Tuesday, November 5, 2024
Novel

കവചം 🔥: ഭാഗം 1

രചന: നിഹ

തുറന്നിട്ട ജനലിലൂടെ ഇളം കാറ്റ് അവളുടെ മുടിയെ തലോടിക്കൊണ്ടിരുന്നു. പകുതി വായിച്ചുതീർന്ന പുസ്തകം മടക്കി ബെഡിലേയ്ക്കിട്ട് ആതിര ചെറുതായൊന്ന് കണ്ണടച്ചു.

നിമിഷനേരം കൊണ്ട് തന്നെ മുറിയുടെ അന്തരീക്ഷം ആകെ മാറിമറിഞ്ഞു.
മുറിയിലാകെ ഇരുട്ടു മൂടി, ഏതൊക്കെയോ ജീവികളുടെ ചീറ്റൽ ശബ്ദം കേട്ടുകൊണ്ടിരുന്നു. ആ ശബ്ദം അവളുടെ കാതുകളിൽ പതിഞ്ഞതും ഞെട്ടലോടെ അവൾ കണ്ണ് തുറന്നു .
പാതി ഇരുട്ടു മൂടിയ മുറി കണ്ടപ്പോൾ അവളിൽ ഭയം വന്നു നിറഞ്ഞു.

വളരെ വേഗം ചത്തുചീഞ്ഞ  ശവത്തിന്റെ ദുർഗന്ധം മുറിയിലാകെ പരന്നു. അവളുടെ ഹൃദയമിടിപ്പ് കൂടി.

അസഹ്യമായ ശവത്തിന്റെ ഗന്ധം മൂലം അവൾ മൂക്കുപ്പൊത്തി. മനം മറിഞ്ഞ് ഛർദ്ദിക്കാൻ കയറി വന്നു. മുറിയുടെ ഭാവം മാറുന്നത് കണ്ടപ്പോൾ രക്ഷപ്പെടാനുള്ള തന്ത്രപ്പാടിൽ അവൾ ഓടി വാതിലിന്റെ അടുത്തേക്ക് എത്തി.

ആതിര  വാതിൽ വലിച്ചു തുറന്ന് പുറത്തേക്കോടി. ധൃതിപിടിച്ച് പടികളിറങ്ങി. ആരോ തന്നെ പിന്തുടർന്നതു പോലെ ……
അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി.
പുറകിൽ ആരുമില്ലായിരുന്നു .
മുറിയിൽ നിന്നും രക്ഷപ്പെട്ടതോടെ അവൾക്ക് സമാധാനമായി. അവൾ ഒരു ദീർഘ നിശ്വാസത്തോടെ കണ്ണടച്ചു.

കണ്ണുകൾ വീണ്ടും തുറന്നപ്പോൾ മുമ്പിൽ കണ്ട കാഴ്ച കണ്ട അവൾ ഞെട്ടിപ്പോയി.മുന്നിൽ നടക്കുന്നത് സത്യമോ, മിഥ്യയോന്ന് അറിയാതെ അവൾ നടുങ്ങി നിന്നു .

വാതിൽ തുറന്ന്  ഓടി രക്ഷപ്പെട്ടവൾ വീണ്ടും മുറിക്കകത്ത് തന്നെ. ആ സമയം തന്നെ മുറിയിലെ ഇരുട്ടെല്ലാം മാറി മുറി പഴയതുപോലെയായി മാറിയിരുന്നു.
അവൾ വാതിലിലേയ്ക്ക്  നോക്കിയപ്പോൾ വാതിൽ അടഞ്ഞു കിടക്കുകയാണ്.

” ഈ വാതിൽ തന്നെയല്ലേ …
ഞാൻ തുറന്നു പുറത്തേക്ക് ഓടിയത്. പിന്നെ ഇപ്പോൾ …. എങ്ങനെ വീണ്ടും .. മുറിയിൽ .”
സ്വയം പറഞ്ഞുകൊണ്ട് അവൾ ഭയത്തോടെ ഡോറിന്റെ അടുത്തെത്തി.
ആതിര വാതിൽ തുറക്കാൻ ശ്രമിച്ചതും വലിയ ശബ്ദത്തോടെ വാതിൽ തനിയെ തുറന്ന് ശക്തിയായി വീണ്ടും അടഞ്ഞു.
ഉടനെ മുറിയിലാകെ പൊട്ടിച്ചിരി ഉയർന്നു കേട്ടു .
ഭയപ്പെടുത്തുന്ന പൊട്ടിച്ചിരി…
ആതിരയുടെ നെഞ്ചിലൂടെ മിന്നൽ പോലെ ഭയം ശരീരത്തിലാകെ വ്യാപിച്ചു.വീണ്ടും മുറിയിൽ മുഴുവൻ ചീഞ്ഞ ശവത്തിന്റെ ദുർഗന്ധം വ്യാപിക്കാൻ തുടങ്ങി.മുറിയിലെ വെളിച്ചമെല്ലാം മങ്ങി പോയി .
ശക്തമായ  കാറ്റത്ത് മുറിയിലെ വസ്തുക്കളെല്ലാം നിലത്തേക്ക് മറിഞ്ഞു വീണുകൊണ്ടിരുന്നു.

ഭയപ്പെടുത്തുന്ന രൂപങ്ങൾ അവളുടെ കൺമുന്നിലൂടെ മിന്നി മാഞ്ഞുകൊണ്ടിരുന്നു.
പേടിച്ച് കണ്ണടച്ചപ്പോഴേക്കും  മുകളിൽനിന്ന് രക്തത്തുള്ളികൾ അവളുടെ ദേഹത്തേക്ക് ഇറ്റിറ്റു വീഴാൻ തുടങ്ങി.

ആതിര പേടിച്ചു ഉറക്കെ കരയാൻ തുടങ്ങി.

” അനന്തേട്ടാ… അനന്തേട്ടാ …..”

ഭയന്നിട്ട് ശബ്ദം പുറത്തേക്ക് വരാത്തതുപോലെ …

“അയ്യോ …..ഓടി വരണേ ……
അനന്തേട്ടാ …..”

അവളുടെ കരച്ചിലിനെ ഒതുക്കി കളഞ്ഞുകൊണ്ട് മുറി മുഴുവൻ
മറ്റാരുടെയോ കരച്ചിലും പൊട്ടിച്ചിരികളുമെല്ലാം കേട്ടുകൊണ്ടിരുന്നു.

പെട്ടെന്ന് ആരോ എടുത്തുയർത്തും പോലെ അവൾ മുകളിലേക്ക് പൊങ്ങി.അടുത്ത നിമിഷം തന്നെ വലിച്ചെറിഞ്ഞതുപോലെ ഭിത്തിയിലിടിച്ച് ആതിര നിലത്തേക്ക് വീണു.
അലറി വിളിച്ചുകൊണ്ട് അവൾ ബോധംക്കെട്ട്   നിലത്ത് പതിച്ചു.

മുകളിലത്തെ മുറിയിൽ നിന്നും ആതിരയുടെ നിലവിളി കേട്ട് അനന്തൻ ധൃതി പിടിച്ച് പടി കയറി കിഴക്ക് ഭാഗത്തെ മുറിയിലേക്ക് പോയി. വാതിൽ അടഞ്ഞുകിടക്കുകയായിരുന്നു.

“ആതിരേ…. ”
അവളെ വിളിച്ചു കൊണ്ട് ഡോറിൽ തട്ടിയതും വാതിൽ തുറന്നു. അനന്തൻ മുറിയിൽ കയറി നോക്കിയപ്പോൾ ആതിര നിലത്ത് ബോധമില്ലാതെ കിടപ്പുണ്ട്.

” ആതിരേ …. എടി…. ”
അനന്തൻ അവളെ കുലുക്കി വിളിച്ചു. പക്ഷേ അവൾ കണ്ണു തുറന്നില്ല.
അനന്തൻ മേശയിലിരുന്ന ജഗ്ഗിൽ നിന്നും കുറച്ച് വെള്ളമെടുത്ത് അവളുടെ മുഖത്തേയ്ക്ക് ഒഴിച്ചു.

പെട്ടെന്നവൾ അലറി കരഞ്ഞു. അവളുടെ പെരുമാറ്റം കണ്ട അനന്തൻ അവളെ ഭയത്തോടെ വിളിച്ചു.

” ആതീ….”

” നിനക്കെന്താ പറ്റിയേ ….”

മുന്നിലിരിക്കുന്നത് അവളുടെ ഭർത്താവ് അനന്തനാണെന്ന് അറിഞ്ഞപ്പോൾ അവൾക്ക് സമാധാനമായി. എങ്കിലും മുമ്പ് നടന്നതിന്റെ ഭയം അവളെ വിട്ടുമാറിയിരുന്നില്ല.

” അനന്തേട്ടാ..എനിക്ക് പേടിയാകുന്നു. ഇവിടെ എന്തോ…
എന്തോ ഉണ്ട്. അതെന്നെ …. എന്നെ കൊല്ലും.. ഈ മുറി നോക്ക് ….”

ഇടറി വീണ ശബ്ദത്തോടെ അവൾ ഭയത്തോടെ പറഞ്ഞപ്പോൾ വാക്കുകൾ മുറിഞ്ഞു പോയി.

അനന്തൻ മുറിയ്ക്ക് ചുറ്റും കണ്ണോടിച്ചുവെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

” ഇങ്ങനെ അല്ലായിരുന്നു.. അല്ലായിരുന്നു. എല്ലാം പൊട്ടി തകർന്നു പോയി . എന്റെ മുന്നിലൂടെ ഒരു സ്ത്രീ …. ചോര എന്റെ ദേഹത്ത് ഇറ്റു വീണു ..അവൾ പ്രേതമാ.. എന്നെ കൊല്ലും… എന്നെ …..”

അവ്യക്തമായി സ്വബോധമില്ലാതെ ആതിര വീണ്ടും ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു.

അവളുടെ പ്രവർത്തി കണ്ട് ഒരു ഞെട്ടലോടെ അനന്തൻ നോക്കി നിന്നു.

” അനന്തേട്ടാ …. എനിക്ക് പേടിയാവുന്നു…..”
ആതിര കരഞ്ഞു പറഞ്ഞു കൊണ്ടിരുന്നു

” വാ… താഴേക്ക് പോകാം ….”
അനന്തൻ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു.

ആതിരയ്ക്ക് കാര്യമായിട്ട് എന്തോ സംഭവിച്ചെന്ന് അനന്തന് മനസ്സിലായി.

” അനന്തേട്ടാ …. അവിടെ ….”
ആതിര വീണ്ടും ആവർത്തിക്കാൻ തുടങ്ങിയതും അവളെ തടഞ്ഞു കൊണ്ട് അവൻ പറഞ്ഞു.

” അവിടെ ഒന്നുമില്ല … നിന്റെ തോന്നൽ മാത്രമാണ് . ”

അനന്തൻ പറഞ്ഞത് ഇഷ്ടപ്പെടാതെ
ആതിര  അവന്റെ കൈവിടിച്ച് നടക്കാൻ ശ്രമിച്ചു.
അവൾ സ്റ്റെപ്പ് ഇറങ്ങാൻ തുടങ്ങിയതും പുറകിൽ നിന്ന് ഒറ്റത്തള്ള് ..

ആതിര  പടിയിൽ നിന്നും ഉരുണ്ട് തലയിടിച്ച് താഴെ വീണു.

” ആതിരേ….”
അനന്തൻ അവൾക്ക് അടുത്തേക്ക് ഓടിയിറങ്ങി. അവളുടെ നെറ്റി പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു.
അവിടെയിവിടെയൊക്കെയായി ദേഹത്തെ തൊലി പൊട്ടി രക്തം കിനിയുന്നുണ്ടായിരുന്നു.

” ആരോ എന്നെ തള്ളി വീഴ്ത്തിയതാ….”

” ആര്…”
അനന്തൻ പുറകിലേക്ക് തിരിഞ്ഞു നോക്കി.

“അവിടെ ആരുമില്ലല്ലോ ..നിനക്കെന്താ ആതിരേ പറ്റിയത്. നീ ശ്രദ്ധിക്കാതെ ഇറങ്ങിയിട്ട് തട്ടി വീണതല്ലേ…”

താൻ പറയുന്നതൊന്നും അവൻ വിശ്വസിക്കാത്തതുകൊണ്ട് അവൾക്ക്  ദേഷ്യവും സങ്കടവും വന്നു.

അവൻ അവളെ താഴെ മുറിയിലേക്ക് കൊണ്ടുപോയി. തലയിടിച്ച് വീണതുകൊണ്ട് അവൾക്ക് തലയ്ക്ക് നല്ല വേദന ഉണ്ടായിരുന്നു.

അനന്തൻ അവളെ കസേരയിൽ പിടിച്ചിരുത്തിയിട്ട് ഫസ്റ്റ് എയ്ഡ് ബോക്സ് എടുക്കാനായി പോയി.

“അനന്തേട്ടാ… എന്നെ ഒറ്റക്കാക്കി പോവല്ലേ ..എനിക്ക് പേടിയാ .. ”
തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് അവൾ കരഞ്ഞു.

അപ്പോഴേക്കും ഉമ്മറത്തു നിന്നും ഗൗരി ആതിരയുടെ അടുത്തേക്ക് വന്നു. അനന്തന്റെ പെങ്ങളാണ് ഗൗരി. അരക്കൊപ്പമുള്ള ഇടതൂർന്ന മുടിയും വിടർന്ന കണ്ണുകളും അവളുടെ പ്രത്യേകതയാണ്.  അനന്തന്റെയും ആതിരയുടെയും മൂന്നുവയസ്സുകാരി മകൾ വേദയും അവൾക്കൊപ്പം ഉണ്ടായിരുന്നു.

“ഏട്ടത്തിക്ക് എന്താ പറ്റിയേ….”
ആതിരയുടെ നെറ്റിയിലെ ചോര നോക്കി അവൾ ചോദിച്ചു.

” അവൾ സ്റ്റെപ്പിന്റെ മുകളിൽ നിന്നും താഴേക്ക് വീണതാ മോളെ … ”

ആതിരയുടെ അടുത്ത് ഗൗരി നിൽക്കുന്നത് കൊണ്ട് അനന്തൻ പഞ്ഞിയും മരുന്ന് എടുക്കാനായി മാറി.

” അല്ല ഗൗരി എന്നെ ആരോ തള്ളിയിട്ടതാ … ”

” ആര് …” ?
ആകാംക്ഷയോടെ ഗൗരി ചോദിച്ചു.

” അവൾ ….അവളെന്നെ തള്ളിയിട്ടതാ …”

ആതിര മറ്റൊരു ലോകത്തെന്നതു പോലെ അവളോട് പറഞ്ഞുകൊണ്ടിരുന്നു.

” അവളോ … ”

” അതെ … മുകളിലത്തെ മുറിയില്
ആരോ ഉണ്ട്. അവിടെ നിന്നും കരച്ചിലും ചിരിയും -…. നീ കേട്ടില്ലേ … എന്നെ കൊല്ലാൻ നോക്കി … പ്രേതമുണ്ട് …. ”

ആതിരയുടെ ശബ്ദവും മുഖത്തെ ഭാവ വിത്യാസവും കണ്ടപ്പോൾ ഗൗരിക്ക് പേടി തോന്നി.

” എന്ത് ശബ്ദം ? ഞാനൊന്നും കേട്ടില്ലല്ലോ … ”  – ഗൗരി

അപ്പോഴേക്കും അനന്തൻ പഞ്ഞി കൊണ്ട് അവളുടെ രക്തം ഒപ്പിയെടുക്കുകയായിരുന്നു.

“അനന്തേട്ടാ …നിങ്ങൾ കേട്ടില്ലേ ആ ശബ്ദം …. എന്തൊരു ഭയാനക ശബ്ദമായിരുന്നു. ആരൊക്കെയോ അലറി കരഞ്ഞു കൊണ്ട് …. ”
ബാക്കി പറയാതെ ആതിര ചെവി പൊത്തി.

അനന്തനും ഗൗരിയും പരസ്പരം നോക്കി.

” ആതിരേ… നിനക്കെന്താ പറ്റിയെ? ഞങ്ങൾ രണ്ടാളും ഒന്നും കേട്ടില്ല .ഞാൻ നിന്റെ കരച്ചിൽ കേട്ടുകൊണ്ടാണ് മുകളിലേക്ക് വന്നത്.
നീ പറഞ്ഞപോലെ മുറിയിൽ ഞാനൊന്നും കണ്ടില്ല…ശ്രദ്ധയില്ലാതെ ഇറങ്ങിയത് കൊണ്ട് പടിയിൽ നിന്നും താഴെ ചാടി അല്ലാതെ ആരും
തട്ടിയിട്ടതൊന്നുമല്ല …… ”

അവൻ പറഞ്ഞു തീർന്നതും ആതിര ദേഷ്യത്തോടെ  ചാടി എഴുന്നേറ്റു .

” നിങ്ങൾ രണ്ടാളും എന്നെ പറ്റിക്കുകയാണ് ഞാൻ പറഞ്ഞതാ ശരി. മുകളിലത്തെ മുറിയിൽ ആരോ ഉണ്ട് .അതൊരു മനുഷ്യനല്ല…..ഞാൻ പറയുന്നത് എന്താ നിങ്ങൾക്ക് മനസ്സിലാകാത്തത് …”
ആതിര ഉറക്കെ ദേഷ്യത്തോടെഅലറി .

അവളുടെ മാറ്റം കണ്ട അനന്തനും ഗൗരിയും ഒരുപോലെ പേടിച്ചു.
അവളുടെ കൈയിലിരുന്ന വേദമോൾ പേടിച്ചു കരയാൻ തുടങ്ങി.

കുട്ടി നിർത്താതെ കരഞ്ഞതുകൊണ്ട് ഗൗരി അവളെയും കൊണ്ട് പുറത്തേക്കിറങ്ങി.

അനന്തന് ആതിരയുടെ അടുത്തേക്ക് ചെല്ലാൻ ചെറുതായി പേടി തോന്നിയെങ്കിലും അവൻ ധൈര്യത്തോടെ അവളുടെ അടുത്തേക്ക് ചെന്നു.

“നീ പറഞ്ഞത് എനിക്ക് വിശ്വാസമായി ആതീ… അവിടെ ആരോ ഉണ്ടായിരുന്നു. പക്ഷേ  ഇപ്പോൾ നീ റസ്റ്റ് എടുക്ക്. വാ ..എന്റെ കൂടെ … ”

ആതിരയെ സമാധാനിപ്പിക്കാൻ പറഞ്ഞുകൊണ്ട് അവൻ അവരുടെ മുറിയിലേക്ക് അവളെ കൂട്ടിക്കൊണ്ടുപോയി.

മാസങ്ങൾക്കു മുന്നെ കിഴാറ്റൂർ മന ദേവനാരായണൻ നമ്പൂതിരിയുടെ കൈയിൽ നിന്നും വാങ്ങിയെങ്കിലും രണ്ടു ദിവസം മുന്നെയാണ് ഇങ്ങോട്ട് താമസം മാറിയത്.

സാഹിത്യ ലോകത്ത്  അറിയപ്പെടുന്ന
ഒരു എഴുത്തുക്കാരിയാണ്
ആതിര അനന്തൻ .

നഗരത്തിലുള്ള അവരുടെ ജീവിതം മടുത്തപ്പോൾ അവളുടെ നിർബന്ധമായിരുന്നു തനി നാട്ടിൻപുറത്ത് താമസിക്കണമെന്നത്.അനന്തനും പഴയ മനയോടും  നാലുകെട്ട് തറവാടിനോടൊക്കെ ഭ്രമം ഉള്ളതുകൊണ്ട് തന്നെ കീഴാറ്റൂർ മന വിൽക്കാനുണ്ടെന്ന് കേട്ടപ്പോൾ
അതും ലാഭത്തിന് കിട്ടിയപ്പോൾ കണ്ണും പൂട്ടി മേടിച്ചു.

വളരെ വിശാലമായ പ്രദേശവും  ഐശ്വര്യമുള്ള വീടും ,കാവും കുളവുമൊക്കെ  കണ്ടപ്പോൾ രണ്ടാൾക്കും ഒരുപാട് ഇഷ്ടമായി.
തന്റെ സാഹിത്യ സൃഷ്ടിക്ക്  അതൊരു ഉത്തമമായ സ്ഥലമാണെന്ന് മനസ്സിലാക്കിയത് കൊണ്ട് ആ മന വാങ്ങിക്കാൻ ആതിരയ്ക്കും പൂർണ്ണ സമ്മതമായിരുന്നു.

പക്ഷേ കീഴാറ്റൂർ മന വാങ്ങിയതിന്റെ ഫലമായി അവർ അനുഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചൊന്നും അവർക്ക് ഒരു ധാരണയും ഇല്ലായിരുന്നു.
കഥ ഇവിടെ തുടങ്ങുകയാണ് ..🔥

തുടരും …..,👻