Saturday, January 18, 2025
Novel

താദാത്മ്യം : ഭാഗം 21

നോവൽ
എഴുത്തുകാരി: മാലിനി വാരിയർ

MV


അവൻ അവളുടെ മുറിയിലേക്ക് കയറിയതും, അവളുടെ അവസ്ഥ കണ്ട് അവൻ ഞെട്ടി.. അവൾ ഒന്നെഴുന്നേൽക്കാൻ പോലുമാവാതെ കട്ടിലിനു താഴെ കരഞ്ഞുകൊണ്ട് ഇരിക്കുകയാണ്.

“എന്ത് പറ്റി മിഥു…? ”

അവൻ എന്ത് പറ്റിയെന്ന ആവലാതിയോടെ അവളുടെ അടുത്തേക്ക് ഓടിയടുത്തു. അവൾ തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്കിയെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല..

“എന്ത് പറ്റി…? ”

അവൻ വീണ്ടും സൗമ്യമായി ചോദിച്ചു..

“താഴെ വീണു…😟”

ഒരു പാവത്തെ പോലെ മുഖം പിടിച്ചുകൊണ്ടു പറഞ്ഞു..

“എങ്ങനെ…? വാ എഴുന്നേൽക്ക്…”

അവൻ കരുതലോടെ അവളുടെ കൈകളിൽ പിടിച്ചുകൊണ്ട് കട്ടിലിനു മുകളിൽ കയറ്റി ഇരുത്തി..

“അമ്മാഹ്….”

അവൾ അലറി കരഞ്ഞു…

“എന്ത് പറ്റി…”

അവൻ വീണ്ടും ഉത്കണ്ഠയോടെ ചോദിച്ചു..

“കാൽ വേദനിക്കുന്നു…”

അവൾ കണ്ണീരോടെ പറഞ്ഞതും അവന് അവളോട് പാവം തോന്നി..

“കരയാതെ… കുറച്ചു ക്ഷമിക്ക്… എന്തെങ്കിലും തൈലമോ ഓയിന്റ്മെന്റോ വല്ലതും ഉണ്ടോ…”

അവൻ അവളുടെ കാലിലേക്ക് നോക്കികൊണ്ട് പറഞ്ഞു..

“ആ കോബോർഡിൽ സ്പ്രേ ഉണ്ട്..”

അവൾ അടുത്തുള്ള അലമാര ചൂണ്ടി കാണിച്ചതും അവൻ അങ്ങോട്ടേക്ക് നടന്നു.. മരുന്നുമായി തിരിച്ചു കട്ടിലിൽ വന്നിരുന്നു.. ശേഷം അവളുടെ കാലെടുത്ത് തന്റെ മടിയിൽ വെച്ചുകൊണ്ട് വേദനയുള്ള ഭാഗത്തേക്ക്‌ സ്പ്രേ ചെയ്തു..

“ഉളുങ്ങിയതാണെന്ന് തോന്നുന്നു… ഇത് കൊണ്ട് മാറുമോ എന്ന് നോക്കാം… നീര് വീണാൽനമുക്ക് വൈകിട്ട് ഹോസ്പിറ്റലിൽ പോകാം…”

അവന്റെ സമാധാനവാക്കുകൾ കേട്ട് കണ്ണീരോടെ അവൾ തലയാട്ടി…

“ശരി… എങ്ങനാ വീണത്..? ”

അവൻ മുന്നേ ചോദിച്ച ചോദ്യം വീണ്ടും ആവർത്തിച്ചതും അവൾ അവനെ അല്പം കള്ളത്തരത്തോടെ നോക്കി. അവൻ എന്താണെന്ന ഭാവത്തിൽ അവളെ തിരിച്ചു നോക്കി, അവൾ നടന്ന സംഭവം മനസ്സിൽ ഓർത്തു..

കുളി കഴിഞ്ഞ് മുറിയിലേക്ക് കയറിയ അവൾ തന്റെ മൊബൈലിൽ നിന്നും കേൾക്കുന്ന തന്റെ ഇഷ്ട ഗാനത്തിന് ചുവടുകൾ വെച്ചുകൊണ്ട് വരുകയായിരുന്നു. ഒരു ആവേശത്തിന് കട്ടിലിനു മുകളിലേക്ക് ചാടിക്കയറാൻ നോക്കിയതും കാൽ മടങ്ങി നിലത്തേക്ക് വീണു. ഒരുപാട് തവണ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ അവളുടെ പതിയുടെ കൈകൾ തന്നെ വേണ്ടി വന്നു അവിടെ നിന്നും എഴുന്നേൽക്കാൻ..

“ഇപ്പൊ ഞാനിത് ഇങ്ങേരോട് പറഞ്ഞാൽ, കളിയാക്കി ചിരിക്കാൻ തുടങ്ങും, ഈ കാര്യം വേറാരും അറിയാതിരിക്കുന്നതാണ് നല്ലത്..പ്രത്യേകിച്ച് ഇദ്ദേഹം..”

മനസ്സിൽ തീരുമാനിച്ചുറപ്പിച്ചുക്കൊണ്ട് അവനെ നോക്കി..

“ഞാൻ ചുമ്മാ നടന്നു വരുവായിരുന്നു…
കാൽ സ്ലിപ്പായി വീണതാ…”

മുഖം പാവത്തെ പോലെ പിടിച്ചുകൊണ്ടു അവൾ പറഞ്ഞതും അവൻ ശരി എന്ന അർത്ഥത്തിൽ തലയാട്ടിക്കൊണ്ട് താഴേക്ക് നടന്നു..

“ഹാവൂ വിശ്വസിച്ചു..”

ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നെങ്കിലും കാലിന്റെ വേദന അതിനെ പെട്ടെന്ന് മായ്ച്ചു കളഞ്ഞു..

സിദ്ധു താഴേക്ക് ചെന്ന് അവൾക്കുള്ള രാവിലത്തെ ഭക്ഷണം ഒരു പാത്രത്തിലാക്കി അവളുടെ മുറിയിലേക്ക് വന്നു..

“മിഥു… ഇത് കഴിക്ക്.. എന്നിട്ട് ദാ.. ഈ പെയിൻ കില്ലർ കഴിച്ചിട്ട് കുറച്ചു നേരം ഉറങ്ങിക്കോ..? ”

പാത്രവും അതോടൊപ്പം ഒരു ഗുളികയും അവളുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് സിദ്ധു കട്ടിലിനടുത്തുള്ള ഒരു കസേരയിൽ ഇരുന്നു.. അവൾ കഴിച്ചു തീരുന്നത് വരെ അവൾക്ക് വേണ്ടതെല്ലാം എടുത്ത് കൊടുത്തുകൊണ്ട് അവനവിടെ തന്നെ ഇരുന്നു.

“കഴിക്കുന്നില്ലേ… ഇപ്പൊ തന്നെ ഒരുപാട് വൈകി..”

അവൾ അവനെ നോക്കി അല്പം ഭവ്യതയോടെ ചോദിച്ചു..

“ഞാൻ കഴിച്ചോളാം… ആദ്യം നീ ഗുളിക കഴിക്ക്..”

ഗുളിക അവളുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് അവൻ അവളെ പുഞ്ചിരിയോടെ നോക്കി. ഗുളിക കഴിച്ച് അവൾ ഉറങ്ങുന്നത് വരെ അവളെ ശ്രദ്ധയോടെ നോക്കി..

കുറച്ചു കഴിഞ്ഞ് അവൻ താഴേക്ക് ഇറങ്ങിയതും മൃദുല അവന്റെ ഫോണിലേക്ക് വിളിച്ചു.മിഥുന താഴെ വീണ കാര്യം അവരറിഞ്ഞാൽ വിഷമിക്കും എന്നോർത്ത് അവൻ അതേക്കുറിച്ചു പറയാതെ സാധാരണ സംസാരിക്കുന്നത് പോലെ സംസാരിച്ചു.. മിഥുന ഉറങ്ങുവാണെന്ന് പറഞ്ഞുകൊണ്ട് അവൻ സംഭാഷണം അവസാനിച്ചു.

“മോനെ എന്റെ മോൾക്ക് നല്ല സുഖമില്ല.. അതുകൊണ്ട് രണ്ട് ദിവസം വരാൻ പറ്റില്ല…”

പാചകത്തിന് വന്ന ശാന്തി അല്പം വിഷമത്തോടെ അവനോട് പറഞ്ഞു.

“ചേച്ചി ആദ്യം മകളുടെ കാര്യം ശ്രദ്ധിക്കൂ… ഇവിടുത്തെ കാര്യം ഞങ്ങൾ നോക്കിക്കോളാം…”

പുഞ്ചിരിയോടെ അവൻ അവരെ വീട്ടിലേക്ക് വിട്ടു. ശേഷം ഉച്ചയ്ക്കുള്ള ഭക്ഷണം തയ്യാറാക്കാൻ അടുക്കളയിലേക്ക് നടന്നു.

ഉച്ചയ്ക്കുള്ള ഭക്ഷണവുമായി അവൻ അവളുടെ മുറിയിലേക്ക് ചെന്നതും അവൾ ആരോടോ സംസാരിക്കുകയാണെന്ന് അറിഞ്ഞ് അകത്തേക്ക് കയറണോ വേണ്ടയോ എന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ് അവളുടെ വാക്കുകൾ അവന്റെ കാതിൽ പതിഞ്ഞത്..

“ഇല്ല മീരാ… ഞാൻ നിന്നോട് മാത്രമായി ഒരു രഹസ്യം പറയാം..വേറാരൊടും പറയരുത്.. ഞാൻ കുളി കഴിഞ്ഞ് നമ്മുടെ ദളപതിയുടെ പാട്ടും കേട്ട് വരുവായിരുന്നു.. പെട്ടെന്ന് കുറച്ചു ആവേശം കൂടി പോയി… കട്ടിലിലേക്ക് ചാടി കയറാൻ നോക്കിയതാ.. കാൽ മടങ്ങി വീണു…”

അവൾ പറഞ്ഞ കാര്യത്തേക്കാൾ അത് പറഞ്ഞ വിധമാണ് അവനെ ചിരിപ്പിച്ചത്.. താൻ കണ്ടിരുന്ന തന്റേടിയായ പെണ്ണ് ഇങ്ങനെയൊക്കെ സംസാരിക്കൂമോ എന്നോർത്ത് അവന് ചിരിയടക്കാൻ കഴിഞ്ഞില്ല..

രാവിലെ അവൾ വീണെന്ന് പറഞ്ഞപ്പോൾ തന്നെ അവന് സംശയം തോന്നിയതാണ് പക്ഷെ അപ്പോഴത്തെ അവസ്ഥയിൽ അവൻ കൂടുതലൊന്നും ആലോചിച്ചില്ല.. ഇപ്പോൾ അവൾ പറഞ്ഞത് കേട്ടപ്പോൾ അവന് ചിരിയാണ് വന്നത്.. ഒരു വിധത്തിൽ ചിരി നിയന്ത്രിച്ചു കൊണ്ട് അവൻ മെല്ലെ മുറിയിലേക്ക് കടന്നു.

അവനെ കണ്ടതും അവൾ ഫോൺ കട്ട്‌ ചെയ്തുകൊണ്ട് അവനെ നോക്കി..

“ഇപ്പൊ എങ്ങനെയുണ്ട്…? ”

“ഇപ്പൊ കുഴപ്പമില്ല… വേദന പോയി.. പക്ഷെ നടക്കാൻ പറ്റുന്നില്ല…”

അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..

“ശരി… ദാ ഭക്ഷണം കഴിക്ക്… എന്നിട്ട് ഇന്ന് മുഴുവൻ റസ്റ്റ്‌ എടുക്ക്..നാളെയാവുമ്പോഴേക്കും എല്ലാം ശരിയാകും..”

അവൻ ഭക്ഷണം അവളുടെ കയ്യിലേക്ക് കൊടുത്തപ്പോഴേക്കും കയ്യിലുണ്ടായിരുന്ന ഫോണിലെ മ്യൂസിക് പ്ലെയറിൽ അറിയാതെ കൈ തട്ടി..

“സിങ്കപെണ്ണേ സിങ്കപ്പെണ്ണേ
ആൺ ഇനമേ ഉന്നൈ വണങ്കുമേ
നൻറി കടൻ തീർപ്പതുക്കെ
കറുവിലെ ഉന്നൈ ഏന്തുമേ
ഒരു മുറൈ തലൈകുനി
ഉൻ വെറ്റ്രി സിങ്കം മുഖം അവൻ
പാർപ്പാതർക്കു മട്ടുമേ
ഏറു ഏറു ഏറു
നെഞ്ചിൽ വലിമയ് കൊണ്ട് ഏറു
ഉന്നൈ പെണ്ണെൻറു
കേലി സെയത കൂട്ടം ഒരുനാൾ
ഉന്നൈ വണങ്കിടും ഉയർന്ത്‌ നില്ല്…”

പെട്ടെന്ന് പാട്ട് കേട്ടതും അവളൊന്ന് ഞെട്ടാതിരുന്നില്ല..

“രാവിലെയും ഈ പാട്ട് തന്നെ അല്ലെ കേട്ടോണ്ട് ഇരുന്നത്..”

അവൻ ചിരിയാടക്കി പിടിച്ചു കൊണ്ട് ചോദിച്ചതും അവൾ അതെയെന്ന് തലയാട്ടി..
അവളുടെ പാവം പിടിച്ച മുഖം കണ്ടതും അവൻ പൊട്ടിച്ചിരിച്ചു പോയി..

“ഇങ്ങേർക്ക് ഇതെങ്ങനെ അറിയാം.. എന്തിനാ ഇങ്ങനെ ചിരിക്കണേ…🤨”

അവൾ അവനെ ദേഷ്യത്തോടെ നോക്കി കൊണ്ടിരുന്നു.. ചിരിച്ചുകൊണ്ടിരുന്ന അവൻ അവളുടെ ദേഷ്യത്തോടെയുള്ള നോട്ടം കണ്ടതും ചിരി നിർത്തി..

“അത്…മിഥു.. ഞാൻ താഴെ ടി.വി കാണുവായിരുന്നു.. അതിലെ കോമഡി സീൻ ആലോചിച്ചു ചിരിച്ചു പോയതാ.. തെറ്റി ധരിക്കല്ലേ…നീ കഴിച്ചിട്ട് റസ്റ്റ്‌ എടുക്ക്…ഞാൻ പോട്ടെ..”

അതും പറഞ്ഞ് അവൻ വേഗത്തിൽ താഴേക്ക് നടന്നു..

“ഹും…!!!!”

ദേഷ്യത്തിൽ അവനെ മനസ്സിൽ കുറെ ചീത്ത പറഞ്ഞ് അവൾ ഭക്ഷണം കഴിച്ചു.. ശേഷം പരീക്ഷയ്ക്കുള്ളത് പഠിക്കുന്നതിൽ ശ്രദ്ധിച്ചു.

കുറച്ചു കഴിഞ്ഞതും അവൾ മെല്ലെ നടക്കാൻ ശ്രമിച്ചു.അവൾ വിചാരിച്ചതിനെക്കാൾ സുഖുമമായി നടക്കാൻ പറ്റുന്നത് കണ്ടപ്പോൾ അവൾ മെല്ലെ താഴേ ഹാളിലേക്ക് ഇറങ്ങാൻ ശ്രമിച്ചു..

രണ്ട് പടികൾ സുഖമായി ഇറങ്ങിയതിൽ വിശ്വസിച്ച് അടുത്ത പടി അല്പം അശ്രദ്ധയോടെ വെച്ചതും അവൾ കാലിടറി താഴേക്ക് വീണു..

“എന്റെ ദേവി..”

അവൾ കണ്ണുകൾ ഇറുക്കിയടച്ചു…

അവൾ താഴേക്ക് വീഴും മുന്നേ അവന്റെ കരങ്ങൾ അവളെ വീഴാതെ പിടിച്ചിരുന്നു..തനിക്കൊന്നും പറ്റിയിട്ടില്ലെന്നും സുരക്ഷിതമായ കൈകൾ തന്നെ രക്ഷിച്ചിരിക്കുന്നു എന്നും അവൾക്ക് ബോധ്യമായി., ശേഷമാണ് അവളുടെ ശ്വാസം നേരെ വീണത്.. അവനും നന്നായി പേടിച്ചിട്ടുണ്ടെന്നു അവന്റെ ഹൃദയ തുടിപ്പ് കേട്ടതും അവൾക്ക് മനസ്സിലായി.. അവൾ മെല്ലെ കണ്ണുകൾ തുറന്ന് അവനെ നോക്കി..

“നിന്നോട് ആരാ ഇപ്പൊ താഴേക്ക് വരാൻ പറഞ്ഞേ..? ഇപ്പൊ താഴെ വീണിരുന്നെങ്കിലോ…? ”

പെട്ടെന്നുള്ള അവന്റെ ശബ്ദം അവളുടെ കണ്ണുകൾ നിറച്ചു..

“ഇപ്പൊ എന്തിനാ എന്നെ വഴക്ക് പറയുന്നേ..”

കണ്ണീർ അടക്കി പിടിച്ചുകൊണ്ട് അവൾ അവന് നേരെ തട്ടിക്കയറി..

“പിന്നെ…. നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്തെങ്കിലും വേണമെങ്കിൽ ഞാൻ വന്ന് എടുത്ത് തരാമെന്ന്.. ഇത്ര ശ്രദ്ധയില്ലാതായി പോയല്ലോ… പരീക്ഷയല്ലേ വരുന്നേ…? പഠിക്കണം, നേടണം എന്നൊക്കെ സ്വപ്നം കണ്ടാൽ മാത്രം പോരാ.. അതിനു വേണ്ടി കുറച്ചു സഹിക്കുകയും വേണം.. ഇപ്പൊ വീണു എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ നിന്റെ പഠിപ്പ് എന്താകുമായിരുന്നു..ചെറിയ കുട്ടിയൊന്നുമല്ലല്ലോ.. ഒന്ന് ചിന്തിച്ചൂടെ…? ”

ദേഷ്യം ഒട്ടും കുറയ്ക്കാതെ തന്നെ അവൻ പറഞ്ഞു.

“നടക്കാൻ പറ്റുമോ എന്ന് നോക്കിയതാ..!
അതിനു ഇങ്ങനെ വഴക്ക് പറയണോ..?
ഒന്നും പറ്റിയില്ലല്ലോ പിന്നെന്താ..? എന്റെ അച്ഛൻ പോലും എന്നെ വഴക്ക് പറയാറില്ല.. നിങ്ങള് കാരണാ അച്ഛൻ എന്നെ ആദ്യമായി വഴക്ക് പറഞ്ഞത്..ഇപ്പൊ നിങ്ങളും എന്നെ വഴക്ക് പറഞ്ഞു… ശ്ശേ… ഇതാണ് നിങ്ങളെ ഇങ്ങോട്ട് വിളിക്കണ്ടന്ന് ഞാൻ പറഞ്ഞത്.. അപ്പോ ആരും കേട്ടില്ല..

ദേ ഇങ്ങോട്ട് നോക്കിയേ… എന്നെ നോക്കാൻ എനിക്കറിയാം.. പിന്നെ എനിക്ക് എന്തെങ്കിലും പറ്റിയാൽ അതും ഞാൻ ഒറ്റയ്ക്ക് ഫേസ് ചെയ്തോളാം.. എന്റെ കാര്യം ഓർത്ത് നിങ്ങൾ വിഷമിക്കണ്ട കാര്യമില്ല..”

ദേഷ്യത്തിൽ മനസ്സിൽ ഉണ്ടായിരുന്നതെല്ലാം അവൾ അവന് മുന്നിൽ കുടഞ്ഞിട്ടു.. ശേഷം മെല്ലെ നടന്ന് അവിടെ ഉണ്ടായിരുന്ന ഒരു സോഫയിൽ പോയിരുന്നു..

അതിനുശേഷം അവൻ ഒന്നും മിണ്ടിയില്ല..
ശാന്തമായിക്കൊണ്ട് അവൻ ബാൽക്കണിയിലേക്ക് നടന്നു.. അവൻ പോയതും കണ്ണുകൾ തുടച്ചുകൊണ്ട് അവൾ ടി.വി ഓൺ ചെയ്തു.. കുറച്ചു നേരം അതിൽ നോക്കിയിരുന്ന് അവൾ എപ്പോഴോ ഉറങ്ങിപ്പോയി..

അവൻ ഹാളിലേക്ക് വന്നതും അവൾ നല്ല ഉറക്കമായിരുന്നു.. അവളുടെ മുഖത്തേക്ക് സ്നേഹത്തോടെ കുറച്ചു നേരം നോക്കി നിന്നു. ടി.വി ഓഫ്‌ ചെയ്ത്കൊണ്ട് രാത്രിയിലെ ഭക്ഷണം തയ്യാറാക്കാൻ അടുക്കളയിലേക്ക് നടന്നു.

അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം കേട്ട് ഉണർന്ന മിഥു, അവൻ പാചകം ചെയ്യുന്നത് കണ്ടപ്പോൾ അത്ഭുതപ്പെട്ടു.. ശേഷം തന്റെ ഫോൺ എടുത്ത് ശാന്തിയെ വിളിച്ചു.
അവർ ഉച്ചയ്ക്ക് നടന്ന കാര്യം അവളോട് പറഞ്ഞതും അവളിൽ ശോകം നിറഞ്ഞു..

“ശരി ചേച്ചി… പതുക്കെ വന്നാൽ മതി..”

എന്ന് പറഞ്ഞുകൊണ്ട് അവൾ ഫോൺ കട്ട്‌ ചെയ്തു..

“ശ്ശോ.. ഇനി എന്ത് ചെയ്യും…”

എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് സിദ്ധുവിന്റെ വിളി വന്നത്..

“മിഥു… ചോറ് അങ്ങോട്ട്‌ കൊണ്ട് വരണോ അതൊ ഇങ്ങോട്ട് വന്ന് കഴിക്കുമോ…? ”

അവൻ തീൻ മേശയിൽ ഭക്ഷണം എടുത്ത് വെച്ചുകൊണ്ട് സൗമ്യമായി ചോദിച്ചു..

“എന്നെ അത്രയും വഴക്ക് പറഞ്ഞിട്ട്, ഇപ്പൊ ഒന്നും നടക്കാത്ത പോലെ പെരുമാറാൻ എങ്ങനെയാണാവോ ഇങ്ങേർക്ക് സാധിക്കുന്നത്..!😏”

എന്ന് ചിന്തിച്ചുകൊണ്ട് അവൾ അവന്റെ മുഖത്തേക്ക് നോക്കി..

“എന്തെ…? വരുന്നില്ലേ..? വാ!കഴിക്കാം..”

അവൻ വീണ്ടും സ്നേഹത്തോടെ വിളിച്ചു..

“എനിക്ക് വേണ്ടാ… വിശക്കുന്നില്ല…എനിക്ക് ഉറക്കം വരുന്നു.. ഞാൻ ഉറങ്ങാൻ പോവാ..”

അവൾ വീണ്ടും കിടന്നുകൊണ്ട് കണ്ണുകൾ അടച്ചു..

“വയസ്സ് ഇരുപത്തി മൂന്നായി ഇപ്പഴും ഒന്നര വയസ്സുള്ള കുട്ടികളെ പോലെ വാശി പിടിക്കുന്നത് കണ്ടില്ലേ…”

അവൻ തലയിൽ അടിച്ചുകൊണ്ട് മനസ്സിൽ പറഞ്ഞു..

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3

താദാത്മ്യം : ഭാഗം 4

താദാത്മ്യം : ഭാഗം 5

താദാത്മ്യം : ഭാഗം 6

താദാത്മ്യം : ഭാഗം 7

താദാത്മ്യം : ഭാഗം 8

താദാത്മ്യം : ഭാഗം 9

താദാത്മ്യം : ഭാഗം 10

താദാത്മ്യം : ഭാഗം 11

താദാത്മ്യം : ഭാഗം 12

താദാത്മ്യം : ഭാഗം 13

താദാത്മ്യം : ഭാഗം 14

താദാത്മ്യം : ഭാഗം 15

താദാത്മ്യം : ഭാഗം 16

താദാത്മ്യം : ഭാഗം 17

താദാത്മ്യം : ഭാഗം 18

താദാത്മ്യം : ഭാഗം 19

താദാത്മ്യം : ഭാഗം 20