Sunday, December 22, 2024
Novel

ഋതു ചാരുത : ഭാഗം 13

എഴുത്തുകാരി: സേഷ്മ ധനേഷ്‌


“ചേതന്റെ മാത്രമല്ല… എന്റെ കൂടി കുഞ്ഞാണ്…” ചാരുവിന് ഉറക്കെ പറയണമെന്ന് തോന്നി… പക്ഷെ കഴിഞ്ഞില്ല… മനസിൽ ഒതുക്കി പറയാൻ മാത്രമേ അവൾക്കായുള്ളൂ. ആറാഴ്ചകൾക്കു ശേഷം സൂര്യ ഡോക്ടറുടെ റൂമിൽ ചെക്കപ്പിന് ഋതുവിനെ കൂട്ടി വന്നതായിരുന്നു ചേതനും ചാരുവും. തങ്ങളുടെ ജീവനെ ചെറിയ സ്ക്രീനിൽ കണ്ടപ്പോൾ ചേതൻ ചാരുവിന്റെ കൈകളിൽ മുറുകെ പിടിച്ചു.

സൂര്യ വിശദീകരിച്ചു കാര്യങ്ങൾ പറഞ്ഞു കൊടുത്തു. ആ നിമിഷത്തിൽ ചേതന്റെ കണ്ണുകളിൽ മറ്റെന്നും കാണാത്ത ഒരു തിളക്കം ചാരു കണ്ടു. കണ്ണുകളിൽ ഒരു പ്രതീക്ഷ കണ്ടു… ഒരു ചാരിതാര്ഥ്യം കണ്ടു.

ആ നിമിഷത്തിൽ അവൾക്കു അവളോട്‌ തന്നെ വെറുപ്പ് തോന്നി. ചേതനും തനിക്കു വേണ്ടി ആഗ്രഹങ്ങൾ മാറ്റി വയ്ക്കുകയായിരുന്നുവെന്നു മനസിലായി. അവന്റെ കണ്ണുകളിലും ആകാംക്ഷയിലുമെല്ലാം ഒരു അച്ഛനെ അവൾക്കു കാണാൻ കഴിഞ്ഞു.

തന്നോടുള്ള പ്രണയത്തിന്റെ പേരിൽ തന്നെ നോവിക്കാതിരിക്കാനായി അവൻ സ്വയം ആഗ്രഹങ്ങളെയും മോഹങ്ങളെയും നിയന്ത്രിക്കുകയായിരുന്നു. ചേതൻ ഉള്ളിലൊതുക്കിയ അച്ഛൻ എന്ന ആഗ്രഹം… ചാരുവിന് ദേഷ്യംപോലും തോന്നി ചേതനോട്… ഒരിക്കലെങ്കിലും… ഒരിക്കലെങ്കിലും ഒരു സൂചനപോലും തന്നില്ലലോയെന്നു…

തനിക്കുമൊരു അച്ഛനാകാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞില്ലലോയെന്നു… ഈ വിഷയത്തെ കുറിച്ചു സംസാരിക്കുമ്പോഴെല്ലാം വല്ലാത്തൊരു ഒഴിഞ്ഞു മാറ്റമായിരുന്നു ചേതൻ… തനിക്കു ആഗ്രഹമില്ലെന്നു കരുതി അവൻ അവന്റെ ആഗ്രഹത്തെ തന്നോടുള്ള പ്രണയത്തിന്റെ മൂടുപടമണിഞ്ഞു ഒളിപ്പിച്ചു വെച്ചു… സഹിക്കുന്നില്ല ഈ മനോവേദന… തന്റെ ചോര… തന്നിൽ മാത്രം വളരേണ്ട ജീവൻ…

ഒരു സ്ക്രീനിന്റെ അപ്പുറം അതൊരു വാടക വീട്ടിൽ അല്ലെ കഴിയുന്നെ… തന്നിൽ പിറവിയെടുക്കേണ്ട തന്റെ ജീവൻ… തന്റെ പ്രാണൻ… തന്റെ ശരീരത്തോട് തന്നെ വെറുപ്പ് തോന്നി അവൾക്കു… ചാരു വയറിൽ കൈകൾമർത്തി തന്റെ മനസിന്റെ ചൂടിനെ ശമിപ്പിക്കാൻ സ്വയം വേദനിപ്പിച്ചു.

ചേതന്റെ കണ്ണുകൾ ഋതുവിലേക്കു നീങ്ങി. എന്തോ ഒരു നിര്വൃതിയിലെന്നോണം ഋതുവും അവനെ നോക്കി. ചേതന് ആ സമയം അവളോട്‌ വല്ലാത്ത ബഹുമാനം തോന്നി. തങ്ങളുടെ ജീവനെ ഉദരത്തിൽ പേറുന്ന ഋതുവിനെ ബഹുമാനത്തോടും വാത്സല്യത്തോടും നോക്കിയിരുന്നു. അവളുടെ കണ്ണുകളിലും ഒരു സന്തോഷ തിരയിളക്കം കണ്ടു.

ചാരുവിന് തങ്ങളുടെ ജീവന്റെ തുടുപ്പിനെ കണ്ട സന്തോഷം വളരെയധികമുണ്ടെങ്കിലും അതു മറ്റൊരാളുടെ വയറ്റിലാണെന്നുള്ള നഗ്‌ന സത്യം പിന്നെയും പിന്നെയും കുത്തി നോവിപ്പിച്ചു കൊണ്ടിരുന്നു. ഒരു പെണ്ണിന് ഇതിലും വലിയ ഒരു ഗതികേടുണ്ടോ… ഗർഭപാത്രം വാടകക്ക് എടുക്കുക..

അതിൽ തങ്ങളുടെ ജീവൻ വളരുക… ഒരുതരത്തിൽ സ്വപ്ന സഫലീകരണത്തിനു അപ്പുറം മാനസിക വിഷമങ്ങൾ ഇത്രത്തോളം അനുഭവിക്കേണ്ടി വരുമെന്നു ഒരിക്കലും കരുതിയില്ല ചാരു.

ആ ക്യാബിനിൽ ഇരുന്ന ഓരോ നിമിഷവും അവൾ ഉരുകി കൊണ്ടിരുന്നു. സൂര്യ ചാരുവിന്റെ മുഖത്തു മാറി മാറി വരുന്ന ഭാവങ്ങൾ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. ചാരു വളരെയേറെ സന്തോഷത്തോടെ ഋതുവിനെ നോക്കി. അവളും വലിയ സന്തോഷത്തിലാണെന്നു ചാരുവിന് മനസിലായി.

ഒരമ്മയാകാൻ അവൾ പൂർണ്ണമായും മനസുകൊണ്ടും തയ്യാറെടുത്തു കഴിഞ്ഞുവെന്ന് മനസിലായി. ചാരുവിനെ അവിടെയിരുത്തി ചേതൻ അവന്റെ ക്യാബിനിലേക്കും ഋതു കൂട്ടുകാരെ കാണാൻ എന്നും പറഞ്ഞു നഴ്സിങ് സ്റ്റാഫ് റൂമിലേക്കും പോയി.

“ചാരു…. എന്താ നിന്റെ മനസിൽ…. ഇപ്പൊ എടുത്ത ഈ തീരുമാനം തെറ്റായിരുന്നുവെന്നു തോന്നുന്നുണ്ടോ”

“എനിക്കറിയില്ല സൂര്യ” നിര്വികാരതയോടെ ചാരു മിഴികൾ എവിടേക്കോ നീട്ടിക്കൊണ്ടു മറുപടി പറഞ്ഞു.

“നിന്നോട് ഞാൻ എത്ര വട്ടം കാര്യങ്ങൾ തുറന്നു പറയാൻ പറഞ്ഞതാണ്. അവർ അതു അംഗീകരിക്കുമെന്ന് നിനക്കറിയാലോ” സൂര്യ ഒരു കുറ്റപ്പെടുത്തലോടെ ചാരുവിനെ നോക്കി പറഞ്ഞു.

“താനും കൂടി എന്നെ” വാക്കുകൾ മുഴുവിപ്പിക്കും മുന്നേ അവൾ കരഞ്ഞു പോയിരുന്നു. അവളുടെയുള്ളിൽ വലിയ ഒരു സങ്കടം കിടപ്പുണ്ടെന്നു സൂര്യക്കു മനസിലായി. സൂര്യ പതുക്കെ എഴുനേറ്റു ചാരുവിന്റെ അരികിലായി ഇരുന്നു.

“ഇനി പറ…. എന്താ നിന്റെ വിഷമം”

ചാരു സൂര്യയുടെ മുഖത്തേക്ക് നോക്കി. അവളെ സമാധാനിപ്പിച്ചുകൊണ്ടു കണ്ണുകളടച്ചു കാണിച്ചു അവൾക്കു പറയുവാനുള്ള ധൈര്യം നൽകി.

“സൂര്യ… നിനക്കു അറിയാലോ കാര്യങ്ങൾ. എനിക്ക് ഒരു പക്ഷെ കാര്യങ്ങൾ തുറന്നു പറയാം. എല്ലാവരും എന്റെ കൂടെ നില്കുമായിരിക്കും. അമ്മയും എന്നെ കുറ്റപ്പെടുത്തിലായിരിക്കും. എങ്കിലും…. എനിക്ക് സഹിക്കുന്നില്ലടോ എനിക്കൊരു കുറവുണ്ടെന്നു അംഗീകരിക്കാൻ”

“കാരണം…. കാരണം നിനക്കു അങ്ങനെയൊരു കുറവില്ല ചാരു… തനിക്കു അമ്മയാകാൻ കഴിയുമല്ലോ. അതുകൊണ്ടാണ് നിനക്കതു അംഗീകരിക്കാൻ കഴിയാതെ പോകുന്നത്” ചാരുവിന്റെ താടിയിൽ പിടിച്ചു കൊഞ്ചിക്കും പോലെ സൂര്യ പറഞ്ഞു.

“ഇപ്പൊ എല്ലാരും കരുതുന്നതു ഒരമ്മയാകാൻ എനിക്ക് മനസുകൊണ്ടോ ശരീരം കൊണ്ടോ ഇഷ്ടമല്ല എന്നാണ്…. അതു… അതു അങ്ങനെ തന്നെയിരിക്കട്ടെ… പക്ഷെ … പക്ഷെ എന്റെ ചേതന്റെ മാറ്റങ്ങൾ എനിക്ക് സഹിക്കാൻ കഴിയുന്നില്ല” ചാരുവിന്റെ ഓരോ വാക്കുകളും കരചിലടക്കിയുള്ളതായിരുന്നു. ഉള്ളിലെ വേദന കടിച്ചു പിടിച്ചു പറയുന്നതുകൊണ്ടു അവളിൽ ഒരു ശ്വാസംമുട്ടൽ ഉണ്ടായി.

“ഒരച്ഛനാകാൻ ചേതൻ എപ്പോഴേ തയ്യാറെടുത്തിരുന്നു…. എന്നോട് ഒരു ആഗ്രഹവും പറയാതെ…. ഞങ്ങളുടെ ഇതുവരെയുള്ള പ്രണയത്തിനു എന്തു അടിസ്ഥാനമാണ് ഉണ്ടായത്… പണ്ട് ഞാൻ പറഞ്ഞ ഒരൊറ്റ വാക്കിലാണ് ചേതൻ കുഞ്ഞുങ്ങളെ കുറിച്ചു ആലോചിക്കാതെ എന്റെ ഇഷ്ടത്തിന് വേണ്ടി…. എല്ലാ ആഗ്രഹങ്ങളെയും പ്രണയം കൊണ്ട് പൊതിഞ്ഞു പിടിച്ചത്…. എന്തൊരു ഗതികേടാണ് സൂര്യ…

സ്വന്തം ജീവനെ മറ്റൊരു സ്ത്രീയിൽ ജനിപ്പിക്കുക എന്നത്… വളരുന്ന ജീവന്റെ ഓരോ തുടിപ്പും… അതിന്റെ വളർച്ചയും മറ്റൊരാളുടെ ഉദരത്തിൽ കൈ വച്ചു മാത്രം അനുഭവിച്ചറിയുന്നത്….. എന്റെ കണ്മുന്നിൽ മറ്റൊരു സ്ത്രീയുടെ ഉദരത്തിൽ എന്റെ കുഞ്ഞു വളരുന്നത്…

എനിക്ക് സഹിക്കുന്നില്ല സൂര്യ… ആരെങ്കിലും എന്നെപോലുള്ളവരുടെ അവസ്ഥ ചിന്തിച്ചിട്ടുണ്ടോ…. മറ്റുള്ളവരുടെ മുന്നിൽ സന്തോഷതോടെയിരിക്കാൻ പാട് പെടുന്ന അവസ്ഥ… സന്തോഷം അഭിനയിക്കാൻ കഷ്ടപ്പെടുന്ന അവസ്ഥ… ഉള്ളു നോവിനാൽ വെന്തു നീറുകയാണ് സൂര്യ… ” ചാരു അവളുടെ തോളിൽ തല വെച്ചു മഴവെള്ളം പോലെയുള്ള തന്റെ സങ്കടത്തെ അത്രയും ഒഴുക്കി കളഞ്ഞു കൊണ്ടിരുന്നു. ”

എന്തിനും മനസിനെ തയ്യാറാക്കണമെന്നു ഞാൻ പറഞ്ഞിരുന്നു ചാരു… ഇനിയും വേദനിക്കുന്ന കാഴ്ചകൾ ചിലപ്പോ കാണേണ്ടി വരും… അതുകൊണ്ടു മനസിനെ കൈവിടാതെ മുറുകെ പിടിക്കണം” സൂര്യ അവളെ വിടാതെ ചേർത്തണച്ചു ആശ്വസിപ്പിച്ചു.

“പിന്നെ… തന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു”

“ഇതെന്താടോ പറയാൻ ഒരു മുഖവുരയൊക്കെ” ചാരുവിന് തെല്ലൊരു ആശ്വാസം തോന്നിയിരുന്നു. സൂര്യയുടെ കൈ വിടർത്തി അവൾ ചോദിച്ചു.

“അടുത്തയാഴ്ച മിക്കവാറും സിംഗപ്പൂരിൽ പോകേണ്ടി വരും…. ഒരു മൂന്നോ നാലോ മാസം… ഋതുവിന്റെ ട്രീറ്റ്മെന്റ് കാര്യങ്ങൾ എല്ലാം തന്നെ നല്ലൊരു ഡോക്ടറെ ഏല്പിച്ചിട്ടെ ഞാൻ പോകു.. അല്ലെങ്കിലും പേടിക്കാനൊന്നുമില്ല… അവളുടെ മെന്റൽ ആൻഡ് ഫിസിക്കൽ കണ്ടീഷൻ എല്ലാം ഹെല്തിയാണ്.

അതുകൊണ്ടു തന്നെ പ്രത്യേകിച്ചു പേടിക്കാനൊന്നുമില്ല… ശ്രെധിച്ചാൽ മാത്രം മതി. പിന്നെ വീട്ടിൽ തന്നെ ഒരു കുട്ടി ഡോക്ടർ ഉണ്ടല്ലോ. അമ്മുവാള് മിടുമിടുക്കിയാണ്.”

“അപ്പൊ സൂര്യ കുട്ടി പ്രിയതമന്റെ അടുത്തേക്കാണ്.. ഉം… ഉം… പോയേച്ചും വായോ… വേഗം ഇങ്ങു വരനേടി… എനിക്ക് നീയെ ഉള്ളു…” ചാരു തേങ്ങിക്കൊണ്ടിരുന്നു. സൂര്യയുടെ തോളിൽ മുഖം ചായ്ച്ചിരുന്നു.

ചെറുപ്പം മുതലെയുള്ള കൂട്ടാണ്… ബാംഗ്ലൂര് മുതൽ… ഇന്നും വിടാതെ പിന്തുടരുന്ന കൂട്ടു…. പരസ്പരം താങ്ങാകാനും തലോടാനുമെല്ലാം … ചാരുവിന്റെ മനസാക്ഷി തന്നെയാണ് സൂര്യ… പരസ്പരം രണ്ടുപേർക്കും അറിയാത്തതായി ഒന്നുമില്ല…

“ഇതെന്താ രണ്ടുപേരും കെട്ടിപിടിച്ചിരിക്കുന്നെ” കയ്യിൽ കുറച്ചു ഫയലുകളുമായി ചേതൻ മുന്നിൽ. പുറകിൽ ഋതുവുമുണ്ടായിരുന്നു.

“സൂര്യ അവളുടെ കെട്യോന്റെ അടുക്കലേക്കു പോകുവാ ചേതൻ… അതിന്റെ സന്തോഷം പങ്കുവച്ചതാണ്…”

“വാട്ട്” ചേതൻ ഒരു ഞെട്ടലോടെയും അതിശയതോടെയും അവരെ നോക്കി. ചാരുവും സൂര്യയും പരസ്പരം കണ്ണുമിഴിഞ്ഞു.

“അല്ല… സൂര്യ പോയാൽ ഋതുവിന്റെ ട്രീറ്റ്മെന്റ് എങ്ങനെയാ… സൂര്യ വേണ്ടേ എല്ലാം നോക്കിയും കണ്ടും ചെയ്യാൻ… ഇതു ശരിയല്ല സൂര്യ… ഒരു കാര്യം ഏറ്റെടുക്കുമ്പോൾ അതു കഴിയുന്നവരെ കൂടെ നിൽക്കേണ്ടതല്ലേ”.

ചേതൻ കുറച്ചു നീരസത്തോടെ ഒരു പൊടിക്കു ദേഷ്യവും കൂട്ടി കലർത്തിയാണ് സൂര്യയോട് ചോദിച്ചത്. ചേതന്റെ അങ്ങനെയൊരു മുഖഭാവം ആദ്യമായി കാണുകയായിരുന്നു രണ്ടുപേരും. ചാരുവിന് വേണ്ടിയല്ലാതെ ചേതൻ മറ്റൊരാൾക്ക് വേണ്ടി സംസാരിക്കുന്നു…..

“ചേതൻ… ഞാൻ അങ്ങനെ ഉത്തരവാദിത്വം ഇല്ലാതെ പോകൊന്നുമില്ല.

ഞാൻ വരും വരെ ഋതുവിനെ എന്നെക്കാൾ നല്ലൊരു ഡോക്ടറെ ഏല്പിച്ചിട്ടെ ഞാൻ പോകു. മാത്രവുമല്ല അമ്മു വീട്ടിൽ തന്നെയുണ്ടാകുമല്ലോ. അവൾ .മിടുക്കിയാണ്” സൂര്യയുടെ മറുപടി എന്തുകൊണ്ടോ ചേതന് തൃപ്തിയായില്ലെന്നു അവന്റെ മുഖഭാവം വിളിച്ചോതുന്നുണ്ടായിരുന്നു.

“അമ്മുവിന് അത്ര പ്രാക്ടിസ് ഒന്നുമായിട്ടില്ലലോ. എന്നാലും… കുറച്ചു നീട്ടി വച്ചൂടെ ഇപ്പോഴത്തെ ട്രിപ്പ്” അവന്റെയുള്ളിലെ ആശങ്ക മുഴുവൻ അവന്റെ വാക്കുകളിൽ പ്രകടമായി കണ്ടിരുന്നു. ചാരു ഋതുവിന്റെ കണ്ണുകളിലേക്കു നോക്കി… എന്തുകൊണ്ടോ ചാരുവിന്റെ കണ്ണുകൾ എപ്പോഴും ഋതുവിന്റെ കണ്ണുകളിൽ തങ്ങി നിൽക്കും.

ഋതുവിന്റെ കണ്ണുകളിലെ ദിശയറിയാൻ… ഇന്നും ചാരുവിന് തെറ്റിയില്ല… ഋതുവിന്റെ കണ്ണുകൾ ചേതന്റെ കാന്തികതയിൽ ലയിച്ചു നിൽക്കുകയാണ്.

പക്ഷെ ചാരിവിന് ഒരു കാര്യം മനസിലാക്കാൻ കഴിയുന്നുണ്ട്… അവൾ ആഗ്രഹിക്കുന്ന സുരക്ഷിതത്വം…. സംരക്ഷണം… അതെല്ലാം കിട്ടുന്നുണ്ട്… അതിന്റെയാകാം ഈ തിളക്കം.

“സർ… എനിക്ക് കുഴപ്പമൊന്നുമില്ല. ഹെല്ത് വൈസ് ഞാൻ ഒകെ ആണ്. വേറെ പേടിക്കാനൊന്നുമില്ല. ഡെലിവറി സമയമാകുമ്പോഴേക്കും മാഡം എത്തുമല്ലോ” ഋതു കൂടി പറഞ്ഞപ്പോൾ ചേതൻ കനപ്പിച്ചു ഒന്നു മൂളി പുറത്തേക്കു പോയി.

“സർ പറഞ്ഞു വീട്ടിലേക്കു കൊണ്ടു വിടാമെന്നു. മാഡത്തെ വിളിക്കാൻ വന്നതാണ്”

“ഋതു നടന്നോളൂ. ഞാൻ വരാം” ചാരു വാക്കുകൾകൊണ്ട് പറഞ്ഞതിനൊപ്പം അവളുടെ കണ്ണുകളും ഡോറിലേക്കു നീണ്ടു.

ഋതു പുറത്തേക്കു ഇറങ്ങിയെന്നു കണ്ട വശം എന്തോ പറയാൻ ആഞ്ഞ സൂര്യയെ ചാരു കൈകൾ കൊണ്ടു വിലക്കി നിർത്തി.

“സൂര്യ എന്താ പറയാൻ പോകുന്നെയെന് അറിയാം. മുന്നോട്ടുള്ള ദിവസങ്ങളിൽ പതിവില്ലാത്ത ഒരുപാടു കാഴ്ചകൾ കാണേണ്ടി വരും. ചേതൻ കാണിക്കുന്നത് കുഞ്ഞിനോടുള്ള വാത്സല്യമാണ്… സ്വന്തം കുഞ്ഞിനെ പേറുന്ന പെണ്ണിനോടുള്ള ബഹുമാനവും സ്നേഹവും കരുതലുമാണ്.

അതിനുമപ്പുറം ഒന്നുമില്ല… അതല്ലേ സൂര്യ… ഇതു ഞാൻ എന്റെ മനസിനെ ഒരായിരം വട്ടം പറഞ്ഞു പഠിപ്പിക്കുന്നുണ്ട്…. ഓരോ നിമിഷത്തിലും” ആർത്തലച്ചു പെയ്യാൻ വന്ന സങ്കടത്തെ ശ്വാസം പിടിച്ചു നിർത്തി ഉള്ളിലേക്ക് തന്നെ ഇറക്കി കൊണ്ട് ചാരു പുറത്തേക്കിറങ്ങി. നിസ്സഹായയായി നോക്കി നിൽക്കാൻ മാത്രമേ സൂര്യക്കു ആയുള്ളൂ

സാവിത്രിയമ്മയോട് ചേതൻ തന്നെ ഋതുവിന്റെ ട്രീറ്റ് മെന്റ് കാര്യങ്ങൾ എല്ലാം പറഞ്ഞു. സ്നേഹത്തോടെ അവളെ അടുത്തിരുത്തി അവളുടെ മുടിയിലും മുഖത്തുമൊക്കെ തലോടി കൊണ്ടിരുന്നു. ചാരു വല്ലാത്തൊരു മുഖഭാവത്തോടെ അവരെ നോക്കി.

തന്റെ സ്ഥാനം… ഞാൻ ആയിരുന്നില്ലേ അവിടെയിരിക്കേണ്ടത്… എനിക്ക് കിട്ടേണ്ട സ്നേഹ വാത്സല്യങ്ങൾ… ശ്രുതി ഒരു ജ്യൂസ് ആയിട്ടു വന്നു ഋതുവിന് നേരെ നീട്ടി. ഗർഭാവസ്ഥയിലെ അവശതകളും ശ്രെദ്ധിക്കേണ്ടതുമായ കാര്യങ്ങൾ സാവിത്രിയമ്മ പറഞ്ഞു കൊടുത്തു. ഇടക്ക് ശ്രുതിയും അവരുടെ സംസാരത്തിൽ കൂടി ചേർന്നു.

ഈ വിഷയത്തിൽ അവളുടെ അനുഭവങ്ങളും പങ്കുവച്ചു കൊണ്ടിരുന്നു… ചാരുവിന് എന്തോ ആ കൂട്ടത്തിൽ ഒരു അധികപറ്റു പോലെ തോന്നി അവൾ മുറിയിലേക്ക് പോയി. മനസു നീറുന്നുണ്ട്… സഹിക്കണം… അല്ലാതെ നിവൃത്തിയില്ല.

ദിവസങ്ങൾ പോക പോകെ…. ഋതു പൂർണ്ണമായും നന്ദനത്തെ ഒരു അംഗമായി മാറിയിരുന്നു. അവളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ വല്ലാത്തൊരു ആവേശമായിരുന്നു ചേതന്…. അവർക്കിടയിൽ പരസ്പരം ഇഷ്ടപെട്ട ഒരു വിഷയമുണ്ടല്ലോ സംസാരിക്കാൻ… സാഹിത്യം… കഥ… കവിത… പുസ്തകങ്ങൾ… കുറെ നല്ല നല്ല പുസ്തകങ്ങൾ ഋതുവിന് വായിക്കാനായി ചേതൻ കൊണ്ട് കൊടുത്തു തുടങ്ങി. ഗർഭകാലത്തെ വലിയ അവശതകൾ ഒന്നും തന്നെ കാര്യമായി ഋതുവിനെ അലട്ടിയിരുന്നില്ല.

ഒരു ദിവസം വരാന്തയിലിരിക്കുമ്പോൾ… ഋതു വയറിൽ കൈ ചേർത്തു വച്ചിരുന്നു… പെട്ടന്ന് അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ടു തിളങ്ങുന്നത് കണ്ടു… കണ്ണിൽ സന്തോഷത്തിന്റെ നീർമുത്തുകൾ അപ്പോഴേക്കും സ്ഥാനം പിടിച്ചിരുന്നു.

“എന്താ മോളെ… ” സാവിത്രിയമ്മ ആകുലതയോടെ ചോദിച്ചു.

“അമ്മേ… കുഞ്ഞിന്റെ ഹൃദയമിടിപ്പ്… എനിക്ക്.. കൈ വച്ചപ്പോ” കുഞ്ഞിന്റെ ഹൃദയതാളം….

എല്ലാവരുടെ കണ്ണുകളും അവളിലേക്ക് നീങ്ങി. ചാരുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു. ആ ഹൃദയമിടിപ്പ് തൊട്ടറിയാൻ അവളുടെ ഉള്ളം വെമ്പി. മനസു എത്തും മുന്നേ ചേതൻ ഋതുവിന് അരികിൽ മുട്ടുകുത്തി നിന്നുകൊണ്ടു അവളുടെ വയറിൽ കൈ വെച്ചു… ആ കുഞ്ഞു മിടിപ്പ് അറിയുംതോറും ചേതന്റെ കണ്ണുകളിലെ തിളക്കവും ചാരു കണ്ടു. ഉള്ളം വിങ്ങി.

നെഞ്ചിൽ ഭാരം കയറ്റി വച്ചപോലെ… എങ്കിലും തന്റെ കൈകളും അവളുടെ വയറിലേക്കു ചേർക്കാൻ നീട്ടിയപ്പോഴേക്കും വർധിച്ചു വന്ന സന്തോഷത്തിൽ ചേതൻ അവളെ പുണരുന്നത് നിറ മിഴികളോടെ നോക്കി നിൽക്കാൻ മാത്രമേ ചാരുവിനായുള്ളൂ.

തുടരും

ഋതു ചാരുത : ഭാഗം 1

ഋതു ചാരുത : ഭാഗം 2

ഋതു ചാരുത : ഭാഗം 3

ഋതു ചാരുത : ഭാഗം 4

ഋതു ചാരുത : ഭാഗം 5

ഋതു ചാരുത : ഭാഗം 6

ഋതു ചാരുത : ഭാഗം 7

ഋതു ചാരുത : ഭാഗം 8

ഋതു ചാരുത : ഭാഗം 9

ഋതു ചാരുത : ഭാഗം 10

ഋതു ചാരുത : ഭാഗം 11

ഋതു ചാരുത : ഭാഗം 12