ഋതു ചാരുത : ഭാഗം 17 : അവസാനിച്ചു
എഴുത്തുകാരി: സേഷ്മ ധനേഷ്
ഒരു ദിവസം ചേതനോട് ചേർന്നിരിക്കുമ്പോൾ അവരുടെ റൂമിലേക്ക് രണ്ടതിഥികൾ എത്തി… തുളുമ്പി നിൽക്കുന്ന കണ്ണുകളുമായി മുന്നിൽ നിൽക്കുന്നവരെ കണ്ടു ചാരുവിന്റെ മുഖമിരുണ്ടു…
ആരുടെയോ ആൾപെരുമാറ്റം തോന്നിയത് കൊണ്ട് ചേതൻ മുഖമുയർത്തി നോക്കി…
“അച്ഛനുമമ്മയും” അവന്റെ ചുണ്ടുകൾ മന്ത്രിച്ചു. ചാരുവിനെ നോക്കുന്ന അവരുടെ മിഴികൾ നിറഞ്ഞു തൂവികൊണ്ടേയിരുന്നു.
അവരുടെ സങ്കടങ്ങൾ ഉള്ളിൽ വിങ്ങി തിങ്ങി നിൽക്കുന്നപോലെ തോന്നി… ചുണ്ടുകളിൽ വിതുമ്പൽ ഒരു കരച്ചിലായി മാറാൻ അധികം സമയം വേണ്ടെന്ന് തോന്നിപ്പോയി…
“അച്ഛനുമമ്മയും ഇപ്പൊ എന്തിനാ ഇങ്ങോട്ടു വന്നത്… അവിടെ… അവിടെ നിന്ന മതിയായിരുന്നല്ലോ”
ചാരുവിന്റെ പറച്ചിലിൽ ഒരു കൃത്രിമ ദേഷ്യമായിരുന്നു മുന്നിട്ടു നിന്നതു. പക്ഷെ ആ രണ്ടു സാധുക്കളും അവളുടെ മുന്നിൽ നിന്ഞം വിതുമ്പിയപ്പോൾ അവൾക്കും സങ്കടം പിടിച്ചു നിർത്താനായില്ല…. കുറച്ചു നിമിഷങ്ങൾ കണ്ണുനീർ കടം കൊണ്ടു…
യാദ്യാർത്ഥത്തിലേക്ക് തിരികെ മൂവരും എത്തി. അമ്മ പതിയെ അവളെ തഴുകി തലോടി കൊണ്ടിരുന്നു. “ഇപ്പൊ എങ്ങനെയുണ്ട് മോളെ”
“എനിക്ക് ഒരു കുഴപ്പവുമില്ല അമ്മേ.
ഞാൻ നല്ല ഹാപ്പിയാണ്. പിന്നെ ചേതനും മുഴുവൻ സമയവും ഒരു നിമിഷം പോലും മാറാതെ എന്റെയരുകിൽ തന്നെയുണ്ടാകും… അതിൽ കൂടുതൽ ഭാഗ്യവും സന്തോഷവും ഒരു പെണ്ണിന് വേറെയുണ്ടോ” പതുക്കെ അമ്മയുടെ മടിയിൽ തല ചായ്ച്ചു കൊണ്ട് അവൾ പറഞ്ഞു.
“അല്ല… നിങ്ങൾ ഇപ്പൊ ഇവിടേക്ക് വന്നപ്പോ അവിടെ… അവിടെയാര…. അവൾ ഒറ്റക്ക് അല്ലെ അവിടെ” ചാരു പെട്ടന്ന് തെല്ലൊരു വേവലാതിയോടെ എഴുനേറ്റു കൊണ്ടു ചോദിച്ചു.
“മോളാരുടെ കാര്യമാ ചോദിക്കുന്നെ… ഇങ്ങനെ പെട്ടന്ന് എഴുന്നേൽക്കല്ലേ… അവിടെ കിടന്നേ” സാവിത്രിയമ്മ അവർക്കരികിലേക്കു വന്നു കൊണ്ടു അവളെ ബെഡിൽ പതിയെ കിടത്തി കൊണ്ടു ചോദിച്ചു. ചാരു നോക്കുമ്പോൾ മുറിയിൽ എല്ലാവരുമുണ്ട്… കള്ളം പിടിക്കപ്പെട്ടവളെ പോലെ ചാരു മുഖം കുനിച്ചു…
“എന്താ ചാരു… ഉം പറ” ചാരുവിന്റെ താടി പതുക്കെ ഉയർത്തികൊണ്ടയിരുന്നു സാവിത്രിയമ്മയുടെ ചോദ്യം.
“അതു… അമ്മേ… ഞാൻ” വാക്കുകൾ കിട്ടാതെ എന്തു പറയുമെന്ന അവസ്ഥയിൽ ഒരു രക്ഷയ്ക്കായി അവൾ രഞ്ജുവിന്റെ മുഖത്തേക്ക് നോക്കി. അവനും കയ്യിൽ നിന്നും പോയെന്നപോലെ നിൽക്കുന്നു…
എല്ലാവരെയും അഭിമുഗീകരിക്കാൻ ചാരുവിന് ഒരു പ്രയാസം പോലെ തോന്നിപ്പിച്ചു…. അവളുടെ മുഖം പിന്നെയും കുമ്പിട്ടു പോയി… സാവിത്രിയമ്മ അവൾക്കരികിലിരുന്നു തലയിൽ തലോടി…
അവളെ തന്നോട് ചേർത്തു പിടിച്ചു… പരസ്പരം ഒന്നും സംസാരിച്ചില്ലെങ്കിലും ആ കരുതൽ അവൾക്കൊരു ആശ്വാസമായിരുന്നു… “ഋതുവിനെ നീ ഇറക്കി വിട്ടു എന്നു പറഞ്ഞപ്പോഴും എന്തിനു വേണ്ടിയാണെന്ന് മാത്രമേ ചോദിച്ചുള്ളൂ…
എവിടേക്കാണെന്നു ചോദിച്ചില്ല… ഇല്ലാലോ… തനിയെ ഈ വീടിന്റെ പൂമുഖത്തേക്കു പോലും അവളെ വിടാൻ സമ്മതിക്കാത്ത ചാരു അവളെ സുരക്ഷിതമായ ഒരു സ്ഥലത്തേക്കല്ലാതെ ഇറക്കി വിടില്ലായെന്നു ഞങ്ങൾക്കെല്ലാവർക്കും അറിയാം” പിന്നീട് ചാരുവിന് ഒന്നും മറയ്ക്കാൻ തോന്നിയില്ല.
പതിവുപോലെ ഒരു ദിവസം ചേതന്റെ എഴുത്തു മുറിയിൽ ചെന്നപ്പോൾ ഋതു അവളുടെ ഡയറിയിൽ എന്തോ കുത്തി കുറിക്കുന്നതാണ് കണ്ടത്. എന്നെക്കണ്ടപ്പോൾ അതു മറയ്ക്കാനുള്ള ശ്രമവും.
പിന്നെ കുറച്ചു ദിവസമായിരുന്നു ഞാൻ ശ്രെദ്ധിക്കുന്നു… എന്നോട് എന്തോ ദേഷ്യം പോലെ… ഞാൻ ആ സമയം അവളെ ശ്രെദ്ധിക്കാതെ ഒരു പുസ്തകം എടുത്തു വായിക്കാൻ ഇരുന്നു… എങ്കിലുമെന്റെ ശ്രെദ്ധ മുഴുവൻ അവൾ ഒളിപ്പിക്കാൻ ശ്രമിച്ച പുസ്തകത്തിലായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ അമ്മ വന്നു അവളെ താഴേക്കു കൂട്ടി കൊണ്ട് പോയിരുന്നു…. അതു തന്നെ പറ്റിയ സമയം എന്നു മനസിലാക്കി ഞാൻ ഋതുവിന്റെ ഡയറി വായിക്കാൻ ശ്രമിച്ചു… ആദ്യ കുറച്ചു പേജുകളിൽ തന്നെ ഞാൻ മനസിലാക്കിയിരുന്നു അവൾക്കു ചേതനോട് തോന്നിയ ഇഷ്ടം.
ആ പുസ്തകത്തിലെ വരികളിൽ നിറഞ്ഞു നിന്നിരുന്നത് ചേതന്റെ കണ്ണുകളിലെ കാന്തികതയും അവനോടു തോന്നുന്ന ഇഷ്ടവും സ്നേഹവുമൊക്കെയായിരുന്നു. എനിക്ക് മനസിലാകുമായിരുന്നു അവളുടെ മനസു.
അത്രയും ചാരു പറഞ്ഞപ്പോൾ ഒരത്ഭുതമായിരുന്നു എല്ലാവർക്കും. ഋതുവിന്റെ കണ്ണിൽ ഇതുവരെ അങ്ങനെയൊരു ഭാവം ആരും വായിച്ചിരുന്നില്ല. ചേതന് പക്ഷെ അതൊന്നും തന്നെ ബാധിക്കുന്ന കാര്യമേ അല്ലാത്ത പോലെ ഇരുന്നു.
പിന്നീട് അവൾ നിർത്തിയ ഓരോ വരികളിലും ഞാൻ കൂട്ടിച്ചേർത്തു… എന്റെ ചേതന് എന്നോടുള്ള പ്രണയത്തെ… അവൾക്കുമുന്നിൽ ഞാൻ എന്റെയും ചേതന്റേയും വാക്കുകളിലൂടെ വരച്ചു കാണിച്ചു കൊടുത്തു ഞാനും ചേതനും എന്താണെന്നും… ഞങ്ങളുടെ മനസുകൾ എങ്ങനെയാണെന്നും….
ഞങ്ങളുടെ പ്രണയം എത്തരത്തിൽ ഉള്ളതാണെന്നും…. അന്ന് നിങ്ങൾ എല്ലാവരും ഇവിടെ നിന്നും പോയ ദിവസമായിരുന്നു വീണ്ടും ഞാൻ ഋതുവിനോട് സംസാരിച്ചത്. എനിക്ക് പക്ഷെ ആ കുട്ടിയോട് ഒരു പിണക്കമോ പരിഭവമോ തോന്നിയില്ല… പ്രായത്തിന്റെ കുറച്ചു ചാപല്യം…
പിന്നെ എന്നോ മനസിൽ മനസ്സുറയ്ക്കും മുന്നേ കയറി കൂടിയ ചേതൻ എന്ന സ്കൂൾ ഹീറോയോടുള്ള ഇഷ്ടം…. പിന്നെ പ്രണയിച്ചവൻ ആഗ്രഹിച്ചത് ശരീരം ആയിരുന്നല്ലോ… അവിടെയും ചേതൻ വന്നു രക്ഷയ്ക്ക്…
അപ്പോൾ തോന്നിയ ഒരു ആരാധനയും പിന്നെ അവൾക്കു നേരെ നീട്ടിയ സംരക്ഷണവും എല്ലാം അവളിൽ അങ്ങനെ ഒരു ഇഷ്ടം ഉണ്ടാക്കിയെടുത്തതാണ്… ഞങ്ങളുടെ ബന്ധത്തിന്റെ ആഴവും വ്യാപ്തിയും അറിയാതെ പോയതാണ്…
അതിൽ അവളെ എനിക്ക് തെറ്റു പറയാനോ കുറ്റപ്പെടുത്താനോ തോന്നിയില്ല. ഞങ്ങളെ മനസ്സിലാക്കിയപ്പോൾ ചേതനെ വീണ്ടും വീണ്ടും അഭിമുഗീകരിക്കാൻ അവൾക്കൊരു പ്രയാസം തോന്നുന്നുവെന്നു പറഞ്ഞു…
കുറച്ചൊന്നു മാറി നിൽക്കുന്നത് ഇപ്പോഴത്തെ അവസ്ഥയിൽ നല്ലതാണെന്നു എനിക്കും തോന്നി… രെഞ്ചുവേട്ടന്റെ സഹായത്തോടെ ഞാൻ അച്ഛന്റെയും അമ്മയുടെയും അടുക്കലേക്കു വിട്ടു.
സുരക്ഷിതമായി അവളവിടെയുണ്ടാകുമെന്നു എനിക്ക് ഉറപ്പായിരുന്നു.
അന്ന് പിന്നെ ഈ കാര്യങ്ങളൊക്കെ നിങ്ങളെ എല്ലാവരെയും അറിയിക്കാൻ എനിക്ക് തോന്നിയില്ല… അതാ ഞാൻ അങ്ങനെ പറഞ്ഞതു…. ചാരു മുഖം കുനിച്ചു നിന്നു… കുനിഞ്ഞു പോയ അവളുടെ മുഖം ചേതന്റെ നെഞ്ചിൽ തട്ടിയാണ് നിന്നതു… അവൻ അവളെ ചേർത്തു പിടിച്ചിരുന്നു….
“മോളെ ഋതു… അവൾ ഒരു പെണ്കുഞ്ഞിനെ തന്നു… അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുണ്ട്…
അവൾക്ക് നിന്നെ കാണണമെന്നു പറയുന്നുണ്ടായിരുന്നു…. ചെറിയ കുഞ്ഞു ആണെങ്കിലും നിന്നെ ജനിച്ചപ്പോൾ കൈ നീട്ടി വാങ്ങിയത് ഞാൻ ആണല്ലോ…
ശരിക്കും നിന്നെ തന്നെ വാങ്ങിയപോലെയാണ് എനിക്ക് തോന്നിയത്… മോളെ പോലെ തന്നെയുണ്ട് കുഞ്ഞു…അതുകൂടി പറയാനാണ് ഞങ്ങൾ വന്നത്”
അവർക്കരികിലേക്കു ചെന്നു അച്ഛൻ പറയുമ്പോൾ ചാരു തന്റെ ഇരു കണ്ണുകളും സന്തോഷം കൊണ്ടു അടച്ചു പിടിച്ചു… കണ്ണുനീർ ഒഴുകികൊണ്ടേയിരുന്നു… ചേതനെ അള്ളി പിടിച്ചു ശബ്ദമില്ലാതെ അവൾ കരഞ്ഞു കൊണ്ടിരുന്നു…
കുറച്ചു സമായങ്ങൾക്കു ശേഷം ചേതനിൽ നിന്നും വിട്ടു മാറി അവൾ ഒരു തീരുമാനം പറഞ്ഞു.
“ചേതൻ… എനിക്ക്… എനിക്ക് ബാംഗ്ലൂര് പോകണം”
“ചാരു… ഇപ്പൊ യാത്ര തീരെ പാടില്ല… നിനക്കറിയാവുന്നതല്ലേ… കുറച്ചു ദിവസങ്ങൾ… അല്ലെങ്കിൽ വേണ്ട ഒരു മാസം കഴിഞ്ഞു അവളെയും കുഞ്ഞിനെയും നമുക്ക് ഇവിടേക്ക് കൊണ്ടുവരാം… പ്ളീസ് ചാരു”
“ഈ ഒരു മാസത്തിൽ എനിക്ക് എന്തെങ്കിലും സംഭവിച്ചാലോ ചേതാ… ഉറപ്പുണ്ടോ നിനക്ക്” ചേതൻ ഉത്തരമില്ലാതെ മിണ്ടാതെ നിന്നു…
പക്ഷെ അവളുടെ കൈകളിൽ പിടി മുറുക്കി മുറുകിയ ശബ്ദത്തിൽ അവൻ പറഞ്ഞു “നിനക്കൊന്നും സംഭവിക്കില്ല… അതിനു ഞാൻ സമ്മതിക്കില്ല”
അച്ഛനും അമ്മയും അന്ന് വൈകീട്ടതെ ഫ്ലൈറ്റിൽ തിരികെ പോയിരുന്നു… പിന്നെയും ദിവസങ്ങൾ ഇഴഞ്ഞു നീങ്ങും പോലെ തോന്നി… ചാരുവിന്റെ പിടി വാശികൾ കൂടി കൊണ്ടേയിരുന്നു…
ബാംഗ്ലൂരിലേക്ക് തിരികെ പോകണമെന്ന് വല്ലാതെ വാശി പിടിക്കാൻ തുടങ്ങി… സ്വതവേ ക്ഷീണിച്ച അവൾ ഭക്ഷണം പോലും കഴിക്കാതെ വാശി പിടിക്കാൻ തുടങ്ങി… മറ്റുള്ള എല്ലാവരെയും ഇതു സമ്മര്ദത്തിലാക്കാൻ തുടങ്ങിയിരുന്നു… ”
എന്റെ ജനിച്ചതും വളർന്നതും… നമ്മുടെ കൂടിച്ചേരലും എല്ലാം അവിടെനിന്നായിരുന്നില്ലേ… എല്ലാം തുടങ്ങി വച്ചതു അവിടെ നിന്നായിരുന്നല്ലോ… ചേതൻ പറഞ്ഞ പോലെ എനിക്കൊന്നും സംഭവിക്കില്ല…
എന്റെ പുതിയ ജന്മം ആയിരിക്കും ഇനി… അതും അവിടെ നിന്നും തുടങ്ങാമല്ലോ… പ്ളീസ് ചേതൻ” ഒട്ടും നിവൃത്തിയില്ലാതെ ചാരുവിന്റെ വാശിക്കു മുൻപിൽ എല്ലാവരും മുട്ടു കുത്തി. എയർ ആംബുലൻസ് വഴി ചാരുവിനെ ബാംഗ്ലൂര് എത്തിക്കാൻ തീരുമാനിച്ചു.
അപ്പോഴേക്കും ഏഴു മാസം കഴിഞ്ഞിരുന്നു… അതിന്റെതായ എല്ലാ അവശതകളും ചാരുവിനുണ്ടായിരുന്നു… വളരെയധികം പേടിച്ചാണ് ചാരുവിനെ ബാംഗ്ലൂര് ഉള്ള അവരുടെ തന്നെ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ എത്തിച്ചത്.
അടുത്ത ഫ്ലൈറ്റിൽ തന്നെ ബാക്കി എല്ലാവരും എത്തിച്ചേർന്നിരുന്നു സൂര്യയും കൂടെയുണ്ടായിരുന്നു. ചേതനെ പോലെ തന്നെ ചാരുവിന്റെ കൂടെ സൂര്യയും ഒരു നിമിഷം പോലും വിടാതെ കൂടെ തന്നെയുണ്ടായിരുന്നു.
ചാരുവിന്റെ ശ്വാസഗതി മാറുമെന്ന് തോന്നുന്ന നിമിഷം സൂര്യ കൂടെയുണ്ടാകും.
ഹോസ്പിറ്റലിൽ നിന്നും ചാരുവിനെയും കൊണ്ടു പുറത്തേക്കു എവിടേക്കും പോകാൻ കഴിയില്ലായിരുന്നു. ബാംഗ്ളൂരിലേക്കുള്ള യാത്രയിൽ ചാരുവിന്റെ ശരീരം നന്നായി അനങ്ങിയിരുന്നു.
അതോടെ ചെറിയ രീതിയിൽ ബ്ലേഡ് ഡ്രോപ്പ് ആയി പോകാൻ തുടങ്ങിയിരുന്നു…. ബിപി നോർമൽ ആവുന്ന അവസ്ഥയിൽ എപ്പോ വേണമെങ്കിലും ഓപ്പറേഷൻ ചെയ്യാൻ തീരുമാനിച്ചിരുന്നു.
അതിനും അപ്പുറം ചാരുവിന്റെ കാര്യത്തിൽ ഒന്നും ചെയ്യാനില്ലായിരുന്നു. ബിപിയിൽ എന്തുകൊണ്ടോ ഇടക്കിടക്ക് വരിയഷൻ വന്നിരുന്നു അവൾക്ക്.
പല സുഹൃത്തുക്കളും ചാരുവിനെ കാണാൻ വന്നിരുന്നു… എങ്കിലും പ്രതീക്ഷിച്ചയാരെയോ കാണാത്ത മുഖഭാവം ആയിരുന്നു ചാരുവിന് എപ്പോഴും… ഇടക്കിടക്ക് വാതിലിലേക്കു നോക്കി ഇരിക്കുന്നത് പതിവായി…
വീർത്തു നിൽക്കുന്ന വയറിൽ പതിയെ തലോടിയിരിക്കുകയായിരുന്നു ചാരു… ചേതൻ അവളെ ചാരി അവളുടെ നെഞ്ചിൽ മുഖം ചേർത്തു… മൗനമായിരുന്നു അവരുടെ ഭാഷ… ഇപ്പൊ കുറച്ചു ദിവസമായി… ഇങ്ങനെ തുടരുന്നു…
ചാരു പതിയെ അവന്റെ വളർന്നു നിൽക്കുന്ന വെട്ടിയൊതുക്കാത്ത താടിയിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു… ചേതൻ ഇങ്ങനെ ശരീരം ശ്രെദ്ധിക്കാതെ ഇരുന്നിട്ടില്ല… “ഈ കുറ്റി രോമങ്ങൾ ഒരുപാട് വളർന്നു ചേതൻ… എന്താ ഇങ്ങനെ”
“ഉം”
“ദേ… ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഞാൻ തിരികെ വരുമ്പോൾ ഇതുപോലെ കണ്ടാലുണ്ടല്ലോ… എന്റെ കുഞ്ഞുങ്ങളെ ഉമ്മ വയ്ക്കുമ്പോൾ ഈ കുറ്റികൾ കൊണ്ടു വേദനിക്കും ആ കുഞ്ഞി കവിളുകൾ” അവനെ ശ്വസിക്കുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…. ചേതൻ അവളുടെ മാറിലേക്ക് ഒന്നു കൂടി മുഖം അമർത്തി…
ഒരിക്കലും വിട്ടുപോകില്ല എന്ന പോലെ ചാരുവും അവനെ ചേർത്തു പിടിച്ചിരുന്നു. രണ്ടുപേരും ഒരുപോലെ കരയുകയായിരുന്നു….
“വരില്ലേ മോളെ നീ… ”
“വരും… അതിനു കഴിഞ്ഞില്ലെങ്കി ഞാൻ ഒറ്റക്കാക്കി പോകില്ല ചേതാ…. നിന്നെയും കൂടെ കൂട്ടും… ഒരിക്കലും ഞാനില്ലാതെ ഈ ലോകത്തു നീ തനിയെ ആകുന്നത് എനിക്ക് സഹിക്കില്ല…. നിന്നെയും കൂടെ കൊണ്ടുപോകും” ചേതന്റെ വളർന്നു തിങ്ങിയ മുടിയിഴകളിൽ വിരലോടിച്ചു കൊണ്ടു അവൾ പറഞ്ഞു കൊണ്ടിരുന്നു.
അവളുടെ വാക്കുകൾ അവനു ഒരു ഉറപ്പായിരുന്നു… ഒരിക്കലും തന്റെ ഇന്ദ്രനീലിമ തന്നെ ഒറ്റക്കാക്കി പോകില്ല എന്ന ഉറപ്പു… അവരെ നോക്കി നിന്നവരുടെ കണ്ണുകളും ഈറനായിരുന്നു അവരുടെ സ്നേഹം കണ്ടു. വാതിലിനു നേരെ ആരുടെയോ നിഴൽ കണ്ടപോലെ തോന്നി ചാരു മുഖമുയർത്തി നോക്കുമ്പോൾ ഋതു കണ്ണുനീരോടെ മുന്നിൽ….
അവളെ കണ്ടതും ചാരുവിന്റെ മുഖമൊന്നു വിടർന്നു…. സന്തോഷവും സങ്കടവും കണ്ണുനീരും എല്ലാം… എല്ലാം തന്നെ ഒരേ നിമിഷത്തിൽ അവളുടെ മുഖത്തു മിഞ്ഞി മാഞ്ഞു കൊണ്ടിരുന്നു.
തന്നിൽ മുറുകിയ ചാരുവിന്റെ കൈകളുടെ പിടി അഴഞ്ഞെന്നു തോന്നിയപ്പോൾ ചേതൻ മുഖമുയർത്തി നോക്കി… ചാരുവിന്റെ മിഴികൾ ആരുടെയോ മുഖത്തേക്കാണെന്നു മനസിലായി അവനു…
അവൻ പതിയെ അവളുടെ ദൃഷ്ടിക്കു പുറകെ തന്റെ കണ്ണുകളും പായിച്ചു… “ഋതു” ചേതൻ പതിയെ ചാരുവിൽ നിന്നും അകന്നു മാറി. ചാരു രണ്ടു കൈകൾ വിടർത്തി പിടിച്ചു ഋതുവിനെ തന്റെ നെഞ്ചിലേക്ക് ക്ഷണിച്ചു.
ഋതു നിറഞ്ഞു തൂവുന്ന കണ്ണുനീരോടെ അവളുടെ നെഞ്ചിലേക്ക് ചേക്കേറി. ഏറെ നേരം രണ്ടുപേരും കരഞ്ഞു. ചാരു ഋതുവിനെ തലോടി കൊണ്ടിരുന്നു…..
“വേദനയുണ്ടോ നിനക്ക്”
“ഇല്ല ചേച്ചി”
“സന്തോഷമാണോ നിനക്ക്”
“ഉം… ഒരുപാട്… ഒരുപാട് ഒരുപാട് സന്തോഷമാണ് എനിക്ക്. ആരുമില്ലാത്ത എനിക്ക് സ്നേഹിക്കാൻ ഒരച്ഛനെയും അമ്മയെയും തന്നില്ലേ… സുരക്ഷിതമായ ഒരു അഭയസ്ഥാനം തന്നില്ലേ…
സ്വന്തം മോളായി തന്നെയാണ് അച്ഛനും അമ്മയും എന്നെ നോക്കുന്നെ… ചേച്ചിയുടെ അനിയത്തിയുടെ സ്ഥാനം… ചേച്ചിയെ സ്നേഹിച്ചപോലെ എന്നെയും സ്നേഹിക്കുന്നുണ്ട്… ഇതിൽ കൂടുതൽ എനിക്ക് എന്താ വേണ്ടത്”
“എന്റെ… ഞങ്ങളുടെ കുഞ്ഞു” കുഞ്ഞിനെ കുറിച്ചു ചോദിക്കുമ്പോൾ ചാരുവിന്റെ സ്വരം ഇടറിയിരുന്നു…
“ചേച്ചിയുടെ കുഞ്ഞു ദാ ഇവിടെ സുരക്ഷിതമായി ഉണ്ട്” ഒരു കുറുമ്പോടെ ഋതു ചാരുവിന്റെ വയറിൽ തടവി കൊണ്ടു പറഞ്ഞു… അതു മനസിലാക്കിയ ചാരു അവളെ ശ്വാസനയോടെ നോക്കി… പരിഭവിച്ചു…
പിണക്കം നടിച്ചു മുഖം താഴ്ത്തി. കുഞ്ഞു കുട്ടികളെ പോലെ പരിഭവിച്ചു പിണങ്ങിയിരിക്കുന്ന ചാരുവിനെ കണ്ടപ്പോൾ ഋതുവിന് അലിവ് തോന്നി… അവൾ ചാരുവിന്റെ താടിയിൽ പിടിച്ചുയർത്തി… ”
മോൾക്ക് ചെറിയ പനി… ഇവിടെ കൊണ്ടുവന്നിട്ടുണ്ട്…. മരുന്നു കൊടുത്തു ഒബ്സർവേഷൻ റൂമിലുണ്ട്” ചാരു വല്ലാത്തൊരു പിടച്ചിലോടെ ഋതുവിനെ നോക്കി… “മോൾക്ക്” ഋതുവിന്റെ കൈകളിൽ മുറുക്കി ചാരു വാക്കുകൾ മുഴുവിപ്പിച്ചില്ല…
ഋതുവിന് ചാരുവിന്റെ മനസിന്റെ വേവലാതി മനസിലാകുമായിരുന്നു… ഒരമ്മയുടെ ആവലാതി… വേദനയും പേടിയും ആ ഒരൊറ്റ വാക്കിൽ ഋതു മനസിലാക്കിയിരുന്നു…
“ഈ അമ്മയുടെ നെഞ്ചിലെ ചൂടിൽ അണയാനുള്ള പനിചൂട് ആണ് പെണ്ണിന്… അല്ലാതെ ഒരു കുഴപ്പവുമില്ല മോൾക്ക്… എന്റെ ചേച്ചിയെ പോലെ തന്നെ”
ഋതുവിന്റെ വാക്കുകൾ കേൾക്കുംതോറും ചാരുവിന് മനസ്സിനുള്ളിൽ ഒരു തണുപ്പ് അനുഭവപ്പെടും പോലെ… അവളുടെ വാക്കുകളിൽ രോമാഞ്ചം വന്നു …. എന്റെ മകൾ… എന്നെ പോലെ തന്നെ… സന്തോഷം തിങ്ങി കണ്ണു നിറഞ്ഞു അവൾക്കു…
“ഋതു… എനിക്കൊരു കാര്യം നിന്നോട് പറയാനുണ്ട്. ഞാൻ തിരികെ വരുന്നത്… ” പറഞ്ഞു നിർത്തി ചാരു ഋതുവിന്റെ മുഖത്തേക്ക് നോക്കുമ്പോൾ ദേഷ്യം വന്നു ചുവന്നിരുന്നു അവളുടെ മുഖം…
“തിരിച്ചു വരാതെ പിന്നെ… എന്റെ ചേച്ചി തിരികെ വരും… അതല്ലാത്ത ഒന്നും എനിക്ക് കേൾക്കേണ്ട” അവളും കരഞ്ഞു പോയിരുന്നു…
“ഞാൻ ഒന്നു പറയട്ടെ മോളെ…. ഞാൻ തിരികെ വരും എന്നു തന്നെയാണ് എന്റെ വിശ്വാസം… വരും… അഥവാ വിധിയെന്നത് മറിച്ചാണെങ്കി എന്റെ രണ്ടു കുഞ്ഞുങ്ങളെ കൂടി നോക്കേണ്ട ഉത്തരവാദിത്വം ഞാൻ നിന്നെയേൽപ്പിക്കുകയാണ്.
നിന്റെ കുറച്ചു വർഷങ്ങൾ…. ഇതെന്റെ സ്വാർത്ഥത ആയും നിനക്ക് തോന്നാം… പക്ഷെ കുഞ്ഞുങ്ങളെ വളർത്താൻ നിന്റെ സഹായം കൂടിയേ തീരൂ… ചേതൻ… ചേതനെ ഞാൻ കൂടെ കൂട്ടും…
ഞങ്ങൾക്ക് ഒരിക്കലും പിരിയാൻ കഴിയില്ല ഋതു.” ഋതു സമ്മതം എന്നപോലെ ചാരുവിന്റെ കൈകളിൽ മുറുകെ പിടിച്ചു…
“എനിക്ക് ഒരാഗ്രഹം കൂടിയുണ്ട് ഋതു… ഞാൻ ജീവൻ കൊടുത്തു വളർത്തിയ എന്റെ കുഞ്ഞിനെ കാണാൻ കഴിയുമോയെന്നു എനിക്കറിയില്ല…
എന്റെ തന്നെ കുഞ്ഞിനെ നീയെനിക്ക് കാണിച്ചു തരുവോ…” ഋതു വേഗം കണ്ണുകൾ തുടച്ചെഴുനേറ്റു… ഞാൻ ഇപ്പൊ തന്നെ വരാം ചേച്ചി… ഇപ്പൊ വരാം… ഋതു വേഗത്തിൽ മുറി വിട്ടു പുറത്തേക്കു ഇറങ്ങിയിരുന്നു…
അവിടെ കൂടിയിരുന്ന എല്ലാവരുടെ കണ്ണുകളും ഈറനായിരുന്നു… രഞ്ജു ഒന്നും മിണ്ടാതെ ഒരു മൂലയിൽ കുമ്പിട്ടിരുന്നു… അവനരികിലായി ശ്രുതിയും… സാവിത്രിയമ്മയും ചാരുവിന്റെ അച്ഛനും അമ്മയും എല്ലാം തന്നെ സങ്കടത്തിൽ തന്നെയായിരുന്നു… പ്രതീക്ഷിക്കാൻ ഒന്നുമില്ലായിരുന്നു അവർക്ക്….
അവരുടെ ആകെയുള്ള ധൈര്യവും പ്രതീക്ഷയും എല്ലാം ചാരുവിന്റെ തന്നെ തിരിച്ചു വരുമെനുള്ള ഉറച്ച വാക്കുകളായിരുന്നു.
മുറിയിലെ മൂലയിൽ കുമ്പിട്ടിരിക്കുന്ന രഞ്ജുവിനോട് ചാരു അടുത്തേക്ക് വരാൻ പറഞ്ഞു… അവന്റെ വലതു കൈ പൊതിഞ്ഞു പിടിച്ചു കൊണ്ടു ചാരു പറഞ്ഞു… “ചേതനെ അറിയാൻ തുടങ്ങിയ അന്ന് മുതൽ ഒപ്പം തന്നെ രഞ്ജു ഏട്ടനെയും അറിഞ്ഞു തുടങ്ങിയതാണ്.
ചേതന്റെ ഭാര്യയായി വരും മുന്നേ ഒരനിയത്തിയായി കണ്ടു സ്നേഹിക്കുന്നതാണ്… എന്റെ അച്ഛനും അമ്മക്കും ചേതനെ പോലെ തന്നെ അവരുടെ മൂത്ത മകന്റെ സ്ഥാനമാണ് ഏട്ടനും… എനിക്കറിയാം നന്ദനം നോക്കി നടത്താൻ തന്നെ ഏട്ടൻ ബുദ്ധിമുട്ടുന്നത്… അതിനിടയിൽ കൂടി ഞങ്ങളുടെ ബസിനെസ്സും… എന്നിട്ടും ഒരു പരാതിയും പരിഭവവും പറയാതെ…
എല്ലാം നോക്കിയും കണ്ടും എന്റെ അച്ഛനെ ഇപ്പോഴും താങ്ങി നിർത്തുന്നു… നന്ദി എന്നൊരു വാക്ക് പറഞ്ഞാൽ അതു ഏറ്റവും വലിയ നന്ദികേട് ആകും ഏട്ടാ… ഇനി ഒരു ജന്മം കിട്ടിയാൽ എനിക്ക് ഏട്ടന്റെ അനിയത്തിയായി തന്നെ ഇനിയും ജനിക്കണം….”
രഞ്ജുവിന്റെ കൈകളിൽ ചുംബിക്കുമ്പോൾ എല്ലാവരും ഒരു പോലെ തേങ്ങി കരഞ്ഞു… രഞ്ജുവിന് സങ്കടം തൊണ്ടയിൽ തിങ്ങി ശബ്ദം പോലും പുറത്തേക്കു വരാൻ മടിച്ചു. കണ്ണുനീരോടെ ചാരുവിന്റെ നെറുകയിൽ ചുംബിച്ചു അവളെ തലോടി… ”
എന്റെ ചുണ കുട്ടിയ നീ… വേഗം ഒരു ചുണ കുട്ടനെയും കൊണ്ടു വരണം” ശബ്ദത്തിൽ വിറയലോടെ പറഞ്ഞു ചാരുവിന്റെ കൈകൾ വിടർത്തി രഞ്ജു എഴുനേറ്റു.
അമ്മമാരുടെയും അച്ഛന്റെയും മുഖത്തു നോക്കാൻ കഴിയാതെ ചാരു വേദനിച്ചു… അവളുടെ കൈകളിൽ ചേതന്റെ കൈകൾ മുറുകി… “എനിക്ക് … ഞാൻ എന്താ ചേതാ പറയ”
“ഒന്നും പറയണ്ട… എന്നോട് ഒരു യാത്രയയപ്പും പറയരുത്… എനിക്ക് വേണ്ടി തിരികെ വരണം അതു മാത്രം മതി”. ചേതൻ ചാരുവിനെ നെഞ്ചിൽ ചേർത്തണച്ചു….
പെട്ടന്ന് അമ്മുവും സൂര്യയും കൂടി കേറി വന്നു… ബിപി നോക്കിയപ്പോൾ അതുവരെയും നോർമൽ ആയിരുന്നു… “എത്രയും വേഗം തീയറ്ററിലേക്കു മാറ്റണം… കുറെ മണിക്കൂറുകളായി ബിപി സ്റ്റബിലിറ്റി ഉണ്ട്” സൂര്യ വേഗം ദൃതി കൂട്ടി…
ചാരുവിന്റെ മുഖത്തേക്ക് നോക്കാതെ റിപ്പോർട്ടുകൾ എടുക്കുന്ന തിരക്കിലേക്ക് സൂര്യ മനപൂർവ്വം ഊളിയിട്ടു… ചാരു വേദനിക്കുന്ന ഒരു ചിരിയോടെ തന്റെ കൈകൾ എത്തിച്ചു സൂര്യയുടെ ഷാളിൽ പിടുത്തമിട്ടു… ”
എന്റെ മുഖത്തേക്ക് നോക്കേടി… നിറെ നിറെ ഇഷ്ടമാണെന്ന് ഒന്നു പറയെടി” സൂര്യ അടക്കി നിർത്തിയ ഉള്ളിലെ നിലവിളിയോടെ നിശബ്ദമായി ചാരുവിനരികിൽ ഇരുന്നു… ”
എനിക്ക് നിന്നെ… നിറെ … നിറെ…. നിറെ ഇഷ്ടമാ” കണ്ണുനീരിലും വേദനയിലുംമെല്ലാം അവളുടെ വാക്കുകൾ ഇടറി പോയിരുന്നു. കുറഞ്ഞ നിമിഷത്തിൽ തന്നെ ഓപ്പറേഷൻ തീയറ്ററിലേക്കു കൊണ്ടുപോകാൻ അട്ടേണ്ടർ എത്തിയിരുന്നു. ചാരുവിനെ ടേബിളിൽ എടുത്തു കെടുത്തിയതെല്ലാം ചേതനായിരുന്നു… അവളുടെ കണ്ണുകൾ അവനിൽ തന്നെ ഉറച്ചു നിന്നു… ”
എന്റെ കുഞ്ഞുങ്ങൾക്ക് ഞാൻ ഇല്ലെങ്കിലും നീ വേണം… ഋതുവിനോട് കുഞ്ഞിനെ കൊണ്ടുവരാൻ പറഞ്ഞതു ആ കുഞ്ഞിനെ കാണുമ്പോൾ എനിക്കരികിലേക്കു വരണമെന്നുള്ള നിന്റെ ആഗ്രഹത്തിനു ഒരു തടയാണ്. എന്നെ തന്നെയാകും ചേതാ നീയാ കുഞ്ഞിൽ കാണുന്നത്… ഞാൻ പൊരുതും… എനിക്ക് ജീവിക്കണം നിന്റെയും മക്കളുടെയും കൂടെ…
അതിനു കഴിഞ്ഞില്ലെങ്കി ഞാനില്ലാതെ ജീവിക്കാൻ എന്റെ തന്നെ മുഖം നിന്റെ കണ്മുന്നിൽ വേണം” ചേതന്റെ കണ്ണുകളിലെ ആഴങ്ങളിൽ നോക്കി ചാരു മനസിൽ മന്ത്രിച്ചു കൊണ്ടിരുന്നു….
തീയറ്ററിൽ കേറും മുന്നേ ചേതൻ ഒരിക്കൽ കൂടി അവളെ കണ്കുളിർക്കെ നോക്കി… അവളുടെ നെറ്റിയിലും കവിളിലും ചുണ്ടിലുമെല്ലാം മാറി മാറി ചുംബിച്ചു… പക്ഷെ ചിരിച്ചു കൊണ്ടാണ് ചാരു പോയത്… ചേതനും ചിരിച്ചു കൊണ്ടു തന്നെ അവളെ അയച്ചു….
ഋതു കുഞ്ഞിനെ കൊണ്ടു വരുമ്പോഴേക്കും ചാരുവിനെ തീയറ്ററിന് ഉള്ളിലേക്ക് കയറ്റിയിരുന്നു… കുഞ്ഞിനെയും കൊണ്ടു നിര്വികാര ഭാവത്തോടെ അവൾ നിന്നു…
കുഞ്ഞിന്റെ ചെറുതായുള്ള തേങ്ങലിന്റെ ശബ്‌ദം കേട്ടു ചേതൻ മുഖമുയർത്തി നോക്കി… ചാരുവിന്റെ ചിരി ആ കുഞ്ഞി കവിളിൽ വിരിയുന്നത് ചേതൻ കണ്ടു… തന്റെ ഇന്ദ്രനീലിമ എങ്ങും പോയിട്ടില്ലെന്നു അവനു തോന്നി…
ആ കുഞ്ഞി പെണ്ണിനെ ഋതുവിന്റെ കൈകളിൽ നിന്നും വാങ്ങി തന്റെ നെഞ്ചോടു ചേർത്തു വച്ചു ചേതൻ… ആ നെഞ്ചിലെ ചൂടിൽ ഒരു കുഞ്ഞി പക്ഷിയെ പോലെ അമർന്നിരുന്നു കുറുകിയവൾ…
ചാരു തന്റെ നെഞ്ചിൽ കിടന്നു കുറുകുന്നത് ഇങ്ങനെയാണല്ലോയെന്നു ഒരു നിമിഷം അവനോർത്തു….
ആ കുഞ്ഞി ചാരു ഒരു പുത്തൻ പ്രതീക്ഷയാണെന്നു അവനു തോന്നി… തന്റെ ഇന്ദ്രനീലിമയുടെ വരവും കാത്തു ആ കുഞ്ഞിപെണ്ണിനെ നെഞ്ചോടു ചേർത്തു ആ വാതിലിനു മുൻപിൽ അവളുടെ വരവിനായി പ്രതീക്ഷയോടെ അവനും കാത്തു നിന്നു…. വരും തന്റെ പ്രാണൻ… തിരികെ വരും എന്റെ ഇന്ദ്രനീലിമ… ഒരു മന്ത്രം പോലെ പറഞ്ഞു കൊണ്ടു ചേതൻ ആ കുഞ്ഞിളം കൈകളെ പൊതിഞ്ഞു…
ചേതനെ പോലെ ഞാനും കാത്തിരിക്കുന്നു അവന്റെ ഇന്ദ്രനീലിമയുടെ തിരിച്ചു വരവിനായി….!!
എന്റെ ആദ്യ കഥമുതൽ എന്നെ follow ചെയ്തു വായിക്കുന്നവർക്ക് ഈ ഒരു ക്ലൈമാക്സ് വലിയ അതിശയോക്തി ഉണ്ടാക്കില്ല… കാരണം ഇതുപോലെ എന്തെങ്കിലും അൽകുലുത്തു ക്ലൈമാക്സ് മാത്രേ ഞാൻ എഴുതു എന്നറിയാം.
ഈ കഥമുതൽ follow ചെയ്യുന്നവരോട് പോകെ പോകെ നിങ്ങൾക്ക് ശീലമായിക്കൊള്ളും…. അവസാനം വരെയുള്ള കാത്തിരിപ്പിൽ പ്രതീക്ഷയിൽ ഒരു കഥ എഴുതണം എന്നൊരു ആഗ്രഹമായിരുന്നു… അടുത്ത കഥയിൽ കാണാം സുഹൃത്തുക്കളെ🙏