ഷാഡോ: ഭാഗം 9 – അവസാനിച്ചു
എഴുത്തുകാരി: ശിവ എസ് നായർ
“ജെനിഫർ എബ്രഹാം…. മാഡം…. നിങ്ങൾ…. ”
മുന്നിലിരിക്കുന്ന ലേഡി കില്ലർ ജെനിഫർ എബ്രഹാമിനെ തിരിച്ചറിഞ്ഞ മാത്രയിൽ അത്യന്തം ബഹുമാനത്തോടെയും ഞെട്ടലോടെയും ദേവ നാരായണൻ ഇരിപ്പിടത്തിൽ നിന്നും അറിയാതെ എഴുന്നേറ്റു പോയി.
“മനസിലായി അല്ലെ… ” പുഞ്ചിരിയോടെ ജെനിഫർ ദേവനോട് ചോദിച്ചു.
“ഈ പേര് ഒരിക്കലും മറക്കാൻ കഴിയില്ലല്ലോ മാഡം…പക്ഷെ ഈ മുഖം??…. ”
ദേവനാരായണന്റെ ആ ചോദ്യത്തിനു മറുപടി പറഞ്ഞു തുടങ്ങിയത് ഫിറോസായിരുന്നു.
“ഒരു കാലത്തു കേരള പോലീസിന്റെ തന്നെ സ്വകാര്യ അഹങ്കാരമായിരുന്നു ഐപിഎസ് ഓഫീസർമാരായ ജെനിഫർ എബ്രഹാമും വരുൺ സെബാസ്റ്റ്യനും….
കോട്ടയത്തെ സെബാസ്റ്റ്യൻ അച്ഛന്റെ അനാഥാലയത്തിൽ വച്ചാണ് ജെനിഫറും വരുണും പരിചയപ്പെടുന്നത്.ഫാദർ സെബാസ്റ്റ്യന്റെ മക്കളായിരുന്നു വരുണും അരുണും.
ആരോരുമില്ലാത്ത ഒരുപാട് കുരുന്നുകളുടെ അച്ഛനായിരുന്നു ഫാദർ സെബാസ്റ്റ്യൻ. ജെനിഫറിനോട് ഒരു പ്രത്യേക വാത്സല്യമായിരുന്നു ഫാദറിന്.
വരുൺ സാറും ജെനിഫർ മാഡവും കുട്ടികാലം മുതലേ എപ്പോഴും ഒരുമിച്ചായിരുന്നു.ഏഴു വർഷങ്ങൾക്ക് മുൻപാണ് സാറും മാഡവും സർവീസിൽ കയറുന്നത്.ഇരുവരും ഡിപ്പാർട്മെന്റിന്റെ അഭിമാനമായി മാറിയത് ചുരുങ്ങിയ നാളുകൾ കൊണ്ടായിരുന്നു.
ചേട്ടന്റെ പാത പിന്തുടർന്ന് അരുണും പിന്നാലെ പോലീസിലേക്ക് എത്തി….”
അത്രയും പറഞ്ഞു കൊണ്ടു ഫിറോസ് ജെനിഫറെ നോക്കി.
“പത്ര മാധ്യമങ്ങളിലൂടെ അന്നൊക്കെ ഞാനും മാഡത്തെ പറ്റിയും വരുൺ സാറിനെപ്പറ്റിയും ഒരുപാട് വായിച്ചറിഞ്ഞിട്ടുണ്ട്….അരുൺ സെബാസ്റ്റ്യൻ വരുൺ സാറിന്റെ സഹോദരൻ ആണല്ലേ..,അപ്പോൾ ഞാൻ സംശയിച്ചതു പോലെ തന്നെ അരുണിനും ഇതിൽ പങ്കുണ്ടല്ലേ…” സംശയത്തോടെ ദേവൻ ചോദിച്ചു.
“അതിലേക്ക് വരാം ദേവൻ… ” ചെറു പുഞ്ചിരിയോടെ ജെനിഫർ പറഞ്ഞു.
“മാഡം പക്ഷെ ഈ മുഖത്തിനു ഇങ്ങനെയൊരു മാറ്റം… ” ഒന്നും മനസിലാകാതെ ദേവൻ ചോദിച്ചു.
“രണ്ടു വർഷം മുൻപ് കണ്ണൂർ പൈതൽ മലയിൽ വച്ചു നടന്ന ആക്‌സിഡന്റ് ഓർമ്മയുണ്ടോ… ”
“പത്രങ്ങളിൽ വായിച്ച ഓർമ്മയുണ്ട്…. വരുൺ സാർ കൊല്ലപ്പെട്ടത് ആ ആക്‌സിഡന്റിൽ കൂടിയായിരുന്നല്ലോ… ”
“അതേ…. അന്ന് മയക്കു മരുന്ന് മാഫിയയുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിലായിരുന്നു വരുണും ഞാനും.അന്ന് ആ കേസിൽ പല ഉന്നതന്മാരും ഉൾപ്പെട്ടിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ തന്നെ എല്ലാവരെയും അറസ്റ്റ് ചെയ്യാനുള്ള ഏർപ്പാടുകൾ ചെയ്ത ശേഷം വരുന്ന വഴിയായിരുന്നു പൈതൽ മലയിൽ വച്ചു ഞങ്ങൾ സഞ്ചരിച്ചിരുന്ന കാർ ആക്‌സിഡന്റിൽ പെട്ട് കൊക്കയിലേക്ക് മറിഞ്ഞത്.മനഃപൂർവം ഞങ്ങളെ കൊല്ലപ്പെടുത്താനായി ആരോ ഒരുക്കിയ കെണിയായിരുന്നു അത്. കാറിനു പിന്നിൽ ഒരു ലോറി വന്നിടിക്കുകയായിരുന്നു.
കൊക്കയിലേക്ക് കാർ മറിഞ്ഞു വീഴുന്ന സമയം പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചു വണ്ടി മുഴുവനായും കത്തി നശിച്ചു. എന്റെ മുഖത്തും ശരീരത്തിലും സാരമായി പൊള്ളലേറ്റിരുന്നു.
അതിനിടയിൽ ആയുസ്സിന്റെ ബലം കൊണ്ട് വണ്ടിയിൽ നിന്നും ഞാൻ തെറിച്ചു പോയിരുന്നു.
പക്ഷെ വണ്ടിയോടൊപ്പം വരുണും ഒരുപിടി ചാരമായി മാറിയിരുന്നു….”
അത് പറഞ്ഞപ്പോൾ ഒരു തുള്ളി കണ്ണുനീർ ജെനിഫറിന്റെ കവിളിനെ നനച്ചു കൊണ്ട് നിലത്തേക്ക് പതിച്ചു.
“അത്രയും വലിയ ആക്‌സിഡന്റിൽ നിന്നും മാഡം എങ്ങനെയാണ് രക്ഷപെട്ടത്.?ഇന്നും പോലീസ് ഡിപ്പാർട്മെന്റിന്റെ റെക്കോർഡുകളിൽ ജെനിഫർ എബ്രഹാം മിസ്സിംഗ് ആണ്…. ”
“തലനാരിഴയ്ക്കാണ് അന്ന് ആ അപകടത്തിൽ നിന്നും ഞാൻ രക്ഷപെട്ടത് ദേവൻ…ആ അപകട വാർത്ത അറിഞ്ഞു മറ്റു പോലീസുക്കാർ എത്തുന്നതിനു മുൻപ് തന്നെ അരുൺ സ്പോട്ടിൽ എത്തിയിരുന്നു. എല്ലാവരുടെയും കണ്ണു വെട്ടിച്ചു അരുണായിരുന്നു എന്നെ അവിടുന്ന് രക്ഷപ്പെടുത്തിയത്.
മയക്കു മരുന്ന് മാഫിയയുമായി ബന്ധപ്പെട്ട് ഞങ്ങൾ നടത്തിയ ഇൻവെസ്റ്റിഗേഷനിൽ ഞങ്ങളുടെ ടീമിൽ നിന്നും ആരോ വിവരങ്ങൾ രഹസ്യമായി ശത്രുക്കൾക്ക് കൈമാറിയിരുന്നു… അങ്ങനെയാണ് അവർ ആ ആക്‌സിഡന്റ് പ്ലാൻ ചെയ്തത്.
ദൈവം എനിക്ക് ജീവൻ ബാക്കി വച്ചത് അവരോടൊക്കെ പകരം ചോദിക്കാൻ തന്നെയായിരുന്നു….എന്റെ മുഖം ഭാഗികമായി പൊള്ളി അടർന്നു പോയിരുന്നതിനാൽ ഇപ്പൊ കാണുന്ന ഈ മുഖം പ്ലാസ്റ്റിക് സർജറിയിലൂടെ മാറ്റിയെടുത്തതാണ്….”
“ഇപ്പൊ കാര്യങ്ങൾ ഏകദേശം എനിക്ക് മനസിലായി വരുന്നുണ്ട് മാഡം.പക്ഷെ എനിക്കിപ്പോഴും മനസിലാകാത്ത ഒന്നുണ്ട്. എന്തിനായിരുന്നു മാഡം ഈ കൊലപാതകങ്ങളെല്ലാം…. നിയമം സംരക്ഷിക്കേണ്ടവർ തന്നെ കൊല്ലാൻ തുനിഞ്ഞിറങ്ങുന്നത് ശരിയാണോ??…. ”
“നിയമം കയ്യിലെടുക്കുന്നത് തെറ്റാണെന്ന് അറിയാം ദേവൻ.പണത്തിന്റെ പിൻബലം കൊണ്ട് പല വമ്പന്മാരും നിയമത്തിന്റെ പിടിയിൽ നിന്നും വഴുതി പോരുമ്പോൾ നീതിപീഠത്തെ വിശ്വസിക്കുന്ന ഒരു കൂട്ടം ജനങ്ങൾക്ക് നീതി ലഭിക്കാതെ പോവുകയല്ലേ ചെയ്യുന്നത്. വർഷങ്ങൾക്ക് മുൻപ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദേവന്റെ ചേച്ചിക്ക് ഈ പറയുന്ന നീതി ലഭിച്ചിരുന്നോ..???
ഓരോ ദിവസം കഴിയുംതോറും സമൂഹത്തിൽ ഒട്ടനവധി കുറ്റകൃത്യങ്ങൾ പെരുകി പെരുകി വന്നു കൊണ്ടിരിക്കുന്നു.പോലീസ് യൂണിഫോം അണിഞ്ഞിരുന്നപ്പോൾ എനിക്ക് നടപ്പിലാക്കാൻ കഴിയാതെ പോയതൊക്കെ ഇപ്പോൾ ഞാൻ നടപ്പിലാക്കുന്നുണ്ട്…. ”
ജെനിഫർ പറയുന്നതൊക്കെ വാസ്തവം തന്നെയാണെന്ന് ദേവന് മനസിലാകുന്നുണ്ടായിരുന്നു.
“ഈ കൊലപാതകങ്ങൾ എന്തിനു വേണ്ടിയായിരുന്നു….നീതി നടപ്പിലാക്കാൻ ആയിരുന്നോ..??വർക്കിച്ചനെ കൊന്നത് ഒരു പക പോക്കൽ ആയിരുന്നില്ലേ…”
“ഒരിക്കലുമല്ല ദേവൻ…. ആയിഷ എന്ന പെൺകുട്ടിക്ക് കോടതിയിൽ നിന്നും നീതി നിഷേധിക്കപ്പെട്ടതു കൊണ്ടാണ് അയാളെ ഞാൻ കൊന്നത്.അഡ്വക്കേറ്റ് വാസുദേവനും അയാളെ പോലെ തന്നെ ഒരു ഫ്രോഡ് ആയിരുന്നു.
പിന്നെ സ്റ്റെല്ല… അവരെ കൊന്നത് ഇനിയും സ്റ്റെല്ലമാർ ഉണ്ടാകാതിരിക്കാനാണ്.അവളൊക്കെ പോലീസ് പിടിയിൽ ആയാലും നിസ്സാരമായി ഊരി പോരും. അതുണ്ടാവാൻ പാടില്ല…എത്രയെത്ര കുഞ്ഞുങ്ങളെയാണ് പൈസയ്ക്ക് വേണ്ടി തട്ടിക്കൊണ്ടു പോയി വിൽക്കുന്നത്….ഈ അനീതികൾക്കെതിരെ ഇനിയും പ്രതികരിച്ചില്ലെങ്കിൽ ശരിയാവില്ല എന്ന് തോന്നി… ”
“ശരി സമ്മതിക്കുന്നു…. ശ്യാം ലാൽ ചെയ്ത തെറ്റെന്തായിരുന്നു…?? ”
“അവനെ പോലുള്ള വൃത്തികെട്ടവന്മാർ കാരണം ഒരുപാട് പെൺകുട്ടികൾ ചതി കുഴിയിൽ പെട്ടിട്ടുണ്ട്. ഇനിയൊരു പെൺകുട്ടിക്കും ആ അവസ്ഥ ഉണ്ടാവരുത് എന്ന് കരുതിയാണ് അവനെ തീർത്തത്. ഇവനെ പോലുള്ളവർ ജീവിച്ചിരിന്നിട്ടും സമൂഹത്തിനു ഒരു ഗുണവുമില്ല…
പിന്നെ ശ്യാമിന്റെ കാറിൽ കണ്ട ബോഡി ആരുടേതാണെന്ന് കണ്ടെത്തി കഴിഞ്ഞല്ലോ നിങ്ങൾ…. അയാളെ കൊല്ലാൻ കാരണം സ്കൂൾ കോളേജ് കുട്ടികൾക്ക് രഹസ്യമായി ഡ്രഗ്സ് വിൽക്കുന്ന ഏജന്റ് ആയിരുന്നു അയാൾ. അയാൾക്ക് ഈ ഡ്രഗ്സ് എത്തിച്ചു കൊടുത്തിരുന്നത് ആരാണെന്നു അറിയോ… ”
“ആരായിരുന്നു… ” ആകാംഷയോടെ ദേവൻ തിരക്കി.
“തന്റെ അന്വേഷണ ടീമിൽ ഉണ്ടായിരുന്ന സിഐ അലക്സ് ജേക്കബ് ആയിരുന്നു. അവൻ ആയിരുന്നു വർഷങ്ങൾക്ക് മുൻപ് ഞങ്ങളെ ഒറ്റി കൊടുത്തതും. ഇത്തരം ഫ്രോഡ് പരിപാടികൾ കാണിച്ചാണ് എസ് ഐ ആയിരുന്ന അലക്സ് ജേക്കബ് ചുരുങ്ങിയ നാളുകൾ കൊണ്ട് സിഐയിലേക്ക് പ്രൊമോഷൻ വാങ്ങിച്ചെടുത്തത്….
വളർന്നു വരുന്ന യുവതലമുറയെ തന്നെ നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ച ഇവനൊന്നും ജീവിക്കാൻ അർഹതയില്ല….
അലക്സ് ജേക്കബിനെ പിടികൂടാൻ ഞങ്ങൾ നടത്തിയ ഒരു ഡ്രാമ ആയിരുന്നു ഇതെല്ലാം. ദേവന്റെ ശ്രദ്ധ തെറ്റിക്കാൻ ഫിറോസിനെ മുന്നിലേക്ക് ഇട്ട് തന്നു. കാര്യങ്ങൾ ഞങ്ങൾ പ്ലാൻ ചെയ്തത് പോലെ തന്നെ മുന്നോട്ടു പോയി.
അലക്സിനെ പിടികൂടാൻ കഴിഞ്ഞെങ്കിലും ഫിറോസ് ദേവന്റെ കയ്യിൽ അകപ്പെടുമെന്ന് വിചാരിച്ചില്ല.അതുകൊണ്ടാണ് ഈ കണ്ടു മുട്ടൽ ഇത്ര വേഗത്തിൽ ആയിപോയത്.
അല്ലായിരുന്നുവെങ്കിൽ രണ്ടു ദിവസങ്ങൾ കൂടി കഴിഞ്ഞിട്ടേ നമ്മൾ തമ്മിൽ ഒരു കൂടി കാഴ്ച ഉണ്ടാകുമായിരുന്നുള്ളൂ….
ഫിറോസിന് ഈ കൊലപാതകങ്ങളിൽ യാതൊരു പങ്കുമില്ല ദേവൻ….എനിക്ക് സഹായിയായി കൂടെ ഉണ്ടായിരുന്നത് അരുണായിരുന്നു.ഞങ്ങൾ രണ്ടുപേരുള്ള ഈ ടീമിലേക്ക് വിശ്വസ്തനായ ഒരാളെ കൂടി വേണമായിരുന്നു.ഫിറോസിനെ സമീപിച്ചു കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ ഞങ്ങളോടൊപ്പം ഫിറോസും കൂടി….
തെറ്റ് ചെയ്യുന്നവരുടെ പിന്നിൽ നിഴൽ പോലെ ഞങ്ങൾ എപ്പോഴുമുണ്ടാകും….ഞങ്ങൾ നടത്തിയ കൊലപാതകങ്ങളുടെ ഡീറ്റെയിൽസ് ഇതിനു പിന്നിലെ റീസൺ എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു മെയിൽ ഞാൻ ഇവിടെ എത്തുന്നതിനു കുറച്ചു മുൻപ് മെയിൽ ചെയ്തിരുന്നു…. അതിന്റെ ഒരു കോപ്പി ഇന്ന് വൈകുന്നേരത്തിനു മുൻപ് തന്നെ മീഡിയയ്ക്കും കൈമാറും… ”
ദേവൻ ഫോൺ എടുത്തു ജിമെയിൽ ഓപ്പൺ ചെയ്തു നോക്കി. ജെനിഫർ പറഞ്ഞത് ശരിയാണെന്നു അവനു ബോധ്യമായി.
“എന്തൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും മാഡം ചെയ്യുന്നത് തെറ്റ് തന്നെയല്ലേ…. ഒരു പോലീസ് ഉദ്യോഗസ്ഥയായ മാഡം തന്നെ നമ്മുടെ നീതിപീഠത്തിനെതിരായ കാര്യങ്ങൾ നടപ്പിലാക്കുന്നത് ശരിയാണോ… ”
“തെറ്റാണെന്നു അറിയാം ദേവൻ. അലെക്സിനെ കൂടി കൊന്നു കഴിഞ്ഞാൽ ഇവിടുത്തെ എന്റെ ജോലി കഴിയും.അതിനു ശേഷം ദേവന് എന്നെ അറസ്റ്റ് ചെയ്യാം…പോലീസിന് മുന്നിൽ കീഴടങ്ങാൻ എനിക്ക് സന്തോഷമേയുള്ളൂ….”
ജെനിഫറുടെ തീരുമാനം കേട്ടതും ദേവനിൽ ഒരു ഞെട്ടലുണ്ടായി.അതുവരെ അവരെ അറസ്റ്റ് ചെയ്യണമെന്നുണ്ടായിരുന്ന തീരുമാനത്തിന് തെല്ലൊരു അയവു വന്നതായി അവനു തോന്നി. ജെനിഫർ നിയമത്തിനു മുന്നിൽ കീഴടങ്ങുമെന്ന് ദേവൻ ഒരിക്കലും പോലും വിചാരിച്ചിരുന്നില്ല. ദേവ നാരായണന്റെ ചിന്തകൾ കാടു കയറി. ഒരു തീരുമാനത്തിലെത്താൻ കഴിയാതെ ദേവൻ കുഴങ്ങി…അവന്റെ മനസ്സിലൂടെ പല മുഖങ്ങളും മിന്നി മറഞ്ഞു.ഒടുവിൽ ദേവൻ ഒരു തീരുമാനത്തിൽ എത്തി നിന്നു.
“മാഡം ചെയ്യുന്നത് തെറ്റാണെങ്കിലും അത് നന്മ ജയിക്കാൻ വേണ്ടിയുള്ള യുദ്ധമാണ്. മാഡത്തെ എനിക്ക് അറസ്റ്റ് ചെയ്യാൻ കഴിയില്ല… വേണ്ട മാഡം… നിങ്ങളെ പോലുള്ളവരെ ഈ നാടിനു ആവശ്യമാണ്…നിയമത്തിനെ പോലും വക വയ്ക്കാതെ ഓരോരുത്തരും കുറ്റകൃത്യങ്ങൾ ചെയ്തു കൂട്ടുമ്പോൾ തനിക്ക് പിന്നിൽ നിഴൽ പോലെ മരണം പിന്തുടരുന്നുണ്ട് എന്ന സത്യം ഓരോ കുറ്റവാളികളിലും ഭയം ഉണർത്തണം…
ഇനി മുതൽ ഞാനും മാഡത്തോടൊപ്പം ഉണ്ടാവും.
എന്റെ ചേച്ചിയെ നഷ്ടമായപ്പോൾ എന്റെ അച്ഛന്റെയും അമ്മയുടെയും വേദന അനുഭവിച്ചറിഞ്ഞവനാണ് ഞാൻ…. എല്ലാവർക്കും നീതി ലഭിക്കണമെന്ന് കരുതിയാണ് ഞാനും പോലീസ് കുപ്പായം അണിഞ്ഞതും…പക്ഷെ ആ നീതി എല്ലാവരുടെയും കാര്യത്തിൽ ഒരുപോലെ നടപ്പാക്കാൻ കഴിയില്ല…. സമൂഹത്തിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ആഞ്ഞടിക്കാൻ ആരെങ്കിലുമൊക്കെ ഉള്ളത് നല്ലത് തന്നെയാ.
ഒരുപക്ഷെ മാഡത്തെ ഞാൻ അറസ്റ്റ് ചെയ്താൽ എന്റെ ചേച്ചിയുടെ ആത്മാവ് പോലും എന്നോട് ക്ഷമിക്കില്ല.എപ്പോഴും സത്യമേ ജയിക്കു…എന്തിനും ഏതിനും ഇനി നിങ്ങളോടൊപ്പം ഈ ദേവനാരായണനും ഉണ്ടാകും. ഇത് ഞാൻ തരുന്ന വാക്കാണ്… ”
“വേണ്ട ദേവാ… ഇവിടെ എന്റെ ജോലി പൂർത്തിയായി കഴിഞ്ഞാൽ സ്വമേധയാ കീഴടങ്ങാൻ തയ്യാറായി നിൽക്കുകയായിരുന്നു ഞാൻ…. ഞാൻ വിചാരിച്ചാലും എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ കൊണ്ട് വരാൻ കഴിയുമെന്ന് എനിക്ക് എന്നെത്തന്നെ ബോധ്യപ്പെടുത്തണമായിരുന്നു….”
“ഇവിടെ നടക്കുന്ന തെറ്റുകൾക്കെതിരെ പ്രതികരിക്കാൻ മാഡം ഇവിടെ ഉണ്ടായേ തീരു. ധർമ്മം നിലനിർത്താനുള്ള പോരാട്ടമാണ് മാഡം ചെയ്യുന്നത്.എന്റെ ചേച്ചിയെ പോലെ നീതി ലഭിക്കാതെ പോയ അനേകായിരം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ഈ യൂണിഫോം അണിഞ്ഞിട്ട് പോലും പലപ്പോഴും ഉന്നതന്മാരുടെ പ്രേരണയാൽ ഒന്നും ചെയ്യാനാവാതെ നോക്കു കുത്തികൾ ആകാൻ വിധിക്കപ്പെട്ടിട്ടുണ്ട്. ഇതിനൊക്കെ ഒരു അന്ത്യം ഉണ്ടാവേണ്ടത് അനിവാര്യമാണ്.
നമ്മുടെ നീതി ന്യായ വ്യവസ്ഥയിൽ എനിക്ക് വിശ്വാസമില്ല. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നാണെങ്കിലും പലപ്പോഴും കുറ്റകൃത്യങ്ങളിൽ പ്രതികളാകുന്നത് നിരപരാധികളാണ്….മേഡത്തെ ഞാൻ അറസ്റ്റ് ചെയ്താൽ ഞാൻ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരമായിരിക്കുമത്…. വേണ്ട മാഡം നിങ്ങൾ ശിക്ഷിപ്പെടേണ്ട ആളല്ല. നമ്മുടെ സമൂഹത്തിനു നിങ്ങളെ പോലുള്ളവരെ ആവശ്യമാണ്…. പ്ലീസ് മാഡം…. ഐ ബെഗ് യൂ… ” ദേവനാരായണൻ അപേക്ഷിക്കും പോലെ പറഞ്ഞു.
ഒരു പുഞ്ചിരി ജെനിഫറിന്റെ ചുണ്ടിൽ വിരിഞ്ഞു.
“എന്നാൽ ഞാൻ മടങ്ങട്ടെ ചെയ്തു തീർക്കാൻ കുറച്ചു ജോലി കൂടി ബാക്കിയുണ്ട്… ”
“ശരി മാഡം…. ”
“ഇന്ന് വൈകുന്നേരം അലക്സിന്റെ ബോഡിയും നിങ്ങൾക്ക് കിട്ടും… ബാക്കി കാര്യങ്ങൾ ദേവന്റെ ബുദ്ധിക്കും യുക്തിക്കും അനുസരിച്ചു ചെയ്തോളു…” അത്രയും പറഞ്ഞു കൊണ്ട് ജെനിഫർ പുറത്തേക്കു നടന്നു.
ഒരാത്മ നിർവൃതിയോടെ ദേവൻ അവർ കാറിൽ കയറി മറയുന്നതും നോക്കി നിന്നു.
ദേവനാരായണൻ ഫോൺ എടുത്തു ഡേവിഡിന്റെ നമ്പർ ഡയൽ ചെയ്തു കൊണ്ട് ഫോൺ ചെവിയോടു ചേർത്തു.
“ഹലോ സർ… ” മറു തലയ്ക്കൽ ഡേവിഡിന്റെ സ്വരം കേട്ടു.
“ഡേവിഡ് ഷാഡോ കില്ലർ കേസ് ഇവിടെ അവസാനിക്കുകയാണ്…. രണ്ടു ദിവസത്തിനുള്ളിൽ തന്നെ നമുക്ക് ഐജിക്ക് കേസ് ഫയൽ ക്ലോസ് ചെയ്തു ഡീറ്റെയിൽസ് കൈമാറാൻ സാധിക്കും…. ”
“സത്യമാണോ സർ…. ആരാ ആ കില്ലർ… ” ആകാക്ഷയോടെ ഡേവിഡ് ആരാഞ്ഞു.
“കില്ലറിനെ കണ്ടെത്താൻ നമുക്കെന്നല്ല ആർക്കും അതിനു കഴിയില്ല ഡേവിഡ്. എനിക്ക് കുറച്ചു മുൻപ് ഒരു മെയിൽ വന്നിരുന്നു….
ഇവിടുത്തെ അവരുടെ ടാർഗറ്റിൽ ഉണ്ടായിരുന്ന അവസാനത്തെ ഇരയായ അലക്സ് ജേക്കബിനെയും അവർ വക വരുത്തിക്കഴിഞ്ഞു.
ഇപ്പോൾ അവർ ഇവിടം വിട്ടിട്ടുണ്ടാകും…
എനിക്ക് അവർ അയച്ച മെയിലിൽ അവർ നടത്തിയ കൊലപാതകങ്ങളുടെ വിശദീകരണങ്ങളും എന്തിനു വേണ്ടി അവരെയൊക്കെ കൊന്നുവെന്നതിന്റെ കാരണങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഒരു കോപ്പി അവർ മീഡിയയ്ക്കും കൈമാറി എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. ഇതിൽ ഇനി നമ്മൾക്ക് ചെയ്യാനായി ഒന്നുമില്ല ഡേവിഡ്… ”
“ഓഹ് മൈ ഗോഡ്….ഇനി എന്താ സർ ചെയ്യുക… ”
“ഞാൻ അങ്ങോട്ട് വരുകയാ ഡേവിഡ്… ബാക്കി വന്നിട്ട് വിശദമായി പറയാം… ”
“ഒക്കെ സർ… ”
ഫോൺ കട്ട് ചെയ്ത ശേഷം ദേവൻ ഫിറോസിന്റെ അടുത്തേക്ക് ചെന്നു.
“ഫിറോസ് ഞാൻ സ്റ്റേഷൻ വരെ പോവുകയാണ്… ഈ കേസ് ഇവിടം കൊണ്ട് അവസാനിപ്പിക്കുകയാണ്… ടേക്ക് കെയർ യുവർ സെൽഫ്…. ”
മറുപടിയായി ഫിറോസ് ഒന്ന് പുഞ്ചിരിച്ചു.
വൈകുന്നേരത്തോടെ ബാണാസുര ഡാമിന്റെ സമീപത്തു നിന്നും അലക്സിന്റെ ബോഡി പോലീസ് കണ്ടെടുത്തു.
വാർത്ത ചാനലുകളിൽ ഷാഡോ കില്ലർ അയച്ച സന്ദേശത്തെ കുറിച്ചുള്ള വാർത്തകളാണ് നിറഞ്ഞു നിന്നത്….
“കുറ്റ കൃത്യങ്ങൾ ചെയ്തു കൂട്ടുന്നവർ ഒരു കാര്യം എപ്പോഴും ഓർക്കണം മരണം നിഴൽ പോലെ നിങ്ങളെ പിന്തുടരുന്നുണ്ടെന്ന്…. നിങ്ങളുടെ പുറകെ ഞാൻ എപ്പോഴുമുണ്ടാകും… ”
ഇതായിരുന്നു സന്ദേശത്തിന്റെ അവസാന വാചകം.ടീവിയിൽ ബ്രേക്കിങ്ങ് ന്യൂസ് ആയി ഷാഡോ കില്ലർ കേസ് സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്നു.
****************************************
രണ്ടു ദിവസങ്ങൾക്ക് ശേഷം ഐജി ഓഫീസ്
ഐജി സോമ ശേഖരനെ കാണാനെത്തിയതായിരുന്നു ദേവനാരായണൻ.
“സർ ഷാഡോ കില്ലർ കേസ് ക്ലോസ് ഞാൻ ക്ലോസ് ചെയ്തു.അന്വേഷണം അവസാനിപ്പിച്ചു റിപ്പോർട്ട്‌സ് തയ്യാറാക്കിയിട്ടുണ്ട്…. ” കേസ് ഫയൽ ഐജിക്ക് കൈമാറി കൊണ്ട് ദേവൻ പറഞ്ഞു.
“വാട്ട് ഈസ് ദിസ് ദേവൻ… ” തെല്ലു ഈർഷ്യയോടെ ഐജി ചോദിച്ചു.
“സോറി സർ… ഇനിയും ഈ കേസിന്റെ പിന്നാലെ നടന്നിട്ട് ഒരു പ്രയോജനവുമില്ല…. പ്രതികൾ ആരായിരുന്നാലും അവർ അവരുടെ ടാർഗറ്റ് കംപ്ലീറ്റ് ആക്കി നഗരം വിട്ടു കഴിഞ്ഞു…. യാതൊരു തെളിവും അവശേഷിപ്പിക്കാതെയാണ് അവർ ഓരോ കൊലപാതകങ്ങളും നടത്തിയത്.
ഈ കേസ് ഞാൻ ഇവിടം കൊണ്ട് ക്ലോസ് ചെയ്യുകയാണ്. വേണമെങ്കിൽ സാറിനു മറ്റാരെയെങ്കിലും കൊണ്ട് തുടരന്വേഷണം നടത്താം.പക്ഷെ അതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവുമില്ല…. എത്രയോ കേസുകൾ ഡിപ്പാർട്മെന്റിൽ തെളിയിക്കപ്പെടാതെ കെട്ടി കിടക്കുന്നുണ്ട് സർ… എനിക്കിനി ഈ കേസിൽ ഒന്നും ചെയ്യാനില്ല സർ… ”
ഒരു ദീർഘ നിശ്വാസത്തോടെ ഐജി സോമശേഖരൻ ഫയൽ മേശപ്പുറത്തേക്കിട്ടു.
“തന്നെ പോലുള്ള എഫീഷ്യന്റായ ഒരുദ്യോഗസ്ഥൻ ഇങ്ങനെ പറയുന്നത് തന്നെ മോശമാണ്….”
“ഇതിൽ കൂടുതലായി ഈ കേസിൽ എനിക്കൊന്നും ചെയ്യാനില്ല സർ…. ഐആം സോറി…. ”
“ഇറ്റ് ഈസ് ഒക്കെ ദേവൻ…. ഞാൻ വേണ്ടത് പോലെ ചെയ്തോളാം. യു ക്യാൻ ഗോ നൗ… ”
ഐജിയ്ക്ക് സല്യൂട്ട് നൽകി ദേവനാരായണൻ പുറത്തേക്കു നടന്നു.
****************************************
അതേസമയം ജെനിഫർ തങ്ങളുടെ അടുത്ത ടാർഗറ്റ് തയ്യാറാക്കി കഴിഞ്ഞിരുന്നു.ഒപ്പം സഹായത്തിനു അരുണും ഫിറോസും ദേവനുമുണ്ടായിരുന്നു.
ഇരുളിനെ കീറി മുറിച്ചു കൊണ്ട് ജെനിഫറിന്റെ പജീറോ അടുത്ത ലക്ഷ്യത്തിലേക്ക് കുതിച്ചു പാഞ്ഞു.
റോഡ് ബ്ലോക്ക് ചെയ്തു നിർത്തിയിട്ടിരുന്ന ബ്ലാക്ക് പജീറോ കണ്ടു സുദേവ് തന്റെ വണ്ടി നിർത്തി പുറത്തേക്ക് ഇറങ്ങി.
തന്റെ ലക്ഷ്യങ്ങൾക്ക് വിലങ്ങു തടിയായി നിന്ന സ്വന്തം ഭാര്യയെ പെട്രോൾ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയ കേസിൽ നിന്നും തെളിവുകളുടേയും സാക്ഷി മൊഴികളേയുടേയും അഭാവത്തിൽ കഴിഞ്ഞ ദിവസമായിരുന്നു കോടതി സുദേവിനെ വെറുതെ വിട്ടയച്ചത്
സുദേവ് പജീറോയ്ക്ക് നേരെ നടന്നടുത്തതും പിന്നിൽ ഒരു കാൽപ്പെരുമാറ്റം കേട്ട് ഞെട്ടിത്തിരിഞ്ഞു.
കൈകൾ പിന്നിലേക്ക് പിണച്ചു കെട്ടി നിൽക്കുന്ന ആ രൂപത്തെ കണ്ടു ഒരുനിമിഷം അവനൊന്നു ഞെട്ടി.
കറുത്ത നീളൻ ഓവർ കോട്ട് കാറ്റിൽ ഇളകി പറന്നു കൊണ്ടിരുന്നു.
“ആരാ… ” പേടിയോടെ സുദേവ് ചോദിച്ചു.
മറുപടിയായി ഒരു കൊലച്ചിരിയോടെ ജെനിഫർ പിന്നിൽ മറച്ചു പിടിച്ചിരുന്ന കോടാലി സുദേവന്റെ ശിരസ്സ് ലക്ഷ്യമാക്കി എറിഞ്ഞു.
ഒഴിഞ്ഞു മാറാൻ കഴിയുന്നതിനു മുൻപേ അവന്റെ ശിരസ്സ് അറ്റ് താഴെ വീണു.
അവസാനിച്ചു