സിദ്ധ ശിവ : ഭാഗം 4
എഴുത്തുകാരി: വാസുകി വസു
മീരവിനോട് ചേർന്ന് നിൽക്കുമ്പോൾ ശിവക്കൊരു സുരക്ഷിതത്വം അനുഭവപ്പെട്ടു.അയാളുടെ വിരിമാറിൽ നിന്ന് അടർന്ന് മാറാതെ കുറെയധികം സമയം നിന്നു.സമയം ഇഴഞ്ഞ് നീങ്ങിയപ്പോൾ മീരവ് തന്നെയാണ് അവളെ തന്നിൽ നിന്ന് അടർത്തി മാറ്റിയത്.കൂമ്പിയടഞ്ഞ താമര മിഴികൾ പോലെയായി കഴിഞ്ഞു ശിവ.
“എന്തിനാണ് കരയുന്നത്”
അവളുടെ മുഖത്തെ കണ്ണിനീര് കണ്ട് അയാൾ ചോദിച്ചതിനൊപ്പം ചുണ്ടുകളാൽ മിഴിനീർതുള്ളികൾ ഒപ്പിയെടുത്തു. അനുസരണയുളള പേടമാനായി അനങ്ങാതെ നിന്നു.
“ഇത് ആനന്ദ കണ്ണീരാണ് മീരേട്ടാ..ആരും ഇല്ലാത്തവർക്ക് ദൈവം തുണയാകുമെന്ന് കേട്ടിട്ടേയുള്ളൂ.ഇപ്പോൾ അനുഭവത്തിലൂടെയത് ബോദ്ധ്യമായി”
ശിവ ഓർക്കുകയായിരുന്നു വിധിയുടെ മാറ്റങ്ങൾ. പ്രണയിച്ചു കൂടെ ജീവിച്ചവൻ നൽകിയത് ഒരിക്കലും ഉണങ്ങാത്തൊരു മുറിവാണ്.അമ്മിണിക്കുട്ടിയിലൂടെയും മീരേട്ടനിലൂടെയും കഴിഞ്ഞകാലം മറക്കാൻ ശ്രമിക്കുകയാണ്.
“സമയം ഒരുപാടായി കിടക്കുന്നില്ലേ ഏട്ടൻ”
“ഇല്ല ശിവ ഉറങ്ങിക്കോളൂ”
“ശരി ഏട്ടാ… ഗുഡ് നൈറ്റ്.മോള് ചിലപ്പോൾ ഉറക്കത്തിൽ നിന്നും ഉണരും രാവിലെ കാണാം”
“സെയിം ടൂ”
വിഷസ് ആശംസിച്ചിട്ട് ശിവ മോളുടെ അരികിലേക്ക് പോയി.മീരവ് ഹാളിൽ തന്നെയിരുന്നു.മനസ്സിൽ മയിൽ പീലികൾ വിടർത്തിയാടി.
ആത്മജയുടെ മർണാശേഷം മറ്റൊരു വിവാഹത്തെ കുറിച്ച് അയാൾ ചിന്തിച്ചിരുന്നില്ല.മോളും താനുമായൊരു ലോകം.അങ്ങനെയാണ് കരുതിയത്.ശിവ ജീവിതത്തിലേക്ക് കടന്ന് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.നിറം മങ്ങിയ ജീവിതത്തിന് പുതിയ വർണ്ണക്കൂട്ടുകൾ മഴവില്ലഴക് വിരിയിച്ചത് പോലെ അയാൾക്ക് തോന്നി.
********************
“ജീവൻ ഞാൻ പറയുന്നത് കേൾക്ക്..പൊരുത്തപ്പെടാൻ കഴിയില്ലെങ്കിൽ പിരിയുന്നതാണ് നല്ലത്..”
“എന്നു മുതൽ തുടങ്ങി ശ്രീമതിക്കൊരു മനം മാറ്റം”
അവന്റെ സംസാരത്തിലെ പരിഹാസം മനസിലായെങ്കിലും പല്ല് ഞെരിച്ച് നിന്നു.എങ്ങനെ എങ്കിലും അനുനയത്തിലൂടെ കാര്യം സാധിക്കണം.സ്വരം കഴിയുന്നത്രയും മാർദ്ദവമാക്കുവാൻ സിദ്ധ ശ്രദ്ധിച്ചു.
“ജീവൻ പ്ലീസ് പറയുന്നത് കേൾക്ക്”
“നോ…വിവാഹമോചനം സാദ്ധ്യമല്ല.. അതിനെ കുറിച്ചൊരു സംസാരവും ഇനി വേണ്ടാ”
തന്റെ തീരുമാനം വീണ്ടും ഉറപ്പിച്ചു പറഞ്ഞിട്ട് ജീവൻ പുറത്തേക്കിറങ്ങിപ്പോയി.ഇടിവെട്ടിയവളെ പോലെ സിദ്ധ തരിച്ചു നിന്നു..
“എന്തായി മോളേ”
മുറിയിലേക്ക് കയറി വന്ന സിദ്ധയുടെ അച്ഛൻ ചോദിച്ചു..
“അയാൾ സമ്മതിക്കുന്നില്ല അച്ഛാ”
“ഉം .. ” അയാൾ അമർത്തി മൂളി..ഒരുപാട് അർത്ഥങ്ങൾ അടങ്ങിയിരുന്നു ആ മൂളലിന്.
“കുറച്ചു ദിവസം കൂടി നോക്കാം.. പറ്റിയില്ലെങ്കിൽ മുള്ളിനെ മുള്ളുകൊണ്ട് എടുക്കണൻ”
വലിഞ്ഞ് മുറുകിയ അച്ഛന്റെ മുഖത്തേക്ക് നോക്കാൻ അവൾ ഭയപ്പെട്ടു.. അത്രയും ക്രൂരമായിരുന്നു അയാളുടെ മുഖ..
“കൊല്ലണം”
സിദ്ധയൊന്ന് ഞെട്ടി.അവൾ പോലും അത്രയും കടന്ന് ചിന്തിച്ചില്ല.
. ഒരാളെ കൊല്ലണമെന്ന് എത്ര നിസ്സാരമായി പറയാൻ കഴിയുന്നു അച്ഛന്.ഒന്നുമല്ലെങ്കിലും അയാൾ എന്റെ കഴുത്തിൽ താലി കെട്ടിയവനാണ്”
“മോളേ അച്ഛൻ നിന്റെ നല്ല ഭാവിക്കായിട്ടാണ് പറയുന്നു”
“മറ്റെന്ത് പറഞ്ഞാലും അനുസരിക്കാം..ഇതിനെ അനുകൂലിക്കാൻ എനിക്ക് കഴിയില്ല”
“എല്ലാത്തിനും കാരണം നീയൊരുത്തിയാണ്..നിനക്ക് വേണ്ടിയാണ് താഴെ കിടന്ന അട്ടയെ എടുത്തു മുകളിൽ കിടത്തിയത്.നിന്റെ സ്വഭാവ ദൂഷ്യമാണ് എല്ലാത്തിനും നാശഹേതു”
സിദ്ധയെ കുറ്റപ്പെടുത്തിയിട്ട് അവളുടെ അച്ഛൻ ഇറങ്ങിപ്പോയി.ഇരുൾ വന്ന് കണ്ണ് മൂടിയത് പോലെ.
“ശരിയാണ് അച്ഛൻ പറഞ്ഞതാണ് ശരി.. എല്ലാം തന്റെ സ്വഭാവദൂഷ്യം മൂലം സംഭവിച്ചതാണ്.ഒരിക്കലും തിരുത്താൻ കഴിയാത്തത്രയും വലിയ തെറ്റ്.”
സിദ്ധയുടെ കണ്ണുകൾ കുറെക്കാലത്തെ ഇടവേളകൾക്ക് ശേഷം നിറഞ്ഞു.അവൾക്കൊന്ന് കരയണമെന്ന് തോന്നിപ്പോയി.
ജീവൻ കാറിൽ കയറി നേരെ ബാറിലേക്ക് വിട്ടു.പാർക്കിങ്ങ് ഏരിയയിലേക്ക് കാറോടിച്ചു കയറ്റും മുമ്പേ അവന്റെ കണ്ണുകൾ ബസ് സ്റ്റോപ്പിൽ ആരെയോ തേടി.കാണാനാഗ്രഹിച്ച രൂപം അവിടെയെങ്ങും കാണാൻ കഴിയാത്തതിനാൽ നിരാശ തോന്നി..
ബാറിൽ കയറി മദ്യപിക്കുമ്പോൾ ലഹരി പോരെന്ന് തോന്നി..മതിവരുവോളം കുടിച്ചു.പതിയെ ആടിയാടി എഴുന്നേറ്റു..
********************************
ദിവസങ്ങളും മാസങ്ങളും പിന്നെയും കടന്നുപോയി.മീരവും ശിവയും മാനസികമായി കൂടുതൽ അടുത്തു.താൻ കണ്ടതിൽ നന്മയുളള മനുഷ്യരിൽ ഒരാളാണ് മീരവെന്ന് അവൾക്ക് മനസ്സിലായി.
ശിവയുടെ ദിനങ്ങൾ സന്തോഷം നിറഞ്ഞതായിരുന്നു. അമ്മിണിക്കുട്ടിയും കൂടെ മീരവും കൂടി ചേർന്നപ്പോൾ സ്വർഗ്ഗം കീഴടക്കിയ പ്രതീതി ആയിരുന്നു.
“നമുക്ക് പുറത്തേക്കൊന്ന് കറങ്ങിയാലോ ശിവ..”
ഒരുദിവസം ഒഴിവ് ലഭിച്ചപ്പോൾ മീരവ് ചോദിച്ചു. ശിവക്കത് സമ്മതമായി.
“എവിടെ പോകണമെന്ന് ശിവക്ക് തീരുമാനം എടുക്കാം”
“സിനിമക്ക് പോകാം…”
മീരയുടെ ഉത്തരം പെട്ടെന്ന് ആയിരുന്നു.. അമ്മിണിക്കുട്ടിക്കും സന്തോഷമായി. ഇഷ്ടം പോലെ ഐസ്ക്രീം കഴിക്കാം.
ആകാശ നീലയിലുളള ബോർഡറിൽ തീർത്ത സാരിയാണ് ഉടുക്കാനായി ശിവ തിരഞ്ഞെടുത്തത്.സാരിയിൽ അവൾക്ക് കുറച്ചു കൂടി മെച്ച്യൂരിറ്റി തോന്നും.
സാരിയുടുത്ത് തനിക്ക് അരികിലേക്ക് വന്ന ശിവയെ കണ്ണെടുക്കാതെ അയാൾ നോക്കി. അവൾക്ക് നാണം വന്നു.
“എന്താ ഇങ്ങനെ നോക്കുന്നത്”
“ഇപ്പോൾ കാണാൻ നല്ല ഭംഗിയുണ്ട്…അതായത് സുന്ദരി ആയിട്ടുണ്ടെന്ന്”
“കളിയാക്കാതെ മീരേട്ടാ..പാവങ്ങൾ ജീവിച്ചു പൊയ്ക്കോട്ടന്നേ”
“ഉം .. പാവമാണോന്ന് വിവാഹം കഴിയുമ്പോൾ അറിയാം”
തമാശയിലാണ് മീരവ് പറഞ്ഞതെങ്കിലും ശിവക്ക് നൊന്തു.കണ്ണുകൾ നിറഞ്ഞു.
“എന്തുവാടോ ഒരു തമാശപോലും പറയാൻ പറ്റില്ലേ”
“ഏട്ടാ വെറുതെ പോലും പറയരുത്.. എനിക്ക് സഹിക്കാൻ കഴിയില്ല”
“ഛെ..താനിത്രയും പാവമായി പോയല്ലോ”
അയാൾ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു കവിളിലൊരുമ്മ കൊടുത്തു. അതു കണ്ടു കൊണ്ടാണ് അമ്മുക്കുട്ടി വന്നത്.കുഞ്ഞിക്കൈകളാൽ അവൾ കണ്ണുകൾ പൊത്തി.
മോളെ കണ്ടതോടെ ശിവ മീരവിൽ നിന്ന് അകന്ന് മാറി.. അമ്മുക്കുട്ടിയുടെ ചിരിയപ്പോഴും മാഞ്ഞട്ടില്ല.
“എന്റെ ചക്കരമോൾക്കും പഞ്ചാരയുമ്മ”
കുഞ്ഞിനെ വാരിയെടുത്ത് അവൾ മുത്തങ്ങൾ തീർത്തു.ടൗണിലെ പ്രമുഖ തിയേറ്ററിലാണ് അവർ സിനിമ കാണാൻ കയറിയത്.ശിവയുടെ മടിയിൽ അമ്മിണിക്കുട്ടി ഇരുന്നു.ഇരുട്ടിൽ ഒറ്റക്കിരിക്കാൻ അവൾക്ക് പേടിയാണ്.
സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ മീരവ് കയ്യെടുത്ത് ശിവയുടെ തോളിലേക്കിട്ടു.അവൾ അയാളിലേക്ക് ചാരിയിരുന്നു.മീരവിന്റെ സുരക്ഷാവലയത്തിൽ അവൾ തൃപ്തയായിരുന്നു.
സിനിമ കഴിഞ്ഞു ഹോട്ടലിൽ നിന്നും ഫുഡ് കഴിച്ചാണ് അവർ വീട്ടിലെത്തിയത്.ഫസ്റ്റ് ഷോ ആയിരുന്നു കണ്ടത്.മടക്കയാത്രയിൽ കുഞ്ഞ് ഉറങ്ങിയിരുന്നു.
ശിവ കുഞ്ഞിനെ കിടത്തിയട്ട് വേഷം മാറി വരുമ്പോൾ മീരവിനെ മുറിയിൽ കണ്ടില്ല.അവൾ അയാളെ തിരഞ്ഞ് വീടിന്റെ ടെറസ്സിനു മുകളിലെത്തി.
അകലങ്ങളിലേക്ക് മിഴികൾ നട്ടിരുന്ന മീരവ് ശിവ വന്നത് കണ്ടില്ല.അവൾ നടന്ന് വന്ന് അവന്റെ തോളിൽ മെല്ലെ കൈവെച്ചു.അയാൾ തിരിയാതെ ആ കൈകളിൽ പിടിച്ചു ശിവയെ തനിക്ക് അഭിമുഖമായി നിർത്തി പ്രേമപൂർവ്വം അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.
പൂനിലാവിന്റെ വെളിച്ചത്തിൽ ശിവയുടെ കണ്ണുകളിൽ തന്നോടുളള പ്രണയത്തിന്റെ ആഴം അയാൾ കണ്ടു.സ്നേഹപൂർവ്വം അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചതും പെരുവിരൽ കുത്തി ശിവ പാദങ്ങൾ മേൽപ്പോട്ട് ഉയർത്തി..അതേ സമയം അവർക്കായി വീശിയതുപോലെയൊരു തണുത്ത കാറ്റ് തഴുകി തലോടി കടന്നുപോയി.
കുറേസമയത്തെ ആലിംഗനത്തിനു ശേഷം തന്നിൽ നിന്ന് ശിവയെ മീരവ് വേർപെടുത്തി..
“മാസങ്ങൾ കുറെ കഴിഞ്ഞില്ലേ ശിവ..താലി വാങ്ങി ഒരെണ്ണം കഴുത്തിൽ ചാർത്താൻ സമയമായില്ലേ”
ശിവയുടെ ആവശ്യപ്രകാരം അവൾക്കൊന്ന് പ്രാക്റ്റിക്കൽ ആകാൻ കുറച്ചു മാസങ്ങൾ അയാൾ നൽകിയിരുന്നു..
“ഏട്ടന്റെ ഇഷ്ടം ആണ് എന്റേതും”
അത്രയും പറഞ്ഞിട്ട് ചെറിയൊരു നാണത്തോടെ മീരവിന്റെ രോമാവൃതമായ മാറിലവൾ മുഖം ഒളിപ്പിച്ചു…
***************
ഓരോ ദിവസവും പിന്നിടുന്തോറും സിദ്ദക്കും ജീവനും ഇടയിൽ അസ്വരാസ്യങ്ങളേറി വന്നു.ഒരേ കട്ടിലിന്റെ ഇരുധ്രുവങ്ങളിലായി അവരുടെ കിടപ്പ്.പലപ്പോഴും മനസ്സുകൾ നൂല് പൊട്ടിയ പട്ടം പോലെ കാറ്റിന്റെ താളത്തിനു അനുസരിച്ച് പാറിപ്പറന്നു നടന്നു…
ചെയ്ത തെറ്റുകൾക്കൊരു പ്രായ്ശ്ചിത്തമായി ജീവനെ ഒഴിവാക്കാൻ ശ്രമിക്കുന്നത് മനസ്സിൽ അവനോടുളള ഇഷ്ടത്താലാണെന്ന് ആരും തിരിച്ചറിയുന്നില്ല.ആർക്കും മുമ്പിൽ മനസ്സ് തുറക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല.
ഇഷ്ടത്തോടെയും പൂർണ്ണമായ മനസ്സോടെയുമാണ് ജീവന്റെ താലിക്കായി തല കുനിച്ചു നൽകിയത്. ഒരുവിവാഹമേ ജീവിതത്തിൽ വേണ്ടെന്ന് കരുതിയതാണ്. പക്ഷേ ജീവനെ കണ്ടുമുട്ടിയപ്പോൾ ജീവിക്കണമെന്ന് കൊതി തോന്നി. തനിക്ക് പറ്റിയ തെറ്റുകൾ തുറന്നു പറഞ്ഞാലോന്ന് ആലോചിച്ചെങ്കിലും ഭർത്താവിനു മുമ്പിൽ കുറ്റവാളിയായി നിൽക്കാൻ ആഗ്രഹിച്ചില്ല.തന്റെ ഭൂതകാലത്തിന്റെ വേരുകൾ അവൻ അറിയുമ്പോൾ ഒരിക്കലും ക്ഷമിക്കാൻ കഴിയില്ലെന്ന് അറിയാം.അതിനാലാണ് അവൾ എല്ലാം മറച്ചു വെച്ചത്.
ജീവനും സിദ്ദയും തമ്മിലുള്ള വിവാഹത്തിന്റെ ആദ്യ നാളുകളിൽ സ്നേഹിച്ച പെൺകുട്ടിയിൽ നിന്ന് പണമെറിഞ്ഞ് തന്നെ വിലക്ക് വാങ്ങിയ അവളെ ഉൾക്കൊളളാൻ അവന് കഴിഞ്ഞില്ല.പക്ഷേ ക്രമേണ അവൻ അവളെ സ്നേഹിച്ചു തുടങ്ങി. അപ്പോഴേക്കും സിദ്ധ ജീവനിൽ നിന്ന് അകന്ന് തുടങ്ങി. താൻ ചെയ്തത് തെറ്റാണെന്ന് മനസ്സ് കുറ്റപ്പെടുത്തി.പ്രായ്ശിചിത്തം ചെയ്യാൻ പോലും കഴിയാത്തത്രയും തെറ്റ്.കുറ്റബോധത്താൽ മനസ്സ് നീറിയപ്പോൾ അവളൊരു തീരുമാനം എടുത്തു.
“.ജീവനിൽ നിന്ന് അകലാൻ സിദ്ധ തീരുമാനിച്ചു. ഗർഭിണിയാകാത്തതിനാൽ ഗൈനക്കോളജിസ്റ്റിന്റെ ഉപദേശം തേടാൻ അവൻ നിർബന്ധിച്ചെങ്കിലും അവൾ സമ്മതിച്ചില്ല. ഇതാണ് അവസരമെന്ന് കരുതി ഗർഭിണി ആയാൽ സൗന്ദര്യവും ശരീരവും ഉടയുമെന്ന് കളളം പറഞ്ഞു. സ്ഥിരമായ സിദ്ധയുടെ പല്ലവി കേട്ട് ജീവൻ മടുത്തു.അതോടെ അവർ തമ്മിൽ സ്ഥിരം വഴക്കായി.ഒരിക്കലും തന്റെ രഹസ്യങ്ങൾ ഭർത്താവ് അറിയരുതെന്ന് കരുതിയും ഇട്ടെറിഞ്ഞ് പോകാനുമായി അവനു മേൽ ആധിപത്യം സ്ഥാപിച്ചു കുറ്റപ്പെടുത്തി .പച്ചമാംസത്തിൽ കത്തി തറഞ്ഞു കയറുന്ന വേദനയുണ്ട് ജീവൻ നഷ്ടപ്പെടുന്നതിൽ.എങ്കിലും അവന് ഇനിയെങ്കിലും നല്ലൊരു ജീവിതം ലഭിക്കട്ടേയെന്ന് കരുതി അവൾ ആലോചിച്ചു എടുത്ത തീരുമാനമാണ് വിവാഹമോചനം.
മകൾ സാധാരണ കുടുംബത്തിൽ നിന്നൊരു ചെറുപ്പക്കാരനെ തിരഞ്ഞെടുത്തതിൽ സിദ്ദയുടെ അച്ഛന് കടുത്ത അമർഷം ഉണ്ടായിരുന്നു. അവനെ ഒഴിവാക്കാൻ ഒരു അവസരത്തിനായി കാത്തു നിൽക്കുമ്പോഴാണ് സിദ്ദ അച്ഛനോട് ഡിവോഴ്സിന്റെ കാര്യം സംസാരിക്കുന്നത്. അയാൾക്ക് ഇതിൽപ്പരമൊരു സന്തോഷം വേറെയില്ല.പലപ്പോഴും വിവാഹമോചനത്തിനു മുൻ കൈ എടുത്തത് നടക്കാതെ പോയത് സിദ്ധയുടെ താല്പര്യമില്ലായ്മ മൂലമാണ്..
” ജീവൻ ഉറങ്ങിയോ”
ഇരുട്ടിൽ മെല്ലെ അവൾ ചോദിച്ചെങ്കിലും അവൻ കേട്ടതായി നടിച്ചില്ല.സിദ്ദ അത് പ്രതീക്ഷിച്ചതുമാണ്.
“എനിക്ക് ദക്ഷിതയെ കുറിച്ചാണ് സംസാരിക്കാനുളളത്”
പെട്ടെന്ന് ജീവൻ പിടഞ്ഞ് എഴുന്നേറ്റു. ഉള്ളിലൊരു നടുക്കമുണ്ടായി. സിദ്ദയുടെ സൗമ്യമായ സ്വരത്തിലെ മാറ്റം ഇനിയെന്തിന്റെ മുന്നോടിയാണെന്ന് കരുതി ചിന്തിച്ചു ഇരിക്കുമ്പോഴാണ് ദക്ഷിതയുടെ കാര്യം അവൾ പറഞ്ഞത്.മുറിയിലെ ബെഡ് ലാമ്പിന്റെ സ്വിച്ച് കയ്യെത്തി അവനിട്ടതോടെ മുറിയിൽ പ്രകാശം പരന്നു.
“എവിടെ ദക്ഷിത..എനിക്ക് അറിയണം”
ജീവനിൽ ആവേശം വന്നത് സിദ്ദ ശ്രദ്ധിച്ചു.കിടക്കയിൽ നിന്ന് അവളും എഴുന്നേറ്റു..
“ദക്ഷിത ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ല..നെയ്ത് കൂട്ടിയ സ്വപ്നങ്ങൾ തകർന്നെങ്കിലും അവൾ പ്രണയത്തിന്റെ ഓർമ്മക്കായി ഇപ്പോഴും ജീവിതത്തിൽ ഏകയായി നിൽക്കുന്നു”
സിദ്ധയുടെ വെളിപ്പെടുത്തലിൽ ജീവൻ നൂറായിരം കക്ഷണങ്ങളായി ചിന്നിച്ചിതറി.പിടിച്ചു നിൽക്കാനൊരു ആശ്രയത്തിനായി ഭിത്തിയിൽ അള്ളിപ്പിടിച്ചു.
വീട്ടുകാരുടെ അറവുമാടായി തല കുനിച്ചു നിൽക്കാനുള്ള തീരുമാനം അറിയിച്ചപ്പോഴും അവൾ നിശബ്ദയായിരുന്നു.വിവാഹത്തെ കുറിച്ച് സംസാരിക്കുമ്പോൾ അവൾ ഷോക്കിലായിരുന്നു.നിറയുന്ന കണ്ണുകളുമായി ദക്ഷിത പിന്തിരിയുമ്പോഴും കണ്ണുകളിൽ ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ ഉണ്ടായിരുന്നു.
“വിവാഹം കഴിക്കാനല്ലെങ്കിൽ പിന്നെന്തിനാണ് സ്നേഹിച്ചത്..”
ഇപ്പോഴും ഇന്നലെയെന്നത് പോലെയെല്ലാം ജീവന്റെ മനസ്സിൽ തെളിഞ്ഞു.
“എനിക്ക് വയ്യ ജീവൻ ഒരു പെൺകുട്ടിയുടെ ശാപം പേറിയിങ്ങനെ ജീവിക്കാൻ. ഈശ്വരൻ പോലും എന്നോട് ക്ഷമിച്ചിട്ടില്ല.തന്നെയുമല്ല ഒരു കുഞ്ഞിക്കാല് കാണാൻ ജീവന് ആഗ്രഹമില്ലേ.ഈ ജന്മത്ത് പ്രഗ്നന്റ് ആകാൻ എനിക്ക് താല്പര്യമില്ല.ദക്ഷിതയെ വിവാഹം കഴിച്ചാൽ നമുക്ക് രണ്ടു പേർക്കും ഒരുപോലെ ശാപമോക്ഷം ലഭിക്കും.നിങ്ങൾ ആഗ്രഹിച്ചൊരു ജീവിതവും ലഭിക്കും.തന്നതൊന്നും തിരിച്ച് നൽകുകയും വേണ്ടാ നിങ്ങളുടെ വിവാഹം നടത്താനുള്ള ചെലവും ഞാൻ വഹിക്കാം”
അച്ഛൻ ഏത് വിധത്തിലും ജീവനെ അപായപ്പെടുത്തുമെന്ന് സിദ്ദക്ക് അറിയാം.ഒരിക്കലും താൻ മൂലം അത് ഉണ്ടാകരുതെന്ന് അവൾ ആഗ്രഹിച്ചു.
ജീവൻ സിദ്ദയെ തുറിച്ചു നോക്കി.അവളുടെ മാറ്റം വിശ്വസിക്കാൻ പ്രയാസം തോന്നി.ഇത്രയും സൗമ്യമായി ഒരിക്കലും ഇവൾ സംസാരിച്ചു കണ്ടട്ടില്ല.
“എനിക്ക് വിശ്വസിക്കാൻ പ്രയാസം ഉണ്ട്.. ഡിവോഴ്സ് നടക്കില്ലെന്ന് ഉറപ്പായപ്പോൾ പുതിയ അടവുമായി വന്നതാണല്ലേ”
ചുണ്ടുകളിലെ പരിഹാസം മനസ്സിലായെങ്കിലും അതിനെ ന്യായീകരിക്കുവാൻ സിദ്ധ നിന്നില്ല.
“ദക്ഷിതയെ നേരിട്ടു കണ്ടാൽ നിങ്ങൾ വിശ്വസിക്കുമോ?”
“തീർച്ചയായും.. ആദ്യം എനിക്ക് അവളെ കാണിച്ചു താ”
“ശരി നമുക്ക് നാളെ പോകാം”
ലൈറ്റ് അണച്ചിട്ട് സിദ്ദ വന്നു കിടന്നു.ജീവൻ പ്രതിമയെ പോലെ തറഞ്ഞു നിന്നു. അവൾ പറഞ്ഞതൊന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല. എങ്കിലും എവിടെയോ ചെറിയ സ്പാർക്കുളളത് പോലെ.
കുറച്ചു കഴിഞ്ഞപ്പോൾ ജീവൻ വന്നു കിടന്നു.മനസ്സിൽ ദക്ഷിത നിറഞ്ഞങ്ങനെ നിൽക്കുകയാണ്.അവൾ തന്നോട് ക്ഷമിക്കുമോ? അവന്റെ മനസ്സ് വീണ്ടും പ്രക്ഷുബ്ധമായി.
പുറത്ത് കാറ്റ് ആഞ്ഞ് വീശുന്ന ശബ്ദം കേൾക്കാം.ഇടക്കിടെ വെള്ളിവെളിച്ചം ജനൽ ഗ്ലാസിൽ കൂടി മുറിയിൽ പ്രതിഫലിച്ചു.മിന്നലിനു അകമ്പടിയായി മേഘഗർജ്ജനങ്ങളും.മഴ തകർത്ത് പെയ്യാനുള്ള മുന്നൊരുക്കങ്ങൾ പ്രകൃതി ചെയ്തു തുടങ്ങി..
കാലത്തെ എഴുന്നേറ്റു കുളി കഴിഞ്ഞു ജീവനും സിദ്ദയും കൂടി യാത്ര തിരിച്ചു.സമയം പിന്നിടുമ്പോഴും അവൻ അവളുടെ മുഖത്തേക്ക് നോക്കി. ടൗൺ വിട്ട് കാറ് ഗ്രാമത്തിലേക്ക് പ്രവേശിച്ചു. അവിടെ നിന്ന് ചെറിയ റോഡിലൂടെ കാറ് പിന്നെയും മുന്നോട്ട് നീങ്ങി.റോഡ് ചെന്ന് അവസാനിച്ചത് വാർത്ത ഒരു ഒറ്റനിലയിൽ പണി കഴിപ്പിച്ച മനോഹരമായൊരു വീടിന്റെ മുറ്റത്ത് ആയിരുന്നു.
സിദ്ധ പുറത്തേക്ക് ഇറങ്ങിയപ്പോൾ കൂടെ ജീവനും ഇറങ്ങി.അവനാകെ അമ്പരപ്പിലായിരുന്നു.തന്റെ വിവാഹം കഴിഞ്ഞതോടെ ദക്ഷിതയും കുടുംബവും നാടും വീടും ഉപേക്ഷിച്ച് പോയി എന്നാണ് പിന്നീട് അറിഞ്ഞത്.പിന്നീട് അവളെ തിരക്കിയട്ടില്ല.
“കയറി വരൂ”
സിദ്ധ ക്ഷണിച്ചതോടെ ജീവനും പിന്നാലെ വന്നു. മുൻ ഭാഗത്ത് ആരെയും കാണാത്തതിനാൽ സിദ്ദ ഉറക്കെ വിളിച്ചു..
“ഇവിടെ ആരുമില്ലേ”
കുറച്ചു കഴിഞ്ഞപ്പോൾ വൃദ്ധയായൊരു സ്ത്രീ വന്ന് കതക് തുറന്നു. ചിരപരിചിതയെ പോലെ സിദ്ദയെ നോക്കി അവർ ചിരിച്ചു.
“ദക്ഷിത എവിടെ”
“കുഞ്ഞ് കിടക്കുവാ.മോള് കയറി വാ”
വൃദ്ധ ക്ഷണിച്ചതോടെ അവർ ആ വീട്ടിലേക്ക് കയറി. മുന്നിലുള്ള കസേരകളിൽ സിദ്ദയും ജീവനും ഇരുന്നു.
“ഞാൻ ചായ എടുക്കാം”
വൃദ്ധ അടുക്കളയിലേക്ക് പോയപ്പോൾ സിദ്ധ എഴുന്നേറ്റു അടുത്തുള്ള ഒരു മുറിയിൽ കയറി.. ജീവനത് ശ്രദ്ധിക്കുകയും ചെയ്തു. സിദ്ധക്ക് ഇവിടെ നല്ല പരിചയമുള്ളത് പോലെ അവന് തോന്നി.
ജീവനാകെ അസ്വസ്ഥതനായി.ദക്ഷിതയെ കാണാതെ മനസ്സ് പിടഞ്ഞു.ചെയ്തു പോയ തെറ്റിന് ഒരിക്കൽ കൂടി മാപ്പ് ചോദിക്കണം.എങ്കിലേ തനിക്ക് സമാധാനം ലഭിക്കൂ.
സ്നേഹിച്ച പെൺകുട്ടിയെ കരയിപ്പിച്ചതിന് ദൈവം തന്ന ശിക്ഷയാണ് സിദ്ധയുമായുളള ലൈഫ്.പൊരുത്തപ്പെടാൻ കഴിയില്ലെന്ന് അറിയാമായിരുന്നിട്ടും സ്വയം ബലിയാടാകാൻ തീരുമാനിച്ചു.
വൃദ്ധ ചായ കൊണ്ട് വന്ന് ജീവനു കൊടുത്തു..അവനു ചായ കുടിക്കാൻ തോന്നിയില്ല.ദക്ഷിതയെ കാണാതെ മനസ്സ് വേവുകയായിരുന്നു.
ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ ദക്ഷിത അവിടേക്ക് വന്നു.കസേരയിൽ നിന്ന് ജീവൻ പിടഞ്ഞ് എഴുന്നേറ്റു.. അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അവൻ ശ്രദ്ധിച്ചു.സിദ്ദ വഴക്ക് പറഞ്ഞതായിരിക്കുമെന്ന് അവൻ കരുതി..
“എന്നോട് ക്ഷമിക്കണം”
പറയാനായി ജീവൻ വായ് തുറന്ന നിമിഷത്തിൽ അകത്ത് നിന്ന് സിദ്ദ ഇറങ്ങി വന്നു.. അവളുടെ തോളിൽ രണ്ടു വയസ്സ് പ്രായമുള്ളൊരു പെൺകുഞ്ഞ് ഉണ്ടായിരുന്നു….
ദക്ഷിതയുടെ വിവാഹം കഴിഞ്ഞട്ടില്ലെന്നാണല്ലോ സിദ്ധ പറഞ്ഞതെന്ന് നടുക്കത്തോടെ അവനോർത്തു.അപ്പോൾ അവൾ കളളം പറഞ്ഞതാണ്.. ദക്ഷിത വിവാഹിതയാണ്.ജീവനിലൊരു ഞെട്ടലുണ്ടായി..
“ജീവൻ ഞെട്ടുകയൊന്നും വേണ്ട ദക്ഷിത വിവാഹിതയല്ല”
അവന്റെ മനസ്സിലെ ആശങ്ക മനസ്സിലാക്കി അവൾ സിദ്ധ പറഞ്ഞു. അതോടെ മനസ്സിൽ വീണ്ടും സംശയത്തിന്റെ വിത്ത് മുളച്ചു..
“ദക്ഷിതയുടെ കുഞ്ഞ് അല്ലെങ്കിൽ പിന്നെ ആരുടേതാണ് ഈ പെൺകുട്ടി.. തന്റെ അറിവിൽ ദക്ഷിത ഒരേയൊരു മകളാണ്.. അവളുടെ അച്ഛനും അമ്മയും എവിടെ?
അങ്ങനെ ഒരായിരം സംശയങ്ങൾ മനസ്സിൽ ഉടലെടുത്തു.. അവന്റെ ആശങ്കകൾക്ക് വിരാമമിട്ടു കൊണ്ട് സിദ്ധ സത്യം തുറന്നു പറഞ്ഞു..
” ഇത് ജീവന്റെ കുഞ്ഞാണ്..രണ്ടു വർഷങ്ങൾക്കു മുമ്പ് നിങ്ങൾ ദക്ഷിതക്കായി സമ്മാനിച്ചത് ”
ജീവനിലൊരു വിസ്ഫോടനം നടന്നു…അതിന്റെ ആഘാതത്തിൽ തകർന്നു വീഴാതിരിക്കാനായി കസേരയിൽ കൈകൾ ഉറപ്പിച്ചു പിടിച്ചു അങ്ങനെ നിന്നു….
(തുടരും”
സിദ്ധയെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ വരും പാർട്ടുകളിൽ ഉണ്ടാകും..അധികം താമസിയാതെ കഥ അവസാനിപ്പിക്കാം കേട്ടോ….
(തുടരും)