Thursday, June 13, 2024
Novel

വാസുകി : ഭാഗം 5

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

Thank you for reading this post, don't forget to subscribe!

എടി നിന്നോടാ ചോദിച്ചത്… ആരെയാ നീ അച്ഛാന്ന് വിളിച്ചത്ന്ന്..?

അത്… പിന്നേ…. ഇവിടെ ഇടക്ക് വരാറുള്ള ഫാദർ വിൻസെന്റ് കൊച്ചുമറ്റത്തിലിനെ …

പെട്ടെന്ന് ഉള്ളിൽ തോന്നിയതു ഫാദറിന്റെ പേര് പറയാനാണ്.

അയാളല്ലേ അപ്പോൾ താഴെ വന്നിരിക്കുന്നതു.. പിന്നെ ഇനി നിന്നെ ഫോണിൽ വിളിക്കണ്ട അവശ്യമെന്താ അയാൾക്ക് … ഹ്മ്മ്… ന്തായാലും നീ താഴേക്കു വാ.. പിന്നേ… അധികം നേരം സംസാരിക്കാൻ ഒന്നും പോവണ്ട…കേട്ടല്ലോ.

ശെരി അമ്മേ… ഈശ്വരാ അമ്മ ഫാദറിനോട്‌ വിളിച്ചത് എന്തിനാണ്ന്ന് ചോദിക്കുമോ? പേടിയോടെയാണ് വാസുകി അമ്മക്ക് പിന്നാലെ താഴേക്കു ചെന്നതു. .

മോള് കിടക്കുകയായിരുന്നു അതാ താമസിച്ചതു.. ഫാദറിന് മുഷിച്ചിൽ ഒന്നും തോന്നിയില്ലല്ലോ അല്ലേ .

ഇല്ല.. ഇപ്പോൾ എങ്ങനെയുണ്ട്അശ്വതി? .

സുഖം…

കർത്താവ് അനുഗ്രഹിച്ചു എന്നും സുഖമായി ഇരിക്കട്ടെ..

എനിക്ക് അശ്വതിയോട് കുറച്ച് സംസാരിക്കാൻ ഉണ്ട്… സുഭദ്ര പൊക്കൊളു… ഞാൻ വിളിക്കാം.

മനസില്ലാ മനസോടെ സുഭദ്ര അവിടുന്ന് മാറി നിന്നു.

എന്തോ വലിയ ഭാരം ഉണ്ടല്ലോ അശ്വതിയുടെ ഉള്ളിൽ.. ?

ഉണ്ട് ഫാദർ… പക്ഷേ.. വാസുകി ഒന്നു നിർത്തി. ചുറ്റും കണ്ണോടിച്ചു.

അവൾ ആരെയോ ഭയപെടുന്നുണ്ടെന്നു ഫാദറിനു മനസിലായി.
പേടിക്കണ്ട … ഇപ്പോൾ ഇങ്ങോട്ട് ആരും വരില്ല. അശ്വതിക്ക് എന്താണെങ്കിലും എന്നോട് പറയാം .

ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ മറ്റൊരാൾ അറിയില്ലന്ന് ഫാദർ എനിക്ക് ഉറപ്പ് തരണം.

അശ്വതിക്ക് എന്നെ വിശ്വസിക്കാം.. കർത്താവിന്റെ ദാസനാണ് ഞാൻ എന്നെ വിശ്വസിക്കുന്നവരെ ഞാൻ ചതിക്കില്ല.

ആദ്യം ഈ അശ്വതി എന്നുള്ള വിളി നമുക്ക് ഒഴിവാക്കാം ഫാദർ. ഞാൻ അശ്വതിയല്ല… വാസുകിയാണ്. എന്റെ ചേച്ചിയാണ് മനുവിന്റെ ഭാര്യ അശ്വതി.

എന്താ ഫാദർ… ഞാൻ ഭ്രാന്ത്‌ പറയുകയാണ്ന്ന് തോന്നുന്നുണ്ടോ ..

ഇല്ല കുട്ടി… നിനക്ക് എന്നോട് പറയാനുള്ള കഥകൾ തന്നെയാണ് എന്റെ ഉള്ളിലും ഉള്ളത്. എല്ലാം അറിഞ്ഞിട്ടും എന്തിനു വേണ്ടിയാണ് നീ പിന്നേയും ഇവിടെ തന്നെ നിൽക്കുന്നത്…

കൊല്ലാൻ… എന്റെ കുടുംബമില്ലാതെയാക്കിയ അമ്മയെയും മകനെയും നരകിപ്പിച്ചു കൊല്ലണം എനിക്ക്. പാപികൾക്ക് ശിക്ഷ നരകത്തിൽ അല്ലേ..

ഇനി ഇവിടെ നരകമാക്കിയെ ഞാൻ അടങ്ങൂ ഫാദർ. അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു.

പ്രതികാരം മറ്റൊരു തെറ്റിന്റെ ആവർത്തനമാണ് കുട്ടി.. അത് നീ ചെയ്യരുത്.

എന്റെ കുടുംബം..

എന്റെ അച്ഛൻ ഇപ്പോൾ എവിടെയാണ്ന്ന് അറിയോ ഫാദറിന്… ഭ്രാന്താശുപത്രിയിൽ …

എന്റെ അച്ഛന്റെ മുന്നിൽ വച്ചാ അയാൾ എന്നെ ടെറസിൽ നിന്ന് തള്ളിയിട്ടതു…അന്ന് സമനില തെറ്റിയതാണ് എന്റെ അച്ഛന്.

എന്റെ ചേച്ചിയുടെ മരണത്തിനു കാരണവും അയാളാണ്… സ്വത്തിനു വേണ്ടി അയാൾ അവളെ കൊന്നു കളയുമെന്ന് തോന്നിയപ്പോൾ അവളോടി വന്നത് എന്റെ അടുത്തേക്കാണ്…

മനുവിന്റെയും അമ്മയുടെയും ഉപദ്രവം സഹിക്കാൻ കഴിയാതെ ഓടി വന്ന അവളെ ഞാൻ സമാധാനിപ്പിച്ചു തിരികെ പറഞ്ഞു വിട്ടു..ഒക്കെ അവള്ടെ തോന്നൽ ആണെന്ന് പറഞ്ഞു.

മനു എന്നും ഒരു നല്ല ഭർത്താവ് ആണെന്നായിരുന്നു ഞങളുടെ വിശ്വാസം..

അല്ലെങ്കിൽ അയാൾ ഞങ്ങളെ വിശ്വസിപിച്ചതു അങ്ങനെയാണ്. അച്ഛന്റെയും അമ്മയുടെയും വാത്സല്യ പുത്രിയായിരുന്നു അവൾ…

അതുകൊണ്ട് തന്നെ വീട്ടുകാരെ പിരിഞ്ഞു നിൽക്കുന്നത് കൊണ്ട് അവൾക് തോന്നുന്നതാണ് എല്ലാമെന്ന് പറഞ് കാര്യങ്ങൾ തിരക്കാൻ ഇറങ്ങിയ അച്ഛനെ പിന്തിരിപ്പിച്ചതു ഞാൻ ആണ് ഫാദർ. അതാണ് ഞാൻ ചെയ്ത തെറ്റ്.

പിറ്റേന്ന് അവൾ വിഷം കഴിച്ചുവെന്ന വാർത്തയാണ് ഞാൻ കേട്ടത്.. ഫാദറിനു അറിയോ അവള്ടെ കുഞ്ഞിന് അന്ന് തൊണ്ണൂറു കഴിഞ്ഞിട്ടില്ല..

അവളൊരിക്കലും അങ്ങനെ ചെയ്യില്ലന്ന് എനിക്ക് ഉറപ്പായിരുന്നു. അവള് പോയ സങ്കടത്തിൽ അമ്മയും പോയപ്പോൾ ഞാനും അച്ഛനും തനിച്ചായി. അവളുടെ മരണതെ ചോദ്യം ചെയ്ത എന്നോട് എന്റെ മുഖത്തു നോക്കി അയാൾ പറഞ്ഞു… അയാളാണ് അവൾക്കു വിഷം കൊടുത്തതു എന്ന്.

എല്ലാം അവള്ടെ പേരിലുള്ള സ്വത്തിനു വേണ്ടി . തെളിവ് സഹിതം ഞാൻ അയാളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരുമെന്ന് പറഞ്ഞപ്പോൾ അയാൾ എന്നെയും ഇല്ലാതാക്കാൻ നോക്കി.

പക്ഷേ ചേച്ചിയുടെ പേരിലുള്ള സ്വത്തുക്കൾ അവൾ എന്റെ പേരിൽ എഴുതി വച്ച കാര്യം അയാൾ പിന്നീടാണ് അറിഞ്ഞത്. അതു കൊണ്ട് മാത്രമാണ് ഫാദർ ഞാൻ ഇന്നും ജീവിചിരിക്കുന്നതു… എനിക്കും അച്ഛനെ പോലെ ഭ്രാന്ത്‌ ആണെന്ന് വരുത്തി തീർക്കാൻ ആണ് ഇപ്പോൾ അയാളുടെ ശ്രെമം..

അപ്പോൾ ഭർത്താവ് എന്ന നിലയിൽ എല്ലാ സ്വത്തുക്കളുടെയും മേൽനോട്ട അവകാശം അയാൾക് കിട്ടും.. പിന്നെ ഞാനും ഇല്ലാതായാൽ…
വാസുകി ഒന്നു നിർത്തി.

പക്ഷേ അതിന് ഞാൻ അനുവദിക്കില്ല ഫാദർ… ഞാൻ തീരും മുൻപേ മനുവും അമ്മയും തീർന്നിരിക്കും…. കൊല്ലും ഞാൻ… രണ്ടിനെയും.

ഫാദർ അവളെ പിന്തിരിപ്പിക്കാൻ ശ്രെമിചെങ്കിലും അവൾ അവളുടെ തീരുമാനത്തിൽ ഉറച്ചു നിന്നു.

വാസുകി… നീ ഇല്ലാതായാൽ പിന്നെ നിന്റെ ചേച്ചിയുടെ കുഞ്ഞിന് ആരുണ്ട്.??

അതിന്… അവൻ എവിടെയാണ്ന്ന് എനിക്ക് അറിയില്ല ഫാദർ… ജീവനോടെ ഉണ്ടോ എന്ന് പോലും.. ! വാസുകി കരയാൻ തുടങ്ങി.

അവൻ ജീവനോടെ ഉണ്ട് .. എന്റെ കുട്ടികളോട് ഒപ്പം. അതു പറയാൻ ആണ് വാസുകി ഞാൻ ഇവിടെ വരെ വന്നത് . നീ നിന്റെ പ്രതികാര ചിന്ത ഒക്കെ ഒഴിവാക്കുകയാണെങ്കിൽ ഞാൻ അവനെ നിനക്ക് തരാം.

വാസുകി കുറച്ചു നേരം ആലോചനയിൽ മുഴുകി.

അവൻ ഫാദറിനു ഒപ്പം തന്നെ കഴിയട്ടെ ഒരനാഥൻ ആയി. ഒക്കെ അവസാനിപ്പിച്ചു കഴിയുമ്പോൾ ജീവനോടെ ഉണ്ടെങ്കിൽ വാസുകി വരും അവനെ കൊണ്ട് പോകാൻ..

ഇല്ലെങ്കിൽ എല്ലാം തിരിച്ചറിവാകുന്ന പ്രായത്തിൽ ഫാദർ അവനു പറഞ്ഞു കൊടുക്കണം അവന്റെ കുടുംബത്തിനു സംഭവിച്ച ദുരന്തകഥ…അവന്റെ ചെറിയമ്മ അവരോടു പക തീർത്തതു എങ്ങനെയെന്നും…

അവളിൽ നിന്ന് അങ്ങനെ ഒരു മറുപടി ഫാദർ പ്രതീക്ഷിചില്ല.അദ്ദേഹം എന്തോ പറയാൻ ഒരുങ്ങിയപ്പോഴേക്കും സുഭദ്ര അങ്ങോട്ട്‌ വന്നു.

എന്താ ഫാദർ .. മോളെന്തു പറഞ്ഞു?

ഓഹ്… എന്തു പറയാൻ… പഴയ കാര്യങ്ങൾ എന്തെങ്കിലും ഓർമ്മയുണ്ടോ എന്ന് ചോദിക്കുകയായിരുന്നു ഞാൻ.

എന്റെ മോളെ ഇനി അതൊന്നും ഓര്മിപ്പിക്കല്ലേ ഫാദർ… അവള്ക്കിപ്പോ ഒരു കുഴപ്പവുമില്ല… ഇനി പഴയതൊക്കെ ഓർമിപ്പിച്ചു അവളെ പിന്നെയും ഭ്രാന്തിയാക്കരുത്. അവർ വാസുകിയുടെ കൈ പിടിച്ചു. എന്റെ മോളെ ഞങ്ങൾക്ക് തിരിച്ചു കിട്ടിയിട്ട് കുറച്ചേ ആയുള്ളൂ.

എന്നാൽ ഞാൻ ഇറങ്ങട്ടെ… അശ്വതി ഇടക്ക് മഠത്തിലേക്ക് ഒക്കെ വരൂ… ഇപ്പോഴതെ മാനസികാവസ്ഥക്ക് ചിലപ്പോൾ മാറ്റം വന്നേക്കാം.

ഫാദർ കുഞ്ഞിനെകുറിച്ചാണ് പറഞ്ഞത് എന്ന് വാസുകിക്ക് മനസിലായി.

ഹാ… ആഴ്ചതോറും വന്നു പോകുന്നതും പോരാ ഇനി അങ്ങോട്ട് കൂടി ചെല്ലണംന്ന്… എന്താടി നിന്നെ പിടിച്ചു വല്ല കന്യാസ്ത്രീ ആക്കാനാണോ അങ്ങേരുടെ പുറപ്പാട്.

യ്യോ… അമ്മക്ക് ദേഷ്യം വരുന്നുണ്ട്ന്ന് തോന്നുന്നല്ലോ.. ഞാൻ നിങ്ങളെ വിട്ടു എവിടേക്കും പോവില്ല എന്റെ അമ്മേ… ഇതല്ലേ എന്റെ സ്വർഗം. അവൾ സുഭദ്രയുടെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
നിങ്ങളുടെ നരകവും !

ഇപ്പോൾ പലപ്പോഴും താൻ നിലവിട്ടു പെരുമാറുന്നുവെന്ന് സുഭദ്രക്ക് മനസിലായി. ഇവൾക്ക് എങ്ങാനും സംശയം തോന്നിയാൽ തീർന്നു.

അവർ അവളെ നോക്കി ഒന്നു ചിരിച്ചു. പിന്നെ പതുക്കെ അടുത്ത് ചെന്നു കൈ പിടിച്ചു.
വാസുകിയുടെ പൊള്ളിയ കയ്യിലാണ് അവർ പിടിച്ചത്.

മനു അവിടേക്ക് വരുന്നത് കണ്ട വാസുകി പെട്ടെന്ന്
കൈ വലിച്ചു.

ആഹ്… അമ്മേ….

കരച്ചിൽ കേട്ട് മനു അവരുടെ അടുത്തേക്ക് ഓടി വന്നു.

എന്താ അശ്വതി..? എന്തു പറ്റി?

ഒന്നുമില്ല ഏട്ടാ… അമ്മ പൊള്ളലിൽ പിടിച്ചപ്പോൾ എനിക്ക് വേദനിച്ചു.. അത്രേ ഉള്ളു.

മനു അമ്മയെ ഒന്നു സൂക്ഷിച്ചു നോക്കി. അമ്മ എന്ത് പണിയാ ഈ കാണിച്ചതു.?

സാരമില്ല ഏട്ടാ… അമ്മക്ക് ഞാനും ഫാദറും തമ്മിൽ സംസാരിച്ചത് ഇഷ്ടമായില്ലന്ന് തോന്നുന്നു .. ആ ദേഷ്യതിന് വന്നു പിടിച്ചതാ .. പൊള്ളലിന്റെ കാര്യം ഓർത്തിട്ടുണ്ടാവില്ല.

നീ പോയി മരുന്ന് പുരട്ടാൻ നോക്ക് അശ്വതി.. അവൾ കയറി പോയ ഉടനെ മനു അമ്മക്ക് നേരെ തിരിഞ്ഞു.

അമ്മ പിന്നെയും അവളോട്‌ ദേഷ്യം കാണിക്കാൻ തുടങ്ങി അല്ലേ?

എടാ മോനെ… അത് പിന്നേ… ആ ഫാദറും അവളും കൂടി കുശുകുശുക്കാൻ തുടങ്ങിയിട്ട് എത്ര നേരമായിന്ന് അറിയാമോ? ഞാൻ വന്നു ചോദിച്ചപ്പോൾ അങ്ങേരു പറയാ പഴയ കാര്യങ്ങൾ ഒക്കെ ഓർമിപ്പിക്കാൻ ശ്രെമിച്ചതാണ് എന്ന്. പോരാതേന് പോകാൻ നേരം അവളോട്‌ മഠത്തിലേക്ക് ഒക്കെ ഒന്നു ചെല്ലാൻ ഒരു ക്ഷണവും. ഇവിടെ വന്നു ശല്യം ചെയുന്നതു പോരാഞ്ഞു ഇനി അവളെ കൊണ്ട് പഴയതെല്ലാം കുത്തി പൊക്കിക്കാനും നോക്കണ്ട വല്ല കാര്യവുംമുണ്ടോ അങ്ങേർക്ക്. ഒക്കെ കൂടി കേട്ടപ്പോൾ എനിക്ക് സഹിച്ചില്ല.

ആ ദേഷ്യം മുഴുവൻ അവളിൽ തീർത്തു അല്ലേ..? ഞാൻ പറഞ്ഞത് അല്ലേ അമ്മയോട് അവളോട്‌ സ്നേഹത്തോടെ പെരുമാറണംന്ന്.

അതിന് ഞാൻ അവളെ ഒന്നും ചെയ്തില്ലടാ..

പിന്നെ കൈയിൽ പിടിച്ചു ഞെക്കിയത് എന്തു കാര്യത്തിനാ?

എന്റെ ഭഗവതി .. ഈ ചെക്കനെ ഞാൻ ഇതെങ്ങനെ പറഞ്ഞു മനസിലാക്കും. ടാ ഇതൊക്കെ അവളുടെ അടവാ.. നമ്മളെ തെറ്റിക്കാൻ.

അവളെന്തിനാ അമ്മേ നമ്മളെ തെറ്റിക്കുന്നെ… അവൾക്ക് വാസുകിയുടെ മനസ് ആയിരുന്നെങ്കിൽ ഈ പറഞ്ഞതിൽ ന്യായം ഉണ്ടായിരുന്നു.. പക്ഷേ ഭൂതകാലം ഒന്നും അവൾക് ഓർമയില്ലല്ലോ.. പിന്നെ എന്ത് അർത്ഥത്തിലാ അവൾ നമ്മളെ തെറ്റിക്കാൻ നോക്കുന്നുന്ന് അമ്മ പറയുന്നേ?

അതിന് വ്യക്തമായ ഒരു മറുപടി ഇല്ലായിരുന്നു സുഭദ്രക്ക്.

ഓഹ്… നിനക്ക് എന്താ ഇപ്പോൾ അവളോട്‌ ഒരു സഹതാപം ഒക്കെ? അവള്ടെ തൊലി വെളുപ്പിൽ വീണു പോയോ എന്റെ മോൻ?

ഇല്ല അമ്മേ… അമ്മ ഈ കാണിക്കുന്ന ദേഷ്യം ഒക്കെ അവളെ ഇഷ്ടമില്ലാത്തതു കൊണ്ടാണ്ന്ന് അവൾ കരുതും. അങ്ങനെ ആയാൽ നമ്മുടെ പ്ലാനിങ് ഒന്നും നടക്കില്ല.ദേഷ്യം വരുമ്പോൾ അമ്മ പഴയ കാര്യം എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ അതോടെ തീരും എല്ലാം. അതുകൊണ്ട് അമ്മ സ്വയം ഒന്നു നിയന്ത്രിക്കുന്നതു നല്ലതാ..

ഓഹ് ഇപ്പോൾ ഞാൻ ആയി കുറ്റക്കാരി… ആ ഫാദർ വന്നു എന്താ അവളോട്‌ ഓതി കൊടുത്തേക്കുന്നത് എന്ന് ആർക്കറിയാം.? അയാൾക്ക് ആണേൽ നമ്മുടെ കുടുംബ ചരിത്രം മൊത്തം അറിയേം ചെയ്യാം.

അതിന് അയാൾക് എന്തറിയാമെന്നാ ….. ആരോരുമില്ലാത്ത, ഓർമ്മ നഷ്ടപെട്ട ഭാര്യയുടെ അനിയത്തിയെ തന്റെ കുഞ്ഞിന് വേണ്ടി ഇരുകയ്യും നീട്ടി സ്വീകരിച്ച വലിയ മനസിനുടമയാണ് അയാൾക് മുന്നിൽ ഈ മനു. അതിനപ്പുറം ഒന്നും മനുവിനെ കുറിച്ച് ആർക്കും അറിയില്ല.
എന്തായാലും ഞാൻ അവളെ ഒന്ന് സമാധാനിപ്പിചിട്ട് വരാം.

റൂമിൽ പൊള്ളലിനു മരുന്ന് പുരട്ടികൊണ്ടിരിക്കുകയായിരുന്നു വാസുകി.

വേദനിച്ചോ അശ്വതി നിനക്ക്?

സാരമില്ല മനുവേട്ടാ… അമ്മക്ക് ഞാൻ പിന്നെയും പഴയ അവസ്ഥയിലേക്ക് പോവോന്ന് പേടിയുണ്ട്.. അതുകൊണ്ടാ ഈ പേടിയും വെപ്രാളവും ഒക്കെ.. എല്ലാം എന്നോടുള്ള ഇഷ്ടം കൊണ്ടാണ്ന്ന് എനിക്ക് അറിയാം.

താൻ പറയാൻ വന്നതെല്ലാം വാസുകിയുടെ വായിൽ നിന്ന് കേട്ടതോടെ മനുവിന് ആശ്വാസമായി.

ഭാഗ്യം… അവൾക് സംശയം ഒന്നുമില്ല. മുൻപ് നിനക്ക് ഭ്രാന്ത്‌ ആയിരുന്നില്ല വാസുകി…ഓർമ്മകുറവ് … ജീവിതത്തിലെ കുറച്ചു നിമിഷങ്ങൾ നീ അങ്ങ് മറന്നു, ഒപ്പം നിന്റെ ജീവിതത്തിലെ വില്ലനായ എന്നെയും . അത്രേ ഉള്ളു.

എന്താ മനുവേട്ടാ ആലോചിക്കുന്നതു?
വാസുകിയുടെ വിളി മനുവിനെ ചിന്തകളിൽ നിന്ന് ഉണർത്തി .

ഒന്നുമില്ല.. ഞാൻ പോയി നിനക്ക് കുടിക്കാൻ എന്തെങ്കിലും എടുത്തിട്ട് വരാം. മനു ദൃതിയിൽ സ്റ്റെപ് ഇറങ്ങി താഴേക്കു ചെന്നു. താടക്ക് കയ്യും കൊടുത്തു മുഖം വീർപ്പിച്ചു ഇരിക്കുകയായിരുന്നു സുഭദ്ര.

അമ്മ പേടിക്കും പോലെ ഒന്നുമില്ല.. അവളോട്‌ അമ്മക്ക് സ്നേഹം മാത്രമേ ഉള്ളുന്നും അവൾ പിന്നെയും പഴയ പോലെ ഭ്രാന്തി ആവോന്നുള്ള പേടി കൊണ്ടാണ് അങ്ങനെ ഒക്കെ പെരുമാറുന്നത് എന്നൊക്കെ പറയാനാ ഞാൻ ചെന്നത്.. അപ്പോൾ ദേ അവളതൊക്കെ എന്നോട് പറയുന്നു. ഇപ്പോൾ എങ്ങനെ ഉണ്ട്… അമ്മയുടെ സംശയം ഒക്കെ മാറിയില്ലേ..

പക്ഷേ സുഭദ്രക്ക് സംശയം വിട്ടു മാറിയിട്ടുണ്ടായിരുന്നില്ല.

എന്റെ അമ്മേ…. അവൾക് പഴയ കാലം ഒന്നും ഓർമ്മയില്ലെന്ന് അമ്മക്ക് അറിയില്ലേ .. ഇനി അതൊക്കെ ഓർമ്മ വന്നാൽ തന്നെ അവളിങ്ങനെ ആയിരിക്കില്ല പ്രതികരിക്കുക.
അശ്വതിയല്ല വാസുകി…. അവൾ തീയാണ്… സർവത്ര ചുട്ടു കരിക്കാൻ പോന്ന തീ. അത് ഞാൻ അവളുടെ കണ്ണുകളിൽ കണ്ടതാണ് അന്ന്. പക്ഷേ അത് തല്ലി കെടുത്താൻ ഒരു നിമിഷം പോലും വേണ്ടായിരുന്നു ഈ മനുവിന്.
ഒറ്റ തള്ള്…. തല പൊട്ടി ചോര വാർന്ന് അവൾ കിടന്നത് എന്റെ മുന്നിലാ… അപ്പോഴും ആ കണ്ണുകളിലെ തീ എനിക്ക് കാണാമായിരുന്നു.

ഇത് പക്ഷേ … ഒരു പാവം പെണ്ണ്.. ഭർത്താവിനെ ദൈവത്തെ പോലെ കാണുന്ന ഒരു സാധു. അവളെ അമ്മ പേടിക്കണ്ട.

പക്ഷേ മോനെ .. അവളെ ഇങ്ങനെ സ്നേഹിച്ചു ഭാര്യയായി കൊണ്ട് നടക്കാൻ ആണോ നിന്റെ പുറപ്പാട്?

കുറച്ചു നാൾ… പിന്നെ അവൾക്കു വേണ്ടി ഡോക്ടർ താനൂറിന്റെ ഹോസ്പിറ്റലിൽ ഒരു ബെഡ് പറഞ്ഞിട്ടുണ്ട് ഞാൻ.. അവിടെയാകും അവൾ.. അതോടെ സകല സ്വത്തിന്റെയും അവകാശി ഞാൻ ആകും. ഭ്രാന്താശുപത്രിയിലെ നരക ജീവിതത്തിൽ നിന്ന് പിന്നെ സുഖമായ മരണത്തിലേക്ക് യാത്രയാകും എന്റെ പ്രിയതമ.

വാതിൽ പടിക്കപ്പുറം എല്ലാംകേട്ടു കൊണ്ട് നിൽക്കുകയായിരുന്നു വാസുകിയെ അപ്പോഴാണ് സുഭദ്ര കാണുന്നത്

(തുടരും )

വാസുകി : ഭാഗം 1

വാസുകി : ഭാഗം 2

വാസുകി : ഭാഗം 3

വാസുകി : ഭാഗം 4