Friday, June 14, 2024
Novel

ശ്രീശൈലം : ഭാഗം 6

നോവൽ
എഴുത്തുകാരി: ശ്രുതി അനൂപ്‌

Thank you for reading this post, don't forget to subscribe!

അവിടെ കട്ടിലിൽ ഒരുയുവതി അബോധാവസ്ഥയിൽ കിടക്കുന്നു.വസ്ത്രങ്ങൾ സ്ഥാനം തെറ്റിയ നിലയിലാണ്‌.

ആരാണെന്ന് ഉറപ്പിക്കാനായി ഞങ്ങൾ ഒന്നു കൂടി എത്തി നോക്കി.പരിചയമുള്ള മുഖമല്ലായിരുന്നു അത്..

“ശ്രീ..” ഞാൻ ഞെട്ടലോടെ വിളിച്ചു..

“ശൂ..” മിണ്ടിപ്പോകരുതെന്ന് അർത്ഥത്തിൽ അവൾ വിരൽ ചുണ്ടോട് ചേർത്തു.

“വേഗം വാ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോകണം”

ശ്രീ എന്റെ കയ്യിൽ പിടിച്ചു വലിച്ചു.ഞാനും ശ്രീയും കൂടി വേഗം അവിടെ നിന്ന് വീട്ടിലേക്ക് പോയി..

“ശ്രീക്കുട്ടി”

ഞാൻ കിതപ്പോടെ വിളിച്ചു..

“എന്താടീ”

“നമ്മളെന്ത് ചെയ്യും.ഒരുപാവം പെൺകുട്ടി അവിടെ പിച്ചി ചീന്തപ്പെട്ട നിലയിലാണ്. കണ്ടില്ലെന്ന് നടിക്കാൻ ആകുന്നില്ല”

“നീയൊന്ന് അടങ്ങെടി ശൈലി.നമുക്ക് വഴിയുണ്ടാക്കാം”

ശ്രീ കുറച്ചു നേരം എന്തോ ആലോചിച്ചു..

“നമുക്കൊരു കാര്യം ചെയ്യാം.പോലീസ് സ്റ്റേഷനിൽ ചെന്ന് വിവരം പറയാം. നീ വാ”

ശ്രീയും ഞാനും കൂടി നേരെ വീട്ടിലെത്തി..

“വീട്ടിലെന്ത് പറയും ശൈലി”

“ഷോപ്പിങ് എന്ന് പറയാം”

ഞങ്ങൾ ചെല്ലുമ്പോൾ ഏട്ടൻ ഹാളിൽ ഉണ്ടായിരുന്നു

“ഡീ നമുക്ക് ഏട്ടനോട് പറഞ്ഞാലോ?”

അതാണ് നല്ലതെന്ന് എനിക്ക് തോന്നി.

“ശരി എങ്കിൽ നീ ഏട്ടനെ ഇങ്ങോട്ട് വിളിക്ക്”

ഞാൻ ഉടനെ ഹാളിൽ ഏട്ടനു മുമ്പിലെത്തി.

“ഏട്ടാ എനിക്കൊരു കാര്യം പറയാനുണ്ട്”

ഏട്ടൻ എന്നെ അടിമുടിയൊന്ന് നോക്കി..

“എന്നതാടീ ഒരു സോപ്പിങ്”

“സോപ്പിടലൊന്നുമല്ല..കുറച്ചു അർജന്റാ.ഏട്ടനൊന്ന് വന്നേ”

എന്റെ മുഖത്ത് ഗൗരവം കലർന്നു.അത് ശ്രദ്ധിച്ചിട്ടാകും ഏട്ടൻ എന്റെ പിന്നാലെ വന്നത്.എന്റെ മുറിയിൽ ഏട്ടൻ എത്തിയതോടെ പ്രാർത്ഥനയുടെ വീട്ടിൽ കണ്ട കാര്യം ശ്രീക്കുട്ടി വിശദീകരിച്ചു..

“നമുക്ക് എത്രയും പെട്ടെന്ന് വിവരം സ്റ്റേഷനിൽ അറിയിക്കണം”

ഏട്ടൻ തന്നെ മൊബൈൽ എടുത്തു പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വിവരങ്ങൾ പറഞ്ഞു. എല്ലാം ഞങ്ങൾ കേട്ടുകൊണ്ട് നിൽക്കുക ആയിരുന്നു..

“പേടിക്കണ്ട എല്ലാം പോലീസുകാർ നോക്കിക്കൊളളും”

ഏട്ടൻ ഞങ്ങളെ ആശ്വസിപ്പിച്ചു..

“ഏട്ടാ ഞങ്ങൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാവോ”

എനിക്ക് പേടി അതായിരുന്നു.

“നിങ്ങൾക്ക് ഒന്നും പറ്റില്ല.അത് പോരേ”

“അത് മതി ഏട്ടാ”

“നീയെന്തിനാ ശൈലി പേടിക്കുന്നേ.നമ്മൾ തെറ്റൊന്നും ചെയ്തട്ടില്ലല്ലോ?”

“എന്നാലും നമ്മൾ അവിടെ ചെന്നെന്ന് പ്രാർത്ഥനയുടെ ഏട്ടൻ കണ്ടതല്ലേ”

“അതിനെന്താടീ അതിനല്ലേ തണ്ടും തടിയുമുള്ളൊരു ഏട്ടൻ നമുക്ക് ഉളളത്”

ശ്രീ മെല്ലെ പുഞ്ചിരിച്ചു..

“ഓ.അതുശരി എന്റെ ഏട്ടനെ നീ ഷെയർ ചെയ്തൊ”?

ഞാൻ കുസൃതിയോടെ ചോദിച്ചു. പൊടുന്നനെ ശ്രീ യുടെ കണ്ണുകൾ നിറഞ്ഞു.

” അതിനെന്താ ഞാൻ രണ്ടു പേരുടെയും ഏട്ടനാണ്”

ചിരിയോടെ ആൾ മുറിവിട്ടിറങ്ങിപ്പോയി..ശ്രീക്കുട്ടി യുടെ കണ്ണുകൾ നിറഞ്ഞതു കണ്ടു എനിക്ക് സങ്കടം വന്നു. ഞാൻ അവളുടെ അടുത്ത് ചെന്ന് തോളിൽ കൈവെച്ചു.

“അയ്യേ ഡീ ഞാനൊരു തമാശ പറഞ്ഞതല്ലേ..എന്റെ ഏട്ടൻ നിന്റെയും കൂടി ഏട്ടനല്ലേ.കേൾക്കണ്ട അതിനു മുമ്പ് അവളുടെ ഒരുസെന്റി”

ഞാൻ ആ കണ്ണുകൾ വിരലുകളാൽ തുടച്ചു.പെട്ടെന്ന് ശ്രീ പൊട്ടിച്ചിരിച്ചു..

“അയ്യേ ഞാൻ നിന്നെയൊന്ന് പറ്റിച്ചതല്ലേ”

അപ്പോഴാണ് എനിക്ക് മനസിലായത് എന്നെ അവൾ പറ്റിക്കുക ആയിരുന്നെന്ന്..

ഞാനവളുടെ മൂക്കിൻ തുമ്പില്ലൊന്ന് നുള്ളി.

“ഡീ വേദനിക്കുന്നു”

“നിനക്ക് വേദനിക്കട്ടെ”

“ഹും”

അവൾ മൂളിക്കൊണ്ട് ചിറികോട്ടി.ഞാൻ പൊട്ടിച്ചിരിച്ചു..

വൈകുന്നേരം ആയപ്പോൾ ഏട്ടൻ പുറത്തേക്കിറങ്ങി.കുറച്ചു താമസിച്ചാണ് ഏട്ടൻ വീട്ടിലേക്ക് വന്നത്.വന്നയുടനെ ഏട്ടൻ ഞങ്ങളുടെ അടുത്തെത്തി..

“പ്രാർത്ഥനയുടെ ചേട്ടനെയും രണ്ടു കൂട്ടുകാരെയും പോലീസ് അറസ്റ്റ് ചെയ്തു. ആ പെൺകുട്ടിയെ ഹോസ്പിറ്റലിലേക്ക് മാറ്റി.വാർത്ത സെൻസേഷണലാണ്”

“അങ്ങനെ വേണം ഒരു പെൺകുട്ടിയെയും ആരും ചതിക്കരുത്”

മൂർച്ചയുള്ള സ്വരത്തിൽ ഞാൻ പറഞ്ഞു.

“നീ കരുതുന്ന പോലെയല്ല ശൈലി.പ്രാർത്ഥനയുടെ ചേട്ടന്റെ കൂട്ടുകാരന്റെ കാമുകയാണ് ആ പെൺകുട്ടി. അവിടേക്ക് കൂട്ടിക്കൊണ്ടു വന്നിട്ട് ആ പെണ്ണിനെ ക്രൂരമായി അവർ റേപ്പ് ചെയ്യുക ആയിരുന്നു”

ഞാനും ശ്രീയും ഞെട്ടിപ്പോയി..

“ഏട്ടാ..”

“അതേ”

കുറച്ചു നേരത്തേക്ക് എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല. എന്റെ അതേ അവസ്ഥയിലായിരുന്നു ശ്രീയും..

“എന്തിനാ ഏട്ടാ ഈ ആണുങ്ങൾ ഇങ്ങനെയൊക്കെ പെരുമാറുന്നത്”

“ഞാനൊന്ന് ചോദിക്കട്ടെ ആണുങ്ങൾ വിളിക്കുന്നിടത്ത് എന്തിനാ പെൺകുട്ടികൾ ചെല്ലുന്നത്.അതുകൊണ്ട് അല്ലേ അവൾക്ക് ഇപ്പോൾ ഇങ്ങനെയൊരു അവസ്ഥ നേരിടേണ്ടി വന്നത്”

“ഏട്ടൻ പറയണത് ശരിയാണ്. പ്രേമിക്കുന്നുവെന്ന് കരുതി ആൺകുട്ടികൾ ക്ഷണിക്കുന്നിടത്ത് ചെല്ലുന്നത് ശരിയല്ല”

ശ്രീക്കുട്ടി അങ്ങനെയാണ് പറഞ്ഞത്..

ഞാൻ ഓർത്തത് ആ പെൺകുട്ടിയെ ഇത്രയും നാൾ വളർത്തി വലുതാക്കിയ വീട്ടുകാരെ കുറിച്ച് ആയിരുന്നു. സ്വന്തം മകൾക്ക് ഇങ്ങനെയൊരു ദുരവസ്ഥ വരുമ്പോൾ അവർക്ക് എങ്ങനെ സഹിക്കാൻ കഴിയും..

ഏട്ടൻ മുറിവിട്ടിറങ്ങിപ്പോയി..ഞാനും ശ്രീയും കൂടി ആ പെൺകുട്ടിയെ കുറിച്ചാണ് ഡിസ്ക്കസ് ചെയ്തത്..

“നീ അത് വിട് ശൈലി”

“ഞാൻ വിട്ടു”

പക്ഷേ എന്റെ ഓർമ്മയിൽ നിന്ന് ആ പെൺകുട്ടി മാഞ്ഞു പോയിരുന്നില്ല…

രാത്രിൽ എല്ലാവരും കൂടി മുറ്റത്ത് ഒത്തുകൂടി ഓരോന്നും സംസാരിച്ച് ഇരിക്കുക ആയിരുന്നു..

“മോളേ ഞാനൊരു കാര്യം ചോദിക്കട്ടെ.മറ്റൊന്നും കരുതരുത്”

“എന്താ അമ്മേ”

ഞാൻ ചാടിക്കയറി ചോദിച്ചു.

“നിന്നോടല്ലെടീ”

അമ്മ എന്റെ നേരെ ചാടിക്കടിക്കാൻ വന്നു.ഞാൻ ചമ്മിപ്പോയി.

“ഞാൻ കരുതി എന്നോടാണെന്ന്.” ഞാൻ ചമ്മൽ മറക്കാൻ ശ്രമിച്ചു..

“ഞാൻ ശ്രീയോടാ ചോദിച്ചത്”

“അമ്മ ചോദിക്ക് എന്താ അറിയേണ്ടത്”

“മോൾ എന്റെ കൂടെയൊന്ന് വന്നേ”

അമ്മ ശ്രീയും വിളിച്ചു കുറച്ചകലെ മാറി നിന്നു എന്തെക്കയൊ സംസാരിക്കുന്നത് കണ്ടു.തിരികെ വരുമ്പോൾ ശ്രീയുടെ മുഖം നാണാത്താൽ ചുവന്നിരുന്നു..

“എന്തുവാടീ കാര്യം”

ഒന്നുമില്ലെന്ന് ശ്രീ കണ്ണടച്ചു കാണിച്ചെങ്കിലും എന്തോ ഉണ്ടെന്ന് എനിക്ക് തോന്നി.റൂമിൽ ചെല്ലട്ടെയെന്ന് ഞാൻ കരുതി..

കുറച്ചു നേരം കൂടി അവിടെ ഇരുന്ന് സംസാരിച്ചതിനു ശേഷം എല്ലാവരും ഉറങ്ങാനായി പിരിഞ്ഞു..

കിടക്കയിലേക്ക് ശ്രീ ബെഡ് ഷീറ്റ് വിരിച്ചു.ഞങ്ങൾ ഉറങ്ങാനായിട്ട് കിടന്നു.

“അമ്മ എന്താടീ ചോദിച്ചത്”

ഞാൻ ആകാംഷയോടെ തിരക്കി..

“ഞാൻ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോന്ന്”

ങേ” ഞാൻ ഞെട്ടിപ്പോയി

“എന്നിട്ട് നീയെന്ത് പറഞ്ഞു”

“ആരുമില്ലെന്ന്”

“ഹൊ.ആശ്വാസം” ഞാൻ നെടുവീർപ്പെട്ടു…

“പിന്നെയൊന്നും ചോദിച്ചില്ലേ”

“അത് പിന്നെ..”

“എന്തായാലും പറയെടീ ഞാനൂടെ അറിയട്ടെ”

“ഈ വീട്ടിലേക്ക് മരുമകളായി അമ്മ ക്ഷണിച്ചാൽ എനിക്ക് വരാൻ സമ്മതമാണോന്ന്”

ഞാൻ ഞെട്ടിപ്പിടഞ്ഞു എഴുന്നേറ്റു അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..

“എന്നിട്ട് നീയെന്ത് പറഞ്ഞു ശ്രീ”

ശ്രീക്കുട്ടിയുടെ മറുപടി കേൾക്കാൻ ഞാൻ നെഞ്ചിടിപ്പോടെ ചെവിയോർത്തു…

(തുടരും)

ശ്രീശൈലം : ഭാഗം 1

ശ്രീശൈലം : ഭാഗം 2

ശ്രീശൈലം : ഭാഗം 3

ശ്രീശൈലം : ഭാഗം 4

ശ്രീശൈലം : ഭാഗം 5