Thursday, December 19, 2024
Novel

സ്വാതിയുടെ സ്വന്തം : ഭാഗം 5

നോവൽ
എഴുത്തുകാരി: ശക്തി കല ജി

നേരത്തെയൊരു പ്രാവശ്യം അമ്പലത്തിൽ പോയപ്പോൾ ഫോൺ എടുക്കാത്തതിന് എന്നെ പറഞ്ഞ് സന്ദേശമയച്ചത് മുഴുവനും ആ ഫോണിൽ ഇപ്പോഴും മായിക്കാതെ കിടപ്പുണ്ട്…

ഇനി എന്തൊക്കെ പുകിലാണോ വരാൻ പോകുന്നതെന്നോർത്തപ്പോൾ ഹൃദയം ടും….ടും മിടിക്കാൻ തുടങ്ങി… എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രമിച്ച് തുറന്ന് പിടിച്ച പേഴ്സുമായി നിന്നപ്പോഴാണ് അപ്പുറത്തെ വീട്ടിലെ മതിലിന് മുകളിൽ ഒരു തല മാത്രം….

ആരാന്നറിയാൻ ഞാനും ആകാംഷയോടെ എത്തി നോക്കി…

“ആരാ…. വിജയേട്ടൻ്റെ ബന്ധുക്കളാണോ ” എന്ന ചേദ്യo മതിലിന് മുകളിൽ എത്തി നോക്കുന്ന സ്ത്രീ ചോദിച്ചു…..

“അതെയെന്ന് ഉത്തരം കൊടുത്തപ്പോഴേക്ക് വീടിനകത്ത് നിന്ന് അമ്മായി ഇറങ്ങി വന്നു….

“ഞാനാ ശ്യാമളാ…വിജയേട്ടൻ്റെ മകൻ്റെ കല്യാണമാ അടുത്താഴ്ച….

ഞങ്ങളുടെ കുടുംബക്ഷേത്രത്തിൽ വച്ചാണ് കല്യാണം…

അവരെല്ലാം ഇന്ന് വൈകിട്ട് വരും… നമ്മടെ ജാനൂനെ ഞാൻ വിളിച്ചിട്ടുണ്ട് വീടെല്ലൊം ഒന്ന് വൃത്തിയാക്കാൻ……

സീതേ നിനക്ക് സുഖാന്നോ… ദാ ഞാനങ്ങോട്ടേക്ക് വരുവാ…

ഒത്തിരി വിശേഷങ്ങൾ പറയാനുണ്ട്…. … ” എന്ന് പറഞ്ഞ് വീടിൻ്റെ താക്കോൽ എൻ്റെ കൈയ്യിലേൽപ്പിച്ചു……

” ഇപ്പോ ജാനു വരും… മോളൊന്നും ചെയ്യാൻ നിക്കണ്ട… അവളെ കൊണ്ട് ചെയ്യിച്ചാ മതി… “.. ഞാൻ സീതേടെ അവിടെ വരെ പോയിട്ട് വരാം…
കുറെ കാലമായി ഇവിടേക്ക് വന്നിട്ട്….” എന്ന് പറഞ്ഞ് അമ്മായി അവരുടെ വീട്ടിലേക്ക് പോയി…

കുറച്ച് നേരം മുറ്റത്ത് തന്നെ നിന്നു.. അമ്മായി പറഞ്ഞ ജാനൂനെ കാണാഞ്ഞത് കൊണ്ട് സ്വയം ഓരോ മുറിയായി ഒതുക്കാൻ തുടങ്ങി. …

പഴയ കാലത്തെ ക്ലോക്കും തേക്കിൽ തീർത്ത ആട്ടുകട്ടിലും ചുവരിലെ ചിത്ര പണികളും അത്ഭുതത്തോടെ നോക്കി….

അകത്തെ മുറികളൊന്നുo വല്യ പൊടിയില്ല….

തുമ്മല് തുടങ്ങിയപ്പോൾ ഒരു തോർത്ത് കണ്ണ് മാത്രം കാണത്തക്ക വിധത്തിൽ കെട്ടി….

ചിലന്തിവലയെല്ലാം കളയാൻ തുടങ്ങിയപ്പോഴേക്ക് ജാനുവേച്ചി വന്നു…..

എൻ്റെ കോലം കണ്ടതും അവർ ആദ്യമൊന്നു ഞെട്ടി….

ഞാൻ തോർത്തു മുഖത്തൂന്ന് വലിച്ച് താഴേക്കാക്കി…

” ഞാൻ ശ്യാമളമ്മായിടെവുടുത്തെയാ” ഞാൻ ചിരിയോടെ പറഞ്ഞതും അവരുടെ മുഖത്തെ ഞെട്ടൽ പൊട്ടി ചിരിയിലേക്ക് വഴിമാറി “….

” ഞാൻ വിചാരിച്ചു വല്ല മുഖമൂടി കള്ളനുമാവുമെന്ന്….

ഞാനൊരു നിമിഷം ൻ്റെ കെട്ട്യോനേയും രണ്ടു മക്കളെയും ഓർത്ത് പോയി….

എനിക്കെന്തെങ്കിലും പറ്റിയാൽ അവർക്കാരുമില്ല….

ചേട്ടായി കഴിഞ്ഞ ഓണത്തിന് തെങ്ങിൽ നിന്ന് വീണ് കിടപ്പിലാ…

കുട്ടി എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ…” ജാനുവേച്ചി ചിരിച്ച് കൊണ്ട് പറഞ്ഞു….

” ഞാൻ സ്വാതി.. പേര് വിളിച്ചാൽ മതി… ” ഞാൻ ചിരിയോടെ പറഞ്ഞു…

“മോളവിടിരിക്ക് ഞാൻ ചെയ്തോളാം….ഈ കുടുംബക്കാർക്ക് വെളുത്ത സൗന്ദര്യമുള്ള പെണ്ണുങ്ങളയേ പിടിക്കു….

പ്രത്യേകിച്ച് ഇവിടുത്തെ കണ്ണൻ കുഞ്ഞിന്…..

സ്വാതി കുട്ടിയെങ്ങനെ ഇവിടെ എത്തിപ്പെട്ടത്…

വിജയേട്ടൻ്റെ മകൾ ശ്വേതയുമായി വിവാഹം തീരുമാനിച്ച് നാടടക്കം കല്യാണക്ഷണവുo കഴിഞ്ഞാണ് കണ്ണൻ കുഞ്ഞിനും അവൻ്റെ അച്ഛനും അപകടത്തിൽപ്പെട്ടത്….

അല്ലേൽ അവരു രണ്ടു പേരുമായിരുന്നു ചേരേണ്ടിയിരുന്നത്…

ഡോക്ടർ ഒരിക്കലും എഴുന്നേറ്റ് നടക്കില്ല എന്ന് പറഞ്ഞതും അവർ വേറെ ചെക്കനെ കണ്ടെത്തി….

അമേരിക്കയിൽ സോഫ്റ്റ്വേയർ എഞ്ചിനിയർ ആണത്രേ…

പക്ഷേ എന്ത് പറയാനാ അവർ ബന്ധം പിരിയാൻ പോവാണെന്നാ കേട്ടത്… നിങ്ങളുടെ കല്യാണം ഞങ്ങൾ ഒന്നും അറിഞ്ഞില്ലല്ലോ…. എപ്പോഴായിരുന്നു…

ചിലപ്പോ ഞങ്ങളെയൊക്കെ വിളിച്ചാൽ പഴയ കഥകൾ വിളമ്പും എന്നത് കൊണ്ടാവും ഞങ്ങളെയൊക്കെ വിളിക്കാഞ്ഞത്….

എന്തായാലും മോളൊരു മിടുക്കി തന്നെയാ ഒരിക്കലും എഴുന്നേറ്റ് പോലും നടക്കില്ല ഡോക്ടർ വിധിയെഴുതിയാളെ എഴുന്നേറ്റ് നടത്തിച്ചില്ലേ…

ആരാണ് ഇക്കാലത്ത് ഇങ്ങനെയൊരു വിവാഹത്തിന് സമ്മതിക്കുക…

കണ്ണൻ കുഞ്ഞ് എഴുന്നേറ്റ് നടക്കുമെന്നറിഞ്ഞിരുന്നേൽ ആ കൊച്ച് വേറെ ഒരു കല്യാണത്തിന് സമ്മതിക്കില്ലായിരുന്നു….”.. എന്ന് പറഞ്ഞ് കൊണ്ട് ജാനു ചേച്ചി മുറി വൃത്തിയാക്കാൻ തുടങ്ങി….

ഇത്രയും കേട്ടതും ഇങ്ങോട്ടേക്ക് വരേണ്ടിയിരുന്നില്ല എന്ന് തോന്നി.. ആരോടാ എന്താ പറയണ്ടത് എന്ന് ഒരു ലൈസൻസില്ലാത്ത ജാനു ചേച്ചി…. ഇതും ഒരു തരം പരദൂഷണം തന്നെ…..

ഭാര്യയോട് തന്നെ ഭർത്താവിൻ്റെ പൂർവ്വ കാമുകിയുടെ കഥ വിളമ്പണമെങ്കിൽ ഇവർക്ക് എന്തോ ദുരുദ്ദേശമുണ്ട്…. മൊത്തം അങ്ങട് വിശ്വസിക്കാൻ പാടില്ല … കണ്ണേട്ടൻ എൻ്റെ സ്വന്തമല്ല എന്നാലും ഹൃദയത്തിനുള്ളിലെവിടെയോ എൻ്റെ പ്രണയത്തിൻ്റെ തേങ്ങലുകൾ കേൾക്കാം….. ആർക്കും കേൾക്കാനാവാത്ത തേങ്ങലുകൾ എൻ്റെ മാത്രം…..

“വിധി അല്ലാതെന്ത് പറയാൻ ” താടിക്ക് കൈയ്യും ഞാൻ കസേരയിലേക്ക് ഇരുന്നു…

എൻ്റെ കണ്ണ് നിറഞ്ഞത് കൊണ്ടാവണം പിന്നീട് ഒന്നും ചോദിച്ചില്ല..

വിധിയെ പഴിക്കുക തന്നെ അല്ലാതെ എന്ത് പറയാൻ…. അവസാന പ്രതീക്ഷയും കൈവിടുകയാണല്ലോ ഈശ്വരാ..

. ശ്വേതയുടെ മനസ്സിൽ ഇപ്പോഴും കണ്ണേട്ടൻ ഉണ്ടാവും… അതാവും ബന്ധം പിരിയുന്നത്…..

കണ്ണേട്ടൻ്റെ മനസ്സിലും ശ്വേതയോട് ഇഷ്ട്ടമുണ്ടാവും…. അവർ കുഞ്ഞുനാളിലെ അടുത്തറിഞ്ഞ വരല്ലെ…. പരസ്പരം പ്രണയo പങ്കിട്ടവരല്ലെ…

ചിലപ്പോ അവരുടെ പ്രണയം സത്യമായത് കൊണ്ടാവും വീണ്ടും ഒത്തുചേരാൻ അവസരമുണ്ടാവുന്നത്.. – ഞാനൊരു നിമിത്തം മാത്രമാവും…

അതു കൊണ്ടാവും കണ്ണേട്ടൻ എന്നെയൊന്നു നോക്കുക കൂടി ചെയ്യാത്തത്……

അല്ല ഞാനെന്തിനാണ് ഇതൊക്കെ ഓർത്ത് വിഷമിക്കുന്നത്…

ഞാൻ അഞ്ച് വർഷത്തേക്ക് കണ്ണേട്ടനെ സംരക്ഷിക്കാൻ വന്ന ഹോം നഴ്സ് മാത്രമാണ്…..

കഴിഞ്ഞ മൂന്നു വർഷവും ഒരു നഴ്സിൻ്റെ കടമ ഞാൻ നന്നായി തന്നെ ചെയ്തു…

ഇനി രണ്ട് വർഷം കൂടി….കണ്ണേട്ടൻ സംസാരിച്ച് തുടങ്ങിയാൽ പിന്നെ ഇത്തിരി നേരത്തെ പോകാൻ മനസ്സിനെ ഒരുക്കണം..

. അതും കൂടി കഴിഞ്ഞാൽ എൻ്റെ കടമ അവിടെ തീരും… പിന്നെ പുതിയ ഒരു ജോലി തേടണം….

നേരത്തെ കണ്ടു പിടിച്ച് വയ്ക്കണം… പെട്ടൊന്നൊരു ദിവസം ഇറങ്ങാൻ പറഞ്ഞാൽ പോകേണ്ടി വരും….

. അങ്ങനെ പോകേണ്ടി വരുന്ന ദിവസം അധികം ദൂരത്തിലല്ല മനസ്സങ്ങനെ പറയുന്നു…

ചിന്തകൾ മനസ്സിനെ കിഴടക്കാൻ തുടങ്ങിയപ്പോൾ ഞാൻ വെറുതെ ഓരോ മുറിയിൽ കയറിയിറങ്ങി….

അവസാനം മട്ടുപ്പാവിലെത്തി…..

ചുറ്റും മാവിൻ്റെയും പ്ലാവിൻ്റെയും മരച്ചില്ലകൾ വീടിന് മുകളിലേക്ക് ചാഞ്ഞു കിടക്കുന്നത് കൊണ്ട് തണലുണ്ട്…..

മാങ്ങായിഷ്ടം പോലെ മരത്തിലുണ്ട്.. പഴുക്കാത്തതും പഴുത്തതുമായി അങ്ങനെ കയ്യെത്തി പറിക്കാവുന്ന ദൂരത്തിൽ….

ഒരെണ്ണo പൊട്ടിച്ചെടുത്തു മണപ്പിച്ചു….

ചെറിയ കഷണങ്ങളായി മുറിച്ച് ഉപ്പും മുളക് പൊടിയും ചേർത്ത് ഇളക്കി വച്ച് അതിൽ തൊട്ട് കഴിക്കണം ഹോ..

പുളിയും ഉപ്പും എരിവും കൂടി ഓർക്കാൻ കൂടി വയ്യ…. കൊതി സഹിക്കാൻ വയ്യ…..

പഴയ സാരിയുടുത്ത് വന്നത് നന്നായി ‘. സാരിത്തുമ്പ് നിവർത്തി കുറെ പച്ച മാങ്ങായും പഴുത്തതും കൂടി പറിച്ചിട്ടു….

താഴേക്കിറങ്ങി ചെന്നപ്പോൾ അമ്മായിയുടെ ശബ്ദം മുറ്റത്ത് കേൾക്കുന്നുണ്ട്…. സമയം ഉച്ചയോടടുത്തു കാണുo….

ബന്ധുക്കൾ എല്ലാം വരേണ്ട സമയമായി….ഒരുവിധം കുടുംബവീട് വൃത്തിയാക്കിയിട്ടുണ്ട്… ഇനി വല്യ ജോലിയില്ല

പറിച്ച മാങ്ങകൾ കൊണ്ടുവന്ന സഞ്ചിയിൽ എടുത്തു വച്ചു….
രണ്ട് മൂന്ന് പഴുത്തത് മാത്രം കൈയ്യിൽ എടുത്തു….

അടുക്കളയിൽ നിന്ന് പിച്ചാത്തിയെടുത്ത് കഴുകി മാമ്പഴം മുറിച്ച് പ്ലേറ്റിലാക്കി അമ്മായിക്ക് കൊടുക്കാൻ മുൻപിലേക്ക് നടന്നു…..

“എന്താ ശ്യാമളേച്ചി ഇത്… എവിടുന്ന് കിട്ടി കണ്ണൻ കുഞ്ഞിന് ആ പെണ്ണിനെ…. പോട്ടെ… കല്യാണം പോലും ഞങ്ങളെ അറിയിച്ചില്ലല്ലോ…. എന്നാലും ഇവിടുത്തേ വിജയേട്ടൻ്റെ മകൾ ശ്വേത തന്നെയായിരുന്നു കണ്ണൻകുഞ്ഞിന് ചേരുന്നത് എന്ന് നിങ്ങളെ മരുമകളുടെ ചെവിയിൽ എത്തിച്ചിട്ടുണ്ട് പോരെ… എൻ്റെ കൂലി ഇങ്ങ് തന്നേക്കണം… ഒരു പാട് പണത്തിന് ആവശ്യമുള്ള സമയമാണ്…” എന്ന് ഒരു ചിരിയോടെ ജാനു ശ്യാമളയോട് പറയുന്നു…

“അതൊക്കെ നമ്മുക്ക് വഴിയുണ്ടാക്കാം.. പണം ഞാൻ നിൻ്റെ വീട്ടിൽ എത്തിച്ചേക്കാം….

ഇത്രയും മതി.. അവൾ തനിയെ പോയ്ക്കോളും എൻ്റെ മകൻ്റെ ജീവിതത്തിൽ നിന്നും….. …

ശ്വേത മോളു ഇന്ന് ഇവിടെ വരുമല്ലോ… ഞങ്ങൾ ചില കാര്യങ്ങൾ ഫോണിൽ സംസാരിച്ച് തീരുമാനിച്ചിട്ടുണ്ട്…. എന്ന് ശ്യാമള ജാനൂവിനോടായി പറഞ്ഞു….

അവരുടെ സംഭാഷമൊന്നുമറിയാതെ സ്വാതി മമ്പഴവുമായി അങ്ങോട്ടേക്ക് വന്നു….

അപ്പോഴേക്ക് മുറ്റത്ത് വണ്ടി നിർത്തുന്ന ശബ്ദം കേട്ടു…. പിന്നെയും രണ്ട് മൂന്ന് വണ്ടികൾ ആദ്യം വന്ന വണ്ടിയുടെ പുറകിലായ് നിന്നു…

വണ്ടികളിൽ നിന്ന് ഓരോത്തരായി ഇറങ്ങാൻ തുടങ്ങി…

ഫാൻസിഡ്രസ്സ് മത്സരത്തിന് പോകുന്നത് പോലെ പല പ്രായത്തിലുള്ളതും പല വേഷവിധാനത്തിലുമുള്ള മഹിളകൾ ഓരോത്തരായി വന്നു അമ്മായിയുടെ മുൻപിൻ നിന്ന് പല്ലു കാണിച്ച് ചിരിക്കുന്നുണ്ടു്….

പല പ്രായത്തിലുള്ള കുട്ടികളുടെ നിര അവരുടെ പുറകേ…

അമ്മായി മാമ്പഴത്തിൻ്റെ പ്ലേറ്റ് എൻ്റെ കൈയ്യിൽ നിന്ന് വാങ്ങി അടുക്കളയിലേക്ക് പോയ്ക്കോളാൻ പറഞ്ഞു… :

വിവാഹത്തിന് പങ്കെടുക്കുന്ന എല്ലാ ബന്ധുക്കളും കൂടി വീട്ടിൽ എത്തി…

ആകെ മൊത്തo ഒത്തുചേരലിൻ്റെ ബഹളം….

എൻ്റെ കണ്ണുകൾ ശ്വേതയെ തിരയുകയായിരുന്നു….

അമ്മായിടെ ബന്ധുക്കൾക്ക് ആർക്കും സ്വാതിയെ മന: പൂർവ്വം അവർ പരിചയപ്പെടുത്തിയില്ല…

അടുക്കളയിൽ തന്നെയിരിക്കാൻ പറഞ്ഞു..

എൻ്റെ മനസ്സ് നീറി പുകയുകയാരുന്നു.. ജോലിക്ക് സഹായത്തിന് വന്ന പെണ്ണിന്റെ വാക്കുകൾ ” ഇവിടുത്തെ കണ്ണൻമോനും ശ്വേതയും പ്രണയിച്ച് കല്ല്യാണം വരെയെത്തിയതാണ് ,..അതുമല്ല ശ്വേത ബന്ധം വേർപെടുത്തി തിരികെ വരുകയാണ് എന്നും….ഇത് കേട്ടപ്പോൾ തന്നെ ഹൃദയം തകർന്ന് പോയി.. ജീവിക്കാനുള്ള പ്രതീക്ഷ നഷ്ടപ്പെടുമെന്ന് തോന്നി …ഇത്രയും നാളത്തെ കണ്ണേട്ടന്റെ സ്നേഹത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് വെറുതെയായി..

‘”ആഹാ ഇവിടെയിരിക്കുവാണോ ” അമ്മായിയുടെ ആങ്ങളയുടെ ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞ് നോക്കി..

കൂടെ വെളുത്ത് സുന്ദരിയായ ഒരു പെണ്ണും..

“ഇതാണ് എന്റെ അമേരിക്കയിലുള്ള മകൾ ശ്വേത.. ഭർത്താവും കുഞ്ഞുo വന്നിട്ടുണ്ട് പരിചയപ്പെടുത്താം” എന്ന് അദ്ദേഹം പറഞ്ഞു…

ടീഷർട്ടും ജീൻസുമിട്ട് മനോഹരമായി പുഞ്ചിരിക്കുന്ന പെണ്ണ്….നെറുകയിൽ സിന്ദൂരം പേരിന് മാത്രം… വിടർന്ന കണ്ണുകളുo ചുവന്ന ചുണ്ടുകളും ആരും ഒന്ന് നോക്കി നിന്ന് പോകും……

കണ്ണുകളിൽ എന്തോ ഒരു വിഷാദ ഭാവം….

എന്നെ തിരിച്ച് പരിചയപ്പെടുത്തുന്നതിന് മുന്നേ അമ്മായി എത്തി..

“സ്വാതി എല്ലാർക്കും കുടിക്കാനെന്തെങ്കിലും എടുക്കണം… വേഗം വേണം.. കണ്ണൻ വരാറായല്ലോ വേഗം ചായയിട്ട് വച്ചിട്ട് പോകാൻ ഒരുങ്ങിക്കോ.. അല്ലേൽ വേണ്ട നിന്നെക്കാൾ നന്നായി ജാനു ചായയിടും അവൾ ചായയിട്ടാൽ മതി….” എന്ന് പറഞ്ഞ് ശ്വേതയെ അമ്മായി വിളിച്ചോണ്ടു പോയി..

ഹോ… അമ്മായിയുടെ ഒരു മാറ്റം… ഇവിടെ വന്നപ്പോൾ എന്നെ വേണ്ട… കുടിക്കാനെന്തെങ്കിലും എടുക്കാൻ…. ഇപ്പോ ശരിയാക്കി തരാം… മനസ്സിൽ ഇത്തിരി
കുശുമ്പ് തോന്നിയോ എന്നൊരു സംശയം….

ഇത്രയും സുന്ദരിയായ പെണ്ണിനെ സ്നേഹിച്ച കണ്ണേട്ടന് ഒരിക്കലും തന്നെ ഭാര്യയായി സങ്കൽപ്പിക്കാൻ പോലും കഴിയില്ല.

പക്ഷേ അമ്മായി എന്തെങ്കിലുമോക്കെ പറയുമെങ്കിലും എന്നെ ഒരുപാടിഷ്ടമാരുന്നു….

ഇവിടെ വന്നതോടുകൂടി ആ പ്രതീക്ഷയും പോയി……

അതോ ഇത്രയും നാൾ വെറും അഭിനയമായിരുന്നോ…

എന്തായാലും ഒന്ന് കരുതിയിരിക്കുന്നത് നല്ലതാ….

ചായ തിളപ്പിക്കാൻ ജാനു ചേച്ചി പാൽ വച്ചപ്പോൾ ഞാൻ അടുത്ത് തന്നെ നിന്നു..

അവർ ചായയിട്ടു തിരിഞ്ഞപ്പോൾ ഞാൻ വല്യ സ്പൂണെടുത്ത് അഞ്ചാ സ്പൂൺ പൊടിയും കൂടിയിട്ടു….

നല്ല കടുപ്പത്തിലിരിക്കട്ടെ…. എന്നിട്ട് ഒന്നുമറിയാത്തത് പോലെ കസേരയിൽ പോയിരുന്നു… ജാനു ചേച്ചിയുടെ ചായയെ വാനോളം പുകഴ്ത്തുന്നത് സംഗീതം ആസ്വദിക്കുന്നത് പോലെ കേട്ടിരുന്നു….

അടുത്തത് അമ്മായി വന്ന് എന്നോട് ചായയിടാൻ പറഞ്ഞപ്പോഴും എൻ്റെ കണ്ണുകൾ ക്ലോക്കിലായിരുന്നു….. കണ്ണേട്ടൻ വരാൻ സമയമായി…

ഈ സമയം കണ്ണേട്ടന് എന്നെ കത്തിച്ച് കളയാനുള്ള ദേഷ്യമുണ്ടാവും….


കണ്ണൻ ഓഫിസിൽ വന്ന ഉടനെ ഫോണെടുത്തു നോക്കി… മെസ്സേജൊന്നും കണ്ടില്ല….

പ്രധാനപ്പെട്ട ഫയൽ വർക്കിൻ്റെ കാര്യമറിയാൻ അവൻ സ്വാതിയുടെ ഫോണിലേക്ക് മെസ്സെജ് അയച്ചു….

മറുപടിയ്ക്കായി കാത്തിരുന്നു… മണിക്കൂറുകൾ കഴിഞ്ഞിട്ടും മറുപടിയൊന്നും വന്നില്ല…..

ഓഫിസ് വർക്കിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല.. സ്വാതിയുടെ ഫോണിലേക്ക് വീണ്ടും മെസ്സെജ് അയച്ചു നോക്കി.. മറുപടിയൊന്നും കിട്ടിയില്ല…….

സാധാരണ ഒരു ചോദ്യത്തിന് പത്ത് മറുപടി മെസെജ് വരുന്നതാ സ്വാതിയുടെ ഫോണിൽ നിന്നും.

. അവസാനം കുറച്ച് നേരം കഴിഞ്ഞ് റിംഗ് ചെയ്ത് നോക്കി ..

റിംഗ് ആകുന്നുണ്ട് എടുത്തില്ല.. ഒരു സമാധാനവുമില്ല.. അവന് നല്ല ദേഷ്യം തോന്നി….

ഒഫീസിൽ നിന്ന് വീട്ടിലെത്തി… കതക് തുറന്ന് അകത്ത് കയറി… മേശപ്പുറത്ത് സ്വാതിയുടെ ഫോൺ ഇരിക്കുന്നു ..

ഇരുപത് മെസ്സെജും പത്ത് മിസ്കോളും… അത് അവൻ തന്നെ അയച്ച മെസെജുകളാണ്… കോളുകൾ മാത്രം മായ്ച്ച് കളഞ്ഞു… എന്ത് വൃത്തിയയാണ് വീടിന്റെ എല്ലാ ഭാഗങ്ങളും സൂക്ഷിച്ചിരിക്കുന്നത്…

സ്വാതിയുടെ പേയ്ന്റിംഗും ബുക്കുകളുമെല്ലാം വെറുതെ എടുത്ത് നോക്കി..

അവളെ കുറിച്ച് മൂന്നുവർഷമായിട്ടു പോലും അറിയാൻ ശ്രമിച്ചിട്ടില്ല….

അവളുടെ നിസാഹായതയെ മുതലെടുത്ത് ജീവിതം എഗ്രിമെൻ്റ് തയ്യാറാക്കിയ ഒരു ക്രൂരൻ മാത്രമാണ്….

അവൻ്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു….

പെട്ടെന്ന് തന്നെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു……

എന്ത് ധൈര്യത്തിലാണ് അവൾ എഗ്രിമെൻറ് തെറ്റിച്ചത്….

ഫോൺ എപ്പോഴും കൈയ്യിൽ കരുതുകയും ആവശ്യമുള്ള സന്ദർഭങ്ങളിൽ മെസെജുകൾ കൈമാറുകയും ചെയ്യണമെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്..

… ഇങ്ങ് വരട്ടെ ഇനി മേലിൽ അവൾ ഇത് ആവർത്തിക്കരുത്….

സമയം നോക്കി അഞ്ചു മണിയായിരിക്കുന്നു….

ഇന്ന് അമ്മാവൻ്റെ വീട്ടിലേക്ക് പോകേണ്ടത് കൊണ്ട് കാറാണ് എടുത്തത്….

ഇപ്പോഴും തകർന്ന് പോയിട്ടില്ലെന്ന് എല്ലാവരും കാണട്ടെ…. ശ്വേത …അവളോട് ചെറുതായിയെങ്കിലും പകരം വീട്ടണം…

അവളുടെ മുൻപിൽ സ്വാതിയുമായി സന്തോഷകരമായ ജീവിതം നയിക്കുകയാണ് എന്ന് കാണിക്കണം…… അവൻ്റെ ചിന്തകൾ ഭ്രാന്തമായി സഞ്ചരിച്ചു….

ഫോൺ എടുത്തു പോക്കറ്റിലിട്ടു… വീടും പൂട്ടി കാറിൽ കയറി അമ്മാവൻ്റെ വീടു ലക്ഷ്യമാക്കി വണ്ടി വിട്ടു…..

വീടിന് മുന്നിൽ വണ്ടി നിർത്തി ഇറങ്ങിയപ്പോൾ മുറ്റത്ത് തന്നെ ശ്വേതയും അമ്മാവനും നിൽക്കുണ്ടായിരുന്നു…

അവരെ തിരിഞ്ഞു നോക്കാതെ അവൻ വീടിനകത്തേക്ക് കയറി…..

സ്വാതിയേയും അമ്മയേയും തപ്പി ഓരോ മുറിയായി കയറിയിറങ്ങി .. തൊട്ടു പുറകിൽ ശ്വേതയും അവൻ്റെ പുറകേയുണ്ടായിരുന്നു…

. അവസാനം അടുക്കളയിൽ കയറി നോക്കിയപ്പോൾ ആരോടും മിണ്ടാതെ കസേരയിൽ തനിച്ചിരിക്കുകയാണ്…

കൈയ്യിൽ ഒരു സഞ്ചിയുണ്ട്…. അവളുടെ കൺപീലികൾ പോലും ചലിക്കുന്നില്ല.. മറ്റേതോ ലോകത്താണ് എന്ന് തോന്നി…

അവൻ ശ്വേത കാണാൻ വേണ്ടി അവളുടെ കവിളിൽ ചുണ്ടു ചേർത്തു.. :

കവിളിൽ ഒരു തണുപ്പ് പടർന്നതും ചിന്തകളിൽ നിന്ന് ഞാൻ ഞെട്ടി ഉണർന്നു…

തൊട്ടരികിൽ കണ്ണേട്ടനെ കണ്ടതു്o കവിളിൽ ചുംബിച്ചതാണ് എന്ന് മനസ്സിലാക്കാൻ കുറച്ച് നിമിഷങ്ങൾ വേണ്ടിവന്നു…..

” ഇത് എഗ്രിമെൻ്റിൽ ഇല്ല” കടുത്ത ഭാഷയിൽ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.. പെട്ടെന്ന് എൻ്റെ കൈ പിടിച്ചെഴുന്നേൽപ്പിച്ചു… നെഞ്ചോട് ചേർത്തു പിടിച്ചു… കൈയ്യിൽ ഫോൺ വച്ചു തന്നു… അതിൽ വന്ന കണ്ണേൻ്റെ മെസ്സേജ് കണ്ട് എൻ്റെ കണ്ണു നിറഞ്ഞു….

”ശ്വേതയോട് ഒരു കുഞ്ഞു പ്രതികാരം… എന്നെ ഉപേക്ഷിച്ച് പോയവൾക്ക് മുൻപിൽ ഞാൻ തോറ്റിട്ടില്ല എന്ന് കാണിക്കണം… ഇത് എഗ്രിമെൻ്റിൽ ഉണ്ട് നീ വായിക്കാത്തത് എൻ്റെ കുറ്റമല്ല…”.. മെസ്സേജിലെ വാക്കുകൾ ഹൃദയത്തിൽ ഒരു നോവായി പടർന്നു…. ഇപ്പോഴും ഒരു എഗ്രിമെൻ്റ് മാത്രമാണ് ഞാൻ….. ഒന്നും പ്രതികരിക്കാനാവാതെ നെഞ്ചോരം ചേർന്ന് നിന്നു…

കണ്ണേട്ടൻ എന്നെയും ചേർത്ത് പിടിച്ച് തിരിഞ്ഞതും നിറകണ്ണുകളോടെ നിൽക്കുന്ന ശ്വേതയെ കണ്ടു.. എന്നെ ചേർത്ത് പിടിച്ചിരിക്കുന്ന കൈകൾ തളരുന്നത് ഞാനറിഞ്ഞു….. ഒരിക്കലും ആരുടെ മുൻപിലും തളർന്നു പോകാൻ സമ്മതിക്കില്ല എന്ന ഉറപ്പോടെ കണ്ണേട്ടൻ്റെ വിരലുകൾക്കിടയിൽ എൻ്റെ കൈവിരലുകൾ കോർത്തു പിടിച്ചു…

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വാതിയുടെ സ്വന്തം : ഭാഗം 1

സ്വാതിയുടെ സ്വന്തം : ഭാഗം 2

സ്വാതിയുടെ സ്വന്തം : ഭാഗം 3

സ്വാതിയുടെ സ്വന്തം : ഭാഗം 4