Friday, April 26, 2024
Novel

പ്രണയിനി : ഭാഗം 17

Spread the love

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

Thank you for reading this post, don't forget to subscribe!

“ദേവിക…” നന്ദു പറഞ്ഞു അവർ പോയ വഴിയേ നോക്കി നിന്നു.

പെട്ടന്ന് എന്തോ മനസ്സിൽ ഉൾകൊള്ളാൻ കഴിയാത്തതുപോലെ… അടുത്ത് കണ്ട ടേബിളിൽ കൈവച്ചു ചാരി നിന്നു പോയി നന്ദു. ഒരു തളർച്ച….ഇല്ല ഞാൻ തളരാൻ പാടില്ല… ഇതൊക്കെ പ്രതീക്ഷിച്ചത് തന്നെയല്ലേ… നല്ല കുട്ടി…

എന്തു ഓമനത്തം ആണ് ആ മുഖത്ത്… കൊതിയാകുന്നു… സന്തോഷിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു…. മനസ്സിനെ ശാന്തമാക്കാൻ താൻ ശീലിച്ചത് അല്ലേ… എന്തിന്റെ പേരിൽ ആണ് തനിക്ക് ഈ തളർച്ച… ദേവേട്ടൻ ഒരു കാലത്ത് ആരൊക്കെയോ ആയിരുന്നു… ഇന്ന് ആരുമല്ല… ആരുമല്ല…ആരും…നന്ദു മനസ്സിൽ പറഞ്ഞു കൊണ്ടേ ഇരുന്നു.

നന്ദുവിനെ ശ്രദ്ധിച്ചു കൊണ്ടു തന്നെ എതിർവശത്ത് ശിവൻ നിൽപ്പുണ്ടായിരുന്നു. പെട്ടന്ന് ശിവന്റെ ഫോൺ ശബ്ദിച്ചു. അവൻ കയ്യിൽ എടുത്തു ഒരു ചിരിയോടെ കാതിൽ വച്ചു.
“ദത്ത…പറയൂ….
ഉം…
ഗൗരി കണ്ടൂ ദേവുനേം മോളെയും..ആദ്യം മനസ്സിലായില്ല…പിന്നെ ശ്രീനാഥ് പറഞ്ഞു.
ഉം..
ശരി…വീട്ടിലേക്ക് അല്ലേ…കാണാം”

അവൻ ചിരിയോടെ ഫോൺ വെച്ചു. നന്ദു ഇപ്പോഴും അതേ നിൽപ്പ് തന്നെ. മൈക്കിൽ കൂടിയുള്ള അന്നൗൺസ്മെന്റ് കേട്ടു അടുത്തതായി വിളിക്കുന്നത് കളക്ടർ ദേവദത്തൻ IAS നെയാണെന്ന്.

“വേദിയിൽ ഇരിക്കുന്ന എല്ലാ വിശിഷ്ട വ്യക്തികൾക്കും പ്രിയപ്പെട്ട അധ്യാപിക അധ്യാപകർക്കും എന്റെ എല്ലാ നല്ലവരായ നാട്ടുകാർക്കും സുഹൃത്തുകൾക്കും എന്റെ വിനീതമായ നമസ്ക്കാരം…..

നന്ദു ഒരു നിമിഷം ശ്രദ്ധിച്ചു. പണ്ടത്തെ പോലെ തന്നെ ദേവെട്ടൻ വാക്കുകൾ കൊണ്ട് എല്ലാവരെയും പിടിച്ചു ഇരുത്തുന്നുണ്ട്. പ്രസംഗം കസറുന്നുണ്ട്…

കൂട്ടത്തിൽ പറയുന്നത് കേൾക്കാം ഒരു കളക്ടർ ആയി വേദിയിൽ ഇരിക്കുനതിനേക്കൾ നിങ്ങൾക്കിടയിൽ നിങ്ങളിൽ ഒരാളായി എന്റെ സുഹൃത്തുക്കൾക്കും ഇടയിൽ ഇരിക്കുന്നതാണ് സുഖമെന്ന് …

ഇയാൾക്ക് രാഷ്ട്രീയത്തിലും നല്ല ഭാവിയുണ്ട്… നന്ദു ചിരിയോടെ ആത്മഗതം പറഞ്ഞു. പിന്നെയും നന്ദുവിന്റെ മനസ്സ് ദേവികയുടെയും മോളുടെയും അടുത്തേക്ക് പോയി… എന്തോ അവൾക്ക് വേഗം വീട്ടിലേക്ക് പോയാൽ മതിയെന്ന് തോന്നി.

എത്രയും വേഗം വീട്ടിൽ എത്താൻ…തന്റെ ചെമ്പക മരത്തിന്റെ അടുത്തേക്ക് പോകാൻ… ചെമ്പകതിനോട് വിശേഷം പറയാൻ മനസ്സ് വെമ്പി.

പിന്നെയും കുറച്ചു കുറച്ചു തിരക്കുകളിൽ മുഴുകി. പെട്ടന്ന് തന്നെ ദേവെട്ടൻ പോയെന്ന് അറിഞ്ഞു. ദേവികയെ കണ്ടില്ലെങ്കിലും മോളെ ഒന്നു കാണണം എന്നുണ്ടായിരുന്നു. എന്തോ ആലോചിച്ചെന്ന പോലെ ഇരിക്കുകയായിരുന്നു.

പെട്ടന്ന് ആണ് ഭദ്രയെ ഓർമ വന്നത്. തിരക്കിൽ കിച്ചുവെട്ടനെയും പിന്നെ കണ്ടില്ല. അവളെ അന്വേഷിച്ചു നടകുമ്പോൾ കണ്ട് സ്റ്റാഫ് റൂമിൽ ഒരു ടേബിളിൽ തല ചായ്ച്ചു കിടക്കുന്ന ഭദ്രയേ.

പതിയെ ചെന്നു അടുത്ത് നിന്നെങ്കിലും ഭദ്ര ഈ ലോകത്ത് ഒന്നുമല്ലെന്ന് മനസ്സിലായി. ഞാൻ വന്നു നിന്നതു പോലും അറിഞ്ഞിട്ടില്ല കക്ഷി. നന്ദു അവളുടെ തലയിൽ പതുക്കെ തലോടി. ഭദ്ര പെട്ടന്ന് മുഖം ഉയർത്തി നോക്കി

“നന്ദു”… അവളുടെ കണ്ണുകൾ നിറഞ്ഞു തൂകി നിൽപ്പായിരുന്നു. പതുക്കെ നന്ദുവിന് ഒരു പുഞ്ചിരി നൽകാൻ ശ്രമിച്ചെങ്കിലും കരച്ചിൽ ആയിരുന്നു പുറത്തേക്ക് വന്നത്. നന്ദു ഭദ്രയുടെ അരികിൽ ചെന്നു നിന്നു.

ഭദ്ര അവളുടെ ഇടുപ്പിൽ ചുറ്റി പിടിച്ചു വയറിൽ മുഖം അമർത്തി കരഞ്ഞു. നന്ദു അവളുടെ തലയിൽ തലോടി നിന്നു.

“ദുർഗ്ഗ… അവളെ ഓർത്തു അല്ലേ…”

“ഉം”

“ഞാനും പ്രതീക്ഷിച്ചു”

“എനിക്ക് കാണണം അവളെ…” ഭദ്ര വിതുമ്പി കരഞ്ഞു പോയി….

“എന്താണ് ഇവിടെ കരച്ചിൽ ആണോ ” കിച്ചു ആയിരുന്നു അതു.

“ഏട്ടാ… ഞങ്ങളെ വീട്ടിൽ കൊണ്ടു വിടുമോ… പ്ലീസ്…പരിപാടി ഏകദേശം കഴിഞ്ഞല്ലോ” നന്ദു കിച്ചുവിനോട് ചോദിച്ചു

“വാ..പോകാം”നന്ദു ചിരിച്ചു കൊണ്ടു മുൻപിൽ നടന്നു. ഭദ്ര കണ്ണുകൾ തുടച്ചു കിച്ചുവിന് അരികിൽ എത്തി. അവനോടു ഒന്നു ചിരിച്ചു.

“പോകാം നന്ദേട്ടാ” നടക്കാൻ തുടങ്ങിയ ഭദ്രയെ അവൻ പിടിച്ചു നിർത്തി. എന്താണെന്ന് മുഖം ഉയർത്തി കണ്ണുകളിലൂടെ ചോദിച്ചു.

കിച്ചു മറുപടി ഒന്നും പറഞ്ഞില്ല. അവൻ അവളെ കുറച്ചു നിമിഷം നോക്കി നിന്നു. അവന്റെ മുണ്ടിന്റെ തലപ്പ് ഉയർത്തി അവളുടെ മുഖം നന്നായി തുടച്ചു കൊടുത്തു.

കരഞ്ഞു കരിമഷി പടർന്ന കണ്ണുകളും അമർത്തി തുടച്ചു ഒരു ചിരിയോടെ അവളെ തോളോട് ചേർത്തു പിടിച്ചു നടന്നു കാറിന്റെ അരികിലെത്തി. നന്ദു കാറിൽ ചാരി നിൽപ്പുണ്ടായിരുന്നു.

തിരിച്ചു വീടു എത്തും വരെ ആരുമാരും ഒന്നും സംസാരിച്ചില്ല. അപ്പോഴത്തെ മൗനത്തെ ഭേദിക്കാൻ ആർക്കും തോന്നിയില്ല… മൂവരും അടച്ചു വച്ച തങ്ങളുടെ ഭൂതകാലത്തിൽ ആയിരുന്നു.

വീടിന്റെ പുറത്ത് ഒരു വെളുത്ത ഇന്നോവ കിടപ്പുണ്ടായിരുന്നു. ഇവിടെ ഇപ്പൊ ആരാ… നന്ദുവും ഭദ്രയും ഒരുമിച്ച് ആണ് ഉള്ളിലേക്ക് കടന്നത്.

ഭദ്ര പെട്ടന്ന് നിന്നു. വാരിയരുടെ കൂടെ ബാല മാമ. സങ്കടം കൊണ്ടാണോ അല്ലെങ്കി അച്ഛനെ കണ്ട സന്തോഷം കൊണ്ടാണോ എന്നറിയില്ല… മിഴിനീർ അനുസരണ ഇല്ലാതെ ഒഴുകി…നന്ദു ഒരു ചിരിയോടെ മാമ എന്ന് വിളിച്ചു ഭദ്രക്ക് അച്ഛന് അരികിലേക്ക് ചെല്ലാൻ കഴിയുന്നില്ല… കാലുകൾ പിടിച്ചു നിർത്തിയത് പോലെ…

ബാല മാമ ഭദ്രയെ നോക്കി കൈ നീട്ടി നിന്നപ്പോൾ തന്റെ പഴയ അച്ഛനെ കിട്ടിയതുപോലെ തോന്നി അവൾക്ക്. ഓടി ചെന്ന് ആ നെഞ്ചില് വീണു പൊട്ടിക്കരഞ്ഞു. അത് കണ്ട് കൊണ്ടാണ് കിച്ചു കേറി വന്നതു. അവനും നിന്നു ചിരിച്ചു.

ഒരു പ്ലേറ്റിൽ ഉണ്ണിയപ്പം ആയി സീതമ്മയുടെ ഒപ്പം സുമിത്രമ്മയും എത്തി. അമ്മയെ കണ്ട ഭദ്ര അവരുടെ മാറിൽ വീണു. എല്ലാവരും ഒരു ചിരിയോടെ അവരുടെ സ്നേഹ പ്രകടനം നോക്കി കണ്ടൂ… അവരുടെ കണ്ണുകളും ഈറൻ അണിഞ്ഞു.

കുറച്ചു നിമിഷം അവർ സംസാരിച്ചു ഇരുന്നു. അപ്പോഴാണ് ആ സുന്ദരി കുട്ടി കുറുംബി ഒരു ഉണ്ണിയപ്പം കയ്യിൽ വച്ചു കൊണ്ട് മുകളിൽ നിന്നും വരുന്നത് കണ്ടത്. നന്ദുവിനെ കണ്ടപ്പോൾ തന്നെ ഓടി വന്നു അവളുടെ കൈകളിൽ പിടിച്ചു വലിച്ചു സുന്ദരി.

നന്ദു പതുക്കെ അവളുടെ തലയിൽ തലോടി കൊണ്ടു ഒരു ചിരിയോടെ സുന്ദരി കുട്ടിയുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു.

“ആന്റിക്ക് തരുമോ ഉണ്ണിയപ്പം”

“ആന്റിക്ക് തരാലോ…” കയ്യിലിരുന്ന ഉണ്ണിയപ്പം നന്ദുവിന് നേരെ നീട്ടി അവൾ കിണുങ്ങി ചിരിച്ചു.

“എന്താ മോളൂട്ടിയുടെ പേര്”

“ദേവ നന്ദ ന്നാ എൻറെ പേര് ” അവൾ പറഞ്ഞു കൊണ്ട് ചിരിച്ചു. നന്ദു ഒരുനിമിഷം വല്ലാതായി.

“ദേവേട്ടാ..ദേവേട്ടാ…. ഇങ്ങോട്ട് നോക്കൂ…”

“എന്താടി പെണ്ണേ കിടന്നു ചിണുങ്ങുന്നെ കുഞ്ഞു കുട്ടികളുടെ പോലെ”

“നമുക്ക് എത്ര കുട്ടികൾ വേണം ദേവേട്ടാ…”

“അയ്യോ എന്റെ നന്ദുട്ട…നീ ഒരു മാതിരി പൈങ്കിളി കാമുകി ആകല്ലെ”

“അതെന്താ ദേവേട്ടാ….ദേ ഒരു കാര്യം പറഞ്ഞേക്കാം പ്രണയം എന്ന് പറയുന്നത് തന്നെ ഒരു പൈങ്കിളി ആണ്…ആരോട് പറയാൻ ഈ unromantic മൂരാചിക്ക് ഇത് വല്ലോം അറിയോ” നന്ദു ചുണ്ടുകൾ കോട്ടി പറഞ്ഞു.

“ഞാനോ…എനിക്കാണോ റൊമാന്റിക് അറിയാത്തതു….മൂരാച്ചിയാണോ” കലിപ്പിച്ചു നോക്കി മീശ പിരിച്ചു നന്ദുവിനു അരികിലേക്ക് ദത്തൻ നടന്നു അടുത്തു.

“ഞാൻ ചുമ്മാ പറഞ്ഞതാ എന്റെ ദേവേട്ടാ…”നന്ദു ദേവന്റെ താടിയിൽ പിടിച്ചു വലിച്ചു കൊണ്ടു പറഞ്ഞു.

“നമുക്കെ എത്ര കുട്ടികൾ വേണം”

“മൂന്നു കുട്ടികൾ വേണം…അതിൽ നിന്നെ പോലെ ഒരു കാന്താരി…ഒരു സുന്ദരി വാവ…കൊച്ചു നന്ദുട്ടനെ വേണം”

നന്ദു നാണിച്ചു തല താഴ്ത്തി…നന്ദു ദേവദത്തന്റെ തോളിൽ ചാരി ഇരുന്നു പറഞ്ഞു.

“മോളു ആണെങ്കിൽ എന്തു പേരാ ഇടാ ദേവേട്ടാ”

“നീ പറഞ്ഞോ…”

“എന്തു പേരാ ഇടാ…ആ പേരിൽ നമ്മൾ രണ്ടാളും വേണം… അങ്ങനെ ഒരു പേര് വേണം ഇടുവാൻ”

“അതെന്താ…നമ്മൾ രണ്ടാളും”

“നമ്മൾ എപ്പോളും ഒന്നല്ലേ…അതുകൊണ്ടു”
“ശരി… നീ പറയു എന്തു പേരിടും”
നന്ദു ഒരു ആലോചനയോടെ..ശരിക്കും തല പുകച്ചു…

“ദേവ ദത്തൻ ….ഗൗരി നന്ദ…അതു നമുക്ക് ദേവ നന്ദ എന്നാക്കിയാലോ”

ദത്തൻ അവളുടെ മൂക്കു പിടിച്ചു വലിച്ചു കൊണ്ടു പറഞ്ഞു” ഈ തലയിൽ ആൾ താമസം ഉണ്ടല്ലേ”
“ആന്റി…ആന്റിയുടെ പേര് എന്താ”

ആ ചോദ്യമാണ് നന്ദുവിനെ ഉണർത്തിയത്.

“ഗൗരി….ഗൗരി നന്ദ” നന്ദു ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

“അയ്യോ…അച്ഛാ വന്നേ…അച്ഛാ വന്നേ…” രണ്ടു കൈകൾ കൊട്ടികൊണ്ടു നന്ദുവിനെ കടന്നു ഓടി പോകുന്ന മോളെ നന്ദു നോക്കി നിന്നു. ദേവദത്തൻ വരുന്നുണ്ടായിരുന്നു. നന്ദു നോക്കുമ്പോൾ ആ കുട്ടി അവന്റെ മേലേക്ക് ചാടി.

അവൻ അവളെ കോരി എടുത്തു കവിളിൽ ഉമ്മ വയ്ക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടോ നന്ദുവിന്റെ കണ്ണിൽ കണ്ണുനീർ വന്നു മൂടി….ആരും കാണാതെ കണ്ണു തുടച്ചു നോക്കുമ്പോൾ തന്നെ തന്നെ ഉറ്റു നോക്കുന്ന ദേവികയെ ആണ് നന്ദു കണ്ടത്.

ദേവികയ്ക്കു മുഖം കൊടുക്കാതെ നന്ദു ഒഴിഞ്ഞു നിന്നു. “ചേട്ടച്ച …എനിച്ചു ചോക്ലേറ്റ് വേണം…ചേട്ടച്ച” എല്ലാവരും ചേട്ടച്ച എന്ന വിളി കേട്ടു നോക്കി….

മോളു ശിവനെ ആണ് ചേട്ടച്ച എന്നു വിളിക്കുന്നത്…ശിവനും അവളെ വാരിയെടുത്തു മാളൂട്ടി എന്നും വിളിച്ചുകൊണ്ടു പോക്കറ്റിൽ നിന്നും ചോക്ലേറ്റിന്റെ ഒരു പാക്കറ്റ് കയ്യിൽ വച്ചു കൊടുത്തു.അതുകണ്ട് ദേവദത്തൻ ശിവനെ ശാസനയോടെ നോക്കി.

നന്ദു പതുക്കെ മുകളിലേക്ക് പോയി. തന്റെ മുറിയിൽ പോകാതെ ടെറസിൽ നിന്നു. അവിടെ നിന്നാലും ചെമ്പകം മരം കാണാൻ കഴിയും… എത്ര സമയം ആ നിൽപ്പു നിന്നു എന്നറിയില്ല… പുറകിൽ ഒരു ആളനക്കം തോന്നിയപ്പോൾ തിരിഞ്ഞു നോക്കി. “ദേവേട്ടൻ ”

” എന്താ ഇവിടെ ഒറ്റക്ക് നിൽക്കുന്നത് ”

“കുറെ നാളുകൾ ആയി ഞാൻ ഒറ്റക്ക് ആണ് ദേവേട്ടാ” നന്ദു നിർവികാരയായി പറഞ്ഞു നിന്നു.
“എനിക്കു മനസ്സിലാകും….

എന്തുകൊണ്ട നീയൊന്നും മറക്കാതിരുന്നത് ”
“മറക്കാൻ ശ്രമിക്കുന്നത് എല്ലാം ഓർത്തുകൊണ്ടേ ഇരിക്കുന്നു….ഓരോ നിമിഷത്തിലും…എന്തൊക്കെയാ ഞാൻ മറക്കേണ്ടത്…” നന്ദു കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.

“എല്ലാം ” ഒറ്റവാക്കിൽ ദേവദത്തൻ അവസാനിപ്പിച്ചു.

“മറക്കാം…എനിക് അറിയണം…എന്നെ …എന്നെ… വേണ്ട എന്നു വച്ചതിന്റെ കാരണം…പറയു..” ദേവദത്തനെ തെല്ലു ഈർഷ്യയോടെ തന്നെ നോക്കി നന്ദു ചോദിച്ചു.

“ഞങ്ങൾ പറയാം നന്ദു ” ശബ്ദം കേട്ട ഭാഗത്തേക്ക് നന്ദു നോക്കെ കണ്ണുകൾ വിടർന്നു. കണ്മുന്നിൽ നിൽക്കുന്ന കാഴ്ച കണ്ടു നന്ദു പുറകിലേക്കു വേച്ചു പോയി….!!

“കാശിയേട്ടൻ… ” നന്ദുവിനു തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല.

“ഞാൻ തന്നെയാ നന്ദു…കാശി…കാശിനാഥ്‌ ” ക്ഷീണിച്ച ശബ്ദത്തിൽ കാശി പറഞ്ഞു.

“ഇതു…ഇതെന്താ പറ്റിയത്…ദുർഗ…അവൾ എവിടെ…” നന്ദുവിന്റെ കണ്ണുകൾ ദുർഗയെ തേടി.

“ഞാൻ കൂടി വരാതെ കഥ എങ്ങനെ പറയും… ഞാൻ ഇവിടെ തന്നെയുണ്ട്” ദുർഗ ഭദ്രയുടെ കൈ പിടിച്ചു വാതിൽ കടന്നു വന്നു… പുറകെ കിച്ചുവും ശിവനും ഉണ്ടായിരുന്നു.

“എന്താ സംഭവിച്ചത് കാശിയേട്ടന്… എന്തു കോലം ആണ് ഇത്…തിരിച്ചറിയാത്ത വിധം മാറി പോയിരിക്കുന്നു.”

ഒരു വീൽ ചെയറിൽ ആയിരുന്നു കാശി. മുടി പറ്റെ വെട്ടി…. കൺ തടങ്ങളിൽ കറുപ്പു പടർന്നിരുന്നു. കവിളുകൾ എല്ലാം ഒട്ടി…

പഴയ ഓജസ്സും തേജസ്സും നഷ്ടപെട്ട കാശി… കാശിയാണ് ഇതെന്ന് ഓർമ്മിപ്പിക്കാൻ ആ കണ്ണുകളിലെ മങ്ങിയ തിളക്കം മാത്രം. ഒരു കാലത്തു കോളേജിലെ ചോക്ലേറ്റ് ഹീറോ ആണോ ഇതെന്ന് തോന്നിപ്പോയി… അത്രയും മാറ്റം…. നന്ദു ദുർഗയെ നോക്കെ…..

കണ്ണുനീർ പൊഴിച്ചു കൊണ്ടേ ഇരിക്കുന്നു. നന്ദു ഓടി ചെന്നു അവളെ കെട്ടി പിടിച്ചു….കുറച്ചു നേരം അങ്ങനെ തന്നെ നിന്നു കരഞ്ഞു … ഭദ്രയും അവരുടെ ഒപ്പം ചേർന്നു… പണ്ടത്തെ പോലെ മൂവരും പരസ്പരം ഒരുപോലെ പുണർന്നു കരഞ്ഞു…

അതു കണ്ടു കൊണ്ടു നിന്നവരുടെ കണ്ണിലും നീറ്റലുണ്ടാക്കി… എത്ര നാളുകൾക്കു ശേഷമാണ് മൂവരെയും ഇതുപോലെ കാണുന്നത്…. ഒപ്പം എല്ലാവരുടെ ചുണ്ടിലും ചിരിയും പടർന്നു.

കരച്ചിലുകൾ കുറച്ചു കഴിഞ്ഞു തേങ്ങലുകൾ ആയി മാറി…അവരുടെ പരിഭവം കണ്ണീരാൽ ഒഴുക്കി കളയട്ടെന്നു മറ്റുള്ളവരും കരുതി അതുവരെ കാത്തു നിന്നു.

നന്ദുവിൽ നിന്നും അടർന്നു മാറിയ ദുർഗ രണ്ടു കൈകളും കൂപ്പി പിടിച്ചു മാപ്പപേക്ഷിച്ചു കൊണ്ടു പറഞ്ഞു…”എന്നോട് ക്ഷമിക്കണം നന്ദു… അതു ചോദിക്കാനുള്ള അർഹത പോലും ഇല്ലെന്നു അറിയാം…എനിക്ക് ഇപ്പൊ ഇതിനെ കഴിയൂ…

ഏട്ടൻ …ഏട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല… അന്നും ഇന്നും ഏട്ടൻ നിന്നെ സ്നേഹിച്ചിട്ടേയുള്ളൂ… എനിക്ക് വേണ്ടിയാണ്… എന്റെ ജീവിതത്തെ കരുതിയാണ് നിന്നെ ഉപേക്ഷിക്കേണ്ടി വന്നത്..”കരഞ്ഞുകൊണ്ട് ദുർഗ അത്രയും പറഞ്ഞു ഒപ്പിച്ചു.

“എനിക്ക് ഒന്നും മനസ്സിലാകുന്നില്ല…നിന്നെ കരുതിയോ… ഒന്നു തെളിച്ചു പറയുന്നുണ്ടോ ആരെങ്കിലും ” നന്ദു കുറച്ചു ഒച്ചയിൽ തന്നെ ചോദിച്ചു.

“പറയാം എല്ലാം…ഞങ്ങൾ രണ്ടുപേർക്കും മാത്രേ പറയാൻ കഴിയൂ” കാശി നന്ദുവിന്റെ കൈകളിൽ പിടിച്ചു പറഞ്ഞു.

ദുർഗ പറഞ്ഞു തുടങ്ങി “നമ്മൾ കോളേജിൽ ചേർന്ന വർഷം ഭഗവതി കാവിലെ ഉത്സവത്തിന്റെ ഭാഗമായി നടത്താറുള്ള ഡാൻസ് പ്രോഗ്രാമിന് കാശിയേട്ടനെ ഞാൻ കണ്ടിരുന്നു.

അന്ന് കാശിയേട്ടന്റെ കണ്ണിൽ തങ്ങി നിന്ന രൂപം ആരുടെ നേർക്കു ആയിരുനെന്നു എനിക് പൂർണ്ണമായും മനസ്സിലായിരുന്നില്ല. പക്ഷെ എനിക് ഒരു കാര്യം ഉറപ്പുണ്ടായിരുന്നു. നമ്മളിൽ ആരെയോ ആ മനസ്സു ആഗ്രഹിക്കുന്നുവെന്നു.

പിന്നീട് ഞാൻ അതു അത്രകണ്ട് കാര്യമാക്കിയില്ല… കാശിയേട്ടൻ നമ്മളെ ശല്യം ചെയ്യാനോ പുറകെ നടക്കാനോ വന്നിരുന്നില്ലല്ലോ… പിന്നെയും കുറെ കഴിഞ്ഞു ഇവരെല്ലാം പാസ് ഔട്ട് ആയി പോയിട്ടും കാശിയേട്ടൻ ഇടക്ക് ഇടക്ക് കോളേജിലേക്ക് വീണ്ടും വരാൻ തുടങ്ങിയപ്പോൾ ഞാൻ പിന്നെയും ശ്രദ്ധിച്ചു.

ലൈബ്രറിയിൽ ഭദ്രയെ ഇടക്ക് കാണാൻ വരുന്നത് ആണെന്ന് മനസ്സിലായി… അവളെ കാണുമ്പോൾ ഉള്ള ആ കണ്ണുകളിലെ തിളക്കം ഞാൻ അറിഞ്ഞു.” ദുർഗ അതു പറഞ്ഞു കാശിയെ നോക്കുമ്പോൾ അവന്റെ തല കുമ്പിട്ടു പോയി… ഭദ്രക്കും നന്ദുവിനും ഇതൊരു പുതിയ അറിവായിരുന്നു. അതു അവരുടെ കണ്ണുകളിലെ ആകാംഷയിൽ മനസിലായി.

ദുർഗ തുടർന്നു…”പിന്നെ എനിക്കു അറിയേണ്ടിയിരുന്നത് ഭദ്രക്കും അതേ ഇഷ്ടം ഉണ്ടോ എന്നായിരുന്നു…നിനക്കു ഓർമയുണ്ടോ നന്ദു ഒരിക്കൽ ഹോസ്റ്റലിൽ വച്ചു ഭദ്രയുടെ ഡയറി ഞാൻ വായിക്കാൻ ശ്രമിച്ചത്…

അതിനു അവളെന്നോട് ദേഷ്യപെട്ടത്…ആദ്യമായാണ് അവളെന്നോട് ദേഷ്യപ്പെടുന്നത്…അന്നെനിക്ക് ഒരു കാര്യം കൂടി മനസ്സിലായി നമ്മൾ അറിയാത്ത …അല്ലെങ്കിൽ നമ്മളോട് പറയാൻ താല്പര്യമില്ലാത്ത ഒന്നു അതിലുടെന്നു… ഒരിക്കൽ ഞാൻ അതു അവളറിയാതെ തുറന്നു വായിക്കും എന്നുറപ്പിച്ചു തന്നെയാ അന്ന് ഉറങ്ങിയത് പോലും.

നിങ്ങൾ രണ്ടുപേരും ഇല്ലാതിരുന്ന ഒരു ദിവസം ഞാൻ ഭദ്രയുടെ ഡയറി തപ്പി എടുത്തു വായിച്ചു… ശരിക്കും വേറെ ഒരു ലോകം ആയിരുന്നു അതു… മുഴുവൻ പ്രണയം ആയിരുന്നു അതിൽ… അവളുടെ മനസ്സിലെ പ്രണയം ആയിരുന്നു ഓരോ വരിയിലും… ഓരോ വാക്കിലും… അതിശയിച്ചുപോയി…

ഇത്രയും ഒരാളെ സ്നേഹിക്കാൻ കഴിയുമോയെന്ന്… രാധ മാധവ പ്രണയം…..ആദ്യമൊന്നും എനിക്ക് മനസ്സിലായിരുന്നില്ല അവൾ വരികളിലൂടെ ഒളിപ്പിച്ചു വച്ച അവളുടെ പ്രണയം ആർക്കു വേണ്ടിയാണെന്നു. പിന്നെയും പിന്നെയും വായിച്ചു….

ഒടുവിൽ ഒരാളിലേക്കു എന്റെ സംശയം നീണ്ടു… അതു ഉറപ്പിക്കുവാൻ വേണ്ടി തന്നെ അയാളോട് മനപൂർവ്വമായ ഒരു അടുപ്പം അവളുടെ മുൻപിൽ ഞാൻ അഭിനയിച്ചു. എനിക്ക് ഉറപ്പുണ്ടായിരുന്നു അടുത്ത ദിവസം തന്നെ അത് അവളുടെ ഡയറിയിൽ കുറിക്കുമെന്നു….

എനിക്ക് തെറ്റിയില്ല… അവൾ കുറിച്ചു വെച്ചിരുന്നു…രാധ മാധവന്റെ പ്രണയം പോലെ തന്റെ പ്രണയവും വെറും പ്രണയം മാത്രം ആയി പോകുമോ എന്നവൾ വ്യാകുലപെട്ടു. ദുർഗയ്ക്കു വേണ്ടി തന്റെ പ്രണയം തന്നോട് കൂടി മാത്രം അലിയട്ടെ എന്നവൾ കുറിച്ചപ്പോൾ…

ഭദ്രയുടെ കണ്ണുനീർ പോലും ആ വരികളിലൂടെ അവളെ സമാധാനിപ്പിച്ചു വെന്നു എനിക് തോന്നിപ്പോയി. ആ നിമിഷം തിരിച്ചറിഞ്ഞു അവളുടെ പ്രണയം അവളുടെ നന്ദേട്ടൻ ആണെന്നു. വർഷങ്ങളായി അവൾ മനസ്സിൽ ഒളിപ്പിച്ചത് കിച്ചുവെട്ടനെ(നന്ദേട്ടൻ) ആയിരുന്നു.

“ദുർഗ പറഞ്ഞു നിർത്തിയ നിമിഷം കിച്ചുവിന്റെ കൈകൾ ഭദ്രയിൽ അമർന്നു… അവളുടെ കൈകൾ കോർത്തു മുറുകെ പിടിച്ചു.

ദുർഗ അവരെ നോക്കി പിന്നെയും തുടർന്നു… “പിന്നെ എന്റെ മനസ്സിൽ സംശയം ആയി അതേ ഇഷ്ടം കിച്ചുവെട്ടനു അവളോടും ഉണ്ടാകുമോയെന്നു. കാരണം അതിരു വിട്ടു ഒരു അടുപ്പവും കിച്ചുവെട്ടൻ അവളോട്‌ കാണിച്ചിരുന്നില്ല.

എന്നൊടുള്ളതുപോലുള്ള അത്രയും പോലും അടുപ്പമോ സംസാരമോ ഒന്നും ഞാൻ കണ്ടിരുന്നില്ല…അതു കൂടുതൽ ചിന്തയിൽ ആഴ്ത്തി എന്നെ…ഇനി എന്നോട് ആയിരിക്കുമോ കിച്ചുവെട്ടന് ഇഷ്ടം…കാരണം ആ സമയത്തു പതിവിലുംഅടുപ്പവും എന്നോട് കാണിച്ചിരുന്നു.

ശരിക്കും ഞാൻ വിഷമിച്ചുപോയിരുന്നു ആ സമയങ്ങളിൽ… എന്തു ചെയ്യുമെന്നു ഒരു രൂപവും ഉണ്ടായില്ല…എന്തു വിലകൊടുത്തും ഭദ്രയെ കിച്ചുവെട്ടനെ തന്നെ ഏൽപ്പിക്കണം എന്നു ഞാൻ തീരുമാനിച്ചിരുന്നു.

ചെറുപ്പം മുതലേ എനിക്ക് വേണ്ടി എന്നും ഒഴിഞ്ഞു തന്നിട്ടേയുള്ളൂ ഇവൾ… ഇവൾ ആദ്യമായി മനസ്സുകൊണ്ട് ആഗ്രഹിച്ചത് അവൾക്കു തന്നെ നേടി കൊടുക്കണം…അതു ഞാൻ തന്നെ ചെയ്യണം എന്നെനിക്കു തോന്നി. നന്ദുവിനോട് എന്തുകൊണ്ടോ ഒന്നും പറയാൻ തോന്നിയില്ല.

ആയിടക്കു ആയിരുന്നു കാശിയേട്ടൻ എന്നെ കാണാൻ വരുന്നത്”.

കാശി ദുർഗയെ നോക്കി ചിരിച്ചു. ഈ സമയങ്ങളിൽ എല്ലാം കിച്ചു ഭദ്രയുടെ കൈകളിൽ മുറുകെ പിടിച്ചിരുന്നു.

“ഇനി ഞാൻ പറയാം”. എല്ലാവരുടെ കണ്ണുകളും കാശിയുടെ നേർക്കു തിരിഞ്ഞു.

“ദുർഗയെ ഞാൻ സമീപിച്ചത് ഭദ്രയെ എന്റെ ഇഷ്ടം അറിയിക്കാൻ ഒരു സഹായത്തിനു വേണ്ടി ആയിരുന്നു”. ഭദ്ര അതിശയത്തോടെ കാശിയെയും ദുർഗയെയും മാറി മാറി നോക്കി. നന്ദുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. മറ്റുള്ളവരും ഒരു നിസ്സംഗഭാവത്തിൽ നിൽക്കുകയായിരുന്നു. കാശി തുടർന്നു…

“ആദ്യമൊക്കെ ദുർഗ എതിർത്തു വളരെ ശക്തമായി…പക്ഷെ അപ്പോഴൊന്നും അവൾ പറഞ്ഞില്ല ഭദ്രയുടെ ഉള്ളിൽ അവളുടെ നന്ദേട്ടനു മാത്രമേ സ്ഥാനമുള്ളുവെന്നു…..

ഞാൻ പിന്നെയും സ്നേഹിച്ചു കൊണ്ടേയിരുന്നു. കോളേജിൽ വച്ചു കണ്ട അന്നുമുതൽ എന്റെ മനസ്സിൽ കേറിയത് ആയിരുന്നു ഭദ്രയുടെ പേടിച്ച പേടമാൻ മിഴികൾ…”കാശിയുടെ വാക്കുകളിൽ വിഷാദം കലർന്നിരുന്നപോലെ തോന്നി.

“കാശിയേട്ടനെ ഇതിൽ നിന്നും പിന്തിരിപ്പിക്കാനായിരുന്നു എന്റെ ആദ്യ ശ്രമം.. പലതും പറഞ്ഞു നോക്കി… അപ്പോഴൊക്കെയും എന്തുകൊണ്ടോ കിച്ചുവെട്ടന്റെ കാര്യം പറയാൻ തോന്നിയില്ല… മനപൂർവ്വം പറഞ്ഞില്ല…

പിന്നെയും പിന്നെയും എന്നെ സമീപിച്ചു കൊണ്ടേയിരുന്നു കാശിയേട്ടൻ… ഞാൻ നിരുത്സാഹപ്പെടുത്തി കൊണ്ടേയിരുന്നു. പിന്നീട് സ്ഥിരമായി എന്നെ കാണുവാനും വിളിക്കുവാനും തുടങ്ങി ഭദ്രയുടെ കാര്യങ്ങൾ ആയിരുന്നു ചോദിക്കുന്നത് മുഴുവനും….

ഇടക്കിടക്കുള്ള വിളികളും പരസ്പരം ഉള്ള കണ്ടുമുട്ടലുകളും എന്റെയുള്ളിൽ കാശിയേട്ടനോടുള്ള സ്നേഹത്തിന്റ് ഉറവ പിറവിയെടുത്തു. ഭദ്രയോടുള്ള സ്നേഹവും ശ്രദ്ധയും എല്ലാം ഒരു അസൂയയോടെ ആയിരുന്നു ഞാൻ നോക്കി കണ്ടിരുന്നത്…

ഭദ്രയോട് കാശിയേട്ടനെ കുറിച്ചു എല്ലാം പറയുന്നുണ്ട് എന്നും അവളെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് എന്നും കാശിയേട്ടനോട് കള്ളം പറഞ്ഞു… അവിടന്നു ഞാൻ തന്നെ ആകെ മാറി പോകുകയായിരുന്നു…

പിന്നീട് അവിടന്നു നിങ്ങളോടുള്ള എന്റെ സമീപനത്തിലും മാറ്റം വരുത്തി…നിങ്ങളിൽ നിന്നും അകലാൻ ഞാൻ ശ്രമിച്ചു…

മനസ്സുകൊണ്ട് എനിക്ക് ഒരിക്കലും നിങ്ങളിൽ നിന്നും അകലാൻ ആകില്ലയിരുന്നു… ഒരിക്കൽ കാശിയേട്ടൻ സംസാരിച്ചപ്പോൾ അറിയാതെ ഏട്ടന്റെ വായിൽ നിന്നും വീണ വാക്കുകൾ എന്റെ ഹൃദയത്തെ കീറിമുറിച്ചു….

ഭദ്രയെ എല്ലാത്തരത്തിലും സ്വന്തമാക്കിയാൽ അവൾ കാശിയേട്ടനെ വിട്ടു ഒരിക്കലും പോകില്ലെന്ന്…ഒരു ഞെട്ടലോടെയാണ് ഞാൻ അതു ശ്രവിച്ചത്.

പതിയെ പതിയെ കാശിയേട്ടൻ അവളെ ഏട്ടന്റെ അടുത്തെത്തിക്കാൻ നിർബന്ധിച്ചു തുടങ്ങി… ഇനിയും പറയാതെ ഇരുന്നിട്ട് കാര്യമില്ല എന്നു തോന്നിയ ഞാൻ കാശിയേട്ടനോട് എല്ലാം തുറന്നു പറയാൻ തീരുമാനിച്ചു ഉറപ്പിച്ചു. കാശിയേട്ടൻ പറഞ്ഞ സ്ഥലത്തേക്ക് ചെന്നു.”

@@@@@@@@@@@@@@@@@@@@@@

കാശിയേട്ടന്റെ കൂട്ടുകാരി കീർത്തനയുടെ വീട്ടിൽ ആയിരുന്നു ചെല്ലാൻ പറഞ്ഞതു. ഞാൻ ചെല്ലുമ്പോൾ കാശിയേട്ടനും കീർത്തനയും മാത്രേ അവിടെ ഉണ്ടായിരുന്നുള്ളു.ഞാൻ ചെന്നതിനു ശേഷം കീർത്തന അത്യാവശ്യമായി പുറത്തേക്കു പോകുകയും ചെയ്തു.

എങ്കിലും എനിക്ക് ഒരു പേടിയും തോന്നിയില്ല… ഉള്ളിൽ കാശിയേട്ടനോടുള്ള സ്നേഹം കൊണ്ടുതന്നെ ആയിരുന്നു.

എന്റെ പുറകിൽ ഭദ്രയെ നോക്കിയ കാശിയേട്ടന് നിരാശ ആയിരുന്നു… ഞാൻ പറഞ്ഞു

“കാശിയേട്ട.. ഞാൻ പറഞ്ഞിരുന്നില്ലേ അവൾക്കു അങ്ങനെ ഒരു ഇഷ്ടം ഏട്ടനോട് ഇല്ല”

“എങ്കിലും അവളെ എങ്ങനെയെങ്കിലും ഇവിടേക്കു കൊണ്ടുവരാമായിരുന്നില്ലേ… നീയെനിക്ക് വാക്കു തന്നതല്ലേ ദുർഗാ”

“അവൾ വരില്ല ഏട്ടാ… അവളുടെ ഉള്ളിലുള്ള പ്രണയം അത്രയും തീവ്രം ആയിരുന്നു. ആയിരുന്നു എന്നല്ല ഇപ്പോഴും ആണു.

ഒരാളെ മാത്രമേ അവൾക്കു സ്നേഹിക്കാൻ കഴിയൂ.. കാശിയേട്ടൻ എത്രയൊക്കെ പറഞ്ഞാലും അവളുടെ മനസ്സ് മാറില്ല”

“ഭദ്രക്കു പ്രണയമോ…ആരോട് ….ആരോടു ആണ് …” ദുർഗയുടെ ഇരു തോളും ഉലച്ചു കൊണ്ടു അവൻ അലറി.

“അവളുടെ മാത്രം നന്ദേട്ടനോട്…” കാശിയുടെ കണ്ണുകളിൽ നോക്കി ദൃഢമായി പറഞ്ഞു.

“നന്ദേട്ടൻ….ആരാ ഈ നന്ദൻ ” ദുർഗയെ സംശയത്തോടെ നോക്കി ചോദിച്ചു…. ഒരു വേള അവൾ കള്ളം പറയുകയാണെങ്കിലോ എന്നു സംശയിച്ചു.

“നന്ദ കിഷോർ” ദുർഗ അവന്റെ കണ്ണുകളിൽ നോക്കി തന്നെ മടി കൂടാതെ പറഞ്ഞു…

“നന്ദ കിഷോർ… കിച്ചുവോ.” കാശിയിൽ ഒരു അത്ഭുതം ആയിരുന്നു ആ വാക്കുകൾ. ഒരു നിമിഷം സ്തംഭിച്ചു പോയി അവൻ.

ഒന്നും മിണ്ടാൻ ആകാതെ നിശബ്ദം നിന്നു. കുറെ നേരം മൗനം ആയിരുന്നു. കുറച്ചു നേരം കാശിയെ തന്നെ നോക്കി തിരിച്ചു പോകാൻ ആഞ്ഞ ദുർഗയെ കൈകളിൽ പിടിച്ചു നിർത്തി.

അവന്റെ അന്നേരത്തെ മുഖ ഭാവം ഒരു വന്യ മൃഗത്തെ പോലെ തോന്നിച്ചു. പെട്ടന്ന് അവൻ ദുർഗയുടെ കഴുത്തിൽ കുത്തി പിടിച്ചു ചോദിച്ചു
“നിനക്കു അറിയാമായിരുന്നു എങ്കിൽ എന്തുകൊണ്ട എന്നോട് മുൻപേ പറയാതെ ഇരുന്നത്….

അവൾക്കു ഇങ്ങനെയൊരു ഇഷ്ടത്തെ കുറിച്ചു എനിക് ഒരു സൂചന പോലും നീ തന്നില്ലലോ…എത്രയൊക്കെ ഞാൻ ചോദിച്ചു നിന്നോട്”

ദുർഗ ശ്വാസം എടുക്കാൻ തന്നെ നന്നേ ബുദ്ധിമുട്ടി… കണ്ണുകൾ പുറത്തേക്കു വരുമെന്നു തോന്നിപ്പോയി…പെട്ടന്നു കാശി പിടി അയച്ചു. അവൾ ചുമച്ചു…ചുമച്ചു…ശ്വാസം കിട്ടാതെ പിടഞ്ഞു…

അതുകണ്ട് കാശിയും ആകെ പേടിച്ചു പോയി. അവൻ വേഗം ഒരു ഗ്ലാസ്സിൽ വെള്ളം കൊണ്ട് വന്നു കൊടുത്തു.

അതു നേരാം വണ്ണം പിടിക്കാൻ പോലും അവൾക്കു ആകുമായിരുന്നില്ല…അവൻ തന്നെ ചുണ്ടോട് അടുപ്പിച്ചു കൊടുത്തു…

പതുക്കെ അവളുടെ നെഞ്ചു ഉഴിഞ്ഞു കൊടുത്തു…കുറച്ചു സമയത്തിൽ അവൾ സാധാരണ പോലെ ആയി…

“എന്തിനാ നീയെന്നോട് പറയാതെ ഇരുന്നത്… മുൻപേ പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇത്രയും സ്വപ്നം കാണില്ലായിരുന്നല്ലോ… അവളെ മോഹിക്കില്ലായിരുന്നല്ലോ…” കാശി പറഞ്ഞു തീരും മുന്നേ ദുർഗ കാശിയെ ഇറുകെ പുണർന്നു…

അവൻ പിടി വിടുവിക്കാൻ ശ്രമിച്ചു…അവളിൽ നിന്നും അടർന്നു മാറുവാൻ ശ്രമിച്ചു കൊണ്ടേയിരുന്നു…അവളുടെ ഹൃദയ താളം അവന്റേതുമായി ഒരുമിച്ചു ചേർന്നു…അത്രയും അവനെ അവളിലേക്ക് ചേർത്തു നിന്നു. പതുക്കെ അവളുടെ ശബ്ദം കേട്ടു

“എനിക് നിങ്ങളെ വേണം…നിങ്ങളുടെ സ്നേഹം വേണം… നിങ്ങളുടെ കരുതൽ വേണം… അതു നഷ്ടപ്പെടുത്തുവാൻ എനിക്ക് ആകുമായിരുന്നില്ല…

ഭദ്രയുടെ കാര്യങ്ങൾ അറിയാൻ കൂടി ആണെങ്കിലും നിങ്ങളുടെ സമീപനം ഞാൻ ഏറെ ആഗ്രഹിച്ചു… നിങ്ങൾ അറിയാതെ എന്തിനെറെ ഞാൻ പോലും അറിയാതെ ഒരുപാട് സ്നേഹിച്ചുപോയി…

അവളുടെ പ്രണയത്തെ കുറിച്ചു പറഞ്ഞാൽ എന്നിൽ നിന്നും അകന്നു പോയാലോ എന്നു ഞാൻ പേടിച്ചു അതുകൊണ്ടാ…അതുകൊണ്ടാ കാശിയേട്ട ഞാൻ പറയാതെ ഇരുന്നത്…

പിന്നീട് ഒരിക്കലും നിങ്ങളുടെ സാമിപ്യം എനിക്ക് കിട്ടിയില്ലെങ്കിലോ എന്നു പേടിച്ചു പോയി… നിങ്ങളെ നഷ്ടപ്പെടുത്താൻ എനിക് ആകുമായിരുന്നില്ല…

അത്രയും അധികം ഞാൻ കാശിയേട്ടനെ സ്നേഹിക്കുന്നു…” അവനെ പുണർന്നു തന്നെ അവൾ പറഞ്ഞു. അവളുടെ വാക്കുകൾ കേട്ട് ഒരുതരം മരവിപ്പ് ആയിരുന്നു അവനു. പതുക്കെ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി. ദുർഗ അവനെ തന്നെ നോക്കി പെട്ടന്ന് അവന്റെ നെറ്റിയിൽ ചുംബിച്ചു…

എന്താ സംഭവിക്കുന്നത് എന്നു മനസ്സിലാകും മുന്നേ അവന്റെ മുഖം കൈകളിൽ എടുത്തു ചുംബനങ്ങൾ കൊണ്ടു മൂടി…

ഗാഢമായി അവന്റെ അധരങ്ങളിൽ അവൾ ചുംബിച്ചു…പെട്ടന്ന് ശക്തിയായി അവളെ പിടിച്ചു മാറ്റി കരണം പുകച്ചു ഒരു അടി കൊടുത്തു. അവൾ വെച്ചു വീണു പോയി… അവൻ തന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു അവളെ…

പക്ഷെ അവൾ പിന്നെയും ഇറുകെ പുണർന്നു…”എന്നെ വിട്ടു പോകല്ലേ കാശിയേട്ട…എനിക് നിങ്ങളെ വേണം…എന്റെയ…

എന്റെ മാത്രം…”പെട്ടന്നു ഉച്ചത്തിൽ ഒരു ഇടി മുഴക്കം കേട്ടു …അവൾ ഒന്നുകൂടി അവനിൽ ചേർന്നു…പേടിച്ചു പോയി… പണ്ടേ മിന്നലും ഇടിയും അവൾക്കു പേടിയാണ്… തന്നോട് ചേർന്നു നിന്ന ദുർഗ കാശിയുടെ സിരകളിൽ രക്തത്തെ ചൂട് പിടിപ്പിച്ചു തുടങ്ങി…

അവന്റെ രോമകൂപങ്ങൾ എഴുന്നേൽക്കുന്നത് അവൻ അറിഞ്ഞു… അവളുടെ ഗന്ധം അവനിൽ മിന്നാൽപിണർ ഉണ്ടാക്കുന്നതും അവൻ അറിഞ്ഞു…അവൻ അറിയാതെ അവന്റെ കൈകളും അവളെ വലിഞ്ഞു മുറുകുന്നതും അവൻ അറിഞ്ഞു.

ദുർഗയുടെ മനസ്സു കാശിയെ സ്നേഹിക്കാൻ വെമ്പി കൊണ്ടിരുന്നു… അവനെ തടുക്കാൻ അവൾക്കുമായില്ല…

ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും എഴുന്നേറ്റപ്പോൾ കാശി ദുർഗയെ നോക്കി… ജനലിൽ കൂടി പുറത്തേക്കു മഴയെ നോക്കി നിൽക്കുകയായിരുന്നു അവൾ.

അവൻ എഴുനേറ്റു അവളുടെ അരികിൽ എത്തി… അവന്റെ സാമിപ്യം അവളും തിരിച്ചറിഞ്ഞു… തിരിഞ്ഞു നോക്കിയില്ല… ദൂരേക്ക്‌ കണ്ണും നട്ട് ഇരുന്നു…

“ദേഷ്യം ഉണ്ടോ എന്നോട്” കാശി പതിയെ ചോദിച്ചു…
ഇല്ല എന്നര്ഥത്തിൽ അവൾ തല ചലിപ്പിച്ചു.

തിരികെ പോകാൻ തുടങ്ങിയ അവളുടെ കൈകളിൽ അവൻ പിടിച്ചു നിർത്തി.
“തെറ്റു പറ്റി പോയി…പക്ഷെ ഈ തെറ്റിനെ ഒരു താലി നിന്റെ കഴുത്തിൽ ചാർത്തി ശരിയാക്കി മാറ്റും…മനസ്സു പെട്ടന്ന് കൈ വിട്ടു പോയി…

നിന്നെ ഉൾക്കൊള്ളാനും സ്നേഹിക്കാനും എനിക്ക് കഴിയും… പക്ഷെ കുറച്ചു സമയം എനിക് തരണം…നിന്നെ പൂർണ്ണമായും ഉൾകൊള്ളാൻ കഴിയുമ്പോൾ ഞാൻ എന്റെ വീട്ടുകാരുമായി വരും…കാശിക്കു വാക്കു ഒന്നേയുള്ളൂ…” അവൻ ശാന്തമായി പറഞ്ഞു.

അവളുടെ കണ്ണുകൾ നിറഞ്ഞു… അവൻ പതിയെ കണ്ണുനീർ തുടച്ചു കൊടുത്തു.

“എനിക്ക് ഏട്ടനോടുള്ള പ്രണയം ഇതിൽ കൂടുതൽ കാണിച്ചു തരാൻ കഴിയില്ല… മറ്റുള്ളവർക്ക് ഇതൊരു തെറ്റ് ആയി തോന്നാം… പക്ഷെ..

എനിക് ഏട്ടനോടുള്ള ഭ്രാന്തമായ സ്നേഹമാണ് ഞാൻ കാണിച്ചത്.” ദുർഗ ചെറുതായി മന്ദഹസിച്ചു. കാശി അവളുടെ മുഖം കൈകളിൽ എടുത്തു നെറ്റിയിൽ ചുംബിച്ചു. ദുർഗ അവിടെ നിന്നും ഇറങ്ങി.

@@@@@@@@@@@@@@@@@@@@@@

“പിന്നീട് കാശിയേട്ടൻ വീട്ടുകാരുമായി വരുന്നത് നോക്കി ഇരിക്കുകയായിരുന്നു ഞാൻ… കാശിയേട്ടന്റെ വീട്ടുകാർ ബന്ധത്തെ ഉൾകൊള്ളുമോ എന്നൊരു ഭയം ഉണ്ടായിരുന്നു. എങ്കിലും കാശിയേട്ടൻ വരും ….മനസ്സിൽ ഉറപ്പിച്ചിരുന്നു”

രണ്ടാഴച്ചക്കു ശേഷം ഒരു ഞായറാഴ്ച കാശിയേട്ടൻ കാശിയേട്ടന്റെ അച്ഛനെയും അമ്മയെയും കൂട്ടി വന്നു. അന്ന് ഭദ്ര അമ്മയുടെ കൂടെ ഗുരുവായൂർ തൊഴാൻ പോയതായിരുന്നു. ദത്തെട്ടനും അച്ഛനും ഞാനും മാത്രേ ഉണ്ടായിരുന്നുള്ളു…

അവരെ കണ്ടതും എനിക് അതിയായ സന്തോഷം ആയിരുന്നു… കാശിയേട്ടൻ വാക്കു പാലിച്ചു…

ഞാൻ വർധിച്ച സന്തോഷത്തോടെ ഏട്ടനെ നോക്കിയെങ്കിലും അവിടെ ….ആ മുഖത്തു കണ്ടത് ഒരു മൂകത ആയിരുന്നു…കാശിയേട്ടന്റെ മുഖഭാവം എന്നിൽ ഒരു വേലിയേറ്റം തന്നെ സൃഷ്ടിച്ചു….!!
വീട്ടിലേക്കു വന്നവരെ അച്ഛൻ തന്നെ അകത്തേക്ക് ക്ഷണിച്ചു ഇരുത്തി.

“എന്നെ മനസ്സിലായോ “കാശിയേട്ടന്റെ അച്ഛൻ തന്നെ തുടക്കം ഇട്ടു കൊണ്ടു സംസാരം തുടങ്ങി.

“അശോക് സാറിനെ അറിയാത്തവർ ഉണ്ടാകില്ലല്ലോ…മോൻ ഇടക്ക് പറയാറുണ്ട് സാറിനെ കുറിച്ചു ” ബാലൻ മറുപടി കൊടുത്തു.

“മോളെ ദത്തൻ ഓഫീസിൽ റൂമിൽ കാണും നീ ചെന്നു വിളിക്കു ” ഞാൻ തലയാട്ടി കൊണ്ടു കാശിയേട്ടന് നേരെ ഒന്നു പാളി നോക്കി….

പുള്ളി ഈ ലോകത്തു ഒന്നുമല്ല എന്ന മട്ടിലാണ് ഇരുപ്പ്. ഇതു എന്തു പറ്റിയാവോ… മനസ്സിൽ പറഞ്ഞു കൊണ്ടാണ് ഞാൻ ഏട്ടനെ വിളിക്കാൻ പോയത്. ഏട്ടൻ വന്നു സാറിനു നേരെ വിഷ് ചെയ്തു.

“താൻ ഇരിക്കെടോ… കേന്ദ്ര മന്ത്രി അശോക് നമ്പ്യാർ ആയിട്ടുള്ള വരവല്ല ഇതു.” അശോക് പറഞ്ഞപ്പോൾ ദേവ ദത്തൻ സെറ്റിയിലേക്കു ഇരുന്നു.

“മോളെ കുടിക്കാൻ എന്തെങ്കിലും എടുക്കു.” അച്ഛൻ പറഞ്ഞപ്പോൾ ആണ് ദുർഗ അതിനെ കുറിച്ചു ചിന്തിച്ചത്…അതിനു കാരണം കാശിയുടെ മുഖത്തെ തെളിച്ചയില്ലായ്മ ആയിരുന്നു.
അടുക്കളയിലേക്ക് പോകാൻ തിരിഞ്ഞ ദുർഗയെ അശോക് തിരിച്ചു വിളിച്ചു.

“മോളിവിടെ നില്ക്കു…കുറച്ചു കാര്യങ്ങൾ തീരുമാനിക്കാൻ കൂടിയാണ് ഞങ്ങൾ വന്നതു. അതിനുശേഷം ആകാം ” ദുർഗ ചിരിച്ചു കൊണ്ട് അവിടെ തന്നെ നിന്നു.

“ഞാൻ വന്നതു… അതിനു മുന്നേ ഞാൻ പരിചയപ്പെടുത്തിയില്ല…ഇതെന്റെ ഭാര്യ രേണുക…മകൻ കാശിനാഥ്‌… കാശിയെ ദത്തനു പരിചയമുണ്ടല്ലോ അവർ ഒരു ബാച് ആയിരുന്നു അല്ലെ ദത്ത”

ദേവ ദത്തൻ തലയാട്ടി.

“പിന്നെ ഒരു മകൾ കൂടിയുണ്ട് ദേവിക”

അശോക് പരിചയപ്പെടുത്തി ചിരിച്ചു.

“ഇവനെ അറിയാമല്ലോ ഇതു ഒരു മകൾ ദുർഗ…ഇനി ഒരു മകൾ കൂടിയുണ്ട് ഭദ്ര… ഭാര്യ സുമിത്ര… ഭദ്രയും സുമിത്രയും കൂടി ഗുരുവായൂർ തൊഴാൻ പോയതാ” ബാലനും പരിചയപ്പെടുത്തി…

അശോക് കാര്യത്തിലേക്ക് വന്നു.

“ഞാൻ പറഞ്ഞല്ലോ വരവിൽ ഒരു ഉദ്ദേശം ഉണ്ടെന്നു….ഒരു പ്രൊപ്പോസൽ… എന്റെ മകൻ കാശിനാഥിനും ഈ നിൽക്കുന്ന ദുർഗയ്ക്കും…

അവർ തമ്മിൽ ചെറിയ ലോഹ്യം കൂടിയുണ്ട്” അശോക് പറഞ്ഞതു കേട്ടു ദേവ ദത്തൻ ഞെട്ടി തിരിഞ്ഞു ദുർഗയെ നോക്കി. ഏട്ടന്റെ നോട്ടം നേരിടാൻ ആകാതെ അവൾ മിഴികൾ തറയിൽ ഊന്നി. ദേവ ദത്തൻ മൗനം പാലിച്ചു.

“ദത്ത… നീ അവളെ നോക്കി പേടിപികണ്ട…ഇപ്പോഴത്തെ കുട്ടികൾ അല്ലെ… ” അശോക് അതു പറഞ്ഞപ്പോൾ കാശി അച്ഛന് നേരെ രൂക്ഷമായ നോട്ടം എറിഞ്ഞു.
അവന്റെ നോട്ടത്തെ അവഗണിച്ചു അയാൾ പറഞ്ഞു തുടങ്ങി.

“ഒരാൾക്ക് മാത്രം അല്ല ഞങ്ങൾ ഈ പ്രൊപ്പോസൽ കൊണ്ടുവന്നത്… ഞങ്ങളുടെ മകനെ ഇവിടേക്കു തരുമ്പോൾ ഇവിടുത്തെ മകനെ ഞങ്ങൾക്കും വേണം” അശോക് ഒരു ഗൂഢമായ ചിരിയോടെ പറഞ്ഞു…

“നിങ്ങൾ പറഞ്ഞു വരുന്നത്…” ബാലന്റെ ശബ്ദം ഉറച്ചു..

“ബാല…എന്റെ മകൾ ദേവികയും ദത്തനും…”

“അതു നടക്കില്ല സാർ”അശോകിനെ പറഞ്ഞു മുഴുവിപ്പിക്കാൻ സമ്മതിക്കാതെ ബാലൻ തടഞ്ഞു.

 

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

പ്രണയിനി : ഭാഗം 1

പ്രണയിനി : ഭാഗം 2

പ്രണയിനി : ഭാഗം 3

പ്രണയിനി : ഭാഗം 4

പ്രണയിനി : ഭാഗം 5

പ്രണയിനി : ഭാഗം 6

പ്രണയിനി : ഭാഗം 7

പ്രണയിനി : ഭാഗം 8

പ്രണയിനി : ഭാഗം 9

പ്രണയിനി : ഭാഗം 10

പ്രണയിനി : ഭാഗം 11

പ്രണയിനി : ഭാഗം 12

പ്രണയിനി : ഭാഗം 13

പ്രണയിനി : ഭാഗം 14

പ്രണയിനി : ഭാഗം 15

പ്രണയിനി : ഭാഗം 16