Sunday, October 6, 2024
Novel

സ്വാതിയുടെ സ്വന്തം : ഭാഗം 7

നോവൽ
എഴുത്തുകാരി: ശക്തി കല ജി

“കണ്ണനെ മുറിയിലാക്കിയിട്ട് ഇങ്ങോട്ടേക്ക് വരണം.. കുറച്ച് പ്രധാനപ്പെട്ട കാര്യങ്ങൾ സ്വാതിയോട് മാത്രമായി സംസാരിക്കാനുണ്ട് ” ഡോക്ടർ നീരജ പറഞ്ഞപ്പോൾ കണ്ണേട്ടൻ എന്നെ സംശയഭാവത്തിൽ നോക്കി..

“എന്താ കാര്യം ഡോക്ടർ…. എന്താണെങ്കിലും ഇപ്പോൾ തന്നെ പറയാം…” ഞാൻ ആകാംഷയോടെ ചോദിച്ചു…..

” ഇല്ല സ്വാതി ഇപ്പോൾ അത് പറയാനുള്ള സാഹചര്യമല്ല.. നിങ്ങൾ പോയിട്ട് വരു” എന്ന് ഡോക്ടർ നീരജ പറഞ്ഞതും കണ്ണൻ എഴുന്നേറ്റു മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി….

സ്വാതിയും ഡോക്ടർക്ക് നേരെ ഒരു പുഞ്ചിരി നൽകിയിട്ട് മുറിയിൽ നിന്ന് ഇറങ്ങി….

കണ്ണേട്ടൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു…

ഞാൻ റിസപ്ഷനിലേക്ക് പോയി മുറി ബുക്ക് ചെയ്തു….

ഒരു മണിക്കൂർ താമസമുണ്ട് എന്ന് പറഞ്ഞത് കൊണ്ട് കാൻറീനിലേക്ക് പോയി ചായ കുടിച്ചു….

പിന്നെയും കുറച്ച് നേരം ആശുപത്രിയിലെ ഗാർഡനിൽ ഇരുന്നു…..

എതിർവശത്തായുള്ള ബഞ്ചിൽ കണ്ണേട്ടൻ ഇരിക്കുന്നുണ്ട്…

. മടിയിൽ ലാപ്പ്ടോപ്പ് ഓപ്പൺ ചെയ്ത് വച്ചിട്ടുണ്ട്…..

ഇടയ്ക്കിടെ ലാപ്പ്ടോപ്പിൽ നിന്ന് മുഖമുയർത്തി നോക്കുന്നുണ്ട്…..

ഞാൻ പൂക്കളുടെയും ചെടികളുടെയും ഭംഗി നോക്കിയിരുന്നു…. മുന്ന് വർഷമായി ചെടികളും പൂക്കളും എനിക്കന്യമാണ്…. മനസ്സിൽ വസന്തമുണ്ടെങ്കിലെ മുറ്റത്തുo വസന്തം വിരിയിക്കാനാവു….

അപ്പോഴേക്ക് അമ്മായി വന്നു… അമ്മായിയുടെ കൂടെ ശ്വേതയും മകളെയും കണ്ടതും മനസ്സിൽ വീണ്ടും വല്ലാത്തൊരു ഭയം…..

അമ്മായിയും ശ്വേതയും എൻ്റെ അടുത്തേക്കാണ് വന്നത്…

ഞാൻ വിവരങ്ങൾ എല്ലാം പറയുമ്പോഴും ശ്വേതയുടെ കണ്ണുകൾ കണ്ണേട്ടനിൽ ആയിരുന്നു….

ശ്വേതയെ കണ്ടമാത്രയിൽ കണ്ണേട്ടൻ്റെ കണ്ണുകൾ വിടരുന്നതും അതേ സമയം നിറയുന്നതും കണ്ടു….

പുറമേ ദേഷ്യത്തിൽ മുഖപടമണിഞ്ഞാലും മനസ്സിൻ്റെ ഉള്ളിൽ പഴയ ഇഷ്ട്ടം അതുപോലെ തന്നെയുണ്ടാവും….

ആദ്യ പ്രണയം നഷ്ടപ്പെട്ടു പോയതിൻ്റെ വേദന രണ്ടു പേരുടെയും കണ്ണുകളിൽ തെളിഞ്ഞു നിന്നു….

തൊട്ടരികിൽ നിന്നിട്ടും പരസ്പരം ഒന്നു മിണ്ടാൻ പോലുമാകാതെ നിന്നു…. ശ്വേതയുടെ നോട്ടം കണ്ണേട്ടനിൽ നിന്ന് മാറി എന്നിലേക്കു വന്നു…

എൻ്റെ കഴുത്തിലെ താലിയിലേക്കും മുഖത്തേക്കും മാറി മാറി നോക്കി….. അവളുടെ കണ്ണുകളിലെ നഷ്ട്ട ഭാവം എന്നെ ഭയപ്പെടുത്തി….

“സ്വാതി എനിക്ക് കണ്ണേട്ടനോട് സംസാരിക്കണം… വൃന്ദ ഈ ആൻറിയുടെ കൂടെ നിൽക്കണം… പ്ലീസ് മകളെ കുറച്ച് നേരം എങ്ങോട്ടെങ്കിലും കൊണ്ടുപോകാമോ” എന്ന് പറഞ്ഞു എന്നെ നോക്കി….

അമ്മായിയപ്പോഴേക്ക് വന്ന് വൃന്ദയുടെ കൈയ്യിൽ പിടിച്ച് മുന്നോട്ട് മാറി നിന്നു….

അവൾ മകളെ ഞങ്ങളുടെയരുകിൽ നിർത്തിയിട്ട് കണ്ണേട്ടൻ്റെ അരികിലേക്ക് പോയിരുന്നു..

ശ്വേത പെട്ടെന്ന് വന്ന് അരുകിൽ ഇരുന്നപ്പോൾ കണ്ണേട്ടൻ ഒന്ന് ഞെട്ടിയെങ്കിലും എഴുന്നേറ്റ് മാറിയില്ല………

എൻ്റെ ഫോണിൽ കോൾ വന്നു… ഡോക്ടർ നീരജയാണ്…

“സ്വാതി മുറി റെഡിയായിട്ടുണ്ട്.. റൂം നമ്പർ അമ്പത്തിയൊന്ന്… താഴത്തെ ബ്ലോക്കിൽ തന്നെയാണ്….. നിങ്ങൾ വന്നോളു…. ഞാനപ്പോഴേക്ക് ചെക്കപ്പിൻ്റെ വിവരങ്ങൾ പറഞ്ഞ് തരാം…. ഇന്ന് തന്നെ ചെക്കപ്പെല്ലാം തീർക്കണം…. ” എന്ന് ഡോക്ടർ പറഞ്ഞു…

“ശരി ഡോക്ടർ ഇപ്പോൾ തന്നെ വരാം”…. ഞാൻ വൃന്ദയുടെ കൈയ്യിൽ പിടിച്ചു

” വരുന്നോ ആൻ്റി ആശുപത്രി ചുറ്റി കാണിക്കാം.. ” എന്ന് വൃന്ദ മനോഹരമായി പുഞ്ചിരിച്ചു…. പക്ഷേ ശ്വേതയെ പോലെയല്ല… എവിടെയോ കണ്ട് മറന്ന രൂപം പോലെ തോന്നിച്ചു…..

അല്ല ഞാനിപ്പോൾ മാറികൊടുക്കേണ്ട ആവശ്യം എന്താ…. അങ്ങനിപ്പോൾ തനിച്ച് സംസാരിക്കണ്ട….

ഞാൻ പോയി കഴിഞ്ഞ് ആരൂടെ കൂടെ വേണമെങ്കിലും സംസാരിക്കുവോ പോവോ ചെയ്തോട്ടെ….

ഞാൻ കണ്ണേട്ടൻ്റെ കൂടെയുള്ളത് വരെ മറ്റൊരു പെണ്ണും നോക്കാൻ ഞാൻ സമ്മതിക്കില്ല…

” അമ്മായി ഡോക്ടർ വിളിച്ചിരുന്നു… മുറി റെഡിയായിട്ടുണ്ട് എന്ന്…

ഞാനൊന്ന് പോയി നോക്കിയിട്ട് വരാം ” കാറിൻ്റെ താക്കോൽ വേണം…

ഞാൻ കണ്ണേട്ടൻ്റെ കൈയ്യിൽ നിന്ന് വാങ്ങി പോയ്ക്കോളാം”.. എന്ന് അമ്മായിയോട് പറഞ്ഞിട്ട് അവരുടെ മറുപടിക്ക് കാക്കാതെ കണ്ണേട്ടൻ്റെ ഫോണിലേക്ക് മെസ്സെജ് അയച്ചു…

“ശരി വാ ” എന്ന് കണ്ണേട്ടൻ്റെ മെസേജ്…

ഞാൻ വൃന്ദയെ അമ്മായിയ്ക്കരുകികിൽ നിർത്തിയിട്ട് കണ്ണേട്ടൻ്റെയരുകിലേക്ക് നടന്നു…

മുഖമുയർത്തി നോക്കാതെ അവരുടെ മുൻപിൽ നിന്നു…. കണ്ണേട്ടൻ താക്കോൽ എനിക്ക് നേരെ നീട്ടി….

ഞാൻ വാങ്ങി തിരിഞ്ഞ് പോകാൻ ഒരുങ്ങിയപ്പോൾ ശ്വേത എൻ്റെ കൈയ്യിൽ പിടിച്ചു നിർത്തി…..

“എന്താ ഇവിടെ നടക്കുന്നതെന്നറിയാൻ വന്നതാണോ “ശ്വേത പുച്ഛത്തോടെ ചോദിച്ചു…

” ഭർത്താവിനരുകിലേക്ക് ഭാര്യയ്ക്ക് വരാൻ ആരുടെയും അനുവാദം വേണ്ട” എന്ന് മറുപടി പറഞ്ഞപ്പോൾ അവൾ ദേഷ്യത്തോടെ എഴുന്നേറ്റു…

“നീ വെറും ജോലിക്കാരി മാത്രമാണ് എന്നെനിക്കറിയാം”…
എന്ന് പറഞ്ഞ് എൻ്റെ കവിളിൽ അടിക്കാൻ വലത് കൈ പൊക്കിയതും ഞാൻ തടഞ്ഞു…..

” അതേയ് കാശുണ്ടെങ്കിലെ അത് എൻ്റെയടുത്ത് കാണിക്കണ്ട…”

” നിങ്ങളുടെ വീട്ടിലെ ജോലിക്കാരിയോട് ചെന്ന് കാണിക്ക്…വാ കണ്ണേട്ടാ പോവാം “…

… ഇപ്പോൾ ഇത്രയും സംസാരിച്ചാൽ മതി… നാളെ ഓപ്പറേഷനല്ലേ ഒരു പാട് ടെൻഷനടിക്കാൻ പാടില്ല…. ” ഞാൻ ഉച്ചത്തിൽ പറഞ്ഞു….

” പറ്റില്ല എനിക്ക് സംസാരിക്കണം” അതു് ഇപ്പോൾ തന്നെ ….

നിന്നെക്കാൾ ബന്ധം എനിക്കാണ്…

നീ വെറും നഴ്സ് ആണ്.. കണ്ണേട്ടൻ്റെ ആരോഗ്യം നോക്കാൻ വന്ന ജോലിക്കാരി… ജോലിക്കാരി ജോലിക്കാരിയുടെ സ്ഥാനത്ത് നിന്നാൽ മതി…….”ശ്വേത വാശിയോടെ പറഞ്ഞു…

” ഞാൻ കണ്ണേട്ടൻ്റെ കാര്യങ്ങൾ നോക്കാൻ വേണ്ടി വന്ന നഴ്സ് തന്നെയാണ്…

അദ്ദേഹത്തിൻ്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് എൻ്റെ കടമയാണ്..

ഞാൻ വാങ്ങുന്ന പണത്തേക്കാൾ ആത്മാർത്ഥതയോടെ തന്നെയാണ് ഈ നിമിഷം വരെ ജോലി നോക്കിയിട്ടുള്ളത്…

അത് ഡോക്ടറിനും കണ്ണേട്ടനും അറിയാം…

അത് നിങ്ങളെയെല്ലാരെയും ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല….

. പിന്നെ വെറും എന്ന പ്രയോഗം ഇനി വേണ്ട കേട്ടല്ലോ ‘”…

” പിന്നെ എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ അത് നാളത്തെ ഓപ്പറേഷൻ കഴിഞ്ഞ് ഒരു മാസം വിശ്രമവും കഴിഞ്ഞ് വന്നാൽ മതി… ” താക്കീത് എന്ന പോലെ ഞാൻ പറഞ്ഞതും ശ്വേത ചവിട്ടി തുള്ളിക്കോണ്ട് പോയി…..

പുറകേ അമ്മായി സമാധാനിപ്പിക്കാൻ ഓടുന്നത് കണ്ടു….

ഒന്ന് കെട്ടി ഒരു കൊച്ചുമായി.. ഇപ്പോഴും പൂർവ്വ കാമുകനെയും തപ്പിയിറങ്ങിയിരിക്കുവാ… മനുഷ്യൻ്റെ സമാധാനം കളയാനായിട്ട്….

കണ്ണേട്ടൻ ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്ന ഭാവത്തിൽ ലാപ് ടോപ്പിലേക്ക് മുഖം കുനിച്ച് ഇരിക്കുകയാണ്….

ഒന്നുമറിയാത്തത് പോലെ ഇരിക്കുന്നത് കണ്ടില്ലേ… അല്ലേലും പെണ്ണുങ്ങളേ തമ്മിലടിച്ച് കാണാൻ ആണുങ്ങൾക്ക് രസമാ….

ഞാൻ ചെന്ന് ലാപ്ടോപ്പ് അടച്ച് വച്ചു…. ദേഷ്യത്തിൽ എന്നെ നോക്കിയെങ്കിലും ഞാൻ കാണാത്ത പോലെ നിന്നു….

“എന്താ പൂർവ്വ കാമുകി പറഞ്ഞത് ” ഞാൻ കളിയാക്കി ചോദിച്ചതു്o രൂക്ഷമായ ഒരു നോട്ടം മാത്രം മറുപടിയായി കിട്ടി….

സമാധാനമായി… ഇങ്ങനൊന്നും സംസാരിക്കരുത് എന്ന് വിചാരിച്ചാലും എൻ്റെ ഈ നാവ് അടങ്ങിയിരിക്കുന്നില്ലല്ലോ ഈശ്വരാ…

ഞാൻ ഉടനെ വിഷയം മാറ്റി…

” കണ്ണേട്ടാ ഡോക്ടർ വിളിച്ചിരുന്നു… മുറി റെഡിയാ.. അൻപത്തിയൊന്ന്…. നമ്മുടെ സ്ഥിരം മുറി തന്നെ….. ”

” അങ്ങോട്ടേക്ക് പോയ്ക്കോളു… ഞാൻ വണ്ടിയിൽ നിന്ന് ബാഗും മറ്റ് സാധനങ്ങളും എടുത്ത് വരാം” എന്ന് പറഞ്ഞു തിരിഞ്ഞ് നോക്കാതെ നടന്നു…

കാർ പാർക്ക് ചെയ്തിരിക്കുന്നിടത്ത് ചെന്നപ്പോൾ അമ്മായി മുഖം വീർപ്പിച്ച് അവിടെ നിൽപ്പുണ്ട്…

ഞാൻ കാറിൻ്റെ കീയെടുത്ത് ലോക്ക് എടുത്തു…

അമ്മായിയെ നോക്കാതെ കാർ ഡിക്കി തുറന്ന് സാധനങ്ങളടങ്ങിയ ബാഗ് എടുത്ത് തിരിഞ്ഞത് കണ്ണേട്ടൻ്റെ നെഞ്ചിലാണ് തട്ടി നിന്നത്….

ഒരു നിമിഷം ആ കണ്ണുകളിലേക്ക് നോക്കി നിന്നു പോയി…..

തന്നോടുള്ള പ്രണയത്തിൻ്റെ ഒരു കണികയെങ്കിലും ആ കൺകോണിൽ ഒളിപ്പിച്ച് വച്ചിട്ടുണ്ടോ എന്ന് വെറുതെ തിരഞ്ഞു……

പ്രണയം പോയിട്ട് സഹതാപത്തിൻ്റെ ഒരംശം പോലുമില്ല…..

കണ്ണേട്ടൻ എൻ്റെ കൈയ്യിൽ നിന്ന് ബാഗ് പിടിച്ചു വാങ്ങിയപ്പോഴാണ് സ്വബോധത്തിലേക്ക് വന്നത്..

” അത് പിന്നെ കണ്ണേട്ടനെ മുറിയിലേക്ക് പോകാനല്ലെ പറഞ്ഞത് ” എന്ന് പറയാൻ വാക്കുകൾക്കായി പരതുകയായിരുന്നു….

കണ്ണേട്ടൻ വെറുതെ ഒന്നു നോക്കി… തിരിഞ്ഞു നടന്നു…

. അമ്മായിയും എന്നോട് ഒന്നും മിണ്ടാതെ കണ്ണേട്ടൻ്റെ പുറകേ പോയി…. എനിക്കെന്തോ അങ്ങോട്ടേക്ക് പോകാൻ തോന്നിയില്ല….

ഇപ്പോൾ ആകെ ഒറ്റപ്പെട്ടത് പോലെ….

ഞാൻ ഡോക്ടറിനെ വിളിച്ചു… “ഞാനാ… പിന്നെ ഡോക്ടർക്ക് എന്താ എന്നോട് സംസാരിക്കണമെന്ന് പറഞ്ഞത്…. ഫ്രീയാന്നേൽ ഞാൻ വരാം “ഞാനിവിടെ കാർ പാർക്കിംഗിൻ്റെയവിടെ നിൽക്കുകയാണ് ” കണ്ണേട്ടനൊപ്പം അമ്മായി മുറിയിലുണ്ട്” എന്ന് ഞാൻ പറഞ്ഞു….

“ശരി അവിടെ തന്നെ നിൽക്കു… ഞാൻ അങ്ങോട്ടേക്ക് വരാം എന്ന് പറഞ്ഞ് ഡോക്ടർ ഫോൺ കട്ട് ചെയ്തു….

കുറച്ച് സമയം കഴിഞ്ഞപ്പോൾ ഡോക്ടർ വരുന്നത് കണ്ടു….

“വാ നമ്മുക്ക് എൻ്റെ കാറിൽ പോകാം… എവിടെയെങ്കിലും പോയി സ്വസ്ഥമായിട്ടിരുന്ന് സംസാരിക്കണം… ഫോൺ സൈലൻ്റ് ആക്കി വയ്ക്ക് ” എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ ഫോൺ സൈലൻ്റ് ആക്കി ഹാൻ്റ് ബാഗിലിട്ടു…..

ഡോക്ടറിൻ്റെ പുറകേ ഞാനും നടന്നു’. …

രചന:ശക്തി കല ജി.

വണ്ടിയിൽ യാത്ര ചെയ്യുമ്പോൾ പുറകിലേക്ക് പോകുന്ന മരങ്ങളെ നോക്കിയിരുന്നു…

കണ്ണുകൾ അനുസരണയില്ലാതെ നീർ പൊഴിച്ചു കൊണ്ടിരുന്നു….

അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ നീരജയ്ക്ക് വല്ലാത്ത വേദന തോന്നി… ഇത്ര ചെറുപ്രായത്തിലെ എന്ത് മാത്രം കഷ്ടപ്പാടുകൾ സഹിക്കേണ്ടി വന്നു….

ഒരു പക്ഷേ അവളുടെ മാതാപിതാക്കൾ ജീവനോടെയുണ്ടായിരുന്നേൽ ഇങ്ങനെയൊരവസ്ഥ ഉണ്ടാവില്ലായിരുന്നു…..

അവർ ബീച്ചിലെത്തിയതും വണ്ടിയൊതുക്കി നിർത്തി….

സൂര്യകിരണങ്ങളുടെ തീവ്രത കുറഞ്ഞ് സമയം സന്ധ്യയോടടുത്തിരിക്കുന്നു…..

നീരജ അവളെ മണലിൽ പിടിച്ചിരുത്തി….

ഡോക്ടർ എന്താണ് പറയാൻ പോകുന്നതെന്ന് ആകാംശയോടെ നോക്കിയിരുന്നു…. നീരജ തന്നെ സംസാരത്തിന് തുടക്കമിട്ടു…


“ഞാനും കൂടി അറിഞ്ഞിട്ടാണ് കണ്ണനും അമ്മയും ഇങ്ങനെയൊരു തീരുമാനം എടുത്തത്..

പക്ഷേ വിവാഹമായിട്ട് നടത്തുന്നൂന്ന് എനിക്കറിവില്ലായിരുന്നു….. “കണ്ണൻ ഒരിക്കലും എഴുന്നേറ്റ് നടന്നില്ലെങ്കിൽ അവന് കൂട്ടായി ഒരു പെണ്ണ് അവൻ്റെ ജീവിതവസാനം വരെ വേണം എന്ന് കരുതിയത് കൊണ്ടാണ് വിവാഹമായിട്ട് നടത്തിയത് എന്ന് കണ്ണൻ്റെ അമ്മ വിളിച്ച് പറഞ്ഞപ്പോഴാണ് ഞാനറിഞ്ഞത്….

നിങ്ങളുടെ വിവാഹം കഴിഞ്ഞാണ് അവർ എന്നെ വിളിച്ചത്….

.. ഇന്നതിൽ കുറ്റബോധം തോന്നുന്നു….. സ്വാതിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് നേരിട്ടല്ലെങ്കിലും ഞാനും ഒരു കാരണമാണ്…

മനസ്സിൽ ഒരു കോണിൽ ഒരു വേദനയായി എന്നെ നോവിച്ച് കൊണ്ടിരിക്കുകയാണ് “….

എന്നാലും അവസാനം കണ്ണൻ സ്വാതിയെ സ്വീകരിക്കും എന്നൊരു വിശ്വാസം ഉണ്ട്….

പക്ഷേ ശ്വേത തിരിച്ച് വന്ന സ്ഥിതിക്ക് ഇപ്പോൾ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കണ്ണൻ്റെ അമ്മ…..

സഹോദരൻ്റെ മകളുടെ കണ്ണീരിൽ അവർ വീണു പോയി എന്ന് വേണം പറയാൻ…

കണ്ണൻ്റെ തീരുമാനം എന്താവും എന്നറിയില്ല….

കണ്ണനുമായുള്ള എഗ്രിമെൻ്റ് കഴിഞ്ഞാൽ പോകാൻ ഒരിടമില്ലെന്ന് കരുതണ്ട…

. ഞാനുണ്ട് സ്വാതിക്ക് അമ്മയായി….”..
ഞാൻ നോക്കിക്കോളാം പൊന്ന് പോലെ…”

ഒരു മകളെ സ്നേഹിക്കാനുള്ള കൊതി കൊണ്ടാണ്…. എന്ന് പറയുമ്പോൾ അവർ വിതുമ്പുകയായിരുന്നു…..

ഞാൻ അവരുടെ മടിയിലേക്ക് കിടന്നു…

“വിഷമഘട്ടത്തിൽ തല ചായ്ക്കാൻ ഇങ്ങനെയൊരിടം മൂന്നുവർഷമായി ഞാൻ തേടുകയായിരുന്നു… ”

.. ഞാനിനി അങ്ങോട്ടേക്ക് പോകുന്നില്ല…..

ഞാനവിടെ ഒറ്റയ്ക്കാണ്.. ആരുമില്ലെനിക്ക്…. പൊരുതി നിന്ന് ഞാൻ തളർന്നു തുടങ്ങിയിരുക്കുന്നു….

” കണ്ണേട്ടൻ ഞാൻ വിചാരിക്കുന്നതിലും എന്നിൽ നിന്നും ഒരു പാട് അകലെയാണ്..

നഴ്സായി ഞാനെൻ്റെ കർത്തവ്യം ആത്മാർത്ഥമായി തന്നെ ചെയ്തു….

പക്ഷേ കണ്ണേട്ടൻ്റെ താലി എൻ്റെ കഴുത്തിലുള്ളത് കൊണ്ടാവണം ഞാൻ എഗ്രിമെൻ്റിൻ്റെ കാര്യം മന: പൂർവ്വം മറന്നു പോയത്…..

കണ്ണേട്ടനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു…..

പക്ഷേ ശ്വേത തിരിച്ച് വന്നത് മുതൽ ഞാൻ അനുഭവിക്കുന്ന വേദന എത്രത്തോളമാണ് എന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല….

. എല്ലാവരുടെയും അവഗണന എനിക്ക് സഹിക്കാൻ പറ്റുന്നില്ല…

എത്രയും വേഗം എനിക്ക് അവിടുന്ന് രക്ഷപ്പെട്ടാൽ മതി….. എനിക്കാരെയും വേദനിപ്പിച്ച് ഒന്നും നേടണ്ട…. എനിക്ക് കുറച്ച് നേരം ഇങ്ങനെ മടിയിൽ കിടന്നാൽ മതി.. ” എന്ന് പറഞ്ഞ് ആ മടിയിൽ കിടന്ന് കൊച്ചു കുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞു….

നീരജ അവളെ ആശ്വസിപ്പിച്ച് കൊണ്ട് തലമുടിയിൽ തഴുകി കൊണ്ടിരുന്നു…..

“നിനക്കിപ്പോൾ അവിടെ നിന്ന് പോരാൻ പറ്റില്ല.

.. ഓപ്പറേഷൻ കഴിഞ്ഞ് കണ്ണൻ സംസാരിച്ച് തുടങ്ങുന്നത് വരെയെങ്കിലും പിടിച്ച് നിന്നേ പറ്റു….

അത് രോഗിയോടുള്ള കടമയാണ്.. ദൈവം അതിനുള്ള ശക്തി നിനക്ക് തരും…

ഞാനില്ലേ നിൻ്റെ കൂടെ… വാ പോകാം.. :ഇരുട്ട് വീണ് തുടങ്ങി… അവർ അന്വഷിച്ച് തുടങ്ങി കാണും…. ” എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ മടിയിൽ നിന്ന് എഴുന്നേറ്റു….

” ഇപ്പോൾ വല്ലാത്തൊരു സമാധാനം….’ “ഞാനിനി ഇടയ്ക്കിടെ ഇങ്ങനെ മടിയിൽ കിടക്കാൻ വരും…. “ഒരു ചിരിയോടെ ഞാൻ പറയുമ്പോൾ ഡോക്ടറുടെ മുഖത്ത് മനോഹരമായ പുഞ്ചിരി വിടർന്നു… മകളെ കിട്ടിയ സന്തോഷം ആ പുഞ്ചിരിയിൽ നിറഞ്ഞു നിന്നിരുന്നു….

അവർ ബീച്ചിൽ നിന്ന് ആശുപത്രിയിലേക്ക് തിരിച്ചു…

 രചന:ശക്തി കല ജി. 

ഇതേ സമയം ആശുപത്രി മുറിയിൽ കണ്ണൻ അസ്വസ്ഥനായിരുന്നു…

അവൻ വീണ്ടും ഫോൺ എടുത്ത് സ്വാതിയുടെ ഫോണിലേക്ക് മെസ്സെജ് അയച്ചു….

ഫോൺ സൈലൻറായത് കൊണ്ട് അവൾ കണ്ണൻ്റെ മെസ്സെജുകൾ വന്നത് അറിഞ്ഞില്ല…

അവൻ അമ്മയെ എത്തി നോക്കി.. അമ്മ ഉറങ്ങിപ്പോയിരുന്നു….

സ്വാതിക്ക് എന്താണ് ഇങ്ങനെ പെരുമാറുന്നത്… ശ്വേതയെ കണ്ടത് മുതൽ ആണ് അവളുടെ സ്വഭാവത്തിൽ കാര്യമായ മാറ്റം….

ഇങ്ങനെ മറുപടി അയക്കാതിരുന്നിട്ടില്ല.. ഇങ്ങനെ ചിന്തിച്ചിരുന്നപ്പോഴാണ് കതകിൽ മുട്ടുന്ന ശബ്ദം കേട്ടത്….

അമ്മ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു കതക് തുറന്നു…..

സ്വാതി കരഞ്ഞു കരുവാളിച്ച മുഖവുമായി മുറിയിലേക്ക് കയറി….

അമ്മയുടെ കൈ പിടിച്ചു …

” വിവാഹം കഴിഞ്ഞ് വന്ന ദിവസം അമ്മയ്ക്ക് തന്ന വാക്ക് ഈ നിമിഷം വരെ പാലിച്ചിട്ടേയുള്ളു….

അമ്മയുടെ മകനെ പൊന്നുപോലെ നോക്കി പഴയത് പോലെ ആരോഗ്യവാനാക്കി തന്നിരിക്കുന്നു…..

അമ്മ ഭയക്കണ്ട.. ഞാൻ എൻ്റെ കടമ ചെയ്തിട്ട് തീർച്ചയായും മടങ്ങിപ്പോവും..

.. പോവില്ല എന്ന് കരുതി എന്നെ അവഗണിക്കരുത്…… എനിക്കത് സഹിക്കാൻ പറ്റുന്നില്ല.

ഇനി രണ്ടാഴ്ച്ചയോ ഒരു മാസമോ ഞാൻ ഇവിടെ നിങ്ങളുടെയൊപ്പം കാണും….

അത് വരെ പഴയത് പോലെ സന്തോഷമായിട്ട് കഴിയാം

. ഞാൻ ശ്വേതയോട് നാളെ തന്നെ നേരിട്ട് പോയി മാപ്പ് പറഞ്ഞോളാം”.. ” എന്ന് ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു… തളർന്നു പോവില്ല എന്ന് മനസ്സിൽ ഉറച്ച തീരുമാനം എടുത്തു…..

കണ്ണൻ സ്വാതിയുടെ മുഖഭാവത്തിൽ അവന് ഭയം തോന്നി..

പിന്നീടവൾ ചിരിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല…..

രാത്രി കാൻ്റീനിൽ നിന്ന് ഭക്ഷണം വാങ്ങി കൊണ്ടുവന്നു….
കഴിച്ചു കിടന്നു….

മുറിയിലെ അരണ്ട വെളിച്ചത്തിൽ സ്വാതി തറയിൽ കിടക്കുന്നത് കണ്ണൻ നോക്കി കിടന്നു…

. അവളുടെ മനസ്സിൽ എന്തോ തീരുമാനമെടുത്തിട്ടുണ്ട് എന്ന് അവന് മനസ്സിലായി…..

പുലർച്ചെ തന്നെ പതിവ് ചെക്കപ്പുകൾ അവൾ തന്നെ നോക്കി…

പനിയും പ്രഷറും ചെക്ക് ചെയ്തു റിപ്പോർട്ടിൽ എഴുതി ചേർത്തു……. അവളുടെ മൗനം അവനിൽ അസ്വസ്ഥയുണ്ടാക്കി….

അവൻ ഫോൺ കൈയ്യിലെടുത്തു കാണിച്ചു….

അപ്പോഴാണ് ഫോണിൻ്റെ കാര്യം ഓർത്തത് തന്നെ….

ഞാൻ വേഗം ഹാൻ്റ് ബാഗു തുറന്നു ഫോൺ എടുത്തു നോക്കി.

.. അതിലെ മെസ്സേജ് എടുത്ത് നോക്കി… “ഇന്നലെ എവിടെ പോയതാ ‘കണ്ണേട്ടൻ്റെ മെസ്സേജ്….

എനിക്ക് ദേഷ്യം വന്നു…
” പറയാൻ സൗകര്യമില്ല.. ആ ശ്വേതയുടെ കാര്യം പോയി അന്വഷിക്ക് ” എന്ന് സ്വാതിയുടെ മറുപടി കിട്ടിയപ്പോൾ അവന് സമാധാനമായി..

..പെണ്ണുങ്ങളുടെ അസൂയയ്ക്കും കുശുമ്പിനും മരുന്നില്ല
എന്നവൻ മനസ്സിൽ ഓർത്തു…. അവൻ്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വാതിയുടെ സ്വന്തം : ഭാഗം 1

സ്വാതിയുടെ സ്വന്തം : ഭാഗം 2

സ്വാതിയുടെ സ്വന്തം : ഭാഗം 3

സ്വാതിയുടെ സ്വന്തം : ഭാഗം 4

സ്വാതിയുടെ സ്വന്തം : ഭാഗം 5

സ്വാതിയുടെ സ്വന്തം : ഭാഗം 6