Thursday, December 19, 2024
Novel

വാസുകി : ഭാഗം 15

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

മനു… നൈസ്.. ഇപ്പോൾ ഡോക്ടറും.. എല്ലാവരും കൂടി എന്നെ ഭ്രാന്ത് പിടിപ്പിക്കും. ആരെയും വിശ്വസിക്കേണ്ട വാസുകി… എല്ലാവരും ചതിയൻമാരാ.

കണ്ണാടിയിലെ പ്രതിബിംബതെ വാസുകി ഒന്നുകൂടി നോക്കി.
എല്ലാം തിരിച്ചു പിടിക്കണ്ടേ നമുക്ക്… കള്ളനെ കണ്ടു പിടിക്കണ്ടേ..

വാസുകി മുഖം കഴുകി ഒന്ന് ഫ്രഷ് ആയി.
ആദ്യം മനുവിന്റെ ഉദ്ദേശം കണ്ടു പിടിക്കണം. അതിനു നൈസ്നെ കൂട്ട് പിടിച്ചേ മതിയാവൂ . വാസുകി ദേവന്റെ നമ്പർ ഡയൽ ചെയ്തു.

അത് വേണോ മോളെ… സ്വയം കുഴി തോണ്ടുന്നതിന് സമം അല്ലെ അത്.

വേണം അച്ഛാ… അല്ലെങ്കിൽ എത്ര നാളെന്നു കരുതിയാ ഞാൻ എല്ലാവരെയും സഹിക്കുന്നെ.. ഇനി ഒരുപക്ഷേ നൈസ് നല്ലവൻ ആണെങ്കിലോ? മനുവിനെ തകർക്കാൻ എനിക്ക് ഒരാളുടെ സഹായം കൂടിയേ തീരു.

മോളെ.. അത് പക്ഷേ നമുക്ക് വിശ്വാസം ഉള്ള ഒരാൾ ആകുന്നത് അല്ലെ നല്ലത്.?

അച്ഛൻ ഡോക്ടറുടെ കാര്യം ആണ് ഉദ്ദേശിച്ചത് എന്ന് വാസുകിക്ക് മനസിലായി.
ഡോക്ടറുടെ കാര്യത്തിൽ തനിക്കുള്ള സംശയം അവൾ ദേവനെ അറിയിച്ചു.

എല്ലാം മോൾടെ ഇഷ്ടം.. സൂക്ഷിക്കണേ മോളെ.

അവൾ ഫോൺ കട്ട് ചെയ്തു.എത്ര പെട്ടന്നാ നേരം പോകുന്നതു.. വെളുക്കുന്നതും ഇരുട്ടുന്നതും എല്ലാം പെട്ടന്ന് ആണ്. അതുപോലെ തന്നെയാണ് എന്റെ ജീവിതവും. പകലിനെ വിശ്വസിച്ചു വരുമ്പോഴേക്കും ഇരുട്ട് മുന്നിൽ മറ തീർത്തിട്ടുണ്ടാവും.

വൈകിട്ട് നമുക്ക് ഒന്ന് കാവിൽ പോയാലോ വാസുകി? തനിക്കു അത് കുറച്ചു റിലീഫ് ആയിരിക്കും.

നൈസ് ആയിരുന്നു അത്.

തന്റെ ആഗ്രഹങ്ങൾ ഒക്കെ താൻ പറയാതെ തന്നെ നൈസ് മനസിലാക്കുന്നതിൽ വാസുകിക്ക് അത്ഭുതം തോന്നി.
കാവിൽ ഒന്ന് പോയി ദേവിയെ കണ്ടു എല്ലാം പറഞ്ഞോന്നു കരയണംന്നു മനസിൽ ഓർത്തെ ഉള്ളു.

പോവാം നൈസ്… അല്ലെങ്കിലും കാവിൽ ഒക്കെ പോയ നാളു മറന്നു.

എന്നാൽ താൻ റെഡി ആകു.. നമുക്ക് പോകാം.
നൈസ് ഒരു മൂളിപാട്ടും പാടി മുറിയിലെക്ക് പോയി.

വാസുകി മനുവിനുള്ള ചായ തിളപ്പിച്ച്‌ ഫ്ലാസ്കിൽ ആക്കിയപ്പോഴേക്കും മനുവിന്റെ കാർ മുറ്റത്തു വന്നു.

നമുക്ക് ഒന്ന് കാവിൽ പോവാം ഏട്ടാ.. ഒരുപാടായി പോണംന്നു ആഗ്രഹം.

ഞാൻ ഇല്ല. നല്ല ക്ഷീണം. താൻ പൊക്കോ

വാസുകിക്ക് സന്തോഷം തോന്നി. അല്ലെങ്കിലും മനു വരരുതേ എന്ന് അവൾ പ്രാർത്ഥിച്ചിരുന്നു.

നൈസ് റെഡി ആയി താഴെ വരുമ്പോൾ മനു ഹാളിൽ ഉണ്ടായിരുന്നു.

നീ എങ്ങോട്ടാ..?

കാവിൽ.. അശ്വതി പറഞ്ഞു കാവിൽ പോകുന്നു എന്ന്. അപ്പോൾ പിന്നെ ഞാനും കൂടി പോകാംന്നു കരുതി.

നന്നായി..കൂട്ടായല്ലോ. പോയിട്ട് വേഗം വരാൻ നോക്ക്.മനു രാവിലതെ പത്രത്തിലേക്ക് മുഖം താഴ്ത്തി.

കൊള്ളാംഡോ.. ഇപ്പൊ തന്നെ കാണാൻ നല്ല ഐശ്വര്യം ഉണ്ട്.

മനു തല ഉയർത്തി നോക്കിയപ്പോൾ വാസുകി പടിയിറങ്ങി വരുന്നത് കണ്ടു.മനു വാസുകിയെ കണ്ണിമ വേട്ടാതെ നോക്കിയിരുന്നു .

നീല കരയുള്ള സെറ്റും മുണ്ടും ആയിരുന്നു വാസുകിയുടെ വേഷം. നീളമുള്ള മുടി വിടർത്തിയിട്ടിരുന്നു. കറുത്ത വട്ട പൊട്ടു മാത്രമായിരുന്നു ആകെയുള്ള ഒരുക്കം.

പോയിട്ട് വരാം ഏട്ടാ.. അവൾ നൈസ്നൊപ്പം ഇറങ്ങാൻ തുടങ്ങി.

എന്തായാലും നിങ്ങൾ രണ്ടു പേരും പോവുകയല്ലെ.. ഞാൻ എന്തിനാ ഇനി ഒറ്റക് ഇരിക്കുന്നെ.. നിക്ക് ഞാനും വരാം.

പെട്ടന്ന് ആയിരുന്നു മനുവിന്റെ തീരുമാനം. അവൻ പെട്ടെന്ന് തന്നെ റെഡി ആയി വന്നു. വാസുകിയുടെ ഡ്രസ്സ്‌നോട്‌ മാച്ച് ചെയുന്ന ഇളം നീല ഷർട്ടും മുണ്ടുമായിരുന്നു മനുവിന്റെ വേഷം.

എങ്ങനെ ഉണ്ട്… ഇപ്പോൾ നോക്ക് നൈസ്.. ഞങ്ങൾ മാച്ച് അല്ലെ.

നൈസ് കൈ കൊണ്ടു സൂപ്പർ എന്ന് കാണിച്ചു.
അപ്പോഴാണ് മനു വാസുകിയുടെ മുഖതേക്ക് നോക്കുന്നത്.

നിക്ക്… ഇപ്പോൾ വരാം.

മനു മുകളിൽ പോയി കുങ്കുമ ചെപ്പുമായി വന്നു.

സുമംഗലികൾ നെറ്റിയിൽ എപ്പോഴും സിന്ദൂരം തൊട്ടിരിക്കണം.

മനു ഒരു നുള്ള് സിന്ദൂരം വാസുകിയുടെ നെറുകയിൽ വരച്ചു കൊടുത്തു.

വാസുകിക്ക് ദേഷ്യം തോന്നി. മുൻപ് ഒരുപാട് ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു നിമിഷം. പലപ്പോഴും മനുവിനോട്‌ ആവശ്യപെട്ടിട്ടും ഉണ്ട് ഒരു നുള്ള് സിന്ദൂരം തൊട്ട് തരാൻ. പക്ഷേ അന്നൊക്കെ മനു അത് അവഗണിക്കുകയായിരുന്നു ചെയ്തതു. .

അയാൾ തന്നെ ചതിക്കുകയാണ്ന്ന് അറിഞ്ഞ അന്ന് മായ്‌ച്ചു കളഞ്ഞതാണ് നെറ്റിയിലെ ആ അടയാളം. ഇന്നത് പിന്നേയും നെറ്റിയിൽ… അത് തന്നെ പൊള്ളിക്കുന്നത് പോലെ വാസുകിക്ക് തോന്നി.

പോവാം…

മനു സന്തോഷത്തോടെ ചോദിച്ചു.
ഒന്നും പറയാതെ നൈസും വാസുകിയും മനുവിനെ അനുഗമിച്ചു.

തൊഴുതു ഇറങ്ങിയപ്പോൾ വാസുകിയുടെ മനസ് കുറച്ചു ശാന്തമായിരുന്നു. മനുവും നൈസും ഇറങ്ങി വരുന്നതും നോക്കി വാസുകി പടിക്കൽ കാത്തു നിന്നു.

ദാ… പ്രസാദം. അവൾ രണ്ടു പേർക്കും പ്രസാദം വച്ചു നീട്ടി. മനു അതിൽ നിന്ന് കുറച്ചു ചന്ദനം വാസുകിയുടെ നെറ്റിയിൽ വരച്ചു.

മനുവിന്റെ പ്രാവർത്തി കണ്ടു അന്തം വിട്ടു നിൽക്കുകയായിരുന്നു വാസുകി.

എന്താടോ…?

ഒന്നുമില്ല.

ന്നാ വാ പോവാം. അവർ കാറിന്റെ അടുത്തേക്ക് നടന്നു. നടക്കുന്നതിന്റെ ഇടയിൽ മനു വാസുകിയുടെ കൈ കോർത്തു പിടിച്ചു.

അശ്വതി മുൻപിൽ കയറിക്കോ.?

ഡോർ തുറന്നു പിടിച്ചു കൊണ്ടു മനു പറഞ്ഞപ്പോൾ വാസുകിക്ക് അനുസരിക്കാതിരിക്കാനായില്ല. അവൾ മനുവിന്റെ ഒപ്പം മുൻപിൽ കയറി.

മനു ഇടക്ക് ഇടക്ക് ഇടംകണ്ണിട്ട് തന്നെ നോക്കുന്നതു വാസുകി കാണുന്നുണ്ടായിരുന്നു.
മനുവിന്റെ പ്രവർത്തികൾ നൈസ്നെ അസ്വസ്ഥനാക്കാൻ തുടങ്ങി.

മനു വണ്ടി നിർത്തു.. എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോകണം.

ഈ രാത്രിയിലോ..

ഹ്മ്മ്..

എന്തായാലും നാളെ നേരം വെളുത്തിട്ട് പോയാൽ മതി. ഇന്ന് നമ്മൾ എല്ലാവരും കൂടി ഒന്ന് കൂടുന്നു. ഒരു ഹാപ്പി മൊമെന്റ്.

അതിന് ഇന്ന് എന്താ പ്രത്യേകത.? നൈസ് ഈർഷ്യയോടെ ചോദിച്ചു.

വെറുതെ.. ഒരു രസം. കുറെ നാളായി എല്ലാവരും ഭയങ്കര ടെൻഷനിൽ അല്ലെ.. അതിൽ നിന്ന് ഒരു മോചനം വേണ്ടേഡോ.

ഇത് പുതിയ അടവ് എന്തെങ്കിലും ആകുമോ എന്ന് വാസുകി ഭയന്നു. ഇന്ന് വരെ കാണാത്ത മാറ്റമാണ് മനുവിന്. പെട്ടെന്നുള്ള ഈ സ്നേഹ പ്രകടനങ്ങൾ എന്തിനായിരിക്കും.

പിന്നീട് അങ്ങോട്ടുള്ള മനുവിന്റെ പ്രവർത്തികൾ ആരെയും അത്ഭുതപെടുത്തുന്നതായിരുന്നു.

ഇന്നത്തെ കുക്കിങ് എന്റെ വക…ഞാൻ ഉണ്ടാക്കാം.
വാസുകിയെ മാറ്റി നിർത്തി മനു അടുക്കള ഭരണം ഏറ്റെടുത്തു.

എനിക്കറിയാം താനിപ്പോ എന്താ ആലോചിക്കുന്നതെന്ന്. എനിക്കീ പണി ഒക്കെ അറിയോ എന്നല്ലേ.

വാസുകി മറുപടി പറയാതെ ഒന്ന് പുഞ്ചിരിച്ചു.

ഇതൊക്കെ അറിയാംഡോ… പിന്നെ ചെയ്യാറില്ല എന്ന് മാത്രം.

ഇതൊക്കെ എന്തിനുള്ള അടവ് ആണോ എന്തോ.. വാസുകി ഉള്ളിൽ പറഞ്ഞു.

മനു തന്നെ വാസുകിക്ക് ഭക്ഷണം വിളമ്പി കൊടുത്തു.

കഴിക്കെഡോ… ഞാൻ ആദ്യമായി ഉണ്ടാക്കി തരുന്നത് അല്ലെ.

മനു എപ്പോഴും വാസുകിയുടെ കൂടെ തന്നെ ഉള്ളത് കൊണ്ടു നൈസ്ന് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു. അവൻ മനഃപൂർവം മനുവിനെ ദേഷ്യം പിടിപ്പിക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു.

എന്താ മനു… വല്ല കൈ വിഷവും ചേർത്തിട്ടുണ്ടോ.. അശ്വതിയെ കാര്യമായി കഴിപ്പിക്കുന്നുണ്ടല്ലോ. നൈസ് തമാശ രൂപേണ പറഞ്ഞു.

എന്റെ ഭാര്യക്ക് കൈ വിഷം കൊടുക്കേണ്ട കാര്യം ഒന്നും എനിക്കില്ല നൈസ്. പിന്നെ ഇത്… ഇത് എന്റെ സ്നേഹമാണ്..

അത് അവൾ മനസിലാക്കിയാൽ മതി. പുറത്ത് നിന്ന് ആരെയും അത് ബോധിപ്പിക്കണ്ട കാര്യം എനിക്കില്ല.

ചിരിച്ചു കൊണ്ടാണ് പറഞ്ഞത് എങ്കിലും മനു അത് കാര്യമായിട്ടാണ് പറഞ്ഞത് എന്ന് നൈസ്ന് മനസിലായി.

ഓഹ്… നിങ്ങൾ ഭാര്യക്കും ഭർത്താവ്നും ഇടക്ക് ഞാനില്ലേ.

നൈസ് പാതി കഴിച്ചു എഴുന്നേറ്റു. നൈസ് പോയതോടെ മനുവിന്റെ കണ്ണുകൾ വാസുകിയിൽ തന്നെ ആയി.

എന്താ ഏട്ടാ… ഇങ്ങനെ നോക്കുന്നത്.

അവൾ കഴിക്കുന്നതു കണ്ണിമ വെട്ടാതെ നോക്കിയിരിക്കുകയായിരുന്ന മനു ചോദ്യം കേട്ട് ചമ്മലോടെ ഒന്നുമില്ലെന്ന് തലയാട്ടിയിട്ട് എഴുന്നേറ്റു.

മനുവിന്റെ ഈ മാറ്റം എന്തുകൊണ്ടാണ്ന്ന് ഒരു പിടിയുമില്ലല്ലോ ഈശ്വര.. എന്തോ ആപത്തു വരാൻ പോകുന്നു..വാസുകിക്ക് പേടി തോന്നി.

രാത്രി ഓരോന്ന് ആലോചിച്ചു വളരെ വൈകിയാണ് വാസുകി കിടന്നത്. മനു താഴെ അമ്മയുടെ മുറിയിൽ ആയിരുന്നു.

പാതി ഉറക്കത്തിൽ കട്ടിലിൽ ആരോ ഇരിക്കുന്നതു പോലെ തോന്നിയ വാസുകി ചാടി എഴുന്നേറ്റു ലൈറ്റ് ഇട്ടു.

മനു ഉറങ്ങുക തന്നെയാണോ.. അതോ ഞാൻ എഴുന്നേൽക്കുന്നത് അറിഞ്ഞു ഉറക്കം നടിക്കുകയാണോ.

തന്റെ അടുത്ത് ചാരി ഇരുന്നുറങ്ങുന്ന മനുവിനെ കണ്ടു അവൾ ഒരു നിമിഷം സംശയിച്ചു.

അവൾ പതുക്കെ അവനെ തട്ടി വിളിച്ചു.
കള്ള ഉറക്കം ആണെന്ന് എനിക്ക് മനസിലായി.
അവന്റെ പ്രതികരണം എന്തായിരിക്കും എന്നറിയാൻ അവൾ രണ്ടും കല്പിച്ചു പറഞ്ഞു.

ഒരു ചമ്മിയ ചിരിയോടെ മനു കണ്ണ് തുറന്നു.

ഓഹ്… കള്ളത്തരം ആയിരുന്നു അല്ലെ. എന്താ ഉദ്ദേശം? കുറച്ചു ദേഷ്യത്തോടെയാണ് അവൾ ചോദിച്ചതു. ഉള്ളിൽ പക്ഷേ മനു തന്നെ അപകടപെടുത്തുമോ എന്ന പേടിയായിരുന്നു.

അത്… പിന്നെ… ഞാൻ.

വാക്കുകൾക്കായി പരത്തുന്ന മനുവിനെ കണ്ടു വാസുകിക്ക് അത്ഭുതം തോന്നി. എന്തിനും ഏതിനും സ്പോട്ടിൽ മറുപടി കൊടുക്കുന്ന ആളാണ് മനു. ഇപ്പോൾ പക്ഷേ എന്ത് പറയണം എന്നറിയാതെ ആകെ പെട്ട അവസ്ഥയിൽ ആണ് മനു.

എന്താ ഏട്ടാ..? അവൾ ധൈര്യം സംഭരിച്ചു മനുവിനെ പതുക്കെ തൊട്ടു.

പെട്ടന്ന് മനു അവളെ ചേർത്തു പിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു.

ലവ് യു അശ്വതി. മനു പെട്ടെന്ന് തന്നെ താഴേക്കു പോയി. വാസുകി വിശ്വസിക്കാൻ കഴിയാതെ കവിളിൽ കൈ ചേർത്തു മരവിച്ചിരുന്നു

(തുടരും )

വാസുകി : ഭാഗം 1

വാസുകി : ഭാഗം 2

വാസുകി : ഭാഗം 3

വാസുകി : ഭാഗം 4

വാസുകി : ഭാഗം 5

വാസുകി : ഭാഗം 6

വാസുകി : ഭാഗം 7

വാസുകി : ഭാഗം 8

വാസുകി : ഭാഗം 9

വാസുകി : ഭാഗം 10

വാസുകി : ഭാഗം 11

വാസുകി : ഭാഗം 12

വാസുകി : ഭാഗം 13

വാസുകി : ഭാഗം 14