Wednesday, April 24, 2024
Novel

നിവേദ്യം : ഭാഗം 2

Spread the love

എഴുത്തുകാരി: ആഷ ബിനിൽ

Thank you for reading this post, don't forget to subscribe!

കട്ടിലിൽ കിടക്കുന്ന മുതലിനെ ചവിട്ടി താഴെ ഇടാൻ ആണ് ആദ്യം തോന്നിയത്. “കൂൾ അമ്മു കൂൾ. ഈ പാതിരാത്രി നീ ക്ഷീണിച്ചു നിൽക്കുകയാണ്. ഇവനുള്ള പണി പിന്നെ കൊടുക്കാം” സ്വയം പറഞ്ഞു ഞാൻ ഒന്ന് ചുറ്റിലും നോക്കി. നോവലിലും സീരിയലിലും ഒക്കെ ഇതുപോലെ വല്യ മുറികളിൽ ഒരു സോഫയൊക്കെ കാണുന്നതാണ്. ഇത് ഇവിടെ കുറെ കുഷ്യൻ ഉള്ള കസേര കിടപ്പുണ്ട്. ഹും..! ആർക്ക് വേണം എന്നറിയണ്ടേ. വീട്ടിൽ നിന്ന് കൊണ്ടുവന്ന ബാഗ് കയ്യിലെടുത്തു. “വല്യ വീട്ടിലേക്കല്ലേ മോളെ പോകുന്നത്.

ഈ പഴയ തുണി ഒന്നും കെട്ടി പെറുക്കി കൊണ്ടുപോകേണ്ട” ഇറങ്ങുന്നതിന് മുൻപ് ആഭിജാത്യം പറഞ്ഞത് ഓർത്തു. മോൾക്കിവിടെ കിടക്കാനിടം ഉണ്ടാകില്ല എന്ന് ആ പാവം നിനച്ചിരിക്കില്ലല്ലോ. ബാഗിൽ നിന്ന് ഒരു ബെഡ്ഷീറ്റ് എടുത്തു നിലത്തു വിരിച്ചു കിടന്നു. വയ്യ. ടൈലിൽ ബെഡ് ഷീറ്റ് വിരിച്ചു കിടക്കാൻ തീരെ സുഖം ഇല്ല. നടുവ് പൊളിയുന്നു. പിന്നെ ഒന്നും നോക്കിയില്ല. ബാഗിൽ ഉണ്ടായിരുന്ന ഡ്രസ് മുഴുവൻ തറയിൽ വിരിച്ചു. മുകളിലായി ബെഡ് ഷീറ്റും. ഇപ്പോ അല്പം ഭേദം ആണ്.

കിടന്നതറിയാതെ ഉറങ്ങി. ശീലം ആയതുകൊണ്ടാകാം, മൂന്നര മണിക്ക് തന്നെ ഉറക്കം തെളിഞ്ഞു. പിന്നെ ആ നേരത്ത് അവിടെയൊരു പൂച്ച പോലും എഴുന്നേൽക്കില്ല എന്നു ഉറപ്പായിരുന്നു. ഒന്നൂടെ ഉറങ്ങി. പിന്നെ എഴുന്നേറ്റപ്പോൾ ആറുമണി ആയി. ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടു. എൻടിആർ രാവിലെ കുളിച്ചു കുട്ടപ്പനായി എവിടേക്കാണോ എന്തോ. കതക് തുറക്കുന്ന ശബ്ദം കേട്ട് ഞാൻ ഉറക്കം നടിച്ചു കിടന്നു. എൻടിആർ ഡ്രസ് മാറുകയാണ് എന്നു തോന്നുന്നു.

ഒളിഞ്ഞു നോക്കിയാലോ? പാടില്ല അമ്മു, സ്വന്തം മുതൽ കട്ട് തിന്നാൻ പാടില്ല. കണ്ട്രോൾ… പുറത്തേക്കുള്ള കതക് അടയ്ക്കുന്ന ശബ്ദം കേട്ട് കണ്ണു തുറന്നു. ആള് പോയെന്ന് തോന്നുന്നു. ഉണ്ണിക്കണ്ണനെ ഓർത്തു എഴുന്നേറ്റു. ഡ്രസ് എല്ലാം കൊണ്ടുവന്നത് പോലെ തിരികെ ബാഗിലാക്കി. എനിക്കുള്ളതെല്ലാം വാങ്ങി വച്ചിട്ടുണ്ട് എന്ന് അമ്മ പറഞ്ഞത് ഓർമ വന്നു. ചുമ്മാ അലമാര ഒന്ന് തുറന്ന് നോക്കി. ആഹാ. അതിമനോഹരം. ഒരു തുണിക്കട മൊത്തത്തിൽ കൊണ്ടുവന്ന് കമഴ്ത്തിയിട്ടുണ്ട്.

വേണമെങ്കിൽ എനിക്കും അപ്പുവിനും ചിന്നുവിനും ഒരുമിച്ചു കയറി നിൽക്കാൻ പാകത്തിൽ ആണ് ഡ്രസുകളുടെ വലിപ്പം. പാകമാകുന്ന ഒന്നുപോലും ഇല്ല. അലമാര വലിച്ചടച്ചു ഞാൻ കൊണ്ടുവന്നതിൽ, അതായത് എന്റെ കയ്യിൽ ഉള്ളതിൽ ഏറ്റവും നല്ല ചുരിദാർ എടുത്തു ബാത്റൂമിലേക്കു പോയി. ബി കോമിന്റെ ഫെയർവെല്ലിന് എടുത്തതാണ്. ആയിരത്തി ഇരുനൂറ് രൂപയാണ് വില..! ബ്രഷും പേസ്റ്റും വീട്ടിൽ നിന്ന് കൊണ്ടുവന്നത് നന്നായി.

ആഭിജാത്യത്തിന്റെ വാക്കും കേട്ട് ബാഗെങ്ങാൻ വീട്ടിൽ വച്ചിരുന്നെങ്കിൽ പല്ല് തേയ്ക്കാൻ പറ്റാതെ ചമ്മി പണ്ടാരടങ്ങി പോയേനെ. കുളി കഴിഞ്ഞു താഴേക്ക് ചെന്നു. അമ്മ അടുക്കളയിൽ ഉണ്ട്. “ഗുഡ് മോണിംഗ് അമ്മാ” “ആഹാ.. നേരത്തെ എഴുന്നേറ്റോ.. ഗുഡ് മോണിംഗ് മോളെ” ശ്രീദേവിയമ്മ രാവിലെ തന്നെ കുളിച്ചു സെറ്റും മുണ്ടും ഉടുത്തു കുറിയൊക്കെ തൊട്ട് നിൽക്കുകയാണ്. “മോളെ ഇത് ലതിക. ഇവിടെ നമുക്ക് സഹായത്തിന് നിൽക്കുന്നതാണ്. പിന്നെ കുക്കിങ് ഞാൻ തന്നെയാട്ടോ ചെയ്യുന്നത്.

ബാക്കി അരിയലും വീട് ക്ളീൻ ചെയ്യലും ഒക്കെ ലതിക ആണ്” മെലിഞ്ഞ ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി അമ്മ പറഞ്ഞു. പിന്നെ എനിക്ക് ചായ എടുത്തു തന്നു. ഫോൺ വന്നപ്പോൾ അമ്മ അപ്പുറത്തേക്ക് പോയി. “ഞാനും കുഞ്ഞിനെപ്പോലെ പാവപ്പെട്ട വീട്ടിലെ ആണ്.” ലതിക പറഞ്ഞു. “പിന്നേ. ഞങ്ങളുടെ നാട്ടിലൊക്കെ അംബാനിയുടെ ഭാര്യമാർ ആണല്ലോ അടുക്കള ജോലിക്ക് പോകുന്നത്. ഒന്ന് പോ അമ്മച്ചീ” ഞാൻ മനസിൽ പറഞ്ഞു. അമ്മച്ചി വിടാൻ ഉദ്ദേശം ഇല്ലെന്ന് തോന്നുന്നു.

“എനിക്ക് കുഞ്ഞിനെപോലെ വല്യ വീട്ടിൽ കെട്ടിക്കേറി ചെല്ലാൻ ഉള്ള ഭാഗ്യം ഒന്നും ഉണ്ടായില്ല. കുഞ്ഞിന്റെ യോഗം” അതിനും ഞാനൊന്നും മറുപടി പറഞ്ഞില്ല. “എന്നാലും ഞാൻ ആലോചിക്കുകയായിരുന്നു. എന്നാ ഒരു യോഗം ആണ് കുഞ്ഞിന്റെ. സത്യത്തിൽ ഞാനും കുഞ്ഞും ഒക്കെ ഈ അടുക്കളപുറത്ത് നില്കേണ്ടവർ ആണ്. കുഞ്ഞിന് രാജയോഗം കിട്ടി എന്ന് മാത്രം” അതു കൂടി കേട്ടതോടെ എനിക്ക് ദേഷ്യം വന്നു. “ദേ അമ്മച്ചീ. കാര്യം ഒക്കെ ശരി തന്നെ. പക്ഷെ ഇപ്പോ നിങ്ങൾ ഇവിടുത്തെ സെർവന്റും ഞാൻ വീട്ടുകാരിയും ആണ്.

വെറുതെ ചൊറിയാൻ വന്നാൽ ഭിത്തിയിൽ തേച്ച് ഒട്ടിക്കും ഞാൻ. മനസിലായോ?” അവർ ഒന്ന് ഭയന്നു എന്ന് തോന്നുന്നു. സവാള അരിയുന്നത് വേഗത്തിൽ ആക്കി. എന്നെ നോക്കുന്നേയില്ല. വെള്ളെപ്പത്തിനുള്ള മാവ് ഇരിക്കുന്നത് കണ്ട ഞാൻ അത് ഉണ്ടാക്കാൻ തുടങ്ങി. “ആഹാ. മോളിത്‌ ഒന്നും ചെയ്യേണ്ടതായിരുന്നു. ഞാൻ ഉണ്ടല്ലോ ഇവിടെ” ശ്രീദേവിയമ്മ വന്നല്ലോ. “ഹേയ്. അതൊന്നും സാരമില്ല അമ്മേ. ഞാൻ ഇതിൽ എക്‌സ്പർട്ട് ആണ്” “എഹ്ഹ്???” “അമ്മേ അതുണ്ടല്ലോ. എനിക്ക് MBAക്ക് പോകാൻ ഭയങ്കര ആഗ്രഹം ആയിരുന്നു.

അതിന് പൈസ ഉണ്ടാക്കാൻ അടുത്തുള്ള കുറെ കടകളിൽ വെള്ളെപ്പം ഉണ്ടാക്കി കൊടുത്തിരുന്നു. രാവിലെ മൂന്ന് മണിക്ക് എഴുനേറ്റ് ഉണ്ടാക്കും. അതാ ശീലം” “ആഹാ. കൊള്ളാലോ നീയ്. എന്നിട്ടെന്തേ MBAയ്ക്ക് ചേരാതെ ഇരുന്നത്” “അത് പിന്നെ പെട്ടന്ന് കല്യാണം ഒക്കെ ആയില്ലേ… അതാ” പറഞ്ഞിട്ട് തിരിഞ്ഞ ഞാൻ നേരെ നോക്കിയത് എൻടിആറിന്റെ മുഖത്തേക്ക് ആണ്. ഈ മുതൽ ഇതെപ്പോ വന്നു? ഒരു ട്രാക് സ്യൂട്ടും ടി ഷർട്ടും ആണ് വേഷം. ജോഗിംഗിന് പോയെന്ന് തോന്നുന്നു.

അല്ലെങ്കിലും കാശ് ഉള്ള വീടുകളിലെ ആളുകൾ ഒക്കെ അങ്ങനെ ആണല്ലോ. മേലനങ്ങി പണി ചെയ്യില്ല. എന്നിട്ട് ഇങ്ങനെ ജോഗിംഗിനും ജിമ്മിലും പോയി മസിൽ വീർപ്പിക്കും. അതൊക്കെ എന്റെ ആഭിജാത്യം. ഇതിനൊന്നും മൂപ്പര് മിനക്കെടില്ല. ആകെ ആ തൊടിയിൽ വല്ല പാവയ്ക്കയോ പയറോ ഒക്കെ നടും. ദൈവം സഹായിച്ചു മൂപ്പര് നട്ട ഒന്ന് പോലും നേരെ വിളവെടുക്കാൻ കഴിഞ്ഞിട്ടില്ല. വീട്ടിൽ കറി വയ്ക്കാൻ ഉള്ളതൊക്കെ കിട്ടും. അത്ര തന്നെ.

“എന്താ ഹരി?” അമ്മ ചോദിക്കുന്നത് കേട്ടു. “അത്.. പിന്നെ.. ഞാൻ… ചായ” “ചായയോ? അതിന് നീ ചായ കുടിക്കാറില്ലല്ലോ” “അല്ല… ചായ അല്ല.. ഗ്രീൻ ടീ” പുള്ളി നിന്ന് താളം ചവിട്ടുന്നത് കണ്ട് അമ്മ എന്നെയൊരു നോട്ടം. എന്നെ കാണാൻ വന്നതാണ് എന്നു വിചാരിച്ചു കാണുമോ? എന്റെ പോന്നമ്മച്ചീ. ഞാൻ അത്തരക്കാരി നഹീ ഹേയ്.. “ഗ്രീൻ ടീ മോള് കൊണ്ടുവരും. നീ മുകളിലേക്ക് പൊയ്ക്കോളൂ” അതോടെ ആള് സ്ഥലം വിട്ടു. എന്നാലും മനുഷ്യനെ നാണം കെടുത്താൻ ഇങ്ങേര് ഇതെന്തിന് വന്നു? അമ്മ ഗ്രീൻ ടീ എടുത്ത് എന്റെ കയ്യിൽ തന്നു.

“അവൻ ചായയും കാപ്പിയും ഒന്നും കുടിക്കാറില്ല. ഇതാണ് ശീലം. കൊണ്ടുപോയി കൊടുത്തോളൂ” ഞാൻ അതും കൊണ്ട് മുകളിലേക്ക് കയറി. റൂമിൽ ആളെ കണ്ടില്ല. തൊട്ടടുത്ത മുറിയിൽ നിന്ന് തട്ടും മുട്ടും ഒക്കെ കേട്ട് പോയി നോക്കി. ആഹാ. എൻടിആർ അവിടെ നിന്ന് മസിൽ ഉരുട്ടി കയറ്റുകയാണ്. എന്തൊരു പ്രഹസനം ആണ് സജി? ഒരു മിനി ജിം ആണ് ആ മുറി. അത്യാവശ്യം എന്തൊക്കെയോ സാധനങ്ങൾ അവിടെയുണ്ട്. എന്നെ കണ്ടില്ലെന്ന് തോന്നുന്നു. വിളിച്ചു നോക്കാം. അല്ല.. എന്താ ഇപ്പോ വിളിക്കുക? ഹരിയെട്ടാ എന്നു വിളിക്കണോ?

അതോ ശ്രീയേട്ടാ എന്നോ? വേണ്ട. രണ്ടും വേണ്ട. അനാവശ്യമായി അധികാരം കാണിക്കുന്നു എന്നു തോന്നിയലോ? “ചേട്ടാ” കേട്ടില്ല എന്നു തോന്നുന്നു. ഒന്നൂടെ ശബ്ദം കൂട്ടി വിളിച്ചു: “ചേട്ടാ……” ഇത്തവണ എന്നെ കനപ്പിച്ചോന്ന് നോക്കി. “അല്ല അത്.. ഞാൻ… ഗ്രീൻ ടീ..” നോട്ടം അല്ലാതെ അങ്ങേർക്ക് ഡയലോഗ് ഇന്നും ഇല്ലെന്ന് തോന്നുന്നു. ഇന്നലെ രാത്രി എന്തായിരുന്നു പെർഫോമൻസ്..! “ആ ടേബിളിലേക്ക് വയ്ക്ക്” ഒടുവിൽ വായിൽ നിന്ന് മുത്തു പൊഴിഞ്ഞു. ഞാൻ അതുപോലെ ചെയ്തു.

അപ്പോൾ തന്നെ വന്ന് അതെടുക്കുന്നത് കണ്ടു. എന്നാൽ പിന്നെ എന്റെ കയ്യിൽ നിന്ന് അങ്ങു വാങ്ങിയാൽ പോരെ? ഓഹ്.. നമ്മളെ കണ്ണിൽ പിടിക്കില്ലല്ലോ. അതുകൊണ്ട് ആയിരിക്കും. ഇളനീർ കുടിക്കുന്ന ലാഘവത്തോടെ ആ കയ്പ്പൻ ഗ്രീൻ ടീ മുഴുവൻ കുടിച്ചിട്ട് കപ്പ് മേശയിലേക്ക് വലിച്ചെറിയുന്നത് കണ്ടു. പൊട്ടി എന്നാണ് കരുതിയത്. കപ്പിന് ഒരു കുഴപ്പവും ഇല്ല. ഏറ് കിട്ടി ശീലം ആണെന്ന് തോന്നുന്നു. എന്റെ ജീവിതവും ഇതുപോലെ ആകാതിരുന്നാൽ മതിയായിരുന്നു. കപ്പും എടുത്തു താഴേക്ക് പോയി.

അച്ഛൻ പത്രം വായിക്കുന്നത് കണ്ടു. “രാവിലെ തന്നെ സെൻസസ് എടുക്കുകയാണോ അച്ഛാ” മൂപ്പര് ഒന്നും മനസിലാകാതെ നോക്കുന്നു. “അല്ല.. എത്ര പേര് സെഞ്ചുറി അടിച്ചു എന്നു നോക്കുകയാണോ എന്നാ ചോദിച്ചത്. ചരമ കോളമേ…” ദേ ചിരിക്കുന്നു. സമാധാനം ആയി. പിന്നെ ആളുടെ കൂടെ പോയിരുന്നു കുറെ സംസാരിച്ചു. കത്തി വച്ചു എന്നു പറയുന്നതാണ് ശരി. ഇടയ്ക്ക് ശ്രീദേവിയമ്മയും വന്നിരുന്നു. എൻടിആറിന് മാത്രമേ ആ വീട്ടിൽ മനുഷ്യപ്പറ്റ് ഇല്ലാത്തത് എന്നു മനസിലായി.

അച്ഛനും അമ്മയും നല്ല ആളുകൾ ആണ്. “ഈ നാക്ക് ഇല്ലായിരുന്നെങ്കിൽ നിന്നെ വല്ല കാക്കയും കൊത്തികൊണ്ട് പോയേനെ കേട്ടോ” അച്ഛൻ പറഞ്ഞു. കാക്കയല്ല, വവ്വാൽ ആണ് കൊത്തിയേക്കുന്നത് എന്റെ അച്ഛാ… ഈ പീസ് ഒരെണ്ണം മാത്രം അല്ലെ ഉള്ളൂ..? വീണ്ടും പ്രൊഡ്യൂസ് ചെയ്യാൻ തോന്നാത്തത് നന്നായി. രാവിലെ ഭക്ഷണം എല്ലാവരും ഒരുമിച്ച് ഇരുന്നാണ് കഴിച്ചത്. വെള്ളേപ്പവും ചിക്കനും. രാവിലെ തന്നെ ചിക്കൻ ഒക്കെ കഴിക്കുന്ന ഒരു ഫാമിലിയെ ഞാൻ ആദ്യം കാണുകയാണ്.

വീട്ടിൽ ഒക്കെ ബന്ധുക്കൾ ആരെങ്കിലും താമസിക്കാൻ വന്നാൽ മാത്രം വാങ്ങുന്ന അപൂർവയിനം ഭക്ഷണം ആണ് ചിക്കൻ. “നിവേദ്യാ” പാത്രം കഴുകുന്നതിനിടെ ആണ് ആ വിളി കേട്ടത്. എന്തൊരു ബാസ് ആണ് ശബ്ദത്തിന്..? വെള്ളെപ്പം തന്നെയല്ലേ ആൾ രാവിലെ കഴിച്ചത്? സിവനേ… അയ്യോ… അല്ല… ഉണ്ണിക്കണ്ണാ…. എന്തിനാ ഇപ്പോ ഒരു കൊലവിളി? ആലോചിച്ചപ്പോഴേക്കും കഴുകിക്കൊണ്ടിരുന്ന പ്ളേറ്റ് എന്റെ കയ്യിൽ നിന്ന് വീണുപോയി. “ദേ മോളെ ഹരി വിളിക്കുന്നുണ്ട്. എന്തെങ്കിലും ആവശ്യം കാണും. പോയി നോക്ക്” ശ്രീദേവിയമ്മ പറഞ്ഞു. എന്റെ വെപ്രാളം ആൾ ശ്രദ്ധിച്ചെന്ന് തോന്നുന്നു. ഞാൻ മുകളിലേക്ക് പോയി.

ഇവർക്കൊക്കെ രണ്ടും മൂന്നും നിലയുള്ള വീട് ഉണ്ടാക്കി ഇട്ടാൽ മതി. കയറി ഇറങ്ങുന്നതിന്റെ ബുദ്ധിമുട്ട് ബാക്കി ഉള്ളവന് അറിയാം. എന്റെ വീട്ടിൽ ആണെങ്കിൽ രണ്ട് ചാട്ടം ചാടിയാൽ അടുത്ത മുറിയിൽ എത്താം. ഇത് ഒരുമാതിരി സെക്രട്ടറിയേറ്റ് പോലെ… അല്ല.. എന്നാലും എൻടിആറിന് എന്റെ പേര് അറിയാമായിരുന്നോ? ആഹ്. ഇന്നലെ റിസപ്‌ഷന്റെ സമയത്ത്‌ കണ്ടുകാണും. എന്തിനാണാവോ വിളിക്കുന്നത്?

വല്ല ഷർട്ടും അയൺ ചെയ്യാനോ ഷൂ പോളീഷ് ചെയ്യാനോ ഒക്കെ ആയിരിക്കും. അതൊക്കെ ആണല്ലോ ഇനി എന്റെ ജോലി. എന്തായാലും പേടിച്ചാണ് ചെന്നത്. “എന്നെ വിളിച്ചോ?” ശബ്ദം പരമാവധി മയപ്പെടുത്തി ചോദിച്ചു. അത് കേട്ട് ഞാൻ പേടിച്ചു നിൽക്കുകയാണ് എന്നു തെറ്റിദ്ധരിച്ചു എന്നു തോന്നുന്നു. നോട്ടത്തിൽ ഒരു മയം ഉണ്ട്. “നിനക്ക് പഠിക്കാൻ പോണോ?” ആ ചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി.

തുടരും

നിവേദ്യം : ഭാഗം 1