Saturday, September 14, 2024
Novel

ശ്രീശൈലം : ഭാഗം 5

നോവൽ
എഴുത്തുകാരി: ശ്രുതി അനൂപ്‌

എന്താണ് സംഭിവിച്ചതെന്ന് മനസിലാക്കാൻ എനിക്ക് കുറച്ചു നിമിഷങ്ങൾ വേണ്ടി വന്നു.ഞാൻ നോക്കുമ്പോൾ ശ്രീക്കുട്ടിയാകെ അമ്പരന്ന് നിൽക്കുകയാണ്.

“ഓ..സോറി”

ഞാൻ ചെറുക്കനോട് സോറി പറഞ്ഞിട്ട് ഒരുവെളള തോർത്തെടുത്ത് കൊടുത്തു. എല്ലാവർക്കും മുമ്പിൽ അബദ്ധക്കാരിയെപ്പോലെ നിന്നിരുന്ന ശ്രീക്കുട്ടിയെ വിളിച്ചു ഞാൻ എന്റെ മുറിയിലേക്ക് കൊണ്ടുപോയി..

“എന്ത് പറ്റി ശ്രീക്കുട്ടി”

ഞാൻ ചോദിച്ചെങ്കിലും മറുപടിയൊരു പൊട്ടിക്കരച്ചിൽ ആയിരുന്നു. കരഞ്ഞു തീരട്ടെയെന്ന് കരുതി ഞാനും കാത്തിരുന്നു.

കുറച്ചു സമയം കഴിഞ്ഞാണ് ശ്രീ കരച്ചിൽ നിർത്തിയത്.അവൾ ജനാലക്ക് അരികിൽ ചെന്ന് പുറത്തേക്ക് കണ്ണും നട്ടു നിന്നു.ഞാൻ അവളുടെ തോളിൽ കൈവെച്ചു..

“നിനക്ക് എന്ത് സങ്കടമാണെങ്കിലും ആരോടെങ്കിലും തുറന്നു സംസാരിച്ചാൽ കുറച്ചു ആശ്വാസം കിട്ടില്ലേ”

ശ്രീക്കുട്ടി എനിക്ക് അഭിമുഖമായി തിരിഞ്ഞു.

“എനിക്ക് നിന്നോടൊന്നും ഒളിപ്പിക്കാനില്ല ശൈലി.ഞാൻ എല്ലാം തുറന്നു പറയാം. കുറച്ചു കൂടി കഴിയട്ടെ”

എനിക്ക് ശ്രീയെ മനസിലാക്കാൻ കഴിയുമായിരുന്നു.ഞാനുടനെ അവളെ റൂമിൽ തനിച്ചാക്കിയട്ട് പുറത്തേക്കിറങ്ങി..

വാതിലിനു അടുത്ത് അമ്മ നിൽക്കുന്നത് കണ്ടിട്ട് ഞാനൊന്ന് ഞെട്ടി…

“എവിടെ ശ്രീ മോൾ”

ഞാൻ അകത്തേക്ക് വിരൽ ചൂണ്ടി..

“ശരി നീ വാ ..അവൾ കുറച്ചു റെസ്റ്റ് എടുക്കട്ടെ”

അമ്മ എന്നെയും വിളിച്ചു വീണ്ടും ഹാളിലെത്തി.എല്ലാവരും ഒന്നും സംഭവിക്കാത്ത പോലെയിരുന്നു സംസാരിക്കുന്നു.

“ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിലാകാം”

ചെറുക്കന്റെ കൂടെ വന്ന ദല്ലാൾ അങ്ങനെ മൊഴിഞ്ഞതോടെ ആര്യൻ ഇടയിൽ കയറി..

“ഹേയ്..എനിക്കൊന്നും സംസാരിക്കാനില്ല”

അയാളുടെ വെപ്രാളം എനിക്കു സംശയം തോന്നിത്തുടങ്ങി ..

“എനിക്ക് സംസാരിക്കണം”

ഞാൻ പെട്ടെന്ന് പറഞ്ഞു. അതോടെ ചെറുക്കനു എന്നോട് സംസാരിക്കാതിരിക്കാനുളള വഴിയടഞ്ഞു..

“വരൂ”

ഞാൻ മെല്ലെ പുറത്തേക്കിറങ്ങി.വടക്ക് വശത്തുള്ള പറമ്പിലേക്കാണ് ഞാൻ നടന്നത്.ധാരാളം മരങ്ങളുളളതിനാൽ നല്ല തണലുണ്ട്.സൂര്യപ്രകാശം ഏൽക്കില്ല…

ഞാൻ പറമ്പിന്റെ മദ്ധ്യത്തിലുള്ള മൂവാണ്ടൻ മാവിന്റെ കീഴിലേക്ക് കയറി നിന്നു.ആര്യൻ എനിക്ക് പിന്നിൽ കുറച്ചു അകലമിട്ടു നിന്നു..

കിഴക്ക് ഭാഗത്തെ വയലുകളിൽ നെൽക്കതിരുകൾ തല ഉയർത്തി നിൽക്കുന്നു. ഞങ്ങളുടെ പറമ്പിന്റെ തെക്ക് പടിഞ്ഞാറ് ഭാഗം സർപ്പക്കാവാണ്.ഇവിടെ നിന്നാൽ വ്യക്തമായത് കാണാം..

“എന്താണ് സംസാരിക്കാനുളളത്”

ആര്യന്റെ ശബ്ദത്തിലെ വിറയൽ എനിക്ക് മനസിലായി..

“എനിക്കൊന്നേ ചോദിക്കാനുള്ളൂ”

ഞാൻ ആര്യന്റെ മുഖത്ത് നോട്ടമുറപ്പിച്ചു.അയാളുടെ കണ്ണുകളിൽ ഭയത്തിന്റെ ഓളം വെട്ടുന്നത് ഞാൻ കണ്ടു..

“ശ്രീക്കുട്ടിയെ അറിയാമോ നിങ്ങൾക്ക്”

ഉത്തരം ലഭിക്കാൻ കുറച്ചു സമയം അയാൾ എടുത്തു.

“എനിക്ക് അറിയില്ല.ഞാനാദ്യമായിട്ട് കാണുവാണ് ആ കൊച്ചിനേ”

ആര്യൻ പറയുന്നത് കളളമാണെന്നാണു എനിക്ക് തോന്നിയത്.

“സത്യം പറയൂ..നുണ പറഞ്ഞിട്ട് തനിക്ക് എന്തുനേടാനാണ്”

ഞാൻ ചോദ്യം കടുപ്പിച്ചു.അയാൾ എന്റെ മുഖത്ത് നിന്ന് കണ്ണുകൾ മാറ്റിയിട്ട് എനിക്ക് പുറം തിരിഞ്ഞു നിന്നു.

“എനിക്കൊന്നും സംസാരിക്കാനില്ല”

അയാൾ മുന്നോട്ടു നടന്നു.ഓടിച്ചെന്ന് ആര്യനെ പിടിച്ചു നിർത്തി സത്യം പറയിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷേ എനിക്കാ സമയം ഒന്നിനും കഴിഞ്ഞില്ലെന്നാതാണു സത്യം..

ഈ കല്യാണം ഇങ്ങനെയെങ്കിലും ഒന്ന് ഒഴിയട്ടെന്ന് ഞാൻ സമാധാനിച്ചു.മണ്ണിനു മുകളിൽ തെളിഞ്ഞ് നിന്നിരുന്ന മൂവാണ്ടൻ മാവിന്റെ വേരുകളിൽ ഞാൻ ഇരുന്നു..

ആര്യനും കൂട്ടരും വന്ന കാറ് ഓടിമറഞ്ഞിട്ടാണു ഞാൻ അവിടെ നിന്ന് എഴുന്നേറ്റത്.അവർ പോയി കഴിഞ്ഞേ വീട്ടിലേക്കുള്ളൂന്ന് ഞാൻ തീരുമാനിച്ചിരുന്നു..

“ശൈലി ഡീ ശൈലി”

അമ്മയുടെ ഉറക്കെയുളള വിളിയൊച്ച ഞാൻ കേട്ടു..

“ദാ.. വരുന്നമ്മേ”

ഞാൻ പറമ്പിൽ നിന്ന് തറവാട്ടിലേക്ക് നടന്നു.അടുക്കളയിലൂടെ കയറി ഹാളിലെത്തി..

“എന്താ മോളേ നിന്റെ അഭിപ്രായം”

എന്നെ കണ്ടയുടനെ അച്ഛന്റെ ചോദ്യമെത്തി..

“അവരെന്ത് പറഞ്ഞു”

അച്ഛനോട് ഞാൻ മറുചോദ്യം ഉന്നയിച്ചു..

“അവർക്ക് നിന്നെ ഇഷ്ടമായി.നിന്റെ അഭിപ്രായം കൂടി അറിഞ്ഞിട്ടുവേണം എനിക്ക് മറുപടി കൊടുക്കാൻ”

“എനിക്ക് ഇഷ്ടമായില്ല അച്ഛാ”

എടുത്ത് അടിക്കുന്നത് പോലെയായിരുന്നില്ല എന്റെ മറുപടിയെങ്കിലും അച്ഛന്റെയും അമ്മയുടെയും മുഖം വാടുന്നത് ഞാൻ കണ്ടു..

“നമുക്ക് ഇവളുടെ താല്പര്യമണച്ഛാ വലുത്”

ഏട്ടൻ എനിക്ക് സപ്പോർട്ടിനായി എത്തിയതോടെ ഞാൻ രക്ഷപ്പെട്ടു.ശ്രീക്കുട്ടിയുടെ നിർബന്ധത്താലാണു ഏട്ടനെ ഞാൻ വരുതിയിലാക്കിയത്..

“ഏട്ടാ ഏട്ടന് ജാതകത്തിലൊക്കെ വിശ്വാസമുണ്ടോ?”

ഏട്ടനു ജ്യോത്സ്യം കലിപ്പാണെന്ന് എനിക്ക് നന്നായിട്ടറിയാം.ആൾ പുരോഗമന വാദിയാണ്..

“ഇല്ലെന്ന് നിനക്ക് അറിയാവുന്നതല്ലേ.പിന്നെന്തിനാടീ ഇങ്ങനെ ഒരു ചോദ്യം”

ഏട്ടൻ കണ്ണുരുട്ടിയെങ്കിലും ഞാൻ പിൻ വാങ്ങാൻ കൂട്ടാക്കിയില്ല..

“പിന്നെന്താ ഏട്ടൻ കൂടി എന്നെ കുരുതിക്ക് കൊടുക്കണത്”

ഏട്ടനൊന്ന് ഞെട്ടി.എനിക്ക് ചിരി വന്നെങ്കിലും ഞാൻ ഗൗരവത്തിൽ നിന്നു..

“എനിക്ക് വയസ്സ് പതിനെട്ട് പോലും ആയിട്ടില്ല.പഠിപ്പ് തീർന്നട്ടില്ല.ജോലിയായിട്ടില്ല.അതിനു മുമ്പേ എന്നെ വിവാഹം കഴിപ്പിച്ചു എല്ലാവരും ബാദ്ധ്യത തീർക്കുകയാണോ”

ചോദ്യത്തോടൊപ്പം തിരിഞ്ഞ് നിന്ന് കയ്യിൽ കരുതിയ വിക്സ് ഡപ്പയിൽ നിന്ന് ലേശമെടുത്ത് ഇരുകണ്ണിലും പുരട്ടി.ഡപ്പ ഒളപ്പിച്ചിട്ട് പൊട്ടിക്കരഞ്ഞു കൊണ്ട് ഞാൻ ഏട്ടനെ നോക്കി..

ചെറുപ്പം മുതലേ എന്റെ കണ്ണുനീര് കാണുന്നത് ഏട്ടനു ഇഷ്ടമല്ല.കൂടുതലും ഞാൻ എല്ലാവരുടേയും വഴക്കിൽ നിന്നും രക്ഷപ്പെടുന്നതും കണ്ണീരൊഴുക്കിയാണ്..

“നിനക്കിപ്പോൾ വിവാഹത്തിനു താല്പര്യമില്ല. അച്ഛന്റെ അടുത്ത് നീ അഭിപ്രായം പറയുക.സപ്പോർട്ട് ചെയ്യുന്ന കാര്യം ഞാൻ ഏറ്റൂ”

എനിക്ക് അത്രയും മാത്രം മതിയായിരുന്നു.ഏട്ടനൊരു താങ്ക്സും പറഞ്ഞു ഞാൻ അവിടെ നിന്നിറങ്ങി ശ്രീയുടെ അടുത്ത് വിവരം ധരിപ്പിച്ചിരുന്നു..

ഏട്ടന്റെ സപ്പോർട്ട് കൂടി ആയപ്പോഴേക്കും അച്ഛനും അമ്മയും വിവാഹത്തിനു താല്പര്യമില്ലെന്ന് അവരെ അറിയിക്കാൻ തീരുമാനിച്ചു. അതോടെ ഞാൻ മുറിയിൽ ശ്രീയുടെ അരികിലെത്തി..

“ശ്രീ നിനക്ക് ഇപ്പോൾ എങ്ങനെയുണ്ട്..ആശ്വാസം തോന്നുന്നുണ്ടോ?”

ഞാൻ ശ്രീയുടെ തോളിൽ കൈവെച്ചു.പകരം ഒരുപൊട്ടിക്കരച്ചിൽ ആയിരുന്നു മറുപടി..

“ശ്രീ കരയാതെ അമ്മ ശ്രദ്ധിക്കുന്നുണ്ട് നിന്നെ.അവർ വന്നപ്പോൾ നിനക്ക് അബദ്ധം പറ്റിയതെന്നാണു പറഞ്ഞത്”

ശ്രീക്കുട്ടി എന്നിലേക്ക് ചാഞ്ഞു ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നു..

“നിനക്ക് എന്നോട് എന്നെങ്കിലും തുറന്നു പറയണമെന്ന് തോന്നുകയാണെങ്കിൽ പറഞ്ഞാൽ മതി.,നീയിപ്പോൾ എഴുന്നേറ്റു കൂടെ വാ”

നിർബന്ധിപ്പിച്ച് ഞാൻ ശ്രീക്കുട്ടിയെ പിടിച്ചു എഴുന്നേൽപ്പിച്ചു.മുഖവും കഴുകിച്ച് അവളെയും കൂട്ടി വെളിയിലേക്ക് ഇറങ്ങി..

വീട്ടിലിരുന്നാൽ അവളുടെ സങ്കടം കൂടുകയുള്ളൂന്ന് എനിക്ക് അറിയാം.അതുകൊണ്ട് പറമ്പിലൊക്കെ ശ്രീയുമായി ചുറ്റിക്കറങ്ങി…

“ശ്രീ എന്റെയൊരു കൂട്ടുകാരിയുണ്ട് പ്രാർത്ഥന. നമുക്ക് അവളെയൊന്ന് കണ്ടിട്ടുവരാം.നിന്റെ മൂഡുമൊന്ന് മാറിക്കിട്ടും”

ശ്രീക്കുട്ടി തലയാട്ടി സമ്മതിച്ചു.. ഞാനും ശ്രീയും കൂടി പാടവരമ്പിലൂടെ മുന്നോട്ട് നടന്നു..

“പാടത്തിന് അക്കരെയാണ് പ്രാർത്ഥനയുടെ വീട്”

“മം””

എനിക്ക് മറുപടിയായി അവൾ മൂളി..പ്രാർത്ഥനയുടെ വീട് എത്തുന്നതുവരെ ഞാൻ ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു.. ശ്രീ മൂളിക്കൊണ്ട് എല്ലാം കേട്ടു..

ഞങ്ങൾ പ്രാർത്ഥനയുടെ വീട്ടിലെത്തുമ്പോൾ രണ്ടു ബൈക്ക് മുറ്റത്ത് ഇരിക്കുന്നത് കണ്ടു.ഒരെണ്ണം പ്രാർത്ഥനയുടെ ഏട്ടന്റെയാണു.മറ്റേത് ആരുടെയെന്ന് അറിയില്ല…

“പ്രാർത്ഥനേ”

ഞാൻ നീട്ടിവിളിച്ചു.പ്രാർത്ഥനയുടെ മറുപടിയൊന്നും കേട്ടില്ല.പകരം വാതിക്കൽ വന്നത് പ്രാർത്ഥനയുടെ ഏട്ടൻ പ്രതീഷ് ആയിരുന്നു..

എന്നെ കണ്ടതും അവളുടെ ഏട്ടൻ ചിരിച്ചു കാണിച്ചു. അയാളുടെ കണ്ണുകൾ ശ്രീക്കുട്ടിയിലേക്ക് നീളുന്നതും ഞാൻ കണ്ടു..

“അവളിവിടെ ഇല്ല..അമ്മയുടെ കൂടെ ഒരു കല്യാണത്തിനു പോയേക്കുവാണ്”

“ശരി ഏട്ടാ ഞാൻ വന്നിരുന്നൂന്ന് പറഞ്ഞേക്ക്”

ഞങ്ങൾ യാത്ര ചോദിച്ചു പിൻ വാങ്ങിയ അതേ നിമിഷം അകത്ത് നിന്നൊരു പെൺകുട്ടിയുടെ നിലവിളി കേട്ടു.ഞാനും ശ്രീക്കുട്ടുയും പരസ്പരം ഒന്നു നോക്കിയിട്ട് അവിടേക്ക് ഓടിച്ചെന്നു..

കുറച്ചു തുറന്നു കിടന്നിരുന്ന ജനാലയിലൂടെ അകത്തേക്ക് നോക്കിയ ഞങ്ങൾ ഞെട്ടിപ്പോയി..

(തുടരും)

ശ്രീശൈലം : ഭാഗം 1

ശ്രീശൈലം : ഭാഗം 2

ശ്രീശൈലം : ഭാഗം 3

ശ്രീശൈലം : ഭാഗം 4