Saturday, December 14, 2024
Novel

ശ്രീശൈലം : ഭാഗം 7

നോവൽ
എഴുത്തുകാരി: ശ്രുതി അനൂപ്‌

“പറയെടീ ശ്രീ അമ്മയെന്താ പറഞ്ഞെന്ന്”

ഞാൻ അവളുടെ മുഖം എനിക്ക് നേരെ തിരിച്ചു.ശ്രീയുടെ മുഖത്തൊരു കളളച്ചിരി ഞാൻ കണ്ടു.

“എന്റെ മരുമോളാകുന്നോന്ന്”

അവൾ നാണത്താൽ മുഖം പൊത്തി.എനിക്കും തോന്നിയിരുന്നു അമ്മയുടെ ചില വാക്കുകളിൽ അതിനുള്ള സൂചന ഉണ്ടായിരുന്നു.

“എന്നിട്ട് നീയെന്ത് പറഞ്ഞു”

ആകാംഷയായിരുന്നു എനിക്ക് അവളുടെ മറുപടി അറിയാൻ..

“ഞാനെന്ത് പറയാൻ.ഒന്നും പറഞ്ഞില്ല”

“അത് കളളം”

“കളളമല്ലെടീ.സത്യമാണ് പറഞ്ഞത്”

ശ്രീക്കുട്ടി പറയണത് സത്യമാണെന്ന് എനിക്ക് തോന്നി..

“അതൊക്കെ പോട്ടേ നിന്റെ മനസിലെന്താണ്”

“എന്റെ മനസിൽ ഇതുവരെ അങ്ങനെയൊന്നും ഇല്ല”

“നിനക്ക് എന്റെ ഏട്ടന്റെ പെണ്ണായിട്ട് വന്നൂടെ”

എന്റെ അപ്രതീക്ഷിതമായ ചോദ്യം കേട്ട് ശ്രീക്കുട്ടി അമ്പരന്നു പോയി.

“നിനക്കെന്താടീ ശൈലി വട്ടാണോ? അതോ എന്റെ മനസ് അറിയാനുള്ള ആഗ്രഹമോ?”

“ഹേയ് ഞാൻ കാര്യമായിട്ടാണ് പറഞ്ഞത്”

ശ്രീക്കുട്ടി എന്റെ ഏട്ടത്തിയമ്മയായി വരുന്നത് എനിക്ക് ഇഷ്ടമാണ്. അതാണ് അവളോട് അങ്ങനെ ചോദിച്ചതും.

“ഏട്ടന്റെ മനസ് അല്ലേ ആദ്യം അറിയേണ്ടത്.വെറുതെ ആശിച്ച് നടന്നില്ലെങ്കിൽ എനിക്ക് സങ്കടമാകും ശൈലി”

ശരിയാണ് ശ്രീക്കുട്ടി പറയുന്നത്. ഏട്ടന്റെ ഇഷ്ടം കൂടി അറിയണം.

“അതൊക്കെ ഞാൻ ഏറ്റെടീ.ബട്ട് അതിനു മുമ്പ് എനിക്ക് ആര്യനെ കുറിച്ച് അറിയണം ”

ഞാൻ ആര്യനെ കുറിച്ച് സൂചിപ്പിച്ചതോടെ ശ്രീക്കുട്ടി നിശബ്ദയായി.അവൾ പെട്ടെന്ന് തിരിഞ്ഞ് കിടന്നു.സങ്കടപ്പെടുത്തെണ്ടെന്ന് കരുതി പിന്നെയൊന്നും ചോദിച്ചില്ല.

രാവിലെ എഴുന്നേൽക്കാൻ താമസിച്ചു. ശ്രീക്കുട്ടിയാണ് എന്നെ വിളിച്ചു എഴുന്നേൽപ്പിച്ചത്. അവളുടെ കയ്യിൽ ബെഡ് കോഫിയും പത്രവും ഉണ്ടായിരുന്നു.

“ഡീ ഒന്ന് എഴുന്നേറ്റേ..ഒരു സ്പെഷ്യൽ ന്യൂസ് ഉണ്ട്”

ശ്രീ വിളിച്ചപ്പോഴൊക്കെ ഞാൻ ഒന്നുകൂടി ഉറങ്ങാൻ ശ്രമിച്ചു. വീണ്ടും അവളെന്നെ തട്ടി വിളിച്ചതോടെ മടിച്ചു ഞാൻ എഴുന്നേറ്റു.

“ബെഡ് കോഫി താ”

ഞാൻ കൈനീട്ടിയെങ്കിലും എനിക്ക് അത് തന്നില്ല.

“എഴുന്നേറ്റു പല്ല് ബ്രഷ് ചെയ്തിട്ടു വാ”

ശ്വാസന കിട്ടിയതോടെ ബ്രഷുമെടുത്ത് ഞാൻ ബാത്ത് റൂമിൽ കയറി. തിരികെ വരുമ്പോൾ എന്റെ ബെഡ് കോഫി ശ്രീ കുടിച്ചു കൊണ്ട് ഇരിക്കുന്നു.

“എടീ ദുഷ്ടേ ഇതിനാണോ നീ എന്നെ…”

അവളൊന്ന് ചിരിച്ചു.

“ഇത് എനിക്കുളളതാ.നിനക്ക് വേണമെങ്കിൽ അടുക്കളയിൽ ചെന്ന് എടുത്ത് കുടിക്കാൻ അമ്മ പറഞ്ഞു”

ഞാൻ അവളെ കോക്രി കാണിച്ചിട്ട് അമ്മയുടെ അടുത്ത് ചെന്നു.

“അമ്മേ ചായ”

“വേണമെങ്കിൽ എടുത്തു കുടിക്കെടീ”

അമ്മ എന്നെ ചാടിച്ചതോടെ ഫ്ലാസ്ക്കിൽ നിന്ന് ചായ എടുത്തു ഞാൻ എന്റെ മുറിയിലേക്ക് പോയി.

“എന്താടീ അമ്മ വഴക്ക് പറഞ്ഞോ”

എന്റെ മുഖഭാവം കണ്ടതോടെ ശ്രീക്ക് കാര്യം പിടികിട്ടി.

“അമ്മയല്ലേ..സാരമില്ലന്നേ”

“അതൊക്കെ പോട്ടെ എന്താടീ സ്പെഷ്യൽ ന്യൂസ്”

എന്റെ ചോദ്യത്തിന് ഉത്തരമായി ശ്രീ പത്രം എനിക്ക് നേരെ നീട്ടി.അകത്തെ പേജിലെ വാർത്ത ശ്രദ്ധയിൽ പെട്ടതും ഞാൻ ഞെട്ടിപ്പോയി..

പ്രാർത്ഥനയുടെ ഏട്ടന്റെയും സുഹൃത്തിന്റെയും ചിത്രം വാർത്തക്കൊപ്പ്വ്ം ഉണ്ടായിരുന്നു. കൂടെ നിൽക്കുന്ന ആളുടെ പടം കണ്ടാണ് ഞാൻ ഞെട്ടിയത്..

“ങേ‌‌..കാർത്തി”

നടുക്കത്തോടെ ഞാൻ മുഖം ഉയർത്തി..

“പ്രാർത്ഥനയുടെ ഏട്ടന്റെ ഫ്രണ്ടാണ് കാർത്തി.മനസിലായില്ലേ”

“മം”

മെല്ലെ ഞാൻ മൂളി.എനിക്ക് അപ്പോഴും അതൊന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല.

“എന്തെങ്കിലും ആകട്ടേ നീ രക്ഷപ്പെട്ടൂന്ന് കരുതിയാൽ മതി.കുറെ നാളത്തേക്ക് അവന്റെ ശല്യം ഉണ്ടാകില്ല”

എന്തായാലും ശല്യം ഒഴിഞ്ഞ് പോയല്ലോ ഞാൻ ആശ്വസിച്ചു.രണ്ടു മൂന്ന് ദിവസം വേഗം കടന്നുപോയി…

അമ്മയും ശ്രീക്കുട്ടിയും തമ്മിൽ നല്ല കൂട്ടായി മാറി.പക്ഷേ ഏട്ടനും ശ്രീയും തമ്മിൽ അധികം അടുപ്പം ഉണ്ടായിരുന്നില്ല.

“നിങ്ങൾ ഇന്ന് വൈകിട്ട് പോണുണ്ടോ”

ഉച്ചക്ക് ഒരുമിച്ച് ഊണു കഴിക്കാൻ ഇരുന്നപ്പോൾ അച്ഛൻ തിരക്കി.

“വൈകിട്ട് പോകുവാ അച്ഛാ.വെളുപ്പിനെ എഴുന്നേറ്റു പോകേണ്ടി വരും.അവിടെ ചെല്ലുമ്പോൾ മടിയാകും രാവിലെ കോളേജിൽ പോകാൻ.”

“രാവിലെയാണെങ്കിൽ ഞാൻ ഡ്രോപ്പ് ചെയ്യാം”

ഏട്ടനാണ് പറഞ്ഞത്..

“ഏട്ടൻ നാളെ രാവിലെ പോകുവാണോ”

“അതെ..ചടങ്ങിനു വേണ്ടിയാണ് ഞാൻ വന്നത്”

“ശരി ഞങ്ങൾ ഏട്ടന്റെ കൂടെ വരാം”

അതാകുമ്പോൾ വെളുപ്പിനെ എഴുന്നേൽക്കണ്ടാ..ഏട്ടന്റെ കൂടെ പോയാൽ സുരക്ഷിതവുമാണ്..

രാവിലെ എഴുന്നേൽക്കണ്ടതിനാൽ ഞങ്ങൾ നേരത്തെ കിടന്നു.പുലർച്ചെ അമ്മ ഞങ്ങളെ വിളിച്ചു ഉണർത്തുകയും ചെയ്തു..

കൊച്ചുവെളുപ്പാൻ കാലത്തെ തണുത്ത വെളളത്തിലുളള കുളിയും കഴിഞ്ഞു ഞാനും ശ്രീക്കുട്ടിയും ഒരുങ്ങി ഇറങ്ങി. അമ്മ അച്ചാറും ഉപ്പേരി വറത്തതും കൂടി പായ്ക്ക് ചെയ്തു കൊണ്ട് വന്നു..

“മോളിനി എന്നാ വരിക”

യാത്ര പറയാൻ നേരം അമ്മ ശ്രീക്കുട്ടിയോടെ ചോദിച്ചു.

“ശൈലിയുടെ കൂടെ ഞാനും വരാം അമ്മേ”

അമ്മ ശ്രീക്കുട്ടിയെ ചേർത്തു നിർത്തി നിറുകയിൽ ഉമ്മവെച്ചു.രണ്ടു പേരും കുറച്ചു നേരം കരഞ്ഞു.

“അമ്മക്ക് ഒരാളെ ഇഷ്ടമായാൽ പിരിയാൻ നേരം കരച്ചിലാകും…

” അമ്മ പറഞ്ഞത് മോള് ആലോചിച്ച് വിവരം അറിയിക്കണം”

“ശരി അമ്മേ”

എനിക്ക് കാര്യം എന്താണെന്ന് അറിയാവുന്നതിനാൽ ഞാനൊന്നും മിണ്ടിയില്ല…ഞങ്ങൾ ഏട്ടന്റെ കൂടെ കോളേജിലേക്ക് യാത്ര തിരിച്ചു…

ഒമ്പത് മണിക്ക് മുമ്പേ ഞങ്ങൾ ഹോസ്റ്റലിൽ എത്തി.അവിടെ നിന്ന് നേരെ കോളേജിലേക്കും..

ഫസ്റ്റ് പിരീഡ് ജോൺ സാറിന്റെ ക്ലാസ് ആണ്. ഞങ്ങൾ സാറിനെ പ്രതീക്ഷിച്ച് ഇരിക്കുക ആയിരുന്നു.പക്ഷേ സാറിനു പകരം സുമുഖനായൊരു ചെറുപ്പക്കാരനാണ് ക്ലാസിലേക്ക് കയറി വന്നത്.

“ഞാൻ ജീവൻ.നിങ്ങളുടെ ജോൺ സാറിനു പകരം പുതിയതായിട്ട് വന്നതാണ്”

വന്നയാൾ സ്വയം പരിചയപ്പെടുത്തി. അപ്പോഴാണ് ഞങ്ങൾ അറിയുന്നത് ജോൺ സാർ ജോലി റിസൈൻ ചെയ്തെന്ന്..

“ശരി നമുക്ക് എല്ലാവർക്കും പരിചയപ്പെടാം”

ജീവൻ സാർ എല്ലാവരുമായി പെട്ടെന്ന് ചങ്ങാത്തം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ ക്ലാസ് വളരെ ലളിതമായിരുന്നു.ഞാൻ അറിയാതെ സർ പഠിപ്പിക്കുന്നത് ശ്രദ്ദ്ധിച്ചിരുന്നു..

സാറിന്റെ കണ്ണുകൾ ഇടക്കിടെ എന്നിൽ പതിയുന്നുണ്ടോന്ന് ഞാനൊരു നിമിഷം ശങ്കിച്ചു..

“ഡീ”

അടുത്തിരുന്ന ശ്രീക്കുട്ടിയെന്നെ മെല്ലെ തോണ്ടി..

“എന്താടീ”

“ജീവൻ സാറിനു നിന്നൊലൊരു കണ്ണുണ്ടല്ലോ”

‘ഒന്ന് പോടീ അങ്ങേർക്ക് വല്ല കിളിയും കാണും.ഇത്രയും സുന്ദരനായ ആൾക്ക് ലൈനില്ലെന്ന് പറയാൻ പറ്റില്ല.”

ഞാൻ അടക്കത്തിൽ പറഞ്ഞു..

“ഈശ്വരാ സാറിനു അവകാശിയായി ഒരു കിളിയും കാണരുതേ”

ഞാൻ മനസിൽ അങ്ങനെ ആണ് പ്രാർത്ഥിച്ചത്.

(തുടരും)

ശ്രീശൈലം : ഭാഗം 1

ശ്രീശൈലം : ഭാഗം 2

ശ്രീശൈലം : ഭാഗം 3

ശ്രീശൈലം : ഭാഗം 4

ശ്രീശൈലം : ഭാഗം 5

ശ്രീശൈലം : ഭാഗം 6