പ്രണയിനി : ഭാഗം 20
നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്
“എനിക്ക് കഴിയില്ല ഗൗരി… നിന്റെ കഴുത്തിൽ താലി ചാർത്താൻ എനിക്ക് ആകില്ല…എന്നോടു… എന്നോട് ക്ഷമിക്കണം”
നന്ദു ശിവന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു. അവളുടെ കണ്ണുകളിൽ കണ്ട ദയനീയത.. അവളെ നേരിടാൻ ആകാതെ അവൻ അവന്റെ മിഴികളെ തിരിച്ചു….
“ശിവേട്ട…ഒരിക്കൽ കൂടി പറയു…എന്തുകൊണ്ടെന്ന്..”നന്ദുവിന്റെ വാക്കുകൾ ദൃഢമായിരുന്നു.
ശിവൻ രണ്ടടി മുന്നോട്ടു വെച്ചു അവളുടെ അരികിൽ ആയി നിന്നു…
“ഞാൻ ഇപ്പൊ പോകുന്നത് ഒരു സർജിക്കൽ ഓപ്പറേഷന് ഭാഗം ആകുവാൻ ആണ്.എന്നു തിരിച്ചു വരുമെന്നു പോലും പറയുവാൻ ആകില്ല. ഇനി തിരിച്ചു വരുന്നത്….”
അവൻ പറയുന്നത് മുഴുവിപ്പിക്കാതെ അവന്റെ വായ നന്ദുവിന്റെ കൈകൾ പൊതിഞ്ഞു പിടിച്ചു.
കുറച്ചു നിമിഷങ്ങൾ അവർ അതേ നിൽപ്പു തുടർന്നു. അവന്റെ നോട്ടത്തെ നേരിട്ടു കൊണ്ടു അവളുടെ മിഴികളുമായി കൊമ്പു കോർത്തു നിന്നു.
നന്ദുവിന്റെ ചുണ്ടുകളിൽ വശ്യമായ ഒരു പുഞ്ചിരി തത്തി കളിച്ചു…”ലോകത്തിന്റെ ഏതു കോണിൽ പോയാലും എനിക്കു വേണ്ടി തിരിച്ചു വരണം….”
പതിയെ കൈകൾ എടുത്തു കൊണ്ട് അവന്റെ ഇടനെഞ്ചിൽ വിരൽ കുത്തി നിർത്തി അവൾ പിന്നെയും പറഞ്ഞു തുടങ്ങി..
“ജീവന്റെ ഒരു അംശം എങ്കിലും ഈ ശരീരത്തിൽ ബാക്കിയുണ്ടെങ്കിൽ എനിക്കു വേണ്ടി തിരികെ വരും…അതിനു എനിക്ക് ഈ താലിയുടെ ബലം കൂടി വേണം… ഞാൻ കാത്തിരിക്കും.. ഈ മൂക്കുള രാമന്റെ മാത്രം ഗൗരിയായി…..
എന്റെ നെഞ്ചിൽ ഏട്ടന്റെ ഹൃദയത്തെ ചേർത്തു വയ്ക്കാതെ ഇവിടന്നു ഞാൻ എവിടേക്കും വിടില്ല” അവളുടെ കണ്ണുകളിൽ ഉറ്റു നോക്കിയ അവനു കാണാൻ കഴിഞ്ഞു ഇപ്പൊ അവളുടെ ഹൃദയമിടിക്കുന്നത് തനിക്കു വേണ്ടിയാണെന്നു….
അവൻ അവളിലേക്ക് കുറച്ചു കൂടി ചേർന്നു നിന്നു…”എന്നെ അത്രക്കും വിശ്വാസം ഉണ്ടോ ”
നന്ദു മറുപടിയൊന്നും പറഞ്ഞില്ല…പകരം അവളുടെ നോട്ടത്തിൽ തന്നെയുണ്ടായിരുന്നു അവൻ ആഗ്രഹിച്ചത്.
കുറച്ചു നിമിഷങ്ങൾകൂടി അവർ കണ്ണുകൾ കൊണ്ടു പിന്നെയും പറഞ്ഞു മൗനമായി…
അവർക്ക് മാത്രം മനസ്സിലാകുന്ന ഭാഷ…പ്രണയത്തിന്റെ ഭാഷയിൽ… പതിയെ അവളുടെ ചുമലിൽ അവൻ കൈകൾ വച്ചു.
അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു.
അവന്റെ തോളിൽ മുഖം ചേർത്തു നിന്നു…അവൻ പതിയെ അവളുടെ തലയിൽ തലോടി നിന്നു…”ഗൗരി”
“ഉം”
“ഗൗരി കൊച്ചേ”
“എന്താടാ..”
അവൻ പെട്ടന്നു അവളുടെ ചെവിക്കു പിടിച്ചു… നിനക്കു എന്നെ ഒരു ബഹുമാനവും ഇല്ലാലോടി. സ്വന്തം കെട്ടിയോനെ എടാ പോടാ എന്നൊക്കെയാണോ വിളിക്കുന്നെ…
പറയുന്നതിന് ഒപ്പം അവനിൽ ചിരി പൊട്ടുന്നുണ്ടായിരുന്നു…. അവളും നിന്നു ചിരിച്ചു.
“ഞാൻ ഇങ്ങനെ തന്നെ ഇരിക്കുന്നത് അല്ലെ ശിവേട്ടന് ഇഷ്ടം…എപ്പോളും കുറുമ്പ് കാണിച്ചും തല്ലു കൂടിയും വഴക്കിട്ടും…
എന്നോട് പരിഭവിച്ചും അങ്ങനെയല്ലേ എന്നെ സ്നേഹിക്കുന്നത്… എന്റെ സ്നേഹവും അങ്ങനെയല്ലേ തിരികെ ആഗ്രഹിക്കുന്നതും…” നന്ദു കുസൃതിയോടെ ചോദിച്ചു…
“നിനക്ക് അപ്പൊ എന്നെ മനസ്സിലായി തുടങ്ങി അല്ലെ… നീയെപ്പോഴും ഇങ്ങനെ തന്നെ ഇരിക്കണം… നിന്റെ കണ്ണിലെ കുസൃതിയും ചുണ്ടിലെ പരിഭവിച്ചുള്ള ചിരികളും… ചീത്ത പറയാൻ വേണ്ടിയുള്ള നിന്റെ വാക്കുകളും…
എല്ലാത്തിനോടും എനിക്ക് പ്രണയം ആണ്… അതെന്നിൽ നിറക്കുന്ന അനുഭൂതി എത്രയാണെന്ന് നിനക്കു മനസ്സിലാകില്ല ഗൗരി…” അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു. ശേഷം തന്നിൽ നിന്നും അകറ്റി അവളെ നോക്കി…
കസവിന്റെ സെറ്റു മുണ്ടും ആകാശ നീല കളറിലുള്ള സ്റ്റോനെസ് ബീഡ്‌സ് വർക് ഡിസൈൻ ഉള്ള ബ്ലൗസ്…ഒരു പാലക്ക മാല…അഷ്ടലക്ഷ്മി വളകൾ ഇരു കൈകളിലും..
കുറച്ചു വലിയ ജിമിക്കി കമ്മൽ.. നീല കളറിൽ വട്ട പൊട്ടു…കണ്ണിൽ കണ്മഷി പടർത്തിയിട്ടുണ്ട്… നെറ്റിയിൽ ചന്ദനത്തിനു ഒപ്പം നാഗതറയിലെ മഞ്ഞൾ പൊടിയും കാണുന്നുണ്ട്.
കണ്ണുകൾ അവളുടെ മൂക്കിന് തുമ്പിലെ ചുവന്ന കല്ലു മൂക്കുത്തിയിലേക്കു നീണ്ടപ്പോൾ അവന്റെ കണ്ണുകളിലെ തിളക്കത്തിനു മങ്ങലേറ്റു.ശരിക്കും ഒരു കല്യാണപെണ്ണിനെ പോലെയുണ്ട്. “നീയപ്പോ എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു ഇറങ്ങിയത് ആണല്ലേ”
“അതേലോ”നാണത്തോടെ ചിരിച്ചുകൊണ്ട് നന്ദു പറഞ്ഞു.
അവളെ തന്നെ ഉറ്റു നോക്കി ശേഷം അവളെ ഇറുകെ പുണർന്നു . അവളുടെ സിന്ദൂര രേഖയിൽ ചുംബിച്ചു….ആ നിമിഷം അവന്റെ കണ്ണിൽ നിന്നും ഉതിർന്നു വീണ കണ്ണുനീർ അവിടെ തങ്ങി നിന്നു.
ഇലച്ചീന്തിൽ നിന്നും താലി കയ്യിലെടുത്തു ഒരു നിമിഷം കണ്ണടച്ചു…പിന്നെ അവളുടെ കണ്ണുകളിൽ നോക്കി അവളുടെ കഴുത്തിൽ ചാർത്തി…
ഭഗവതി കാവിലെ ദേവിയുടെ സിന്ദൂരം ചാർത്തി…നേരത്തെ വീണ അവന്റെ കണ്ണീരിനാൽ സിന്ദൂരം പടർന്നു.
തന്നിൽ എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നു നിറഞ്ഞു നിൽക്കുന്നത് പോലെ… അവനെ തന്നെ കണ്ണിമ ചിമ്മാതെ ഉറ്റു നോക്കി നിന്നു നന്ദു.
അവനെ എത്ര കണ്ടു നോക്കി നിന്നിട്ടും മതിയാകാതെ…അവളുടെ കണ്ണിൽ മുത്തുകൾ പോലെ തിളങ്ങിയപ്പോൾ ശിവൻ അവന്റെ അധരങ്ങൾ കൊണ്ടു ഒപ്പിയെടുത്തു. “ഇനി ഈ കണ്ണുകൾ നിറയരുത്. എന്തിനു വേണ്ടിയും”കണ്ണിമ ചിമ്മാതെ അവളെ തന്നെ നോക്കി പറഞ്ഞു.
അവന്റെ സിന്ദൂരത്തിൽ അവൾ ഒരു ദേവി ശിൽപ്പം പോലെ തോന്നിപ്പിച്ചു…അത്രയും മനോഹരിയായിരിക്കുന്നു. “ഞാൻ റെഡി ആയി വരാം ഒരുമിച്ചു പോകാം…” ശിവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി സമ്മതിച്ചു.
നന്ദു ആ മുറിയാകെ നോക്കി കണ്ടു. ഇതിക്കു മുൻപും ഇവിടെ വന്നിട്ടുണ്ടെങ്കിലും ആദ്യമായി വന്നതുപോലെ… അവന്റെ മുറിയോട് ചേർന്നു തന്നെ മറ്റൊരു മുറിയും കണ്ടു… ”
കിച്ചുവേട്ടന്റെ പണിപുര പോലെ ഒന്നു…നിറയെ ബുക്ക്സ് ആയിരിക്കും ഇതിൽ “അവൾ ആത്മഗതം പറഞ്ഞു.
“ഗൗരി” ശിവന്റെ വിളിയിൽ അവൾ തിരിഞ്ഞു നോക്കെ…സ്കൈ ബ്ലൂ പ്ലൈൻ കോളർ ടീഷർട് …..ഡാർക്ക് ബ്ലൂ ജീൻസ്….ഷേവ് ചെയ്ത കവിളുകൾ…കട്ടി മീശ നന്നായി സെറ്റ് ചെയ്തിട്ടുണ്ട്…..
കയ്യിൽ ഷൂ…അവൻ അതു കാലിൽ ഇട്ടു കൊണ്ടു ബെഡിൽ ഇരിക്കുകയായിരുന്നു. അവൾ അവനു അരികിൽ ചെന്നു ഷൂ കെട്ടി കൊടുത്തു.
അവൻ കൈ കൊണ്ട് തടഞ്ഞിട്ടും അവൾ അത് സ്നേഹപൂർവ്വം നിരസിച്ചു… ഒരു ഭാര്യയുടെ അവകാശം.
ആവൻ എഴുനേറ്റു നിന്നു. ആ വിരിഞ്ഞ നെഞ്ചിൽ ചേർന്നു നിൽക്കാൻ അവളുടെ മനസ്സ് വെമ്പി…”ഇപ്പൊ ശരിക്കും ആ തെമ്മാടി ലുക്ക് വിട്ടു തനി പോലീസ്കാരൻ ആയിരിക്കുന്നു..”
നന്ദു അതു പറഞ്ഞതും അവൻ മീശ പിരിച്ചു പുരികം ഉയർത്തി കാണിച്ചു…അവന്റെ നോട്ടം അവളുടെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി.
നാണത്തോടെ തന്നെ അവനെ നോക്കി നിന്നു.
“ഞങ്ങളുടെ ഗ്രൂപ്പിൽ ഒരു ലേഡി ഓഫീസർ ഉണ്ട്. അവൾക്കു ഞാൻ ഇങ്ങനെ മീശ പിരിക്കുന്നത് എന്തിഷ്ടമാണെന്നോ”അതും പറഞ്ഞു നന്ദുവിനെ ഇടം കണ്ണിട്ടു നോക്കി.
“മോനെ മൂക്കുള രാമ…ഇവിടുന്നു ക്ലീൻ ഷേവ് ചെയ്തു പോകണോ..”ഒരു കുറുമ്പോടെ നന്ദു പറഞ്ഞപ്പോൾ”ചതികല്ലേ എന്റെ ഗൗരി കൊച്ചേ.. ഞാൻ വെറുതെ പറഞ്ഞതാ” ശിവൻ വെറും എലി കുട്ടിയായി ആ നിമിഷം.
അവന്റെ നെഞ്ചിൽ കടിക്കാൻ ആഞ്ഞ അവളെ തടഞ്ഞു.
“ഇവിടെ കടിച്ചാൽ നോവുന്നത് ദാ ഇവിടെയാണ്”
നന്ദുവിൻറെ നെഞ്ചിൽ കൈ ചേർത്തുകൊണ്ടു അവൻ പറഞ്ഞു.”എന്റെ നെഞ്ചിൽ മുഴുവൻ നീ നിറഞ്ഞു നില്കുവാ പെണ്ണേ”. അതു കേട്ടതും നന്ദു അവനെ ഇറുകെ പുണർന്നു.
“ഞാൻ ഒരു കാര്യം പറയട്ടെ ഗൗരി…ഞാൻ വരുന്നത് വരെ നീ ഇവിടെ ഉണ്ടാകണം.. എന്റെ മുറിയിൽ…ഇനിയും എന്നെ അറിയാൻ ഒരുപാട് ഉണ്ട്…
എന്റെ പ്രെസെൻസ് ഇല്ലാതെ നീയറിയണം എന്നെ…ഇതു ദാ ആ മുറിയുടെ താക്കോലാണ്. നിനക്കു മനസിലാകും എന്നെ ” നന്ദുവിൻറെ കയ്യിൽ ഒരു താക്കോൽ വച്ചു കൊടുത്തു പറഞ്ഞു.
ശിവനൊപ്പം മുറിയിൽ നിന്നും ഇറങ്ങി വന്ന നന്ദുവിനെ കണ്ടു എല്ലാവരും അത്ഭുതപ്പെട്ടു നോക്കി…കിച്ചുവിനും ഭദ്രക്കും…
കൃഷ്ണ വാരിയർക്കും സീതമ്മയ്ക്കും കണ്ണുകളിൽ മിഴിനീർ തിളക്കവും.വർഷങ്ങളായി മകളെ സിന്ദൂരവും താലിയും ചാർത്തി കാണുവാൻ ആഗ്രഹിക്കുന്നു…
ശിവനും നന്ദുവും അച്ഛന്മാരുടെയും അമ്മമാരുടെയും കാലിൽ വീണു അനുഗ്രഹം വാങ്ങി.
“ധൈര്യമായി പോയി വായോ…ഞങ്ങൾ മാത്രമല്ല ഒരു നാടും നാട്ടുകാരും…എന്തിനേറെ ഒരു രാജ്യം തന്നെയുണ്ട് പ്രാർത്ഥനയോടെ” ശിവനെ ചേർത്തു പിടിച്ചു ബാലൻ പറഞ്ഞു.
അവൻ ഇറങ്ങാൻ നേരം ദുർഗയെയും ഭദ്രയെയും ചേർത്തു പിടിച്ചിരുന്നു.മാളുവും ഉണ്ണിയും ഓടി വന്നു ചേട്ടച്ഛന്റെ കൂടെ പോണം എന്നു പറഞ്ഞു വാശി പിടിച്ചു. എയർപോർട്ട് വരെ കൊണ്ടുപോയാലും പിന്നെയും ശിവൻ പോകുന്നത് കാണുമ്പോൾ വാശി കൂടും…
കാരണം അത്രക്കും അവർക്ക് പ്രിയപ്പെട്ടതാണ് അവരുടെ ചേട്ടച്ഛൻ…ദുർഗ്ഗയാണ് അവരെ അങ്ങനെ വിളിക്കാൻ പഠിപ്പിച്ചത്.
ശിവൻ അവരുടെ അടുത്തു ചെന്നു മുട്ടു കുത്തി നിന്നു.രണ്ടുപേരെയും ചേർത്തു നിർത്തി തലോടി.
“ചേട്ടച്ഛൻ കഥ പറഞ്ഞു തരുന്ന പോലെ കഥ പറയാനും പാട്ടു പാടി തരാനും കൂടെ കളിക്കാനും ദേ ഈ ആന്റിയെ തരാട്ടോ” അതും പറഞ്ഞു അവരെ ഉമ്മ വച്ചു.
അവന്റെ കണ്ണും നിറഞ്ഞിരുന്നു. നന്ദു അവരുടെ അടുത്തു ചെന്നിരുന്നു. കുട്ടികളെ തലോടി കൊണ്ടു ശിവനെ നോക്കി പറഞ്ഞു.
“ആന്റിയല്ല ചേച്ചിയമ്മ”
തുടരും…..
Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.