Wednesday, December 18, 2024
Novel

രുദ്രഭാവം : ഭാഗം 16

നോവൽ
എഴുത്തുകാരി: തമസാ

അങ്ങോട്ട് കയറിപ്പോയതിനേക്കാൾ സുഖമുണ്ട് മനസ്സിന്, ഈ പടികൾ വീണ്ടും ഇറങ്ങുമ്പോൾ എന്ന് രൂപനു തോന്നി…

എല്ലാം കൈവിട്ടു പോയെന്നോർത്ത് പേടിച്ചു പോയിട്ടിപ്പോൾ ദിവസങ്ങൾക്കകം അവൾ തന്റേത് മാത്രമാകാൻ പോകുന്നു…..

വീട്ടിൽ നിന്നവളെ പുറത്താക്കുകയാണെന്ന് പറഞ്ഞപ്പോഴും താനിത്തിരി സന്തോഷിച്ചില്ലേ… ഇനി അവൾ എന്റെ മാത്രമെന്ന് ആയിരം വട്ടം മനസ്സിൽ പറഞ്ഞില്ലേ….. അറിയില്ല….

എന്റേത് മാത്രമെന്ന് പറഞ്ഞെന്നും പൊതിഞ്ഞു പിടിക്കാൻ ആഗ്രഹിക്കുന്നൊരു നിധിയാണവൾ…

ആത്മാവിന്റെ അറകളിൽ എഴുതി വെച്ച് സ്വർണത്താക്കോൽ ഇട്ട പൂട്ടിയൊരു നിധി ….. മനസ് കൊണ്ടു ഞാൻ കോറിയിട്ട എന്റെ കവിത…. ജീവന്റെ അക്ഷരങ്ങൾ ചേർത്തവ……

പിറ്റേന്ന് മുതൽ തിരക്കായിരുന്നു.. ഞങ്ങളിവിടെ ഇപ്പോൾ റൂം എടുത്താണ് താമസം..എറണാകുളം ജില്ല ആണെന്നേ ഉള്ളു…. പെരുമ്പാവൂർ ആലുവ റൂട്ടിൽ ആണ് അവളുടെ വീട്…

അച്ഛനാണ് പറഞ്ഞത് കല്യാണം കഴിഞ്ഞിട്ടിനി നാട്ടിലേക്ക് പോകാമെന്ന്… ഞാൻ കൂടെ പോകേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല അല്ലെങ്കിലും…… വാശിക്കാരി ആണവൾ…. അല്ലേ….. ആ….. അല്ലെങ്കിൽ അങ്ങനെ ഒക്കെ പറയാൻ തോന്നുമോ……

കയ്യിലുണ്ടായിരുന്ന ക്യാഷ് എടുത്ത് അവൾക്ക് സ്വർണം മേടിച്ചു…. വലിയൊരു താലി മാലയും ചെറിയൊരു മാലയും കമ്മലും…

പിന്നെ പേര് കൊത്തിയ മോതിരങ്ങൾ.. കൊലുസ്….. വളകൾ…. എല്ലാം മേടിച്ചു…….

അമ്മയ്ക്കായിരുന്നു വാങ്ങാൻ താല്പര്യം കൂടുതൽ… ആദ്യമായി ഒരു പെൺകുഞ്ഞിനെ കിട്ടുന്നതിന്റെ ആയിരിക്കും…

മ്മ്മ്… അവസാനം കൂട്ടത്തല്ലാവാതിരുന്നാൽ മതിയായിരുന്നു…

പതിയെ ഉള്ള ശബ്ദം കേട്ട് തല ചെരിച്ചു നോക്കി.. സ്വരൂപ്‌ ആണ്….. ഞാൻ മനസ്സിൽ വിചാരിച്ച അതേ കാര്യം… കണ്ടറിയാം….

മോതിരത്തിൽ രണ്ടിലും ചുവന്ന അക്ഷരങ്ങളിൽ പേരെഴുതി…. ഭാവയാമി എന്ന് തികച്ചെഴുതി….

പക്ഷേ അവളുടെ വിരലിൽ ഇടാനുള്ള എന്റെ പേര് പതിച്ച അക്ഷരങ്ങൾ രുദ്രൻ എന്ന് മാത്രമാക്കി വെട്ടിച്ചുരുക്കി… അടുത്ത ദിവസം റിങ് തരാമെന്ന് പറഞ്ഞൂ…

പിന്നെ തുണി എടുക്കലായി….. അവളുടെ വീട്ടുകാർക്ക് ഉൾപ്പെടെ എടുത്തു.. ഇനി ഒരു വരവ് ഈ ഇടയ്‌ക്കൊന്നും നാട്ടിലേക്ക് ഉണ്ടാവില്ല….

അതുകൊണ്ട് ആ ചടങ്ങ് നേരത്തേ അങ്ങ് നടത്താം.. ഏത്… ഭാര്യ വീട്ടുകാർക്ക് തുണി കൊടുപ്പ്…..

വൈകുന്നേരം വീട്ടിലെത്തിയപ്പോൾ, അച്ഛന്റെ ഇല്ലത്തു നിന്നൊരു വിളി…. അവിടെ ചെറിയൊരു താലികെട്ട് നടത്തി കൊണ്ടു പോരെ…

തിരിച്ചു ചെന്നിട്ട് കേമമായി കൊട്ടും കുരവയുമായി അവിടെ ആഘോഷിക്കാമെന്ന്… പക്ഷേ….

അതിനുള്ള സമയം അവളെനിക്ക് തരുമോ എന്ന് പോലും അറിയില്ല… എങ്കിലും അച്ഛൻ സമ്മതം പറഞ്ഞു…. അങ്ങനെ അതും തീരുമാനം ആയി…

അടുത്ത ദിവസം പോയി മോതിരം വാങ്ങി…. അവളുടെ വീട്ടിൽ അമ്മ സ്വർണവും പുടവയും കൊടുത്തു… സ്വരൂപും പോയിരുന്നു കൂടെ….

അവന് അവളെ ഒത്തിരി ഇഷ്ടമാണ്.. ഇടയ്ക്ക് തോന്നും അമ്മയെയും അച്ഛനെയും പറഞ്ഞു പറഞ്ഞ് ഈ ഘട്ടം വരെ ഈ ബന്ധം എത്തിച്ചത് അവനാണെന്ന് …. നാളെയാണ് ആ വിവാഹം….

ആറ്റുനോറ്റ് മാസങ്ങളായി ഞാൻ കാത്തിരുന്ന ദിനം….തോരണങ്ങൾ അണിയിച്ച പല്ലക്കിൽ എന്റെ ഭാവ………. എന്റെ സ്വപ്‌നങ്ങൾ……

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് അച്ഛൻ സ്വരൂപിനെ വിളിച്ച് മോതിരം രണ്ടും അവനെ ഏൽപ്പിച്ചു…..

അവന്റെ കയ്യിൽ നിന്നും വാങ്ങി, എന്റെ പേരെഴുതിയ മോതിരത്തിൽ ഞാനൊന്ന് മുത്തി…. ആ വിരലുകളിൽ സ്ഥാനം പിടിച്ചാൽ പിന്നെ എനിക്ക് അവയെ മുത്താൻ കഴിഞ്ഞില്ലെങ്കിലോ…….

ഞങ്ങളാണ് ആദ്യം അമ്പലത്തിൽ എത്തിയത്… ഇരിങ്ങോൾ കാവ്… അതാണ്‌ കാവ്… ചുറ്റും വള്ളിപ്പടർപ്പുകൾ….

ഏക്കറുകൾ നീളുന്ന വനത്തിനു നടുവിലെ പച്ച പുതച്ചൊരു കാവ്…. നിരയാർന്നു കിടക്കുന്ന നടവഴികൾ പായലുകളാൽ ചുംബിക്കപ്പെട്ടിരിക്കുന്നു….

കാറിൽ നിന്നിറങ്ങി ഞങ്ങൾ മുകളിലെത്തി….

അച്ഛൻ അകത്തു കയറി സംസാരിച്ചു…

കുറച്ച് കഴിഞ്ഞു പടവുകൾ കയറി വരുന്ന ഭാവയാമിയേ കണ്ടു…. മുല്ലപ്പൂക്കൾ ചൂടി, കയ്യിൽ കുറച്ചു മാത്രം വളകൾ ചാർത്തി, കഴുത്തിൽ വീതി കൂടിയ ഒരു മാല ഇട്ട് ചുവന്ന പുടവയിൽ തിളങ്ങി അവളെന്റെ അടുത്തേക്ക് വരികയാണ്…

ഓരോ നടകൾ കടക്കുമ്പോഴും കാതിലെ ലോലാക്ക് എന്നെ അവളിലേക്ക് മാടി വിളിച്ചുകൊണ്ടിരുന്നു….

എല്ലാവരും എത്തിയോടോ?

അവളുടെ അച്ഛന്റെ ചോദ്യമാണെന്നേ ഉണർത്തിയത്…

ഉവ്വ്… അകത്തുണ്ട്….

നീട്ടിയ മൂളലോടെ പോയ അച്ഛന്റെ വാലായി എല്ലാവർക്കുമൊപ്പം, (ആരെയും വിളിക്കില്ലെന്ന് പറഞ്ഞെങ്കിലും ഇരുപതോളം ആൾകാർ കൂടെയുണ്ടായിരുന്നു, )എന്നെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അവൾ നീങ്ങി….

അര മണിക്കൂർ പിന്നെയും തള്ളിനീക്കപ്പെട്ടു…ഇല്ലത്തെ ആചാരങ്ങൾക്ക് വിപരീതമായി, ഈ ഞാൻ, ഭാവയാമി എന്ന എന്റെ പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി…..

താലി ചാർത്തുമ്പോൾ ആ കണ്ണുകളടഞ്ഞതായി എനിക്ക് തോന്നിയില്ല…. പക്ഷേ എന്റെ കയ്യും ഉടലും വിറച്ചിരുന്നു……

നെടുകേ കോറിയ എന്റെ ആയുസ്സിന്റെ രേഖയിൽ ചുവപ്പ് പടർത്തുമ്പോൾ ആ കണ്ണിലും ചുമപ്പാണെന്ന് തോന്നി… ആളിക്കത്തുന്ന അഗ്നിക്കിടയിൽ മിന്നി മറയുന്ന ചുവപ്പ്…..

നിന്നോടുള്ള എന്റെ ഉയിരിന്റെ വാഗ്ദാനം ഒരിക്കൽ കൂടി ഞാൻ ഊട്ടി ഉറപ്പിക്കുന്നു….രുദ്രന്റെ ജീവാത്മാവിലും പരമാത്മാവിലും നീ മാത്രമായിരിക്കും….

എന്നെ സ്നേഹിക്കുന്നതിലേറെ ഞാൻ നിന്നെ സ്നേഹിക്കും… നിന്റെ കുറവുകളെ എന്റേത് കൂടിയാക്കി പരിഹരിക്കും….

മരണം വരെ നീയൊരുവൾ മാത്രമേ എന്റെ മനസിനും ശരീരത്തിനും അവകാശി ആയി ഉണ്ടായിരിക്കുകയുള്ളൂ എന്ന് ഹൃദയം കൊണ്ട് വാക്ക് തരുന്നു….

രുദ്രൻ കണ്ണുകൾ ഒന്ന് അടച്ചു തുറന്നിട്ട്‌ അവളെ നോക്കി…

പ്രദക്ഷിണം ചെയ്യുമ്പോൾ ഞാൻ ചേർത്ത് പിടിച്ച ആ കൈകൾക്ക് എന്നോട് ചേരാനൊരു ഇച്ഛ കുറവ് പോലെ…

എല്ലാവരുടെയും അനുഗ്രഹം വാങ്ങി ഇറങ്ങാൻ അച്ഛൻ പറഞ്ഞു… പുറത്തൊരു ഹോട്ടലിൽ സ്വരൂപ്‌ ഭക്ഷണം വിളിച്ചു പറഞ്ഞ് അറേഞ്ച് ചെയ്തു…

പിന്നെ സമയമില്ല…. ഇരുട്ടുന്നതിനു മുൻപ് വീടെത്തണം….

ക്ഷമ ചോദിക്കുംപോലെ അവളോരോ കാലുകളിൽ തൊട്ട് വന്ദിച്ചു… പക്ഷെ പല കൈകളും അവളോട് പിണക്കത്തിലായിരുന്നു. ഞാൻ മാത്രം കാരണക്കാരൻ.. ..

ഒരു കുടുംബത്തിലെ എല്ലാവരുടെയും വിവാഹ സ്വപ്നങ്ങളെ പാടെ തല്ലിക്കൊഴിച്ചവൻ….. പിന്നെങ്ങനെ………

രുദ്രനൊന്ന് നെടുവീർപ്പിട്ടു….

സ്വരൂപിനോടുള്ള മതിപ്പിന്റെ പേരിൽ മാത്രം അവളെനിക്കൊപ്പം നിന്നോരോ ഫോട്ടോകൾക്ക് തയ്യാറായി….

ഭക്ഷണം കഴിച്ചു വീട്ടിലേക്ക് മടങ്ങുമ്പോൾ ആ കാറിനകം നിശബ്ദമായിരുന്നു…. ആഗ്രഹിച്ചു നേടിയതിനോടൊന്നടക്കാൻ ആവാതെ രുദ്രനും….

കൊഴിഞ്ഞ സ്വപ്നങ്ങളെ കൈക്കുമ്പിളിൽ എടുത്ത് ഒരു വട്ടം കൂടി തന്നിലേക്ക് ചേർക്കാൻ പറ്റുമോ എന്ന് സ്വയം ചോദിച്ചു ഭാവയും……എങ്കിലും കയ്യൊരത്തുണ്ടല്ലോ എന്നാലും ജീവന്റെ പാതി..

(തുടരും )

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4

രുദ്രഭാവം : ഭാഗം 5

രുദ്രഭാവം : ഭാഗം 6

രുദ്രഭാവം : ഭാഗം 7

രുദ്രഭാവം : ഭാഗം 8

രുദ്രഭാവം : ഭാഗം 9

രുദ്രഭാവം : ഭാഗം 10

രുദ്രഭാവം : ഭാഗം 11

രുദ്രഭാവം : ഭാഗം 12

രുദ്രഭാവം : ഭാഗം 13

രുദ്രഭാവം : ഭാഗം 14

രുദ്രഭാവം : ഭാഗം 15