Novel

നിയോഗം: ഭാഗം 2

Pinterest LinkedIn Tumblr
Spread the love

രചന: ഉല്ലാസ് ഒ എസ്

Thank you for reading this post, don't forget to subscribe!

“അവന്റ ഇഷ്ടവും ഇഷ്ടക്കേടും ഒന്നും ആരും ചോദിക്കണ്ട……. പെൺകുട്ടിക്കും അവളുടെ വിട്ടുകാർക്കും ഇവനെ നല്ലോണം ബോധിച്ചു. അതുകൊണ്ട് ഇത് നടക്കും….” . അച്ഛന്റെ വാക്കുകൾ ഉറച്ചത് ആയിരുന്നു… അതു കേട്ട കാർത്തി ഒന്ന് പിന്തിരിഞ്ഞു എല്ലാവരെയും നോക്കി. ആരും പക്ഷെ ഒരക്ഷരം പോലും ഉരിയാടാതെ നിൽക്കുക ആണ് ചെയ്തത്. റൂമിലേക്ക് കയറി പോയ കാർത്തി തന്റെ ഫോൺ എടുത്തു കൊണ്ട് ബെഡിലേക്ക് മറിഞ്ഞു.

ഗാലറി നിറയെ ദേവികയുടെ ചിരിക്കുന്ന മുഖം മാത്രം.. എന്റെ പെണ്ണേ നി അറിയുന്നുണ്ടോ ഈ ഉള്ളവന്റെ പ്രാണ സങ്കടം… നിന്നെ വിട്ട് പിരിയാൻ എനിക്ക് ഈ ജന്മം ആകില്ല…. നിനക്ക് പകരം മറ്റൊരുവളെ ഈ മുറിയിലേക്ക്.. …. അത് സങ്കൽപ്പിക്കാൻ പോലും എനിക്ക് ആവില്ല…അവളുടെ ഫോട്ടോ യിലേക്ക് നോക്കി ഇരുന്നപ്പോൾ കാർത്തിയുടെ കണ്ണുകൾ അവൻ പോലും അറിയാതെ നിറഞ്ഞു.. കൈകൾ രണ്ടും നെറ്റിമേൽ പിണഞ്ഞു കൊണ്ട് കണ്ണടച്ച് കിടക്കുക ആണ് അവൻ..

പെട്ടന്ന് ആണ് അവന്റ ഫോൺ റിങ് ചെയ്തത്… എടുത്തു നോക്കിയതും അവന്റെ മുഖത്ത് ഒരു പുഞ്ചിരി മൊട്ടിട്ടു. “ഹലോ…” “അതേയ്.. കാർത്തിയേട്ടാ… എവിടെ ആണ്.. എത്ര നേരമായി വിളിക്കുന്നു.. കണക്ട് ആകുന്നില്ലലോ ” ദേവികയുടെ പരിഭവം അവന്റ കാതുകളിൽ തുളച്ചു കയറി. “കുറച്ചു ബിസി ആയിരുന്നു പെണ്ണേ…അവധി എടുത്തു…നി എവിടാ ” “ഞാൻ കോളേജിൽ ആണ്.. ” “ഹ്മ്മ്..” “ഇന്ന് ലീവ് എടുക്കുന്ന കാര്യം പറഞ്ഞില്ലാലോ ഏട്ടാ.. ഫോട്ടോ യും കിട്ടിയില്ല..”

“പെട്ടന്ന് ഒരു ആവശ്യം വന്നു മോളെ…അതാണ്….” “മ്മ്… ” “കാർത്തിയേട്ടാ… എന്താണ് ഇത്രയും അത്യാവശ്യം.. എന്നോട് പറഞ്ഞൂടെ..” “അങ്ങനെ ഒന്നും ഇല്ല… അച്ഛന് ട്രഷറി വരെ ഒന്ന് പോകണമായിരുന്നു…. ഒപ്പം ചെല്ലാൻ വിളിച്ചു.. “ഏട്ടാ ” “എന്താടി ” “എന്തെങ്കിലും പ്രശ്നം ഉണ്ടോ… ഏട്ടന്റെ ശബ്ദത്തിനു എന്തോ ഒരു മാറ്റം ” “ഹേയ്… ഒന്നുല്ല..നിന്റെ തോന്നൽ ആണ് ” . “സത്യം ആണോ ഏട്ടാ ” “അതേടി…” “മ്മ്….” “നീയ് ഇനി എന്നാണ് വരുന്നത് നാട്ടിലേക്ക് ” “ഈ മാസം ഒടുക്കം ആവും ഏട്ടാ ”

“ഹാ ” “എല്ലാവരും എവിടെ.. മീനുട്ടി പോയോ കോളേജിൽ ” “അവൾക്ക് പനി യുടെ ആരംഭം പോലെ… അതോണ്ട് പോയില്ല ” “ആണോ… ഞാൻ അവളെ വിളിച്ചോളാം ഏട്ടാ, ഇപ്പോൾ ബെല്ല് അടിക്കും… വെച്ചോട്ടെ ” “ആഹ് ശരി…” അവൻ ഫോൺ കട്ട്‌ ചയ്തു. . എല്ലാ ദിവസവും കോളേജിലേക്ക് പോകാൻ ഇറങ്ങുമ്പോൾ തന്റെ ഒരു സെൽഫി അവൾക്ക് അയച്ചു കൊടുക്കണം… അവൾ തിരിച്ചും… നിർബന്ധം ആണ് അവൾക്ക്… ഇന്ന് ആണെങ്കിൽ താൻ ഫോട്ടോ അയക്കാൻ മറന്നു.. അതിന്റ പരാതി പറഞ്ഞു വിളിച്ചത് ആണ്…

എറണാകുളത്തു എഞ്ചിനിയറിങ്ങ് നു പഠിക്കുക ആണ് ദേവിക.. ഇനി രണ്ട് വർഷം കൂടെ ഉണ്ട് കോഴ്സ് തീരാൻ.. മീനുട്ടിയും ആയിട്ട് നല്ല അടുപ്പം ആണ് അവളും.. പാട്ടുപാവാടയും ബ്ലൗസും അണിഞ്ഞു, നീളൻ മുടി കുളിപിന്നൽ പിന്നി ഇട്ടു കൊണ്ട്,അതിലേക്ക് കുറച്ചു തുളസി കതിരും തിരുകി,വിടർന്ന മിഴികളിൽ കരിമഷി പടർത്തി,വെണ്ണക്കൽ മൂക്കുത്തിയും ഇട്ടു കൊണ്ട്, എല്ലാ ആഴ്ചയും അമ്പലത്തിലേക്ക് വന്നിരുന്ന അവളെ കാത്തു കൈത്തോടിന്റെ വക്കത്തു താൻ അങ്ങനെ നിൽക്കും….

അകലെ നിന്നും ഓടി പാഞ്ഞു വരുന്ന അവളെ കാണുമ്പോൾ മനസ്സിൽ പ്രണയ മഴ പെയ്യും.. ചെമ്മൺ പാതയിലൂടെ അവളുടെ കിളി കൊഞ്ചൽ കേട്ടു അങ്ങനെ താനും നടക്കും.. തങ്ങളുടെ സ്വപ്നങ്ങളും, പ്രതീക്ഷകളും ഒക്കെ പങ്ക് വെയ്ക്കുന്നത് ഈ നടത്തത്തിൽ ആയിരുന്നു.. സാക്ഷി യായി കശുമാവിൻ ചില്ലയിൽ ഇരിക്കുന്ന വണ്ണാത്തി കിളിയും ഇണയും കാണും… അവറ്റോൾക്കും അറിയാം തങ്ങളെ…

പുൽ നാമ്പിനോടും, പൂമ്പാറ്റയോടും അടയ്ക്കാ ക്കുരുവി യോടും അണ്ണാറകണ്ണനോടും, തെക്കേ പാടത്തു അഴിഞ്ഞു നടക്കുന്ന പൂവലി പയ്യോടും, ഒക്കെ അവള് മിണ്ടിയും പറഞ്ഞു ആണ് അമ്പലത്തിൽ എത്തുന്നത്.. മിക്കവാറും നേദ്യം കഴിഞ്ഞിരിക്കും.. വട്ടയിലയിൽ പൊതിഞ്ഞു കിട്ടുന്ന നെയ് പായസവും വാങ്ങി കൂട്ടുകാരനായ മിത്രൻ തിരുമേനിയോട് വിശേഷങ്ങൾ പങ്ക് വെച്ചു തിരിച്ചു അതേ നടത്തം… അരയാൽ ചുവടിൽ വെച്ചു മിത്രൻ കൊടുത്ത ചന്ദനത്തിൽ നിന്നു അല്പം എടുത്തു തന്റെ നെറ്റിയിലേക്ക് ഒന്ന് വരയ്ക്കും അവള് …

അപ്പോൾ അവളിൽ നിന്നു ഉതിർന്നു വന്നത് പനിനീരിന്റെയും .കളഭത്തിന്റെയും ത്രസിപ്പിക്കുന്ന സുഗന്ധം ആയിരുന്നു.. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തത് പോലെ ആണ് ദേവൂട്ടിയ്ക്ക് വിശേഷങ്ങൾ… അമ്പലത്തിൽ നിന്നു ഇറങ്ങുമ്പോൾ തന്നെ പറയും, വേണുവേട്ടന്റെ പീടികയിൽ നിന്നും തേൻ മുട്ടായി വേണം എന്ന്… ഒപ്പം ഒരു പാക്കറ്റ് കടല മിടായിയും… അത് മാത്രം ഒള്ളൂ അവൾക്ക് നിർബന്ധം. തങ്ങളുടെ ഈ യാത്രകളിൽ ഇന്നോളം മുടക്കം വന്നിട്ടില്ലാത്ത കാര്യവും ഇത് തന്നെ ആയിരുന്നു. കോളേജിലേക്ക് പോകേണ്ടി വരും എന്ന് അറിഞ്ഞപ്പോൾ ഇരു മനവും മൂകമായി കരഞ്ഞു.

ഒന്ന് കാണാതെ, ഒരു വാക്ക് ഉരിയാടാതെ വാശിയോട് താനും നടന്നു. ഒരു സന്ധ്യ സമയത്തു പ്രഭചേച്ചി…. (ദേവൂന്റെ അമ്മ )വരുന്നുണ്ട് വീട്ടിലേക്ക്.. അമ്മ എടുത്തു വെച്ച മൂവാണ്ടൻ മാങ്ങാ ഉപ്പും മുളക് പൊടിയും കൂട്ടി കഴിക്കുക ആണ് നീളൻ വരാന്തയിലെ അരഭിത്തിയിൽ ഇരുന്നു മീനുട്ടി ക്ക് ഒപ്പം.. പടിപ്പുര വാതിൽ കടന്നു വേഗത്തിൽ വരുന്ന പ്രഭ ചേച്ചിടെ മുഖം കണ്ടപ്പോൾ അത്ര പന്തി അല്ലെന്ന് തോന്നി. മുഖത്തെയും കഴുത്തിലെയും വിയർപ്പ് കണങ്ങൾ ഒപ്പി കൊണ്ട് അവർ ഉമ്മറത്തേക്ക് കയറി

“എന്താ പ്രഭേ… ആകെ വല്ലാണ്ട് രിക്കുന്നല്ലോ… എന്ത് പറ്റി ” അമ്മ അപ്പോളേക്കും ചോദിച്ചു കഴിഞ്ഞു. “സീതേടത്തി… അമ്പതിനായിരം രൂപ കൊണ്ട് അടച്ചത് ആണ് കോളേജിൽ.. ഇപ്പൊ ദേ അവള് പറയുവാ പഠിക്കാൻ പോകണില്ല എന്ന്.. ഈ കുട്ടി ഇങ്ങനെ തുടങ്ങിയാൽ ഞങ്ങള് എന്ത് ചെയ്യും… ” കാർത്തി ഒന്നും മിണ്ടാതെ മാങ്ങ കഷ്ണം ആസ്വദിച്ചു ഇരുന്ന് കഴിക്കുവാ… “മോനേ കാർത്തി… നി ഒന്ന് ചെന്നു പറയുന്നുണ്ടോ അവളോട്…. ഇല്ലെങ്കിൽ അച്ഛൻ അവൾക്കിട്ട് രണ്ടെണ്ണം പൊട്ടിക്കും…” പ്രഭ തന്റെ ആകുലത മറയ്ക്കാതെ പറഞ്ഞു. “ഞാൻ എന്ത് പറയാനാ ചേച്ചി…

അവളുടെ തീരുമാനം പോലെ നടക്കട്ടെ ” “ആഹ്ഹ.. അപ്പോൾ രണ്ടാളും കൂടി ഒത്തോണ്ടാ…. ദേ കാർത്തി… നി അങ്ങട് ചെല്ല്… മീനുട്ടിയേം കൂട്ടിക്കോ…..” സീത മകനെ നോക്കി പേടിപ്പിച്ചു. പക്ഷെ ഒരു കൂസലും ഇല്ലാതെ ഇരിക്കുന്ന അവനെ കണ്ടതെ മീനുട്ടിക്ക് പിടി കിട്ടി… ഇത് അവന്റെ പിണക്കം കൊണ്ട് ആവും ഇങ്ങനെ ദേവു വാശി പിടിക്കുന്നത് എന്ന്… ഒന്നും മിണ്ടാതെ മീനുവും അവന്റെ അടുത്ത് ഇരുന്നു. പ്രഭചേച്ചി ആണെങ്കിൽ അമ്മയോട് തന്റെ വിഷമങ്ങൾ എല്ലാം പറയുക ആണ്… ദേവൂന്റെ ചേട്ടൻ വിനീതിന് കല്യാണം ആലോചിക്കുന്നുണ്ട്.

പക്ഷെ ഒന്നും അങ്ങട് നടക്കുന്നില്ല.ആൾക്ക് അല്പം മുടന്തുണ്ട്… പോരാഞ്ഞിട്ട് എന്തൊക്കെയോ ജാതക ദോഷം…നേർച്ചയും വഴിപാടും ഒക്കെ ആയിട്ട് അമ്പലത്തിൽ കയറി ഇറങ്ങുക ആണ് … ദേവു ന്റെ കാര്യത്തിൽ ആണ് ഏക പ്രതീക്ഷ… അവളും കൂടി ഇപ്പോൾ… ഒരു പ്രകാരത്തിൽ പ്രഭയെ സമാധാനിപ്പിച്ചു പറഞ്ഞു വിട്ടിട്ടു സീത മകനെ നേരിട്ട്. “മര്യാദക്ക് നി അവളുടെ അടുത്ത് ചെന്നു, പഠിക്കാൻ പോകുന്ന കാര്യം സമ്മതിപ്പിച്ചോണം.. ഇല്ലെങ്കിൽ എന്റെ സ്വഭാവം അറിയും ” “അമ്മേ… ഞാൻ അവളോട് ഒന്നും പറഞ്ഞിട്ടില്ല…” “ദേ… കാർത്തി… വേണ്ട കെട്ടോ…

എന്റെ അടുത്ത് നി കള്ളം പറയണ്ട….. ചട്ടുകം എടുത്തു പഴുപ്പിച്ചിട്ടു തുടയ്ക്കിട്ട് ഒന്ന് തരും ഞാൻ..” “അങ്ങനെ പറഞ്ഞു കൊടുക്ക് എന്റെ അമ്മേ… രണ്ട് ദിവസം ആയിട്ട് ദേവു അമ്പലത്തിലേക്ക് പോകുന്നില്ല… വീട്ടിൽ തന്നെ ചടഞ്ഞു കൂടി ഇരിപ്പ.. കളരിക്കലെ സിദ്ധി പറഞ്ഞു….” മീനുട്ടി ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിറുത്തി. “അങ്ങനെ വഴിക്ക് വാ… അപ്പോൾ നി കാരണം അല്ലേടാ അവള് ഇങ്ങനെ ഒക്കെ പറയുന്നത്..അച്ഛൻ ഇങ്ങട് വരട്ടെ… ഞാൻ പറയുന്നുണ്ട്..” .. മുറ്റത്തു ഉണക്കാൻ ഇട്ടിരിക്കുന്ന വറ്റൽ മുളക് ഒന്നൂടെ ചിക്കി ഇട്ടിട്ടു സീത അകത്തേക്ക് കയറി പോയി..

“ഓഹ്.. ഇനി അച്ഛനോട് ഒന്നും പറയണ്ട… ഞാൻ അവളുടെ അടുത്തേക്ക് പോയ്കോളാം ” അകത്തളത്തിൽ എത്തിയപ്പോൾ സീത കേട്ടു മകന്റെ വാക്കുകൾ. ചുണ്ടിൽ ഒരു ചിരിയുമായി അവർ വീണ്ടും ഉമ്മറത്തേക്ക് വന്നു. “ന്റെ മോനേ…എന്തായാലും അവള് നിനക്ക് ഉള്ളത് തന്നെ ആണ്… യാതൊരു സംശയവും ആ കാര്യത്തിൽ വേണ്ട…. നന്നായി പഠിക്കുന്ന കുട്ടി അല്ലേ അവള്… പഠിച്ചു ഒരു ജോലി ഒക്കെ നേടട്ടെ…. നാളെ നിങ്ങളുടെ മക്കളും അല്ലൽ അറിയാതെ വളരട്ടെ…..”ഇപ്പോളത്തെ ഈ കുറുമ്പ് ഒക്കെ പോയി കഴിഞ്ഞു ജീവിച്ചു തുടങ്ങുമ്പോൾ ആണ് നിങ്ങൾ ഇതിന്റെ ഒക്കെ വില അറിയൂ ”

സീതയോട് മറുപടി ഒന്നും പറയാതെ കാർത്തി ബൈക്ക് എടുത്തു കൊണ്ട് വേഗത്തിൽ ഓടിച്ചു പോയി. മീനുട്ടി റെഡി ആയി വന്നപ്പോളേക്കും കണ്ടു ഏട്ടന്റെ ബൈക്ക് കടന്നു പോകുന്നത്… ഒടുവിൽ തന്റെ മനസിലെ നൊമ്പരം ഒക്കെ മാറ്റി അവളെ പറഞ്ഞു മനസിലാക്കി പഠിക്കുവാൻ അയച്ചു.. രണ്ട് മൂന്ന് വർഷങ്ങൾ പെട്ടന്ന് കൊഴിഞ്ഞു പോയി.. തനിക്ക് ടെസ്റ്റ്‌ എഴുതി കോളേജിൽ ജോലി കിട്ടി..അതും സ്വന്തം നാട്ടിൽ. ദേവു ഇത് ഇത് ഫൈനൽ ഇയർ ആണ്..മൂന്നാല് മാസം കൂടെ കഴിഞ്ഞാൽ അവൾക്ക് പരീക്ഷ ഒക്കെ കഴിഞ്ഞു ഫ്രീ ആവാം…

അതിന് ശേഷം കല്യാണത്തെ കുറിച്ച് ചിന്തിക്കാം… അതാണ് കാർത്തിയിടെ പ്ലാൻ. *** “മോനേ….” അമ്മയുടെ തണുത്ത വിരലുകൾ അവന്റെ നെറ്റിമേൽ ഓടി… പെട്ടന്ന് ആണ് കാർത്തി കണ്ണ് തുറന്നത്. അവൻ അമ്മയെ നോക്കി.. “എന്റെ കുട്ടി കരയുവാണോ ” അവൻ ഒന്നും മിണ്ടാതെ കിടന്നു. “സത്യം ആയിട്ടും എനിക്ക് അറിയില്ല മോനേ… അച്ഛന് എന്താണ് ഇങ്ങനെ ഒരു മനം മാറ്റം എന്ന്….ആരു ചോദിച്ചിട്ടും ഒന്നും പറയുന്നില്ല മോനേ ” “ഏട്ടാ….” മീനുട്ടി ആണ്… അവളുടെ കയ്യിൽ ഫോണും ഉണ്ട്. “ദേവു ഇപ്പോൾ വിളിച്ചു.. എനിക്ക് പനി ആണെന്ന് ഏട്ടൻ പറഞ്ഞോ അവളോട് ”

“ഹാ…” “ഏട്ടൻ എത്രയും പെട്ടന്ന് അവളോട് ഇങ്ങട് വരാൻ പറയു… അവളും കൂടി വന്നിട്ട് നമ്മൾക്ക് അച്ഛനോടും ദേവൻമാമ (ദേവൂന്റെ അച്ഛൻ )യോടും ഒക്കെ കാര്യങ്ങൾ പറയാം… “അതിന് അവിടെ ആർക്കും ഒരു എതിർപ്പും ഇല്ലാലോ… അച്ഛൻ അല്ലേ ഇപ്പോൾ ഇങ്ങനെ ഓരോ തീരുമാനം എടുത്തത്.. ദേവൻ മാമ കൂടി ഇങ്ങട് വരട്ടെ.. രണ്ടാളും ഇണ പിരിയാത്ത സുഹൃത്തുക്കൾ അല്ലേ… അപ്പോൾ ഇത്രയും വലിയൊരു കടുത്ത തീരുമാനം ഒന്നും എടുക്കാൻ അച്ഛന് സാധിക്കില്ല.. ഏട്ടൻ വിഷമിക്കാതെ…. എഴുന്നേറ്റു വന്നു ഊണ് കഴിക്ക്..” മീനുട്ടി അവനെ അശ്വസിപ്പിച്ചു…….തുടരും

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.