Friday, July 19, 2024
Novel

സ്വാതിയുടെ സ്വന്തം : ഭാഗം 3

നോവൽ
എഴുത്തുകാരി: ശക്തി കല ജി

Thank you for reading this post, don't forget to subscribe!

ഒപ്പിട്ട് കൊടുത്ത് കഴിഞ്ഞ് അവളുടെ കണ്ണുകളിൽ നിന്ന് ഒഴുകുന്ന കണ്ണുനീരിനെ അവൾക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല..

വല്ലപ്പോളും വരുമ്പോൾ അച്ഛനെയും അമ്മയെയും അടക്കിയിരിക്കുന്നയിടത്ത് വിളക്ക് കൊളുത്താനുള്ള അനുവാദം തരണമെന്ന് മാത്രം അവൾ പറഞ്ഞു..

വിവാഹ സ്വപ്നങ്ങൾ മനസ്സിലേക്ക് കുടിയേറി…..

പക്ഷേ ആ വിവാഹം അവളുടെ ജീവിതത്തിലെ കുഞ്ഞു സ്വപ്നങ്ങൾ പോലും തല്ലിതകർത്തു കൊണ്ടായിരുന്നു….

അതറിയാതെ മനസ്സ് പ്രതീക്ഷയുടെ സ്വപ്നങ്ങൾ കണ്ട് തുടങ്ങിയിരുന്നു…

എന്ത് ചെയ്താലും കൊച്ഛച്ചൻ തൻ്റെ നല്ലതിന് വേണ്ടിയാവുo എന്ന് വിചാരിച്ചത് കൊണ്ട് സ്വയം ചെക്കൻ്റെ വീട്ടുകാരെ കുറിച്ച് ഒന്നും അന്വഷിച്ചതുമില്ല…..

ദിവസങ്ങൾ കടന്നു പോയി….

വിവാഹ തിയതി ഉറപ്പിക്കാനായി ചെക്കൻ്റെ വീട്ടിന്ന് വിളിച്ചൂന്ന് ബ്രോക്കർ വന്നു പറഞ്ഞു….

” കുട്ടി എല്ലാം അറിഞ്ഞിട്ട് തന്നെയാണോ വിവാഹത്തിന് സമ്മതിച്ചത് ” എന്ന ബ്രോക്കറുടെ ചോദ്യം കേട്ടപ്പോൾ എന്താ കാര്യമെന്നറിയാൻ ആകാംഷയോടെ നോക്കി…

“അതൊന്നും പ്രശ്നമില്ല… അവൾക്ക് സമ്മതമ്മാ..

. ഞാൻ തീരുമാനിക്കുന്നതാ അവസാന വാക്ക്…

അതിലപ്പുറം അവൾക്കായി ഒരു അഭിപ്രായമില്ല..

അങ്ങനെയാ ഞങ്ങൾ അവളെ നോക്കുന്നത് അല്ലേ സ്വാതി മോളെ ” കൊച്ഛച്ചൻ്റെ വാക്കുകൾക്ക് അതെയെന്ന് പറയാനേ കഴിഞ്ഞുള്ളു….

അച്ഛനില്ലാതെ വളർന്നത് കൊണ്ട് കൊച്ഛച്ചനായിരുന്നു അച്ഛൻ്റെ സ്ഥാനത്ത്…. ഇതു വരെ ഒരു കുറവുമില്ലാതെ നോക്കി.

:.അതു കൊണ്ട് മറുത്തൊരക്ഷരം പറഞ്ഞിട്ടില്ല ഇതുവരെ….

അമ്മയുടെ ചികിത്സയ്ക്ക് അച്ഛൻ്റെ പേരിലായിരുന്ന കുറച്ച് സ്ഥലം വിൽക്കാൻ സഹായിച്ചത് കൊച്ഛനാണ്…

ആശുപത്രി പോകാനും വരാനും എല്ലാം അവസാനം വരെ കൂടെ നിന്നത് കൊച്ഛച്ചനാണ്…

” ഇനി കുടുതൽ സംസാരമില്ല പോരേ… എന്നാൽ വേഗം അങ്ങോട്ട് ഇന്ന് തന്നെ പോയി തിയതി കുറിക്കാം” എന്ന് ബ്രേക്കർ പറഞ്ഞു…

കൊച്ഛച്ചനും ബ്രോക്കറും യാത്ര പറഞ്ഞിറങ്ങി…

കൊച്ഛച്ചൻ തന്നെ ചെക്കൻ്റെ വീട്ടിൽ നേരിട്ട് പോയി കല്ല്യാണം തീരുമാനിച്ചു …

അന്ന് മുതൽ ചെക്കൻ്റെ ഫോട്ടോയും കെട്ടിപ്പിടിച്ചായി ഉറക്കം…

ഇടയ്ക്ക് ആരും കാണാതെ ഒരു മുത്തവും കൊടുക്കും….

രാത്രികാല സ്വപ്നങ്ങളിൽ പല സ്ഥങ്ങളിലും ഒരുമിച്ച് സഞ്ചരിച്ചു…

ഇവിടെ വിട്ടു പോയാലും അച്ഛനുമമ്മയും ഉറങ്ങുന്ന ഈ മണ്ണിലേക്ക് ഒരു ദിവസം ഒരുമിച്ച് വരണം…

അച്ഛനുമമ്മയേയും കുറിച്ച് വാ തോരാതെ സംസാരിക്കണം…

അവരിപ്പോൾ ഉണ്ടായിരുന്നെങ്കിൽ എത്രമാത്രം സന്തോഷിച്ചിരിക്കുമെന്ന് വാക്കുകളാൽ വിവരിക്കണo….

കാവിലമ്മയെ കാണാൻ ഒരു ദിവസം പോകണം…

ഇതാണ് എൻ്റെ ചെക്കൻ എന്ന് മുൻപോട്ട് നിർത്തിയിട്ട് കാവിലമ്മയോട് പറയണം..

അച്ഛനോ ഒരു സഹോദരനോ ഇല്ലാത്തത് കൊണ്ട് ബൈക്കിൽ കയറിയിട്ടില്ല..

വയറിൽ ചുറ്റി പിടിച്ച് കൊണ്ട് ബൈക്കിൽ ഒരു പാട് ദൂരം യാത്ര ചെയ്യണം……

ചുണ്ടുവിരലിൽ മുറുക്കെ പിടിച്ച് കൊണ്ട് നടക്കണം….

ആരുമില്ലാത്ത കുന്നിൻ്റെ മുകളിൽ ചെന്ന് താഴ്‌വരകളിലെ പ്രകൃതി ഭംഗി ആസ്വദിക്കണം…

അങ്ങനെ ഭംഗി ആസ്വദിച്ച് നിൽക്കുമ്പോൾ പ്രകൃതിയുടെ സന്തോഷം ചാറ്റൽ മഴയായി ഞങ്ങളെ നനയ്ക്കണം…

സാരിത്തുമ്പ് കൊണ്ട് തലയ്ക്ക് മീതേ കുട തീർത്ത് അതിനുള്ളിൽ രണ്ടു പേരും ഒതുങ്ങി നിന്ന് പ്രണയിക്കണം…

ഒരുമിച്ച് പോകാൻ ആഗ്രഹിച്ച് ഒരോ സ്ഥലങ്ങൾ മനസ്സിൽ കുറിച്ചിട്ടു….

അങ്ങനെ വിവാഹ തിരക്കുകൾ തുടങ്ങി…

എനിക്ക് വിവാഹത്തിന് അണിയാനുള്ള സ്വർണ്ണം ആദ്യമേ കൊച്ഛച്ചൻ കൊണ്ടു തന്നു…

കല്യാണം തീരുമാനിച്ചപ്പോൾ തൊട്ട് കൊച്ഛച്ചൻ്റെ ഭാര്യ സേതുലക്ഷമിയും മകൾ സീമയും രാത്രി കൂട്ടുകിടക്കാൻ വന്നു…

പക്ഷേ പകൽ വിവാഹ കാര്യത്തെ കുറിച്ച് അവർക്ക് വല്യ താൽപര്യമില്ലാത്തമട്ടിലായിരുന്നു….

ചിലപ്പോൾ സീമയുടെ സ്വർണ്ണം എനിക്ക് തരുന്നത് കൊണ്ടാവണം എന്ന് വിചാരിച്ചു….

അതു കൊണ്ട് കൊച്ഛച്ചൻ കൊണ്ടു തന്ന സ്വർണ്ണത്തിൽ അവൾക്കിഷ്ടമുള്ളത് എടുത്തോളാൻ പറഞ്ഞു…

ചെറുതേതേലും എടുക്കും എന്ന് വിചാരിച്ച എനിക്ക് തെറ്റി…..

സീമയോടാണ് പറഞ്ഞതെങ്കിലും ചെറിയമ്മയാണ് വന്ന് എടുത്തത്…. ഒരു വല്യ മാലയും രണ്ട് വളകളും എടുത്തു….

അല്ലേലും അവരുടെ സ്വർണ്ണമല്ലേ എടുത്തോട്ടെ എന്ന് മനസ്സിനെ സമാധാനിപ്പിച്ചു…
.
ഇനിയിത് സൂക്ഷിച്ച് വയ്ക്കട്ടെ എന്ന് പറഞ്ഞു ഞാൻ ബാക്കി സ്വർണ്ണം അലമാരയിൽ കൊണ്ടുവച്ചു പൂട്ടി….

താക്കോൽ കഴുത്തിലേ മാലയിൽ കൊരുത്തിട്ടു ചുരിദാറിനകത്ത് ഇട്ടു….

താക്കോൽ മാലയിൽ കൊരുത്തിട്ടത് കൊണ്ടാവണം അവരുടെ മുഖം ഇരുണ്ടു….

പണ്ടും അങ്ങനെ തന്നെയായിരുന്നു…
അതു കൊണ്ട് കാണാത്ത ഭാവത്തിൽ ഇരുന്നു..
.
ഇനി ഒന്നും കിട്ടില്ലെന്ന് വിചാരിച്ചാട്ടോ.., കിട്ടിയതാട്ടേ എന്ന് കരുതിയിട്ടാണോ പിറ്റേ ദിവസം തൊട്ട് അവർ രണ്ടു പേരും കൂട്ട് കിടക്കാൻ വന്നില്ല….

ഞാൻ വിളിക്കാനും പോയില്ല…

അമ്മ വിട്ടിട്ട് പോയതിൽ പിന്നെ ഒറ്റയ്ക്കായിരുന്നു…. ഇനി കുറച്ച് നാളുകളല്ലേ ഉള്ളു…. സാരമില്ല എന്ന് കരുതി…

കൊച്ഛച്ചൻ ആദ്യം കുറച്ച് പൈസ തന്നു….

ആ പൈസ കൊണ്ട് തനിയെ പോയി രണ്ട് മൂന്ന് നല്ല സാരികളും രണ്ട് ചുരിദാർ പീസും എടുത്തു. :.

പിന്നെ മറ്റു അത്യാവശ്യ സാധനങ്ങളും വാങ്ങി വച്ചു…

വീട്ടിൽ വന്ന് ഞാൻ തന്നെ എനിക്കുള്ള സാരിയുടെ ബ്ലൗസും ചുരിദാറും തയ്ച്ചു വച്ചു….

പണ്ടും അങ്ങനെ തന്നെയാണ് എനിക്കുള്ളത് ഞാൻ തന്നെ തയ്ക്കും….

തയ്യൽകൂലി കൊടുക്കുന്ന പൈസ കൊണ്ട് ഒരു നല്ല ചൂരിദാറു കൂടി വാങ്ങാൻ പറ്റും…..

പിറ്റേ ദിവസം കല്യാണക്കുറി കൊച്ഛച്ചൻ കൊണ്ടുവന്നു തന്നു….

സ്വർണ്ണ നിറത്തിൽ രണ്ടു പേരുകൾ സുന്ദരമായി കൊത്തി വച്ചിരിക്കുന്നത് പോലെ അച്ചടിച്ചിരിക്കുന്നു….

സ്വാതി കണ്ണൻ നല്ല ചേരുന്ന പേര് അല്ലെ… സ്വയം പറഞ്ഞ് നോക്കി…..

എത്ര നേരം ആ കല്യാണക്കുറിയും ചേർത്ത് പിടിച്ച് നിന്നെന്നറിയില്ല….

മനസ്സിൽ പ്രണയത്തിൻ്റെ വിത്തുകൾ പൊട്ടി മുളച്ചുതുടങ്ങി…

. കണ്ണേട്ടനോടുള്ള പ്രണയം…. നേരിട്ട് കാണാതെ ഒരാളെ പ്രണയിക്കാൻ കഴിയുമോ…

സ്വന്തമാകും എന്നുറപ്പുള്ളത് കൊണ്ട് പ്രണയിക്കാനും തുടങ്ങാം….

അവളുടെ ചുണ്ടിൽ നാണത്തിൽ പുഞ്ചിരി വിടർന്നു…..

കല്യാണക്കുറി നേരെ പിടിച്ച് വീണ്ടും കണ്ണുകൾ വിവാഹ തിയതിയ്ക്കായി പരതി നടന്നു…

വിവാഹ തിയതിയിൽ കണ്ണുകൾ ഉടക്കി നിന്നതും ഹൃദയസ്പന്ദനം കൂടി…

ഭഗവാനേ ഇനി ഒരാഴ്ചയേ ഉള്ളു കല്ല്യാണത്തിന്….

എത്ര പെട്ടെന്നാണ് ദിവസങ്ങൾ കടന്ന്പോയത് ..

ഈ ആലോചന വന്നതേ ഒരു മാസമായതേയുള്ളു….

ഇത്ര പെട്ടെന്ന് കല്യാണം എന്നൊക്കെ പറഞ്ഞാൽ എന്ത് ചെയ്യും… ഒരു രൂപവുമില്ല…..

കൊണ്ടുപോകാനുള്ള തയ്ച്ച് വച്ച തുണികൾ ബാഗിൽ എടുത്തു വച്ചു…

ഒരു വിധം പുതിയത് മാത്രമേ കൊണ്ടുപോകാനെടുത്തുള്ളു….

പിന്നെ അച്ഛനുമമ്മയുo വിവാഹം കഴിഞ്ഞ സമയത്ത് അവർ രണ്ടു ഒരുമിച്ച് നിന്ന് എടുത്ത ഫോട്ടോയില്ലൊരണ്ണം എടുത്തു ..

ആ സമയത്ത് എന്ത് സുന്ദരിയായിരുന്നു അമ്മ…

അമ്മയുടെയും അച്ഛൻ്റെയും വിവാഹം കഴിഞ്ഞ് ഒരു വർഷമേ ഒരുമിച്ച് കഴിയാനുള്ള ഭാഗ്യം ദൈവം കൊടുത്തുള്ളു….

അച്ഛൻ മരിക്കുമ്പോൾ ഞാൻ അമ്മയുടെ വയറ്റിൽ എഴുമാസം വളർച്ചയെത്തിയിരുന്നു……

” അദ്ദേഹത്തിൻ്റെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന ഈ വീട് വിട്ട് എങ്ങും വരുന്നില്ല….ഒരു വർഷം കൊണ്ട് ഒരായുസ്സ് ജീവിക്കാനുള്ള സ്നേഹം തന്നിട്ടുണ്ട്.. ആ നല്ല ഓർമ്മകൾ മാത്രം മതി മുന്നോട്ട് ജീവിക്കാൻ എന്ന് വീട്ടിലേക്ക് മടക്കി വിളിച്ച് കൊണ്ടുപോകാൻ വന്ന മുത്തശ്ശനോട് അമ്മ പറഞ്ഞു എന്ന് ഇടയ്ക്കിടെ പറയും….

ഭർത്താവിൻ്റെ ഓർമ്മകളിൽ മാത്രം മുഴുകി ജീവിച്ചിരുന്ന അമ്മയെ എനിക്കൽഭുതമായിരുന്നു….

ഫോട്ടോയുടെ മുന്നിൽ നിന്ന് കൊണ്ട് അരികിൽ ഇരിക്കുന്ന ആളോട് കാര്യം പറയുന്നത് പോലെ പറയും….

വീട്ടിൽ ആളുണ്ട് എന്ന് വഴിപോക്കർക്ക് തോന്നാനാണ് എന്ന് പറഞ്ഞപ്പോൾ ആ കുഞ്ഞു പ്രായത്തിൽ അമ്മ പറഞ്ഞതിൻ്റെ പൊരുൾ മനസ്സിലാക്കാൻ പറ്റിയിരുന്നില്ല…..

അമ്മ എന്നെ തനിച്ചാക്കി പോയതിൽ പിന്നെയാണ് അത് എന്തിനാണ് എന്ന് മനസ്സിലായത്…..

രാത്രികാലങ്ങളിലെ വാതിലിലെ വഷളന്മാരുടെ മുട്ട് കുറയ്ക്കാൻ വേണ്ടിയായിരുന്നു…

രാത്രിയായാലും അച്ഛൻ്റെയും അമ്മയുടെയും ഫോട്ടോയിൽ നോക്കി ഉറക്കെ കാര്യം പറയുന്നത് ഞാനും പതിവാക്കി….

ഒന്നൂടി ഫോട്ടോയിൽ മുഖം ചേർത്ത ശേഷം
സൂക്ഷിച്ച് പൊതിഞ്ഞു ബാഗിൽ വച്ചു……

അമ്മയുടെ സാരിയും ഒരെണ്ണം മാത്രം എടുത്തു വച്ചു….

ചികിത്സയ്ക്കായി എല്ലാം വിൽക്കേണ്ടി വന്നത് കൊണ്ട് അമ്മയുടെ ആഭരങ്ങൾ എന്ന് പറയാൻ ഒരു കുഞ്ഞു കമ്മൽ മാത്രമേയുള്ളു….

ഓരോന്ന് ചിന്തിച്ച് ഇരിക്കുന്നതിനിടയിലാണ് കൊച്ഛൻ്റെ മകൾ സീമ വന്നത്….

അവളുടെ അമ്മയ്ക്ക് ഇഷ്ട്ടമല്ലെങ്കിലും ഇടയ്ക്ക് കണ്ണ് വെട്ടിച്ച് ഇങ്ങോട്ടേക്ക് വരും….

. “ഈ കാലത്ത് ഇങ്ങനെയും പെൺകുട്ടികളുണ്ടോ ചെക്കനെ നേരിട്ട് കാണാതെ കല്ല്യാണത്തിന് സമ്മതിക്കുന്നവർ”… ഞാനാണേൽ സമ്മതിക്കില്ല..

പിന്നേ ഒരു കാര്യമറിയാമോ എനിക്കാ ഈ ആലോചന ആദ്യം വന്നത്….

ഫോട്ടോ കണ്ടപ്പോ എനിക്ക് ഇഷ്ട്ടമായതുമാ.. കാണാൻ എന്ത് സുന്ദരനാ അല്ലേ ചേച്ചി…

. പക്ഷേ എന്ത് ചെയ്യാനാ ചെക്കൻകൂട്ടർക്ക് ഇത്ര ചെറിയ പെൺക്കുട്ടിയെ വേണ്ടാത്രേ….മുതുക്കികളെ മതീന്ന്….

എനിക്ക് പത്തൊൻപത് കഴിഞ്ഞ് ഇരുപതിലോട്ട് കടന്നതല്ലേയുള്ളു എന്ന് പറഞ്ഞൂന്ന് ചെക്കൻ്റെ അമ്മ..

കുറച്ച് പക്വതയുള്ള പെൺക്കുട്ടിയെ വേണമെന്ന്….

ചേച്ചിയെ അവർ അമ്പലത്തിലോ മറ്റോ വച്ച് കണ്ടിട്ടുണ്ടത്രേ”….

ഈ സ്വർണ്ണമൊക്കെ അച്ഛൻ വാങ്ങിയതല്ല ചെക്കന്റെ വീട്ടിന്ന് ചേച്ചിക്ക് വേണ്ടി തന്നതാണ്…

ഇതാ ഇത് ചേച്ചിടെ അടുത്ത് തന്നെയിരിക്കട്ടെ… അച്ഛൻ വഴക്ക് പറഞ്ഞു ചേച്ചിയുടെ കൈയ്യിൽ നിന്ന് വാങ്ങിയതിന്” സീന മുഖം കുനിച്ചു….

“കൊച്ഛച്ചൻ പറഞ്ഞത് ഇത് നിനക്ക് വേണ്ടി വാങ്ങി വച്ചതാണന്നാണല്ലോ ” ഞാൻ സംശയത്തോടെ ചോദിച്ചു….

”എനിക്കറിയില്ല ഇന്നലെ സ്വർണ്ണം സ്വാതി ചേച്ചി തന്നതാണ് എന്ന് പറഞ്ഞപ്പോൾ അച്ഛൻ തന്നെയാ ഇങ്ങനെ പറഞ്ഞത് “…” എനിക്കിത് വേണ്ട ചേച്ചി….. ” അവൾ നിർബന്ധിച്ച് കൈയ്യിൽ വച്ചു തന്നു…

ഒരു പാട് നിർബന്ധിച്ചിട്ടും അവൾ തിരികെ കൊണ്ടുപോകാൻ സമ്മതിച്ചില്ല…..

കല്യാണതലേ ദിവസം ചെക്കൻ്റെ അമ്മയും പിന്നെ കൂറച്ച് പെണ്ണുങ്ങളും കൂടി വന്നു….

കൂടെ വന്ന പെണ്ണുകൾ വീടും പറമ്പും ഓടി നടന്നു കണ്ടു…

എല്ലാർക്കും പ്ലാവിലെത്ര ചക്കയുണ്ടാവും…

തെങ്ങിലെത്ര തേങ്ങയുണ്ടാവും എന്നറിയാനാണ് തിടുക്കം…

ചോദ്യത്തിനെല്ലാം മനസ്സിൽ ഉയർന്ന് വന്ന ദേഷ്യമെന്ന വികാരത്തെ അടക്കി നിർത്തിക്കൊണ്ട് പുഞ്ചിരിയോടെ മറുപടി പറഞ്ഞു……

പെണ്ണിനെ കാണാൻ വന്നവരാണോ വീടും സ്ഥലവും വാങ്ങാൻ വന്നവരാണോ എന്ന് കൂടി സംശമായിരുന്നു……

വീടിൻ്റെ ബാത്രൂം വരെ കയറി നോക്കി….

ബാത്രൂമിലെന്താണോ കാണാൻ ഉള്ളതെന്നാ ഞാനാപ്പോൾ ചിന്തിച്ചത്….

സീമ എൻ്റെ കൈയ്യിൽ പിടിച്ചു കൊണ്ട് അരികിൽ തന്നെയുണ്ടായിരുന്നു…. അവൾ അത്യവശ്യo തർക്കുത്തരം പറയുന്നുണ്ടായിരുന്നു…. അതു കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു…..

പെണ്ണുങ്ങളെല്ലാം വീടിൻ്റെ കണക്കെടുപ്പ് കഴിഞ്ഞ് എല്ലാം എൻ്റെ ചുറ്റും ഒത്തുകൂടി…..

സാരിയുടപ്പിച്ച് സ്വർണ്ണമെല്ലാം ഇട്ട് അണിയിച്ച് ഫോട്ടോയൊക്കെ എടുത്തു…..

ചെക്കൻ്റെ അമ്മ സ്വയം പരിചയപ്പെടുത്തി…

“ഞാൻ ശ്യാമള.. കല്യാണ ചെക്കൻ്റെ അമ്മ…. മോൾക്ക് നല്ല മനസ്സിനാ ഞാൻ നന്ദി പറയണ്ടേ ” എന്നൊക്കെ പറഞ്ഞു തുടങ്ങിപ്പോഴേക്ക് കൊച്ഛച്ചൻ വന്നു..

“മോളെ അമ്മായിയുടെ കാൽതൊട്ട് അനുഗ്രഹം മേടിച്ചോ… ഇനി മുതൽ നിൻ്റെ അമ്മ അതാ…. “കൊച്ഛച്ചൻ പറഞ്ഞതും കുനിഞ്ഞ് കാലിൽ തൊട്ട് നീണ്ട് നിവർന്നങ്ങ് കിടന്നു….

കൂടെ വന്ന പെണ്ണുങ്ങൾ എന്നെ പറ്റി വാനോളം പുകഴ്ത്തി…. അത് കേട്ട് സീമ എന്നെ കൈയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ചു നിർത്തി….

ഇത്ര വിനയമുള്ള മരുമകളെയാണ് കിട്ടുന്നതെന്ന സന്തോഷത്തോടെ അവർ മടങ്ങി…. അപ്പോഴാണ് ശ്വാസം നേരെ വിട്ടത്…..

പിറ്റേന്ന് കല്ല്യാണദിവസം രാവിലെ അമ്പലത്തിൽ പോയി തൊഴുതു വന്നിട്ട് ഒരുങ്ങാൻ തുടങ്ങി…

സീമയും കൂടി സഹായിച്ചു… ഏതോ ഓഡിറ്റോറിയത്തി വച്ചാണ് വിവാഹം നടത്താൻ ചെക്കൻ്റെ വീട്ടുകാർ തീരുമാനിച്ചത്…

അതു കൊണ്ട് ഒരുങ്ങി അങ്ങോട്ടേക്ക് പോയാൽ മതി….

അടുത്ത ബന്ധുക്കളെ മാത്രമേ ക്ഷണിച്ചിട്ടുള്ളു…ഒരു ബസ്സിനുള്ള ആളു പോലും കാണില്ല…എല്ലാരെയും ക്ഷണിച്ചാൽ ബുദ്ധിമുട്ടാവും…. വേഗം ഒരുങ്ങിക്കോളു സമയമാകാറായി…” എന്ന് കൊച്ഛച്ചൻ പറഞ്ഞു…

വേഗം ഒരുങ്ങി… വളകളും മാലകളും എടുത്തണിഞ്ഞു…. കണ്ണാടിയിൽ നോക്കി ഒന്നൂടി ചെറിയ മെക്കപ്പിട്ടു…. സുന്ദരിയായിട്ട് തന്നെയിരുന്നോട്ടെ… ചെക്കൻ ഞെട്ടണം….

വണ്ടിയിൽ കയറി ഓഡിറ്റോറിയത്തിൽ ചെന്നപ്പോൾ ശ്യാമളമ്മായി പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു…

വണ്ടിയിൽ നിന്നിറങ്ങിയതും ശ്യാമളമ്മായി എൻ്റെ കൈ പിടിച്ച് പെണ്ണിൻ്റെ മുറിയിൽ കൊണ്ടാക്കി…..

സമയമടുക്കും തോറുo മനസ്സിൽ എന്തോ പരിഭ്രമം നിറഞ്ഞു….

മനസ്സിൽ നിറഞ്ഞ പരിഭ്രമം നെറ്റിയിൽ വിയർപ്പുകണങ്ങളായി തെളിഞ്ഞു….

താലികെട്ടിന്റെ സമയമായി എന്ന് പറഞ്ഞ് എന്നെ ആരോ വിളിച്ചു കൊണ്ടുപോയി…..

എല്ലാവരുടെയും കാലു തൊട്ട് അനുഗ്രഹം വാങ്ങി….

സീമ എൻ്റെ തൊട്ടരുകിൽ വന്നു നിന്നപ്പോഴാണ് ശ്രദ്ധിച്ചത് അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു…..

അവൾ വേദനയോടെ എൻ്റെ കൈയ്യിൽ പിടിച്ചു….

പാവം ഞാൻ വിവാഹം കഴിഞ്ഞ് പോകുന്നതിൻ്റെ സങ്കടമാവും….

ഞാൻ അവളെ കെട്ടിപ്പിടിച്ചു….

” ചേച്ചി ….കല്യാണ ചെക്കൻ ദാ.. ” അവളുടെ ശബ്ദമിടറിയിരുന്നുവോ’…. ഒന്നിലും ഒരു ശ്രദ്ധ കിട്ടുന്നില്ല….

ചെക്കനെ ഒന്നു കാണണമെന്നാഗ്രഹത്തോടെ നോക്കിയപ്പോൾ ഞെട്ടിയത് ഞാനാണ്…..

വീൽചെയറിൽ ഇരുന്ന് കൊണ്ട് എന്നെ തന്നെ നോക്കിയിരിപ്പുണ്ട്..

കൈയ്യിൽ പ്ലാസ്റ്ററിട്ടിട്ടുണ്ട്, തലയിൽ ഒരു കെട്ടും.. ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.. ഞാൻ എന്ത് ചെയ്യണമെന്നറിയാതെ നിന്നു….
” എന്റെ രാജകുമാരിക്കുള്ള ചെക്കൻ കുതിരപ്പുറത്ത് വരും അവളുടെ അമ്മ ഇടയ്ക്കിടെ പറയുന്ന വാക്കുകൾ ചുറ്റും മുഴങ്ങുന്നതായി തോന്നി… ഇതിപ്പോ കുതിരയ്ക്ക് പകരം വീൽ ചെയറാണെന്നേയുള്ളു……

തൻ്റെ ജീവിതം തന്നെ ദൈവത്തിൻ്റെ ഒരു തമാശയാണോ എന്ന് ചിന്തിച്ച് ഒരു നിമിഷo നിശ്ചലയായി സ്വയം മറന്നു നിന്നു പോയി….

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വാതിയുടെ സ്വന്തം : ഭാഗം 1

സ്വാതിയുടെ സ്വന്തം : ഭാഗം 2