Novel

ഷാഡോ: ഭാഗം 8

Pinterest LinkedIn Tumblr
Spread the love

എഴുത്തുകാരി: ശിവ എസ് നായർ


“അഥിഷ്ടലക്ഷ്മി റേപ്പ് കേസ് ഓർമ്മയുണ്ടോ ദേവന്… ”

ആ പേര് കേട്ടതും ഒരു നടുക്കം അവനിലുണ്ടായി.
അയാളുടെ മനസിലൂടെ പഴയ കാല ചിത്രങ്ങൾ മിന്നായം പോലെ കടന്നു പോയി.

ദേവന്റെ ഇടനെഞ്ചിൽ ഒരു പിടച്ചിൽ അനുഭവപ്പെട്ടു. കണ്ണുകളിൽ നീർക്കണങ്ങൾ വന്നു മൂടി കാഴ്ച മറച്ചു.

തളർച്ചയോടെ ദേവ നാരായണൻ കസേരയിലേക്ക് ഇരുന്നു.

“പതിനേഴു വർഷം മുൻപ് നടന്ന എന്റെ ചേച്ചിയുടെ റേപ്പ് കേസുമായി എന്ത് ബന്ധമാണ് നിങ്ങൾക്കുള്ളത്…. ” വികാരധീനനായി ദേവൻ ചോദിച്ചു.

“ബന്ധമുണ്ട് ദേവ…. ആ കഥയിലേക്കാണ് ഞാൻ വരുന്നത്… ”

“എന്റെ ലക്ഷ്മിയേച്ചി മരിച്ചിട്ട് വർഷം പതിനേഴു കഴിഞ്ഞു…. അതുമായി എന്ത് ബന്ധമാണ് നിങ്ങൾ ചെയ്യുന്ന കൊലപാതകങ്ങൾക്ക്…?? ”

“ഞാൻ ചെയ്തു കൂട്ടിയ കൊലപാതകങ്ങൾക്ക് ദേവന്റെ ചേച്ചിയുമായി യാതൊരു ബന്ധവുമില്ല..”

“പിന്നെ… ” ആകാംഷയോടെ ദേവൻ അവരുടെ മുഖത്തേക്ക് നോക്കി.

അവരുടെ ഓർമ്മകൾ പതിനേഴു വർഷങ്ങൾ പുറകോട്ടു സഞ്ചരിച്ചു.

“മാനന്തവാടി താലൂക്കിലെ പനമരം ഗ്രാമപഞ്ചായത്തിലെ പുഞ്ചവയലെന്ന ഗ്രാമത്തിലായായിരുന്നു അച്ഛനും അമ്മയും ഞാനും അടങ്ങുന്ന കൊച്ചു കുടുംബം സന്തോഷത്തോടെ താമസിച്ചിരുന്നത്…. അച്ഛൻ എബ്രഹാം അമ്മ മരിയ.

വർക്കിച്ചൻ മുതലാളിയുടെ ഡ്രൈവർ ആയിരുന്നു എന്റെ അച്ഛൻ.ഒരു ദിവസം വൈകുന്നേരം വർക്കിച്ചന്റെ മേപ്പാടിയിലുള്ള എസ്റ്റേറ്റിലേക്ക് പോകുന്ന വഴി വണ്ടിയുടെ ടയർ എങ്ങനെയോ പഞ്ചറായി.

രംഗങ്ങൾ മുന്നിൽ കാണുന്നത് പോലെ അവർ പണ്ട് നടന്ന സംഭവങ്ങൾ വിവരിക്കാൻ തുടങ്ങി.

വർക്കിച്ചനെ കാറിൽ ഇരുത്തിയ ശേഷം എബ്രഹാം അടുത്തുള്ള വർക്ക്‌ ഷോപ്പിലേക്ക് പോയി.സമയം ഏകദേശം അഞ്ചരമണി കഴിഞ്ഞിരുന്നു.

കാറിന്റെ പിൻസീറ്റിൽ അക്ഷമയോടെ ഇരിക്കുകയായിരുന്നു വർക്കിച്ചൻ. എബ്രഹാം പോയിട്ട് അര മണിക്കൂർ കഴിഞ്ഞിരിക്കുന്നു.

ഒരു സിഗരറ്റിനു തീ പകർന്നു കൊണ്ടു വർക്കിച്ചൻ കാറിൽ നിന്നും പുറത്തിറങ്ങി.

തണുത്ത കാറ്റ് അവിടമാകെ ആഞ്ഞു വീശിക്കൊണ്ടിരുന്നു.

ആകാശത്തു കാർമേഘങ്ങൾ ഉരുണ്ടു കൂടി. മഴയ്ക്കുള്ള പുറപ്പാടായിരുന്നു.., തുള്ളിക്കൊരു കുടം കണക്കെ മഴ തുള്ളികൾ ഭൂമിയിലേക്ക് വന്നു പതിച്ചു.

മഴ പെയ്തു തുടങ്ങിയപ്പോൾ വർക്കിച്ചൻ വണ്ടിക്കുള്ളിലേക്ക് കയറിയിരുന്നു.ചുറ്റും ഇരുട്ട് വ്യാപിച്ചിരുന്നു.അപ്പോഴാണ് കാറിന്റെ ഹെഡ് ലൈറ്റിന്റെ പ്രകാശത്തിൽ അയാൾ മറ്റൊരു കാഴ്ച കണ്ടത്.

നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി ഓടി വരുന്നൊരു പെൺകുട്ടി.

പതിനേഴു വയസ്സ് പ്രായമേ കാണു. ദേവ നാരായണന്റെ ചേച്ചി അഥിഷ്ടലക്ഷ്മിയായിരുന്നു അത്.

മഴയ്ക്ക് ശക്തി പ്രാപിക്കും മുൻപ് വേഗം വീടെത്താനായി അവൾ ഓടി വരുന്നത് കണ്ടപ്പോൾ വർക്കിച്ചന്റെ സിരകളിൽ ചൂട് പിടിച്ചു.

അയാൾ ഡോർ തുറന്നു പുറത്തിറങ്ങി. മറ്റു വാഹനങ്ങൾ ഒന്നും അതുവഴി അപ്പോൾ വരുന്നുണ്ടായിരുന്നില്ല. വർക്കിച്ചൻ ചുറ്റുമൊന്ന് കണ്ണോടിച്ചു.അവൾ വർക്കിച്ചനെ ശ്രദ്ധിച്ചതേയില്ല.

അഥിഷ്ട ലക്ഷ്മി അയാളെ കടന്നു മുന്നോട്ടു പോയതും വർക്കിച്ചൻ അവളെ കടന്നു പിടിച്ചു. ഒട്ടും പ്രതീക്ഷിക്കാതെയുള്ള ആക്രമണമായതിനാൽ അവൾ നന്നായി പേടിച്ചു.

അയാളുടെ ബലിഷ്ഠമായ കൈകളിൽ കിടന്നവൾ പിടഞ്ഞു.കുതറി മാറാൻ ശ്രമിക്കുമ്പോൾ അയാളവളെ കൂടുതൽ വരിഞ്ഞു മുറുക്കി.

അവൾ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്ന പുസ്തകങ്ങൾ റോഡിൽ ചിതറി വീണു.

വർക്കിച്ചൻ അവളെ ഇടത് വശം ചേർന്നുള്ള കാടിനുള്ളിലേക്ക് വലിച്ചു കൊണ്ടു പോയി.
ലക്ഷ്മി കരഞ്ഞു നിലവിളിച്ചു കൊണ്ടിരുന്നു.

ആർത്തലച്ചു പെയ്യുന്ന മഴയുടെ ഒച്ചയിൽ അവളുടെ നിലവിളി ശബ്ദം അലിഞ്ഞു ചേർന്നു.

ലക്ഷ്മിയുടെ കരച്ചിൽ പുറത്തു കേൾക്കാതിരിക്കാനായി അയാൾ അവളുടെ ബ്ലൗസ് വലിച്ചു കീറി വായിൽ കുത്തി തിരുകി വച്ചു.

ഒരു വലിയ കാട്ടു മരത്തിനു ചുവട്ടിലേക്ക് അവളെ കൊണ്ടു കിടത്തിയ ശേഷം വർക്കിച്ചൻ അവളുടെ ശരീരത്തിലേക്ക് ആർത്തിയോടെ പടർന്നു കയറി.

സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു.

രണ്ടു വർക്ക്‌ ഷോപ്പുകളും അടച്ചിരുന്നതിനാൽ കുറച്ചു ദൂരെയുള്ള വർക്ക്‌ ഷോപ്പിൽ പോയി ഒരു ടയർ സംഘടിപ്പിച്ചു കൊണ്ടു വരുകയായിരുന്നു എബ്രഹാം.

അതിന്റെ കൂടെ മഴയും ആരംഭിച്ചപ്പോൾ കുറച്ചു വൈകിയാണ് അയാൾ കാർ കിടക്കുന്നിടത്തു എത്തിയത്.

അപ്പോൾ മഴയുടെ ശക്തി നന്നേ കുറഞ്ഞിരുന്നു. സമയം ഏഴു മണിയോട് അടുത്തിരുന്നു.
എബ്രഹാം കാറിനുള്ളിലേക്ക് നോക്കിയപ്പോൾ അതിനുള്ളിൽ വർക്കിച്ചനെ കാണാനില്ലായിരുന്നു.

ഈ സമയം അയാൾ ദൂരേക്ക് എവിടെയും പോയിട്ടുണ്ടാവില്ലെന്ന് എബ്രഹാമിനു തോന്നി.

വർക്കിച്ചൻ തിരിച്ചെത്തും മുൻപ് ടയർ ശരിയാക്കണമെന്ന് കരുതി അയാൾ കാറിന്റെ ടയർ വേഗം മാറ്റിയിട്ടു.

ടയർ മാറ്റിയിടുന്നതിനിടയിൽ അയാളുടെ ദേഹത്തു മണ്ണും ചെളിയും പുരണ്ടിരുന്നു. അര മണിക്കൂർ കഴിഞ്ഞിട്ടും മുതലാളിയേ കാണാത്തതിനാൽ അയാൾക്ക് എന്തോ പന്തികേട് തോന്നി.

അപ്പോഴാണ് എബ്രഹാം കുറച്ചു മുന്നിലായി റോഡിൽ ചിതറി കിടക്കുന്ന പുസ്തകങ്ങൾ ശ്രദ്ധിക്കുന്നത്.

ചുറ്റുപാടും വീക്ഷിച്ചു കൊണ്ടു എബ്രഹാം മുന്നോട്ടു നടന്നു. അയാൾ കുനിഞ്ഞു നിലത്തു കിടന്ന പുസ്തകങ്ങളിലൊന്ന് കയ്യിലെടുത്തു.

മഴ നനഞ്ഞു അവയെല്ലാം കുതിർന്നു പോയിരുന്നു. പെട്ടെന്നാണ് തൊട്ടു പിന്നിൽ ഒരു പെൺകുട്ടിയുടെ കരച്ചിൽ എബ്രഹാം കേട്ടത്.

അയാൾ ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ കീറി പറിഞ്ഞ വസ്ത്രങ്ങളോടെ ഒരു പെൺകുട്ടി ഇടത് വശം ചേർന്ന കാടിനുള്ളിൽ നിന്നും ഓടി വരുന്നുണ്ടായിരുന്നു.അത് അഥിഷ്ട ലക്ഷ്മിയായിരുന്നു.

റോഡിലേക്ക് ഇറങ്ങിയതും നില തെറ്റി അവൾ കമഴ്ന്നടിച്ചു വീണു. വേച്ചു വേച്ചു അവൾ എഴുന്നേറ്റു എബ്രഹാമിനു നേർക്ക് കൈകൾ കൂപ്പി രക്ഷിക്കണേ എന്നഭ്യർഥിച്ചു കൊണ്ടു മുടന്തി മുടന്തി നടന്നു വന്നു.

എബ്രഹാം അവൾക്കരികിലേക്ക് ഓടി ചെന്നു.

അവളുടെ ഇടുപ്പിൽ ഒരു കത്തി കുത്തിയിറക്കിയിട്ടുണ്ടായിരുന്നു. വേദന കടിച്ചമർത്തി അവൾ കത്തി വലിച്ചൂരാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

കാര്യം കഴിഞ്ഞപ്പോൾ ലക്ഷ്മിയെ കുത്തി കൊലപ്പെടുത്താനായിരുന്നു വർക്കിച്ചന്റെ ശ്രമം. അയാളെ തള്ളി മറിച്ചിട്ട് പ്രാണ രക്ഷാർത്ഥം ഓടി വന്നതായിരുന്നു അവൾ.

എബ്രഹാം അവളുടെ അടുക്കലേക്ക് ചെന്നു.

“അയ്യോ മോളെ…ഇതെന്തു പറ്റിയതാ… ” പരിഭ്രമത്തോടെ വിക്കി വിക്കി അയാൾ ചോദിച്ചു.
ജന്മനാ തന്നെ എബ്രഹാമിനു സംസാരിക്കുമ്പോൾ വിക്കൽ ഉണ്ടായിരുന്നു.

അപ്പോഴേക്കും അവൾ ഇടുപ്പിൽ നിന്നും കത്തി വലിച്ചൂരിയിരുന്നു. മുറിവിൽ നിന്നും ചോര ഒഴുകി കൊണ്ടിരുന്നു.

ലക്ഷ്മി കുഴഞ്ഞു നിലത്തേക്ക് വീഴാൻ പോയതും അയാൾ അവളെ കൈകളിൽ താങ്ങി.

അവളുടെ ചുണ്ടുകൾ വെള്ളം വെള്ളം എന്ന് മന്ത്രിക്കുന്നുണ്ടായിരുന്നു. എബ്രഹാം അവളുടെ കയ്യിൽ നിന്നും കത്തി വാങ്ങി നിലത്തിട്ടു.

അവളെ നിലത്ത് കാറിനോട് ചേർത്ത് ചാരിയിരുത്തിയ ശേഷം എബ്രഹാം കാറിൽ ഉണ്ടായിരുന്ന വെള്ള കുപ്പി എടുത്തു കൊണ്ടു വന്നു കൊടുത്തു.

അവളുടെ കോലം കണ്ടപ്പോൾ തന്നെ എബ്രഹാമിനു കാര്യം മനസ്സിലായി. അയാളുടെ കണ്ണുകൾ ചുറ്റിലും വർക്കിച്ചൻ മുതലാളിയെ തിരഞ്ഞു കൊണ്ടിരുന്നു.

കുപ്പിയിലെ വെള്ളം ചുണ്ടോട് ചേർത്ത് കുടിക്കാനുള്ള ത്രാണി പോലും അവൾക്കില്ലായിരുന്നു. എബ്രഹാം തന്റെ തോളിലേക്ക് അവളെ ചാരി കിടത്തിയ ശേഷം കുപ്പി അവളുടെ ചുണ്ടോട് ചേർത്ത് കൊടുത്തു.

പക്ഷെ അപ്പോഴേക്കും അവൾ ഒരു വശത്തേക്ക് ബോധം കെട്ടു വീണിരുന്നു. എബ്രഹാം അവളെ കുലുക്കി വിളിച്ചു ഉണർത്താൻ ശ്രമിച്ചുവെങ്കിലും ലക്ഷ്മി ഉണർന്നില്ല.

അവളുടെ ഇടുപ്പിലെ മുറിവിൽ നിന്നും ചോര ഒഴുകുന്നത് കണ്ടപ്പോൾ തന്റെ ഷർട്ട് ഊരി മുറിവിൽ ചുറ്റി കെട്ടി വയ്ക്കാമെന്ന് വിചാരിച്ചു എബ്രഹാം തന്റെ ഷർട്ട് അഴിച്ചു.

ആ സമയത്താണ് രണ്ടു വാഹനങ്ങൾ അതു വഴി കടന്നു വന്നത്.അഥിഷ്ട ലക്ഷ്മിയുടെ പിന്നാലെ ഓടിപ്പിടിച്ചെത്തിയ വർക്കിച്ചൻ മറഞ്ഞു നിന്നു കൊണ്ടു അവിടെ നടന്നതൊക്കെ കാണുന്നുണ്ടായിരുന്നു.

അപ്പോഴേക്കും വണ്ടിയിൽ വന്നവർ റോഡിലെ രംഗങ്ങൾ കണ്ടു വണ്ടി സൈഡിലേക്ക് ഒതുക്കി എബ്രഹാമിന്റെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു.

കീറിപ്പറിഞ്ഞ വസ്ത്രങ്ങളോടെ ചോര പടർന്നൊഴുകി നിലത്തു ബോധശൂന്യയായി കിടക്കുന്ന പെൺകുട്ടിയെയും അരികിലിരിക്കുന്ന എബ്രഹാമിനെയും വന്നവർ സംശയത്തോടെ നോക്കി.

എബ്രഹാമിന്റെ ശരീരത്തിലും അഴുക്കും ചെളിയും ചോരയുമൊക്കെ പുരണ്ടിരുന്നു.

പോരാത്തതിന് അയാൾ ഷർട്ട്‌ ഊരി അവളുടെ മുറിവിലേക്ക് കെട്ടാൻ തുടങ്ങുമ്പോഴായിരുന്നു മറ്റു രണ്ടു വാഹനങ്ങൾ അതുവഴി വന്നതും.

എബ്രഹാം ആ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്നായിരുന്നു അവർ വിചാരിച്ചത്.

കൂട്ടത്തിൽ ആരോ പാഞ്ഞു വന്നു എബ്രഹാമിനിട്ട് ഒരു ചവുട്ട് കൊടുത്തു.

“പന്ന….. മോനെ ” ചീത്ത വിളിച്ചു കൊണ്ടു വന്നയാളുകൾ അയാൾക്ക് നേരെ പാഞ്ഞു. ആളുകൾ എബ്രഹാമിനെ വളഞ്ഞിട്ട് തല്ലി.

അയാൾക്ക്‌ പറയാനുള്ളത് ആരും കേൾക്കാൻ കൂട്ടാക്കിയില്ല. തന്റെ നിരപരാധിത്വം അവരെ പറഞ്ഞു മനസിലാക്കാൻ വിക്കനായ അയാൾക്കായില്ല.

ആരോ വിളിച്ചറിച്ചിയിച്ചതിനെ തുടർന്നു മേപ്പാടി സ്റ്റേഷനിൽ നിന്നും പോലീസ്ക്കാരും എത്തിച്ചേർന്നു.അതിനിടയിൽ ആളുകൾ എബ്രഹാമിനെ അടിച്ചവശനാക്കിയിരുന്നു.

അഥിഷ്ട ലക്ഷ്മിയെ ഉടനെ തന്നെ ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള ഏർപ്പാടുകൾ ചെയ്തു പോലീസ് എബ്രഹാമിനെ വിലങ്ങണിയിച്ചു.

ആ അവശ നിലയിലും എബ്രഹാമിന്റെ കണ്ണുകൾ തന്റെ മുതലാളിയെ തിരഞ്ഞു.കുറച്ചു ദൂരെ ഒരു മരത്തിനു പിന്നിൽ മറഞ്ഞു നിന്ന് രംഗം വീക്ഷിക്കുന്ന വർക്കിച്ചനെ അയാൾ കണ്ടു.

എബ്രഹാം തന്നെ കണ്ടു കഴിഞ്ഞുവെന്ന് വർക്കിച്ചന് മനസിലായി.അയാൾ ചൂണ്ട് വിരൽ ചുണ്ടോട് അടുപ്പിച്ചു ആരോടും ഒന്നും പറയരുതെന്ന് ആംഖ്യം കാണിച്ചു.

തന്റെ മുതലാളിയാണ് ആ പെൺകുട്ടിയെ ബലാൽക്കാരം ചെയ്തു കൊല്ലാൻ ശ്രമിച്ചതെന്ന് എബ്രഹാമിനു ഉറപ്പായി.

പോലീസുകാർ എബ്രഹാമിനെ ജീപ്പിലേക്ക് എടുത്തിട്ട് കൊണ്ടു പോയി. വർക്കിച്ചന്റെ കാറും അവർ കസ്റ്റഡിയിൽ എടുത്തു.

അവിടുത്തെ ഒച്ചയും ബഹളവുമെല്ലാം മാറുന്നത് വരെ വർക്കിച്ചൻ റോഡിലേക്ക് ഇറങ്ങിയതേയില്ല.

അയാൾ ഫോൺ എടുത്തു ആരെയോ നടന്ന സംഭവങ്ങൾ എല്ലാം വിവരിച്ചു.

ശേഷം എസ്റ്റേറ്റിൽ വിളിച്ചു മറ്റൊരു വണ്ടി വരുത്തി അയാൾ അവിടെ നിന്നും പോയി.

പിറ്റേന്ന് രാവിലെയോടെ തലേന്നത്തെ സംഭവം എല്ലാവരും അറിഞ്ഞു. പോലീസുകാരും എബ്രഹാമിനെ പൊതിരെ തല്ലി ചതച്ചിരുന്നു.

വിവരം അറിഞ്ഞു അയാളുടെ ഭാര്യ മരിയ എബ്രഹാമിനെ കാണാനെത്തി.തന്റെ ഭർത്താവ് നിരപരാധിയാണെന്ന് അവർക്ക് വിശ്വാസം ഉണ്ടായിരുന്നു. നടന്ന സംഭവങ്ങൾ അയാൾ ഒരു വിധം മരിയയോട് പറഞ്ഞു.

ആ കുരുക്കിൽ നിന്നും മുതലാളി രക്ഷിക്കാൻ വരുമെന്ന് എബ്രഹാം ഉറച്ചു വിശ്വസിച്ചിരുന്നു.
എന്നാൽ വർക്കിച്ചൻ മുതലാളി അയാളെ രക്ഷിക്കാനായി വന്നില്ല.

ബലാത്സംഗത്തിനിരയായ അഥിഷ്ട ലക്ഷ്മിയെ ഡോക്ടർമാർ വിശദമായി പരിശോധന നടത്തി.
അവളുടെ ശരീരത്തിൽ നിന്നുമുള്ള സെമൻ എബ്രഹാമിന്റേതുമായി മാച്ചിങ് ആണോന്ന് അറിയാനായി പരിശോധനയ്ക്ക് അയച്ചു.

ആ സമയത്താണ് ലോക്കപ്പിൽ കഴിഞ്ഞിരുന്ന എബ്രഹാമിനെ കാണാൻ വർക്കിച്ചൻ എത്തിയത്.

സാഹചര്യ തെളിവുകൾ അയാൾക്ക് എതിരാണെന്നും കത്തിയിലെ കയ്യടയാളം എബ്രഹാമിന്റെ ആണെന്നും പോലീസും നാട്ടുകാരും ഉൾപ്പെടെ എല്ലാവരും അയാളാണ് പ്രതിയെന്ന് ഉറച്ചു വിശ്വസിക്കുന്നു എന്നും അയാളല്ല ആ കുട്ടിയെ നശിപ്പിച്ചതെന്ന് പറഞ്ഞതൊന്നും ആരും വിശ്വസിച്ചിട്ടില്ലായെന്നും തനിക്ക് അയാളെ രക്ഷിക്കാൻ കഴിയില്ലെന്നും വർക്കിച്ചൻ എബ്രഹാമിനെ ധരിപ്പിച്ചു…

ചെയ്യാത്ത തെറ്റിന് താൻ മറ്റുള്ളവരുടെ മുന്നിൽ കുറ്റവാളിയാകേണ്ടി വന്നതിൽ അയാൾക്ക് വല്ലാത്ത മനസ്താപം തോന്നി.

തന്നെ അവിടുന്നു രക്ഷിച്ചില്ലെങ്കിൽ പിറ്റേന്ന് കോടതിയിൽ ഹാജരാക്കുമ്പോൾ വർക്കിച്ചന്റെ പേര് പറയുമെന്ന് എബ്രഹാം പറഞ്ഞു.

അത് പറഞ്ഞതിന്റെ പിറ്റേ ദിവസം രാവിലെ ഉടുമുണ്ടിൽ തൂങ്ങി നിൽക്കുന്ന എബ്രഹാമിനെയാണ് കാണുന്നത്.

ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അഥിഷ്ട ലക്ഷ്മിയെയും തന്റെ പണത്തിന്റെ സ്വാധീനം ഉപയോഗിച്ച് വർക്കിച്ചൻ കൊലപ്പെടുത്തി.

സ്വാഭാവിക മരണമായി അത് മാറി. എബ്രഹാമിന്റെ മരണം ആത്മഹത്യയുമായി.

സെമൻ ടെസ്റ്റ്‌ റിസൾട്ട്‌ വന്നപ്പോൾ എബ്രഹാം നിരപരാധിയാണെന്ന് ബോധ്യമായെങ്കിലും യഥാർത്ഥ പ്രതിയാരാണെന്ന് അറിയാവുന്ന രണ്ടു പേരും മരണം വരിച്ചിരുന്നു. കേസ് തള്ളിപ്പോയി.

എബ്രഹാമിന്റെ മരണത്തോടെ ഒറ്റപ്പെട്ട മരിയ വയനാട്ടിൽ നിന്നും മകളെയും കൊണ്ടു കോട്ടയത്തുള്ള തന്റെ വീട്ടിലേക്ക് വന്നു.

ഭർത്താവിന്റെ മരണം മരിയയുടെ മാനസിക നില പാടെ തെറ്റിച്ചിരുന്നു…എബ്രഹാം മരിച്ചു അധിക നാൾ തികയും മുൻപ് മരിയയും മാനസിക വിഭ്രാന്തിക്ക് അടിപ്പെട്ട് ഒരു നാൾ സാരിത്തുമ്പിൽ ജീവിതം അവസാനിപ്പിച്ചു.

പിന്നീട് ഒരു വർഷത്തോളം അപ്പൂപ്പന്റെ തണലിൽ കഴിഞ്ഞിരുന്ന മരിയയുടെയും എബ്രഹാമിന്റെയും മകൾ ജെനിഫർ എബ്രഹാം അപ്പുപ്പൻ കൂടെ മരിച്ചതോടെ പതിനാലാം വയസിൽ അനാഥയായി മാറി.

ബന്ധുക്കൾ അവളെ അടുത്തുള്ള പള്ളിവക അനാഥാലയത്തിൽ ചേർത്തു.പിന്നീടുള്ള ജെനിഫറിന്റെ ജീവിതം അവിടെയായിരുന്നു…

വർഷങ്ങൾ അതിവേഗം കടന്നു പോയി.

അത്രയും നേരം എല്ലാം നിശബ്ദമായി കേട്ടുകൊണ്ടിരുന്ന ദേവ നാരായണൻ എന്തോ ഓർത്തിട്ടെന്ന പോലെ ഞെട്ടി.

“ജെനിഫർ എബ്രഹാം…. മാഡം…. നിങ്ങൾ…. ”

മുന്നിലിരിക്കുന്ന ലേഡി കില്ലർ ജെനിഫർ എബ്രഹാമിനെ തിരിച്ചറിഞ്ഞ മാത്രയിൽ അത്യന്തം ബഹുമാനത്തോടെയും ഞെട്ടലോടെയും ദേവ നാരായണൻ ഇരിപ്പിടത്തിൽ നിന്നും അറിയാതെ എഴുന്നേറ്റു പോയി.

“മനസിലായി അല്ലെ… ” പുഞ്ചിരിയോടെ ജെനിഫർ ദേവനോട് ചോദിച്ചു.

തുടരും

ഷാഡോ: ഭാഗം 1

ഷാഡോ: ഭാഗം 2

ഷാഡോ: ഭാഗം 3

ഷാഡോ: ഭാഗം 4

ഷാഡോ: ഭാഗം 5

ഷാഡോ: ഭാഗം 6

ഷാഡോ: ഭാഗം 7

Comments are closed.