അഗ്നി : ഭാഗം 18
എഴുത്തുകാരി: വാസുകി വസു
“അഗ്നി ഡീ അഗ്നി …”
ടെസ ആധിയോടെ വിളിച്ചു കൊണ്ടിരുന്നു…..
“പേടിക്കണ്ട…ടെസ ഡിസയറിന്റെ ഡോർ തുറക്കൂ”
ചെകുത്താൻ പറയുന്നതൊക്കെ എനിക്ക് കേൾക്കാമായിരുന്നു…
ഇതുവരെയുള്ള 17 പാർട്ടുകളുടെ ലിങ്കുകൾ
ടെസ ഡോർ തുറന്നതും ചെകുത്താൻ എന്നെ വണ്ടിയുടെ സീറ്റിൽ കിടത്തി.ഞാൻ വല്ലാത്തൊരു മരവിപ്പിൽ ആയിരുന്നു….
“ചന്ദന…ചന്ദന”
എന്റെ ഉളളം മന്ത്രിച്ചു കൊണ്ടിരുന്നു…
“അഗ്നി ഹോസ്പിറ്റൽ പോകണോടീ”
വേണ്ടെന്ന് ഞാൻ ടെസയെ കൈ ഉയർത്തിക്കാട്ടി….
“എന്നെയൊന്ന് പിടിച്ചു എഴുന്നേൽപ്പിച്ച് ഇരുത്ത്”
വളരെ ദയനീയമായിരുന്നു എന്റെ ശബ്ദം. ടെസയുടെ സഹായത്താൽ ഞാൻ സീറ്റിലേക്ക് ചാരിയിരുന്നു….
“ടെസ നമ്മുടെ ചന്ദന”
ഞാൻ വിതുമ്പി കൊണ്ടിരുന്നു…
“അവൾക്കൊന്നും സംഭവിക്കില്ല.നീ ധൈര്യമായിരിക്ക്”
എന്റെ കൈകളിൽ മുറുക്കി പിടിച്ചു അവൾ ആശ്വസിപ്പിച്ചു…
“തീർത്ഥവ് എവിടെ..”
ഞാൻ ചുറ്റിനും നോക്കി…
മരണവീട്ടിലേക്ക് വിരൽ ചൂണ്ടി അങ്ങോട്ട് പോയൊന്ന് ടെസ ആംഗ്യം കാണിച്ചു…
ടെസക്കും വലിയ സങ്കടമായെന്ന് അവളുടെ മുഖം കണ്ടാലറിയാം…
കുറേസമയം കടന്നു പോയി. തീർത്ഥവ് ചന്ദനയുടെ വീട്ടിൽ നിന്ന് നടന്നു വരുന്നത് ഞങ്ങൾ കണ്ടു….
“തീർത്ഥവ് വന്ന് വണ്ടിയിൽ കയറി…
” ഇപ്പോൾ എങ്ങനെയുണ്ട് അഗ്നി”
“കുഴപ്പമില്ല”
ഞാൻ മറുപടി കൊടുത്തു…
“ശരി നമുക്ക് പോയേക്കാം”
തീർത്ഥവ് ഡിസയർ മുമ്പോട്ടെടുത്തു.യാത്രയിലുടനീളം മൂവരും നിശബ്ദരായിരുന്നു…
“തീർത്ഥവ്”
ഞാൻ സങ്കടത്തോടെ വിളിച്ചു…
“മം’ ചെകുത്താൻ അലക്ഷ്യമായി മൂളി…
” ചന്ദനയെ എങ്ങനെ കണ്ടുപിടിക്കും”
“നീയൊന്ന് ധൈര്യമായിരിക്ക് അഗ്നി.ഞാൻ അഖിയെയും അങ്കിളിനെയും വിളിച്ചു വിവരം ധരിപ്പിച്ചിട്ടുണ്ട്”
“മം”
ഞാൻ പിന്നെയൊരക്ഷരം ശബ്ദിക്കാതെ മൂകമായിരുന്നു…
“പപ്പയെന്തു പറഞ്ഞു”
ടെസ തിരക്കി….
“രാത്രിയാകട്ടെ..എന്തെങ്കിലും വഴി കണ്ടെത്താമെന്ന് പറഞ്ഞു”
ഡിസയർ സ്പീഡിൽ ഓടിക്കൊണ്ടിരുന്നു.സമയം ഉച്ചയോട് അടുത്തു.തീർത്ഥവ് വ വലിയൊരു ഹോട്ടലിന്റെ മുന്നിൽ വണ്ടി നിർത്തി…
“വാ..നമുക്ക് ഊണു കഴിക്കാം”
അയാൾ ഞങ്ങളെ ക്ഷണിച്ചു..
“എനിക്ക് വിശപ്പില്ല.നിങ്ങൾ കഴിച്ചിട്ട് വാ”
“പിന്നെ നീയില്ലെങ്കിൽ ഞങ്ങൾ എന്തിനാടീ കഴിക്കുന്നെ.നീ കൂടി വാ”
ടെസ എന്നെയും പിടിച്ചിറക്കി തീർത്ഥവിനു പിന്നാലെ നടന്നു…ഹോട്ടലിൽ തിരക്ക് കുറഞ്ഞ ഭാഗം നോക്കി ഞങ്ങൾ ഇരുന്നു…
ഊണ് കൊണ്ടുവന്നു മുന്നിൽ വെച്ചിട്ടും ഞാൻ മറ്റൊരു ലോകത്തായിരുന്നു…
“ഡീ കഴിക്കെടീ”
ടെസയുടെ ശബ്ദം എന്റെ ചിന്തകളെ ഉണർത്തി…
പേരിനു കുറച്ചു കഴിച്ചതിനുശേഷം ഞാൻ കൈകഴുകി അവരുടെ അടുത്ത് വന്നിരുന്നു….
അവരും ഊണു കഴിച്ചു വന്നതോടെ ബില്ല് പേ ചെയ്തിട്ട് ഞങ്ങൾ വന്ന് ഡിസയറിൽ കയറി….
വണ്ടി മുമ്പോട്ട് കുതിച്ചു കൊണ്ടിരുന്നു…. ഇടക്കൊരു കോൾ മൊബൈലിൽ വന്നതോടെ ചെകുത്താൻ ഡിസയർ റോഡിനു സൈഡിലേക്ക് മാറ്റി നിർത്തി…
ഫോൺ അറ്റൻഡ് ചെയ്തു തീർത്ഥവ് എന്തെക്കയൊ രഹസ്യ കോഡുകൾ മന്ത്രിച്ചു….
“അഗ്നി നമ്മൾ രക്ഷപ്പെട്ടു… ചന്ദന എവിടെയുണ്ടെന്ന് അഖി കണ്ടുപിടിച്ചു”
“എവിടെ എവിടെ”
എന്റെ ഉളളം തുടികൊട്ടിയുണർന്നു…
“നമ്മളിനി നേരെ പോകുന്നത് മ്യൂസിയം പോലീസ് സ്റ്റേഷനിലേക്കാണ്.അവിടെ നിന്ന് നേരെ തൃശൂർക്ക്”
ചെകുത്താൻ കൂടുതലൊന്നും വ്യക്തമാക്കിയില്ല…ഡിസയർ ട്രിവാൻഡ്രം ലക്ഷ്യമാക്കി പാഞ്ഞു…
സമയം ഇരുട്ടിയാണു ഞങ്ങൾ ട്രിവാൻഡ്രത്ത് എത്തിയത്.വണ്ടിയിൽ ഇരുന്ന് തന്നെ ചെകുത്താൻ മൊബൈലെടുത്ത് അഖിയെ വിളിച്ചു…
“ഡാ ഞങ്ങൾ സ്റ്റേഷന്റെ തെക്ക് ഭാഗത്ത് മാറി വണ്ടി നിർത്തിയിട്ടിട്ടുണ്ട്”
ഞങ്ങൾ പത്ത് മിനിറ്റോളം അവിടെ കാത്തിരുന്നു… കുറച്ചു കഴിഞ്ഞു രാവണൻ വന്ന് കാറിൽ കയറി…
“ചന്ദനയെവിടെ അഖി”
രാവണൻ കാറിൽ കയറിയതും ഞാൻ ആവേശപൂർവ്വം ചോദിച്ചു…
“അഗ്നിയെ ഒന്നടങ്ങ്..ചന്ദനയെ നിന്റെ മുന്നിൽ എത്തിച്ചു തരാം പോരേ”
ചെകുത്താന്റെ മറുപടി എനിക്ക് കൂടുതൽ ഊർജ്ജം നൽകി…
“മതിയെനിക്ക് അത്രയും മതി.എങ്കിൽ നിങ്ങളോട് ഈ ജന്മം മുഴുവനും ഞാൻ കടപ്പെട്ടിരിക്കും”
“അല്ലെങ്കിലും എപ്പോഴും ആ കടപ്പാടുണ്ടല്ലോ”
രാവണൻ പറഞ്ഞതിന്റെ പൊരുൾ അറിയാതെ ഞാൻ മിഴിച്ചിരുന്നു…
“തീർത്ഥവ് വണ്ടി തിരിക്ക്.നേരെ തൃശൂർ”
രാവണന്റെ ശബ്ദത്തിനൊപ്പം ചെകുത്താൻ ഡിസയർ മിന്നൽ വേഗതയിൽ വട്ടം കറക്കി…പിന്നെയത് തൃശൂർ ലക്ഷ്യമാക്കി പാഞ്ഞു….
“തീർത്ഥവ് തൃശൂർ സർക്കിൾ ഇൻസ്പെക്ടർ രുദ്രപ്രതാപ് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്.അവനാണെനിക്ക് ഇൻഫർമേഷൻ തന്നത്.ഡിപ്പാർട്ട്മെന്റിലെ ഒറ്റയാൻ.നമ്മളിപ്പോൾ നേരെ പോകുന്നത് അവന്റെ അടുത്തേക്കാണ്”
ഏട്ടനും അനിയനും കൂടി എന്താണ് സംസാരിക്കുന്നതെന്ന് മനസ്സിലായില്ലെങ്കിലും ഞാനും ടെസയും ശ്രോതാക്കളായിരുന്നു….
“യെസ്..ഞാൻ കേട്ടിട്ടുണ്ട് അയാളെ കുറിച്ച്.. നല്ലൊരു മനുഷ്യൻ കൂടിയാണല്ലേ”
“അതേ”
തീർത്ഥവിനൊപ്പം മുൻ വശത്ത് ഇടത്തേ സീറ്റിലായിരുന്നു രാവണൻ ഇരുന്നത്…
കുറെ നേരം അവർ തമ്മിൽ സംസാരിച്ചിരുന്നു.ഞങ്ങൾക്കാണെങ്കിൽ ബോറടിയും തുടങ്ങി….
“അതേ ഞങ്ങൾ രണ്ടു മനുഷ്യജീവികൾ കൂടി പിറകിലുണ്ടെന്ന് ഓർമ്മ വേണം”
രാവണൻ പിന്നിലേക്ക് തിരിഞ്ഞു….
“ഇവൾക്ക് ഒരെല്ല് കൂടുതലാണല്ലോ അഗ്നി”
ടെസയെ അളന്നു മുറിച്ച് നോക്കി രാവണൻ..കാറിനു അകത്ത് വശത്തെ ലൈറ്റ് രാവണൻ തെളിച്ചിരുന്നു….
“ഈ കുലയിൽ ഒന്നെയുള്ളോ അതൊ ഇനിയും ഉണ്ടാ”
ഹാസ്യ രൂപേണേ രാവണൻ ചോദിച്ചു…
“ഉണ്ടല്ലോ സാറേ”
ഉരുളക്ക് ഉപ്പേരി പോലെ ടെസയുടെ മറുപടിയെത്തി…
“അതിനെ ഞാൻ കെട്ടിക്കോട്ടേ”
“അത് നടക്കൂല്ല സാറേ”
“എന്തെ ആൾ നടക്കൂല്ലേ”
“ആൾക്ക് കുഴപ്പമൊന്നുമില്ല…ഇച്ചായനാണു കുലയിലെ ഒന്ന്”
രാവണന്റെ ചമ്മി വിളറിയ മുഖം ഒന്ന് കാണേണ്ടതായിരുന്നു..ടെൻഷനൊക്കെ മറന്ന് ഞാൻ പൊട്ടിച്ചിരിച്ചു പോയി…
അയാൾ പെട്ടെന്ന് തന്നെ കാറിനകത്തെ ലൈറ്റണച്ചു….
“വല്ല കാര്യമുണ്ടോടാ ഇങ്ങനെ ചമ്മണ്ടത്”
ചെകുത്താന്റെ വക ചോദ്യം…
“അതേ ഏതൊരു പോലീസിനും അബദ്ധം പറ്റും”
“മം..മം ” ചെകുത്താൻ മൂളി…വീണ്ടും നിശബ്ദത ഉടലെടുത്തു…
ഏകദേശം ഒരു മണി കഴിഞ്ഞതോടെ തൃശൂർ പോലീസ് സ്റ്റേഷനു മുമ്പിൽ ഡിയർ ബ്രേക്കിട്ടു നിന്നു….
“രുദ്രൻ ഞങ്ങളെത്തി…”
അഖി രുദ്രനെ ഫോൺ ചെയ്തു….
അഞ്ച് മിനിറ്റ് ഞങ്ങൾ അവിടെ വെയ്റ്റ് ചെയ്തു… സ്റ്റേഷനിൽ നിന്ന് സർക്കിൾ ഇൻസ്പെക്ടർ രുദ്രപ്രതാപ് ഇറങ്ങി വരുന്നത് ഞങ്ങൾ കണ്ടു…
ഏകദേശം ആറടി പൊക്കമുണ്ട്..അതിനു തക്കവണ്ണവും…ഒറ്റനോട്ടത്തിൽ സുരേഷ് ഗോപിയെപ്പോലെയുണ്ട്.ഇദ്ദേഹം കുറച്ചു കറുത്തതാണെന്ന് മാത്രം…
രാവണൻ ഞങ്ങളെ എല്ലാവരെയും ഇൻസ്പെക്ടർക്ക് പരിചയപ്പെടുത്തി…
മാന്യമായ പെരുമാറ്റമായിരുന്നു രുദ്രപ്രതാപിന്റെ…
“ഇത് അഗ്നി..നന്ദൻ മേനോന്റെ മകൾ.അത് കൂട്ടുകാരി ടെസ”
എനിക്കും ടെസക്കും അദ്ദേഹം മനോഹരമായൊരു പുഞ്ചിരി സമ്മാനിച്ചു…
“ഇതെന്റെ ഏട്ടൻ തീർത്ഥവ്…ഏട്ടൻ ആണെങ്കിലും ഞങ്ങൾ തമ്മിൽ എടാപോടാ ബന്ധമാണ്”
“അതല്ലേ ഇപ്പോഴത്തെ ഫാഷൻ..”
രുദ്രപ്രതാപിന്റെ ചിരി മുഴങ്ങി….
“എവിടെ വൈഫ് വസുമതി”
“അളിയാ അവൾ പ്രഗ്നനാണു…എട്ടാം മാസമായി”
“കൺഗ്രാറ്റ്സ് മച്ചാനേ”
രാവണൻ ആശംസകൾ നേർന്നു…
“നമുക്ക് ടൈം കുറവാണ്…പുലർച്ചക്ക് മുമ്പേ പ്ലാൻ ചെയ്തത് നടക്കണം”
ചെകുത്താൻ ഓർമിപ്പിച്ചു….
“ഓ..സോറി…ഡിയർ സ്റ്റേഷനു മുമ്പിൽ പാർക്ക് ചെയ്തിട്ടുവാ രാവണാ”
“അപ്പോൾ നമ്മുടെ ഓപ്പറേഷനു ഏത് വാഹനത്തിൽ പോകും”
കുറച്ചു അകലെ മാറി നിർത്തിയിട്ടിരിക്കുന്ന ഹൈടെക് ആംബുലൻസിനു നേരെ അയാൾ ഇൻസ്പെക്ടർ വിരൽ ചൂണ്ടി…
“എല്ലാം ഞാൻ നേരത്തെ പ്ലാൻ ചെയ്തിട്ടുണ്ട്…”
“പൊളി മച്ചാൻ”
രാവണൻ ഡിസയർ പോലീസ് സ്റ്റേഷനു മുമ്പിൽ പാർക്ക് ചെയ്തിട്ടു വന്നു….
എല്ലാവരും കൂടി ആംബുലൻസിൽ കയറി.. രുദ്രപ്രതാപാണു വാഹനം ഓടിച്ചത്….
ടൗണിൽ ആംബുലൻസ് ഗ്രാമവീഥികളിലുടെ ഉടുക്കു വഴികളിലൂടെയും ഓടിക്കൊണ്ടിരുന്നു….
അധികം ആൾ താമസമില്ലാത്ത സ്ഥലത്ത് കൂടി ആബുലൻസ് ഓടി നടന്നു….
“ഇനി നമുക്ക് നടന്നാണു പോകേണ്ടത്..ആംബുലൻസ് ഇവിടെ പാർക്ക് ചെയ്യാം.ഇല്ലെങ്കിൽ ശത്രുക്കൾ രക്ഷപ്പെടാൻ സാധ്യതയുണ്ട്”
വഴിയിൽ നിന്ന് പറമ്പിലേക്ക് ആംബുലൻസ് രുദ്രൻ റിവേഴ്സെടുത്ത് പിന്നിലേക്ക് നീക്കിയിട്ടു.എന്നിട്ട് ഞങ്ങൾ എല്ലാവരും കൂടി അവിടെ നിന്ന് കുറച്ചു ദൂരെ ലൈറ്റ് തെളിഞ്ഞു നിൽക്കുന്ന വീട്ടിലേക്ക് നടന്നു…
“വൈകുന്നേരം വന്ന് വീടൊക്കെ സ്കെച്ച് ചെയ്തതതുകൊണ്ട് പ്രയാസമില്ല”
“അതെന്തായാലും നന്നായി രുദ്രൻ”
രാവണൻ അയാളെ പ്രശംസിച്ചു…
ഇരുപത് മിനിറ്റ് നടന്നു ഞങ്ങൾ ആ വീടിനു സമീപമെത്തി..പഴയൊരു കെട്ടിടമാണ്…
“ആദ്യം നമുക്ക് ചന്ദന ഏത് മുറിയിൽ ആണെന്ന് ഉറപ്പു വരുത്തണം”
ഒറ്റയാന്റെ നിർദ്ദേശപ്രകാരം ഞങ്ങൾ ആ വലിയ വീടിനു ചുറ്റും വലയംവെച്ചു…..
ബാക്ക് സൈഡിൽ എത്തിയപ്പോൾ പാതി തുറന്ന ജനൽപ്പാളികളിലൂടെ പ്രകാശം പുറത്ത് വരുന്നൊരു മുറി ഞങ്ങൾ കണ്ടു……
“അവിടെ മുറിയുടെ മൂലയിൽ ഭയന്ന് വിറച്ച് ചുരുണ്ടു കൂടിയിരിക്കുന്ന ചന്ദനയെ കണ്ടെന്റെ നെഞ്ച് പൊട്ടി…
” ശൂ മിണ്ടരുത് ”
ചെകുത്താന്റെ അടക്കിയ സ്വരം എന്റെ കാതിൽ വീണു….
“നമുക്ക് അധികം ടൈം ഇല്ല…എല്ലാവരും നല്ല ഉറക്കത്തിൽ ആകാം. അല്ലായിരിക്കാം.എന്നതായാലും ഒരു സഡൻ അറ്റാക്ക്.മീൻസ് അകത്തെ ആളുകൾ പുറത്ത് വരണം”
രാവണൻ കരുതിയിരുന്ന പ്ലാസിറ്റിക് സഞ്ചിയിൽ നിന്ന് കെട്ടിയ പടക്കങ്ങൾ അവിടെ രണ്ടു മരങ്ങളിൽ വലിച്ചു കെട്ടി തീ കൊളുത്തി…
പടക്കം പൊട്ടുന്ന ഒച്ചയും കേട്ടതോടെ വീടിന്റെ കതക് തുറന്നു കുറച്ചു ഗുണ്ടകൾ വെളിയിലേക്ക് ഇറങ്ങി..ഒളിച്ചിരുന്ന ചെകുത്താനും രുദ്രനും രാവണനും കൂടി അവരെ എതിരിട്ടു…
അവരുടെ അടിയേറ്റ് ഗുണ്ടകൾ നിലവിളിയോടെ തെറിച്ചു വീണു… അതേ സമയത്ത് ഞാനും ടെസയും കൂടി അകത്ത് ചന്ദനയുടെ മുറി കണ്ടുപിടിക്കാനുളള ശ്രമമായി….
ഒടുവിൽ ഒരു ഉദ്ദേശം വെച്ച് ഞങ്ങൾ ആ വലിയ വീടിന്റെ മുറികളൊന്നിൽ നിന്ന് ചന്ദനയെ കണ്ടെത്തി…
ഞാൻ അത്ഭുതത്തോടെ അതിലുപരി നെഞ്ഞ് പിടയുന്ന വേദനയിൽ ചന്ദനയെ കെട്ടിപ്പിടിച്ചു…
ചന്ദനക്ക് എന്താണ് സംഭവിക്കുന്നതെന്ന് ഒരുപിടിയും കിട്ടിയില്ല…
“അഗ്നി നമുക്ക് ഇവിടെ നിന്നാദ്യം രക്ഷപ്പെടാൻ നോക്കാം”
ടെസ ഓർമിപ്പിച്ചതോടെ ചന്ദനയെ കൂട്ടി ഞങ്ങൾ ആ മുറി കടന്നു….
“ആഹാ..ഇത്ര സിമ്പിളായിട്ട് നിങ്ങൾ രക്ഷപ്പെട്ടാൽ ഇത്രയും കഷ്ടപ്പെട്ട ഞാൻ മണ്ടനായി പോകില്ലേ….
പരിചിതമായ സ്വരം കേട്ട് ഞങ്ങൾ ഞെട്ടി…ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയതും ഞെട്ടിപ്പോയി…
” ഞങ്ങളുടെ തലക്ക് നേരെ തോക്കുകൾ ചൂണ്ടിയൊരാൾ നിൽക്കുന്നു… ”
ആ മുഖത്തിന്റെ അവകാശിയെ കണ്ടതും കൂടുതൽ നടുങ്ങിപ്പോയി…
ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അവിടെ അങ്ങനെയൊരാളെ ….
(തുടരും)