Sunday, November 10, 2024
Novel

അഗ്നി : ഭാഗം 2

എഴുത്തുകാരി: വാസുകി വസു


“ടീ അഗ്നി കുറച്ചു കൂടി സ്പീഡിൽ വിട്.അവരിങ്ങെത്താറായി” “ഇതിനു പറ്റാവുന്ന മാക്സിമം സ്പീഡിലാണു ഓടിക്കുന്നത്”

മുൻഭാഗം വായിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഹൈവേ പോലീസിന്റെ വണ്ടിയും ഞങ്ങളും തമ്മിൽ വളരെ കുറച്ചു അകലമേയുളളൂ…

ബുളളറ്റ് എടുത്ത് ഇറങ്ങാൻ തോന്നിയ നിമിഷത്തെ ഞാൻ സ്വയം ശപിച്ചു…

“വേണ്ടിയിരുന്നില്ല”

ഒന്നുകൂടി കൈ കൊടുത്തു ഞാൻ ബുളളറ്റ് പറപ്പിച്ചു..പക്ഷേ ഹൈവേ പോലീസിന്റെ വണ്ടി മിന്നലു പോലെ ഞങ്ങളെ ഓവർടേക്ക് ചെയ്തു വഴി വിലങ്ങി നിന്നു.മുട്ടി മുട്ടിയില്ലെന്ന രീതിയിൽ ബുളളറ്റും….

നുണഞ്ഞിറങ്ങിയ ലഹരി മുഴുവനും ആവിയായിപ്പോയി.ഹൈവേ പോലീസ് വാഹനത്തിൽ നിന്ന് ചാടിയിറങ്ങി ഞങ്ങൾക്ക് സമീപമെത്തി….

“വണ്ടി സൈഡിലേക്ക് മാറ്റിയൊതുക്ക്”

എസ്സൈ കൽപ്പിച്ചു.അതോടെ ഞങ്ങൾ ബുളളറ്റിൽ നിന്നുമിറങ്ങി വണ്ടി സൈഡിലേക്ക് മാറ്റിവെച്ചു….

“രാത്രിയിൽ നീയൊക്കെ എവിടെ പോകാനിറങ്ങിയതാടി”

അയാൾ ഞങ്ങളെ ആപാദചൂഡമൊന്ന് വീക്ഷിച്ചു…

“സാറേ ഞങ്ങൾ നൈറ്റ് റൈഡറിനു ഇറങ്ങിയതാണ്”

ഞാൻ ധൈര്യസമേതം മറുപടി നൽകി…

“നീയൊക്കെ പിന്നെയെന്തിനാടി ഞങ്ങളെ കണ്ടിട്ട് ബുളളറ്റ് തിരിച്ചു വിട്ടത്..പിടിക്കില്ലാന്ന് കരുതിയല്ലേ..”

“സാറേ ഞങ്ങൾ ചെറുതായിട്ട് കഴിച്ചിട്ടുണ്ട്..അതുകൊണ്ടാ വണ്ടി തിരികെ വിട്ടത്”

എന്റെ കൂസലില്ലായ്മ കണ്ടാകും ഹൈവേ പോലീസിനു പെരുത്തു കയറി..

“അത് ശരി മദ്യപിച്ചിട്ടാണല്ലെ വാഹനമോടിച്ചത്..നിനക്കൊന്നും അറിയില്ലേ നിയമങ്ങളൊന്നും”

ഞങ്ങൾ അനങ്ങാതെ നിന്നു.ഒരു പോലീസുകാരനെക്കൊണ്ട് ഞങ്ങൾ മെഷീനിൽ ഊതിപ്പിച്ചു മദ്യം കഴിച്ചിട്ടുണ്ടെന്ന് അവർക്ക് ബോധ്യപ്പെട്ടു…

“രണ്ടുപേരെയും ഹോസ്പിറ്റലിൽ കൊണ്ട് പോയി ചെക്ക് ചെയ്യണം”

എസ്സൈ ഉത്തരവിട്ടതും കുറച്ചു പ്രായമുള്ള പോലീസുകാരൻ അയാളുടെ ചെവിയിലെന്തോ മന്ത്രിച്ചു.എസ്സൈ ഇടക്കിടെ ഞങ്ങളുടെ ശ്രദ്ധിക്കുന്നുണ്ട്…

“നീ നന്ദൻ മേനോന്റെ മകളാണോ?”

“അതേ”

എന്റെ പപ്പ നാട്ടിലെ അറിയപ്പെടുന്ന പൊളിറ്റീഷ്യനാണ്.ഭരണപ്പാർട്ടിയിലെ പ്രമുഖനും.നാട്ടുകാർക്കും പാർട്ടിക്കാർക്കും പ്രിയപ്പെട്ടവൻ…

പാരമ്പര്യമായി തറവാട് സ്വത്ത് പപ്പക്കുണ്ട്.അതിന്റെ അഹങ്കാരവുമുണ്ട് എനിക്ക്….

മമ്മി എപ്പോഴും പറയും പപ്പയാണെന്നെ ചീത്തയാക്കുന്നതെന്ന്..മമ്മിക്ക് എന്നോട് സ്നേഹം കുറവാണെന്ന് എനിക്ക് പലപ്പോഴും തോന്നിയട്ടുണ്ട്.നാവെടുത്താൽ എന്നിൽ കുറ്റമേ കണ്ടെത്തുളളൂ…

“അദ്ദേഹത്തിന്റെ മകളായിട്ടാണോ നീയിങ്ങനെയൊക്കെ..ഛെ.കൂടെയുള്ളത് ആരാ”

“എന്റെ കൂട്ടുകാരി ടെസ്സ.ഞങ്ങൾ ഒരേ ബാച്ചാണ്”

“ശരി എന്തായാലും രണ്ടും കൂടി ജീപ്പിൽ കയറിക്കോ”

ഞങ്ങൾ രണ്ടും ഒന്നും മിണ്ടാതെ ജീപ്പിൽ കയറി. ഒരു പോലീസുകാരൻ ബുളളറ്റുമെടുത്ത് ജീപ്പിനു പിന്നാലെ വന്നു…

പോലീസ് സ്റ്റേഷനിൽ ജീപ്പ് വന്നു നിന്നു…

‘”ഉം..ഇറങ്ങിക്കോ”

ഒരു പോലീസുകാരൻ വന്നു കൽപ്പിച്ചതോടെ ഞങ്ങൾ ജീപ്പിൽ നിന്നും ഇറങ്ങി സ്റ്റേഷനിൽ കയറി ഇരുന്നു…

“ദാ അവിടെ ഇരുന്നോ”

പോലീസുകാരൻ ചൂണ്ടിയ ഭാഗത്തെ ചെയറിൽ ഞങ്ങൾ ഇരുന്നു…

അകത്തേക്ക് കയറിയ എസ്സഐ പെട്ടന്ന് ഇറങ്ങി വന്നു….അയാളെ ഞാൻ നന്നായി ശ്രദ്ധിച്ചു…

സുമുഖനും സുന്ദരനുമാണ്.ഒറ്റക്കാഴ്ചയിൽ അടിപൊളി ചുളളൻ….

പോലീസ് സ്റ്റേഷനിൽ വന്നപ്പോഴാണ് ഞങ്ങൾക്ക് മനസിലായത് ഞങ്ങളെ പിടിച്ചത് ഹൈവേപോലീസ് അല്ലെന്നും സ്ഥലം ആറ്റിങ്ങൽ പോലീസ് സ്റ്റേഷനുമാണെന്ന്….

“രാവിലെ ഇവളുടെ രക്ഷകർത്താക്കൾ വന്നിട്ടു വിട്ടയച്ചാൽ മതി.അപ്പോഴേക്കും ഞാനും ഇങ്ങെത്താം”

“ശരി സർ”

പോലീസുകാരൻ അറ്റൻഷനായി സല്യൂട്ട് കൊടുത്തു…

എനിക്കുളളിൽ ചിരി വന്നു.തൃശൂരിലുളള പപ്പയെങ്ങെനെ രാവിലെ ഇവിടെത്തുക..എങ്ങനെ ആയാലും അവിടെ നിന്ന് ഇവിടെത്താൻ ആറേഴ് മണിക്കൂറെങ്കിലും എടുക്കും….

“മോളു ചിരിക്കണ്ട..സാർ എപ്പഴെ വിളിച്ചു മോളുടെ പപ്പയെ വിവരമറിയിച്ചിട്ടുണ്ട്.അദ്ദേഹം രാവിലെ ഒമ്പത് മണി കഴിയുമ്പോൾ ഇങ്ങെത്തും”

ഞാൻ ഞെട്ടിപ്പോയി ഇങ്ങനെയൊരു നീക്കം ഞാൻ പ്രതീക്ഷിച്ചില്ല…

“എന്റെ പപ്പയെ നിങ്ങൾക്ക് എങ്ങനെ അറിയാം”

ആ പോലീസുകാരൻ ചിരിച്ചു…

“നന്ദൻ ജി യെ ആരാണു അറിയാത്തത്.ഞാൻ ഒരിക്കൽ എന്റെ സ്ഥലം മാറ്റത്തിനായിട്ട് അദ്ദേഹത്തത്തെ കാണാനൊരിക്കൽ വന്നിട്ടുണ്ട് വീട്ടിൽ..മോളെയും ഞാൻ കണ്ടിട്ടുണ്ട്”

“ഓ..ചുമ്മാതല്ല ഇയാൾക്കെന്നെ മനസ്സിലായത്”. ഞാൻ ഓർത്തു…

” അഗ്നി ഇനിയെന്ത് ചെയ്യുമെടി”

ടെസ്സയുടെ ഭീതി എനിക്ക് മനസ്സിലായി…

“നീ പേടിക്കാതെടി..വരുന്നത് വരട്ടെ’

ഞാൻ അവളെ സമാധാനിപ്പിച്ചു…

രാത്രി വെളുക്കുവോളം പോലീസ് സ്റ്റേഷനിലെ കൊതുകുകടിയും കൊണ്ട് ഉറങ്ങാതെ നേരം വെളുപ്പിച്ചു….

പോലീസ് ക്വാർട്ടേഴ്സ് അവിടെ അടുത്ത് തന്നെ ആയിരുന്നു. ഒരു വനിതാ പോലീസിനെയും കൂട്ടി ഞങ്ങളെ അവിടേക്ക് അയച്ചു.പ്രഭാത കർമ്മങ്ങൾ കഴിഞ്ഞു ഞങ്ങൾ തിരികെ വരുമ്പോൾ ഫുഡും റെഡി….

നന്നായിട്ട് ഫുഡും കഴിച്ചു ഞങ്ങൾ വീണ്ടും അവിടെ ഇരുന്നു.പത്ത് മണി കഴിഞ്ഞു എസ്സ്ഐ വരാൻ. പപ്പയും എത്തിയപ്പോൾ സമയം പത്തര കഴിഞ്ഞു….

പപ്പയുടെ കൂടെ മമ്മിയെ കണ്ടതോടെ ഞാൻ ഞെട്ടി.മമ്മിയെന്നെ രൂക്ഷമായി നോക്കിയട്ട് അവർ എസ്സ് ഐ യുടെ ക്യാബിനിൽ കടന്നു.കുറച്ചു കഴിഞ്ഞു ഞങ്ങളെയും അവിടേക്ക് വിളിപ്പിച്ചു….

” ഈ കേൾക്കുന്നതൊക്കെ ശരിയാണോ മോളേ”

പപ്പയുടെ ചോദ്യം കേട്ടതോടെ മനസ്സ് കലങ്ങി…

“ശരിയാണ് പപ്പ…”

ഞാൻ തല കുനിച്ചു…

“സർ..കേസാക്കിക്കോ എന്റെ മകളാണെന്നൊരു പരിഗണനയും വേണ്ട”

പപ്പ വല്ലാത്ത കലിപ്പിലാണെന്ന് എനിക്ക് മനസ്സിലായി.മമ്മി ശരിക്കും വിഷം കുത്തിവെച്ചിട്ടുണ്ട്…

“വേണ്ട സാറേ കേസാക്കണ്ട…ഞങ്ങൾക്ക് നാണക്കേടാണ്..”
.
മമ്മിയുടെ അഭിപ്രായം മറിച്ചായിരുന്നു…

“എന്തായാലും രണ്ടു പെൺകുട്ടികൾ ആയതിനാൽ ഞാൻ കേസൊന്നും ചാർജ്ജ് ചെയ്യുന്നില്ല.പെറ്റിയുമടിക്കുന്നില്ല.

ഏതെങ്കിലും രീതിയിൽ വാർത്ത ചോർന്നാൽ വല്ല മഞ്ഞപത്രത്തിലും വരും.പെൺകുട്ടികൾക്കത് ദോഷമായി ബാധിക്കും”

എസ്സ് ഐ ഞങ്ങളെ വെറുതെ വിട്ടു…പപ്പയും മമ്മിയും കൂടി ഞങ്ങളുടെ കോളേജ് ഹോസ്റ്റലിൽ എത്തി….

“ഇന്നുകൊണ്ട് തീർന്നു നിന്റെ പഠിത്തം ഇനി വീട്ടിൽ നിന്നാൽ മതി”

“പപ്പാ പ്ലീസ് മമ്മിയോടൊന്ന് പറയൂ..ഞാൻ ഇങ്ങനെയൊന്നും ആവർത്തിക്കില്ല”

ഞാൻ പറയുന്നത് പപ്പക്കും സമ്മതമായിരുന്നില്ല.അതിനാൽ എനിക്ക് അവരുടെ കൂടെ വീട്ടിലേക്ക് മടങ്ങേണ്ടി വന്നു…

ടെസ്സയോടും ഗംഗയോടും നിത്യയോടും യാത്ര
പറയുമ്പോൾ മനസ്സ് കലങ്ങി മറിഞ്ഞു.കണ്ണിൽ നിന്ന് മിഴിനീരുറവ പുറത്തേക്കൊഴുകി….

രണ്ടര വർഷത്തെ ആത്മബന്ധങ്ങളാണവർ.പരസ്പരം തല്ലിയും പിണങ്ങിയും കൂട്ടുകൂടി ഒരെ മുറിയിൽ ഉണ്ടുറങ്ങിയവർ….

നൊമ്പരം അസഹ്യമായതോടെ ഞാൻ പൊട്ടിക്കരഞ്ഞു… കൂട്ടുകാരോട് യാത്ര പറഞ്ഞു ഞാൻ കാറിൽ ചെന്നു കയറി. എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്….

യാത്രക്കിടയിൽ ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നില്ല.വൈകുന്നേരം ആയതോടെ ഞങ്ങൾ തൃശൂർ വീട്ടിലെത്തി. വീട്ടിലെത്തിയ ഉടനെ മമ്മി ക്രോസ് വിസ്താരം തുടങ്ങി…

“പഠിക്കാനാണെന്നും പറഞ്ഞു ഇറങ്ങിയട്ട് രാത്രിയെന്ത് പരിപാടിക്കാടി നീ ഇറങ്ങിയത്”

മമ്മിയുടെ വാക്കുകളിലെ പരിഹാസം എനിക്ക് പെട്ടെന്ന് മനസിലായി…

“മൈൻഡ് യുവർ വേഡ്സ്”

ഞാൻ മമ്മിക്ക് നേരെ ചീറി

“അവൾ പറയുന്നതാണോടീ കുറ്റം..രാത്രിയിലെ സഞ്ചാരത്തിനു പറയുന്ന പേരെന്താണ്”

അവിശ്വസനീയതോടെ ഞാൻ പപ്പയെ തുറിച്ചു നോക്കി..പപ്പയങ്ങനെ പറഞ്ഞതോടെ ഞാനാകെ തളർന്നു പോയി….

“പ്ലീസ് പപ്പ..പപ്പ മാത്രമങ്ങനെ പറയരുത് എനിക്ക് സഹിക്കാൻ പറ്റില്ല”

ഞാൻ പൊട്ടിക്കരഞ്ഞു പോയി….എവിടെയോ എന്തെക്കയൊ തകരാറുകൾ സംഭവിച്ചിട്ടുണ്ടെന്ന് എന്റെ മനസ്സ് പറഞ്ഞു..കാരണം എന്റെ പപ്പ ഒരിക്കലും ഇങ്ങനെ ആയിരുന്നില്ല….

“ഇനി നീ പഠിക്കുവൊന്നും വേണ്ട..നിന്റെ കല്യാണം ഞങ്ങൾ ഉറപ്പിച്ചു.ശരണുമായിട്ട്..”

“നോ പപ്പാ..അതൊരിക്കലും നടക്കില്ല..ശരണുമായി ഞാൻ സെറ്റാകില്ല…”

മമ്മിയുടെ ഒരെയൊരു ആങ്ങളയുടെ മകനാണ് ശരൺ.തനി വഷളൻ..പെണ്ണുപിടിയനും സ്ഥിരം മദ്യപാനിയും വഴക്കാളിയുമാണ്….

വീട്ടിൽ വരുമ്പോൾ അവന്റെ തുറിച്ച നോട്ടമെത്തുന്നത് നെഞ്ചിൽ തന്നെയാണ്.. പിന്നെ അശ്ലീലച്ചുവയുളള കമന്റുകളും….

എന്റെ വിവാഹക്കാര്യം പലപ്പോഴും ശരണുമായി നടത്തണമെന്ന് മമ്മി പപ്പയെ പ്രസ് ചെയ്യാറുണ്ട്….

അപ്പോഴും പപ്പ പറയാറുണ്ട്..

“നിന്റെ ഇഷ്ടം അതെ ഞങ്ങൾ നടത്തുകയുള്ളൂ”

എന്നിട്ടിപ്പോൾ ആ ശരണുമായിട്ട് വിവാഹം നടത്താൻ പപ്പാ തയ്യാറാകണമെങ്കിൽ അത്രമേൽ സമ്മർദ്ദം പപ്പയിലുണ്ടായി കാണും….

“ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവനുമായുളള കല്യാണത്തിനു ഞാൻ സമ്മതിക്കില്ല”

ഞാൻ ഉറക്കെയലറി….

“നീ ഞങ്ങളുടെ മകളാണെങ്കിൽ ഞാൻ ആ കല്യാണം നടത്തിയിരിക്കും”

പപ്പയും വാശിയിലായിരുന്നു….

“പപ്പാ പ്ലീസ്..ഒരു പിച്ചക്കാരനെ കെട്ടാൻ പറഞ്ഞാലും സന്തോഷത്തോടെ ഞാൻ സ്വീകരിക്കാം..എല്ലാം അറിഞ്ഞുകൊണ്ട് ശരണിനെ എനിക്ക് ഉൾക്കൊളളാൻ കഴിയില്ല”

കോളേജിലെ ഏറ്റവും ബോൾഡായ പെൺകുട്ടിയെന്ന് എല്ലാവരും വിളിച്ചിരുന്ന ഞാൻ പപ്പയുടെ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞു.

പപ്പയുടെ കണ്ണിൽ എന്നോടുളള വാത്സല്യം എനിക്ക് കാണാൻ കഴിയുന്നുണ്ട്. ബട്ട് പപ്പയത് മറച്ചു പിടിക്കുകയാണ്….

“ശരണിനെ വിവാഹം കഴിക്കാൻ വയ്യെങ്കിൽ നീ ഇവിടെ നിന്ന് ഇറങ്ങിക്കോ”

“അത് പറയാൻ നിങ്ങളാരാണ്”

എന്റെ സകല കലിപ്പും ഞാൻ മമ്മിയോട് തീർത്തു….

“നീയാരാണെന്ന് നിനക്ക് അറിയണോ നിന്റെ പപ്പയോട് ചോദിക്ക്..ഇല്ലെങ്കിൽ ഞാൻ തന്നെ പറയാം.. ഏതോ ഒരുത്തി പ്രസവിച്ചു തെരുവോരത്തെറിഞ്ഞ എറിഞ്ഞ ഒരുത്തിയെ പത്തൊമ്പ് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ എടുത്തു വളർത്തി..ആ സന്തതിയാണ് നീ”

അറപ്പോടും വെറുപ്പോടുമുളള മമ്മിയുടെ വാക്കുകൾ ഇടിനാദം പോലെ എന്റെ കാതിൽ വീണു.ആടിയുലഞ്ഞു പോയി ഞാൻ….

ഒരിക്കലും ഞാൻ പ്രതീക്ഷിക്കാത്തത്….ഇന്നുവരെ പപ്പയും മമ്മിയെന്നും മാത്രമേ രണ്ടു പേരെയും വിളിച്ചിരുന്നുള്ളൂ….

“എനിക്ക് പപ്പയുടെ നാവിൽ നിന്ന് കേൾക്കണം..പറയ് പപ്പാ ഞാൻ നിങ്ങളുടെ മകളല്ലേ പറയാൻ”

ഭ്രാന്തിയെപ്പോലെ ഞാൻ പപ്പയെ കുലുക്കി വിളിച്ചു….

പപ്പ ശരിക്കും കരയുകയായിരുന്നു…

“അതെ…അവൾ പറഞ്ഞതെല്ലാം സത്യമാണ്.. നീ ഞങ്ങളുടെ മകളല്ല…”

“പപ്പാ….”

ചുഴിയിൽ അകപ്പെട്ടു പോയി …മുറിയാകെ എനിക്ക് ചുറ്റും വട്ടം കറങ്ങുന്നു….

“നിങ്ങളല്ലെങ്കിൽ പിന്നെയാരാ എന്റെ മാതാപിതാക്കൾ… പറയാൻ”

ഞാൻ മമ്മിക്ക് നേരെ തിരിഞ്ഞു…മമ്മിയെ ഞാൻ പിടിച്ചു ഉലക്കാൻ ശ്രമിച്ചു…

“ആർക്കറിയാം നീ ഏത് അവിഹിതത്തിൽ ജനിച്ചതാണെന്ന്…”

മമ്മിയുടെ പരിഹാസം ക്രൂരമ്പുകളായി എന്റെ നെഞ്ചിൽ തറച്ചു….

“യൂ …യൂ…”

വിരലുകൾ ചൂണ്ടി ഞാൻ മമ്മിയുടെ അടുത്തേക്ക് ചെന്നു…

“അഗ്നി അവളെ തൊട്ട് പോകരുത്.. രണ്ടു മാസം പ്രഗ്നന്റാണവൾ”

പപ്പയിൽ നിന്ന് അടുത്ത വാർത്ത കൂടി കേട്ടതോടെ വിശ്വാസം വരാതെ ഞാൻ മമ്മിയെ നോക്കി..പരിഹാസമായിരുന്നു അവരുടെ ചുണ്ടിൽ…

“ചുമ്മാതല്ല പുതിയ മാറ്റത്തിനു കാരണം”

ആരോടും ഒന്നും മിണ്ടാതെ പരിഭവപ്പെടാതെ ആ കൊട്ടാരത്തിൽ നിന്ന് ഞാൻ പടിയിറങ്ങി… എന്നെന്നേക്കുമായി…..

“എന്റെ യഥാർത്ഥ മാതാപിതക്കളെ തേടിയൊരു യാത്ര…..

തുടരും….

NB:- അഗ്നിയെന്ന പെൺകുട്ടിയുടെ ജീവിതയാത്ര ഇവിടെ തുടങ്ങുന്നു.തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം.. കുറവുകൾ പറഞ്ഞു തരണം.എഴുത്തിന്റെ ശൈലി ബോറാകുന്നെങ്കിൽ മൂന്നാം പാർട്ട് മുതൽ കഥ പറയുന്ന ശൈലി മാറ്റാം…

 

അഗ്നി : ഭാഗം 1