Monday, April 29, 2024
Novel

സ്വാതിയുടെ സ്വന്തം : ഭാഗം 16

Spread the love

നോവൽ
എഴുത്തുകാരി: ശക്തി കല ജി

Thank you for reading this post, don't forget to subscribe!

നീരജ ഡേക്ടറിൻ്റെ ആശുപത്രിയിലാണ് കാർ ചെന്ന് നിന്നത്… കണ്ണേട്ടൻ്റെ പുറകേ ആശുപത്രി പടവുകൾ കയറുമ്പോൾ നിറകണ്ണുകളോടെ ശ്വേത ഓടി വരുന്നുണ്ടായിന്നു…. ഞാൻ കണ്ണേട്ടൻ്റെ വലത് കൈയ്യിൽ മുറുകെ പിടിച്ചു….

ഇപ്പോൾ സ്ഥാനം കൊണ്ട് എൻ്റെ അനിയത്തിയാണെങ്കിലും എന്തോ ശ്വേതയെ കാണുമ്പോൾ മനസ്സിനുള്ളിൽ വല്ലാത്ത ഭയമാണ്…

ഒരിക്കൽ കണ്ണേട്ടനും ശ്വേതയും ഒരുമിച്ച് സ്വപ്നങ്ങൾ കണ്ടതല്ലേ…

എത്ര തേയ്ച്ച് മായ്ച്ച് കളഞ്ഞാലും ആ പ്രണയത്തിൻ്റെ അവശേഷിപ്പുകൾ ഹൃദയത്തിനുള്ളിൽ കാണും….

അതോർത്തപ്പോൾ വല്ലാത്ത ഭയം തോന്നി….

ഹൃദയത്തിനുള്ളിലെവിടെയോ ഒരു നോവ്…. ആ കൈയിൽ ഒന്നൂടി മുറുകെ പിടിച്ചു..

ശ്വേത കരഞ്ഞ് കൊണ്ട് ഓടി അടുത്ത് വന്നതും കണ്ണൻ്റെ കൈ പിടിച്ച് കൂടെ വരുന്ന സ്വാതിയെ കണ്ടു അവളുടെ കാലുകൾ നിശ്ചലമായി…

” കണ്ണേട്ടാ ….എൻ്റെ വൃന്ദ മോള്….” ശ്വേതയുടെ കരച്ചിലിനിടയിൽ വാക്കുകൾ ചിതറി വീണു..

.എൻ്റെ മനസ്സിൽ വൃന്ദയുടെ കുഞ്ഞു മുഖം തെളിഞ്ഞു…. എന്തോ ആപത്ത് സംഭവിച്ചിരിക്കുന്നു…

എന്താണെന്ന് അറിയാനുള്ള വ്യഗ്രതയിൽ ശ്വേതയോടുള്ള ദേഷ്യം എങ്ങോ പോയ് മറഞ്ഞു…

ആ കുഞ്ഞിൻ്റെ വിഷാദം നിറഞ്ഞ മുഖമാണ് ഓർമ്മയിൽ….

അമ്മയെ നഷ്ടപ്പെടാൻ പോകുകയാണ് എന്ന വേദന തെളിഞ്ഞു കിടന്നിരുന്നു….

ഞാൻ കണ്ണേട്ടൻ്റെ കൈയ്യിലെ പിടി വിട്ടു ഞാൻ ശ്വേതയുടെ അടുത്തേക്ക് ചെന്നു…

“എന്താ വൃന്ദയ്ക്ക് ” എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ലാന്ന് വേണം പറയാൻ…

” അവൾ ടെറസിലേക്ക് കയറുന്ന സ്റ്റെപ്പിൽ നിന്ന് താഴേക്ക് വീണു…

തല പൊട്ടി ചോര വന്നു… കൈയ്യിൽ ഒടിവുണ്ടെന്നാ പറഞ്ഞത്…

രക്തം ഒരുപാട് പോയി … തലയിൽ ഓപ്പറേഷൻ ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു…

കൂടാതെ ബ്ലഡ് വേണമെന്ന് പറഞ്ഞു… കണ്ണേട്ടൻ്റെത് ചേരും….

എ പോസിറ്റിവ്…. എൻ്റെ ബ്ലഡ് ഞാൻ കൊടുത്തു… അതു തികയില്ലെന്നാ പറഞ്ഞത്…..

എൻ്റെ കുഞ്ഞിനെ രക്ഷിക്കണം.. ഹരിയേട്ടൻ ബന്ധുവീട്ടിൽ എവിടെയോ പോയതാണ്…

വിളിച്ചിച്ച് കിട്ടുന്നുമില്ല…..

എനിക്കിവിടെ ആരുമില്ല സഹായം ചോദിക്കാൻ….. “ശ്വേത കരഞ്ഞുകൊണ്ട് കൈകൂപ്പി… അവൾ ധരിച്ചിരുന്ന വസ്ത്രം ചോരയിൽ കുതിർന്നിരുന്നു…

” കണ്ണേട്ടാ ശ്വേതയോടൊപ്പം പോകു… ഞാൻ തിയേറ്ററിൽ കയറി നോക്കട്ടെ… ” എന്ന് ഞാൻ പറയുമ്പോൾ കണ്ണേട്ടനെന്നെ അതിശയത്തോടെ നോക്കുന്നുണ്ടായിരുന്നു…

” ഇല്ല നീയും വാ… നിൻ്റെ ബ്ലഡ് ഗ്രൂപ്പും എ പോസിറ്റീവ് അല്ലേ… ചിലപ്പോൾ ആവശ്യം വന്നാലോ ” എന്ന് പറഞ്ഞ് കണ്ണട്ടൻ എൻ്റെ കൈയ്യിൽ പിടിച്ചു…

” ഇല്ല…. ഞാൻ പിന്നെ വരാം… ഞാനിപ്പോൾ ഞാൻ വസ്ത്രം മാറേണ്ടതുണ്ട്… എനിക്ക് വൃന്ദയെ കാണണം…..കണ്ണേട്ടൻ വേഗം ചെല്ല്… ” എന്ന് പറഞ്ഞ് പരിഭ്രമത്തോടെ ഞാൻ വേഗം മുൻപോട്ട് നടന്നു…..

കണ്ണൻ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷo അവിടെ നിന്നു പോയി…

” കണ്ണേട്ടാ വാ രണ്ടാമത്തെ നിലയിലാ ബ്ലഡ് ബാങ്ക്” ശ്വേത കരച്ചിലിനിടയിൽ പറഞ്ഞു…

കണ്ണൻ ഒന്നും മിണ്ടാതെ ശ്വേതയുടെയൊപ്പം ബ്ലഡ് ബാങ്കിലേക്ക് നടന്നു….

ശ്വേത അവിടെ ആളു വന്നു എന്ന് പറഞ്ഞപ്പോൾ അവനെ അകത്തേക്ക് വിളിച്ചു….

ശ്വേത അപ്പോഴും കരച്ചിലോടെ ഫോണിൽ ഭർത്താവിനെ വീണ്ടും വിളിക്കുന്നുണ്ടായിരുന്നു…

അകത്ത് കയറി ബ്ലഡ് കൊടുത്ത് തിരിച്ച് വരുമ്പോൾ ശ്വേത കണ്ണടച്ച് കസേരയിൽ ചാരിയിരിക്കുന്നുണ്ടായിരുന്നു….

പണ്ടത്തെ പ്രസരിപ്പൊക്കെ പോയിരിക്കുന്നു..

. അവൾ കരഞ്ഞു തളർന്നു എന്ന് തോന്നി….

കണ്ണൻ ഒന്നും മിണ്ടാതെ നിന്നു… അടുത്ത് കാൽപ്പെരുമാറ്റം കേട്ട് ശ്വേത കണ്ണ് തുറന്നു… മുൻപിൽ കണ്ണനെ കണ്ടതും അവൾ എഴുന്നേറ്റു….

” കണ്ണേട്ടനെ ചതിച്ചതിന് ദൈവം തന്ന കൂലിയാവും…” എന്ന് പറഞ്ഞ് വിതുമ്പി..

“ചതിയോ…. ഞാനറിയുന്ന ശ്വേതയ്ക്ക് ചതിയെന്താണെന്ന് അറിയില്ല… നീ എനിക്ക് ഇപ്പോൾ ആരുമല്ല… വേറാരോ ആണ് വേറാരോ….

കുഞ്ഞിനെയോർത്ത് മാത്രമാണ് ഞാൻ വന്നത്… ” കണ്ണൻ മുഖം തിരിച്ചു ഐസിയുവിൻ്റെ ഭാഗത്തേക്ക് നടന്നു…

ഐ സി യു വിൻ്റെ അടുത്ത് തന്നെയാണ് ഓപ്പറേഷൻ തിയേറ്റർ….

ശ്വേത തൊട്ടുപുറകേ കരഞ്ഞുകൊണ്ട് വരുന്നുണ്ടായിരുന്നു….
അവളുടെ ഹൃദയത്തിൽ കണ്ണേട്ടൻ്റെ വാക്കുകൾ കുത്തിയിറക്കുന്ന വേദന തോന്നി….

വേറാരോ ആണ്…

ശരിയാണ് താനിപ്പോൾ കണ്ണേട്ടന് ഇപ്പോൾ താൻ വേറാരോ ആണ്…

വൈകി വന്ന തിരിച്ചറിവിന് എന്ത് ഫലം… നഷ്ട്ടങ്ങൾ മാത്രം….

കണ്ണേട്ടൻ തന്നെ കാത്തിരിക്കുന്നത് ഓർക്കാതെ നഗരജീവിതത്തിലെ വർണ്ണങ്ങളിൽ മയങ്ങി പോയി…

ശ്വേതയിൽ നിന്ന് കുഞ്ഞ് തേങ്ങലുകൾ പുറത്തേക്ക് വന്നു…

അവനത് ശ്രദ്ധിക്കാതെ മുൻപോട്ട് നടന്നു….

അവന് ശ്വേതയോട് ഒട്ടും സ്നേഹം തോന്നിയില്ല… തൻ്റെ ജീവിതം ഇല്ലാതാക്കാൻ നോക്കിയവൾ…

ഓപ്പറേഷൻ തിയറ്ററിൻ്റെ മുൻപിൽ എത്തി… കുറച്ച് നേരം നിന്നു…

മണിക്കുറുകൾ വേണ്ടിവരുമെന്ന് അറിയാവുന്നത് കൊണ്ട് പിന്നിടെ കുറച്ച് മാറി കിടന്ന കസേരയിൽ വന്നിരുന്നു….

ശ്വേത കണ്ണൻ്റെ തൊട്ടരികിലുള്ള കസേരയിൽ വന്നിരുന്നു…..

ശ്വേത കരഞ്ഞുകൊണ്ടിരുന്നു….

“ആ കുഞ്ഞിനെ ഉപേക്ഷിച്ച് എൻ്റെ കൂടെ വരാനിരുന്നതല്ലേ നീ…. എന്നിട്ടിപ്പോ ഇത്ര കരച്ചിലിൻ്റെ ആവശ്യമെന്താ…. “… അവൾ ഒഴിവായാൽ നിനക്ക് സന്തോഷമല്ലേ ” കണ്ണൻ ദേഷ്യത്തോടെ പറഞ്ഞു…..

ശ്വേത മുഖം കുനിച്ചിരുന്നു…

” അവൾ എൻ്റെ മകളാണ്… എൻ്റെ വയറ്റിൽ പിറന്ന എൻ്റെ മകൾ ” ശ്വേത പൊട്ടിക്കരഞ്ഞു
അത് കേട്ടിട്ടും കണ്ണനിൽ യാതൊരു വിധ ഭാവമാറ്റവും ഉണ്ടായില്ല…..

അവൻ ഗൗരവത്തിൽ തന്നെയിരുന്നു…

” …. അതെനിക്കറിയാം…. എo ബി എ യ്ക്ക് പഠിക്കാൻ പോയപ്പോൾ ബാംഗ്ലൂരിലെ കാമുകനിൽ നിനക്കുണ്ടായ കുഞ്ഞ്….

അവനെ നിൻ്റെ അച്ഛൻ കൊന്നു….

നീ കുഞ്ഞിനെ പ്രസവിച്ച സമയത്ത് ബ്ലീഡിംഗ് നിൽക്കാതെ വന്ന സമയത്താണ് ഗർഭപാത്രം നീക്കം ചെയ്തത്….

ആ കുഞ്ഞ് നിന്നോട് മരിച്ചുപോയി എന്ന് പറഞ്ഞിട്ട് നിൻ്റെ അച്ഛൻ അമേരിക്കയിലുള്ള സുഹൃത്തിനെ മകനും ഭാര്യയ്ക്കുമായി കുഞ്ഞിനെ ദത്തു കൊടുത്തു…

വർഷങ്ങളായി കുഞ്ഞുങ്ങളില്ലാതിരുന്നത് കൊണ്ട് അവർ സന്തോഷത്തോടെ ആ കുഞ്ഞിനെ സ്വീകരിച്ചു…..

ആ കുഞ്ഞിന് വൃന്ദ എന്ന് പേരിട്ടു സ്വന്തം കുഞ്ഞിനെ പോലെ വളർത്തി…….. ഒരു വർഷം കഴിഞ്ഞപ്പോൾ അയാളുടെ ഭാര്യ മരിച്ചു….

അയാൾ കുഞ്ഞിനെ നോക്കാൻ നന്നെ ബുദ്ധിമുട്ടി…. എങ്കിലും ആർക്കും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു….

ഇതൊന്നുമറിയാതെ നീ ബംഗ്ലുരിൽ തന്നെ തുടർന്നും പഠിച്ചു….

ഒരിക്കൽ പോലും ഞാനറിയാതിരിക്കാൻ നീ ശ്രമിച്ചു…..

എല്ലാം നിൻ്റെ അച്ഛൻ്റെ നിർദ്ദേശപ്രകാരമായിരുന്നു….

എന്നിട്ടും നിൻ്റെ തെറ്റുകൾ എല്ലാo പൊറുത്തു സ്വീകരിക്കാൻ തയ്യാറായത് കൊണ്ടാണ് ഞാൻ നിന്നെ വിവാഹം കഴിക്കണം എന്ന് പറഞ്ഞത്…

അതും എൻ്റെ അമ്മയ്ക്ക് വേണ്ടി…. എൻ്റെ അമ്മയ്ക്ക് നിന്നെ അത്രയ്ക്ക് സ്നേഹവും വിശ്വാസവുമായിരുന്നു….

വിവാഹത്തിന് രണ്ടാഴ്ച മുന്നേയാണ് നീ സത്യം അറിയുന്നത്… അതു്o നിൻ്റെ വിവാഹത്തിന് പങ്കെടുക്കാൻ നിൻ്റെ അച്ഛൻ്റെ അമേരിക്കയിലെ സുഹൃത്തും കുടുംബവും വന്നപ്പോഴാണ്….

…നീ പ്രസവിച്ച കുഞ്ഞ് ജീവനോടെയുണ്ടെന്ന് ഹരി തന്നെയാണ് നിന്നോട് നേരിട്ട് പറഞ്ഞത്….

കുഞ്ഞിനെ തിരികെ തരാൻ അയാൾ തയ്യാറല്ലായിരുന്നു…

പകരം കുഞ്ഞിനെ വളർത്താൻ അയാളുടെ ഭാര്യയാകാനാണ് ഹരി ആവശ്യപ്പെട്ടത്..

..ഇതറിഞ്ഞ നിൻ്റെ അച്ഛന് സന്തോഷമായി…. അമേരിക്കയിൽ ഇട്ട് മൂടാൻ പണം ഉള്ള ആളെ കണ്ടപ്പോൾ നിൻ്റെ അച്ഛൻ്റെ കണ്ണ് മഞ്ഞളിച്ചു….

വിവാഹ തിയതി തീരുമാനിച്ച് നാടടക്കം വിളിയും കഴിഞ്ഞ വിവാഹം എങ്ങനെ മുടക്കുമെന്ന് തല പുകഞ്ഞ് ആലോചിച്ചു….

അവസാനം പരിഹാരം കണ്ടെത്തി… കല്യാണ ചെക്കനെ ഇല്ലാതാക്കുക….. നിൻ്റെ അച്ഛൻ നടത്തിയ ആക്സിഡൻ്റിൽ എനിക്ക് നഷ്ട്ടപ്പെട്ടത് എൻ്റെ അച്ഛനെയാ….

പറ നിനക്ക് എൻ്റെ അച്ഛൻ്റെ ജീവൻ തിരിച്ച് തരാൻ പറ്റുവോ… – കണ്ണൻ്റെ ശബ്ദം ദേഷ്യത്തിൽ വിറകൊണ്ടു….

ആ സമയം അങ്ങോട്ടേക്ക് വന്ന സ്വാതി ഇതെല്ലാം കേട്ട് തരിച്ച് നിന്നു…. അവർ രണ്ടു പേരും തിരിഞ്ഞിരുന്നത് കൊണ്ട് പുറകിൽ സ്വാതി വന്നത് കണ്ണനും ശ്വേതയും അറിഞ്ഞില്ല….

” ഞാൻ കണ്ണേട്ടൻ മരിച്ച് പോകണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല….

വിവാഹത്തിന് മുന്നേ വൃന്ദയെയും കൂട്ടി എങ്ങോട്ടെങ്കിലും പോകണമെന്ന് തീരുമാനിച്ചിരുന്നു….

പക്ഷേ അതിനുള്ളിൽ ആക്സിഡൻറായി കണ്ണേട്ടൻ ആശുപത്രിയിലായിരുന്നു…..

പിന്നെ എനിക്ക് എൻ്റെ മകളുടെ കൂടെ ജീവിക്കാൻ അച്ഛൻ പറഞ്ഞത് പോലെ ഹരിയേട്ടനെ വിവാഹം കഴിക്കേണ്ടി വന്നു…..

ഇത് വരെ എന്നെ മറ്റൊരു രീതിയിൽ കണ്ടിട്ടില്ല ഹരിയേട്ടൻ…

. വൃന്ദയുടെ അമ്മ എന്ന പരിഗണനയും സ്നേഹവും എനിക്ക് തരുന്നുണ്ട്….

എനിക്ക് ഈ ജന്മം അത് മതി… പക്ഷേ വൃന്ദയ്ക്ക് എന്തെങ്കിലും പറ്റിയാൽ എനിക്കാരുമില്ല കണ്ണേട്ടാ..

. ഞാൻ മരിച്ച് കളയും… ആർക്കും വേണ്ടാത്ത ഈ ജന്മം അങ്ങനെ തീരട്ടെ…

. കണ്ണേട്ടനെ ചതിച്ചതിനുള്ള ശിക്ഷ ഞാൻ അനുഭവിച്ചേ പറ്റു് “ശ്വേത നിർവികാരതയോടെ പറഞ്ഞു….

കണ്ണേട്ടൻ അടുത്തതെന്തോ ചോദിക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ പുറകിൽ നിന്ന് വിളിച്ചത്….

മരുന്നുകൾ അത്യവശ്യമായി വാങ്ങി ഓപ്പറേഷൻ തിയേറ്ററിലേക്ക് നൽകേണ്ടിയിരുന്നു…

സമയം വൈകി പോകാതിരിക്കാനാണ് വിളിച്ചത്…

കണ്ണേട്ടൻ ശ്വേതയ്ക്കരുകിൽ നിന്ന് എഴുന്നേറ്റ് വരുമ്പോൾ എൻ്റെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി…

ആ നോട്ടം എൻ്റെ അധരത്തിലേക്ക് വഴിമാറുന്നതറിഞ്ഞതും എൻ്റെ മുഖം നാണം കൊണ്ട് കുനിഞ്ഞ് പോയി….

ഡോക്ടർ തന്ന കുറിപ്പ് കണ്ണേട്ടൻ്റെ കൈയിൽ ഏൽപ്പിച്ചു…

” ഇത് ഉടനെ വാങ്ങിവരണം… വന്ന ഉടനെ ഈ സ്വിച്ചിൽ അമർത്തിയാൽ മതി ഞാൻ വന്നു വാങ്ങിക്കോളാം” എന്ന് ഞാൻ പറഞ്ഞു…

“ശരി… വൃന്ദ മോൾക്ക് എങ്ങനെയുണ്ട് ” കണ്ണേട്ടൻ ചോദിച്ചു…

“ഇപ്പോൾ അപകട നില തരണം ചെയ്തു… ഓപ്പറേഷന് വേണ്ടി തിയറ്ററിലേക്ക് കയറ്റി ” വേഗം മരുന്ന് വാങ്ങി കൊണ്ടു വരണേ” ശ്വേതയും കൂടി കേൾക്കാൻ വേണ്ടി കുറച്ചു ഉറക്കെയാണ് പറഞ്ഞത്…. കണ്ണേട്ടൻ വേഗം മരുന്ന് വാങ്ങാൻ പോയി….

ശ്വേത നിറകണ്ണുകളോടെ കൈകൂപ്പി നിൽക്കുന്നുണ്ടായിരുന്നു….

അവളോട് അലിവ് തോന്നി… ജീവിതത്തിൽ കാലിടറി പോയപ്പോൾ പറ്റിയ തെറ്റ്….

തെറ്റ് തിരുത്തി കൊടുക്കുന്നതിന് പകരം തെറ്റിലേക്ക് തന്നെ വീണ്ടും തള്ളിവിടുന്ന അച്ഛൻ….

ഒരു നിമിഷം ഞാൻ ശ്വേതയെ നോക്കി…

അവളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ കണ്ണേട്ടനെ മറന്ന് മറ്റൊരാളെ ഒരിക്കലും പ്രണയിക്കില്ലായിരുന്നു… അവൾക്കെങ്ങനെ കഴിഞ്ഞു എന്ന് അതിശയം തോന്നി….

” ഞാനിവിടെയുണ്ട്… വൃന്ദ മോൾക്ക് ഒന്നും സംഭവിക്കില്ല… ഞാൻ നോക്കിക്കോളാം…

പകരം എനിക്ക് വാക്ക് നൽകണം അവളുടെ കുഞ്ഞു മനസ്സിനെ വിഷമിപ്പിക്കില്ലാന്ന്…

ഞാനന്ന് കണ്ടതാണ് അവളുടെ വിഷമം….

അമ്മയെ കൂടാതെ അച്ഛനൊടൊപ്പം തിരിച്ച് പോകേണ്ടി വരുമെന്ന് വേദനയോടെ പറഞ്ഞത്…

അമ്മയെ കൂടാതെ തിരിച്ച് പോകാതിരിക്കാൻ അവൾ കണ്ട പോംവഴിയാണ് ഇത്….

അവൾ സ്റ്റെപ്പിൽ നിന്ന് വീണതല്ല ചാടിയതാണ്. ….

അവളുടെ അമ്മയെ ഇവിടെ ഉപേക്ഷിച്ച് പോകാൻ വയ്യാത്തത് കൊണ്ട്…..

ശ്വേതയ്ക്ക് അവളെ വേണ്ടെങ്കിലും അവൾക്ക് വേണം….

അവളുടെ അമ്മയായ് തന്നെ കൂടെയുണ്ടാവും എന്ന് ഉറപ്പ് താ…. ആ ഉറപ്പ് എനിക്ക് ഇപ്പോൾ തന്നെ അവൾക്ക് കൊടുക്കണം… അവൾ മയങ്ങും മുന്നേ…….”

ഞാൻ ചോദിച്ചതിന് മറുപടി പറയാൻ അവൾക്ക് വാക്കുകൾ കിട്ടാതെ പരതി….

“ഞാനാ അവളുടെ അമ്മ”.. എനിക്ക് ഒന്ന് കാണണം…. “ശ്വേത വിതുമ്പി…

” ഇപ്പോൾ അകത്ത് കയറി കാണാൻ പറ്റില്ല… പറയാൻ ഉള്ളത് ഇതിൽ പറയ്യ്… ഞാൻ വിഡീയോ കാണിച്ചോളാം”.. ഞാൻ എൻ്റെ ഫോൺ അവൾക്ക് നേരെ നീട്ടി….

ശ്വേത നിറകണ്ണുകളോടെ എൻ്റെ ഫോൺ വാങ്ങി..

ഫോണിൻ്റെ ഡിസ്പ്ലേയിലെ എൻ്റെയും കണ്ണേട്ടൻ്റെയും വിവാഹ ഫോട്ടോ കണ്ട് ശ്വേത ഒന്ന് പതറുന്നത് കണ്ടു…

വിവാഹവേഷത്തിൽ വീൽചെയറിലിരിക്കുന്ന കണ്ണേട്ടൻ…. തൊട്ടരുകിൽ വിവാഹ വേഷത്തിൽ കസേരയിൽ മുഖം കുനിച്ചിരിക്കുന്ന ഞാൻ….

കണ്ണേട്ടൻ്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു…

” ഇത് ഞങ്ങളുടെ വിവാഹ ഫോട്ടോയാണ്”… ഈയൊരണ്ണമേയുള്ളു ആ ദിവസം ഓർക്കാനായി…. കണ്ണേട്ടനെ എനിക്ക് കിട്ടിയ ദിവസം ” എന്ന് പറയുമ്പോൾ ഞാനറിയാതെ എൻ്റെ കണ്ണു നിറഞ്ഞു….

ശ്വേത എൻ്റെ മുഖത്തേക്ക് നോക്കുന്നത് കണ്ട് ഞാൻ ഒരു വശത്തേക്ക് മാറി നിന്നു….

അവൾ ഫോണിലെ വിഡിയോ ഓൺ ചെയ്തു…

” അമ്മ മോളെ വിട്ട് എങ്ങും പോവില്ല… വേഗം വാ ” എന്ന് പറഞ്ഞ് ശ്വേത കരഞ്ഞു….

വിഡിയോ സേവ് ചെയ്തപ്പോഴേക്ക് കണ്ണേട്ടൻ മരുന്നുമായി വന്നിരുന്നു….

എന്താണെന്ന് പുരികമുയർത്തി ചോദിച്ചു… ഞാൻ ഒന്നുമില്ലന്ന് തല രണ്ടു വശത്തേക്കും തിരിച്ചു….

കണ്ണേട്ടൻ്റെ കൈയ്യിൽ നിന്ന് മരുന്ന് വാങ്ങി വേഗം അകത്തേക്ക് നടന്നു…

ശ്വേത പ്രാർത്ഥനയോടെ പുറത്ത് കാത്ത് നിൽക്കുന്നുണ്ടായിരുന്നു…

അകത്ത് ചെന്ന് ഡോക്ടർ നീരജയുടെ അനുവാദത്തോടെ പാതി മയങ്ങി തുടങ്ങിയ വൃന്ദയ്ക്ക് ശ്വേത റക്കോർഡ് ചെയ്ത് തന്ന വീഡിയോ കാണിച്ചു….

മയക്കത്തിലേക്ക് വഴുതി വീഴുമ്പോഴും ആ കുഞ്ഞു അധരങ്ങളിൽ പുഞ്ചിരി തങ്ങി നിന്നു…. എന്നും ആ പുഞ്ചിരി നിലനിൽക്കട്ടെ….


ഓപ്പറേഷൻ കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ വല്ലാത്ത ആശ്വാസമായിരുന്നു…. ഡോക്ടർ നീരജയുടെ മുഖത്ത് ചിരി തെളിഞ്ഞു.. അവരുടെ കൂടെ ഞാനും പുറത്തേക്കിറങ്ങി…

ഞങ്ങളെ കണ്ടതും ശ്വേത എഴുന്നേറ്റ് വന്നു…

കണ്ണേട്ടനെ അവിടെയെങ്ങും കണ്ടില്ല…..

“പേടിക്കാനൊന്നുമില്ല… ഓപ്പറേഷൻ വിജയം തന്നെ….

എങ്കിലും അണുബാധയൊന്നും ഉണ്ടാവാതെ ശ്രദ്ധിക്കണം… രണ്ട് മൂന്ന് ദിവസം ഐ സി യൂ വിൽ തന്നെ കഴിയട്ടെ…. ” എന്ന് ഡോക്ടർ നീരജ പറഞ്ഞു…..

” വളരെ നന്ദിയുണ്ട് ഡോക്ടർ ” എന്ന് പറഞ്ഞ് ശ്വേത കൈകൂപ്പി..

“നന്ദി വേണ്ട കുട്ടി.. ഇത് എൻ്റെ കടമയാണ്…. ഒരിത്തിരി ജീവനെങ്കിലും ശരീരത്ത് ബാക്കിയുണ്ടെൽ രക്ഷിച്ചെടുക്കാൻ കഴിവിൻ്റെ പരമാവധി ശ്രമിക്കും…

പിന്നെയെല്ലാം ദൈവത്തിൻ്റെ കൈയ്യിൽ…” ഡോക്ടർ നീരജ പറഞ്ഞു….

കണ്ണേട്ടൻ ആരോടോ സംസാരിച്ച് നിൽക്കുന്നത് കണ്ടു….

ശ്വേതയുടെ ഭർത്താവാകും എന്ന് തോന്നി…

” അത് ഹരിയേട്ടൻ എൻ്റെ ഭർത്താവ് ”
ഞാൻ നോക്കുന്നത് കണ്ട് ശ്വേത തന്നെ പറഞ്ഞു….

ശ്വേത പറയുന്നത് കേട്ടിട്ടാവണം അവർ രണ്ടു പേരും ഞങ്ങൾക്കരുകിലേക്ക് വന്നു…

എന്നെ കണ്ടതും ശ്വേതയുടെ ഭർത്താവ് പുഞ്ചിരിച്ചു…

കുറച്ച് പരിഭ്രമവും നിറഞ്ഞിരുന്നു മുഖത്ത്..

“മോളൂന്” എന്ന് ഹരി ചോദിച്ചു..

“കുഴപ്പമില്ല.. മൂന്ന് ദിവസം കഴിഞ്ഞാൽ റൂമിലേക്ക് മാറ്റാം.. ” ഡോക്ടർ നീരജയാണ് മറുപടി പറഞ്ഞത്….ഡോക്ടർ ഞങ്ങളെയും കടന്ന് പോയി….

“വാ പോകാം” എന്ന് പറഞ്ഞ് കണ്ണേട്ടൻ എൻ്റെ കൈ പിടിച്ചു…

കണ്ണേട്ടൻ്റെ കൂടെ പോകുമ്പോൾ ശ്വേതയും ഞങ്ങളെ അനുഗമിച്ചു…. ഞാൻ വസ്ത്രം മാറി വന്നപ്പോഴേക്ക് കണ്ണേട്ടൻ കാറിൽ കയറിയിരുന്നു….

ഞാൻ തിരിഞ്ഞ് നോക്കി ശ്വേത നോക്കി നിൽക്കുന്നുണ്ട്… ഞാൻ അവൾക്കരികിലേക്ക് നടന്നു…..

” സ്വന്തം മകളെയും കിട്ടി ഒരു നല്ല ജീവിതവും കിട്ടി പോയതല്ലേ…..എന്നാലും വീണ്ടും കണ്ണേട്ടൻ്റെ ജീവിതത്തിലേക്ക് തിരിച്ച് വരാൻ ശ്രമിക്കുന്നതെന്തിനാണ്… ”

മനസ്സിലെ ചോദ്യം എനിക്ക് അടക്കിവയ്ക്കാനായില്ല..

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വാതിയുടെ സ്വന്തം : ഭാഗം 1

സ്വാതിയുടെ സ്വന്തം : ഭാഗം 2

സ്വാതിയുടെ സ്വന്തം : ഭാഗം 3

സ്വാതിയുടെ സ്വന്തം : ഭാഗം 4

സ്വാതിയുടെ സ്വന്തം : ഭാഗം 5

സ്വാതിയുടെ സ്വന്തം : ഭാഗം 6

സ്വാതിയുടെ സ്വന്തം : ഭാഗം 7

സ്വാതിയുടെ സ്വന്തം : ഭാഗം 8

സ്വാതിയുടെ സ്വന്തം : ഭാഗം 9

സ്വാതിയുടെ സ്വന്തം : ഭാഗം 10

സ്വാതിയുടെ സ്വന്തം : ഭാഗം 11

സ്വാതിയുടെ സ്വന്തം : ഭാഗം 12

സ്വാതിയുടെ സ്വന്തം : ഭാഗം 13

സ്വാതിയുടെ സ്വന്തം : ഭാഗം 14

സ്വാതിയുടെ സ്വന്തം : ഭാഗം 15