Saturday, April 20, 2024
Novel

വാസുകി : ഭാഗം 8

Spread the love

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

Thank you for reading this post, don't forget to subscribe!

ആ കാഴ്ച കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നുവെങ്കിലും കണ്മുന്നിൽ കിടന്നു പിടയുന്ന സുഭദ്രയെ കണ്ടു നിൽക്കാൻ വാസുകിക്ക് ആയില്ല. അവൾ അവരെ താങ്ങി എടുക്കാൻ ശ്രെമിച്ചു. അപ്പോഴേക്കും നൈസ് അവരുടെ അടുത്തേക് വന്നു.

നല്ല ബ്ലീഡിങ് ഉണ്ടല്ലോ അശ്വതി.. ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ഞാൻ സഹായിക്കണോ.

പിന്നെ ഇവിടെ ഇട്ടിട്ട് പോകാൻ പറ്റുമോ.. എന്റെ അമ്മ അല്ലേ. നോക്കി നിക്കാതെ പിടിക്ക്

നൈസും ആശ്വതിയും ചേർന്ന് സുഭദ്രയെ താങ്ങിയെടുത്ത് ഹോസ്പിറ്റലിൽ കൊണ്ടു പോയി. പോകും വഴി മനുവിനെ വിളിച്ചു പറയാനും നൈസ് മറന്നില്ല.

ഐ സി യു വിന് മുന്നിൽ നിൽക്കുമ്പോഴും വാസുകിയുടെ ഉള്ളു നിറയെ ഭയമായിരുന്നു.
നൈസ് തന്നെയാണ് അമ്മയെ തള്ളിയിട്ടത്…

പക്ഷേ എന്തിനാവും. രണ്ടും കല്പ്പിച്ചു നൈസിനോടു നേരിട്ട് തന്നെ ചോദിക്കാൻ വാസുകി തീരുമാനിച്ചു.

നൈസ്… എനിക്കൊരു കാര്യം പറയാനുണ്ട്.

പറഞ്ഞോളൂ അശ്വതി.. നൈസ് സന്തോഷത്തോടെ അവളുടെ അടുത്തേക്ക് ചെന്നു.

സത്യം പറയു നൈസ്… അമ്മക്ക് എന്താ പറ്റിയത്?

താൻ കണ്ടതല്ലേ… തന്റെ മുന്നിൽ അല്ലേ അവർ വന്നു വീണത്?

വീണത് എന്റെ മുന്നിലാണ് നൈസ്.. പക്ഷേ എനിക്ക് അറിയേണ്ടത് എങ്ങനെയാണ് വീണത് എന്നാണ്.

താനെന്താടോ… ഒരുമാതിരി ചോദ്യം ചെയ്യും പോലെ. താൻ പറയുന്നത് കേട്ടാൽ തോന്നുമല്ലോ ഞാനാണ് അത് ചെയ്തത് എന്ന്.വാസുകിയിൽ നിന്ന് മുഖമൊളിപ്പിച്ചു കൊണ്ട് നൈസ് പറഞ്ഞു. .

താനെത്ര ഒളിപ്പിക്കാൻ ശ്രെമിച്ചാലും എനിക്കറിയാം നൈസ്… താനാണ് അതിന്റെ പിന്നിൽ എന്ന്. സത്യം പറ….താനല്ലേ അമ്മയെ തള്ളിയിട്ടത്.

അതേ.. ഞാൻ തന്നെയാ. കൊല്ലാൻ വേണ്ടി ചെയ്തതാ.. പക്ഷേ അവർക്ക് ദൈവം ഇനിയും ആയുസ് കൊടുത്തിട്ടുണ്ട്ന്ന് തോന്നുന്നു.അല്ലെങ്കിൽ അവർ നിന്റെ മുന്നിൽ വന്നു വീഴില്ലല്ലോ

വാസുകി ഞെട്ടലോടെ അയാളെ നോക്കി ഒരായിരം സംശയങ്ങൾ അവൾക്കുള്ളിൽ മുളപൊട്ടി തുടങ്ങിയിരുന്നു.

പക്ഷേ എന്തിനു നൈസ്… അവരും നീയുമായി എന്താ ബന്ധം.. കൊല്ലാൻ തീരുമാനിക്കാൻ പാകത്തിന് എന്ത് അവരോടു നിനക്കെന്താണ് ഇത്ര ദേഷ്യം.

നീ… നീയാണ് അശ്വതി കാരണം.

ഞാൻ…. ഞാനോ.അവൾ വിശ്വാസം വരാതെ ചോദിച്ചു.

അതെ… നിന്നോടുള്ള സ്നേഹം കൊണ്ടു ചെയ്തു പോയതാണ് ഞാൻ. എനിക്ക് വേണം അശ്വതി നിന്നെ.. അതിന് തടസ്സം നിക്കുന്നത് ആരായിരുന്നാലും തട്ടി മാറ്റും ഞാൻ. നൈസ് അവളെ പിടിച്ചു തന്നിലെക്ക് അടുപ്പിക്കാൻ ശ്രെമിച്ചു.

കൈ നീട്ടി നൈസ്ന്റെ മുഖമടച്ചു ഒരടി കൊടുത്തു വാസുകി. അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ നൈസ് കൈ വിട്ടു.

തൊട്ട് പോകരുത് എന്നെ. തൊട്ടാൽ…ഈ അശ്വതി ആരാണെന്നു താൻ അറിയും.

നൈസ് അവളെ നോക്കി ഉറക്കെ ചിരിക്കാൻ തുടങ്ങി. അവളുടെ അടുത്തേക്ക് ഒരു ചുവട് കൂടി വച്ചു.

എനിക്കറിയാം… നിന്നെ.. പക്ഷേ ഈ നൈസ് ആരാണെന്നു നിനക്കറിയില്ല.

ഹ്മ്മ്… എനിക്കറിയാം നൈസ്. പണത്തിനു വേണ്ടി നീയും മനുവും കളിച്ച നാടകം നീ പറയും മുൻപേ അറിഞ്ഞവളാണ് ഞാൻ.

ഇപ്പൊ, എന്തും ചെയ്യാൻ മടിക്കാത്ത ഒരു ദുഷ്ടൻ ആണ് നീയെന്നും എനിക്ക് മനസിലായി.ഇതിൽ കൂടുതൽ നിന്നെ അറിയേണ്ട ആവശ്യം എനിക്കില്ല.

നൈസ് ചിരിച്ചു കൊണ്ടു തന്നെ അവൾ പറയുന്നത് കേട്ടിരുന്നു.

ഇനി മേലിൽ നിന്നെ എന്റെ വീട്ടിൽ കണ്ടു പോകരുത്. നീ കരുതും പോലൊരു പെണ്ണല്ല ഞാൻ. എനിക്ക് ഒരു കുടുംബമുണ്ട്…

നീയായിട്ട് എന്റെ ജീവിതത്തിൽ തടസ്സം നിക്കരുത് ഇതൊരു അപേക്ഷയാണ്. തൊഴു കൈകളോടെ അത്രയും പറഞ്ഞിട്ട് വാസുകി പിന്തിരിഞ്ഞു.

അങ്ങനെ അങ്ങ് പോയാലോ അശ്വതി. എനിക്ക് പറയാനുള്ളത് കൂടി കേൾക്കണം.
നൈസ് അവളെ പിടിച്ചു നിർത്തി.

താൻ കരുതും പോലെ ഞാൻ തന്റെ ശത്രു ഒന്നുമല്ല. തന്നെ പറ്റി എന്തൊക്കെയോ രഹസ്യങ്ങൾ മനുവും അമ്മയും ഒളിക്കുന്നുണ്ടെന്നു തോന്നിയപ്പോഴാ ഞാൻ അതിനെ കുറിച്ച് മനുവിനോട് തിരക്കിയത്.

മദ്യത്തിന്റെ ലഹരിയിൽ അവനെന്നോട് എല്ലാം പറഞ്ഞു. അതൊക്കെ അറിഞ്ഞാൽ താനും അവരോട് ഇങ്ങനെ ഒക്കെയേ പെരുമാറൂ.

അവർക്ക് തോന്നും പോലെ പന്ത് തട്ടാനുള്ള പാവയല്ല അശ്വതി താൻ. ജീവിക്കണ്ടേടോ തനിക്… അത് എന്റെ കൂടെ വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്.

എനിക്ക് ഇഷ്ടമാണ് അശ്വതി തന്നെ.. തനിക് വേണ്ടി ആരുടെ ജീവൻ എടുക്കാനും കൊടുക്കാനും ഞാൻ തയ്യാറാണ്.

ഭ്രാന്താണ് തനിക്.. മറ്റൊരാളുടെ ഭാര്യയെ സ്വന്തമാക്കാൻ നടക്കുന്ന ദുഷ്ടൻ. കടന്നു പോ എന്റെ മുന്നിൽ നിന്ന്. വാസുകി നൈസ്നെ മുന്നിൽ നിന്ന് തള്ളിമാറ്റി.

ആ സമയത്തു ആണ് മനു എത്തുന്നത്.

അശ്വതി… അമ്മക്ക് എന്താ പറ്റിയത്?

മനുവിന്റെ പേടിയും വെപ്രാളവും കണ്ടപ്പോൾ വാസുകിക്ക് സന്തോഷം തോന്നി.

ഇങ്ങനെ ഞാനും കിടന്നതാണ് മനു.. അന്ന് എന്റെ അച്ഛൻ അനുഭവിച്ച വേദന എന്താണെന്നു ഇപ്പൊ നിനക്ക് മനസിലാകൂന്നുണ്ടാകും. അവൾ സന്തോഷം മറച്ചു വച്ചു മനുവിന്റെ അടുത്തേക്ക് ചെന്നു.

തുണി ഇടാൻ പോയപ്പോൾ കാലു തെറ്റി വീണതാണ് മനു.. ഭാഗ്യത്തിന് കൃത്യ സമയത്തു ഞാൻ കണ്ടു. ഇല്ലെങ്കിൽ…വാസുകി നൈസ്ന്റെ കാര്യം മനഃപൂർവം വിട്ടു കളഞ്ഞു. ബോധം വന്നാലേ എന്തെങ്കിലും പറയാൻ പറ്റു എന്നാണ് ഡോക്ടർ പറഞത്.

മനു ആകെ തകർന്ന അവസ്ഥയിൽ ആയിരുന്നു.
ഒരാഴ്ചയോളം സുഭദ്ര ഐ സി യുവിൽ തന്നെ ആയിരുന്നു. ആ ദിവസങ്ങളിൽ ഒന്നും നൈസ് അവിടെ ഇല്ലാതിരുന്നത് വാസുകിക്ക് ആശ്വാസമായി.

ഞാൻ വീട്ടിൽ പോയിട്ടു വരാം മനുവേട്ടാ.. ഒരാഴ്ചയായില്ലേ അടിക്കാതെയും തൂക്കാതെയും കിടക്കുന്നു.

ഹ്മ്മ്.. പോയിട്ട് വാ. മനു സമ്മതം മൂളി.

മുറ്റം ആകെ കരിയില നിറഞ്ഞു കിടന്നിരുന്നു. കുറച്ചു നാളായി അടഞ്ഞു കിടന്നതിന്റെ പഴകിയ മണം വാതിൽ തുറന്നപ്പോഴേ അവളുടെ മൂക്കിലേക്ക് അടിച്ചു കയറി.

ചെന്ന പാടെ അവൾ ബെഡിന് അടിയിൽ നിന്ന് ഫോൺ എടുത്തു. ഇരുപത്തിയാറു മിസ്സ്ഡ് കാൾസ്.
ഒരാഴ്ചയായി അച്ഛനെ വിളിച്ചിട്ട്.

അവൾ രഘുവിന്റെ നമ്പർ ഡയൽ ചെയ്തു. രണ്ടു റിങ് അടിച്ചു ഫോൺ ഓഫായപ്പോൾ അവൾക് പേടി തോന്നി.
ഒന്നു കൂടി ഡയൽ ചെയ്തപ്പോൾ നമ്പർ സ്വിച് ഓഫ്.

അങ്കിൾ സാധാരണ ഫോൺ ഓഫ്‌ ചെയ്യാറില്ല. ഈശ്വരാ… എന്തെങ്കിലും അപകടം…

പെട്ടന്നാണ് മറ്റൊരു നമ്പറിൽ നിന്ന് അവൾക് കാൾ വന്നത്. അവൾ മടിച്ചു മടിച്ചു ഫോൺ എടുത്തു.

ഹലോ.. മോളേ.. അങ്കിൾ ആണ്. ആ ഫോണിന്റെ ബാറ്ററി ലോ ആയി. അതാ ഇതിൽ നിന്ന് വിളിച്ചത്.

ഞാൻ പേടിച്ചു പോയി അങ്കിൾ. അവിടെ കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ.

ഇല്ല മോളേ.. അവിടെ എങ്ങനെയുണ്ട്. മോളെന്താ കുറച്ച് നാളായി വിളിക്കാതെ ഇരുന്നത്.

ഇവിടെ അല്ലേ അങ്കിൾ വിശേഷം. ആലക്കലെ സുഭദ്രാമ്മക്ക് അടിതെറ്റി. ടെറസിൽ നിന്ന് വീണു ഹോസ്പിറ്റലിൽ ആണ്. ഒരാഴ്ചയായി. പെട്ടെന്ന് പോന്നത് കൊണ്ടു എനിക്ക് ഫോൺ കൊണ്ടു പോകാൻ പറ്റിയില്ല. പിന്നെ മനു എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.

അവർ വീണോ… സത്യം പറ മോളെ… നീയാണോ അതിന് പിന്നിൽ.

അല്ല അങ്കിൾ.. ഇത് ദൈവം അവർക്കായി കരുതി വച്ചതാണ്. ഇനി പരസഹായമില്ലാതെ അവർക്കൊന്നു എഴുന്നേൽക്കാൻ പോലും ആകില്ല. നാവുയർത്തി സംസാരിക്കാനും.

നന്നായി… ദൈവം എല്ലാം കാണുന്നുണ്ടെന്നു ഇപ്പൊ മനസിലായില്ലേ മോളെ.അവരുടെ കിടപ്പ് ഒന്നു കാണാൻ പറ്റുന്നില്ലല്ലോ എന്ന സങ്കടമേ എനിക്കുള്ളൂ.

നൈസ്ന്റെ കാര്യം പറയണോ എന്ന് വാസുകി ഒന്നാലോചിച്ചു.

പിന്നെ… അങ്കിൾ മറ്റൊരു പ്രശ്നം കൂടി ഉണ്ട്. ഇവിടെ മനുവിന്റെ ഒരു ഫ്രണ്ട് താമസിക്കാൻ വന്നിട്ടുണ്ട്. വാസുകി കാര്യങ്ങൾ ചുരുക്കി പറഞ്ഞു.

സൂക്ഷിക്കണം മോളെ അവനെ. ഒരു കണക്കിന് അവൻ നിനക്ക് സഹായമാണ്.. പക്ഷേ നിനക്ക് അവനോടു സ്നേഹമില്ലെന്നു തോന്നിയാൽ ചിലപ്പോൾ നിന്നെയും അവൻ ഉപദ്രവിച്ചാലോ.

പേടിക്കണ്ട അങ്കിൾ. അയാൾ എന്നെ ഒന്നും ചെയ്യില്ല. ഒരാഴ്ചയായി അയാൾ മിസ്സിംഗ്‌ ആണ്
അങ്കിൾ അച്ഛന് ഫോൺ കൊടുക്കുവോ?

കൊടുക്കാം മോളെ.ദേവൻ എല്ലാം കേട്ട് കൊണ്ടാണ് ഇരിക്കുന്നത്. . രഘു ഫോൺ ദേവനു കൈ മാറി.

സൂമോളേ…

ആ വിളി കേട്ടതും വാസുകിക്ക് കരച്ചിൽ അടക്കാനായില്ല.

കരയല്ലേ മോളെ… . എന്റെ മോള് ഒരാപത്തും കൂടാതെ തിരിച്ചു വന്നാൽ മതി അച്ഛന്. നമുക്ക് ആരോടും പ്രതികാരം ഒന്നും വേണ്ട. എത്രയും പെട്ടന്ന് എന്റെ മോള് അവിടുന്ന് ഇങ്ങ് പോരേ.

അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ വാസുകിക്ക് സന്തോഷമടക്കാൻ കഴിഞ്ഞില്ല.

അച്ഛന്റെ അസുഖമൊക്കെ…

ഒക്കെ മാറി മോളെ.. അതു പറയാൻ അന്ന് മുതൽ വിളിക്കുന്നതാ നിന്നെ. മോളെന്നാ അച്ഛന്റെ അടുത്തേക്ക് വരുന്നത്.

വരാം അച്ഛാ… പക്ഷേ ഇപ്പോൾ അല്ല.. കുറച്ചു കൂടി കഴിഞ്ഞിട്ട്. അച്ഛന്റെ മോള് തിരിച്ചു വരും. പിന്നെ അന്ന് അച്ഛന് ഒരു സർപ്രൈസ് കൂടി ഉണ്ടാകും കെട്ടോ.

ശെരി മോളെ.. ഒക്കെ നിന്റെ ഇഷ്ടം.
സംസാരിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടക്ക് രഘു ആരോടോ സംസാരിക്കുന്നത് വാസുകി കേട്ടു.

ആരാ അച്ഛാ അവിടെ?

അറിയില്ല മോളെ.. നോക്കട്ടെ. ദേവൻ ഫോൺ ഓഫാക്കാതെ രഘുവിന്റെ അടുത്തേക്ക് ചെന്നു.
രഘു അവിടെ ഒരു ചെറുപ്പ്ക്കാരനുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ആരോ… രഘുവിന്റെ പരിചയക്കാരൻ ആണെന്ന് തോന്നുന്നു. എന്നാ മോള് വച്ചോ.. അച്ഛൻ പിന്നെ വിളിക്കാം.

വാസുകി ഫോൺ ഓഫ്‌ ചെയ്തിട്ടു പണികളിൽ മുഴുകി. അവർക്ക് കഴിക്കാനുള്ള ഭക്ഷണവും മനുവിനും സുഭദ്രക്കുമുള്ള ഡ്രെസ്സും പാക്ക് ചെയ്തു ഇറങ്ങാൻ നേരമാണ് നൈസ്നെ കുറിച്ച് ഓർമ വന്നത്. അവൾ സാധനങ്ങൾ എല്ലാം പുറത്ത് വച്ചിട്ട് സ്റ്റെപ് കയറി നൈസ്ന്റെ റൂമിനു മുന്നിൽ ചെന്നു.

ഇത് പൂട്ടിയിരിക്കുകയാണല്ലോ.. അവൾ ജനൽ വഴി അകത്തേക്കു നോക്കി. അയാളുടെ ചില ഡ്രെസ്സും സാധനങ്ങളും അകത്തു തന്നെ ഉണ്ടായിരുന്നു.

ഓഹ്.. അപ്പോൾ പുറപ്പെട്ടു പോയതല്ല..തിരിച്ചു വരും. നൈസ്നെ കുറിച്ച് എന്തായാലും മനുവിനോട് തിരക്കണം. കുറച്ചു കാര്യങ്ങൾ അറിഞ്ഞു വയ്ക്കുന്നത് നല്ലതാണ്.
അവൾ വീടുപൂട്ടി ഇറങ്ങി.

സുഭദ്രയെ വാർഡിലേക്ക് മാറ്റിയിരുന്നു.

എന്താ അശ്വതി ഇത്ര താമസിച്ചത്..നീ വരാതെ എനിക്ക് ഇവിടുന്നു ഒന്നു മാറാൻ പോലും പറ്റില്ലാന്ന് അറിയില്ലേ. അമ്മക്കുള്ള ഇൻജെക്ഷന്റെ മരുന്ന് മേടിക്കാൻ പറഞ്ഞിട്ടു ഇത് വരെ പോയില്ല.

ഇതേ അവസ്ഥയിൽ എന്റെ അച്ഛനിരുന്നിട്ടുണ്ട് മനു.. സഹായിക്കാൻ ആരുമില്ലാതെ. മൂത്ത മകളും ഭാര്യയും മരിച്ച ദുഃഖത്തിലും ഉള്ള ഒരു മകളെ കൂടി നഷ്ടപെടുമോ എന്നുള്ള ഭയത്തിലും നീറി നീറി.. മാസങ്ങളോളം.

കണ്ണു തുറന്നു വച്ചു നീ എന്ത് സ്വപ്നം കാണുവാ അശ്വതി.. നീ ഈ ലോകത്ത് എങ്ങുമല്ലേ..

മനുവിന്റെ വിളി വാസുകിയെ ഓർമ്മകളിൽ നിന്നുണർത്തി.

ഒരാഴ്ചയായി അടച്ചിട്ട വീടല്ലേ ഏട്ടാ.. പിടിപ്പതു പണി ഉണ്ടായിരുന്നു. അതാ താമസിച്ചത്. ഞാൻ മരുന്ന് മേടിച്ചിട്ട് വരാം.

വാസുകി ചീട്ടുമായി പോയി മരുന്ന് വാങ്ങി വന്നു.

ആ നൈസ് എവിടെ പോയതാണ് മനുവേട്ടാ… കണ്ടിട്ട് ഒരാഴ്ചയായല്ലോ? അയാൾ ഉണ്ടായിരുന്നുവെങ്കിൽ ഏട്ടന് ഒരു സഹായമായേനെ.

അവന്റെ ഏതോ ബന്ധുവിനെ തിരക്കി പോയതാണ് അവൻ. എന്നെ വിളിച്ചിരുന്നു. നാളെ വരും.

അയാളുടെ വീട് എവിടെയാണ്..എന്തായാലും നമ്മുടെ നാട്ടുകാരൻ അല്ലെന്ന് ഉറപ്പാണ്.

നൈസ്നെ പറ്റിതുടരെ തുടരെയുള്ള അവളുടെ ചോദ്യം മനുവിൽ സംശയമുണർത്തി

എന്താ ഇപ്പൊ അവനെ പറ്റി തിരക്കാൻ.. തനിക്കു കണ്ടു കൂടായിരുന്നല്ലോ തനിക്

അത് പിന്നെ ഏട്ടാ… ഒരാപത്തു സമയത്തു സഹായിച്ചതല്ലേ.. അതുകൊണ്ട് തിരക്കിയതാ.. പിന്നെ അയാളെ കുറിച്ച് കുറച്ചു കാര്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ ഏട്ടാ.

താൻ കരുതും പോലെ നൈസ് കുഴപ്പക്കാരൻ ഒന്നുമല്ല. അതോർത്തു താൻ ടെൻഷൻ അടിക്കേണ്ട.

ഏട്ടൻ അങ്ങനെ കണ്ണടച്ച് വിശ്വസിക്കുകയൊന്നും വേണ്ട …

മറ്റുള്ളവരുടെ ഉള്ളിലിരുപ്പ് എന്താന്ന് നമുക്ക് എങ്ങനെ അറിയാനാകും. ഉദാഹരണത്തിനു ഇപ്പൊ ഏട്ടൻ എന്താ ചിന്തിക്കുന്നത് എന്നെനിക്ക് അറിയില്ലല്ലോ.. അതുപോലെ..

പെട്ടന്ന് മനുവിന്റെ മുഖം വല്ലാതായി.

മുഖം കറുപ്പിക്കണ്ട.. ഞാൻ ഏട്ടനെ പറഞ്ഞത് അല്ല . ഒരു ഉദാഹരണം പറഞ്ഞതാ. പിന്നെ നാളെ മുതൽ ഏട്ടൻ ഓഫീസിൽ പൊക്കോ. അമ്മയെ ഞാൻ നോക്കികൊള്ളാം.

പിറ്റേന്ന് മനു ഓഫീസിൽ പോയി കഴിഞ്ഞപ്പോൾ വാസുകിയും അമ്മയും റൂമിൽ തനിച്ചായി. വീണപ്പോൾ താടയെല്ലിനു പരിക്ക് പറ്റിയിരുന്നതിനാൽ അവർക്ക് സംസാരിക്കാൻ കഴിയുമായിരുന്നില്ല.

ആവതുള്ള കാലത്തു ചെയ്ത പാപങ്ങളുടെ ഫലമാ വയസാം കാലത്തു അനുഭവിക്കുന്നത് എന്നാ പറയാ..അമ്മ എന്തോ വലിയ തെറ്റ് ചെയ്തിട്ടുണ്ട് അതല്ലേ ഇങ്ങനെ അനങ്ങാനും മിണ്ടാനും പാടില്ലാതെ കിടക്കുന്നത്.

സുഭദ്ര എന്തോ ഓർത്തു കണ്ണുനീർ പൊഴിക്കാൻ തുടങ്ങി.

എന്താ ആലോചിക്കുന്നത്… അശ്വതിയെ കുറിച്ച് ആണോ.?

സുഭദ്രയുടെ മുഖത്തു ഭയം നിറയുന്നത് വാസുകി കാണുന്നുണ്ടായിരുന്നു.

എന്റെ ഓർമ്മക്ക് ഒരു കുഴപ്പവുമില്ല. എന്റെ ചേച്ചിയോട് നിങ്ങൾ കാണിച്ച ക്രൂരതകൾ ഒന്നും മറന്നിട്ടില്ല ഞാൻ. ഞാൻ ചെയ്യാൻ ഇരുന്നതാ നൈസ് ചെയ്തത്.

അടുത്തത് നിങ്ങളുടെ മകനാണ്.. എന്റെ കുടുംബമില്ലാതെയാക്കിയവരോട് എണ്ണി എണ്ണി പകരം ചോദിക്കും ഞാൻ.

കൊള്ളാം വാസുകി നീ മിടുക്കിയാ ….

ശബ്ദം കേട്ടു ഞെട്ടലോടെ വാസുകി വാതിൽക്കലേക്ക് തിരിഞ്ഞു നോക്കി.

(തുടരും )

വാസുകി : ഭാഗം 1

വാസുകി : ഭാഗം 2

വാസുകി : ഭാഗം 3

വാസുകി : ഭാഗം 4

വാസുകി : ഭാഗം 5

വാസുകി : ഭാഗം 6

വാസുകി : ഭാഗം 7