Wednesday, May 1, 2024
Novel

നിയോഗം: ഭാഗം 60

Spread the love

രചന: ഉല്ലാസ് ഒ എസ്

Thank you for reading this post, don't forget to subscribe!

വൈകുന്നേരം സ്കൂൾ വിട്ട് കഴിഞ്ഞു ആദ്യം വന്നത്, ഹരിക്കുട്ടൻ ആയിരുന്നു.

അവൻ എത്തുന്ന സമയമായപ്പോഴേക്കും
കുഞ്ഞിനേയും എടുത്തു കൊണ്ട് പത്മ ഉമ്മറപ്പടിയിൽ കാത്തു നിൽപ്പുണ്ടായിരുന്നു..

“ആഹ്… ചേച്ചി കുട്ടി..കുഞ്ഞാപ്പൂ……..”

അവൻ ഓടിവന്നു കുഞ്ഞിനെ മേടിച്ചു  കൊണ്ട് തുരുതുരെ ഉമ്മ വെച്ചു…
അതിന് ശേഷം,
പത്മയുടെ കവിളിലും ഉമ്മ കൊടുത്തു… തിരിച്ച് അവളും….

‘ചേച്ചി എപ്പോഴാണ് വന്നത്…. ഞാൻ ഇന്ന് ഉച്ചയ്ക്ക് കൂടി വിചാരിച്ചതേയുള്ളൂ ചേച്ചിയുടെയും കുഞ്ഞുവാവയുടെയും കാർത്തികേട്ടന്റെയും ഒക്കെ കാര്യം”

” ഉച്ചതിരിഞ്ഞു മോനെ ചേച്ചി എത്തിയപ്പോൾ…… ”

അവന്റെ ബാഗ് മേടിച്ചു തോളിലേക്ക് ഇട്ടുകൊണ്ട് പത്മ ഹരിക്കുട്ടനോടൊപ്പം കുഞ്ഞുമായി അകത്തേക്ക് കയറി….

കാർത്തിയപ്പോൾ തന്റെ, ഫോണിൽ ആരെയോ വിളിച്ചു സംസാരിക്കുകയായിരുന്നു…

ഹരിക്കുട്ടൻ കുഞ്ഞിനെ കൊഞ്ചിച്ചും കളിപ്പിച്ചും അതിലൂടെയൊക്കെ നടക്കുകയാണ്…

അമ്മ വന്നു കാപ്പി എടുത്തു വച്ചിട്ടും,അവൻ അതൊന്നും കുടിക്കാതെ കൊണ്ട് കുഞ്ഞുവാവയെ കൊഞ്ചിച്ച്, കൊണ്ട് മുറിയിലൂടെ നടന്നു.

കാർത്തി,വാങ്ങിക്കൊണ്ടുവന്ന പലഹാര പാക്കറ്റുകൾ പൊട്ടിച്ച്,, ഓരോ പ്ലേറ്റിലേക്ക് ഇട്ടു കൊണ്ട് പത്മ എല്ലാവർക്കും ഉള്ള ചായ എടുത്തു വെച്ചു.

“മാഷേ…. ചായ കുടിക്കാൻ വരൂ…”

അവൾ റൂമിലേക്ക് ചെന്നു..

“മ്മ്…ഞാൻ വന്നേക്കാം….”

ചായ കുടിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് കാർത്തി, താൻ കട്ടപ്പനയിലേക്ക് പോകുന്ന കാര്യം പറഞ്ഞത്..

പദ്മ ആണെങ്കിൽ എല്ലാം കേട്ടുകൊണ്ട് മുഖം കുനിച്ചു നിന്നതേ ഒള്ളു.

“ശോ… അത് കഷ്ടം ആയല്ലോ മോനേ… ഇനി ഇപ്പൊ രണ്ട് വർഷം അവിടെ നിൽക്കേണ്ടി വരുമെന്ന് വെച്ചാൽ…… കുഞ്ഞിനെ കാണാതെ ഞങ്ങൾ എല്ലാവരും..”

“പദ്മയും കുഞ്ഞും എന്റെ ഒപ്പം പോരുന്നില്ലഛാ…കുറച്ചു  ദിവസം ഇവിടെ നിൽക്കാൻ ആണ്….പിന്നെ എന്റെ വീട്ടിലും മാറി മാറി നിൽക്കാല്ലോ….”

തുളുമ്പാൻ വെമ്പിയ മിഴികൾ എല്ലാവരിൽ നിന്നും ഒളിക്കുവാനായി പദ്മ വേഗം തന്റെ മുറിയിലേക്ക് പോയി.

കാർത്തി അത് കാണുന്നുണ്ടായിരുന്നു

“ഓഹ് അതാണല്ലേ പദ്മ യുടെ മുഖം വാടിയത്.. വന്നപ്പോൾ മുതൽക്കേ ഞാൻ ശ്രദ്ധിക്കുന്നതാണ് ഇവൾക്ക് എന്തുപറ്റിയെന്ന്…”

പത്മയുടെ അമ്മ ഗിരിജ കാർത്തിയോടും പത്മയുടെ അച്ഛനോടുമായി പറഞ്ഞു

“Mm… ക്ലൈമറ്റ് ഒക്കെ പിടിച്ചു വരാൻ ബുദ്ധിമുട്ടാണ് അച്ഛാ… തന്നെയുമല്ല വാവ ഇപ്പോൾ ചെറിയ കുട്ടി യല്ലേ…. ഞാൻ അവിടെ ചെന്ന് ഒന്ന് സെറ്റ് ആയിട്ട് ഇവരെ കൊണ്ടുപോകാൻ നോക്കാം,, എന്നോർത്ത് ആണ് “”അത് മതി മോനേ….മോളും കുഞ്ഞും ഇരു വീടുകളിലും ആയി നിന്നോളും…. എല്ലാം ഒന്നു റെഡി ആയിട്ട് രണ്ടാളെയും കൂട്ടി പോയാൽ മതി….”

അച്ഛന്റെ അഭിപ്രായത്തോട് അവനും യോജിച്ചു.

ആ സമയത്താണ് ഭവ്യ കോളേജിൽ നിന്നും മടങ്ങിയെത്തിയത്.

കാർത്തിയുടെ വണ്ടി മുറ്റത്ത് കിടക്കുന്നത് കണ്ടപ്പോഴേക്കും അവൾ ഓടി വന്നു..

” കുഞ്ഞാപ്പൂ… ”

അവൾ നീട്ടി വിളിച്ചപ്പോഴേക്കും, ഹരിക്കുട്ടന്റെ കയ്യിലിരുന്ന് കുഞ്ഞുവാവ ബഹളം കൂട്ടി തുടങ്ങി….

പിന്നീട് അവിടെ ഹരിക്കുട്ടനും കൂടി ആകെ ബഹളമായിരുന്നു
… രണ്ടാളും അനുസരിച്ച് കുഞ്ഞുവാവയെ എടുത്തു കൊണ്ട്, അതിലൂടെയൊക്കെ നടന്നു…

ആ സമയത്ത് പത്മ ഒന്ന് കുളിക്കുവാനായി പോയി…

കാർത്തിയും അച്ഛനും കൂടി വെറുതെ കവലയിലേക്കും നടന്നു.

കുളി കഴിഞ്ഞു ഇറങ്ങിവന്നശേഷം പത്മ അടുക്കളയിലേക്ക് ചെന്നു അമ്മയെ സഹായിക്കുവാനായി…

“മോളെ…. കാർത്തി കട്ടപ്പനയിലേക്ക് പോകുന്നതുകൊണ്ടാണോ നീ ഇങ്ങനെ വിഷമിച്ചു നടക്കുന്നത്… വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നത് നിനക്ക് ആകെ ഒരു വാട്ടം…”

ഗിരിജ മകളെ നോക്കി.

“ഹേയ്

അതൊന്നുമല്ല അമ്മേ…. രണ്ടുമൂന്നു ദിവസമായിട്ട് എനിക്ക് ചെറിയ പനിയായിരുന്നു… വല്ലാത്ത തലവേദനയും…. മരുന്നൊക്കെ മേടിച്ചതാണ്,  പക്ഷേ തലവേദന കുറഞ്ഞില്ല…. അതിന്റെയാ..”

“ഉറക്കം ശരിയാവുന്നില്ലേ മോളെ… ഇനി അതാണോ തലവേദന മാറാത്തത്..’

“ഇപ്പോഴത്തെ പനിക്കൊക്കെ നല്ല തലവേദന ഉണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്… ഒരാഴ്ച എടുക്കും കുറയാൻ…..”

“മ്മ്…. എന്നാൽ എന്റെ മോള് പോയി കിടന്നോ.. അമ്മ എല്ലാം ചെയ്തോളാം….”

“അത് ഒന്നും സാരമില്ലമ്മേ….. ഇതൊക്കെ അങ്ങട് മാറും ”

അവൾ ചപ്പാത്തി ഉണ്ടാക്കുവാനായി,മാവ് എടുത്തു കുഴയ്ക്കാൻ തുടങ്ങി..

“ചേച്ചി….ഏട്ടൻ പോകുമ്പോൾ ചേച്ചി ഇവിടെ നിന്നാൽ മതി കേട്ടോ,, അവിടേക്ക് പോകണ്ട….”

വാവയെ എടുത്തു പുറത്തു വെച്ചു കൊണ്ട് ആന കളിയ്ക്കുക
ആണ് ഭവ്യ യും ഹരിക്കുട്ടനും.

അവന്റെ പുറത്തു ആണ് കുഞ്ഞ് ഇരിക്കിന്നത്

ഭവ്യ പിന്നിൽ നിന്നും പിടിച്ചിട്ടുണ്ട്.

കുടു കുടാന്നു പൊട്ടി ചിരിക്കുക ആണ് കുഞ്ഞാവ….

ഗിരിജ ആണെങ്കിൽ അവരെ രണ്ടാളെയും വഴക്ക് പറയുന്നുണ്ട്….

സന്ധ്യ സമയത്തു ഇതു എന്തൊരു ബഹളം ആണ് ഈ പിള്ളേര്… കുഞ്ഞിനു കണ്ണ് തട്ടാനായി……

“ഓഹ്… ഈ അമ്മേടെ ഒരു അന്തവിശ്വാസം…. ഇതൊക്കെ ആരാണ് ഈ കാലത്തു വിശ്വസിക്കുന്നെ…”

ഭവ്യ ഒച്ച എടുത്തു.

“ടി
….. നി മേടിക്കും കേട്ടോ.. ഈയിടെ ആയിട്ട് പെണ്ണിന് ഇത്തിരി കൂടുന്നുണ്ട്….”

കൈ ഓങ്ങി കൊണ്ട് അവർ ഭവ്യ യുടെ അടുത്തേക്ക് ചെന്നു.

“ചേച്ചി എന്താ ഇങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കുന്നെ… മൗനവൃതം ആണോ….”

ഭവ്യ പത്മയെ നോക്കി നെറ്റി ചുളിച്ചു.

” വല്ലാത്ത തലവേദനയാണ് മോളെ രണ്ടുമൂന്നു ദിവസമായി തുടങ്ങിയിട്ട്…..”

” ചേച്ചി എന്തെങ്കിലും ബാം എടുത്തു പുരട്ടു…കുറഞ്ഞോളും ”

“മ്മ്…. ഞാൻ പുരട്ടിയതാ…. ”

“എന്നിട്ടും കുറവില്ലേ….ഇനി മൈഗ്രൻ ആണോ എന്ന് അറിയില്ലലോ…”

“കുറച്ചുദിവസം കൂടി നോക്കാം കുറഞ്ഞില്ലെങ്കിൽ,ഒന്നുകൂടി ഹോസ്പിറ്റലിൽ പോകാം….”

പദ്മ അനുജത്തി യെ നോക്കി പറഞ്ഞു

അത്താഴമൊക്കെ കഴിഞ്ഞ്,കിടക്കാനായി കാർത്തി റൂമിലേക്ക് വന്നപ്പോൾ പദ്മ കുഞ്ഞിനെ ഉറക്കുക ആയിരുന്നു

അവൻ തന്റെ ഷർട്ട് ഊരി മാറ്റിയിട്ട് ബെഡിലേക്ക് ചെരിഞ്ഞു കിടന്നു.

പദ്മ യും അവന്റെ അടുത്ത് കിടക്കുന്നുണ്ട്.

കുഞ്ഞുവാവ മെല്ലെ ഉറങ്ങി തുടങ്ങി.

പദ്മ എഴുന്നേറ്റു ബെഡിൽ കൈ കുത്തി ഇരിന്നു.

” താൻ ഫുഡ്‌ കഴിച്ചിരുന്നോ ”

കാർത്തി പെട്ടന്ന് അവളോട് ചോദിച്ചു.

“ഇല്ല…”

“എങ്കിൽ പോയി ഭക്ഷണം കഴിച്ചിട്ട് വരൂ…. ഞാൻ വാവയുടെ അടുത്ത് കിടന്നോളാം ”
.

അവൻ പറഞ്ഞപ്പോൾ പദ്മ എഴുന്നേറ്റു പുറത്തേക്ക് ഇറങ്ങി പോയി.

അമ്മയും ഭവ്യ യും അവളെ കാത്തു ഇരിക്കുക ആയിരുന്നു.

“കുട്ടി ഉറങ്ങിയോ മോളെ ”

“ഉവ്വമ്മേ……”

“എങ്കിൽ വാ… നമ്മൾക്ക് കഴിക്കാം….”

“എനിക്ക് ചോറ് മതി അമ്മേ… ചപ്പാത്തി വേണ്ട…”

പദ്മ പറഞ്ഞപ്പോൾ അമ്മ അവൾക്കായി ചോറും കറികളും എടുത്തു വെച്ചു.

മൂവരും കൂടി ഒരുമിച്ചു ഇരിന്നു ഭക്ഷണം കഴിച്ചു എഴുനെറ്റ്..

ഭവ്യ യും ചേച്ചിയും കൂടി കുറച്ചു സമയം ഓരോ നാട്ടു വിശേഷം ഒക്കെ പറഞ്ഞു കൊണ്ട് ഇരുന്നു..

പാത്രങ്ങൾ ഒക്കെ കഴുകി വെച്ച ശേഷം അടുക്കള അടിച്ചു വാരി തുടച്ചു ഇട്ടിട്ട് ആണ് ഗിരിജ കിടക്കുവാനായി പോയത്.

ഹരിക്കുട്ടനും അച്ഛനും കിടന്നിരുന്നു..

***

പദ്മ മുറിയിൽ എത്തിയപ്പോൾ കണ്ടു, കുഞ്ഞിനേയും കെട്ടിപിടിച്ചു കൊണ്ട് കിടന്ന് ഉറങ്ങുന്ന കാർത്തിയെ.

കുറച്ചു നിമിഷങ്ങൾ അവള് ആ കിടപ്പും നോക്കി കിടന്നു..

ഡോർ ലോക്ക് ചെയ്ത ശേഷം അവൾ കിടക്കുവാനായി വന്നു…

കാർത്തിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾക്ക് വല്ലാത്ത നൊമ്പരം പോലെ..

മാഷിനെ,ഒരുപാട് വേദനിപ്പിച്ചു…വിഷമിപ്പിച്ചു..

തിരിച്ചെടുക്കാനാവാത്ത ഒരുപാട് വാക്കുകൾ പറഞ്ഞു കുത്തി നോവിച്ചു..

പാവം….മാഷ്..

ഒരുപാട് തവണ തന്നോട് ചോദിച്ചത് ആണ്… എന്താണ് കാരണം എന്ന്..

പക്ഷെ…..

അവൾ ഒന്നു നെടുവീർപ്പെട്ടു.

ആഹ്… ഇങ്ങനെ ഒക്കെ സംഭവിക്കാൻ ആയിരിക്കും വിധി.

അവൾ അവന്റെ ചാരെ വന്നു ഇരുന്നു.

ശ്വാസം പോലും അടക്കിപിടിച്ചു കൊണ്ട് അവന്റെ നെറുകയിൽ ഒരു മുത്തം കൊടുത്തു.

“സോറി ”

അവൾ മെല്ലെ മന്ത്രിച്ചു..

പക്ഷെ…. എനിക്ക്… എനിക്ക് കാണാണ്ട് ഇരിക്കാൻ പറ്റില്ല മാഷേ… ഒരു നിമിഷം പോലും..

അവൾ മൂകമായി കരഞ്ഞു കൊണ്ട് ഭിത്തിയിൽ ചാരി ഇരുന്നു.

എന്തിനാണ് ഈശ്വരാ, ഞങളുടെ ജീവിതത്തിൽ ഇങ്ങനെ ഒരു ദുർവിധി തന്നത്..

എല്ലാം എന്റെ തെറ്റിദ്ധാരണകൾ ആയിരുന്നു..

ഒടുക്കം…..

അവൾ ശബ്ദം ഇല്ലാതെ തേങ്ങി..

ഓർമ്മകൾ അവളെ ഒരു ഭ്രാന്തി ആക്കുമോ എന്ന് പോലും ഒരു വേള അവൾ ഭയപ്പെട്ടു..

കരഞ്ഞു കഴിഞ്ഞെങ്കിൽ വന്നു കിടക്കു പദ്മേ….. എനിക്ക് ഉറക്കo വരുന്നുണ്ട്. ഈ ലൈറ്റ് ഒന്നു ഓഫ് ചെയ്യൂ….

കാർത്തിയുടെ ശബ്ദം കേട്ടതും അവൾ ഞെട്ടി പിടഞ്ഞു എഴുനേറ്റു.

വേഗം ലൈറ്റ് ഓഫ് ചെയ്തിട്ട് കിടക്കാനായി പോയി.

**

കാലത്തെ തന്നെ കാർത്തി പോകാനായി റെഡി ആയിരുന്നു…

അവനു വീട്ടിൽ ചെന്നിട്ട് വേണം കോളേജിലേക്ക് പോകാൻ.

കുളി കഴിഞ്ഞു അവൻ മുറിയിലേക്ക് കയറി വന്നു ഡ്രസ്സ്‌ മാറി കഴിഞ്ഞപ്പോൾ തന്നെ കുഞ്ഞുവാവ അവന്റെ കൈയിൽ കയറി ഇരിപ്പാണ്.

“കുഞ്ഞപ്പൂ… സർക്കീട്ട് പോകാനാണോ അച്ഛന്റെ ഒപ്പം…”

ഭവ്യ വന്നു വാവയിടെ കവിളിൽ ഒന്നു തലോടി.

എല്ലാവരും മാറി മാറി വിളിച്ചിട്ടും ആരുടെ യും കൂടെ പോകാതെ വാവ വാശിയിൽ അച്ഛന്റെ കൈയിൽ തന്നെ ഇരുന്നു.

കാർത്തി റൂമിലേക്ക് വന്നു പദ്മയുടെ കൈയിലേക്ക് ബലമായി കുഞ്ഞിനെ കൊടുത്തതും അവിടെ നിലവിളി ഉയർന്നു.

അവൻ ആകെ വിഷമത്തിൽ ആയി.

“ശോ.. ഇങ്ങനെ കരഞ്ഞാൽ കുഞ്ഞിന് എന്തെങ്കിലും അസുഖം വരും…”എന്ന് പറഞ്ഞു കൊണ്ട് ഗിരിജ വന്നു കുട്ടീടെ തോളിൽ തട്ടി അശ്വസിപ്പിക്കുന്നുണ്ട്.

പക്ഷെ ഒരു രക്ഷയുമില്ല..

“പദ്മേ… താൻ വേഗം റെഡി ആവൂ…. എനിക്ക് കോളേജിൽ പോകേണ്ടത് ആണ്…”

കാർത്തി അതു പറഞ്ഞതും കേൾക്കാൻ കൊതിച്ച പോലെ പദ്മ കുഞ്ഞിനേയും എടുത്തു കൊണ്ട് റൂമിലേക്ക് ഓടി….….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…