Saturday, January 18, 2025
Novel

രുദ്രഭാവം : ഭാഗം 12

നോവൽ
എഴുത്തുകാരി: തമസാ

ഭാവേച്ചീ…… സ്വരൂപ്‌ ഓടിച്ചെല്ലുമ്പോൾ ചുറ്റുമുള്ളവരൊക്കെ ഇനി എന്ത് ചെയ്യുമെന്ന് പരിഭ്രമിച്ചു നിൽക്കുകയായിരുന്നു…

മുന്താണി വലിച്ചു കീറാൻ സ്വരൂപ്‌ ശ്രമിച്ചിട്ടും പറ്റുന്നുണ്ടായിരുന്നില്ല…തിരുമേനി അദ്ദേഹത്തിന്റെ കയ്യിലിരുന്ന കസവു തുണി കൊണ്ട് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ആ തുണിയിലേക്കും തീപടർന്നു…..

സ്വരൂപ്‌ പിന്നെ ഒന്നും ചിന്തിച്ചില്ല…. ഭാവയേ കൈകൾകൊണ്ട് പൊക്കിയെടുത്തു അമ്പലക്കുളത്തിലേക്കോടി…..

പടവുകൾ ഓടിയിറങ്ങി ഭാവയോടൊപ്പം മുങ്ങി നിവർന്നു…..

ഭാവ പേടിച്ചു വിറച്ചിരുന്നു….. തീപടർന്നു മുന്താണി മുഴുവനും കത്തിപ്പോയിരുന്നു…. ഭയന്ന് വിറച്ചു നിൽക്കുമ്പോഴും തന്നെ നോക്കുന്ന കണ്ണുകൾ അവൾ കാണുന്നുണ്ടായിരുന്നു..

പൊതു മധ്യത്തിൽ തുണി ഉരിയപ്പെട്ടവനെ പോലെ സ്വയം തോന്നി ഭാവയാമിക്ക്… കണ്ണുകളടച്ചവൾ നിന്നു….

തോളിൽ കനം വന്നപ്പോൾ അവൾ പതിയെ കണ്ണ് തുറന്നു… കണ്ണുനീർ വെള്ളത്തുള്ളിയ്‌ക്കൊപ്പം ഉതിരുന്നുണ്ടായിരുന്നു..

കണ്ണ് തുറന്ന ഭാവ കണ്ടത് മറ്റുള്ളവർക്ക് തന്നെ കാണാതിരിക്കത്തക്ക വണ്ണം മറഞ്ഞു നിന്ന് തന്റെ ഷർട്ടൂരി അവളുടെ ചുമലിൽ വെച്ച് നിൽക്കുന്ന സ്വരൂപിനെ ആയിരുന്നു….

തന്റെ അവസ്ഥ ഓർത്തവൾക്ക് മടി തോന്നി….

” ഭാവേച്ചീ എന്റെ ചേച്ചി തന്നെയാ എനിക്ക്… ഞാൻ… എന്റെ ചേച്ചിയെ അവിടെ നിൽക്കുന്ന അവര് നോക്കുന്ന കണ്ണോടെ നോക്കില്ല ഒരിക്കലും ഞാൻ .. ഷർട്ട്‌ ഇട്ട് ബട്ടൺ കൂടി ഇട്ടോ… അല്ലെങ്കിൽ ശരിയാവില്ല…. ”

ആരെന്നും എന്തെന്നും അറിയില്ലെങ്കിലും കഴിഞ്ഞ കുറേ നിമിഷങ്ങൾ കൊണ്ട് അവൻ അവളുടെ ആശ്രയമായിരുന്നു…

പ്രതീക്ഷയായിരുന്നു… ഷർട്ട്‌ ഇട്ടിട്ട് സ്വരൂപിന്റെ മേലേയ്ക്ക് പതിയെ ചാഞ്ഞ്, ഭാവയാമി വിങ്ങിക്കരഞ്ഞു…..

” എന്റെ ഇളയതാണെങ്കിലും ചേച്ചി എന്ന് വിളിക്കണമെന്നാ ഏട്ടൻ പറഞ്ഞിരിക്കുന്നത്… അങ്ങനെയേ ദൂരെ നിന്ന് ഏട്ടൻ കാണിച്ചു തന്ന അന്ന് തൊട്ട് ഭാവയാമിയെ ഞാൻ കണ്ടിട്ടുള്ളു…

വീട്ടിൽ ഞങ്ങളൊരുമിച്ചിരുന്നു ഓരോന്ന് സംസാരിക്കുമ്പോഴും ഏട്ടൻ പറയും, ഓരോ വാക്കിലും ചേച്ചി എന്ന് വിളിക്കണം എന്ന്….”

ചെറിയൊരു മന്ദഹാസത്തോടെ ആണ് സ്വരൂപ്‌ അത് പറഞ്ഞതെങ്കിലും ഭാവയിൽ അതൊരു ഞെട്ടലാണ് ഉണ്ടാക്കിയത്……

കൂടുതൽ ചോദിക്കാൻ മുതിരും മുന്നേ അവളെയും ചേർത്ത് പിടിച്ചു കൊണ്ട് അവൻ പടവുകൾ കയറി അമ്പല മുറ്റത്തേക്ക് നടന്നു…..

വീണ്ടും നീ ഇവളെയും കൊണ്ട് ഇങ്ങോട്ട് കയറിയോ?

അജയൻ പിന്നെയും അവർക്ക് നേരെ വന്നു…. വീണ്ടും എന്തെങ്കിലും പറയുന്നതിന് മുൻപേ രുദ്രന്റെ ബുള്ളെറ്റ് അവർക്കിടയിലേക്ക് വന്നു നിന്നു….

മുറ്റത്തേക്കിറങ്ങി നിന്ന രുദ്രൻ എല്ലാവരുടെയും നിൽപ്പ് കണ്ട് ഒന്ന് പകച്ചു..

” എന്താ ഇവിടെ….എന്തിനാ ഡാ നീ എനിക്ക് പെട്ടെന്ന് വരണമെന്ന് മെസ്സേജ് അയച്ചത്… ”

ചോദിച്ചു കഴിഞ്ഞാണ് സ്വരൂപിന്റെ അടുത്ത് നിൽക്കുന്ന ഭാവയേ രുദ്രൻ കണ്ടത്….

എത്ര തവണ വിളിച്ചെന്നോ ഏട്ടനെ ഞാൻ… ഒരു തവണ എങ്കിലും നീ ഫോണെടുത്തോ….. നിന്നോടന്നേ പറഞ്ഞതല്ലേ ഞാൻ എല്ലാ സത്യവും ഭാവെച്ചിയോട് തുറന്നു പറ… പറ എന്ന്…. ഒരു വട്ടം നീ അനുസരിച്ചിരുന്നെങ്കിൽ ഇങ്ങനൊക്കെ ഉണ്ടാകുമായിരുന്നോ ഏട്ടാ…

എന്തൊക്കെ സഹിച്ചെന്നോ ഈ പാവം…. ജോലിക്ക് എറണാകുളത്തേക്ക് പോവുന്നതിനു മുൻപെങ്കിലും എല്ലാം തുറന്ന് പറയാൻ കാലു പിടിച്ചു പറഞ്ഞതല്ലേ നിന്നോട് ഞാൻ… ”

“അതിനെന്താ ഡാ ഇവിടെ സംഭവിച്ചത്..? ”

” ഏട്ടന് കണ്ണ് കണ്ടുകൂടെ….? ദേ ഈ മുഖത്തേക്ക് നോക്ക്… അജയേട്ടൻ തല്ലിപ്പൊട്ടിച്ചതാ ഇത് മുഴുവൻ… അതൊന്നും പോരാഞ്ഞിട്ട് തീയിട്ടു ചേച്ചിക്ക്..

ഞാൻ ഓടി വന്നില്ലായിരുന്നെങ്കിൽ കത്തിത്തീർന്നേനെ ചേച്ചി ഇവിടെ നിന്ന്…. നോക്ക്… അച്ഛനെയും ഇയാള് തള്ളി വീഴ്ത്തി… നീ ഒറ്റ ഒരാൾ കാരണം ഉണ്ടായതാ ഇതൊക്കെ… ”

സ്വരൂപ്‌ മുന്നിലേക്ക് നീക്കി നിർത്തിയ ഭാവയിലേക്കും അച്ഛനിലേക്കും രുദ്രന്റെ കണ്ണുകൾ നീണ്ടു… കോപം നിറച്ച് അവ അജയന്റെ നേരെ തിരിഞ്ഞു…..

” നായേ…… നീ എന്തിനാ ടാ അവളെ തല്ലിയത്…. പറയടാ……. ”

രുദ്രൻ അയാളുടെ കഴുത്തിൽ പിടി മുറുക്കി….

രുദ്രന്റെ കൈ അവൾ തട്ടിയെറിഞ്ഞു…..

” ഇവൾക്ക് വേണ്ടി പ്രതികരിക്കാൻ ഇത്രയും ആൾക്കാരുണ്ടായിരുന്നോ രൂപാ.. ഞാൻ കരുതി നിന്റെ അനിയന്റെ മൊതലായിരിക്കുമെന്ന്… ഇത് കൂട്ടുകച്ചവടമാണെന്ന് അറിഞ്ഞില്ല…. ”

രുദ്രന് തന്റെ കോപമടക്കാൻ കഴിഞ്ഞില്ല…. പരിഹാസ രൂപേണ ചിരിച്ചുകൊണ്ട് പറഞ്ഞ അജയന്റെ താടയെല്ലിൽ വലതു കൈ ചുരുട്ടി പിടിച്ചു രുദ്രന്റെ ആദ്യ പ്രഹരമേല്പിച്ചു….

കലിയടങ്ങാതെ നെഞ്ചിലും കഴുത്തിലും അവസാനം നെറ്റിയിലും മൂക്കിലും രുദ്രൻ ഇടിച്ചു….. അജയൻ നിലത്തു കിടന്ന് നിരങ്ങി….

” നീയെന്താ കുട്ടീ കാട്ടുന്നത്… നീ കൂടി പൂജ ചെയ്യാറുള്ള രുദ്രനെയാ ഇവൾ മയക്കി കൊണ്ട് പോവാൻ നോക്കിയത്… അതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ ഉണ്ടായത്….. ”

കൂട്ടത്തിലെ ഏറ്റവും പ്രായം കൂടിയ ആൾ മുന്നോട്ട് വന്നു നിന്ന് പറഞ്ഞു…

” തെറ്റ് എന്റെയാ… ഞാൻ സത്യം തുറന്നു പറയാൻ വൈകിയത് കൊണ്ടാ ഇതൊക്കെ ഉണ്ടായത്…. അവളെ പറ്റിച്ചത് ഞാനാ…..

രുദ്രന് അവളെഴുതിയ കത്ത് അച്ഛന്റെ കയ്യിൽ നിന്നെടുത്തു വായിച്ചിട്ട് അതിനു മറുപടി കൊടുത്തത് ഞാനാ…

കളിപ്പിക്കാൻ വേണ്ടി ചെയ്തതാ… പിന്നെ എപ്പോഴോ ഇഷ്ടപ്പെട്ടു പോയി….

പലപ്പോഴും അവളുടെ മുൻപിൽ രുദ്രനായി അഭിനയിച്ചു നിന്നത് ഞാനാ…. പറ്റിച്ചതാണെന്നറിഞ്ഞാൽ അവൾ ഇട്ടിട്ട് പോവുമെന്ന് തോന്നി..

അതുകൊണ്ട് മനപ്പൂർവം മറച്ചു വെച്ചു… ഇത്രയും വലിയ പ്രശ്നം ആകുമെന്ന് കരുതിയില്ല….

അവൾ എന്നേക്കാൾ കൂടുതൽ ഈ ഭഗവാനെ ആണ് പ്രണയിക്കുന്നതെന്നറിഞ്ഞപ്പോൾ, അവളെന്നെ വിട്ട് പോകുമെന്ന് ഉറപ്പായി….

അവളോടൊന്നും തുറന്നു പറഞ്ഞില്ല… എന്റെ തെറ്റാ…. ഇനി അവളെ ആരും ഉപദ്രവിക്കരുത്….. ചെയ്താൽ…..രുദ്രരൂപന്റെ മറ്റൊരു മുഖം എല്ലാരും കാണും….

എന്റെ പെണ്ണാ… രൂപന്റെ പെണ്ണ്…. അവളുടെ ഈ രുദ്രന്റെ ആത്മാവ് അവളാ…. എന്റെയാ… എന്റെ മാത്രം ഭാവയാ…. ”

പറഞ്ഞു തിരിഞ്ഞ രുദ്രന്റെ കവിളിൽ തിരുമേനി ആഞ്ഞു തല്ലി….

” നീയൊക്കെ ഒരു മനുഷ്യനാണോ ടാ…. ഈ രുദ്രനെ പൂജിച്ചിരുന്ന നീയാണോ രൂപാ, ഒരാളുടെ വിശ്വാസത്തെ വെച്ച് കളിച്ചത്….

നീ ഒരേ സമയം എന്നെയും ഈ പെങ്കൊച്ചിനെയും ആ ഭഗവാനെയും ചതിച്ചവനാ… നിന്നെ ഇനി എനിക്ക് കാണണ്ട… ആവശ്യത്തിന് പഠിപ്പിച്ചിട്ടുണ്ട്….

സിവിൽ എഞ്ചിനീയർ ആക്കി… സ്വന്തം കാലിൽ നിൽക്കാറായി… ഇനി നിനക്ക് ഞങ്ങളുടെ ആവശ്യമില്ല..എന്റെ കണ്മുന്നിൽ വരരുത് ഇനി… ”

” അച്ഛാ… ഞാൻ തുറന്നു പറഞ്ഞില്ലേ എല്ലാം… ഇനിയും എന്തിനാ…. ”

” ഏറ്റു പറഞ്ഞാൽ തെറ്റ് ശരിയാകുമോ… തെറ്റിന് മേൽ എത്ര ശരികൾ നീട്ടിവരച്ചാലും തെറ്റ് താഴെ തെളിഞ്ഞു തന്നെ കിടക്കും…. ”

അച്ഛൻ തിരുമേനി രുദ്രനെ ഒന്നിരുത്തിനോക്കിയിട്ട് നീങ്ങി നിന്നു ….

രുദ്രരൂപ് ഭാവയാമിയുടെ മുന്നിലേക്ക് വന്നു നിന്നു…

” ഭാവാ…. നീയെന്നോട് ക്ഷമിക്കില്ലേ… പേടിച്ചിട്ട് പറയാതിരുന്നതാ ഞാൻ…. എല്ലാം തുറന്നു പറയാം ഞാൻ… നീ വാ… ഞാൻ ഹോസ്റ്റലിൽ കൊണ്ടുവിടാം…. ”

സ്വരൂപിനോട് ചേർന്ന് നിന്ന ഭാവയുടെ കയ്യിൽ പിടിച്ചുകൊണ്ടു രുദ്രൻ പറഞ്ഞു….

” കൈയെടുക്ക്….. ”

ഭാവയുടെ ശബ്ദത്തിൽ വല്ലാത്തൊരു മുറുക്കം വന്നപോലെ രുദ്രന് തോന്നി…

” ഭാവ…. ”

” ഏത് മനുഷ്യനും ജീവിക്കുന്നത് അവനവന്റെ വിശ്വാസങ്ങളിലാണ്…

ഞാൻ എന്റെ ഭഗവാനോട് കാണിച്ച അതേ വിശ്വാസം നെല്ലിട കുറയാതെ നിനക്കും തന്നതല്ലേ.. എന്നിട്ടും നീയെന്നെ ചതിച്ചു…. വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ ജീവിതമില്ല….

ഞാനൊരു പൊട്ടിയായത് കൊണ്ടു നിനക്ക് എന്നെ വിശ്വസിപ്പിക്കാൻ പറ്റി…

പക്ഷേ പൊറുക്കില്ല നിന്നോട്… എന്റെ രുദ്രന്റെ വേഷം കെട്ടി എന്നെ പറ്റിച്ച നിന്നോട് ഈ ജന്മം ഭാവയാമി പൊറുക്കില്ല…

അവസരങ്ങൾ പലതുണ്ടായിരുന്നു നിനക്ക് തുറന്നു പറയാൻ.. എങ്കിൽ ഞാൻ ഇന്നിവിടെ നിന്ന് ഈ അപമാനം മുഴുവൻ ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നു….

ഇവരിന്ന് എന്നെ പറഞ്ഞ വാക്കുകൾ എന്തൊക്കെ ആണെന്ന് ദേ നിന്റെ അനിയൻ ഇല്ലേ…ഇവനോട് ചോദിച്ചു നോക്ക്…..

എന്റെ വിശ്വാസത്തെ ചൂഷണം ചെയ്തവനെ ഇനി ഞാൻ കേൾക്കില്ല…വിശ്വസിക്കരുതായിരുന്നു…. പക്ഷേ…. പക്ഷേ… ഭാവ വേറെ ഏതോ സങ്കല്പ ലോകത്തായിപ്പോയി….

ഭക്തിയോടെ നോക്കേണ്ടതിനു പകരം പ്രണയത്തോടെ നോക്കി… തെറ്റ്…. അതിനു ഭഗവാൻ ശിക്ഷിച്ചു…… അങ്ങനെ കരുതി മറന്നോളാം… കൂട്ടത്തിൽ നിന്നെയും ”

ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു രുദ്രൻ……

” ഭാവ… ഒരു വട്ടം നീ എന്നെ ഒന്ന് കേൾക്കണം….”

അതിനു മറുപടി പറയാൻ നിൽക്കാതെ ഭാവ സ്വരൂപിന് നേരെ നോക്കി…

” എന്നെ ഒന്ന് ഹോസ്റ്റലിൽ കൊണ്ടു വിടാമോ… എനിക്ക് പറ്റണില്ല ഒറ്റയ്ക്ക് പോവാൻ… അതാ… ”

ദയനീയമായി സ്വരൂപ്‌ രുദ്രനെയും ഭാവയേയും മാറി മാറി നോക്കി….

രുദ്രൻ തലതാഴ്ത്തി…

ഇനി ഒന്നും അവർക്കിടയിൽ ഉണ്ടാവില്ലെന്ന് സ്വരൂപിന് തോന്നി…

“ഞാൻ കൊണ്ടുവിടാം ഭാവേച്ചിയെ … പിന്നെ അതിന്റെ താക്കോൽ തന്നാൽ വണ്ടി ഞാൻ ആരെക്കൊണ്ടെങ്കിലും ഹോസ്റ്റലിൽ എത്തിക്കാം… ”

ഒരു മൂളലോടെ നിന്ന ഭാവയാമിയെ ചേർത്തുപിടിച്ചു കൊണ്ടു രുദ്രനെ ഒന്ന് നോക്കിയിട്ട് സ്വരൂപ്‌ അവന്റെ ബൈക്കിനടുത്തേക്ക് നീങ്ങി…

തന്നെ ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ പോകുന്ന ഭാവയേ നോക്കി സർവ്വവും തകർന്ന് രുദ്രൻ നിലത്തേക്കൂർന്നിരുന്നു..

(തുടരും )

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4

രുദ്രഭാവം : ഭാഗം 5

രുദ്രഭാവം : ഭാഗം 6

രുദ്രഭാവം : ഭാഗം 7

രുദ്രഭാവം : ഭാഗം 8

രുദ്രഭാവം : ഭാഗം 9

രുദ്രഭാവം : ഭാഗം 10

രുദ്രഭാവം : ഭാഗം 11