Wednesday, December 18, 2024
Novel

താദാത്മ്യം : ഭാഗം 24

നോവൽ
എഴുത്തുകാരി: മാലിനി വാരിയർ

MV


“ഞാൻ വീണ്ടും പറയുന്നു അർജുൻ, മിലുവിനെ പറ്റി പറയാൻ ഉണ്ടെന്ന് പറഞ്ഞത് കൊണ്ടാണ് ഞാനിപ്പോ ഇവിടെ വന്നിരിക്കുന്നത്.. അതുകൊണ്ട് അത് മാത്രം പറഞ്ഞാൽ മതി.. എന്താ നിനക്ക് മിലുവിനെ കുറിച്ച് പറയാനുള്ളത്… ”

മിഥു അവന്റെ മുഖത്തേക്ക് നോക്കാതെ തന്നെ കാര്യം വ്യക്തമാക്കി.

“എന്താ മിഥു ഇത്.. ഏതോ അന്യനോട്‌ സംസാരിക്കുന്നത് പോലെ സംസാരിക്കുന്നത്.. ഞാൻ നിന്നോട് ക്ഷമ പറയാൻ കൂടിയാണ് വന്നിരിക്കുന്നത്.. ആദ്യം ഞാൻ പറയുന്നത് നീ സമാധാനത്തോടെ കേൾക്ക്… ”

അവൻ സൗമ്യമായ സ്വരത്തിൽ പറഞ്ഞു..

“എന്താ..? ”

അവൾ അവനെ നോക്കി നെറ്റി ചുളിച്ചു.

“മിലു ഒരുത്തനെ പ്രേമിക്കുന്നുണ്ട്.. !ആ കാര്യം നിനക്ക് അറിയാമോ..? ”

അവൻ ചുറ്റി വളയ്ക്കാതെ നേരെ വിഷയത്തിലേക്ക് വന്നു. മിഥു അവനെ ആശ്ചര്യത്തോടെ നോക്കി..

“ഇവന് ഇതെങ്ങനെ അറിയാം…? ”

അവൾ മനസ്സിൽ പറഞ്ഞു..

“മറുപടി പറ മിഥു.. ആ കാര്യം നിനക്ക് അറിയാമോ..? ”

അവൻ വീണ്ടും ചോദ്യം ആവർത്തിച്ചു.

“എനിക്ക് മിലുവിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയാം.. ഇതൊക്കെ പറഞ്ഞ് എന്നെ ഭയപ്പെടുത്താനോ മിലുവിനെ കുറിച്ച് മോശമായി പറയാനോ ആണ് നീ ഉദ്ദേശിക്കുന്നതെങ്കിൽ നീ ഇനി ഒന്നും പറയേണ്ട കാര്യമില്ല.. വേഗം സ്ഥലം കാലിയാക്കാൻ നോക്ക്.. എന്റെ അനിയത്തിയെ കുറിച്ച് നീ ഒന്നും പറയേണ്ട ആവശ്യമില്ല..”

അവൾ അവന്റെ മുഖത്തടിച്ചതു പോലെ പറഞ്ഞു.അത് കേട്ട് അവന്റെ ഉള്ളിലെ ദേഷ്യം അരിച്ചു കയറി എങ്കിലും അവൻ അതിനെ നിയന്ത്രിച്ചുകൊണ്ട് വീണ്ടും പറഞ്ഞു തുടങ്ങി..

“ഞാൻ പറയാൻ വന്ന കാര്യം മുഴുവനായി കേൾക്കാതെ ഇങ്ങനെ എടുത്തു ചാടി സംസാരിക്കല്ലേ മിഥു.. അവൾ പ്രണയിക്കുന്ന കാര്യം നിനക്ക് അറിയാം പക്ഷെ ആരെയാണെന്ന് അറിയാമോ..? അവൻ എങ്ങനെ ഉള്ളവനാണെന്ന് നിനക്ക് അറിയോ..? ”

അർജുൻ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് തന്നെ ചോദിച്ചു. മിഥു ഒന്നും മിണ്ടാതെ അവനെ ചോദ്യഭാവത്തിൽ നോക്കി.

“അവന്റെ പേര് ഋഷി.. വലിയ പണക്കാരനാണ്.നീ കേട്ടിട്ടുണ്ടാകും ഋഷി കൺസ്ട്രക്ഷൻ, അതിന്റെ ഓണർ ഋഷിയെയാണ് അവൾ സ്നേഹിക്കുന്നത്..”

അർജുൻ പറഞ്ഞതും ഒരു ഞെട്ടലോടെ അവൾ അവനെ തുറിച്ചു നോക്കി..

“എന്ത് ഋഷി കൺസ്ട്രക്ഷൻ എം.ഡി യോ? അയാളെ ഇവൾക്ക് എങ്ങനെ അറിയാം..? അതൊക്കെ പോട്ടെ ഇതൊക്കെ നീ എങ്ങനെ അറിഞ്ഞു..”

അവൾ വീണ്ടും സംശയത്തോടെ ചോദിച്ചു.

“ഇത് മാത്രമല്ല മിഥു… ഇനിയും ഒരുപാട് കാര്യങ്ങൾ എനിക്കറിയാം.. പക്ഷെ അതൊക്കെ അറിയുമ്പോൾ നീ അതിനെ ഏതു വിധത്തിൽ പ്രതികരിക്കും എന്നെനിക്കറിയില്ല..

നമ്മുടെ മിലു ഒരു പാവം കുട്ടിയാണ്. എന്നാൽ ആ ഋഷി ഒരു തരം താണവനാണ്..
പെണ്ണ് അവനൊരു വീക്ക്നെസ് ആണ്.. പാവപ്പെട്ട പെൺകുട്ടികളുടെ ജീവിതം വെച്ച് കളിക്കുന്നത് അവനെ സംബന്ധിച്ച് ഒരു തമാശ മാത്രം, ഒരുപാട് പെൺക്കുട്ടികളുടെ ജീവിതം അവൻ നശിപ്പിച്ചിട്ടുണ്ട്.

ഭാഗ്യം കൊണ്ട് മാത്രമാണ് മിലുവിന് അവൻ മൂലം ആപത്തതൊന്നും വരതിരുന്നത്.. അതിനു മുൻപ് തന്നെ ദൈവം അവളെ രക്ഷിച്ചു എന്ന് നമുക്ക് ആശ്വസിക്കാം.”

അവൻ പറഞ്ഞതൊന്നും മിഥുവിന് മനസ്സിലായില്ല.

“എന്താ കാര്യമെന്ന് ഒന്ന് തെളിച്ചു പറ.. എനിക്ക് നീ പറയുന്നതൊന്നും മനസ്സിലാവുന്നില്ല..”

അവൾ പരിഭ്രമത്തോടെ അവനെ നോക്കി.

“നമ്മുടെ മിലുവിനെ അവൻ എവിടെയോ വെച്ചു കണ്ടിരുന്നു. അവളോട് മോഹം തോന്നിയ അവന് അവളെ സ്വന്തമാക്കണം എന്ന് തോന്നി. അതിനു വേണ്ടി അവൻ ഒരുപാട് നാടകങ്ങൾ കളിച്ചു.ഒടുവിൽ എങ്ങനെയോ അവൻ മിലുവുമായി പരിചയപ്പെട്ടു.. ഒരു പാവത്തെ പോലെ അഭിനയിച്ച് അവളെ വശീകരിക്കുക എന്നതായിരുന്നു അവന്റെ പ്ലാൻ.

അവന്റെ ഉള്ളിലിരിപ്പ് അറിയാതെ നമ്മുടെ മിലുവും അവനെ ഇഷ്ടപ്പെട്ടു തുടങ്ങി.എന്തോ ഭാഗ്യത്തിന് അവൾ അവനോട് അത് പറഞ്ഞില്ല. അവനും അവളെ വളച്ചെടുക്കാൻ അവളുടെ പിന്നാലെ ഒരുപാട് നടന്നു..പക്ഷെ അവൾ അവനിൽ നിന്നും അകലാൻ തുടങ്ങി..

ശേഷമാണ് നിന്റെ വിവാഹം നടന്നത്. മിലു അവനെ കാണാതിരിക്കാൻ ഒരുപാട് ശ്രമിച്ചു പക്ഷെ അവൻ അവളെ പിന്തുടർന്ന് നമ്മുടെ നാട്ടിൽ വരെ എത്തി.. പിന്നെ അവൻ അടവ് മാറ്റി, സിമ്പതിയോടെ അവളോട് സംസാരിച്ചു വീഴ്ത്താം എന്ന് കരുതി.

നമ്മുടെ മിലു കുഞ്ഞല്ലേ, പാവം അവന്റെ അഭിനയം അവൾ വിശ്വസിച്ചു. പക്ഷെ അവനിൽ നിന്ന് അകന്ന് തന്നെ നിന്നു. ഇനിയും അവളുടെ പുറകെ നടന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ അവൻ മറ്റൊരു പുളിങ്കൊമ്പിലേക്ക് ചാടി.

പക്ഷെ ഇതൊന്നും അറിയാതെ കോളേജ് കഴിഞ്ഞതും മിലു തന്റെ ഇഷ്ടം അവനോട് തുറന്നു പറഞ്ഞു. ഇപ്പോൾ അവന്റെ കൂടെ ഉള്ള പെണ്ണിനെ കല്യാണം കഴിക്കാൻ തീരുമാനിച്ചിരിക്കുവാ അവൻ. ഇടയിൽ മിലു വരാതിരിക്കാൻ അവൻ മിലുവിനെ ബുദ്ധിപൂർവ്വം ഒഴിവാക്കി. അവന് അവളെ ഇഷ്ടമല്ലെന്ന് പറഞ്ഞ് അവളെ പറഞ്ഞു വിട്ടു. പാവം മിലു തകർന്നു പോയി കാണും..”

ഒന്ന് നിർത്തിയ ശേഷം അവൻ വീണ്ടും പറഞ്ഞു തുടങ്ങി.

“ഇപ്പൊ ഞാൻ എന്തിനാ ഇതൊക്കെ നിന്നോട് പറയുന്നതെന്ന് അറിയോ. മിലുവിനെ ഓർത്ത് മാത്രാ.. അവളുടെ മനസ്സ് ഒരുപാട് വേദനിച്ചു കാണും. അവളൊരു തെറ്റായ തീരുമാനം എടുക്കാതിരിക്കാനാണ്, നീ എന്നെ ഇത്രയൊക്കെ വഴക്ക് പറഞ്ഞിട്ടും ഞാൻ എല്ലാം കേട്ട് നിന്നത്..”

അവൻ കണ്ണിൽ കള്ള കണ്ണീർ നിറച്ചുകൊണ്ട് പറഞ്ഞു.അവൻ പറഞ്ഞത് കേട്ട് മിഥു ഒരു പ്രതിമയെ പോലെ സ്തംഭിച്ചു നിന്നു.

അവളുടെ ഹൃദയം ഭയത്തിൽ തുടിച്ചുകൊണ്ടിരുന്നു. തന്റെ അനിയത്തിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നല്ലോ എന്നോർത്ത് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“മിഥു.. ഇതിൽ നമ്മുടെ മിലു ഒരു തെറ്റും ചെയ്തിട്ടില്ല. നീ ഇപ്പൊ അവളുടെ കൂടെ ഉണ്ടാവണം.. കാര്യങ്ങൾ അവളെ പറഞ്ഞ് മനസ്സിലാക്കണം..നമുക്കിപ്പൊ വലുത് അവളുടെ ജീവനാണ്..അവളൊരു തെറ്റായ തീരുമാനം എടുക്കാതെ നീ വേണം അവളെ ശ്രദ്ധിക്കാൻ..”

അർജുൻ ഇടം കണ്ണിട്ട് അവളെ നോക്കികൊണ്ട് ദുഃഖം അഭിനയിച്ചു.

“നിനക്ക് ഇതെങ്ങനെ അറിയാം അർജുൻ..? ”

മിഥു കണ്ണീരോടെ തന്നെ അവനെ നോക്കി..

“ഈ സമയത്ത് ഇത് പറയാമോ എന്നറിയില്ല മിഥു..പക്ഷെ ഇനി അത് ആരോടും പറയാൻ പറ്റിയില്ലെന്ന് വരും… എനിക്ക് മിലുവിനെ ഇഷ്ടമാണ്, എന്റെ ജീവനേക്കാൾ ഏറെ.. ഞാൻ അവളെ സ്നേഹിക്കുന്നു…”

അവൻ മറ്റൊരു ബോംബ് കൂടി പൊട്ടിച്ചു.
മിഥു ആശ്ചര്യത്തിൽ അവനെ നോക്കി നിന്നു പോയി..

“നീ എന്താ പറഞ്ഞേ..? ”

ഇടറിയ സ്വരത്തിൽ അവൾ ചോദിച്ചു..

“അതെ മിഥു.. ചെറുപ്പം മുതലേ എനിക്ക് അവളെ ഇഷ്ടമായിരുന്നു. പക്ഷെ ആ സമയത്ത് അതിന്റെ പേര് പ്രണയമാണെന്ന് എനിക്ക് അറിയില്ലായിരുന്നു..പക്ഷെ കാലം കടന്നപ്പോൾ ഞാൻ അത് മനസ്സിലാക്കി.അവളോട് എന്റെ ഇഷ്ടം തുറന്നു പറയാൻ ഞാൻ ഒരുപാട് ശ്രമിച്ചതാണ്.പക്ഷെ., അവൾ എന്നോട് നേരാവണ്ണം സംസാരിക്കാറു പോലുമില്ല.

പിന്നെ നിന്റെ അച്ഛനോടും എനിക്ക് ഒരുപാട് തവണ തർക്കിക്കേണ്ടി വന്നിട്ടുണ്ട് അതുകൊണ്ട് എല്ലാം ഉള്ളിലൊതുക്കി നടക്കുകയായിരുന്നു ഞാൻ. അവളെ മറക്കാൻ ഒരുപാട് ശ്രമിച്ചതാണ് പക്ഷെ എന്റെ ദേഷ്യവും വാശിയും കുറഞ്ഞു എന്നല്ലാതെ അവളെ മറക്കാൻ എനിക്ക് കഴിഞ്ഞില്ല..

ഞാൻ ബാംഗ്ലൂരിൽ വന്നത് തന്നെ അവളെ കാണാനാണ്. എപ്പോഴും അവളെ കണ്ടോണ്ടിരിക്കാൻ വേണ്ടിയാണ്..ദാ ഈ പാർക്കിൽ ഞാൻ കാത്തിരിക്കും അവളെ ഒന്ന് കാണാൻ..പക്ഷെ ഒരു ദിവസം അവൾ ഋഷിയോട് സംസാരിച്ചിരിക്കുന്നത് കണ്ട് അന്വേഷിച്ചപ്പോഴാണ് ഞാൻ കാര്യങ്ങൾ എല്ലാം അറിയുന്നത്.

അവൾ ഋഷിയെ സ്നേഹിക്കുന്നു എന്നറിഞ്ഞപ്പോൾ എല്ലാം മറന്ന് സ്വയം ഒഴിഞ്ഞു മാറാൻ ഞാൻ തീരുമാനിച്ചതാണ്.പക്ഷെ അവനെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ ഞാൻ ഇവിടെ വേണമെന്ന് തോന്നി. അവന്റെ ഓരോ നീക്കവും ഞാൻ നിരീക്ഷിക്കുകയായിരുന്നു..
അവളെ അവനിൽ നിന്നും രക്ഷിക്കാൻ ഞാൻ പരിശ്രമിക്കുകയായിരുന്നു.

അതുകൊണ്ടാണ് ഞാനിപ്പോ നിന്റെ മുന്നിൽ നിൽക്കുന്നത്. മിലു വേദനിക്കരുത്.. അതെനിക്ക് താങ്ങാൻ കഴിയില്ല.. നീ വേണം അവളെ സമാധാനിപ്പിക്കാൻ..”

അവൻ വീണ്ടും കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞപ്പോൾ അവൾക്കും സങ്കടം വന്നു..

“സോറി അർജുൻ.. സത്യം അറിയാതെ ഞാൻ നിന്നോട് എന്തൊക്കെയോ പറഞ്ഞു..
അതൊന്നും മനസ്സിൽ വെക്കരുത്.. റിയലി സോറി..”

അവൾ കണ്ണീരോടെ പറഞ്ഞതും അവൻ മനസ്സിൽ പൊട്ടിച്ചിരിക്കുകയായിരുന്നു..

“സാരമില്ല മിഥു.. നീയും എനിക്കൊരു കുഞ്ഞിനെ പോലെയാണ്, നീ പറഞ്ഞതൊന്നും ഞാൻ കാര്യമാക്കിയിട്ടില്ല..
പിന്നെ നിനക്ക് എന്നോട് എന്തും പറയാനുള്ള അധികാരമുണ്ട്. ആദ്യം നീ പോയി മിലുവിനെ കാണ്.. അതാണിപ്പോ പ്രധാനം.”

ശോകത്തൊടെ പറഞ്ഞുകൊണ്ട് അവൻ മിഥുവിനെ വീട്ടിലേക്ക് പറഞ്ഞയച്ചു.

വീട്ടിലെത്തിയ മിഥു നേരെ പോയത് മൃദുലയുടെ മുറിയിലേക്കാണ്.അവിടെ അവളുടെ അവസ്ഥ കണ്ടതും മിഥുനയുടെ മനസ്സ് പിടഞ്ഞു. അവൾ മൃദുലയുടെ അരികിലേക്ക് നടന്നു ശേഷം അവളെ തോളോട് ചേർത്ത് പിടിച്ചു..

മൃദുല പൊട്ടി കരഞ്ഞുകൊണ്ട് അവളുടെ തോളിലേക്ക് ചാഞ്ഞു.

“മിലു..ഒന്നിനെ കുറിച്ചോർത്തും വിഷമിക്കണ്ട, നിനക്ക് ഞങ്ങളൊക്കെ ഇല്ലേ.
നീ സന്തോഷത്തോടെ ഇരിക്കടാ..”

വാത്സല്യത്തോടെ മിഥുന അവളുടെ കണ്ണുകൾ തുടച്ചു..

“ചേച്ചി… ചേച്ചിക്ക് എങ്ങനെ അറിയാം..? ”

മൃദുല ഏങ്ങി കരഞ്ഞുകൊണ്ട് ചോദിച്ചു.

“എനിക്ക് അറിയാം മോളെ.. വെറുതെ ഓരോന്ന് ഓർത്ത് മനസ്സ് വിഷമിപ്പിക്കാതെ.ഇതിൽ നീ ഒരു തെറ്റും ചെയ്തിട്ടില്ല.നീ കരയല്ലേ..”

മിഥു അവളെ സമാധാനിപ്പിച്ചു. മൃദുല മനോവിഷമം കുറയ്ക്കാനാവാതെ മിഥുനയുടെ മടിയിലേക്ക് കിടന്നു.

***********

“ശ്രീലക്ഷ്മി..”

ആശ്ചര്യത്തോടെ അവൻ അവളെ നോക്കിയതും അവൾ പൊട്ടിക്കരഞ്ഞു.

“എന്നോട് ക്ഷമിക്ക് സിദ്ധുവേട്ടാ..”

കൈകൾ കൂപ്പിക്കൊണ്ട് അവൾ അവനെ നോക്കി. അത് അവന്റെ മനസ്സിനെ കൂടുതൽ വേദനിപ്പിച്ചു. എന്ത് മറുപടി പറയണം എന്നറിയാതെ അവൻ അവളെ സഹതാപത്തോടെ നോക്കി നിന്നു.

“നീയോ..? നിനക്കൊക്കെ ഈ ഗതിയെ വരൂന്ന് എനിക്കറിയാമായിരുന്നു. അളിയാ…. ഇവളോടൊക്കെ എന്തിനാടാ സംസാരിച്ചിരിക്കുന്നെ..? വാ നമുക്ക് പോകാം.. ഡീ… കിണർ അവിടെ തന്നെ ഉണ്ട്……”

വിജയ് പറഞ്ഞു തീരും മുന്നേ സിദ്ധു അവനെ തുറിച്ചു നോക്കി..

”വിജയ്… ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ.. മനസ്സ് തകർന്നിരിക്കുന്ന ആളെ വീണ്ടും ഓരോന്ന് പറഞ്ഞ് വിഷിമിപ്പിക്കുന്നോ…നീ പോ… ഞാൻ വന്നോളാം..”

ശാസനയോടെ സിദ്ധു വിജയെ അവിടെ നിന്നും പറഞ്ഞയച്ചു. വിജയ് ദേഷ്യത്തോടെ അവിടെ നിന്നും നടന്നകന്നു.

“ശ്രീ ലക്ഷ്മി… സംഭവിക്കാനുള്ളത് സംഭവിച്ചു. പക്ഷെ ഇപ്പൊ നീ എടുത്ത ഈ തീരുമാനം അത് ഒട്ടും ശരിയല്ല. എന്ത് പ്രശ്നം ആണെങ്കിലും ആത്മഹത്യാ ഒരു പരിഹാരമല്ല. നീ നല്ലോണം ചിന്തിച്ചു നോക്ക് എന്നിട്ട് ഒരു തീരുമാമെടുക്ക്..”

സിദ്ധു അവളെ ഉപദേശിച്ചു..

“എന്റെ ജീവിതം നശിപ്പിച്ചത് ഞാൻ തന്നെയാണ് സിദ്ധുവേട്ടാ.. ഇനിയും ഞാൻ എന്തിനാ ജീവിക്കുന്നെ..”

അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.

“നീ ഈ കരച്ചില് നിർത്തിയിട്ടു.. എന്താ കാര്യമെന്ന് പറ..”

അവൻ സംശയത്തോടെ അവനെ നോക്കി.

അവളുടെ ജീവിതത്തിൽ നടന്നതെല്ലാം അവൾ അവനോട് പറഞ്ഞു, അതെല്ലാം കേട്ട് അവൻ സ്തംഭിച്ചു നിന്നുപോയി. അവളുടെ ജീവിത്തിൽ ഇങ്ങനൊരു ദുരന്തം ഉണ്ടാവുമെന്ന് അവൻ ഒരിക്കിലും പ്രതീക്ഷിച്ചിരുന്നില്ല..

“എന്റെ ജീവിതം അന്ന് തന്നെ അവസാനിച്ചതാണ് സിദ്ധുവേട്ടാ..അച്ഛനേം അമ്മയേം കാണാൻ ഞാൻ എറണാകുളത്ത് പോയിരുന്നു. ആ വീട് വിറ്റു അവരിപ്പോ മുത്തശ്ശിയുടെ കൂടെയാ താമസിക്കുന്നെ. അവരെ ഒരു തവണ കണ്ട് മാപ്പ് പറയാനാ ഞാൻ ഇങ്ങോട്ട് വന്നേ.. പക്ഷെ അവരുടെ അവസ്ഥ കണ്ടതും ഞാൻ തകർന്ന് പോയി.
ഇപ്പഴും അവർക്ക് എന്നോടുള്ള ദേഷ്യം മാറിയിട്ടില്ല.. ഇനിയും ഞാൻ ജീവനോടെ ഇരുന്ന് അവരെ വിഷമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല സിദ്ധുവേട്ടാ..

ഞാൻ ഏട്ടനോട് ചെയ്ത ദ്രോഹത്തിന്റെ ശിക്ഷയാണിതെന്നാണ് അച്ഛൻ പറയുന്നത്. ഇപ്പൊ എനിക്കും അങ്ങനെ തന്നെയാ തോന്നുന്നേ.. ഏട്ടനോട് ഞാൻ ചെയ്തതിന് ദൈവം പോലും എന്നോട് ക്ഷമിക്കില്ല..”

അവൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ പറഞ്ഞു.

“ഇവിടെ നോക്ക് ശ്രീലക്ഷ്മി… ഇവിടെ ആരും നല്ലവരല്ലാ..എല്ലാവരും അവരവരുടെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ തെറ്റ് ചെയ്തിട്ടുണ്ടാവും. നിന്റെ അപ്പോഴത്തെ സാഹചര്യത്തിൽ നീ അങ്ങനെ ഒരു തീരുമാനം എടുത്തു, അത് നിന്റെ തെറ്റല്ല.

പക്ഷെ നീ ഇപ്പൊ എടുത്തിരിക്കുന്ന തീരുമാനം വലിയ തെറ്റാണ് ശ്രീലക്ഷ്മി. ദൈവം തന്ന ജീവിതം അവസാനിപ്പിക്കാൻ ആർക്കും അധികാരമില്ല. നീ ഒരിക്കലും അത് ചെയ്യരുത്.

ഇപ്പൊ നീ തിരിച്ചു വീട്ടിലേക്ക് പോ. നിന്റെ അച്ഛനോടും അമ്മയോടും ഞാൻ സംസാരിക്കാം.ഇനി നീ വേണം അവരെ നോക്കാൻ. തീർച്ചയായും നിന്റെ ഈ ജീവിതത്തിന് ഒരു അർത്ഥമുണ്ട്.. ഈ നാട്ടിൽ ജീവിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ മറ്റെവിടെക്കെങ്കിലും മാറി താമസിക്ക്. എന്നാൽ കഴിയുന്ന സഹായം ഞാനും ചെയ്യാം..ഇതിനെ പറ്റി വേറാരൊടും പറയുകയുമില്ല.. നീ മടികൂടാതെ നിങ്ങളുടെ ജീവിതം തുടങ്ങ്. തന്റെ മകൾ മരിച്ചു കാണണമെന്ന് ഒരു മാതാപിതാക്കളും ആഗ്രഹിക്കില്ല..”

അവൻ അവളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി.അവൾ നന്ദിയോടെ അവനെ നോക്കി കണ്ണ് നിറച്ചു.

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3

താദാത്മ്യം : ഭാഗം 4

താദാത്മ്യം : ഭാഗം 5

താദാത്മ്യം : ഭാഗം 6

താദാത്മ്യം : ഭാഗം 7

താദാത്മ്യം : ഭാഗം 8

താദാത്മ്യം : ഭാഗം 9

താദാത്മ്യം : ഭാഗം 10

താദാത്മ്യം : ഭാഗം 11

താദാത്മ്യം : ഭാഗം 12

താദാത്മ്യം : ഭാഗം 13

താദാത്മ്യം : ഭാഗം 14

താദാത്മ്യം : ഭാഗം 15

താദാത്മ്യം : ഭാഗം 16

താദാത്മ്യം : ഭാഗം 17

താദാത്മ്യം : ഭാഗം 18

താദാത്മ്യം : ഭാഗം 19

താദാത്മ്യം : ഭാഗം 20

താദാത്മ്യം : ഭാഗം 21

താദാത്മ്യം : ഭാഗം 22

താദാത്മ്യം : ഭാഗം 23