Sunday, April 28, 2024
Novel

Mr. കടുവ : ഭാഗം 24

Spread the love

എഴുത്തുകാരി: കീർത്തി

Thank you for reading this post, don't forget to subscribe!

മുകളിലേക്ക് കയറിവന്ന മേനോൻ പറഞ്ഞു. അച്ഛന്റെ ശബ്ദം കേട്ട് ചന്ദ്രു ചാടിയെഴുന്നേറ്റ് ചമ്മിയ ചിരിയോടെ അച്ഛനെ നോക്കിയിരുന്നു. അദ്ദേഹം അവനോടൊപ്പം ആട്ടുക്കട്ടിലിൽ ചെന്നിരുന്നു.

“പ്രിയ നല്ല കുട്ടിയാണ്. ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടവുമാണ്. എന്നാലും ഒരിക്കൽ അനുഭവം ഉള്ളതുകൊണ്ട് അച്ഛൻ ചോദിക്കാണ്. നിന്റെ ഈ തീരുമാനം ശരിയായിരിക്കും ന്ന് തോന്നണുണ്ടോ? ”

ചന്ദ്രു അച്ഛന്റെ വലതുകൈയെടുത്ത് തന്റെ രണ്ടു കൈകൾക്കുള്ളിലായി പിടിച്ചുകൊണ്ട് പറഞ്ഞു.

“100%. ഈ തീരുമാനമാണ് ശരി. ”

“എങ്കിൽ ഇനിയും വൈകിപ്പിക്കാതെ അവളോട്‌ ചെന്ന് സംസാരിക്കാം. ഇല്ലെങ്കിൽ വേറെ വല്ല ആൺപിള്ളേരും കൊണ്ടുപോകും. പിന്നെ ഇവിടിരുന്നു മോങ്ങീട്ട് ഒരു കാര്യവുമില്ല. ”

“അങ്ങനെ ആരും കൊണ്ടുപോകില്ല. അവളുടെ കഴുത്തിൽ ആണൊരുത്തൻ താലികെട്ടുന്നെങ്കിൽ അത് അച്ഛന്റെ ഈ മോനായിരിക്കും. ”

“കേൾക്കാൻ നല്ല രസമൊക്കെ ഉണ്ട്. പക്ഷെ വേറൊരു പ്രശ്നമുണ്ടല്ലോ?”

എന്താണെന്നുള്ള അർത്ഥത്തിൽ ചന്ദ്രു അച്ഛനെ നോക്കി.

“നീ ഇങ്ങനെ കണ്ടോടം വഴക്കിടേം തല്ലേമൊക്കെ ചെയ്താൽ ആ കുട്ടി നിന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുവോ? ”

“പ്രിയയ്ക്കും സമ്മതമാണെങ്കിലോ? ”

“എന്ന് അവള് പറഞ്ഞോ? ”

“അവളല്ല. മറ്റവള് പറഞ്ഞു. ”

“ഏത് മറ്റവള്? ”

“ആ കൂട്ടുകാരിയില്ലേ രേവതി. അവൾ പറഞ്ഞു. ”

“എന്ത്ന്ന്? ”

ചന്ദ്രു അന്നത്തെ ആ സംഭാഷണം ഓർത്തെടുത്തു.

******

“എനിക്കല്പം സംസാരിക്കാനുണ്ട് ”
രേവതി പറഞ്ഞു.

“എന്താ? ”

“ചന്ദ്രു… ഞാൻ പ്രിയയുടെ വെറുമൊരു കൂട്ടുകാരിയല്ല. വളരെ ചെറുപ്പം മുതലേ എനിക്കവളെ അറിയാം. ”

“കൂട്ടുകാരിയെ അടിച്ചതിന് ചോദിക്കാൻ വന്നതാണോ? ”

“അവളെ ഏറ്റവും നന്നായി അറിയാവുന്നതുകൊണ്ട് അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അവള്ടെ കുറുമ്പും കുസൃതിയുമൊക്കെ മറ്റാരേക്കാളും നന്നായി എനിക്കറിയാം. സ്വഭാവം വെച്ച് ഇനിയും വാങ്ങിക്കൂട്ടിന്നും വരും. പക്ഷെ ഇനി ഇങ്ങനെ തല്ലരുത്.”

“വാണിംഗാണോ? ”

“അല്ല. അപേക്ഷയാണ്. അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ചോദിക്കാനും പറയാനും ഞാനും എന്റെ അപ്പയും അമ്മയും മാത്രേ ഉള്ളൂ.

ഇവിടെ അവൾ സുരക്ഷിതയായിരിക്കും എന്നുള്ള ഉറപ്പിലാണ് ഇങ്ങോട്ട് വിട്ടത്. ചെന്ന് കേറിയ സ്ഥലത്തും തല്ലും വഴക്കും തന്നെയാണെന്ന് അറിഞ്ഞപ്പോൾ…….

അവൾ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് വേണ്ടി ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കാം. ഈ കാണിക്കുന്ന കുറുമ്പുകൾ മാത്രമേയുള്ളു. ആള് പാവാണ്.

ചന്ദ്രുവെങ്കിലും കുറച്ചു പക്വത കാണിക്കണം. നിങ്ങളെ അവൾക്ക് ഒരല്പം പേടിയുണ്ട്. അതുകൊണ്ടാണ്.

ഇനി അടിക്കരുത് ഒന്ന് വഴക്ക് പറഞ്ഞാൽ മതി. നന്നായിക്കോളും. പ്ലീസ്. ”

“കുസൃതി മാത്രല്ലല്ലോ. ബോധമില്ലാതെ ഓരോന്ന് കാണിച്ചുകൂട്ടുന്നതല്ലേ. ഇപ്പോഴും ഇള്ളക്കുട്ടിയാണെന്ന വിചാരം. ഒന്നുമില്ലെങ്കിലും ഒരു ടീച്ചർ അല്ലെ. അതിന്റെ പക്വതയെങ്കിലും…..”

“പ്രിയ വളർന്ന സാഹചര്യം അതായിരുന്നു. ആ വീട്ടിലെ ഇള്ളക്കുട്ടിതന്നെയായിരുന്നു അവള്. എന്ത് കുറുമ്പ് കാണിച്ചാലും കൂടെ നിൽക്കുന്ന അച്ഛനും ഏട്ടനും മുത്തശ്ശനും. അമ്മ മാത്രമാണ് അവളെ വഴക്ക് പറയാറ്.

അതും എപ്പോഴേങ്കിലും. ചന്ദ്രുവിനറിയുവോ ഒരുപക്ഷെ പ്രിയയെ ആദ്യമായി ഇങ്ങനെ അടിക്കുന്നതും നിങ്ങളായിരിക്കും. ഒരു ഈർക്കിലിക്കൊണ്ട് പോലും അവരാരും അവളെ അടിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ”

അത് കേട്ടപ്പോൾ അവന് വല്ലാത്ത കുറ്റബോധം തോന്നി. അവളുടെ കവിളിലെ തണർത്തുകിടന്ന പാടും കണ്ണീരുമാണ് അവന് ഓർമ്മ വന്നത്. മറുപടി പറയാനില്ലാതെ ചന്ദ്രു മൗനം പൂണ്ടു.

“ചന്ദ്രു ഒന്നും പറഞ്ഞില്ല. ”

“ഞാൻ നോക്കിക്കോളാം. പിന്നെ രേവതി….. ”

“എന്താ? ”

“അത്…. പ്രിയയ്ക്ക് ഇപ്പൊ നിങ്ങൾ മാത്രേ ഉള്ളൂന്നല്ലേ പറഞ്ഞത്. എങ്കിൽ…… അച്ഛനോടും അമ്മയോടും ചോദിക്കുവോ പ്രിയയെ എനിക്ക് തരുവോ ന്ന്. ഒരു സങ്കടവും വരുത്തില്ലന്നൊന്നും ഞാൻ പറയുന്നില്ല.

എന്നാലും പൊന്നുപോലെ നോക്കിക്കോളാം ഞാൻ. അവസാനശ്വാസം വരെ ഞാനുണ്ടാവും, പിന്നെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരച്ഛനും അമ്മയും ഉണ്ടാവും എന്നും. ”

രേവതി കുറച്ചു നേരം ചിരിച്ചുകൊണ്ട് അവനെതന്നെ നോക്കി നിന്നു. ശേഷം പറഞ്ഞു.

“അപ്പൊ രണ്ടാളും പരസ്പരം തുറന്ന്പറയാതെ പ്രേമിച്ചുനടക്കാണല്ലേ? ”

“എന്താ പറഞ്ഞത്? ”

“സത്യം. പ്രിയയ്ക്കും തന്നെ ഒരുപാട് ഇഷ്ടമാണെന്ന്. അവളുടെ ഈ കടുവയെ അവൾക്കും ജീവനാണെന്ന്.

ഇയ്യാളെ പേടിച്ചിട്ട് പറയാത്തതാ. പിന്നെ…. കുറച്ചു പ്രശ്നങ്ങളും ഉണ്ട്. അതൊക്കെ അറിയുമ്പോൾ അവളെ കുറ്റപ്പെടുത്തരുത്. ”

“എന്ത് പ്രശ്നം? ”

“അത് പറയാൻ എനിക്ക് പെർമിഷനില്ല. നിങ്ങൾ പരസ്പരം ഇഷ്ടം തുറന്നുപറഞ്ഞു സെറ്റാവുമ്പോൾ പ്രിയ തന്നെ എല്ലാം പറയും. നിങ്ങളെ വിശ്വസിച്ചോട്ടെ, എന്നും അവളുടെ കൂടെയുണ്ടാവുമെന്ന്. ”

“തീർച്ചയായും. പ്രിയയുടെ പ്രശ്നങ്ങൾ എന്തുതന്നെയായാലും ഞാനുണ്ടാകും അവളുടെ കൂടെ. രേവതിക്ക് എന്നെ വിശ്വസിക്കാം. പിന്നെ പ്രിയയോട് ഇപ്പൊ ഇതേപറ്റി ഒന്നും പറയണ്ട. ”

“ഇല്ല. എന്നാ ഞാനിറങ്ങട്ടെ. ടെൻഷനോടെയാണ് ഇങ്ങോട്ട് വന്നത്. ഇപ്പൊ പോവുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു.

ആ മൊതലിനെകൊണ്ട് എത്രയും പെട്ടന്ന് ഇഷ്ടമാണെന്ന് പറയിപ്പിക്കാൻ നോക്ക്. ഞാനും സഹായിക്കാം. ഇനി ഞാൻ വരുമ്പോൾ രണ്ടാളും സ്നേഹത്തോടെയിരിക്കുന്നത് കാണണം. ”

********

“അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ്. എന്നിട്ട് നീ എന്താ ചെയ്യാൻ പോകുന്നെ? ”

“കാണാൻ പോണ പൂരം പറഞ്ഞറിയിക്കണോ ന്റെ മേനോനെ? ”

അച്ഛന്റെ താടിയിൽപിടിച്ചു കൊഞ്ചിച്ചുകൊണ്ട് ചന്ദ്രു പറഞ്ഞു.

“അച്ഛനും മോനും തമ്മിലെന്താ ഒരു ഗൂഢാലോചന? ”
അപ്പോഴാണ് അമ്മ അങ്ങോട്ട്‌ കയറുവന്നത്.

“നിന്റെ അമ്മ അറിഞ്ഞാൽ ഒന്നും നടക്കില്ല. ”
അച്ഛൻ സ്വകാര്യമായി ചന്ദ്രുവിന്റെ ചെവിയിൽ പറഞ്ഞു.

“ഞങ്ങൾ ബിസിനസിന്റെ കാര്യം പറയായിരുന്നു. അല്ല താനിതുവരെ കിടന്നില്ലേ? ”

“ഇല്ല. അതുകൊണ്ട് എന്റെ മരുമകൾക്കെതിരെയുള്ള ചില നീക്കങ്ങൾ അറിയാൻ പറ്റി. ബിസിനസ് കാര്യങ്ങൾ !എന്നുമുതലാ അവള് നിങ്ങളുടെ ബിസിനസിൽ കൂടിയത്? ”

“മരുമോളോ? ഏത് മരുമോൾ? ഈ അമ്മയിത് എന്തൊക്കെയാ പറയണേ അല്ലെ അച്ഛാ..? ”

“മോനെ ചന്ദ്രു… ഞാനേ നിന്റെ അമ്മയാണ്. അത് മറക്കണ്ട. ഒരിക്കൽ നീയിവിടെ ചെടിച്ചട്ടികൾ എറിഞ്ഞു പൊട്ടിച്ചത് എന്റെ മോന് ഓർമ്മയുണ്ടോ? അന്നേ ഞാൻ നിന്നെ നോട്ടമിട്ടതാണ്. ”

“കൊച്ചുഗള്ളി. കണ്ടുപിടിച്ചല്ലേ.”
ചന്ദ്രു പറഞ്ഞു.

“ചന്ദ്രു… എന്റെ ലക്ഷ്മിക്കുട്ടിക്ക് എല്ലാം അറിയാം. ”

“നാളെ മുതൽ ഞാൻ തുടങ്ങാൻ പോവാണ് രണ്ടാളും കൂടെനിന്നേക്കണം.എന്തെങ്കിലും ഉണ്ടാവുമ്പോൾ അയ്യോ മോള് ന്നും പറഞ്ഞ് വന്നേക്കരുത്. അവൾ എന്റെ മുഖത്ത് നോക്കി പറയണം. പറയിപ്പിക്കും ഞാൻ. ”

“എന്ത്? ”

“ചന്ദ്രുവേട്ടാ ഐ ലവ് യൂ…. ന്ന്.”

“ആഹ്… പറഞ്ഞാൽ മതി. ”
അച്ഛൻ മുകളിലേക്ക് നോക്കി കൈമലർത്തിക്കൊണ്ട് പറഞ്ഞു.

…………………………………………………………..

വാതിലിൽ തുടരെ തുടരെയുള്ള തട്ടും മുട്ടും കേട്ടാണ് രാവിലെ എഴുന്നേറ്റത്. സമയം നോക്കിയപ്പോൾ 5.30ആവുന്നതേയുള്ളൂ. ഇതാരാ ഈ അതിരാവിലെ ന്ന് കരുതി ഉറക്കചടവോടെ എഴുന്നേറ്റുചെന്ന് കതക് തുറന്നു.

തോട്ടക്കാരൻ കടുവയായിരുന്നു. ഇങ്ങേരെന്താ ഈ നേരത്ത്. കടുവയ്ക്ക് ഉറക്കവുമില്ലേ? എന്തിനാണാവോ എന്നെക്കൂടി വിളിച്ചെണീപ്പിച്ചത്. തിന്നേം ഇല്ല തീറ്റിക്കേം ഇല്ല. കടുവയ്ക്ക് ഉറക്കമില്ലെന്ന് കരുതി എന്റെ ഉറക്കം കൂടി കളയാൻ… !

“എന്താ ഈ നേരത്ത്? ”
കോട്ടുവാ ഇട്ടുകൊണ്ട് ഞാൻ ചോദിച്ചു.

“ഗുഡ് മോർണിംഗ് പ്രിയെ. ”

ഇതിനായിരുന്നോ അതിരാവിലെ കുത്തിപ്പൊക്കി എണീപ്പിച്ചത്. പിന്നെ പറഞ്ഞാലും മതിയായിരുന്നു.

“ഗുഡ് മോർണിംഗ്. എന്നാ ശരി. ഗുഡ് നൈറ്റ്‌. ”

അതും പറഞ്ഞു ഞാൻ വാതിൽ അടയ്ക്കാൻ നോക്കി.

“ഹാ…എങ്ങോട്ട് പോണു. വാ എന്റെ കൂടെ. ”

“എങ്ങോട്ട്? ”

“ഹോ… എന്തൊരു നാറ്റമാടി. പോയി പല്ല് തേച്ചിട്ട് വാ. ഞാനിവിടെ തന്നെ ഉണ്ടാവും. ”

“ഞാനെങ്ങോട്ടും വരില്ല. എനിക്ക് ഇനിയും ഉറങ്ങണം. ”

“നാണമുണ്ടോ ടി നിനക്ക്? ഒന്നിനോക്കോണം പോന്ന ഒരു പെണ്ണ് അതും ഒരു ടീച്ചർ, പറയാൻ പാടില്ലാത്തോടത്ത് വെയിലുദിക്കണ വരെ കിടന്നുറങ്ങാണത്രെ. കഷ്ടം. ”

“ഇക്കാര്യത്തിൽ എനിക്കല്പം നാണം കുറവാ. അല്ലെങ്കിൽ തീരെ ഇല്ലെന്ന് തന്നെ കൂട്ടിക്കോ. ”

“മര്യാദക്ക് പറയുന്നത് കേട്ട് എന്റെ കൂടെ വന്നോ. ഇല്ലെങ്കിൽ ഇപ്പൊ കിട്ടും അടുത്ത കവിളത്തും ഒന്ന്. ”

ഞാൻ വേഗം രണ്ടു കൈകൊണ്ടും കവിളിൽ പൊത്തിപ്പിടിച്ചു.

“വേണ്ട. ഞാൻ വന്നോളാം. ”

ഉറങ്ങാൻ പറ്റാത്ത വിഷമവും കടുവയോടുള്ള ദേഷ്യവുമൊക്കെ ഞാനെന്റെ പല്ലിൽ തീർത്തു. പണി കിട്ടിയതും എനിക്ക് തന്നെ. ബ്രഷ് മോണയിൽ എവിടെയോ കുത്തി. നല്ല വേദന.

ആകെ ദേഷ്യം പിടിച്ച് മുഖം കഴുകി ഉമ്മറത്തേക്ക് നടന്നു. തോട്ടക്കാരൻ കടുവ പുറത്തേക്ക് നോക്കിനിന്ന് തോർത്തുമുണ്ട് തലയിൽ കെട്ടുകയായിരുന്നു.

പെട്ടന്ന് തിരിഞ്ഞു നോക്കിയപ്പോൾ എന്നെ കണ്ടു.

“എത്തിയോ? വാ. ”

പുറത്തേക്ക് നടന്നുകൊണ്ട് കടുവ കല്പിച്ചു. എന്ത് ഉണ്ട ണ്ടാക്കാനാണാവോ വിളിച്ചോണ്ട് പോണത്? പരട്ടക്കടുവ. മനുഷ്യന്റെ ഉറക്കവും കളഞ്ഞു. കാലമാടൻ.

കോട്ടുവായും ഇട്ടുകൊണ്ട് ഞാൻ കടുവയുടെ പിറകെ പോയി. പൂക്കളത്തിന് നടുവിൽ തൃക്കരപ്പനെ വെച്ചതുപോലെ മുറ്റത്തെ ചെടികൾക്ക് നടുവിൽ എന്നെ കൊണ്ട്നിർത്തിയിട്ട് “ഇപ്പൊ വരാ ” ന്ന് പറഞ്ഞ് വീടിന്റെ സൈഡിലെ പൈപ്പിന്റെ അടുത്തേക്ക് പോയി.

തിരിച്ചുവന്ന് ചെടികൾക്കിടയിൽ നിന്നും ചെടി നനക്കുന്ന പൈപ്പെടുത്ത് എന്റെ കൈയിൽ തന്നു.

“തുടങ്ങിക്കോ. ”

“എന്ത്? ”

“വേറെന്താ ഈ ചെടികളൊക്കെ നനക്കണം. ”

“ഞാനോ? ചന്ദ്രുവേട്ടനല്ലേ ചെടി നനക്കാറ്. ”

“അതെ. പക്ഷെ ഇനിമുതൽ നീയാണ് അത് ചെയ്യണ്ടത്. സ്കൂൾ ഉള്ള ദിവസങ്ങളിൽ വേണ്ട. അല്ലാത്ത ദിവസം മതി. ഈ നേരത്ത് എഴുന്നേറ്റു വന്ന് ഇതൊക്കെ ചെയ്തോണം. എന്നും വന്ന് വിളിച്ചെണീപ്പിക്കാൻ എനിക്ക് പറ്റിയെന്ന് വരില്ല. ”

“എനിക്കൊന്നും വയ്യ ഇത്രയും ചെടികൾ നനച്ചുണ്ടാക്കണം. പോരാത്തതിന് നേരത്തെ എണീക്കണം. എന്നെക്കൊണ്ട് പറ്റില്ല. ”

“ഇത്രയും കാലം ഉറങ്ങീലെ. ഇനി നീ ഉറങ്ങണ്ട. വേഗം തുടങ്ങിക്കോ ഇല്ലെങ്കിൽ ഇന്ന് മുഴുവൻ ഇവിടെ തന്നെ നിൽക്കേണ്ടിവരും. പിന്നെ ഒരു കാര്യം. എന്നോടുള്ള ദേഷ്യത്തിന് എന്റെ ചെടിയിൽനിന്ന് പൂവോ ഇലയോ പൊട്ടിച്ചാൽ……. ഞാനിവിടെയൊക്കെ തന്നെ ഉണ്ട്. ”

അതും പറഞ്ഞ് കടുവ ചെടികൾക്കിടയിലേക്ക് നടന്നു. ഇടയ്ക്ക് അവയെ തൊട്ട്തലോടുകയും കുനിഞ്ഞു നിന്ന് എന്തോ സ്വകാര്യം പറയുകയും ചെയ്യുന്നുണ്ടായിരുന്നു. ദുഷ്ടൻ.

ഇങ്ങനൊരു പണി ഞാൻ സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ല. ഒരു മൂളലോടെ കടുവ തിരിഞ്ഞുനോക്കിയപ്പോൾ ഞാൻ വേഗം ചെടികൾ നനക്കാൻ തുടങ്ങി.

കുറച്ചു നേരം അവിടെ ചുറ്റിപ്പറ്റിനടന്ന് തലോടലോക്കെ കഴിഞ്ഞപ്പോൾ കടുവ വീടിനകത്തേക്ക് കയറിപ്പോയി.

കടുവ അകത്തേക്ക് പോയെന്ന് ഉറപ്പുവരുത്തി ഞാനാ ചെടികളെ ദേഷ്യത്തോടെ നോക്കി. അവ എന്നെനോക്കി കളിയാക്കുന്നതായി തോന്നി.

“മക്കള് വല്ലാണ്ട് കാളിയാക്കോന്നും വേണ്ട. ആ പോയ നിങ്ങടെ മൊയലാളി ണ്ടല്ലോ ചന്ദിരമൗലി. ആരാന്നാ അയാൾടെ വിചാരം? ഞാൻ ചെടി നനക്കണം പോലും.

പറച്ചില് കേട്ടാൽ തോന്നും ഞാൻ പറഞ്ഞിട്ടാ നിങ്ങളെയൊക്കെ വളർത്തുന്നതെന്ന്. ഒരു പൂവ് ഒന്ന് തൊടാൻ പോലും സമ്മതിക്കില്ല. എന്നിട്ടാ. വെള്ളം നനക്കണംത്രെ.

ഹും… നിങ്ങള് അധികം അഹങ്കരിക്കണ്ട. ഇപ്പൊ വല്ല്യ സ്നേഹം കാണിക്കും കുറച്ചു കഴിഞ്ഞ് എന്തെങ്കിലും ഭ്രാന്ത് പിടിച്ചാൽ എടുത്തെറിഞ്ഞ് പൊട്ടിക്കുകയും ചെയ്യും. ഓർമയില്ലേ നിങ്ങൾക്ക് അന്ന് ചെയ്തത്.

ദുഷ്ടൻ ഉറങ്ങാനും സമ്മതിക്കില്ല. ഇയ്യാൾടെ തലേൽ കിടന്നല്ലല്ലോ ഞാനുറങ്ങുന്നത്. എന്നാലും എന്റെയൊരു വിധി.

ആദ്യായിട്ട് ഇഷ്ടം തോന്നിയത് ഇങ്ങനെയൊരു മൂരാച്ചിയോടാണല്ലോ ന്റെ കൃഷ്ണ….. എന്നെയിവിടെ നിർത്തിയിട്ട് ഉറങ്ങാൻ പോയതാണോ ആവോ.

ആരുമില്ലേ എന്നെയൊന്ന് രക്ഷിക്കാൻ? ഈ അച്ഛനും അമ്മയും എവിടെയാണാവോ? ”

ഓരോന്ന് പിറുപിറുത്ത് ചെടികൾക്ക് വെള്ളം നനച്ചു. കൂട്ടത്തിൽ കോട്ടുവായ ടൂർണമെന്റിൽ ട്രോഫിയും നേടി. ഇടയ്ക്കിടെ കണ്ണും അടഞ്ഞു പോകുന്നുണ്ടായിരുന്നു. ഒരീർക്കിലി വെച്ചാലോ ന്ന് വരെ ചിന്തിച്ചു. എപ്പോഴോ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടു. അവിടെ അടുത്തുകണ്ട ചെമ്പകമരത്തിൽ ചാരിനിന്ന് ഉറക്കം തൂങ്ങി.

തോളിൽ ആരോ തട്ടിയപ്പോഴാണ് കണ്ണ് തുറന്നത്. തിരിഞ്ഞു നോക്കിയപ്പോൾ എളിയിൽ കൈയും കുത്തി ദേഷ്യത്തിൽ നിൽക്കുന്ന കടുവ.

എത്രനേരമായി കണ്ണടഞ്ഞു പോയിട്ട് എന്നറിയില്ല. ചെടികളെ നോക്കിയപ്പോൾ പൈപ്പിൽനിന്നും കുത്തനെ വെള്ളം വീണ് ഒരു ചെടിയുടെ കടയ്ക്കൽ ഒരു കുഴിയായിട്ടുണ്ട്.

പോരാത്തതിന് അതിന്റെ വേരും കുറച്ചു കാണാൻ തുടങ്ങീട്ടുണ്ട്. ഇന്നെന്റെ അന്ത്യമാണല്ലോ ഈശ്വര…. അല്ലേലും ഞാനപ്പഴേ പറഞ്ഞതല്ലേ എന്നെക്കൊണ്ട് പറ്റില്ലാന്ന്. ഞാൻ ദയനീയമായി കടുവയെ നോക്കി.

“എന്താടി ഇത്? ”

“ഇത് ചെടിയല്ലേ? ”
പേടിച്ച് നിഷ്കളങ്കമായി ഞാൻ പറഞ്ഞു.

“അതെനിക്ക് മനസിലായി. ആ കാണുന്നത് എന്താണെന്നാ ചോദിച്ചത്? ”

“ഇതോ? ഇത് ഈ ചെടിയുടെ വേര്. മണ്ണൊക്കെ പോയപ്പോൾ നല്ല ഭംഗിയായിട്ടുണ്ടല്ലേ.? ഒന്ന് വെളുത്തു. ”
ഞാൻ വീണ്ടും നിഷ്ക്കിച്ചു.

“നിന്നോട് ഞാനെന്താ പറഞ്ഞത്? ”

“ചെടികൾക്ക് വെള്ളം നനക്കാൻ. ”

“ആ അല്ലാതെ എല്ലാ ചെടികളുടെയും കടയ്ക്കൽ കിണർ കുത്താനല്ലല്ലോ? ”

“സോറി. ഞാൻ ഉറങ്ങിപ്പോയി. ”

“അവള്ടെയൊരു കോറി. കൊണ്ടുപോയി പുഴുങ്ങിതിന്ന്. ഒരു മിനിറ്റ് ഞാനൊന്ന് മാറിനിന്നപ്പോഴേക്കും കാണിച്ചു വെച്ചിരിക്കണത് കണ്ടില്ലേ.

ഇക്കണ്ട ചെടികളൊക്കെ നനച്ച് ദാ ഈ ചെടി നേരാംവണ്ണം കുഴിച്ചിട്ടിട്ട് പോയാൽ മതി. ”

കടുവ നേരെ പോയി ഉമ്മറപ്പടിയിൽ ചെന്നിരുന്നു. നോക്കിയപ്പോൾ കോലായിൽ അച്ഛൻ പത്രം വായിച്ചിരിക്കുന്നത് കണ്ടു.

ഒരു ആശ്രയത്തിന് വേണ്ടി ഞാൻ അച്ഛനെ നോക്കി. എവിടന്ന്. ‘ഞാനീ നാട്ടുകാരനല്ലേ ‘ ന്നുള്ള ഭാവത്തിലാണ് പുള്ളി ഇരിക്കുന്നത്. ഇടയ്ക്ക് പത്രത്തിൽ നിന്നും തലയുയർത്തി ‘ചെയ്തോ ചെയ്തോ ‘ ന്ന് കണ്ണുകൊണ്ടു ആംഗ്യം കാണിച്ചു.

ആ പ്രതീക്ഷയും പോയി. അമ്മയിത് എവിടെയാണാവോ? പുറത്തേക്കൊന്നും കാണാനും ഇല്ല. കടുവയെ സോപ്പിട്ടാലോഞാനോർത്തു. ഇപ്പം കരയുമെന്ന രീതിയിൽ ചുണ്ടുപിളർത്തികൊണ്ട് ഞാൻ കടുവയെ ഒന്ന് നോക്കി.

“നിന്റെ അഭിനയമൊന്നും എന്റടുത്തു വേണ്ട. വായിനോക്കി നിക്കാതെ പോയി നനക്കടി. ”

കുറെ ദിവസമായി എന്റെ കാതുകൾക്ക് അന്യമായിരുന്ന ആ ഗർജ്ജനം വീണ്ടും ഞാൻ കേട്ടു.
ആഹാ…. എന്താ സുഖം. തിരുപ്പതിയായി.

നല്ലശീലം പഠിപ്പിക്കുന്നതിന്റെ ആദ്യഘട്ടമാണെന്ന് തോന്നുന്നു. ഈ വീട് ഇന്നുമുതൽ എനിക്കൊരു ദുർഗുണപരിഹാരപാഠശാലയാവുമെന്ന് തോന്നണു. തുടക്കം ഇങ്ങനാണെങ്കിൽ ഇനി എനിക്ക് വേണ്ടി എന്തൊക്കെ പണികളാണോ എടുത്തുവെച്ചിരിക്കുന്നത്.

ഇക്കണക്കിന് ഈ കടുവയെ കെട്ടിക്കഴിഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കും? ഹോ… ഭയാനകം… ഭീകരം…. അവസാനം ദയനീയം. വേറെ വഴിയില്ലാതെ ഞാൻ നല്ല രീതിയിൽ ചെടി നനക്കാൻ തുടങ്ങി.

ഈ സമയം മേനോൻ ചന്ദ്രുവിന്റെ ചെവിയിൽ പറഞ്ഞു.
“കളി കാര്യമാവേണ്ട. ഇങ്ങനെയാണെങ്കിൽ അവൾ ഇപ്പൊ തന്നെ പറയും. ചന്ദ്രവേട്ടാ ഐ ഹേറ്റ് യൂ… ന്ന്. അത് വേണ്ടെങ്കിൽ നിന്റെ ദേഷ്യം ഒന്ന് കുറയ്ക്കാൻ നോക്ക്. എന്നിട്ട് ഒരു മയത്തിലൊക്കെ മതി. ”

ചന്ദ്രു ഒരു പുഞ്ചിരിയോടെ പ്രിയയെ തന്നെ നോക്കിയിരുന്നു.

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9

Mr. കടുവ : ഭാഗം 10

Mr. കടുവ : ഭാഗം 11

Mr. കടുവ : ഭാഗം 12

Mr. കടുവ : ഭാഗം 13

Mr. കടുവ : ഭാഗം 14

Mr. കടുവ : ഭാഗം 15

Mr. കടുവ : ഭാഗം 16

Mr. കടുവ : ഭാഗം 17

Mr. കടുവ : ഭാഗം 18

Mr. കടുവ : ഭാഗം 19

Mr. കടുവ : ഭാഗം 20

Mr. കടുവ : ഭാഗം 21

Mr. കടുവ : ഭാഗം 22

Mr. കടുവ : ഭാഗം 23