Thursday, December 19, 2024
Novel

വാസുകി : ഭാഗം 11

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

ഇയാളു പാട്ട് പാടാൻ വന്നതോ അതോ ചികിത്സിക്കാൻ വന്നതോ? താനൂർ മുഖമുയർത്തി നോക്കി.

അല്ല കൊച്ചേ … താൻ ഇത് ന്തു ഭാവിച്ചാ… എനിക്ക് ഒരു പാട്ട് പാടാനും പറ്റില്ലേ. അതേ… ഈ ഡോക്ടർമാർക്ക്‌ പാട്ട് പാടാൻ പറ്റില്ലന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ. ഉണ്ടെങ്കിൽ പറയെടോ.

അയാളോട് പറഞ്ഞിട്ട് കാര്യമില്ലന്ന് തോന്നിയ വാസുകി പിന്നെ ഒന്നും പറയാൻ പോയില്ല.
താനൂർ സുഭദ്രയോട് ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു.

ഡോ… താൻ ഭ്രാന്തിന്റെ ഡോക്ടർ അല്ലേ… തനിക് എന്താ ഇവിടെ കാര്യം.?

ഹേയ്…. ഈ കൊച്ചു ജോലി ചെയ്യാൻ സമ്മതിക്കില്ലല്ലോ. താനൂർ സുഭദ്രയുടെ അടുത്ത് നിന്ന് എഴുനേറ്റു.

അതേ മനു പറഞ്ഞിട്ടാ ഞാൻ വന്നത്… പിന്നെ ഈ കേസിൽ എനിക്ക് കുറച്ചു താല്പര്യം ഉണ്ടെന്ന് വച്ചോ. പക്ഷേ അതൊന്നും തന്നെ ബോധിപ്പിക്കണ്ട കാര്യമില്ല.

താൻ എന്തെങ്കിലും ചെയ്യൂ… വാസുകി ഇറങ്ങി പുറത്തേക്കു പോയി. താനൂർ ഒരു ചിരിയോടെ അത് നോക്കി നിന്നു. മനുവും നൈസും തിരിച്ചു വന്നപ്പോൾ വാസുകി പുറത്ത് നിൽക്കുന്നത് കണ്ടു അത്ഭുതപെട്ടു.

താനെന്താ അശ്വതി പുറത്ത് നിൽക്കുന്നത്?

മനു എന്തിനാ ആ വട്ടൻ ഡോക്ടറെ ഇങ്ങോട്ട് വിളിച്ചത്, എന്നെ ദ്രോഹിക്കാൻ വേണ്ടിയല്ലേ.എനിക്കെല്ലാം മനസിലാകുന്നുണ്ട് .

ഇവൾക്കെല്ലാം മനസിലായോ..? ദേഷ്യത്തോടെയുള്ള അവളുടെ ചോദ്യം കേട്ടു ഒരു നിമിഷം മനു അമ്പരന്നു.

നിന്നെ ദ്രോഹിക്കാനോ.. അശ്വതി എന്താ ഉദ്ദേശിച്ചത് ?

ഗൌരവം കലർന്ന ചോദ്യം. എല്ലാം തകർന്നടിയാൻ പോകുന്നുവെന്ന് വാസുകി ഭയന്നു . അയാളോടുള്ള ദേഷ്യം കൊണ്ട് ചോദിച്ചു പോയതാണ്. അവൾ നിന്നു വിറക്കാൻ തുടങ്ങി.

അല്ലെങ്കിലും നിന്റെ ഭാര്യക്ക് ആരെ കണ്ടാലും ശല്യമായി തോന്നും.

ആദ്യം എന്നോടും അങ്ങനെ തന്നെ ആയിരുന്നല്ലോ.. എന്നെ അവിടുന്ന് ഓടിക്കാൻ ഒരുപാട് ശ്രെമിച്ചതല്ലേ ഇയാൾ.

നൈസ്ന്റെ മറുപടിയിൽ മനുവിന് തൃപ്തി തോന്നി.

അല്ലെങ്കിലും ശെരിയാ … പെട്ടന്ന് മറ്റൊരാളെ അക്‌സെപ്റ് ചെയ്യാൻ അശ്വതിക്ക് കഴിയില്ല.

ഹാവൂ..ആശ്വാസം. വാസുകി നന്ദിയോടെ നൈസ്നെ നോക്കി.

പക്ഷേ നൈസ്ന്റെ മുഖം ഇരുണ്ടിരുന്നു. മനുവിന്റെ ഒപ്പം അകത്തേക്ക് കയറാൻ ഒരുങ്ങിയ വാസുകിയെ നൈസ് പിടിച്ചു നിർത്തി.

സ്വയം കുഴി തോണ്ടുവാണോ താൻ.? ദേഷ്യത്തിന് ഓരോന്ന് വിളിച്ചു പറയുമ്പോൾ സ്വന്തം ജീവനാണ് പകരം കൊടുക്കേണ്ടി വരികാന്നു കൂടി ഓർത്താൽ നല്ലത്.
നൈസ് ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ പൊട്ടി തെറിച്ചു.

ഇപ്പോൾ ഞാൻ ഒറ്റക്ക് അല്ലല്ലോ നൈസ്… താനില്ലേ എന്റെ കൂടെ.

ഉണ്ടാകും.. പക്ഷേ നിങ്ങൾക്കിടയിലേക്ക് വരുന്നതിനു എനിക്ക് ഒരു പരിധി ഉണ്ട് വാസുകി…അത് താൻ മറക്കരുത്.

അശ്വതി… …

അകത്തു നിന്ന് മനു വിളിച്ചതോടെ അവർ സംസാരം നിർത്തി കയറി ചെന്നു. മനു ഡോക്ടർ താനൂറിനെ നൈസ്ന് പരിചയപെടുത്തി.

ഓഹ്.. അപ്പോൾ ഇതാണ് ഡോക്ടർ താനൂർ. നൈസ് ചിരിയോടെ ഡോക്ടർക്ക് നേരെ കൈ നീട്ടി.

ഡോക്ടർ താനൂർ എന്നൊക്കെ കേട്ടപ്പോൾ ഞാൻ കരുതി വയസൻ ആണെന്ന് . നിങ്ങൾ വളരെ ചെറുപ്പം ആണല്ലോ.ഈ കുഞ്ഞി ചെറുക്കൻ ആണോ ഇത്രയും പേര് കേട്ട ഡോക്ടർ. അത്ഭുതം തന്നെ.

എനിക്ക് പ്രായം കുറവ് ആയിരിക്കും.. പക്ഷേ എന്റെ അനുഭവങ്ങൾക്ക് ഒരുപാട് പ്രായം ഉണ്ട് നൈസ്. അതുകൊണ്ട് ആണല്ലോ ഇവിടെ വരെയൊക്കെ എത്തിയതു.

ഡോക്ടറുടെ മറുപടി നൈസ്ന് ബോധിചില്ല. ഡോക്ടർ മനുവിനെ വിളിച്ചു മാറ്റി നിർത്തി സംസാരിച്ചു.

മനുവിന്റെ സംശയം ശെരിയാണ്.. അമ്മക്ക് എന്തോ പേടി തട്ടിയിട്ടുണ്ട് മനു. അതൊരു പക്ഷേ വീണതു കൊണ്ടുള്ള ഭയം ആകാം.

അതിനാണ് സാധ്യത. അത് നമുക്ക് കുറച്ചു നാളത്തെ കൗൺസിലിംഗ് കൊണ്ട് ശെരിയാക്കാവുന്നതെ ഉള്ളു. പേടിക്കാൻ ഒന്നുമില്ല.

ശരി ഡോക്ടർ. ബാക്കി ട്രീറ്റ്മെന്റ് ഒക്കെ വീട്ടിൽ വന്നിട്ട് മതി. എന്തായാലും നാളെ അമ്മ ഡിസ്ചാർജ് ആകും. ഞാൻ വിളികാം.

പതുക്കെ മതി മനു… അമ്മക്ക് ശെരിക്ക് ഒന്ന് സുഖം ആവട്ടെ.. എന്നിട്ട് ട്രീറ്റ്മെന്റ് തുടങ്ങാം. താനൂർ യാത്ര പറഞ്ഞിറങ്ങി.

ഡിസ്ചാർജ് ആയി വീട്ടിൽ വന്നതിൽ പിന്നെ വാസുകിക്ക് തിരക്ക് ആയിരുന്നു. സുഭദ്രയുടെ കാര്യങ്ങളും വീട്ടു ജോലിയും എല്ലാം കൊണ്ട് അവൾ ആകെ തളർന്നു.

ഞാൻ എന്തെങ്കിലും സഹായം ചെയ്യണോ വാസുകി ?

മനു ഇല്ലാത്ത സമയം നൈസ് അവളെ സഹായിക്കാൻ തയ്യാറായി.

വേണ്ട നൈസ്.. മനു എങ്ങാനും കണ്ടു കൊണ്ട് വന്നാൽ ഒക്കെ തീർന്നു. പിന്നെ ഞാൻ അടുത്ത് ഇല്ലാത്തപ്പോൾ അമ്മയുടെ അടുത്ത് നൈസ്ന്റെ ഒരു കണ്ണു വേണം.

അമ്മ ചിലപ്പോൾ എല്ലാം ആ ഡോക്ടറോടു പറയാൻ സാധ്യത ഉണ്ട്.

ഓഹ്… ഇന്നലെ മുതൽ കൗൺസിലിംഗ് തുടങ്ങിയല്ലോ അല്ലേ.. ഞാനത് മറന്നു. പിന്നെ.. വാസുകി… ഞാൻ ഒരു പ്രധാനപെട്ട കാര്യം തന്നോട് പറയാനാണ് വന്നത്.

എന്താ നൈസ്..?

നമ്മുടെ കല്യാണകാര്യം തന്നെ.. ഇനിയും അതിങ്ങനെ വൈകിക്കണോ?

ഞാൻ മുൻപേ പറഞ്ഞിട്ടിലെ നൈസ്.. അതൊന്നും അത്ര പെട്ടന്ന് നടക്കുന്ന കാര്യം അല്ല. ഹോസ്പിറ്റലിൽ നിന്ന് വന്നിട്ട് ഇത്രയും ദിവസമായി…

എന്നിട്ടും ഇപ്പോഴും ഒന്നും ചെയ്യാൻ എനിക്ക് പറ്റിയിട്ടില്ല. അമ്മ മാത്രേ വീണിട്ടുള്ളൂ.. മനു ഇപ്പോഴും എന്റെ മുന്നിൽ തന്നെ ഉണ്ട്.. പൂർണ ആരോഗ്യത്തോടെ. അവന്റെ തകർച്ച കൂടി കണ്ടേ ഞാൻ അടങ്ങൂ.

അതിന് മുൻപ് എന്നെ ഒന്നിനും നിർബന്ധിക്കരുത് നൈസ്.

ഓക്കേ ഡോ.. ഞാൻ ഒന്ന് ഓർമിപ്പിച്ചുവെന്നേ ഉള്ളു.

വാസുകിയോട് അങ്ങനെ പറഞ്ഞെങ്കിലും നൈസ്ന്റെ ഉള്ളിൽ അവളോട്‌ ദേഷ്യം തോന്നി.

അകത്തു നിന്ന് മൂളി പാട്ട് കേട്ടതോടെ താനൂർ വന്നുവെന്ന് വാസുകിക്ക് മനസിലായി.

എന്തായാലും അയാളുടെ മുന്നിലേക്ക് ചെല്ലാതെ ഇരിക്കുന്നതു ആയിരിക്കും നല്ലത്.

അവൾ അടുക്കളയിൽ തന്നെ കഴിച്ചു കൂട്ടി. പക്ഷേ അധികം താമസിക്കും മുൻപേ താനൂർ വാസുകിയെ വിളിച്ചു.

അമ്മയുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഒന്ന് കാണണം.

വാസുകി ഫയൽ ഡോക്ടർക്ക് കൈ മാറി.

പുറത്ത് ഉള്ള ആൾ ആരാണ്.. അന്ന് ഹോസ്പിറ്റലിലും കണ്ടു? പുറത്തേക്കു കണ്ണു നട്ടു ഡോക്ടർ ചോദിച്ചു.

വാസുകി ജനൽ വഴി പുറത്തേക്കു നോക്കി.

അത് നൈസ്.. മനുവിന്റെ ഫ്രണ്ട് ആണ്.

വെറും സുഹൃത്തു മാത്രമാണോ അയാൾ.. അല്ല. താൻ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ് വാസുകി. ആരെയും കണ്ണടച്ച് വിശ്വസിക്കണ്ട.

താനൂർ ഒരു താക്കീതു പോലെ പറഞ്ഞപ്പോൾ വാസുകി അത് പുച്ഛിച്ചു തള്ളി.

ശെരിയാണ് വിശ്വസിക്കാൻ കൊള്ളില്ല.. അത് പക്ഷേ നൈസ്നെ അല്ല. തന്നെയാണ്. പിന്നെ… ഡോക്ടർ ഡോക്ടറുടെ പണി നോക്കിയാൽ മതി. എന്നെ ഉപദേശിക്കാനും നന്നാക്കാനും വരണ്ട.

സാരമില്ല… ഒക്കെ അറിയാൻ സമയം ആകുന്നെ ഉള്ളു. അല്ലേ.. സുഭദ്രാമ്മേ.. സുഭദ്രമ്മയുടെ കാര്യം തന്നെ നോക്ക്.. പാവം.

ഡോക്ടർ എന്താ പറഞ്ഞു വരുന്നതു? വാസുകി താനൂറിനെ സംശയത്തോടെ നോക്കി.

ഒരു ജീവന്റെ വിലയെ.. അതു സുഭദ്രാമ്മക്ക് മനസിലായി എന്ന് പറഞ്ഞതാ. താൻ പൊക്കോ.. ചികിത്സ സമയത്തു മറ്റാരും എന്റെ അരികിൽ വേണ്ട.

ഉള്ളിൽ ഒരുപാട് ചോദ്യങ്ങളുമായാണ് വാസുകി മുറിയിൽ വന്നത്. താനൂറിന് എന്റെ കാര്യങ്ങൾ എല്ലാം അറിയാം.

പക്ഷേ അയാൾ അതൊന്നും മനുവിനോടു പറഞ്ഞിട്ടുമില്ല. എന്തായിരിക്കും അയാളുടെ ഉദ്ദേശം.

ആലോചിചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. എന്തായാലും കരുതിയിരിക്കണം.

വാസുകി നൈസ്ന്റെ അടുത്തേക്ക് ചെന്നു.

നമുക്ക് ഇനി അധികം സമയമില്ല നൈസ്.. മനു എല്ലാം അറിയും മുൻപേ നമുക്ക് അടുത്ത പ്ലാൻ നടപ്പാക്കണം. എനിക്കെന്തോ ഭയം തോന്നുന്നു. ഇനി ഒന്നും വച്ചു താമസിപ്പിക്കണ്ട.

എന്താ തന്റെ പ്ലാൻ.. മനുവിനെ കൊല്ലാൻ ആണോ.

ഇല്ല നൈസ്.. അതൊക്കെ പിന്നെ. പക്ഷേ അതിന് മുൻപ് അവന്റെ മാനസികനില എനിക്ക് തകർക്കണം. അതിന് ആലക്കലെ സുഭദ്രാമ്മ ഇല്ലാതാകണം.

പക്ഷേ വാസുകി… ഇനി എങ്ങനെ?

അറിയില്ല നൈസ് .. പക്ഷേ അവരെ ഇല്ലാതാക്കിയെ പറ്റു..മനു എന്തൊക്കെയോ പ്ലാൻ ചെയുന്നുണ്ട്.

അതൊക്കെ തന്റെ സംശയം ആയിരിക്കും വാസുകി. മനു ഇപ്പോൾ പാതി മരിച്ച അവസ്ഥയിൽ ആണ്.. തന്നെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നു പോലുമുണ്ടാവില്ല.

ഇല്ല നൈസ്… അമ്മയെ പഴയ അവസ്ഥയിലേക്ക് മടക്കി കൊണ്ട് വരാനുള്ള ശ്രെമത്തിൽ ആണ് മനു. അത് അവസാനിക്കുന്നത് എന്റെ മരണത്തിൽ ആയിരിക്കും.

പിന്നെ ഞാനിതു ഒക്കെ പറയാൻ മറ്റൊരു കാരണം കൂടി ഉണ്ട് നൈസ്.

നൈസ് എന്താണെന്നുള്ള ഭാവത്തിൽ വാസുകിയെ നോക്കി.

ഡോക്ടർ താനൂർ… അയാൾക് നമ്മുടെ കാര്യങ്ങൾ എല്ലാം അറിയാം. അയാൾ ഒറ്റു കൊടുക്കും മുൻപേ നമ്മൾ ചെയ്യേണ്ടതു ചെയ്തിരിക്കണം.

ഹ്മ്മ്… എന്താ പ്ലാൻ .

വാസുകി നൈസ്നോട്‌ കാര്യങ്ങൾ ഒക്കെ വിശദീകരിച്ചു.

നാളെ മനു ഓഫിസിൽ പോയി കഴിഞ്ഞു മതി. ആർക്കും സംശയം തോന്നരുത്..

എല്ലാം പ്ലാൻ ചെയ്തു പിറ്റേ ദിവസത്തിനായി വാസുകി കാത്തിരുന്നു.

പതിവിലും നേരത്തെ മനു ഓഫീസിൽ പോയത് അവൾക് ആശ്വാസമായി തോന്നി. മുൻപ് തീരുമാനിച്ച പ്രകാരം നൈസ് മനുവിന്റെ കണ്ണു വെട്ടിച്ചു തിരിച്ചു വന്നു.

താൻ റെഡി അല്ലേ വാസുകി.?

അതെ നൈസ്. വാസുകി സുഭദ്രക്കുള്ള ഭക്ഷണവുമായി റൂമിലേക്ക് ചെന്നു.

സുഭദ്രക്ക് കഞ്ഞി കോരി കൊടുക്കുമ്പോൾ വാസുകി പതിവിലും ഉത്സാഹവതിയായിരുന്നു.

ആഹാ… ഇന്ന് മുഴുവനും കഴിച്ചല്ലോ… ഒരിറ്റു വെള്ളം കിട്ടാതെ നിങ്ങൾ പിടഞ്ഞു ചാവണംന്നായിരുന്നു എന്റെ ആഗ്രഹം.

പക്ഷേ പറഞ്ഞിട്ട് എന്താ… വിശന്നു മരിക്കാൻ നിങ്ങൾക് യോഗമില്ലാതായി പോയി.

അവൾ പാത്രം അടുക്കളയിൽ കൊണ്ടു വച്ചിട്ട് സുഭദ്രയെ തുടക്കാൻ ചൂട് വെള്ളവുംമായി വന്നു.

എന്തൊക്കെ ചെയ്യണം ഞാൻ.. ..കുറച്ചു വൈരാഗ്യം ഒക്കെ ഉണ്ടെങ്കിലും എന്നെ പോലെ ഒരു മരുമോളെ കിട്ടിയ അമ്മ ഭാഗ്യവതി അല്ലേ.

മനു ആണേൽ തിരിഞ്ഞു പോലും നോക്കുന്നില്ല.. എപ്പോഴും തിരക്ക്.

ഞാനില്ലേ ഇപ്പോൾ കാണാമായിരുന്നു, നിങ്ങൾ കിടന്നു പുഴുവരിക്കുന്നത്. ഞാൻ ശെരിക്കും നിങ്ങൾക്ക് ഒരു അനുഗ്രഹം തന്നെയാ ഇല്ലേ… സുഭദ്രമ്മേ.

അവളുടെ വാക്കുകൾ ശെരി വക്കുംപോലെ സുഭദ്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.

അമ്മയെ ഈ വേദനയിൽ നിന്നൊക്കെ രക്ഷിക്കാൻ പോവാ ഞാൻ.

സുഭദ്ര ഒന്നും മനസിലാകാതെ വാസുകിയെ തുറിച്ചു നോക്കി.

മനസിലായില്ലേ നിങ്ങൾക്… കൊല്ലാൻ പോവാ ഞാൻ നിങ്ങളെ.

എന്റെ അമ്മയുടെ അടുത്ത് ചെല്ലുമ്പോൾ നിങ്ങൾ പറയണം ഞാനാ നിങ്ങളെ പറഞ്ഞു വിട്ടത് എന്ന്… പറയില്ലേ?

ഭയം കൊണ്ടു സുഭദ്ര പിടക്കാൻ തുടങ്ങി.

അയ്യോ… അമ്മേ… ഇങ്ങനെ ഇളകല്ലേ.. താടയിലെ സ്റ്റിച് പൊട്ടും.

സുഭദ്ര കയ്യെത്തിച്ചു വാസുകിയുടെ കഴുത്തിൽ പിടുത്തമിട്ടു.അവൾ അവരുടെ കൈ പിടിച്ചു ഞെരിച്ചു.

വാസുകിയുടെ കഴുത്തിൽ പിടിക്കാൻ ഈ ആരോഗ്യം പോരാ സുഭദ്രാമ്മേ..

അപ്പോഴേക്കും നൈസ് ഓടി അകത്തു വന്നു.

ഡോ…ആ ഡോക്ടർ വരുന്നുണ്ട്. തല്ക്കാലം കുറച്ചു കഴിഞ്ഞു മതി.

അയാൾക് കയറി വരാൻ കണ്ട നേരം.
വാസുകി നിരാശയോടെ പിന്തിരിഞ്ഞു.

സുഭദ്രയുടെ മുറിയിലേക്ക് പോയ ഡോക്ടറുടെ അനക്കം ഒന്നും കേൾക്കാതായപ്പോൾ വാസുകി പോയി എത്തി നോക്കി.

കട്ടിലിൽ കിടന്നു പിടയുന്ന സുഭദ്രയെ കണ്ടു വാസുകി ഓടി അകത്തേക്ക് ചെന്നു.

ഹൈ ബിപി ആണ്.. എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം. ഞാൻ ആംബുലൻസ് പറഞ്ഞിട്ടുണ്ട്.

പിടഞ്ഞു ചാവട്ടെ.. വാസുകിയുടെ ഉള്ളം സന്തോഷം കൊണ്ട് നിറഞ്ഞു.
പക്ഷേ ഡോക്ടറെ ബോധ്യപെടുത്താൻ ഇപ്പോൾ അവരെയും കൊണ്ട് ഹോസ്പിറ്റലിൽ പോയേ പറ്റു.

വാസുകി പെട്ടന്ന് തന്നെ നൈസ്നെ വിവരം അറിയിച്ചു.
ഡോക്ടർ വരുന്നില്ലേ… ആംബുലൻസിലെക്ക് കയറാൻ നേരം വാസുകി ചോദിച്ചു.

എന്റെ ജോലി തീർന്നു.. ഇനി ഞാൻ വരണ്ട കാര്യമില്ല.

താനൂർ സുഭദ്രക്ക് നേരെ കണ്ണു പായിച്ചു.
സുഭദ്രയുടെ അനക്കം നിലച്ചിരുന്നു.

ആംബുലൻസിൽ നിന്ന് അവരുടെ ശവം ഇറക്കുമ്പോൾ താനൂർന്റെ മുഖത്തൊരു പുഞ്ചിരി വിരിയുന്നതു വാസുകി കണ്ടു.

(തുടരും )

വാസുകി : ഭാഗം 1

വാസുകി : ഭാഗം 2

വാസുകി : ഭാഗം 3

വാസുകി : ഭാഗം 4

വാസുകി : ഭാഗം 5

വാസുകി : ഭാഗം 6

വാസുകി : ഭാഗം 7

വാസുകി : ഭാഗം 8

വാസുകി : ഭാഗം 9

വാസുകി : ഭാഗം 10