ വല്ലാത്ത നോവ് തോന്നി. കല്യാണത്തിന്റെ അന്ന് കണ്ട ഏട്ടന്റെ കലങ്ങിയ കണ്ണുകളാണ് ആദ്യം മനസിലേക്ക് വന്നത്.

അരുതെന്ന് എത്രയൊക്കെ പറഞ്ഞിട്ടും കണ്ണുകൾ അറിയാതെ നിറഞ്ഞു. കുറച്ചു സമയം കോളേജിനു പിറകിലെ മരച്ചുവട്ടിൽ ഇരിക്കാമെന്ന് കരുതിയാണ് അങ്ങോട്ടേക്ക് നടന്നത്. എത്ര നേരം അവിടെ ഇരുന്നെന്ന് അറിയില്ല.

ആരോ വിളിക്കുന്ന ശബ്ദം കേട്ടാണ് തല ഉയർത്തി നോക്കിയത്.
വിഷ്ണു ഏട്ടന്റെ ക്ലാസ്സിലെ ആതിര ചേച്ചിയായിരുന്നു അത്. വിഷ്ണു ഏട്ടനോട് അടുപ്പം കാണിക്കുമെങ്കിലും ചേച്ചി ഇത് വരെ എന്നോട് മിണ്ടിയിട്ടില്ല.

ചേച്ചിയുടെ പെരുമാറ്റങ്ങളിൽ നിന്ന് എന്നോടെന്തോ ദേഷ്യം ഉള്ള പോലെയാണ് തോന്നിയിട്ടുള്ളത്.

എന്ത് കൊണ്ടോ ചേച്ചിയുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിഞ്ഞില്ല. തെറ്റ് ചെയ്തവളെ പോലെ തല കുമ്പിട്ടു എഴുന്നേറ്റ് നിന്നു.

“അവന്റെ ജീവിതം നശിപ്പിച്ചപ്പോൾ നിനക്ക് സന്തോഷമായില്ലേ.”

ചേച്ചി ഇത് പറയാനാവും വരുന്നതെന്ന് നേരത്തേ അറിയാമായിരുന്നു. എന്തൊക്കെ പറഞ്ഞാലും കേൾക്കാൻ ബാധ്യസ്ഥ ആയത് കൊണ്ട് ഒന്നും മിണ്ടാതെ അങ്ങനെ തന്നെ നിന്നു.

“ഒരു പണക്കാരനെ കണ്ടപ്പോൾ പോകാൻ ആണെങ്കിൽ എന്തിനാ ആ പാവത്തിനെ ആശിപ്പിച്ചത്. അവൻ ഇത് വരെ ഫീ അടക്കാൻ വന്നിട്ടില്ല.

ഞങ്ങൾ പലരും അവനെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. അറിയാല്ലോ അവൻ എത്ര നന്നായിട്ട് പഠിക്കുമായിരുന്നെന്ന്.

അവന്റെ വീട്ടിലെ അവസ്ഥ അറിയുന്ന കൊണ്ടാണല്ലോ നീ ഇട്ടിട്ട് പോയത്. ആ വീട്ടിലെ ആകെയുള്ള പ്രതീക്ഷ അവനായിരുന്നു.

ഈ എക്സാം കൂടെ കഴിഞ്ഞാൽ ഉറപ്പായും അവന് നല്ലൊരു ജോലി കിട്ടും. നീ കാരണം അവൻ എക്സാം എഴുതിയില്ലെങ്കിൽ ആ കുടുംബം മുഴുവൻ നശിക്കാൻ കാരണക്കാരി നീയാവും ഓർത്തോ.”

ഇത്രയും പറഞ്ഞു മറുപടിക്ക് കാത്ത് നിൽക്കാതെ ആതിര പോയി.
ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത തെറ്റാണ് താൻ ചെയ്തതെന്ന് അവൾക്ക് അറിയാമായിരുന്നു പക്ഷെ താൻ കാരണം അവന്റെ ഭാവി വരെ ഇല്ലാതാകുമെന്ന് അവളെ വിചാരിച്ചിരുന്നില്ല.

പഠിച്ചു നേടാനാഗ്രഹിച്ച അവന്റെ സ്വപ്‌നങ്ങൾ അവളുടെ മനസിലേക്ക് വന്നു. ജാനുവിൽ കുറ്റബോധം കുമിഞ്ഞു കൂടി.

✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️

ഓഫിസിൽ വെച്ചു സേതു വിളിച്ചു കഴിഞ്ഞപ്പോൾ മുതൽ എന്തോ ഒരു ടെൻഷൻ ഇന്ദ്രനെ ബാധിച്ചിരുന്നു. ജാനുവിനെ ഒറ്റക്ക് കോളജിൽ വിട്ടതിനു സേതു അവനെ ശാസിച്ചിരുന്നു. ഒരു ഫോൺ പോലും ഇല്ലാതെ ഒറ്റക്ക് വിട്ടത് ശെരിയായില്ലെന്ന് അവനും തോന്നി.

അത് കൊണ്ടാണ് രണ്ടാമതൊന്നും ആലോചിക്കാതെ അവളെ വിളിക്കാൻ കോളേജിൽ വന്നത്. കുറേ സമയം ഗേറ്റിന് മുന്നിൽ കാത്ത് നിന്നിട്ടും കാണാഞ്ഞത് കൊണ്ടാണ് അകത്തേക്ക് വന്നത്. മരച്ചുവട്ടിൽ അവളുണ്ടെന്ന് ആരോ പറഞ്ഞത് കേട്ടാണ് അങ്ങോട്ടേക്ക് ചെന്നു. ആതിരയുടെ സംസാരം കേട്ടത് കൊണ്ട് കുറച്ചു മാറി അവൻ നിന്നു.

എല്ലാം കേട്ട് കഴിഞ്ഞ് അവളുടെ അടുത്തേക്ക് ഉടനേ ചെല്ലാൻ തോന്നിയില്ല. പക്ഷെ അവളുടെ എല്ലാം തകർന്ന മുഖഭാവം അവനെ വല്ലാതെ സ്വാധീനിച്ചു. എന്ത് കൊണ്ടോ തന്റെ പണമോ സ്വത്തോ അവളെ ആകർഷിച്ചിട്ടില്ലെന്ന് അവനും തോന്നിയിരുന്നു.

അവളുടേത് മാത്രമായ എന്തോ ശെരികൾ അവളുടെ ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് അവനും വിശ്വസിച്ചു.

ഒരിക്കലും ആരോടും തന്റെ തെറ്റിനെ ന്യായീകരിക്കാതെ എല്ലാം തെറ്റുകളും ഏറ്റു കൊണ്ടുള്ള അവളുടെ നിൽപ്പിൽ അവനും വിഷമം തോന്നി തുടങ്ങിയിരുന്നു. അത് കൊണ്ടാണ് അൽപ സമയം നോക്കി നിന്നിട്ട് അവളുടെ അടുത്തേക്ക് ചെന്നത്.

ഇന്ദ്രൻ അവൾക്കരികിൽ ചെന്നിട്ടും അവളത് അറിഞ്ഞിരുന്നില്ല. അവളുടെ തോളിൽ അവന്റെ കൈകൾ പതിഞ്ഞപ്പോളാണ് അവൾ ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കുന്നത്. അവനെ കണ്ടതും വീണ്ടും അവളുടെ കണ്ണുകൾ നിറഞ്ഞു.

“പണത്തിനു വേണ്ടിയാണ് ഈ വിവാഹത്തിന് സമ്മതിച്ചെന്ന് അല്ലേ ഏട്ടനും കരുതുന്നത്?”

മറുപടിയൊന്നും പറയാതെ അവനും മൗനിയായി നിന്നു.

“അമ്മയെ പോലെ എനിക്കും മാമനെ ധിക്കരിക്കാൻ കഴിയാഞ്ഞത് കൊണ്ടാണ്. ഞാനാണ് എല്ലാത്തിനും കാരണം.”

അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

“സാരമില്ലെടോ എനിക്ക് മനസിലാവും. വരൂ നമുക്ക് എന്താണെന്ന് വെച്ചാൽ ചെയ്യാം.”

അവൻ അവളുടെ കൈകൾ ചേർത്ത് പിടിച്ച് പറഞ്ഞു. നിർവികാരം നിറഞ്ഞ മുഖവുമായി അവൾ ഇന്ദ്രന്റെ കൂടെ നടന്നു. അപ്പോളും അവൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചിരുന്നു

(തുടരും )

ദേവാസുരം : ഭാഗം 1

ദേവാസുരം : ഭാഗം 2

ദേവാസുരം : ഭാഗം 3

ദേവാസുരം : ഭാഗം 4

ദേവാസുരം : ഭാഗം 5

ദേവാസുരം : ഭാഗം 6

ദേവാസുരം : ഭാഗം 7