Wednesday, December 18, 2024
Novel

താദാത്മ്യം : ഭാഗം 14

നോവൽ
എഴുത്തുകാരി: മാലിനി വാരിയർ

MV


നിറഞ്ഞ സന്തോഷത്തോടെ എല്ലാവരും പുറപ്പെടാൻ ഒരുങ്ങി നിന്നു. എന്നാൽ മിഥുനയുടെ മുഖം മാത്രം വാടി നിന്നു. താനും നാട്ടിലേക്ക് പോകുവാണ് എന്ന് കേട്ടപ്പോൾ ഉണ്ടായിരുന്ന സന്തോഷം സിദ്ധു കൂടി തന്റെ കൂടെ വരുന്നു എന്നറിഞ്ഞത്തോടെ അസ്തമിച്ചു..

“ഒരു രണ്ട് ദിവസം കൂടി ക്ഷമിക്കൂ മിഥൂ…
അതിന് ശേഷം ഞാൻ നിന്റെ കണ്മുന്നിൽ പോലും വരില്ല… ”

സിദ്ധു അവളുടെ മുഖം വാടിയതിന്റെ കാരണം മനസ്സിലാക്കിക്കൊണ്ട് മനസ്സിൽ ചിന്തിച്ചു.

“ഈ അമ്മയെന്തിനാ അയാളേം കൂടെ വിളിച്ചത്.. ”

മിഥുന ചിന്തയോടെ വീടിന്റെ മുറ്റത്തേക്ക് ഇറങ്ങി നിന്നു..

“ചേച്ചി.. പോകാം… ചേച്ചീ സിദ്ധുവേട്ടന്റെ കൂടെ ഈ കാറിൽ വാ.. ഞാനും അച്ഛനുമമ്മയുമായി ആ കാറിൽ വരാം… കേറിക്കോ.. ”

മൃദുല കാറിന്റെ ഡോർ തുറന്നുകൊടുത്തുകൊണ്ട് പറഞ്ഞു..

“എന്ത് ഞങ്ങൾ രണ്ട് പേരും ഒരു കാറിൽ വരാനോ.? പറ്റില്ല മിലു.. ഞാനും നിങ്ങളുടെ കൂടെ ആ കാറിൽ വരാം… നീ അമ്മയോട് പറഞ്ഞു സമ്മതിപ്പിക്ക്… ”

അവൾ മൃദുലയോട് കെഞ്ചിക്കൊണ്ട് പറഞ്ഞു.

“ഇല്ല ചേച്ചി… അമ്മ സമ്മതിക്കുമെന്ന് തോന്നില്ല..”

മൃദുല ഖേദത്തോടെ പറഞ്ഞു..

“എന്നാൽ നീയും എന്റെ കൂടെ വാ… പ്ലീസ്… എന്റെ പൊന്നല്ലേ…”

മിഥു വീണ്ടും അവളോട് കെഞ്ചി…

“ശരി.. ഞാൻ അമ്മയോട് ചോദിച്ചു നോക്കട്ടെ…”

എന്ന് പറഞ്ഞുകൊണ്ട് അമ്മയും അച്ഛനും നിൽക്കുന്ന സ്ഥലത്തേക്ക് നടന്നു..

“അമ്മേ… ഞാനും ചേച്ചിയുടെ കൂടെ വരാം…”

“മിലു നീയും ഞങ്ങളുടെ കൂടെ വാ…”

മൃദുല ചോദിച്ചതിന് ശോഭ ഉത്തരം പറയുന്നതിന് മുൻപേ സിദ്ധു ഇടയിൽ കയറി പറഞ്ഞു… പിന്നെ ശോഭ ഒന്നും മിണ്ടിയില്ല… സിദ്ധു സമ്മതം മൂളിയപ്പോൾ അവരും ചിരിച്ചുകൊണ്ട് അതിന് അനുവാദം കൊടുത്തു..

ശോഭയും മഹേന്ദ്രനും ഒരു വണ്ടിയിലും മൃദുല, മിഥുന, സിദ്ധു ഇവർ മറ്റൊരു വണ്ടിയിലും യാത്ര തിരിച്ചു.

എട്ട് മണിക്കൂർ നീണ്ട യാത്രയിൽ അവർക്കിടയിൽ മൗനം തളംക്കെട്ടി നിന്നു. ഇടയ്ക്കിടെയുള്ള മൃദുലയുടെ ചോദ്യങ്ങൾക്ക് സിദ്ധു മറുപടി കൊടുത്തെങ്കിലും.മിഥുന അതൊന്നും ശ്രദ്ധിക്കാതെ തന്റെ ഫോണിൽ ശ്രദ്ധ ചെലുത്തിക്കൊണ്ടിരുന്നു.

സന്ധ്യയോടെ അവർ ബാംഗ്ലൂരിലെ വീട്ടിൽ എത്തിച്ചേർന്നു.ശോഭ ആരതിയുഴിഞ്ഞ് ഇരുവരെയും വീട്ടിനകത്തേക്ക് ക്ഷണിച്ചു.

അന്ന് രാത്രി അത്താഴം കഴിഞ്ഞ് സിദ്ധുവിനോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ശോഭയും മഹേന്ദ്രനും.

“എനിക്ക് മോനോട് ഒരപേക്ഷയുണ്ട്..”

ശോഭ അല്പം മടിയോടെ പറഞ്ഞു..

“ഓഡർ ആണെന്ന് പറ അമ്മായി..”

സിദ്ധു ചിരിച്ചുകൊണ്ട് പറഞ്ഞുതും ശോഭയുടെ മനസ്സ് നിറഞ്ഞു.

“കല്യാണം പെട്ടന്നായിരുന്നില്ലേ..
ഇവിടെയുള്ളവർക്കാർക്കും അതറിയില്ല…ഒരു ഫോര്മാലിറ്റിക്ക് വേണ്ടിയെങ്കിലും അവരെ അറിയിക്കണ്ടേ.. അല്ലേൽ മിഥൂനെ തെറ്റിദ്ധരിക്കും..ഞങ്ങക്ക് ഇഷ്ടമില്ലാത്ത ഒരാളെ കല്യാണം കഴിച്ചൂന്ന് പറയും.. അത്കൊണ്ട് ഇവിടെ ഒരു ചെറിയ റിസെപ്ഷൻ വെച്ചാൽ കൊള്ളാമെന്നുണ്ട്.. മോന്റെ തീരുമാനം പറഞ്ഞാൽ ഞങ്ങൾ അതിനുള്ള ഏർപ്പാടുകൾ ചെയ്യാമായിരുന്നു..”

വീണ്ടും ഒരു മടിയോടെ ശോഭ പറഞ്ഞു നിർത്തി..

ഒരു നിമിഷം അവൻ മൗനമായിരുന്നു… ഇത് ഒരിക്കലും മിഥുനയ്ക്ക് ഇഷ്ടമാവില്ല എന്ന് അവന് ഉറപ്പായിരുന്നു.

“അമ്മായി…ഇതേ കുറിച്ച് മിഥുനയോട് സംസാരിക്കുന്നതാവും നല്ലത്. അവൾക്ക് എതിർപ്പൊന്നുമില്ലെങ്കിൽ എനിക്ക് കുഴപ്പമൊന്നുമില്ല..”

അവൻ സൗമ്യതയോടെ പറഞ്ഞു.

“അവൾ ചെറിയ പെണ്ണല്ലേ… അവൾക്ക് ഇതേക്കുറിച്ചൊന്നും കാര്യമായൊന്നും അറിയില്ല..നമ്മൾ മുതിർന്നവരല്ലേ നല്ലത് പറഞ്ഞുകൊടുക്കേണ്ടത്…”

ശോഭ പറഞ്ഞു.

“അതല്ല അമ്മായി… ഇവിടെയാണ് നിങ്ങൾ തെറ്റ് ചെയ്യുന്നത്..ഈ കല്യാണം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് മിഥുനയെയാണ്., ഇനി ഇത് സംബന്ധിച്ച് എന്ത് തന്നെ നടന്നാലും അവളെ വിശിപ്പിക്കരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്.. എന്നാൽ മാത്രമേ ഞാനതിന് സമ്മതിക്കൂ..അവൾക്ക് ഇഷ്ടമല്ലാത്ത, അവളെ വേദനിപ്പിക്കുന്ന ഒരു കാര്യവും ഞാൻ ചെയ്യില്ല..”

സിദ്ധു ഉറച്ച തീരുമാനത്തോടെ പറഞ്ഞു.

സിദ്ധുവിന്റെ വാക്കുകൾ കേട്ടതും മഹേന്ദ്രന്റെ മനസ്സ് നിറഞ്ഞു.. താൻ അന്വേഷിച്ചു കണ്ടെത്തിയാൽ പോലും തന്റെ മകൾക്ക് ഇതിനേക്കാൾ നല്ലൊരു പയ്യനെ കിട്ടില്ലെന്ന്‌ മഹേന്ദ്രൻ മനസ്സിലോർത്തു.. ശോഭയും അത് തന്നെയാണ് ചിന്തിച്ചത്. തന്റെ മകളുടെ ഇഷ്ടത്തിന് വിപരീതമായി ഒന്നും ചെയ്യില്ല എന്ന് പറയുന്ന മരുമകനെ ഏതമ്മയ്ക്കാണ് ഇഷ്ടമാവാത്തത്.

അവൻ പറഞ്ഞതിൻ പ്രകാരം അവർ അടുത്ത നടപടികളെ കുറിച്ച് ചിന്തിച്ചു..

“ശോഭേ… നീ അവളോട് സംസാരിച്ച് നോക്ക്.കാര്യങ്ങൾ അവളെ പറഞ്ഞ് മനസ്സിലാക്ക്..എന്നിട്ടും അവൾ സമ്മതിച്ചില്ലെങ്കിൽ.. നമുക്കത് മറക്കാം..”

മഹേന്ദ്രൻ ദീർഘമായി ശ്വസിച്ചുകൊണ്ട് പറഞ്ഞു..ശോഭ അല്പം ദുഖത്തോടെ തലയാട്ടികൊണ്ട് മിഥുനയുടെ മുറിയിലേക്ക് നടന്നു.

മിഥുന അവളുടെ മുറിയിലിരുന്ന് എന്തോ ചിന്തിക്കുകയായിരുന്നു.

“മിഥൂ..”

ശോഭയുടെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു.

“അമ്മേ.. ”

അവൾ ചെറു പുഞ്ചിരിയോടെ അവരെ അകത്തേക്ക് വിളിച്ചു.

“മിഥൂ.. എനിക്ക് നിന്നോട് ഒരു കാര്യം സംസാരിക്കാനുണ്ട്….”

ശോഭ അല്പം പരിഭ്രമത്തോടെ ചോദിച്ചു.

“പറയമ്മേ…”

അവൾ മൃദുലമായി മറുപടി പറഞ്ഞു..

“നിന്റെ കല്യാണം കഴിഞ്ഞ വിവരം ഇവിടെ ആർക്കും അറിയില്ല.. എന്നായാലും അവർ അറിയും.. പെട്ടെന്നുള്ള കല്യാണം ആയതിനാൽ ആളുകൾ വായിൽ തോന്നിയത് പറഞ്ഞു നടക്കും… അതുകൊണ്ട് ഇവിടെ ചെറിയൊരു പാർട്ടി വെച്ചാലോ…അച്ഛന്റെ ഓഫീസിലെ ആളുകളും ഇവിടുത്തെ അയൽക്കാരും പിന്നെ നിന്റെ ഫ്രണ്ട്സിനേയും വിളിക്കാലോ എന്ന് എനിക്കൊരു ആഗ്രഹം..നീ എന്ത് പറയുന്നു..”.

ശോഭയുടെ വാക്കുകൾ മിഥുന ശാന്തമായിരുന്നു കേട്ടു..

“ശരിയമ്മേ.. അമ്മയ്ക്ക് അങ്ങനെയൊരു ആഗ്രഹം ഉണ്ടെങ്കിൽ നമുക്ക് ചെയ്യാം..”

അവൾ പുഞ്ചിരിയോടെ മറുപടി പറഞ്ഞു.. മിഥുന മറിച്ചൊന്നും പറയാതെ സമ്മതം മൂളിയപ്പോൾ ശോഭ അതിശയിച്ചു.

“എന്റെ ചക്കരക്കുട്ടി…”

അവളുടെ നെറുകയിൽ മുത്തികൊണ്ട് സന്തോഷത്തോടെ തന്റെ ഭർത്താവിന്റെ അടുത്തേക്ക് നടന്നു.

അമ്മ പോയതും അവൾ വീണ്ടും ചിന്തയിൽ മുഴുകി.സന്ധ്യയ്ക്ക് എന്തോ എടുക്കാൻ അടുക്കളയിലേക്ക് പോയപ്പോൾ അച്ഛനും അമ്മയും സംസാരിക്കുന്നത് അവളുടെ കാതിൽ വീണിരുന്നു.

“മിഥൂന്റെ കല്യാണം എങ്ങനെയൊക്കെ നടത്തണമെന്ന് ആഗ്രഹിച്ചതാ..ഇത്ര പെട്ടെന്ന് ഒരു സ്വപ്നം പോലെ കഴിയുമെന്ന് കരുതിയോ.? ഇവിടെ ഉള്ളവർക്കു അവളുടെ കല്യാണം കഴിഞ്ഞ വിവരം അറിയില്ല.. നമ്മുടെ വാ കൊണ്ട് തന്നെ പറഞ്ഞില്ലെങ്കിൽ അത് ശരിയാവില്ല.. നമ്മൾ സ്വപ്നം കണ്ടത് പോലെ ഒരു റിസെപ്ഷൻ എങ്കിലും ഇവിടെ വെച്ച് നടത്താം….? ”

അമ്മ വിഷമത്തോടെ അച്ഛനോട് പറഞ്ഞ വാക്കുകൾ അവളോർത്തു.

ഒട്ടും പ്രതീക്ഷിക്കാതെ നടന്ന കല്യാണമായതിനാൽ അമ്മയ്ക്ക് അത് ഉൾക്കൊള്ളാൻ പ്രയാസ്സമുണ്ടെന്നും വേറാരൊടൊ ഉള്ള ദേഷ്യത്തിന് അമ്മയെ ശിക്ഷിക്കേണ്ട കാര്യമില്ലെന്നും അവൾ ചിന്തിച്ചു.. തന്റെ വയസ്സറിയിച്ച കാലം മുതൽ തന്റെ വിവാഹത്തിന് വേണ്ടി അമ്മ സ്വരുക്കൂട്ടി വെച്ച സ്വർണ്ണവും, എന്റെ മകളുടെ കല്യാണം ഈ ക്ഷേത്രത്തിൽ വെച്ച് ഇതുപോലൊരു കല്യാണമണ്ഡപത്തിൽ നടത്തണമെന്നും ശോഭ മഹേന്ദ്രനോട് ഇടയ്ക്കിടെ പറയുന്നത് അവൾ കേട്ടിട്ടുണ്ട്..

അമ്മയുടെ ആഗ്രഹം സഫലമാകാൻ തന്നാൽ കഴിയുന്ന ആ ചെറിയ സന്തോഷം അവർക്ക് നൽകുവാൻ അവൾ തീരുമാനിച്ചു..എത്രയോ തവണ തന്റെ ഇഷ്ടങ്ങൾക്ക് വേണ്ടി സ്വന്തം ആഗ്രഹങ്ങൾ ത്യജിച്ച്, ഒരു പുഞ്ചിരിയോടെ നിൽക്കുന്ന അമ്മയുടെ മുഖം ഒരു നിമിഷം അവളുടെ മനസ്സിൽ തെളിഞ്ഞു… ആ സ്നേഹത്തോടെയുള്ള അമ്മയുടെ പുഞ്ചിരിക്ക് താൻ എന്ത് ചെയ്താലും മതിയാവില്ല..അത്കൊണ്ട് തന്നെ അമ്മയുടെ സന്തോഷത്തിന് വേണ്ടി ആ കല്ല്യാണ റിസെപ്ഷൻ നടക്കട്ടെയെന്ന് അവൾ ചിന്തിച്ചു.

താൻ മനസ്സ്‌കൊണ്ട് അംഗീകരിച്ചിട്ടില്ലെങ്കിലും തന്റെ കല്യാണം കഴിഞ്ഞൂ എന്നുള്ളതാണ് സത്യം. അതിനാൽ അത് തന്റെ അമ്മയുടെ ആഗ്രഹപ്രകാരം തന്നെ നടക്കട്ടെ എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു. തന്റെ അമ്മ പറഞ്ഞത് പോലെ നാളെ എല്ലാവരും എല്ലാം അറിയും എന്നത് വാസ്തവമാണ്..അത് അവരുടെ നാവുകൊണ്ട് തന്നെ എല്ലാവരും അറിയട്ടെ എന്ന് പറഞ്ഞ് മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചു.

“അതേയ്.. മിഥു സമ്മതിച്ചു..”.

ഒരു കൊച്ചു കുഞ്ഞിനെ പോലെ ശോഭ മഹേന്ദ്രന്റെ അടുത്ത് വന്ന് പറഞ്ഞു..

“ഞാൻ പറഞ്ഞതിന് അവൾ മറിച്ചൊന്നും പറയാതെ ഉടനെ സമ്മതം തന്നു..നിങ്ങളാ ഹാൾ ബുക്ക് ചെയ്യാനുള്ള ഏർപ്പാട് ചെയ്യ്.. എല്ലാവരേം ക്ഷണിക്കുന്ന കാര്യം ഞാനേറ്റു..
അയ്യോ… സന്തോഷത്തിൽ കയ്യും ഓടുന്നില്ല കാലും ഓടുന്നില്ല.. ”

സന്തോഷത്തോടെ തുള്ളിച്ചാടി പോകുന്ന ഭാര്യയെ കണ്ടതും മഹേന്ദ്രന്റെ മനസ്സ് നിറഞ്ഞു ചിരിച്ചു.

മിഥുനയെക്കാൾ അവളുടെ ജീവിതത്തെ കുറിച്ചോർത്ത് കൂടുതൽ വിഷമിച്ചവളാണ് ശോഭ. സിദ്ധുവിന്റെ സ്വഭാവഗുണങ്ങൾ അറിയാമായിരുന്നിട്ട് കൂടി എന്തോ ഒന്ന് അവരുടെ മനസ്സിനെ വിഷമിപ്പിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം സിദ്ധു പറഞ്ഞതും ഇന്ന് മിഥുനയുടെ ഇഷ്ടത്തോടെ മാത്രമേ എന്തും നടക്കാൻ പാടുള്ളു എന്ന് പറഞ്ഞതും അവരുടെ മനസ്സിലുണ്ടായിരുന്ന ആ വിഷമത്തെ പമ്പകടത്തി. റിസെപ്ഷന് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും അവർ മുന്നിൽ നിന്ന് ചെയ്തു… ശോഭയുടെ ആഗ്രഹപ്രകാരം മഹേന്ദ്രൻ എല്ലാം ചെയ്തു കൊടുത്തു.

“സത്യമാണോമ്മേ..ഇതിന് ചേച്ചി സമ്മതിച്ചോ? ”

അമ്മയുടെ വാക്കുകൾ വിശ്വസിക്കാനാവാതെ മൃദുല ചോദിച്ചു..

“പിന്നല്ലാതെ… അവൾക്ക് അതിന് പൂർണ്ണ സമ്മതമാണെന്ന് പറഞ്ഞു..”

ശോഭ ആഹ്ലാദത്തോടെ പറഞ്ഞത് കേട്ട് മൃദുല മിഴിച്ചു നിന്നു..

“ശരി… ഞാൻ ചേച്ചിയെ കണ്ടിട്ട് വരാം.. ”

അതിശയം വിട്ടുമാറാതെ അവൾ മിഥുനയുടെ മുറി ലക്ഷ്യം വെച്ചു നീങ്ങി..

“ചേച്ചി… ”

കട്ടിലിൽ ഇരിക്കുകയായിരുന്ന മിഥുനയെ ഓടി ചെന്ന് കെട്ടിപ്പിടിച്ചു.

“ആഹാ… നല്ല സന്തോഷത്തിലാണല്ലോ.. ചേച്ചീടെ മിലുക്കുട്ടി.. ”

“പിന്നെ സന്തോഷിക്കണ്ടേ… ചേച്ചി റിസെപ്ഷന് സമ്മതിച്ചൂന്ന് അമ്മ പറഞ്ഞല്ലോ.. ”

അവൾ സന്തോഷത്തോടെ ചോദിച്ചു..

“അതെ… എന്തായാലും നനഞ്ഞു എന്നാൽ പിന്നെ കുളിച്ചു കേറാമെന്ന് കരുതി.. ”

അവൾ ഹാസ്യരൂപേണ പറഞ്ഞു..

“എന്തായാലും സമ്മതിച്ചല്ലോ… എനിക്ക് സന്തോഷമായി… എന്റെ ചുന്ദരി ചേച്ചി… ‘

അവളുടെ കവിളിൽ മുത്തിക്കൊണ്ട് മൃദുല തന്റെ മുറിയിലേക്ക് പോയി.. എല്ലാവരുടെയും സന്തോഷം കണ്ടപ്പോൾ മിഥുനയുടെ മനസ്സും സന്തോഷിച്ചു..

“മോനെ സിദ്ധു… മിഥു റിസെപ്ഷന് സമ്മതിച്ചു.. മോന് സൗകര്യമുള്ളൊരു ഡേറ്റ് പറയുവാണെങ്കിൽ നമുക്ക് അന്ന് തന്നെ റിസെപ്ഷൻ വെക്കാം.. ”

മിഥുന സമ്മതിച്ചു എന്നത് സിദ്ധുവിനും വിശ്വസിക്കാൻ കഴിഞ്ഞില്ല..

“അതൊക്കെ അമ്മായിയും അമ്മാവനും കൂടി തീരുമാനിച്ചാൽ മതി.. എന്നായാലും എനിക്ക് കുഴപ്പമില്ല.. ”

ചുണ്ടിൽ പുഞ്ചിരി വരുത്തിക്കൊണ്ട് സിദ്ധു മറുപടി പറഞ്ഞു..

“എങ്കിൽ മോൻ പോയി കിടന്നോ… ”

അതും പറഞ്ഞ് ശോഭ അടുക്കളയിലേക്ക് നടന്നു..

തന്റെ വീട്ടിൽലായിരുന്നെങ്കിൽ ടെറസ്സിലേക്ക് പോകാമായിരുന്നു.. ആ സമയത്ത് ആരും അങ്ങോട്ട്‌ വരില്ലെന്ന് അവനറിയാം.. എന്നാൽ ഇവിടെ? എന്ത് ചെയ്യണമെന്നറിയാതെ അവൻ ഒരു പ്രതിമ പോലെ നിശ്ചലനായി നിന്നു..

അടുക്കള വാതിലടച്ച് വന്ന ശോഭ കാണുന്നത് പകച്ചു നിൽക്കുന്ന സിദ്ധുവിനേയാണ്..

“മുകളിലെ ആദ്യത്തെ മുറിയാണ് മിഥൂന്റെ മുറി.. ഇപ്പോൾ തന്നെ സമയം ഒരുപാട് വൈകി.. മോൻ പോയി കിടന്നോ.. ”

ശോഭ പുഞ്ചിരിയോടെ പറഞ്ഞു.. വേറെ വഴില്ലാത്തതിനാൽ അവൻ അവളുടെ മുറിയിലേക്ക് നടന്നു.

ഒരു മടിയോടെ അവൻ വാതിലിൽ തട്ടി.. കുറച്ചു കഴിഞ്ഞ് അവൾ വാതിൽ തുറന്നതും എന്ത് പറയണമെന്നറിയാതെ അവൻ മിഴിച്ചു നിന്നു.. അവൾ ഒന്നും പറയാതെ വാതിൽ തുറന്ന് വെച്ചുകൊണ്ട് തന്നെ അകത്ത് കട്ടിലിൽ പോയിരുന്നു.. മടിയോടെയാണെങ്കിലും അവൻ അകത്ത് കയറി വാതിൽ ചാരികൊണ്ട് മെല്ലെ അവളിലേക്ക് കണ്ണെറിഞ്ഞു..

“ഇവിടെ ഉള്ളടത്തോളം ഈ മുറിയിലാണ് നിങ്ങളും കിടക്കേണ്ടത്.. ”

മറ്റെവിടേക്കോ നോക്കിക്കൊണ്ട് അവൾ പറഞ്ഞു..

“ഒരു രണ്ട് മൂന്ന് ദിവസം ക്ഷമിക്ക് മിഥൂ.. എനിക്ക് വേറെ വഴിയില്ല.. ”

മനസ്സിൽ നിനച്ചെങ്കിലും അവൻ പുറത്ത് പറഞ്ഞില്ല..

അവൾ അവനെ നോക്കാതെ ഒരു വശത്തേക്ക് തിരിഞ്ഞു കിടന്നു..
വെറും തറയിൽ കൈകൾക്ക് മുകളിൽ തല വെച്ചുകൊണ്ട് അവനും ആ മുറിയുടെ ഒരറ്റത്ത് കിടന്നു.

അവൾ മറിച്ചൊന്നും പറയാതെ റിസെപ്ഷന് സമ്മതിച്ചത് ഓർത്തപ്പോൾ അവന് അതിശയം തോന്നി..

ഓരോരോ ചിന്തകൾ അവന്റെ മനസ്സിനെ തട്ടിവിളിച്ചെങ്കിലും, എല്ലാം മനസിൽ തന്നെ കുഴിച്ചുമൂടി കണ്ണുകൾ അടച്ചു. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ നിദ്രാദേവി അവനെ കടാക്ഷിച്ചു. എല്ലാം മറന്നുകൊണ്ട് അവൻ ഉറക്കത്തിലേക്ക് വഴുതിവീണു..

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3

താദാത്മ്യം : ഭാഗം 4

താദാത്മ്യം : ഭാഗം 5

താദാത്മ്യം : ഭാഗം 6

താദാത്മ്യം : ഭാഗം 7

താദാത്മ്യം : ഭാഗം 8

താദാത്മ്യം : ഭാഗം 9

താദാത്മ്യം : ഭാഗം 10

താദാത്മ്യം : ഭാഗം 11

താദാത്മ്യം : ഭാഗം 12

താദാത്മ്യം : ഭാഗം 13