Tuesday, January 21, 2025
Novel

വരാഹി: ഭാഗം 11

നോവൽ
ഴുത്തുകാരി: ശിവന്യ

വളരെ പെട്ടെന്ന് തന്നെ വരാഹിയുടെയും ദേവാശിഷിന്റെയും വിവാഹ നിശ്ചയവും കഴിഞ്ഞു….

പിന്നെ പുടവ എടുക്കലും താലിപണിയിക്കലും ബന്ധുമിത്രാദികളെ ക്ഷണിക്കലുമൊക്കെയായി ദേവാശിഷ് തിരക്കിലായിരുന്നെങ്കിലും നിശ്ചയത്തിന് ശേഷമുള്ള ഓരോ ദിവസവും ഓരോ യുഗങ്ങൾ പോലെയാണ് ദേവിന് തോന്നിയത്……

ഇടയ്ക്കിടെ ഓരോ കാരണങ്ങളുണ്ടാക്കി അവൻ വരാഹിയെ വിളിച്ചോണ്ടിരുന്നു…. അവളുമായി സംസാരിക്കുമ്പോഴൊക്കെ അവൻ ഏതോ മായികാ ലോകത്തെത്തിയത് പോലെ ആയിരുന്നു….

നിശ്ചയത്തിന് അധികം ആർഭാടമൊന്നും വേണ്ട എന്ന് വെച്ചങ്കിലും വിവാഹം അതിഗംഭീരമായൊരു ചടങ്ങായിരുന്നു….

മഞ്ഞൾകല്യാണവും മൈലാഞ്ചി കല്യാണവും അയനവുമൊക്കെ വലിയ രീതിയിൽ തന്നെ നടത്തി….

കണ്ണൂരിലെ ഏറ്റവും വലിയ വിവാഹമണ്ഡപത്തിലായിരുന്നു വിവാഹദിവസം ചടങ്ങുകൾക്കായി തിരഞ്ഞെടുത്തത്…..

കടും ചുവപ്പ് നിറമുള്ള സാരിയായിരുന്നു അവൻ വരാഹിക്ക് വേണ്ടി തിരഞ്ഞെടുത്തത്.. കടും ചുവപ്പ് നിറത്തിലുള്ള വസ്ത്രത്തിലാണ് അവനവളെ ആദ്യായി കണ്ടതത്രേ…

ആഭരണങ്ങൾ ഏറെയൊന്നും അണിയണ്ടെന്ന് ദേവ് പറഞ്ഞുവെങ്കിലും വരാഹിയെ പൊന്നിൽ പൊതിഞ്ഞിട്ടായിരുന്നു രാജീവും വനജയും സഭയിലേക്കിറക്കിയത്….

വരാഹിയെ കണ്ടവർ അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കുന്നുണ്ടായിരുന്നില്ല….
ശരിക്കും ഒരു ദേവിയെപ്പോലെ….

നാദസ്വരമേളത്തിന്റെ അകമ്പടിയോടെ വരാഹിയുടെ കഴുത്തിൽ താലിചാർത്തുമ്പോൾ സ്വർഗ്ഗം കീഴടക്കിയ സന്തോഷമായിരുന്നു ദേവിന്….

ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച് മനസ്സിൽ കുഴിച്ച് മൂടിയൊരു സ്വപ്നം നടക്കുമ്പോഴുണ്ടാകുന്ന സന്തോഷം പറഞ്ഞറയിക്കാനാവത്തത് തന്നെയാണ്….

അതിന് ശേഷം ആശംസയർപ്പിക്കലും ഫോട്ടോ എടുപ്പും തുടങ്ങി…

ഫോട്ടോഗ്രാഫർമാരുടെ ആജ്ഞക്കനുസരിച്ച് ഓരോ പോസുകളിലും നിന്ന് നിന്ന് ദേവാശിഷിന് മടുക്കുന്നുണ്ടായിരുന്നു…

വരാഹിയുടെ അവസ്ഥയും വിഭിന്നമായിരുന്നില്ല…

…” മടുത്തോ ”

ചെറിയൊരു സമയം ഇടവേള കിട്ടിയപ്പോൾ അവൻ അവളുടെ ചെവിയിൽ ചോദിച്ചു…

“നേരത്തെ മടുത്തു… ദേവിനോ.. ”

” എനിക്കും.. സാരമില്ല… കഴിയാറായെന്ന് തോന്നുന്നു… ”

…” എനിക്കൊന്ന് ഫ്രഷാകണം ദേവ്… ഇതൊക്കെ അഴിച്ച് വെച്ചാലേ സമാധാനമാകൂ”

അവൾ കയ്യിലും കഴുത്തിലും നോക്കി പറഞ്ഞു…

“എന്തിനാ ഇത്രയധികം വാരിയിട്ടത്… എന്നിട്ടല്ലേ…”

അതിനവൾ മറുപടി ഒന്നും പറഞ്ഞില്ല….

അപ്പോഴേക്കും ഏകദേശം എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞിരുന്നു..
വധൂവരൻമാർക്കൊപ്പം ഇരിക്കേണ്ടതിന്നാൽ പ്രിയയും മഹേഷും കഴിക്കാൻ ഇരുന്നിട്ടുണ്ടായിരുന്നില്ല….

“ടാ.. കഴിക്കാൻ പോകാം.. എനിക്ക് വിശക്കുന്നുണ്ട്.. ”

പ്രിയ ദേവിന്റെ ചെവിയിൽ അടക്കം പറഞ്ഞു..

” എനിക്കും ചേച്ചീ…”

” എന്നാ നീ ഇറങ്ങ്… ഇനി ബാക്കി കഴിച്ചിട്ടാവാം…”

പ്രിയ എല്ലാവരോടുമായി പറഞ്ഞ് വരാഹിയേയും കൂട്ടി മുൻപിൽ നടന്നു… പിന്നാലെ ബാക്കിയുള്ളവരും…. ശേഷം ഫോട്ടോ സെഷൻ അവിടെ വെച്ചായിരുന്നു…

പരസ്പരം ഊട്ടലും ഒരിലയിൽ സദ്യ കഴിക്കലുമൊക്കെയായി അവിടെയും ചടങ്ങുകൾ ഏറെ ഉണ്ടായിരുന്നു….

എല്ലാം കഴിഞ്ഞു…മൂന്ന് മണിക്ക് മുൻപായി ഗൃഹപ്രവേശം നടക്കേണ്ടതിനാൽ വരനും സംഘവും പുറപ്പെടാൻ തയ്യാറായി…..

പോവാനിറങ്ങിയപ്പോൾ വരാഹിയുടെ കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ ദേവിന്റെ മനസ്സിലൊരു വിങ്ങലുണ്ടായി…..

അവളുടെ പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിച്ച് തന്നോടൊപ്പം വരികയാണെന്നും ഇനി ഒരിക്കലും അവളെ കരയിക്കില്ലെന്നും അവൻ മനസ്സിൽ ഉറപ്പിക്കുക ആയിരുന്നു അപ്പോൾ…

കത്തിച്ച് വെച്ച നിലവിളക്കുമായി വരാഹി ദേവിന്റെ വീട്ടിൽ പ്രവേശിച്ചു…. വധൂവരൻമാർക്കുള്ള പാലും പഴവും നൽകി അരുന്ധതി മരുമകളെ സ്വീകരിച്ചു….

********************

ആദ്യരാത്രി മണിയറയിലേക്ക് പ്രവേശിക്കുമ്പോൾ ദേവിന് നല്ല ടെൻഷനുണ്ടായിരുന്നു…..

പരസ്പരം അറിയാമെങ്കിലും സൗഹൃദം ഉണ്ടായിരുന്നെങ്കിലും ആദ്യരാത്രിയെ കുറിച്ചും മറ്റും ഒന്നും തന്നെ അവൻ വരാഹിയുമായി സംസാരിച്ചിരുന്നില്ല….

അൽപസമയത്തിന് ശേഷം ആരൊക്കെയോ ചേർന്ന് വരാഹിയെ ദേവിന്റെ ബെഡ് റൂമിലേക്ക് ആനയിച്ചു….

സാരിയുടുത്ത് മുല്ലപ്പൂ ചൂടി നമ്രശിരസ്കയായി വരുന്ന വരാഹിയെ പ്രതീക്ഷിച്ച ദേവിന് തെറ്റി…

അവളൊരു നൈറ്റ് ഗൗണായിരുന്നു ധരിച്ചിരുന്നത്…. റൂമിലേക്ക് എത്തിയുടൻ പാൽഗ്ലാസ്സ് അവന്റെ കയ്യിൽ കൊടുത്തു…

അവൻ കുടിച്ചതിന്റെ ബാക്കി അവൾക്ക് നേരെ നീട്ടിയപ്പോൾ അവളുടെ പ്രതികരണം അവനെ ഞെട്ടിച്ചു കളഞ്ഞു…..

“സോറി ദേവ്…. ഞാൻ രാത്രി പാൽ കുടിക്കാറില്ല “….

ആ ഒരു മറുപടിയിൽ ദേവിന് തന്റെ പ്രതീക്ഷകളെല്ലാം കീഴ്മേൽ മറിയുന്നതായി തോന്നി…. എങ്കിലും അവൻ മുഖത്ത് നീരസം കാണിച്ചില്ല….

“നല്ല ക്ഷീണമുണ്ട്…. ഞാൻ കിടക്കട്ടെ…. ”

അതും പറഞ്ഞ് അവൾ കട്ടിലിൽ കയറി കിടന്നു…. എന്ത് ചെയ്യണമെന്നറിയാതെ ദേവ് അന്തിച്ചു പോയി…. പിന്നെ ഫോണെടുത്ത് എഫ് ബി യിൽ സ്റ്റാറ്റസും ചേഞ്ച് ചെയ്ത് , ഫോട്ടോസും അപ് ലോഡ് ചെയ്തു കിടന്നു….
എപ്പോഴോ അവനും ഉറങ്ങിപ്പോയി…..

പിറ്റേന്ന് രാവിലെ ദേവ് എണീക്കുമ്പോൾ വരാഹി ബെഡ്ഡിലുണ്ടായിരുന്നില്ല… നോക്കുമ്പോൾ കുളിയൊക്കെ കഴിഞ്ഞ് അടുക്കളയിലിരുന്ന് പ്രിയയോട് കത്തിയടിക്കുകയായിരുന്നു…

അന്നേ ദിവസം പറശ്ശിനികടവ് മുത്തപ്പൻ ക്ഷേത്രത്തിൽ പോകേണ്ടതിനാൽ അവനും കുളിച്ച് റെഡിയായി വന്നു…..

വളപട്ടണം നദിയുടെ തീരത്തുള്ള പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ കണ്ണൂരിൽ ഏറ്റവും അധികം വിശ്വാസികൾ എത്തുന്ന ഇടമാണ്…

കണ്ണൂരിലെ ഹിന്ദു വധൂവരൻമാർ വിവാഹം നടന്നതിന്റെ അടുത്ത ദിവസങ്ങളിൽ തന്നെ ക്ഷേത്രത്തിലെത്തുന്നതും ആ വിശ്വാസത്തിന്റെ പുറത്ത് തന്നെ…..

അവിടം സന്ദര്‍ശിക്കാനെത്തുന്നവർ എപ്പോളെത്തിയാലും എത്ര നേരം വൈകിയാണെങ്കിലും അവിടെ ഭക്ഷണം ലഭിക്കും. അതിനും ജാതിയും മതവും ഒന്നും ഒരു പ്രശ്നമല്ല…

പ്രിയയും ഭർത്താവും കസിൻ പിള്ളേരുമടങ്ങുന്നൊരു ചെറു സംഘം ക്ഷേത്രത്തിലേക്ക് പോകാൻ ഇറങ്ങി… വരാഹി ഒരു ദിവസം കൊണ്ട് തന്നെ എല്ലാവരോടും നല്ല കൂട്ടായി….

പിള്ളേർ സെറ്റ് അവളുടെ സാരി തുമ്പും പിടിച്ച് നടക്കുന്നതിനിടയിൽ വരാഹിയോട് ഒന്ന് മിണ്ടാൻ പോലും ദേവിന് കഴിഞ്ഞില്ല…

ക്ഷേത്രത്തിൽ പോയി വന്നതിന് ശേഷം ഒന്നാം വിരുന്നിനായി ദേവിന്റെ വീട്ടുകാർ വരാഹിയുടെ വീട്ടിലെത്തി…. ഊഷ്മളമായ സ്വീകരണവും വിഭവസമൃദ്ധവുമായ ഭക്ഷണം കൊണ്ട് വിരുന്ന് ഗംഭീരമായി…..

അന്നു രാത്രിയും ദേവ് റൂമിലേക്ക് വരുന്നതിന് മുൻപേ വരാഹി കിടന്നുറങ്ങി….

പിറ്റേന്ന് ആയപ്പോഴേക്കും ദേവിന്റെ ബന്ധുക്കളെല്ലാം അവരവരുടെ വിടുകളിലേക്ക് യാത്രയായിരുന്നു….

“വരാഹിയേയും കൂട്ടി പുറത്തേക്ക് ഒക്കെ പോയി വാ ” എന്ന അരുന്ധതിയുടെ അഭിപ്രായം കേട്ടപ്പോൾ ദേവ് അവളെയും കൊണ്ട് പയ്യാമ്പലം ബീച്ചിലെത്തി…..

കണ്ണൂരിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ് പയ്യാമ്പലം ബീച്ച്…..

വര്‍ഷം തോറും എത്രയോപേരാണ് ഈ മനോഹരമായ കടല്‍ത്തീരത്ത് വന്നുപോകുന്നതെന്ന് കണക്കില്ല…..

കണ്ണിനു മിഴിവേകുന്ന സായന്തനക്കാഴ്ചകളാസ്വദിക്കാനും നിരവധി പേര്‍ ഇവിടെയെത്തുന്നു…
മലമ്പുഴ യക്ഷിയുടെ ശില്‍പ്പിയായ കാനായി കുഞ്ഞിരാമന്‍ നിര്‍മിച്ച അമ്മയും കുഞ്ഞും എന്ന കൂറ്റന്‍ ശില്‍പമാണ് പയ്യാമ്പലം ബീച്ചിലെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്ന്…..

വരാഹിയും ദേവും അമ്മയും കുഞ്ഞും ശില്പത്തെ ചുറ്റി വന്നു….

അപ്പോൾ അവരുടെ കൈ വിരലുകൾ പരസ്പരം കോർത്തിരുന്നു….

വൈകുന്നേരം ആയതിനാൽ ബീച്ചിലേക്ക് അധികവും എത്തിച്ചേരുന്നത് കുട്ടികളെയും കൂട്ടിവരുന്ന കുടുംബങ്ങളായിരുന്നു…..

മുൻപ് പല തവണ ആ മണൽ തരികളിലൂടെ നടന്നിട്ടുണ്ടെങ്കിലും ഇഷ്ടപ്പെട്ട പെണ്ണിന്റെ കൈ പിടിച്ച് നടക്കുന്നത് ദേവിന് വല്ലാത്ത സന്തോഷമുണ്ടാക്കിയിരുന്നു….

പക്ഷെ അവളുടെ മൗനം അവനെ ചിന്തകുളനാക്കി….

“വരാഹി….”

“എന്താ ദേവ് …”

അവൾ മുഖം ചെരിച്ചു അവനെ നോക്കി…..

”നമുക്കങ്ങോട്ടിരിക്കാം…..”

അവൻ ദൂരെ ആളൊഴിഞ്ഞ കോണിലേക്ക് നടന്നു… പിന്നാലെ വരാഹിയും….

ദേവാശിഷിന് എന്തൊക്കെയോ പറയാനും ചോദിക്കാനുമുണ്ടായിരുന്നു… പക്ഷേ അകലെയെവിടെയോ കണ്ണും നട്ടിരിക്കുകയായിരുന്നു വരാഹി…..

കുട്ടികളുടെ കലപില ശബ്ദം കേട്ടപ്പോൾ അവൻ തിരിഞ്ഞ് നോക്കി….

ഏതോ സ്കൂളിലെ കുട്ടികളെ പാർക്ക് കാണിക്കാൻ വേണ്ടി കൊണ്ടുവന്നതായിരുന്നു….

പിള്ളേര് കാക്ക കൂട്ടിൽ കല്ലിട്ടത് പോലെ ഒച്ചയുണ്ടാക്കുകയും ഓടി കളിക്കുകയും ചെയ്യുന്നതും നോക്കിയിരുന്നപ്പോൾ ദേവിന്റെ മുഖത്തൊരു പുഞ്ചിരിയുണ്ടായിരുന്നു…

” നമുക്കെത്ര കുട്ടികൾ വേണം…. ”

പെട്ടെന്നുള്ള ദേവിന്റെ ചോദ്യത്തിൽ അവളൊന്ന് അമ്പരന്നു പോയി…..

“ദേവെന്താ പറഞ്ഞെ… കുട്ടികളോ…”

…” ദാ… ഇയാളാ കുട്ടികളെ കണ്ടോ…. അവരെ കണ്ടപ്പോ തോന്നിയതാ…”

അവൻ കൈ ചൂണ്ടിയിടത്തേക്ക് അവൾ നോക്കി…
അവളുടെ മുഖത്തും പുഞ്ചിരി വിരിഞ്ഞു….

” ഈ വിവാഹം വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടോ ഇയാൾക്ക്…. ”

അവൾ ഒരു ഞെട്ടലോടെ അവനെ നോക്കി….

” എന്തോ എനിക്കങ്ങനെ തോന്നി….”

” ഇല്ല…. ഒരിക്കലും എനിക്കങ്ങനെ തോന്നില്ല…”

അവൻ അവളുടെ കൈ എടുത്ത് മടിയിൽ വെച്ച് പ്രേമപൂർവ്വം തലോടി…

“എനിക്ക് ഇയാളെ ഒരുപാടിഷ്ടമാണ്…. ഇയാളുടെ ചെറിയൊരു അവഗണന പോലും എനിക്ക് സഹിക്കാൻ പറ്റില്ല… ”

… ” അതിന് ഞാൻ ദേവിനെ അവഗണിച്ചില്ലല്ലോ… ”

” ഇല്ല…. ഞാൻ പറഞ്ഞുന്നേയുള്ളൂ…. ”

” നമുക്കൊരു ഫിലിമിന് പോയാലോ…”

” ആയിക്കോട്ടെ പോകാലോ…..”

” എങ്കിൽ ദേവ് അമ്മയെ വിളിച്ച് പറ…. ”

അവൻ അപ്പോൾ തന്നെ അരുന്ധതിയെ വിളിച്ച് സിനിമക്ക് പോവുന്ന കാര്യം പറഞ്ഞു…

അവർക്കും ഏറെ സന്തോഷമായി..

സിനിമയും കഴിഞ്ഞ് രാത്രി ഭക്ഷണവും കഴിച്ചതിന് ശേഷമായിരുന്നു ദേവും വരാഹിയും വീട്ടിൽ തിരിച്ചെത്തിയത്….. അപ്പോഴേക്കും ചന്ദ്രഹാസനും അരുന്ധതിയും കിടന്നിരുന്നു….

ദേവ് കാറിലുണ്ടായിരുന്ന സ്പെയർ കീ ഉപയോഗിച്ച് വാതിൽ തുറക്കുന്നത് കണ്ട വരാഹി അമ്പരന്നു..

“ഇതെന്താ ഇങ്ങനെ…. ”

” വീട്ടിൽ വരാൻ ലേറ്റ് ആകുന്ന ദിവസങ്ങളിൽഎനിക് ഉപയോഗിക്കാനുള്ളതാ ഇത്… ഇതാകുമ്പോ അമ്മയെ വിളിച്ചു ബുദ്ധിമുട്ടിക്കേണ്ടല്ലോ…”

” ഓ അങ്ങനെ…. ഇതിപ്പോ ആരുടെ കണ്ടുപിടുത്തമാ….”

” എന്റെ …. അല്ലാതാർക്കാ ഇത്രയും ബുദ്ധിയുള്ളത്…. ”

അതും പറഞ്ഞു അവൻ ചിരിച്ചു….

‘”ശ്… പതുക്കെ…”

“ന്താ”

“അച്ഛനും അമ്മയും എഴുന്നേൽക്കും”….

“അതു ശരിയാ … നമുക്കു ശബ്ദം ഉണ്ടാകാതെ അകത്തു കയറാം…”

രണ്ടു പേരും പതുക്കെ ശബ്ദമൊന്നും ഉണ്ടാകാതെ കള്ളന്മാരെ പോലെ പതുങ്ങി പതുങ്ങി അകത്തേക്കു കയറി…. റൂമിലെത്തിയതും വരാഹിക്കു ചിരി അടക്കാൻ പറ്റിയില്ല….

അവൾ ഉറക്കെ പൊട്ടി ചിരിച്ചു…. കൂടെ അവനും…

“ഈ കള്ളന്മാരെയൊക്കെ സമ്മതിക്കണം….നമ്മളും ഇപ്പൊ ഒരു ചെറിയ കള്ളനായല്ലേ….”

” പിന്നേ…. കള്ളന്മാരു ഫ്രണ്ട് ഡോർ താക്കോലിട്ടു തുറന്നിട്ടല്ലേ അകത്തു കയറുക….ഒന്നു പോ കൊച്ചേ”

“നി പോടാ … ”

“നി പോടീ”

” നി പോടാ …. മ….മ… അതുവേണ്ട… മത്തങ്ങാത്തലയാ….”

“എന്താടീ വിളിച്ചത്….”

അവൻ പതിയെ അവളുടെ അടുത്തേക്ക് വന്നു….

” ദേവ് …. വേണ്ടാ….”

അവൾ പിന്നോട്ട് നടന്നു നടന്നു ചുമരിനു തട്ടി നിന്നു….

അവൻ രണ്ട് കയ്യും ചുമരിന് മേൽ ചേർത്ത് വെച്ചു… അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു…

അവന്റെ മുഖം പതിയെ അവളുടെ മുഖത്തേക്കടുത്തു…

പെട്ടെന്ന് അവൾ അവനെ തള്ളി മാറ്റി…

പക്ഷേ അവൻ ശക്തിയിൽ അവളെ കെട്ടിപ്പിടിച്ചു.. അവന്റെ കരവലയത്തിനുള്ളിൽ നിന്ന്‌ അവൾ കുതറിയെങ്കിലും അവന്റെ കൈകളുടെ ശക്തിയിൽ അവളുടെ പൂവുടൽ ഞെരിഞ്ഞമർന്നു…

അവന്റെ ചുണ്ടുകൾ അവളുടെ പിൻകഴുത്തിൽ സ്‌പർശിച്ച നിമിഷം അവളൊന്ന് പുളഞ്ഞു…

പതിയെ അവളുടെ എതിർപ്പുകൾ അലിഞ്ഞില്ലാതായി…

അവളുടെ കൈകളും അവനെ വലയം ചെയ്തപ്പോൾ അവൻ തന്റെ കൈകൾ സ്വതന്ത്രമാക്കി…

നാണത്താൽ കൂമ്പി നിന്ന അവളുടെ മുഖം അവൻ രണ്ട് കൈകളാൽ കോരിയെടുത്തു…

“ഇയാൾക്കെന്നെ ഇഷ്ടമല്ലേ “….

അവളൊന്നു മൂളി..

അവൻ തന്റെ രണ്ട് കൈകളാൽ അവളെ കോരിയെടുത്തു ബെഡ്ഡിലേക്ക് നടന്നു…

********************************

പിറ്റേന്ന് രാവിലെ ദേവ് കണ്ണ് തുറന്ന് നോക്കുമ്പോൾ അവന്റെ കയ്യിൽ തല വെച്ച് നല്ല ഉറക്കമായിരുന്നു വരാഹി….

അവൻ അവളുടെ മുടിയിഴകളിൽ തലോടി… പാറിപ്പറന്ന മുടിയൊക്കെ ഒതുക്കി വെച്ചു..

പതിയെ അവളെ ഉണർത്താതെ എണീറ്റ അവൻ താഴേക്ക് ചെല്ലുമ്പോൾ അരുന്ധതി ഫോണിലൂടെ ആരോടോ സംസാരിക്കുകയായിരുന്നു.. അവനെ കണ്ട ഉടൻ അവർ കാൾ കട്ടാക്കി…

… “വരാഹി എണീറ്റില്ലേ…”

” ഇല്ലമ്മാ.. അവൾ നല്ല ഉറക്കമാണ്..”

അവർ മറുപടി ഒന്നും പറഞ്ഞില്ല…. ഫ്ലാസ്കിൽ നിന്നും ഒരു കപ്പ് ചായ പകർന്നെടുത്ത് അവൻ പുറത്തേക്ക് നടന്നു…

പൂന്തോട്ടത്തിലുള്ള പൂവുകൾക്കൊക്കെ ഒരു പ്രത്യേക സുഗന്ധമുള്ളത് പോലെ തോന്നി അവന്…. അതോ തന്നിൽ നിന്നു വമിക്കുന്ന അവളുടെ ഗന്ധമോ..

തലേന്നത്തെ രാത്രിയെ കുറിച്ചാലോചിച്ചപ്പോൾ അവനിൽ ഒരു കോരിത്തരിപ്പുണ്ടായി….

അകത്ത് നിന്നും സംസാരം കേട്ടപ്പോൾ അവൻ ഉള്ളിലേക്ക് എത്തി നോക്കി..

എഴുന്നേൽക്കാൻ ലേറ്റായതിന് അരുന്ധതിയോട് ക്ഷമ പറയുകയായിരുന്നു വരാഹി… ദേവിനെ കണ്ടതും അവൾ പുറത്തേക്കോടി വന്നു..

…” എണീക്കുമ്പോ എന്നെ കൂടി വിളിക്കായിരുന്നില്ലേ.. ”

“ഇയാളുറങ്ങിക്കോട്ടേന്ന് കരുതിയിട്ടാടോ വിളിക്കാതിരുന്നത്..”

” എന്നാലും.. ഇന്ന് ഞാൻ നേരത്തെ എണീക്കാൻ വിചാരിച്ചതാ…. ”

അവൾ ചിണുങ്ങി…

” പോട്ടെ.. സാരമില്ല…. ”

അവൻ അവളുടെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു…

” പോയി കുളിച്ചു വാ മോളേ… ബ്രേക്ക് ഫാസ്റ്റ് കഴിക്കാം.. ”

അരുന്ധതി വരാഹിയോട് പറഞ്ഞു..

” ശരി അമ്മേ.. ”

വരാഹി മുകളിലേക്ക് നടന്നു… പിന്നാലെ ദേവും…
റൂമിലെത്തിയ ഉടൻ അവൻ അവളെ വട്ടം പിടിച്ചു…

…” കുളിക്കാൻ പോവാ.. ”

” ഉം ”

…” ഞാനും വരട്ടെ… ”

“അയ്യേ… ഇതൊന്തെക്കെയാ ഈ പറയുന്നെ.. ”

അവൾ അവനെ തള്ളി മാറ്റി ഓടി ബാത്റൂമിൽ കയറി…

“ടീ.. ഞാനും.. ”

അവനും പിന്നാലെ ഓടാൻ പോകുമ്പേഴക്കും താഴെ നിന്നും അരുന്ധതിയുടെ ശബ്ദമുയർന്നു…

” ദേവാ.. ഒന്നിങ്ങ് വന്നേ.. ”

… “ദാ വരുന്നമ്മാ.. ”

ഈ അമ്മക്ക് വിളിക്കാൻ കണ്ട നേരം…

“നിന്നെ ഞാൻ എടുത്തോളാം ട്ടോ..”

“ഓ.. വേണ്ട.. ഞാൻ നടന്നോളാം…”

ബാത്ത്റൂമിൽ നിന്ന് അവൾ വിളിച്ച് പറഞ്ഞു…

****************************

ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു പോയ്ക്കൊണ്ടിരുന്നു…

ദേവിന്റെയും വരാഹിയുടെയും ചിരികളികളുമായി ആ വീട് എപ്പോഴും ശബ്ദമുഖരിതമായിരുന്നു…

മഹേഷിന് തിരിച്ച് പേകേണ്ട ദിവസം അടുത്തതിനാൽ പ്രിയയും മഹിയും കൂടി അങ്ങോട്ടെത്തിയപ്പോൾ മേളം അതിന്റെ ഉച്ചസ്ഥായിയിലായി…

മഹേഷ് പോയതിന് പിന്നാലെ ദേവും വരാഹിയും കൊയമ്പത്തൂരേക് പുറപ്പെട്ടു കൂടെ അരുന്ധതിയും….

രാവിലെ ദേവും വരാഹിയും ഒരുമിച്ചാണ് വീട്ടിൽ നിന്നിറങ്ങുന്നതും.. വൈകിട്ട് ക്ലാസ് കഴിഞ്ഞാൽ വരാഹി തനിച്ച് വരും…

പക്ഷേ അന്ന് പതിവ് പോലെ ക്ലാസ്സിലേക്ക് പോയ വരാഹി തിരിച്ച് വന്നില്ല…

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

വരാഹി: ഭാഗം 1

വരാഹി: ഭാഗം 2

വരാഹി: ഭാഗം 3

വരാഹി: ഭാഗം 4

വരാഹി: ഭാഗം 5

വരാഹി: ഭാഗം 6

വരാഹി: ഭാഗം 7

വരാഹി: ഭാഗം 8

വരാഹി: ഭാഗം 9

വരാഹി: ഭാഗം 10