Saturday, December 14, 2024
Novel

വാസുകി : ഭാഗം 6

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

ഇന്നത്തോടെ എല്ലാം തീർന്നെടാ…. അവളെല്ലാം കേട്ടു.. ഇനി നമ്മുടെ പ്ലാൻ ഒന്നും നടക്കില്ല.

അമ്മ എന്താ ഈ പറയുന്നേ… ആര് കേട്ടൂന്നാ.. വാസുകിയോ

അവള് തന്നെ.. അവളാ കതകിന് പിന്നിൽ നിൽക്കുന്നതു ഞാൻ കണ്ടതാ… ഒക്കെ കേട്ടു കാണും . കണ്ണു മിഴിച്ചു നിക്കാതെ ഒന്ന് പോയി നോക്ക് ചെറുക്കാ…

മനു മുറിക്കു പുറത്തേക്കു ചെന്നപ്പോൾ ബോധരഹിതയായി കിടക്കുന്ന വാസുകിയെ ആണ് കണ്ടത്.

അശ്വതി… അശ്വതി… മനു കവിളിൽ തട്ടി അവളെ ഉണർത്താൻ നോക്കി.

അമ്മേ… കുറച്ചു വെള്ളമിങ്ങെടുക്ക്… ഇവൾക്ക് ബോധമില്ല.

വെള്ളം ഒഴിച്ച് എണീപ്പിക്കണ്ട… ആ മുദ്ര പത്രത്തിൽ അവള്ടെ വിരൽ പതിപ്പിചിട്ട് ഇപ്പോൾ തന്നെ അങ്ങ് കൊന്നു കളഞ്ഞേക്കാം.. അല്ലേ അവള് എണീറ്റു വരുമ്പോൾ നമ്മുടെ ഗതി അധോഗതി ആവും. എന്താടാ…. കൊല്ലാം നമുക്ക് ഇവളെ?

മനു അമ്മയെ ദേഷ്യത്തോടെ നോക്കി.
ഒന്ന് പോകുന്നുണ്ടോ… ഓരോ പൊട്ടതരവും പറഞ്ഞു വന്നോളും. വീട്ടിൽ കിടന്നു മതിയായോ അമ്മക്ക്.. ഗവണ്മെന്റ് ചിലവിൽ കഴിയാൻ വല്ലാത്ത പൂതിയാണല്ലോ.

അതിന് നീ ചൂടാവാൻ മാത്രം ഞാനിപ്പോ എന്തോ പറഞ്ഞെടാ ? അവൾക് ബോധം വീണാൽ നമ്മുടെ കള്ളത്തരം ഒക്കെ അവൾക് മനസിലാകും. അതിന് മുന്നേ ആ വിരലടയാളം ഇങ്ങ് എടുക്ക് ചെറുക്കാ.

അമ്മ ഒന്ന് പോയേ… പോയി വെള്ളം എടുത്തു കൊണ്ട് വാ.

ഓഹ്…എന്റെ മോൻ ഈ സുന്ദരിയിൽ മയങ്ങിയിരിക്കുവാ.. അതുകൊണ്ട് അമ്മ പറയണത് ഒന്നും നിനക്കിപ്പോ തലേൽ കേറത്തില്ല. സുഭദ്ര പോയി വെള്ളം എടുത്തു കൊണ്ട് വന്നു.

ഇന്നാ… ഒഴിക്ക്… അവള്ടെ തലവഴി തന്നെ ഒഴിക്ക്.

മനു കുറച്ചു വെള്ളമെടുത്ത് വാസുകിയുടെ മുഖത്തു കുടഞ്ഞു.
അശ്വതി .. കണ്ണു തുറക്ക്.

വാസുകിക്ക് ബോധം വീഴുന്നതു കണ്ടപ്പോൾ സുഭദ്രയുടെ നെഞ്ചിടിക്കാൻ തുടങ്ങി.
എന്റെ ദേവി…. ഇന്നത്തോടെ എല്ലാം തീർന്ന്.

വാസുകി കണ്ണു തുറന്നു അവരെ തന്നെ നോക്കി കിടക്കുകയാണ്.

ഞാൻ പറഞ്ഞില്ലേ… അവളെല്ലാം കേട്ടു. ആ നോട്ടം കണ്ടാൽ അറിയാം. സുഭദ്ര മനുവിന്റെ കാതിൽ അടക്കം പറഞ്ഞു.

ഏട്ടാ…. എനിക്ക് വെള്ളം വേണം.

മനു ഗ്ലാസിൽ വെള്ളം പകർന്നു വാസുകിക്ക് കൊടുത്തു.

എന്തു പറ്റി തനിക്ക്?

അറിയില്ല ഏട്ടാ… പെട്ടന്ന് തല കറങ്ങുന്ന പോലെ തോന്നി.. നല്ല പരവേശവും.. ഞാൻ കുറേ വിളിച്ചിട്ടും ഏട്ടൻ കേട്ടില്ല. അതാ ഞാൻ താഴേക്കു വന്നത്… പക്ഷേ അവിടെ വന്നപ്പോഴേക്കും ഞാൻ വീണു പോയി.

മനു അമ്മയെ നോക്കി. അവരുടെ മുഖത്തു ആശ്വാസത്തിന്റെ പുഞ്ചിരി ഉണ്ടായിരുന്നു.

ഹ.. ഹ.. മോള് തലകറങ്ങി വീണതായിരുന്നോ? അപ്പോൾ അവിടെ പറഞ്ഞത് ഒന്നും കേട്ടില്ലല്ലേ?

ഇല്ല… ഞാൻ ഒന്നും കേട്ടില്ലമ്മേ… ഞാൻ വാതിൽക്കൽ വന്നപ്പോഴേക്കും വീണു പോയി.

നല്ലത് . !

മനുവും ഞെട്ടലോടെ അമ്മയെ നോക്കി.നാശം… എല്ലാം കുളമാക്കും ഇന്ന്.

ഞാൻ തലകറങ്ങി വീണത് അമ്മക്ക് വല്യ സന്തോഷമായിന്ന് തോന്നുന്നല്ലോ? പെട്ടന്ന് ആയിരുന്നു വാസുകിയുടെ ചോദ്യം.

മനു തൃപ്തിയായില്ലേ എന്ന മട്ടിൽ അമ്മയെ നോക്കി. പെട്ടെന്ന് സുഭദ്ര ചിരിച്ചു കൊണ്ട് വാസുകിയുടെ അടുത്ത് വന്നിരുന്നു

അല്ല… മോളെ… കല്യാണം കഴിഞ്ഞ പെൺപിള്ളേർ തലകറങ്ങി വീഴുന്നതും ചിലപ്പോൾ സന്തോഷം തന്നെയാണെ… അതാ അമ്മ ഉദ്ദേശിച്ചത്. ഇനി അങ്ങനെ എന്തേലും?

ഇല്ല അമ്മേ .. ഇത് വേറെ എന്തോ ആണ്. വാസുകി നാണത്തോടെ പറഞ്ഞു .

എന്നാൽ മോള് പോയി കിടന്നോ.. മനു മോളെ റൂമിൽ കൊണ്ട് കിടത്തു.

മനു അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.

ഞാൻ പൊക്കോളാം മനുവേട്ടാ… വാസുകി തനിയെ മുകളിലേക്ക് കയറി പോയി.

അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട്.. നോക്കിയും കണ്ടും സംസാരിക്കണംന്ന്… തലകറങ്ങി വീണത് നന്നായി പോലും. ങ്ഹും.. ഉടനെ അവൾ ചോദിച്ചത് കേട്ടോ.?

അതിനുള്ള മറുപടി ഞാൻ അപ്പോൾ തന്നെ പറഞ്ഞില്ലേ.. പിന്നെ എന്താടാ?

മനു തിരിച്ചു പറയാൻ ഒരുങ്ങുമ്പോഴേക്കും വാസുകി പുറകിൽ നിന്ന് വിളിച്ചു.

ഞാൻ എന്തോ കേട്ടില്ലല്ലോന്ന് അമ്മ ചോദിച്ചില്ലേ .. എന്താ മനുവേട്ടാ അത്? ഞാൻ അറിയാൻ പാടില്ലാത്തതു എന്തെങ്കിലും ആണോ?

ഇല്ലെടോ . ഒക്കെ തന്റെ അസുഖത്തിന്റെ കാര്യമാ .. അതൊക്കെ കേട്ടാൽ തനിക് വിഷമം ആകും അതാ… ഞങ്ങൾ തന്നെ കൂട്ടാതെ..

ഹ്മ്മ്.. വാസുകി ഒന്നു മൂളുക മാത്രം ചെയ്തിട്ട് മുകളിലേക്ക് പോയി.

ഇപ്പോൾ എന്തായി ? അമ്മയുടെ ഈ നാക്ക് എല്ലാം നശിപ്പിചേനെ ഇപ്പോൾ.

ഞാൻ അപ്പോഴേ പറഞ്ഞതല്ലേ അവളെ അങ്ങ് കൊന്നു കളയാൻ… നീയല്ലേ കേൾക്കാത്തെ

എന്റെ പൊന്ന് അമ്മേ….

ഇപ്പോൾ ഇവൾക്ക് യാതൊരു അസുഖവുമില്ല.

സ്വബോധത്തിൽ ഉള്ള ഇവൾ സൈൻ ചെയ്യാതെ വിരലടയാളം ഇടുമ്പോൾ ആർക്കായാലും സംശയം തോന്നും.

നമ്മൾ അകത്തു പോകാനേ വേറൊന്നും വേണ്ട.

ഓഹ്… ഞാൻ അത്രേം ചിന്തിച്ചില്ല.. പിന്നെ അവളൊന്നും കേട്ടില്ലല്ലോ.. അപ്പോൾ കുഴപ്പമില്ല.

ഹ്മ്മ്… മനു എന്തോ ചിന്തയിലാണ്ടു.

മുറിയിൽ കയറിയ ഉടൻ വാസുകി വാതിൽ കുറ്റിയിട്ടു .

അപ്പോൾ അങ്ങനെ ഒരു ബുദ്ധി തോന്നിയതു കൊണ്ട് രക്ഷപെട്ടു. സുഭദ്രയുടെ കണ്ണുകൾ തന്നെ കണ്ടു പിടിക്കുമെന്ന് ഒരിക്കലും കരുതിയില്ല . കാക്കയുടെ കണ്ണാ ആ തള്ളക്ക് .

അവൾ പിറുപിറുത്തു കൊണ്ട്
കണ്ണാടിക്ക് മുൻപിൽ വന്നു നിന്നു.

അവളുടെ സിന്ദൂരം
നെറ്റിയിലൂടെ ചുവന്ന ചാലായി ഒഴുകുന്നുണ്ടായിരുന്നു. അവൾ പുറം കൈ കൊണ്ട് അത് തുടച്ചു നീക്കി.

എന്നാലും
നീ മിടുക്കിയാ വാസുകി… എത്ര പെട്ടന്നാ നീ അവരെ വിശ്വസിപ്പിച്ചതു. തലകറക്കം… പരവേശം… എന്തൊക്കെയാ. മനുവും അമ്മയും വിശ്വസിച്ചു.

ഇല്ലെങ്കിൽ നീ പെട്ടേനെ പെണ്ണേ.
സൂക്ഷിക്കണം…ആ തള്ള ചികഞ്ഞു ചികഞ്ഞു വരാൻ ചാൻസ് ഉണ്ട്.

അവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് കട്ടിലിൽ വന്നു കിടന്നു.

എനിക്ക് ഭ്രാന്ത്‌ ആണെന്ന് വരുത്തി തീർക്കാനാണു അവരുടെ ശ്രമം. അതിന് മുൻപ് ഈ വാസുകി ആരാണെന്നു അവരെ ഒന്നറിയിക്കണ്ടേ.. വാസുകി ഉള്ളിൽ ചില കണക്കു കൂട്ടലുകൾ നടത്തി.

പുലർച്ചെ തന്നെ അടുക്കളയിൽ കയറേണ്ടി വന്നതിന്റെ ദേഷ്യത്തിൽ ആയിരുന്നു സുഭദ്ര.

ഓരോ അവളുമാർക്ക് കയ്യും പൊള്ളിച്ചു ഇരുന്നാൽ മതിയല്ലോ … കഷ്ടപ്പാട് മുഴുവനും
എനിക്കല്ലേ.അവൾക്കു നാലു നേരവും ഊട്ടിയും കൊടുക്കണം.. ഗതികേട്.

അമ്മ രാവിലെ നല്ല ചൂടിൽ ആണല്ലോ.. വാസുകി ചിരിച്ചു കൊണ്ട് സുഭദ്രക്ക് മുന്നിലേക്ക് ചെന്നു.

ഈ പിശാച് പിടിച്ചവൾക്ക് നൂറായുസാണല്ലോ ദേവി… പറഞ്ഞു തീർന്നില്ല…അപ്പോഴേക്കും വന്നു മാരണം… ഉള്ളിൽ അവളെ പ്രാകി കൊണ്ട് അവർ പുറമെ ചിരിച്ചു കാട്ടി.

എന്താ മോളെ… മോൾക് എന്തെങ്കിലും വേണോ.?

ഞാൻ ചായ എടുക്കാൻ വന്നതാ അമ്മേ… അമ്മ ഇനി അങ്ങോട്ട്‌ കയറി വരണ്ടല്ലോന്ന് കരുതി. എത്രയെന്ന് പറഞ്ഞാ അമ്മയെ ഇങ്ങനെ കഷ്ടപെടുത്തുന്നെ.. ചെറിയ ചെറിയ പണികൾ ഒക്കെ ചെയ്യാൻ ഞാനും സഹായിക്കാം.

വേണ്ട മോളെ… നിനക്ക് സുഖമില്ലാത്തതല്ലേ . അമ്മ ചെയ്‌തോളാം എല്ലാം.

ശെരി.. ഞാൻ ചെയ്യുന്നില്ല… പക്ഷേ പോയി കിടക്കാൻ അമ്മ എന്നോട് പറയരുത് . എപ്പോഴും കിടന്നു കിടന്നു എനിക്ക് മതിയായി അമ്മേ.
വാസുകി ഇടതു കൈ കൊണ്ട് ചായ പകരാൻ തുടങ്ങി.

ഒറ്റ കൈ കൊണ്ട് ചെറിയ പണി ഒക്കെ ചെയ്യാം അല്ലേ..

എന്നാ മോള് ആ ദോശ ഒന്ന് ചുട്… മോൾടെ കൈ കൊണ്ട് ഉണ്ടാക്കുന്ന ദോശയും ചമ്മന്തിയും നല്ല സ്വാദാ.. അമ്മഈ തേങ്ങ അരചിട്ട് ഇപ്പോൾ വരാം.പറഞ്ഞിട്ട് ഒറ്റ ഓട്ടമായിരുന്നു സുഭദ്ര.

വാസുകിക്ക് അത് കണ്ടു ചിരി പൊട്ടി. അല്ലെങ്കിലും വായ്ക്ക് രുചിയായി എന്തെങ്കിലും കഴിക്കണമെങ്കിൽ തന്നെ താനേ ഉണ്ടാക്കണം. അവൾ ദോശ ചുടുവാൻ തുടങ്ങി.
മനു വന്നപ്പോൾ അടുക്കളയിൽ വാസുകിയെ കണ്ട് അത്ഭുതപെട്ടു.

തന്റെ കൈ വയ്യാത്തതു അല്ലേ…ഇതൊക്കെ അമ്മ ചെയ്‌തോളും അശ്വതി.

സാരമില്ല മനുവേട്ടാ … ഇത് മാത്രെ ചെയ്യുന്നുള്ളൂ.. ഏട്ടൻ കഴിക്കാൻ വരുവല്ലേ..?

ഹ്മ്മ്..
മനുവും വാസുകിയും ഒരുമിച്ചാണ് കഴിക്കാൻ ഇരുന്നത്. സുഭദ്ര രണ്ടു പേർക്കും വിളമ്പി കൊടുത്തു. മനു പോയി കഴിഞ്ഞ ഉടനെ വാസുകി മുകളിലേക്ക് കയറി പോയി.

പൂതന… ഒക്കെ എന്റെ മോനെ കാണിക്കാൻ വേണ്ടിയുള്ള നാടകമാ അവളുടെ.. കണ്ടില്ലേ അവൻ പോയ ഉടനെ കയറി പോയത്.

ഇനി ബാക്കി പണി ഒക്കെ ഞാൻ തന്നെ ചെയ്യണം.
സ്വത്ത്‌ ഒക്കെ എന്റെ പേരിൽ ആകട്ടെടി… നിന്നെ ഞാൻ ഒരു പാഠം പഠിപ്പിക്കും.

പുറത്ത് കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് അവർ വാതിൽ തുറന്നു.

മിസ്റ്റർ മനുവിന്റെ വീട് അല്ലേ ഇത് എന്ന് ചോദിച്ചു കൊണ്ട് ഒരു ചെറുപ്പക്കാരൻ അകത്തേക്ക് കയറി. ഹെൽമെറ്റ്‌ വച്ചിരിക്കുന്നതു കൊണ്ട് അത് ആരാണെന്നു സുഭദ്രക്ക് മനസിലായില്ല.

നിൽക്കെടാ അവിടെ … നീ എങ്ങോട്ടാ ഈ ഇടിച്ചു കയറി പോകുന്നെ.. .അവർ അവനു മുന്നിൽ കയറി നിന്നു.

മനുവിന്റെ അമ്മ ആണല്ലേ.. ഹായ് അമ്മ.. അവൻ അവർക്ക് നേരെ കൈ നീട്ടി.

നീ ഏതാടാ മനുവിനെ എങ്ങനെ അറിയാം…. നിന്റെ തലേന്ന് ആ കുന്ത്രാണ്ടo ഊരത്തില്ലേ?

അയാൾ തലയിൽ നിന്നും ഹെൽമെറ്റ്‌ ഊരി മാറ്റി.

സോറി അമ്മ… ഇവിടെ താമസിക്കാൻ ഒരാള് വരുന്ന കാര്യം മനു പറഞ്ഞിരുന്നില്ലേ. അത് ഞാൻ ആണ്.

ഓഹ്… വാടകക്ക്.. ഹ്മ്മ്.ദേ…ആ പുറത്ത് കൂടിയുള്ള സ്റ്റെയർ നിന്റെ റൂമിലേക്കാ.. അതിലേ പൊക്കോണം.. വീടിന്റെ അകത്തേക്ക് ഒന്നും വരണ്ട.മോള് റൂം കാണിച്ചു തരും.

സുഭദ്ര വാസുകിയെ വിളിച്ചു റൂം കാണിച്ചു കൊടുക്കാൻ ഏൽപ്പിച്ചു.

ഹായ്… നൈസ്. അയാൾ കൈ നീട്ടി കൊണ്ട് പറഞ്ഞു.

എന്ത്?

എന്റെ പേരാണ് നൈസ്. തന്റെ പേരെന്താ?

അശ്വതി.

ഹ… ഹ… നൈസ് ഉറക്കെ ചിരിക്കാൻ തുടങ്ങി.

എന്താണെന്നുള്ള ഭാവത്തിൽ വാസുകി അവനെ സൂക്ഷിച്ചു നോക്കി.

സോറി .. ചില തമാശകൾ കേൾക്കുമ്പോൾ ഞാൻ ഇങ്ങനെയാണ്. അറിയാതെ ചിരിച്ചു പോകും.

ഓരോരോ വട്ടു കേസുകൾ.. മനസിൽ പറഞ്ഞു കൊണ്ട് വാസുകി നൈസിനു മുറി കാണിച്ചു കൊടുത്തു.

തന്റെ ഒരു ഫോട്ടോ തരാമോടോ? പെട്ടന്ന് ആയിരുന്നു അവന്റെ ചോദ്യം. അന്തം വിട്ടു നിൽക്കുന്ന വാസുകിയെ നോക്കി കണ്ണിറുക്കി ചിരിചിട്ട് അവൻ പറഞ്ഞു

തന്റെ ഭംഗി കണ്ടിട്ട് ഒന്നുമല്ല..

വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അമ്മ ഭദ്രകാളിയുടെ ഫോട്ടോ വച്ചു പ്രാർത്ഥിക്കാൻ പറഞ്ഞായിരുന്നു.. പക്ഷേ കിട്ടിയില്ല.

ഇപ്പോൾ തന്നെ കണ്ടാൽ അത് പോലെ ഉണ്ട്.. അതേ ഭാവം. അതുകൊണ്ട് ചോദിച്ചതാ.

അവളെ കടന്നു പെട്ടിയും കൊണ്ട് നൈസ് റൂമിൽ കയറി.
എനിക്കൊന്ന് ഫ്രഷ് ആകണം.. ഭദ്രകാളി ചെല്ല്.

ഇതൊക്കെ എവിടുന്നു വരുന്നോ ആവോ.. ഇവിടെ ഉള്ളതുങ്ങളെ സഹിക്കാൻ പറ്റുന്നില്ല. ഇപ്പോൾ ദേ വേറെ ഒരെണ്ണം കൂടി. അവൾ താഴെ ഹാളിലേക്ക് ചെന്നു.

ഇവിടെ ഒരാൾ താമസത്തിനു വരുന്നത് എന്നോട് ആരും പറഞ്ഞില്ലല്ലോ.?

അത് മനു കുറച്ചു മുൻപാ മോളെ എന്നോട് പറഞ്ഞത്.മനുവിന്റെ പുതിയ സുഹൃത്താ. ഞാനും ആദ്യമായാ കാണുന്നത്.

ഇപ്പോൾ ആ വാടകകാശ് കിട്ടിയിട്ട് വേണോ അമ്മേ നമുക്ക്.. ഇതൊക്കെ പിന്നെ ഒരു ശല്യം ആകും.

എന്റെ ഊഹം തെറ്റിയില്ല.. എനിക്ക് അപ്പോഴേ തോന്നി…

ഭദ്രകാളി താഴെ വന്നാൽ ഉടനെ എന്നെ ഓടിക്കാൻ ഉള്ള ഗൂഢാലോചന നടത്തുകയായിരിക്കും എന്ന്.

വാസുകിയും അമ്മയും തിരിഞ്ഞു നോക്കുമ്പോൾ അവർക്ക് പുറകിൽ വന്നു നിൽക്കുകയായിരുന്നു നൈസ്.

അമ്മ നോക്കണ്ട അനുസരണ കേട് അല്ല. ആഹാരം അമ്മ തരുംന്ന് മനു പറഞ്ഞു .. നല്ല വിശപ്പുണ്ട്.

മോൻ മനുവിന്റെ ഫ്രണ്ട് ആണല്ലേ.. അവൻ എല്ലാം വിളിച്ചു പറഞ്ഞു സുഭദ്ര നൈസിനു ഭക്ഷണം വിളമ്പി കൊടുത്തു.
ടോ അശ്വതി കുറച്ചു വെള്ളം.!

വാസുകി ഗ്ലാസിൽ വെള്ളം പകർന്നു മേശ പുറത്ത് കൊണ്ട് വച്ചു.

താനെന്താടോ ശത്രുക്കൾക്ക് കൊടുക്കുന്ന പോലെ.. ഞാൻ തന്നോട് എന്തു ചെയ്തു?

അവൾ വെള്ളം കുറച്ചു കൂടി അടുപ്പിച്ചു വച്ചു കൊടുത്തു.

ഇഷ്ടായി…

വാസുകി തല ഉയർത്തി നോക്കി.

അല്ലാ… നീക്കി വച്ചത് ഇഷ്ടായിന്ന് പറഞ്ഞതാ.

നൈസ് മുറിയിലേക്ക് പോകും വരെ വാസുകി അടുക്കളയിൽ തന്നെ കഴിച്ചു കൂട്ടി. അയാളെ കണ്ടപ്പോൾ മുതൽ ഉള്ളിൽ എന്തോ പിടച്ചിൽ.

അയാളുടെ ചിരിയും സംസാരവും ഒന്നും വാസുകിക്ക് ഇഷ്ടപെട്ടില്ല.

വൈകിട്ട് മനു വന്നപ്പോൾ നൈസ് ഹാളിൽ തന്നെ ഉണ്ടായിരുന്നു. അവർ വിശേഷങ്ങൾ ഒക്കെ പങ്ക് വച്ചു.

നൈസ് നീ എന്റെ അമ്മയെയും ഭാര്യയെയും പരിചയപെട്ടില്ലേ?

അമ്മയെ കണ്ടു … ഭാര്യഎന്ന് പറഞ്ഞത് അശ്വതിയെ ആണോ …?

അതെ.. നീ കണ്ടില്ലേ അവളെ.

മനു വാസുകിയെ വിളിച്ചു അരികിൽ നിർത്തി. അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു
ഇതാണ് എന്റെ അശ്വതി… എന്റെ സമ്പാദ്യം.

നൈസിന്റെ മുഖം പെട്ടന്ന് മ്ലാനമായി. കണ്ണുകളിൽ ചെറിയ നനവ് പടർന്നു. ഉടനെ തന്നെ അവന്റെ ചുണ്ടുകളിൽ ഒരു ചിരി വിരിഞ്ഞു.

മുറുകെ പിടിച്ചോ മനു… അല്ലെങ്കിൽ ആരെങ്കിലും തട്ടി കൊണ്ട് പോകും. എന്തിന്… എനിക്ക് തന്നെ ചിലപ്പോൾ തോന്നും.

നൈസിന്റെ ഭാവങ്ങൾ മാറി മറിയുന്നത് വാസുകി കാണുന്നുണ്ടായിരുന്നു. അവന്റെ വാക്കുകൾ അവളിൽ ഞെട്ടലുണ്ടാക്കി. അവൻ അവളെ നോക്കി കണ്ണിറുക്കി.

(തുടരും )

വാസുകി : ഭാഗം 1

വാസുകി : ഭാഗം 2

വാസുകി : ഭാഗം 3

വാസുകി : ഭാഗം 4

വാസുകി : ഭാഗം 5