Friday, April 26, 2024
Novel

ദ്രുവസായൂജ്യം: ഭാഗം 11

Spread the love

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

Thank you for reading this post, don't forget to subscribe!

ദ്രുവ് തിരിഞ്ഞപ്പോൾ കണ്ടത് അനുഷയെയാണ്. അവളുടെ മുഖഭാവത്തിൽനിന്നും സായു പറഞ്ഞതെല്ലാം അവൾ കേട്ടുവെന്ന് വ്യക്തമായിരുന്നു. നിറകണ്ണുകളോടെ തന്നെ നോക്കി വിളറിയ ചിരിയോടെ പോകുന്ന ദ്രുവിനോട് അവൾക്ക് വല്ലാത്ത സഹതാപം തോന്നി.

അബലയായ ഒരു പെൺകുട്ടിക്ക് നീതി നേടിക്കൊടുക്കുവാനുണ്ടായ പോരാട്ടത്തിൽ ആ മനുഷ്യന് നേരിടേണ്ടി വന്നത് ദുരന്തങ്ങളായിരുന്നു.

സായുവിനോടവൾക്ക് വല്ലാത്ത ദേഷ്യം തോന്നി.

ഭക്ഷണമെടുത്ത് സായുവിന് നേർക്ക് നീട്ടിയപ്പോൾ വയറ്റിലൊരു ജീവന്റെ തുടിപ്പുള്ളതിനാലാകാം അവളത് നിരസിച്ചില്ല.

സായൂ… നീ ചെയ്തത് ശരിയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ.?
അനുഷയുടെ ചോദ്യം കേട്ട് സായു അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി.

നിനക്കുണ്ടായ നഷ്ടങ്ങളെപ്പറ്റി നീ പറഞ്ഞല്ലോ സായൂ. ആ നഷ്ടം ആ പോയ മനുഷ്യനും ബാധകമല്ലേ.

ഒരു സ്ത്രീയെന്ന നിലയിൽ മറ്റൊരു പെണ്ണിന് നേരിടേണ്ടി വന്ന അവസ്ഥ അതിന്റെ കാഠിന്യം അത് ഊഹിക്കാനുള്ള വിവേകവും നിനക്ക് നഷ്ടപ്പെട്ടോ.

നീയുമൊരു വക്കീലല്ലേ.
നിയമം പഠിച്ച നിനക്ക് നീതി അർഹതപ്പെട്ടവർക്ക് അത് നേടിക്കൊടുക്കണമെന്ന സാമാന്യബോധമില്ലേ.

ട്രെയിൻ യാത്രയ്ക്കിടെയാണ് ഞാൻ നിന്നെ കണ്ടത്.
നീ വിവാഹിതയാണെന്നോ ഒന്നുമെനിക്കറിയില്ലായിരുന്നു. അച്ഛനും അമ്മയും നഷ്ടപ്പെട്ടെന്നറിഞ്ഞപ്പോൾ നിന്റെ അവസ്ഥയറിഞ്ഞാണ് നിന്നെ ഞാൻ കൂടെ കൂട്ടിയത്.

പ്രണയിച്ചു വിവാഹം ചെയ്തുപോലും.. അവളുടെ ചുണ്ടിൽ മുറ്റിയ പരിഹാസം സായു കണ്ടു.

ഒന്നരവർഷം പ്രണയിച്ചിട്ടും മൂന്ന് വർഷം കൂടെ ജീവിച്ചിട്ടും നിനക്കയാളെ മനസ്സിലാക്കുവാൻ കഴിഞ്ഞില്ലല്ലോ…

നിർത്ത് അനൂ… സായുവിന്റെ ശബ്ദമുയർന്നു.

നീ പറഞ്ഞതെല്ലാം ശരിയാണ്. നഷ്ടങ്ങളുടെ കണക്ക് അത് ഞങ്ങൾക്ക് തുല്യമാണ്.

മൂന്നുപേർ ചേർന്ന് ബ്രൂട്ടലായി റേപ്പ് ചെയ്ത ആ പെൺകുട്ടിയുടെ അവസ്ഥ അതുമെനിക്ക് മനസ്സിലാകും.

അതിനേക്കാളൊക്കെ മീതെയാണ് എനിക്കെന്റെ മോൾ.

തന്റെ കുഞ്ഞിനെപ്പറ്റി ചിന്തിക്കുമ്പോൾ ഒരമ്മയ്ക്ക് പ്രൊഫഷനോ ജീവിതത്തിലെ ഉയർച്ചകളോ ഒന്നുമല്ല വലുത്.
ഞാനിവിടെ ഒരമ്മയായി മാത്രമാണ് ചിന്തിച്ചത്.

അതേ.. നീ ഒരമ്മയായി മാത്രമേ ചിന്തിച്ചിരുന്നുള്ളൂ. ഇപ്പോഴും ചിന്തിക്കുന്നുള്ളൂ.
നീ ഒരു ഭാര്യയാണെന്ന് നീ മറന്നുപോയോ.

ഭർത്താവിന്റെ ഉയർച്ചകളിൽ മാത്രമല്ല വീഴ്ചകളിൽ താങ്ങാകേണ്ടവളാണ് ഭാര്യ.

എന്നാൽ നീയോ അടിപതറി നിന്നപ്പോൾ അയാളെ ഉപേക്ഷിച്ച് വന്നിരിക്കുന്നു.
ഇപ്പോൾ നിന്റെ വയറ്റിൽ നാമ്പെടുത്ത ജീവൻ അത് നിന്റെ അവസ്ഥകണ്ട് തനിയെ ഉരുവായതൊന്നുമല്ലല്ലോ. അതിനും ആ മനുഷ്യനല്ലേ കാരണമായത്.

ഒരു ഭർത്താവിന് ഭാര്യയിൽനിന്നും ലഭിക്കേണ്ട പരിഗണയും സ്നേഹവും ചേർത്തുനിർത്തലും മാത്രമല്ല ജനിക്കാൻ പോകുന്ന കുഞ്ഞിന് ലഭിക്കേണ്ട ഒരച്ഛന്റെ വാത്സല്യവും സംരക്ഷണവും കൂടിയാണ് നീ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. നാളെ അങ്ങനൊരമ്മയെ നിന്റെ കുഞ്ഞ് വെറുക്കുന്നെന്ന് പറഞ്ഞാലോ..

അനുവിന്റെ വാക്കുകൾ ചാട്ടുളിപോലെ അവളുടെ നെഞ്ചിൽ തുളഞ്ഞുകയറി.

അങ്ങനൊരു അവസ്ഥ അത് ചിന്തിക്കാൻ കൂടിയാകുന്നില്ല.. സായു കൈകൾ നെഞ്ചിലമർത്തി.

ശരിയാണ് അനൂ സായൂജ്യ തെറ്റ് തന്നെയാണ്. പക്ഷേ ഇനിയും ഇങ്ങനൊരു കാരണത്താൽ എന്റെ ഈ കുഞ്ഞിനെക്കൂടി നഷ്ടമായാൽ അതുകൂടി താങ്ങാനെനിക്കാകില്ല.

ഒരു ഭാര്യയെന്ന നിലയിൽ ചിന്തിക്കുമ്പോഴെല്ലാം അതിന് തടസ്സമാകുന്നത് എന്റെ കുഞ്ഞിയുടെ കൊഞ്ചലിന്റെ താളമാണ്.

ചില മനുഷ്യർ ചുറ്റുമുള്ളത്‌ വെട്ടിപ്പിടിച്ചെടുക്കേണ്ട വ്യഗ്രതയിൽ നശിപ്പിക്കുന്നത് ശ്രദ്ധിക്കാറില്ല.
എന്നുകരുതി എന്നും എപ്പോഴും ഇങ്ങനൊക്കെ സംഭവിക്കില്ല..

നിനക്കൊരു പെൺകുഞ്ഞാണെങ്കിൽ..ആ കുഞ്ഞിനാണ് ഇങ്ങനൊരു അവസ്ഥ വന്നതെങ്കിൽ നീ നിശബ്ദയായി വിധിയെ പഴിച്ച് കണ്ണുനീർ വാർക്കുമായിരുന്നോ.. അതോ ആ നീചന്മാർക്കെതിരെ പോരാടുമായിരുന്നോ…

അനുവിന്റെ വാക്കുകൾ തീമഴ പോലെയാണ് സായുവിൽ പതിച്ചത്.

അനൂ… അവളുടെ കോപം ആ ഒരു വിളിയിലൂടെ അനു tതിരിച്ചറിഞ്ഞു.

അങ്ങനെ പറഞ്ഞപ്പോൾ നിനക്ക് പൊള്ളിയല്ലേ. അപ്പോൾ അനുഭവിച്ച aആ പെൺകുട്ടിയുടെ വേദനയോ.

വാതിൽ തുറക്കുന്ന ശബ്ദം കേട്ടവർ തിരിഞ്ഞു.

ഭക്ഷണം കഴിച്ചല്ലോ. ഡ്രിപ്പ് ഇടാനുണ്ട് സൗമ്യമായി പറഞ്ഞുകൊണ്ട് നഴ്സ് കടന്നുവന്നു.
കൈ കഴുകുവാനും തിരികെ ബെഡിൽ കിടക്കാനും അനു സഹായിച്ചു .

അപ്പോഴും അവളുടെ മനസ്സിൽ അനുവിന്റെ വാക്കുകളായിരുന്നു നിറഞ്ഞുനിന്നത്.

ദിവസങ്ങൾ ഇല കൊഴിയുംപോലെ കടന്നുപോയി.

ഈ ദിവസങ്ങളിലെല്ലാം ദ്രുവ് അവിടെയുണ്ടായിരുന്നു.

അനുഷ ദ്രുവുമായി നല്ലൊരു സൗഹൃദം സ്ഥാപിച്ചെടുത്തു. ദ്രുവ് എന്ന വ്യക്തി അവളിൽ അത്രത്തോളം സ്വാധീനം ചെലുത്തിയിരുന്നു.

മരുന്നുകൾ വാങ്ങുവാനും ഭക്ഷണം വാങ്ങുവാനും എല്ലാം അവനായിരുന്നു പോയിരുന്നത്.
ഒരു നോട്ടം കൊണ്ടുപോലും അവൻ സായുവിനെ ബുദ്ധിമുട്ടിച്ചിരുന്നില്ല.

ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നും ഒരു വാക്കുപോലും അവൻ തന്നോട് ഉരുവിട്ടില്ലെന്ന് അവൾ വേദനയോടെ ഓർത്തു.

“എന്റെ വിഷമാവസ്ഥകൾ ചെറുചുംബനങ്ങളാലും തലോടലുകളായും അലിയിച്ചു കളയാൻ നിനക്കേ ആകുള്ളൂ സായൂ.. ” ആദ്യമായി ചുംബനത്തിന്റെ മാധുര്യവും ലഹരിയും പങ്കുവച്ച വേളകളിൽ ദ്രുവ് പറഞ്ഞ വാക്കുകൾ സ്വപ്നത്തിൽപോലും അവളെ വേട്ടയാടി.

ഒരു ഭാര്യയെന്ന നിലയിൽ.. ഒരു നിയമസംരക്ഷക എന്ന നിലയിൽ താൻ ചെയ്യുന്നത് തെറ്റാണെന്ന് അവളുടെ മനസ്സ് അവളോട് മന്ത്രിക്കുന്നുണ്ടായിരുന്നു.

എന്നിട്ടും കുഞ്ഞിനെയോർത്തുള്ള ഭയമാണ് തന്നെ ഇപ്പോൾ ഭരിക്കുന്നതെന്ന് അവൾക്കും വ്യക്തമായിരുന്നു.

ഡിസ്ചാർജ് ദിവസം വന്നെത്തി.
ബിൽ അടച്ചത് ദ്രുവ് ആയിരുന്നു.

ദ്രുവിന്റെ കാറിലായിരുന്നു അവർ. അനു കൂടെയുണ്ടായിരുന്നു. പോകേണ്ട വഴിയിൽ കൂടെയല്ല തങ്ങൾ സഞ്ചരിക്കുന്നതെന്ന് അപ്പോഴാണവൾ ശ്രദ്ധിച്ചത്.

ഇതെവിടേക്കാ പോകുന്നത്. എനിക്ക് ഞാൻ താമസിക്കുന്നിടത്ത് പോയാൽ മതി.
സായു വെപ്രാളം കാണിച്ചു.

അത് ശ്രദ്ധിക്കാതെ ചുണ്ടിലൊരു മൂളിപ്പാട്ടുമായി അവൻ ഡ്രൈവ് ചെയ്തു. അനു പുറത്തേക്ക് നോക്കിയിരുന്നതേയുള്ളൂ.

നിങ്ങൾ എന്താ കാണിക്കുന്നത്. എനിക്കെന്റെ വീട്ടിൽ പോയാൽ മതി..
കാർ നിർത്തിയില്ലെങ്കിൽ ഞാൻ ചാടും.
സായു വീണ്ടും ബഹളം വച്ചു.

വണ്ടി ബ്രേക്കിട്ടു നിന്നു.

ദ്രുവ് മെല്ലെ പിന്നിലേക്ക് തിരിഞ്ഞുനോക്കി.
സായുവിന്റെ മുഖത്ത് തെളിഞ്ഞ ആശ്വാസഭാവം അവൻ കണ്ടു.

പോകുന്നത് നിന്റെ വീട്ടിലേക്ക് തന്നെയാണ്. ഞാൻ താലി ചാർത്തി കൊണ്ടുപോയ നമ്മുടെ വീട്ടിലേക്ക്.

ദ്രുവിന്റെ ഭാര്യയും കുഞ്ഞും ജീവിക്കേണ്ടത് എവിടെയാണെന്ന് തീരുമാനിക്കാൻ എനിക്കറിയാം.
അനു അവിടെ കാണും.

പിന്നെ ചാടുമെന്നുള്ള ഭീഷണി നീ കൈയിൽ വച്ചേക്കണം.
പണ്ടത്തെ മോഡൽ കാറല്ല ഇത്.

ഞാനിവിടെ ലോക്ക് ചെയ്താൽ പിന്നെ ഡോർ തുറക്കണമെങ്കിൽ ഞാൻ തന്നെ വിചാരിക്കണം.

എന്തിനാ ഇനി ഇതിനെക്കൂടി കൊലയ്ക്ക് കൊടുക്കാനാണോ അഡ്വക്കേറ്റ് ദ്രുവാംശിന്… അവൾ പറഞ്ഞു തീരും മുൻപേ കവിളിൽ ദ്രുവിന്റെ കൈകൾ മുദ്ര ചാർത്തിയിരുന്നു.
കണ്ണിൽനിന്നും പൊന്നീച്ച പറന്നതുപോലെ അവൾക്ക് തോന്നി.

കവിളും പൊത്തിപ്പിടിച്ചവൾ അവനെ പകച്ചുനോക്കി. പിന്നെയാ നോട്ടം അനുവിലും എത്തിനിന്നു.
അനു ചിരിക്കുകയായിരുന്നു.

മേലിൽ നാവിൽനിന്നും ഇങ്ങനെ വീഴരുത്.

ഭർത്താവിൽ നിന്നും കിട്ടിയ ആദ്യത്തെ അടിയല്ലേ. ഓർമ്മയിൽ കാണും എന്നും.
ആദ്യമൊരു പെണ്ണായി ചിന്തിക്കെടീ. വിവരവും വിദ്യാഭ്യാസവും ഉള്ളതല്ലേ.

മനസ്സിൽ ചിന്തിച്ചു കൂട്ടിയിരിക്കുന്ന കുറേ അടിസ്ഥാനമില്ലാത്ത കാര്യങ്ങളുണ്ടല്ലോ അതിനെയങ്ങ് ഉപേക്ഷിച്ചിട്ടുവേണം ആ വീടിന്റെ പടി ചവിട്ടാൻ.
ഒരല്പമെങ്കിലും ബോൾഡ് ആകാൻ ശ്രമിക്ക്..

സായുവിന്റെ തല താഴ്ന്നു.

തല കുമ്പിട്ടിരിക്കുന്ന അവളെ ഫ്രണ്ട് മിററിലൂടെ അവൻ നോക്കുന്നുണ്ടായിരുന്നു.
നിന്നെ നന്നാക്കിയില്ലെങ്കിൽ പിന്നെ ഞാൻ എന്ത് ഭർത്താവാണെടീ. എനിക്ക് നീയും നമ്മുടെ കുഞ്ഞും വേണം.

ഇനിയൊന്നിന്റെ പേരിലും നിന്റെ മനസ്സ് വിഷമിക്കില്ല.
വിധിയുടെ കരിനിഴൽപ്പാടുകൾ ജീവിതത്തിൽ വീഴാൻ ദ്രുവ് അനുവദിക്കുകയുമില്ല .
മനസ്സിൽ പറഞ്ഞുകൊണ്ടവൻ കാർ പതിയെ ഡ്രൈവ് ചെയ്തു

(തുടരും )

ദ്രുവസായൂജ്യം: ഭാഗം 1

ദ്രുവസായൂജ്യം: ഭാഗം 2

ദ്രുവസായൂജ്യം: ഭാഗം 3

ദ്രുവസായൂജ്യം: ഭാഗം 4

ദ്രുവസായൂജ്യം: ഭാഗം 5

ദ്രുവസായൂജ്യം: ഭാഗം 6

ദ്രുവസായൂജ്യം: ഭാഗം 7

ദ്രുവസായൂജ്യം: ഭാഗം 8

ദ്രുവസായൂജ്യം: ഭാഗം 9

ദ്രുവസായൂജ്യം: ഭാഗം 10