Thursday, January 23, 2025
Novel

ദേവാസുരം : ഭാഗം 14

എഴുത്തുകാരി: അഞ്ജലി അഞ്ജു


ഇരുളിൽ കയ്യിലെ പിടി അയഞ്ഞപ്പോളാണ് ചുറ്റും നോക്കിയത്. ഓഡിറ്റോറിയതിന് പുറകിലായി ഒരു ചെറിയ തടാകം പോലെ ഉണ്ട്. അതിനോട് ചേർന്ന് ഇരിപ്പിടങ്ങളും.

ശരിക്കും പേടിച്ചു പോയിരുന്നു. ഇപ്പോളും അലക്സ് ചേട്ടൻ എന്തിനാണ് ഇങ്ങോട്ടേക്കു കൂട്ടി കൊണ്ട് വന്നതെന്ന് അറിയില്ല. പരസ്പരം ഒന്നും സംസാരിക്കാതെ അവർ അവിടെ ഇരുന്നു.

അൽപ സമയത്തേക്ക് ഒറ്റക്കിരിക്കാൻ അവളും ആഗ്രഹിച്ചിരുന്നു. കുറച്ചു സമയം കഴിഞ്ഞ് കൂട്ടി കൊണ്ട് വന്ന ആളുടെ മുഖത്തു നോക്കിയപ്പോൾ ആള് അവളെയും നോക്കി ഇരിക്കുകയാണ്.

മുഖത്തു ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

“നീ ഇങ്ങനെ പാവമാകല്ലേ.”

“ഏട്ടാ അത്..”

കണ്ണുകൾ നിറച്ചു കൊണ്ട് ജാനു എന്തോ പറയാൻ തുനിഞ്ഞു.

“നിനക്ക് ഒരു കാര്യം അറിയുവോ ഈ അലെക്സ് ഇത് വരെ ആരെയും പെങ്ങളായി കണ്ടിട്ടില്ല. വീട്ടിലും ഒറ്റയ്ക്ക് ആയിരുന്നു.

പക്ഷെ നിന്നെ എനിക്ക് അനിയത്തിയായി തോന്നുകയാണ്. അലക്സിന്റെ ഒരേ ഒരു പെങ്ങൾ ! അപ്പോ നീ ഇങ്ങനെ വിഷമിക്കാൻ ഞാൻ സമ്മതിക്കുവോ?”

അവന്റെ വാക്കുകൾ ശ്രദ്ധിക്കുകയായിരുന്നു ജാനു.

“ഇന്ദ്രന് നിന്നോട് ഇഷ്ടമൊക്കെ ഉണ്ട്. അത് പുറത്ത് കൊണ്ട് വരാനുള്ള വഴിയൊക്കെ എനിക്ക് അറിയാം.”

എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അലക്സ് പറഞ്ഞു.

“നീ ഒന്നും ചെയ്യണ്ട. എന്റെ കൂടെ നിന്ന് തന്നാൽ മതി.”

ഇത്രയും കേട്ടപ്പോൾ തന്നെ അവൾക്ക് പാതി ആശ്വാസം തോന്നി. ഒരു ചേട്ടന്റെ കരുതലും സ്നേഹവും അവളും ആഗ്രഹിച്ചിരുന്നു.

സ്വന്തമെന്ന് പറയാൻ ആരും ഇല്ലാതെയിരുന്ന തനിക്ക് ഇപ്പോൾ ആരൊക്കെയോ ഉണ്ടെന്ന തിരിച്ചറിവ് അവളിലും സന്തോഷം നിറച്ചു.

അലക്സ് നല്ല സംസാര പ്രിയനായിരുന്നു. കുറേ സമയം ഇരുവരും അവിടെ ഇരുന്നു സംസാരിച്ചു. കുട്ടിക്കാലത്തെ ഇന്ദ്രന്റെ കഥകളൊക്കെ അവൻ ജാനുവിന് പറഞ്ഞു കൊടുത്തു.

 

അങ്ങനെ ഓരോന്നും സംസാരിച്ചിരിക്കുമ്പോളാണ് വെപ്രാളത്തിൽ ജാനുവിനെയും തിരഞ്ഞ് ഇന്ദ്രൻ അങ്ങോട്ടേക്ക് വന്നത്.

അലക്സ് ഇന്ദ്രനെ കണ്ടിരുന്നു അത് കൊണ്ട് തന്നെ ജാനുവിനോട് കൂടുതൽ സംസാരിച്ച് ഇന്ദ്രനെ കാണാത്തത് പോലെ അവനിരുന്നു.

ഇന്ദ്രനെ കണ്ടതും ജാനു എഴുന്നേറ്റ് നിന്നു. അവളെ കണ്ടപ്പോളുണ്ടായ ഇന്ദ്രന്റെ ആശ്വാസ ഭാവം അലക്സ് ശ്രദ്ധിച്ചിരുന്നു.

അലക്സ് ഇന്ദ്രന് വലിയ മൈൻഡ് കൊടുക്കാതെ അവിടെ തന്നെ ഇരുന്നു.

“നീ ഇവിടെ വന്ന് ഇരിക്കുവായിരുന്നോ?”

അൽപം കനത്തിൽ ഇന്ദ്രൻ ജാനുവിനോടായി ചോദിച്ചു.

“അത്.. ഞാൻ..”

“നീ ഭാര്യയെ കാണാതെ പേടിച്ചോ?”

അലക്സ് അങ്ങനെ ചോദിച്ചത് ഇന്ദ്രന് തീരെ പിടിച്ചില്ല.

“അല്ല ഞാൻ നിന്നെ തിരക്കി ഇറങ്ങിയതാ. ഇവളെ ഇപ്പോ തിരക്കേണ്ട കാര്യമില്ലല്ലോ. ഞാൻ നേരത്തേ പറഞ്ഞില്ലേ ഗ്ലോബൽ ഗ്രൂപ്പിന്റെ കാര്യം. നീ വാ.”

ഇന്ദ്രന്റെ ആ മറുപടി കേട്ടതും ജാനുവിന്റെ മുഖത്തെ പ്രതീക്ഷ വീണ്ടും അസ്തമിച്ചു. പക്ഷെ അലെക്സിന് ഇന്ദ്രന്റെ കള്ളത്തരം മനസ്സിലായിരുന്നു.

“ഓ അത് നീ ഡീൽ ചെയ്തോളു. ഞാനും ജാനും കുറച്ചു കൂടെ സംസാരിക്കട്ടെ.”

“ജാനു നിന്നെ അമ്മ അന്വേഷിക്കുന്നുണ്ട്.
അയ്യോ ആണോ. അലക്സ് ചേട്ടാ ഞാൻ അങ്ങോട്ടേക്ക് പോകുവാണ് കേട്ടോ.”

മറുപടിക്ക് കാത്ത് നിക്കാതെ ജാനു തിരിഞ്ഞു നടന്നു. ജാനു പോവുന്നതും നോക്കി അലക്സ് നിൽക്കുന്നത് കണ്ടപ്പോൾ എന്ത് കൊണ്ടോ ഇന്ദ്രന് ദേഷ്യമാണ് ഉണ്ടായത്.

“ഡാ എന്താ നിന്റെ ഉദ്ദേശം?”

ഗൗരവത്തിലാണ് ഇന്ദ്രനത് ചോദിച്ചത്.

“എന്താണ് നിന്റെ ഉദ്ദേശം? അത് ആദ്യം പറയൂ.”

അലക്സും മറു ചോദ്യം ചോദിച്ചു.

“എന്ത്?”

“ഇപ്പോളും നീ അലീനയുടെ പിന്നാലെ നടക്കുന്നതിന്റെ ഉദ്ദേശം?”

“നീ എന്തൊക്കെയാണ് പറയുന്നത്?”

“മറ്റുള്ളവരുടെ മുന്നിൽ കളിക്കുന്ന നാടകം നീ എന്റെ മുന്നിലും ആടേണ്ട. എനിക്ക് എല്ലാം അറിയാം.

നിനക്ക് അവളെ മറക്കാനാവുന്നില്ലെങ്കിൽ എന്തിന് വിവാഹം കഴിച്ചു. ജാനകിയെ പറ്റി നീ ചിന്തിച്ചിട്ടുണ്ടോ? അവൾക്ക് എത്രത്തോളം സങ്കടം ഉണ്ടാവും.”

“അതിനെ പറ്റി നീ ആലോചിക്കണ്ട കാര്യമില്ല അലക്സ്.”

“ഉണ്ട്. എനിക്കവളെ ഇഷ്ടമാണെന്ന് കരുതിക്കൊള്ളൂ.”

“നീ കണ്ടിട്ടുള്ള രീതിയിലെ പെണ്ണല്ല അവൾ. അവളെ വിട്ടേക്ക്.”

പണ്ട് മുതൽക്കേ പെണ്ണുങ്ങളോട് അടുത്തിടപെഴകുന്ന സ്വഭാവമാണ് അലെക്സിന് ഉള്ളത്. അത് ഇന്ദ്രന് നന്നായി അറിയാമായിരുന്നു.

“അതേ ഞാൻ അവളെ പോലൊരു പെണ്ണിനെ കണ്ടിട്ടില്ല. അത് കൊണ്ടാണ് പറഞ്ഞത്.”

“മതി അലക്സ്. അവളെന്റെ ഭാര്യയാണ്. ഇനിയും ഇത് പോലെ വല്ലതും പറഞ്ഞാൽ ഞാൻ ഇങ്ങനെ ആവില്ല റീയാക്ട് ചെയ്യുന്നത്.”

ദേഷ്യത്തിൽ ഇത്രയും പറഞ്ഞ് ഇന്ദ്രൻ തിരിഞ്ഞു നടന്നു.

“ഇത് പോലെ തന്നെ അവൾക്കും നിന്റെ മേൽ അവകാശമുണ്ട് അത് നീ മറക്കണ്ട. പിന്നെ നിന്നിലൊരു മാറ്റം ഉണ്ടായില്ലെങ്കിൽ ജാനകിയെ ഞാൻ കൊണ്ട് പോകും.”

വിരലുകൾ കൈ വെള്ളയിലേക്ക് അമർത്തി പിടിച്ചു കൊണ്ട് ഇന്ദ്രൻ വേഗത്തിൽ നടന്നു നീങ്ങി.

ഇന്ദ്രനും അലെക്സും സംസാരിച്ചത് മുഴുവൻ കേട്ടില്ലെങ്കിലും അവസാനം അലക്സ് പറഞ്ഞ ആ വാക്കുകൾ വെള്ളിടി പോലെയാണ് അലീനയുടെ കാതുകളിൽ പതിച്ചത്.

അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. നിമിഷ നേരം കൊണ്ട് അവളുടെ മനസ്സിൽ പകയുടെ കാർമേഘങ്ങൾ ഉരുണ്ടു കൂടി.

പിന്നീട് ഫങ്ക്ഷനിൽ ശ്രദ്ധിക്കാൻ ഇന്ദ്രന് കഴിഞ്ഞില്ല.

എപ്പോളും കണ്ണുകൾ ജാനുവിന് പിന്നാലെ ആയിരുന്നു. അലക്സ് അവൾക്കരികിൽ എത്തുമെന്ന തോന്നൽ ഉണ്ടായാൽ പോലും അവൾക്കരികിലേക്ക് അവൻ ഓടിയെത്തിയിരുന്നു.

ഇന്ദ്രന്റെ പ്രവൃത്തികൾ അലെക്സിൽ ചിരിയുളവാക്കി.

ജാനുവും ഇന്ദ്രന്റെ പെട്ടെന്നുള്ള മാറ്റത്തിന്റെ കാരണം അന്വേഷിക്കുകയായിരുന്നു.

സമയം പോകും തോറും വന്ന അതിഥികൾ ഓരോരുത്തരായി പോയി തുടങ്ങി. അവസാനം ഇന്ദ്രനും അലെക്സും അലീനയും ജാനുവും അവരുടെ കുറച്ചു ഫ്രണ്ട്‌സും മാത്രമായി.

അവർ എല്ലാവരും ഡ്രിങ്ക്‌സും ഫുഡും ഡാൻസും ഒക്കെയായി ആഘോഷിക്കുകയായിരുന്നു.

അലീനയും ജാനുവും ഒന്നിച്ചു കഴിക്കാൻ ഇരുന്നു. അലെക്സിന് മുന്നേ വന്ന് ജാനുവിന് അരികിലായി ഇന്ദ്രൻ സീറ്റ്‌ പിടിച്ചു.

ജാനുവിന് പോലും അത് കണ്ട് ചിരി അടക്കാനായില്ല. അലക്സ് ആണെങ്കിൽ അവളെ എന്തൊക്കെയോ കണ്ണ് കൊണ്ടൊക്കെ കാട്ടുന്നുണ്ട്.

ഇത് കണ്ടിട്ട് അലീനയ്ക്കും ഇന്ദ്രനും ഒരുപോലെ ദേഷ്യം വരണുണ്ടായിരുന്നു.

ഇന്ദ്രനൊരു ബിയർ ബോട്ടിൽ പൊട്ടിച്ചു ഗ്ലാസ്സിലേക്ക് ഒഴിച്ചു.

“ഡാ എനിക്കും.”

അലക്സ് ഗ്ലാസ്‌ നീട്ടി.

“എനിക്കും.”

അലീനയും ഇന്ദ്രനോടായി പറഞ്ഞു.

“ജാൻ നിനക്ക് വേണ്ടേ?”

“അയ്യോ വേണ്ട. ഞാനിത് കുടിച്ചിട്ടില്ല.”

“ഒന്ന് ട്രൈ ചെയ്ത് നോക്കൂ. ഇതൊക്കെ ഒരു രസമല്ലേ.”

അലക്സ് അവളെ നിർബന്ധിച്ചു.

“അവൾക്ക് വേണ്ടെങ്കിൽ നിർബന്ധിക്കണ്ട.
അലെക്സിനോടായി ഇന്ദ്രൻ പറഞ്ഞു.”

“ഞാൻ പറഞ്ഞതല്ലേ ഇന്ദ്രന്റെ ടേസ്റ്റ് അല്ല ഇവൾക്കെന്ന്.”

പുച്ഛത്തോടെ ജാനുവിനെ നോക്കിയത് പറയുമ്പോൾ അലീനയുടെ കണ്ണിൽ പക എരിയുന്നുണ്ടായിരുന്നു.

“എനിക്കും വേണം ഏട്ടാ.”

എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ ജാനുവും ഗ്ലാസ്‌ നീട്ടി.

“നിനക്ക് ശീലമില്ലെങ്കിൽ കഴിക്കണ്ട.”

ഇന്ദ്രൻ അവളെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും അവൾ തയ്യാറായില്ല.

വാശിയിൽ എങ്ങനൊക്കെയോ ഒരു ഗ്ലാസ് കുടിച്ച് തീർത്തു.

അലീന വീണ്ടും ഗ്ലാസ്‌ നിറച്ചു കൊടുത്തത് വേഗത്തിൽ ജാനു കുടിച്ചു.

തലയ്ക്കു ഭയങ്കര ഭാരം തോന്നിയപ്പോൾ അവൾ തലയിൽ കൈ താങ്ങി ഇരുന്നു.

അവളിലെ മാറ്റങ്ങൾ പന്തിയല്ലെന്ന് തോന്നിയതിനാൽ ഇന്ദ്രൻ അവളെ വീട്ടിലേക്ക് പോവാൻ വിളിച്ചു.

എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ബാലൻസ് കിട്ടാതെ വീണ്ടും ഇരുന്നിടത്ത് തന്നെ ഇരുന്നു.

ഇതു കണ്ടതും അലക്സ് വന്ന് ജാനുവിനെ പിടിക്കാൻ ഒരുങ്ങി. അലക്സിന്റെ കൈ തട്ടി മാറ്റി ഇന്ദ്രൻ അവളെ താങ്ങി.

“നിങ്ങൾ കണ്ടിന്യു ചെയ്തോളു. ഞങ്ങൾ ഇറങ്ങുവാണു.”

ഇതും പറഞ്ഞ് ജാനുവിനെയും കൂട്ടി ഇന്ദ്രൻ അവിടുന്ന് ഇറങ്ങി. അലക്സിന്റെ ചുണ്ടിൽ നിഗൂഢമായ ഒരു ചിരിച്ചു വിരിഞ്ഞത് അലീനയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

(തുടരും )

ദേവാസുരം : ഭാഗം 1

ദേവാസുരം : ഭാഗം 2

ദേവാസുരം : ഭാഗം 3

ദേവാസുരം : ഭാഗം 4

ദേവാസുരം : ഭാഗം 5

ദേവാസുരം : ഭാഗം 6

ദേവാസുരം : ഭാഗം 7

ദേവാസുരം : ഭാഗം 8

ദേവാസുരം : ഭാഗം 9

ദേവാസുരം : ഭാഗം 10

ദേവാസുരം : ഭാഗം 11

ദേവാസുരം : ഭാഗം 12

ദേവാസുരം : ഭാഗം 13