പ്രണയവിഹാർ: ഭാഗം 11

Spread the love

നോവൽ: ആർദ്ര നവനീത്‎


തന്റെ ശരീരത്തിലിപ്പോഴും അവന്റെ വിയർപ്പിന്റെ ഗന്ധം തങ്ങി നിൽക്കുന്നതായി അവൾക്ക് തോന്നി.
മുളങ്കാടുകൾക്കിടയിൽ ചെറിയ പാറയുടെ പുറത്തായി ഇരിക്കുകയാണ് മൊഴി.
ചുറ്റിലും നാല് കുട്ടികളും നിൽപ്പുണ്ട്‌.

വീണ്ടുമവൾ ചാലിലേക്കിറങ്ങി മുഖം കഴുകി.
കരഞ്ഞുകരഞ്ഞ് അവളുടെ മുഖം ചുവക്കുകയും ശബ്ദം അടയുകയും ചെയ്തിരുന്നു.
പതംപറഞ്ഞ് കരഞ്ഞുകൊണ്ടവൾ തന്റെ പ്രവൃത്തി തുടർന്നു.

മൊഴിയേച്ചീ കരയാതെ.. നമുക്ക് ചിന്നപ്പമാമയോട് പറയാം.

മൊഴി ഞെട്ടിത്തിരിഞ്ഞു.

വേണ്ടാട്ടോ കല്യാണി..
അപ്പയും അമ്മയും അറിയേണ്ട.
എന്തെങ്കിലും പ്രശ്നമുണ്ടായാൽ നിക്ക് ആലോചിക്കാൻ കൂടിയാകുന്നില്ല.
എന്ത് അഹമ്മതിയാ ആ ചെക്കൻ കാണിച്ചത്.. അവൾ ഏങ്ങി.

പാവം.. ആ ചേട്ടനും ചേച്ചിമാരുമെല്ലാം കരയ്ക ആയിരുന്നു..തേന്മൊഴി എന്ന പന്ത്രണ്ട് വയസ്സോളം പ്രായം തോന്നുന്ന കുട്ടി ആവലാതിപ്പെട്ടു.

മൊഴിയുടെ മനസ്സിലും അവന്റെ മുഖമായിരുന്നു.
ശ്രീക്കുട്ടീ… എന്ന ആ വിളിയിൽ അടങ്ങിയിരുന്ന പ്രണയവും കരുതലും വേദനയുമെല്ലാം ഇപ്പോഴും ചെവിക്കരികിൽ മുഴങ്ങുന്നുണ്ടെന്നവൾക്ക് തോന്നി.

ആരായിരിക്കും ശ്രീക്കുട്ടി.?

അയാളെന്തിനാ എന്നെ ശ്രീക്കുട്ടിയെന്ന് വിളിച്ചത്.?

ആള് മാറിയതാകുമോ.?

അയാളെന്തിനാകും കരഞ്ഞത്.?

അയാളുടെ ആരാകും ശ്രീക്കുട്ടി. അയാളിത്രയേറെ സ്നേഹിക്കണമെങ്കിൽ ഇത്രമാത്രം അവൾക്കുവേണ്ടി കരയണമെങ്കിൽ അവർ തമ്മിലുള്ള ബന്ധമെന്താകും?

ഒരായിരം ചോദ്യങ്ങൾ അവൾക്കുള്ളിൽ ഉയർന്നു.
ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് അതെല്ലാമെന്ന് തനിക്കറിയാമായിരുന്നിട്ടും..

മൊഴീ…

മൊഴിയേച്ചീ സീതമാമി..
ശങ്കു ചാടിയെഴുന്നേറ്റു.

ദാവണിത്തുമ്പുകൊണ്ട് അവൾ മുഖം അമർത്തി തുടച്ചു.

അപ്പോഴേക്കും സീതമ്മ അവിടെയെത്തിയിരുന്നു.

എവിടെയെല്ലാം ഞാൻ നോക്കിയെന്നോ.
വെപ്രാളം പിടിച്ച് ഓടിവരികയാ.. സാരിയുടെ തുമ്പുകൊണ്ട് മുഖത്തെ വിയർപ്പുമണികൾ തുടച്ചു മാറ്റിയവർ പറഞ്ഞു.

അയ്യോ.. ഇതെന്താ മുഖമെല്ലാം ചുവന്നിരിക്കണത്.
കരഞ്ഞോ നീയ്..
അവർ ആധി പൂണ്ടു.

എന്തോ പറയാൻ വന്ന ശങ്കുവിന്റെ കൈയിൽ വേലു കൈയമർത്തി കണ്ണുകൊണ്ട് പറയരുതെന്ന് ആംഗ്യം കാണിച്ചു.

അത്.. അത് അമ്മേ
അവിടെ അവിടെയൊരു പാമ്പ്.. അവൾ വിക്കിക്കൊണ്ട് പറഞ്ഞു.

അയ്യോ.. എന്തേലും പറ്റിയോ.. അവളുടെ കാലുകൾ പരിശോധിച്ചുകൊണ്ട് അവൾ ചോദിച്ചു.

ഇല്ലമ്മേ.
പെട്ടെന്ന് മുൻപിലൂടെ പോയപ്പോൾ പേടിച്ചു പോയി. അത്രേയുള്ളൂ..
അവളവരെ സമാധാനപ്പെടുത്തി.

ഈ കുട്ട്യോളുടെ കൂടെ തുള്ളിച്ചാടി നടക്കരുതെന്ന് പറഞ്ഞാൽ കേൾക്കില്ലല്ലോ നീയ്..
ഇനിയങ്ങോട്ടൊന്നും പോകേണ്ട.
കരഞ്ഞുകരഞ്ഞ് മുഖമെല്ലാം ചുവന്നു.
ശബ്ദവും അടഞ്ഞു.
കുറച്ചു ദിവസം കഴിഞ്ഞാൽ എന്താ വിശേഷമെന്ന് ഞാൻ പറയാതെ അറിയാവുന്ന കുട്ടിയാ..
വല്ല അസുഖവും പിടിക്കേണ്ട വാ…
അവരവളെ കൈയിൽ പിടിച്ച് വീട്ടിലേക്ക് വലിച്ച് കൊണ്ടുപോയി .

ഇതേസമയം പൊന്നിമലയിലേക്ക് കയറിപറ്റുവാനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയായിരുന്നു മുരുകൻ.

വെറുതെ ഒരു കാരണവുമില്ലാത്തെ അവിടേക്ക് കയറിച്ചെല്ലുവാൻ പറ്റില്ല .
ഞാൻ പറഞ്ഞില്ലേ ചുരുക്കം ചിലർ മാത്രമേ അവിടെയുള്ളൂ പക്ഷേ അവരിവിടെ താമസിക്കുന്നുവെങ്കിൽ അത്രമാത്രം ആ സ്ഥലവുമായി അവരെ പറിച്ചു മാറ്റാൻ പറ്റാത്തതെന്തോ ഉണ്ട്.

അത് കണ്ടെത്തുക എന്നതല്ലല്ലോ നമ്മുടെ വിഷയം.
മൊഴി.. കേവലം ശ്രീക്കുട്ടിയുടെ രൂപസാദൃശ്യം മാത്രമാണോ അവൾക്കുള്ളത്.?
അതല്ല അവൾ ശ്രീക്കുട്ടിയാണെങ്കിൽ എന്ത് കൊണ്ടവൾ നമ്മളിൽ നിന്നും അകലുന്നു.
ഇതിന്റെ ഉത്തരങ്ങൾ അതാണ് നമുക്ക് വേണ്ടത്.. ആലോചനയോടെ ദീപു പറഞ്ഞു.

പക്ഷേ എന്ത് പറഞ്ഞ് നമ്മൾ അങ്ങോട്ട് പോകും.
നമ്മൾ പോയി ചോദിച്ചാലുടൻ അവർ മൊഴിയെപ്പറ്റി നമുക്ക് പറഞ്ഞു തരണമെന്നില്ലല്ലോ.. ആവണി സംശയം ഉന്നയിച്ചു.

വിഹാൻ പതിയെ ചിരിച്ചു.
ഒരിക്കലും ഇല്ല ആവണീ.
അവർ മൊഴിയെപ്പറ്റി നമ്മളോടൊന്നും പറയില്ല.
പകരം അവൾ മൊഴിയല്ല ശ്രീക്കുട്ടിയാണെങ്കിൽ അവരവളെ മറച്ചു പിടിക്കാനേ ശ്രമിക്കൂ.
അത് കണ്ടുപിടിക്കുക എന്നത് മാത്രമാണ് നമ്മുടെ ജോലി..
അവിടെ കയറിപ്പറ്റേണ്ട വഴിയാണ് നമ്മളിപ്പോൾ ആലോചിക്കേണ്ടത്..

വരുന്നയാഴ്ച അവരുടെ മുത്തിയമ്മൻ കോവിലിൽ ഉത്സവമാണ്.
മൂന്നുവർഷത്തിലൊരിക്കൽ അവർ നടത്തി വരുന്ന ഉത്സവം.
പാട്ടും ആഘോഷവുമായി അവർ കൊണ്ടാടുന്ന അവരുടെ ഉത്സവം.
അന്നത്തെ ദിവസം ആത്മാർഥതയോടെ ആര് എന്താവശ്യപ്പെട്ടാലും മുത്തിയമ്മൻ അത് നടത്തി കൊടുത്ത് അവരെ അനുഗ്രഹിക്കുമെന്നാണ് വിശ്വാസം.
അമ്മന്റെ നടയിലെ താലിച്ചോട്ടിൽ നിന്നും മഞ്ഞത്താലി അണിയുന്നവർ മരണത്തിൽ പോലും ഒരുമിച്ചാകുമെന്നാണ് വിശ്വാസം.
സ്നേഹവും ഐശ്വര്യവും മാത്രം നിറഞ്ഞു നിൽക്കുന്ന ദാമ്പത്യവും സന്താനഭാഗ്യവുo നൽകിയാണ് അമ്മൻ അവരെ അനുഗ്രഹിക്കുക.
അടുത്ത പ്രാവശ്യത്തെ ഉത്സവത്തിൽ അവർ സന്താനത്തോടൊപ്പം പങ്കെടുത്താൽ തലമുറകളോളം അമ്മൻ അനുഗ്രഹം നീണ്ടുനിൽക്കുമെന്നാണ് പറയപ്പെടുന്നത്.
മുരുകൻ പറഞ്ഞു നിർത്തി.

നിശബ്ദമായ നിമിഷങ്ങൾ.
എല്ലാവരിലും നിറഞ്ഞു നിന്നത് പൊന്നിമലയും ശ്രീക്കുട്ടിയും മാത്രം.

നമുക്ക് പോകാം പൊന്നിമലയിലേക്ക്.
മുരുകണ്ണന്റെ പരിചയത്തിലുള്ളവരാണ് ഞങ്ങൾ. അണ്ണനിൽ നിന്നും കേട്ടറിഞ്ഞ പൊന്നിമലക്കാടും അമ്മനും.
അമ്മൻ സന്നിധിയിൽ വച്ച് വിവാഹിതരാകാൻ വന്നവരാണ് ഞങ്ങൾ..
സഞ്ജുവിന്റെ വാക്കുകൾക്കാണ് നിശബ്ദത ഭേദിച്ചത്.

എന്ത്‌ വിഡ്ഢിത്തമാണ് സഞ്ജു നീ പറയുന്നത്. ദൈവം ഓരോരുത്തരുടെയും വിശ്വാസമാണ്. എന്തിന്റെ പേരിലാണെങ്കിലും വിശ്വാസത്തെ വച്ചു കളിക്കാൻ ഞാൻ സമ്മതിക്കില്ല. കുട്ടിക്കളിയല്ല ഇത്.
വിവാഹം എന്നത് പവിത്രമായ ഉടമ്പടിയാണ്.
ക്ഷേത്രത്തിൽ വച്ച് താലി കെട്ടുക എന്ന് നുണ പറഞ്ഞ് അവിടെ കയറിപ്പറ്റേണ്ട കാര്യമില്ല. മറ്റെന്തെങ്കിലും വഴി നമുക്ക് ആലോചിക്കാം.. വിഹാന്റെ ശബ്ദം ഉയർന്നു.

സഞ്ജുവൊന്ന് പുഞ്ചിരിച്ചു.
ആരുടെയും വിശ്വാസങ്ങളെ പുച്ഛിച്ചു തള്ളില്ല ഞാൻ .. ഞാൻ പറഞ്ഞത് സത്യമാണ് വരുന്ന അമ്മൻ ഉത്സവത്തിന്റെയന്ന് വിവാഹമെന്ന് പറഞ്ഞതും കളിയല്ല.
പവിത്രമായ താലി അത് വച്ച് സഞ്ജു കളിക്കാറുമില്ല.
അതൊരു വാഗ്ദാനമാണെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്.
അന്നവിടെ വച്ച് വിവാഹിതരാകുന്നത് ഞങ്ങളാണ്.
സഞ്ജയും ഐഷാനിയും..

ഐഷുവിന്റെ കണ്ണുകൾ മിഴിഞ്ഞു.

നിന്റെ സമ്മതം കൂടിയെനിക്ക് വേണം ഐഷൂ.
പരസ്പരം പ്രണയിക്കുന്നവരാണ് നമ്മൾ.
നിന്റെ സമ്മതമില്ലാതെ ഞാൻ താലി കെട്ടില്ല നിന്റെ കഴുത്തിൽ.
നമ്മുടെ വിഹാനും ശ്രാവുവിനും വേണ്ടി അത് നടക്കണ്ടേ.
എനിക്കറിയാം എല്ലാവരുടെയും അനുഗ്രഹത്തോടെ നിറഞ്ഞ സദസ്സിന് മുൻപിൽ വച്ച് എന്റേതാകുന്ന നിമിഷമാണ് നിന്റെയുള്ളിൽ.
കൊട്ടും മേളവുമില്ലാതെ ഉറ്റവരുടെയും ഉടയവരുടെയും അസാന്നിധ്യത്തിൽ ഒരു വിവാഹം നിന്നെക്കൊണ്ട് ഉൾക്കൊള്ളാനാകുമോ.?
പറയ്… നിന്റെ തീരുമാനം.

വിഹാന്റെ കണ്ണുകൾ നനഞ്ഞു.
തന്റെ പ്രണയത്തിനുവേണ്ടി കൂടെ നിൽക്കുന്നവർ.. ഇപ്പോൾ അതിനുവേണ്ടി ആഗ്രഹങ്ങൾ മാറ്റി നിർത്തിയൊരു വിവാഹവും..

എല്ലാവരുടെയും കണ്ണുകൾ ഐഷുവിലായിരുന്നു. അവളുടെ മറുപടിക്കായവർ കാതോർത്തു.

എന്നോ ഒന്നുചേർന്നതാണ് നമ്മുടെ മനസ്സുകൾ.
നിറഞ്ഞ സദസ്സിന് മുൻപിൽ വച്ച് നിന്റെ പെണ്ണായി മാറുന്ന നിമിഷം ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്.
പക്ഷേ ആഗ്രഹിച്ചതെല്ലാം നേടിയാൽ അത് ജീവിതമാകില്ലല്ലോ.
ഒളിച്ചോടി വന്നവരല്ല നമ്മൾ.. വീട്ടുകാരെ വെറുപ്പിച്ചും വന്നവരല്ല.
കാര്യങ്ങൾ പറഞ്ഞാൽ അവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
അവരുടെ മനസ്സും അനുഗ്രഹവും നമ്മുടെ കൂടെ കാണുമല്ലോ.
മുരുകണ്ണൻ പറഞ്ഞതുപോലെ അമ്മന്റെ അനുഗ്രഹം കിട്ടുമെങ്കിൽ അതില്പരം എന്ത് വേണം.
മരണത്തിൽ പോലും നമുക്ക് ഒരുമിച്ച് പോകാൻ പറ്റുന്നതിലും ഭാഗ്യം മറ്റെന്തുണ്ട്.
അതിലുപരി എന്റെ ശ്രാവുവും വിഹാനും.
വയ്യെടാ ഇവനിങ്ങനെ നീറി നീറി കഴിയുന്നത് കാണാൻ.
നിന്റെ കൂടെ ഞാനുണ്ട് സഞ്ജു. അവളുടെ കൈകൾ അവന്റെ കൈകളിൽ അമർന്നു.

ഓടിച്ചെന്ന് സഞ്ജുവിനെയും ഐഷുവിനെയും ചേർത്ത് പിടിക്കുമ്പോൾ നിറഞ്ഞു തുളുമ്പിയിരുന്നു വിഹാന്റെ കണ്ണുകൾ.

നിങ്ങളുടെ ആഗ്രഹങ്ങൾ മാറ്റിവച്ചിട്ട് ഞങ്ങൾക്ക് വേണ്ടി… വാക്കുകൾ കിട്ടാതെ വിതുമ്പിപ്പോയി വിഹാൻ.

പോടാ… ത്യാഗമൊന്നുമല്ല.
പിന്നെ വീട്ടുകാർ അവർക്ക് കാര്യം പറഞ്ഞാൽ മനസ്സിലാകും.
റിസപ്ഷൻ അറേഞ്ച് ചെയ്യും അവർ പിന്നീട്.
ഇവിടുന്ന് പോകുമ്പോൾ നിന്റെ ശ്രീക്കുട്ടി നിന്റെ കൂടെ കാണും.

ദീപുവിനെയും ആവണിയെയും ചേർത്ത് പിടിച്ചവർ നിന്നു… ഒരേ മനസ്സോടെ..
നിറഞ്ഞുവന്ന മിഴികൾ മുരുകൻ തിരിഞ്ഞു നിന്ന് തുടച്ചു.

ഈ സൗഹൃദമൊക്കെ വല്യ സംഭവം തന്നെയാ. ശരിക്കും പറഞ്ഞാൽ ജിന്ന്.
ആരെയും മോഹിപ്പിക്കുന്ന ജിന്ന്.
കൂരിരുട്ടിൽ വെളിച്ചമാകേണ്ടവനാണ് സുഹൃത്തെന്ന് ആരോ പറഞ്ഞത് എത്ര ശരിയാണ്.
ഈ ഭൂമിയിൽ മൂർച്ചകൂടിയ മറ്റൊന്നുണ്ടെങ്കിൽ അത് സൗഹൃദം തന്നെയാകാം.
സൗഹൃദം എന്നാൽ എങ്ങനെ ആയിരിക്കണം എന്ന സംശയങ്ങൾക്കെല്ലാമുള്ള ഉത്തരം ഇവർ തന്നെയാണ്.
വ്യത്യസ്ത ജീവിതരീതികളിൽ നിന്നും വ്യത്യസ്ത കാഴ്ചപ്പാടുകളിൽ നിന്നും വന്ന് ഒന്നായിച്ചേർന്നവർ.
മനസ്സ് തൊട്ടറിഞ്ഞ ദേ ഇതുപോലത്തെ സൗഹൃദങ്ങളുണ്ട്. പുണ്യം ചെയ്ത പിള്ളേർ.. അയാൾ മന്ത്രിച്ചു.

(തുടരും )

..

പ്രണയവിഹാർ: ഭാഗം 1

പ്രണയവിഹാർ: ഭാഗം 2

പ്രണയവിഹാർ: ഭാഗം 3

പ്രണയവിഹാർ: ഭാഗം 4

പ്രണയവിഹാർ: ഭാഗം 5

പ്രണയവിഹാർ: ഭാഗം 6

പ്രണയവിഹാർ: ഭാഗം 7

പ്രണയവിഹാർ: ഭാഗം 8

പ്രണയവിഹാർ: ഭാഗം 9

പ്രണയവിഹാർ: ഭാഗം 10

-

-

-

-