പ്രണയവിഹാർ: ഭാഗം 20
നോവൽ: ആർദ്ര നവനീത്
തണുത്ത അന്തരീക്ഷമായിരുന്നിട്ടുകൂടി മൊഴിയുടെ ചെന്നിയിലൂടെ വിയർപ്പുതുള്ളികൾ ചാലിട്ടൊഴുകി. ശീതക്കാറ്റ് അടിച്ചതുപോലെ അവളുടെ ഉടൽ വിറച്ചു കൊണ്ടിരുന്നു. വല്ലാത്തൊരു ഭയം അവളിൽ ഉറവെടുക്കുന്നുണ്ടായിരുന്നു. അപ്പയുടെയും അമ്മയുടെയും മകളാണ് താനെന്ന് ആവർത്തിച്ചാവർത്തിച്ച് ഉരുവിടാൻ ശ്രമിക്കുമ്പോഴും ഏവരുടെയും മൗനവും കണ്ണുനീരും അവളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് കൊണ്ടിരുന്നു. ദയനീയമായ ഭാവത്തോടെ അവൾ ചിന്നപ്പയെ നോക്കി. അവളുടെ കണ്ണുനീർ ആ മനുഷ്യനെ ചുട്ടു പൊള്ളിപ്പിച്ചു കൊണ്ടിരുന്നു. വിറയ്ക്കുന്ന ചുവടുമായി അവൾ അപ്പയ്ക്ക് അരികിലേക്ക് നീങ്ങി. പറയ് അപ്പാ.. ഇവരോട് പറയ് ഞാനെന്റെ അപ്പയുടെയും അമ്മയുടെയും മോളാണെന്ന്. എന്റെ നെഞ്ച് വിങ്ങുകയാ അപ്പാ. അപ്പയുടെ ചെല്ലമല്ലേ ഞാൻ.
എന്റെ അപ്പയുടെ രക്തമാണ് ഞാനെന്ന്.. എന്റെ അമ്മയുടെ ഉദരത്തിലാണ് ഞാൻ ജന്മം കൊണ്ടതെന്ന്.. ഇടറിയ സ്വരത്തിൽ മൊഴി പറഞ്ഞു. ചിന്നപ്പയുടെ മിഴികൾ അമ്മന്റെ നേർക്ക് നീണ്ടു. പിന്നീടത് സീതയിലേക്കും. സീത മല്ലിയുടെ ചുമലിലേക്ക് ചാഞ്ഞു. കുട്ടികൾ എല്ലാവരും ഏങ്ങി കരയുകയാണ്. അവരുടെ മൊഴിച്ചേച്ചി കരയുന്നത് അവർക്ക് സഹിക്കാനായില്ല. നീ എന്റെ മോൾ തന്നെയാ. ഈ അപ്പയുടെ മോളാ നീ. എന്റെ മൊഴി.. ഇടറിയ സ്വരത്തിൽ ചിന്നപ്പ പറഞ്ഞു. ഐഷുവും ആവണിയും സഞ്ജുവും ദീപുവും ഞെട്ടലോടെ വിഹാനെ നോക്കി. എന്നാൽ അവന്റെ മുഖത്തെ ഭാവമെന്തെന്ന് അവർക്ക് വ്യക്തമായില്ല. അവന്റെ കണ്ണുകൾ ചിന്നപ്പയിലായിരുന്നു. മൊഴിയുടെ മുഖത്തിൽ ആശ്വാസഭാവം വിരിഞ്ഞു. പക്ഷേ ഈ അപ്പയ്ക്കും അമ്മയ്ക്കും ജനിച്ച മോളല്ല നീ.
എന്റെ സീതയല്ല നിനക്ക് ജന്മം നൽകിയത്. അപ്പയുടെ രക്തവുമല്ല നീ… പൊട്ടിക്കരഞ്ഞുകൊണ്ട് ചിന്നപ്പ അമ്മന്റെ മുൻപിൽ ഊർന്നിരുന്നു. അടക്കിവയ്ക്കാൻ ശ്രമിച്ചിട്ടും സാധിക്കാതെ സീതയിൽ നിന്നും കരച്ചിലിന്റെ ചീളുകൾ പുറത്തേക്ക് വന്നു. ഈയം ഉരുക്കിയൊഴിച്ചതുപോലെ അവൾ പൊള്ളിപ്പിടഞ്ഞു. വല്ലാത്തൊരു വിറയൽ തന്നെ ബാധിക്കുന്നത് അവളറിഞ്ഞു. ഭാരമില്ലാതെ നിലത്തേക്ക് പതിക്കും മുൻപേ തന്നെ വാരിയണച്ച കൈകളെ അവൾ തിരിച്ചറിഞ്ഞു. വിഹാൻ !! അർദ്ധബോധാവസ്ഥയിലും അവളുടെ ചുണ്ടുകൾ പതിയെ ഉരുവിട്ടു. വല്ലാത്തൊരു ഭാരത്തോടെ മിഴികൾ തുറക്കാൻ ശ്രമിച്ചു മൊഴി. മൂക്കിലേക്ക് അടുപ്പിച്ച പച്ചമരുന്നിന്റെ ഗന്ധം ആ മുറിക്കുള്ളിൽ നിറഞ്ഞു നിന്നു. നേരത്തെ സംഭവിച്ച കാര്യങ്ങൾ അവളിലേക്ക് ഓടിയെത്തി. പിടഞ്ഞു കൊണ്ടവൾ എഴുന്നേൽക്കാൻ ശ്രമിച്ചു.
അവളെ അടക്കി നിർത്താൻ ശ്രമിച്ച ഐഷുവിന്റെയും ആവണിയുടെയും കൈകൾ അവൾ തട്ടിയെറിഞ്ഞു. വിയർപ്പുതുള്ളികളാൽ നെറുകയിലെ സിന്ദൂരം നനഞ്ഞിരുന്നു. കഴുത്തിലെ മഞ്ഞത്താലിയും നെഞ്ചോടൊട്ടി കിടന്നു. ചുവരിൽ ചാരി ചിന്നപ്പയും സീതമ്മയും നിൽപ്പുണ്ടായിരുന്നു. ഞാൻ നിങ്ങളുടെ മകളല്ല അല്ലേ അപ്പാ.. അല്ലേ അമ്മാ. കുട്ടിക്കാലത്തെ കുറിച്ച് അപ്പ പറഞ്ഞുകേട്ട കാര്യങ്ങൾ എന്റെ മനസ്സിലുണ്ട്. അപ്പ എന്നേ ഞാൻ വിളിച്ചിട്ടുള്ളൂ സ്നേഹിച്ചിട്ടുള്ളൂ. മകളല്ല എന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. ഇവരൊക്കെ ഞാൻ മറ്റൊരു പെണ്കുട്ടിയാണെന്ന് പറയുന്നു. വെറും നാല് നാളത്തെ പരിചയമുള്ള അയാൾ എന്റെ കഴുത്തിൽ താലി ചാർത്തി. ഒടുവിൽ ആരുമില്ലാത്തവളാക്കി എന്നെ അല്ലേ. അവളുടെ സ്വരം വല്ലാതെ ഉറച്ചിരുന്നു. മോളേ ഞങ്ങൾ.. വേണ്ട.
നിങ്ങളുടെ മകളല്ലെങ്കിൽ എനിക്കറിയണം ഞാൻ ആരായിരുന്നെന്ന്. ഇവർ പറയുന്നതുപോലെ ശ്രാവണിയാണോ. എങ്കിൽ ആരാണ് മൊഴി. ഇനിയും ഞാനറിയാത്തതായി എന്തൊക്കെയാണ് ഉള്ളത്. എല്ലാവർക്കും സൗകര്യമനുസരിച്ച് മാറ്റിക്കളിക്കാൻ ഞാനാരാ.. അവൾ അലറി. ശ്രീക്കുട്ടീ… വിഹാൻ അവളുടെ അടുത്തേക്ക് ഓടിവന്നു. വേണ്ട വിഹാൻ. ശ്രീക്കുട്ടി.. ശ്രാവണി.. മൊഴി.. ഹ്മ്മ്. ഇനിയുമുണ്ടോ പേരുകൾ. നാളെ മറ്റാരെങ്കിലും വരുമോ അവകാശവാദമുന്നയിച്ചുകൊണ്ട്… അവളുടെ സ്വരത്തിലെ വേദന എല്ലാവരുടെയും കണ്ണ് നനയിപ്പിച്ചു. അങ്ങനെ പറയല്ലേ മോളേ. എന്റെ വയറ്റിൽ പിറന്നില്ലെന്നേയുള്ളൂ എന്റെ മോൾ തന്നെയാ നീ. ഒരു കലർപ്പുമില്ലാതെ തന്നെയാ അമ്മ നിന്നെ സ്നേഹിച്ചത്. അന്യയായി ഒരിക്കൽപ്പോലും അമ്മയോ അപ്പയോ നിന്നെ കണ്ടിട്ടില്ല.
നീയൊന്ന് മൗനമായാൽ വേദനിച്ചത് ഞങ്ങളായിരുന്നു. നീ ചിരിക്കുമ്പോൾ നിന്നെക്കാളേറെ സന്തോഷിച്ചത് ഞങ്ങളായിരുന്നു.. സീത സാരിത്തുമ്പുകൊണ്ട് വായ അമർത്തി തേങ്ങലടക്കാൻ പ്രയാസപ്പെട്ടു. മൊഴി തളർന്നുപോയി. അവൾ കട്ടിലിലേക്ക് തന്നെയിരുന്നു. ചിന്നപ്പ നന്നേ വിവശനായിരുന്നു. അയാൾ പറയാൻ തുടങ്ങി. എന്റെയും സീതയുടെയും മോളാണ് മൊഴി. പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ അമ്മൻ ഞങ്ങൾക്ക് നൽകിയ വരപ്രസാദം. വെളുത്തുതുടുത്ത ആര് കണ്ടാലും കൊതിക്കുന്ന പൊന്നുമോൾ. കാട്ടിലെ പെണ്ണാണെന്ന് കണ്ടാൽ ആരും പറയില്ല. ഞങ്ങളുടെ ചിരിയും കളിയും നിറഞ്ഞ കുടിലിന്റെ താളമായിരുന്നു അവൾ. അപ്പയുടെ വിരൽത്തുമ്പിൽ തൂങ്ങിനടന്നിരുന്ന അമ്മയുടെ പൊന്നുംകുടം. ഈ കാട്ടിലെ ഓരോ പുൽക്കൊടിക്കും അവളെ അറിയാം. അവളുടെ കിലുങ്ങുന്ന പാദസരം അലയൊലി തീർത്ത കാട്. വലിയ പഠിപ്പൊന്നുമില്ലായിരുന്നു അവൾക്ക്.
എപ്പോഴും കാട്ടുചെടികളോടും കിളികളോടും കൂട്ട് കൂടി നടക്കണം. നാടിനെ പോലെയല്ല കാടെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു. കാട്ടുമൃഗങ്ങൾ വേട്ടയ്ക്കിറങ്ങുമ്പോൾ ഭയക്കുന്നതിനേക്കാൾ അധികമായി മനുഷ്യമൃഗങ്ങളെ ഭയക്കണമെന്ന് ഞങ്ങളറിഞ്ഞത് അന്നാണ്. കാട്ടിലെത്തിയ ഏതോ ചെറുപ്പക്കാരുടെ കൈകളിൽ ഞെരിഞ്ഞമർന്നു ഞങ്ങടെ പൊന്നുമോൾ. അവൾ അലറിക്കരഞ്ഞതും അവളുടെ പൂവ് പോലുള്ള ഉടൽ ആ നീചന്മാർ ചതച്ചരച്ചതും ആരും അറിഞ്ഞില്ല. രാത്രിയായിട്ടും കാണാതായപ്പോൾ അന്വേഷിച്ചിറങ്ങിയതാ ഞങ്ങൾ. വെള്ളച്ചാട്ടത്തിനടുത്തായി പിച്ചിച്ചീന്തപ്പെട്ട നിലയിൽ ശരീരത്തിൽ വസ്ത്രം പോലുമില്ലാതെ… ബാക്കി പറയാൻ കഴിയാതെ ചിന്നപ്പ വിങ്ങിക്കരഞ്ഞു. സീത പൊട്ടിക്കരഞ്ഞു. പിന്നീട് അവൾ ആരോടും മിണ്ടിയില്ല.
നിറഞ്ഞൊഴുകുന്ന കണ്ണുനീർ മാത്രമായിരുന്നു അവൾ ജീവനോടെയുണ്ടെന്നതിന് തെളിവ്. കണ്ണ് ചിമ്മാൻ പോലും പേടിച്ച് ഞങ്ങളവൾക്ക് കാവലിരുന്നു. എന്നാൽ എപ്പോഴെന്നറിയില്ല സീത വെള്ളവും കൊണ്ട് എത്തുമ്പോൾ മോളെ കണ്ടില്ല. പ്രാർത്ഥനയോടെ ഞങ്ങൾ കാട് മുഴുവൻ അന്വേഷിക്കാൻ തുടങ്ങി. വെള്ളച്ചാട്ടത്തിന്റെ മല കയറിയെന്ന് പിള്ളേരാരോ വന്ന് പറഞ്ഞു. എന്നാൽ അവിടെയെത്തും മുൻപേ തന്നെ എന്റെ പൊന്നുമോൾ പോയി. മഴയായതിനാൽ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. ഞങ്ങൾ കാവലിരുന്നു. ഒരിക്കലും തിരികെ വരില്ലെന്ന് അറിയാമായിരുന്നിട്ടും ഞങ്ങളവളെ പ്രതീക്ഷിച്ചിരുന്നു. മൂന്നാം നാൾ വേലു ഓടിവന്നത് ഒരു വാർത്തയുമായാണ് . വെള്ളച്ചാട്ടത്തിന് മറുകരയിൽ ഒരു പെങ്കൊച്ച് അടിഞ്ഞു. അതാണ് നീ. ജീവന്റെ നേർത്ത കണിക മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ബോധമില്ലാത്ത അവസ്ഥയും. ദിവസങ്ങളോളം പച്ചിലമരുന്നിന്റെ ചികിത്സ ആയിരുന്നു. പാറയിലോ മറ്റോ ഇടിച്ചാണെന്ന് തോന്നുന്നു തലയിൽ മുറിവുണ്ടായിരുന്നു. ബോധം തെളിയുമ്പോൾ അലറിക്കരയും. പിച്ചും പേയും പറഞ്ഞും പനിച്ചും വിറച്ചും കിടന്ന നിന്നെ സുഖപ്പെടുത്താൻ ശ്രമിച്ചു. സ്വന്തം മകളെ നഷ്ടപ്പെട്ട വേദന ഉള്ളിലൊതുക്കി നിന്നെ ശുശ്രൂഷിച്ചു. മൊഴിയെ ഞങ്ങൾക്കിനി കിട്ടില്ലെന്ന് വ്യക്തമായിരുന്നു. കാരണം ആ ചുഴിയിൽ പെട്ടാൽ പിന്നെയൊരു തിരിച്ചുവരവ് ഉണ്ടാകില്ല. ദിവസങ്ങളേറെയെടുത്തു നിനക്ക് ഭേദമാകാൻ. പൂർണ്ണബോധത്തിലേക്ക് തിരിച്ചു വരാനൊരുങ്ങുന്ന നിനക്ക് നീയാരാണെന്നോ എന്താണെന്നോ യാതൊരു തിരിച്ചറിവുമില്ലെന്ന് ഞങ്ങൾക്ക് മനസ്സിലായി.
മൊഴിയെ നഷ്ടപ്പെട്ടപ്പോൾ ഞങ്ങൾക്ക് അമ്മൻ നൽകിയതാണ് നിന്നെയെന്ന് കരുതി സന്തോഷിക്കാൻ ശ്രമിച്ചു. ഞങ്ങളുടെ മോളായേ കണ്ടിട്ടുള്ളൂ. അങ്ങനെയേ സ്നേഹിച്ചിട്ടുളളൂ. സ്വാർത്ഥത കാണിച്ചു നീയാരാണെന്ന് കണ്ടെത്താതെ.. ഞങ്ങളെപ്പോലെ മകൾ നഷ്ടപ്പെട്ട വേദനയിൽ ഉരുകുന്ന അച്ഛനും അമ്മയും ഉണ്ടെന്ന് മനപ്പൂർവം മറന്നു. ആ സ്വാർത്ഥത സ്നേഹം കൊണ്ടായിരുന്നു മോളേ. നിന്നെ ഞങ്ങളിൽ നിന്നും അകറ്റാനാകില്ലെന്ന് കരുതി അതുകൊണ്ട് തന്നെയാണ് എല്ലാവരും ഇവിടം വിട്ടുപോയിട്ടും ഞങ്ങൾ ഈ കാട് ഉപേക്ഷിക്കാത്തത്.. ചിന്നപ്പ വിതുമ്പലടക്കാൻ പ്രയാസപ്പെട്ടു. സീതയുടെയും മല്ലിയുടെയും അവസ്ഥ മറിച്ചായിരുന്നില്ല. എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു. കേട്ട യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ അവൾ കിണഞ്ഞു പരിശ്രമിച്ചു . പലപ്പോഴും ഉയർന്നുവന്ന കരച്ചിലടക്കാൻ കഴിയാതെ അവൾ തളർന്നു. താനാരായിരുന്നുവെന്ന് ഓർത്തെടുക്കാൻ അവൾ ശ്രമിച്ചു കൊണ്ടിരുന്നു.
ചുറ്റിലും നിൽക്കുന്നവരുടെ മുഖങ്ങളും ഈ കാടുമല്ലാതെ മറ്റൊന്നും തന്നെ പരിചിതമായില്ലെന്ന് വേദനയോടെ അവളോർത്തു. കൈകൾ മുടിയെ കൊരുത്തു വലിച്ചു. വിഹാന് അവളുടെ അവസ്ഥ മനസ്സിലായി. ഇത്രയും നാൾ മൊഴിയാണെന്ന് വിശ്വസിച്ചിട്ട് താൻ അവളല്ലെന്നും സ്വന്തം അസ്തിത്വo എന്താണെന്ന് ഓർത്തെടുത്താൻ കഴിയാത്തവളുടെ നിസ്സഹായാവസ്ഥ. അവൻ വേദനയോടെ സഞ്ജുവിനെ നോക്കി. ആ വേദന മനസ്സിലാക്കിയെന്നവണ്ണം അവൻ കണ്ണുകൾ കൊണ്ടവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ചിന്നപ്പയെയും മല്ലിയെയും സീതയെയും കൂട്ടിക്കൊണ്ട് അവൻ പുറത്തേക്കിറങ്ങി. പിന്നാലെ ദീപുവും ഐഷുവും ആവണിയും. വിഹാൻ മുള കൊണ്ടുള്ള വാതിൽ മെല്ലെ ചാരി. അവൾക്കരികിലായി ഇരുന്നു. അവളുടെ കണ്ണുനീർച്ചാൽ തീർത്ത മുഖത്തേക്കവൻ നീറുന്ന മനസ്സോടെ നോക്കി. ശ്രീക്കുട്ടീ… ആർദ്രമായി അവൻ വിളിച്ചു. കരച്ചിലിന്റെ ചീളുകൾ ശക്തി പ്രാപിച്ചെന്നവണ്ണം ചിതറി.
ആരാ ഞാൻ. ശ്രീക്കുട്ടിയെന്ന് നിങ്ങൾ പറയുന്നു. ഇതുവരെ മൊഴിയായിരുന്ന ഞാൻ നിമിഷനേരം കൊണ്ട് അവളല്ലാതെയായി. നാളെ മറ്റാരെങ്കിലും മറ്റൊരു പേരുമായി വന്നാൽ.. അതാണ് ഞാനെന്ന് പറഞ്ഞാൽ ഞാൻ ആരെ വിശ്വസിക്കണം.? ആരുടെ കൂടെ നിൽക്കണം.? നിങ്ങൾക്ക് ഊഹിക്കാനാകുമോ സ്വന്തമായി അസ്തിത്വo ഇല്ലാത്തവളുടെ വേദന. എനിക്ക് ഈ കാടും ഇവിടെയുള്ളവരെയുമല്ലാതെ മറ്റൊന്നും ഓർമ്മയില്ല വിഹാൻ. അപ്പയും അമ്മയും മല്ലിയമ്മയും തേന്മൊഴിയും കല്യാണിയും ശങ്കുവും വേലണ്ണനും മുത്തുവുമൊക്കെയാണ് എന്റെ ഓർമ്മകളിൽ. നിന്നെപോലും ഞാൻ മുൻപ് കണ്ടിട്ടില്ല .. അവളുടെ നിസ്സഹായതയും നോവും കലർന്ന വാക്കുകൾ കൂരമ്പുകളായി അവന്റെ നെഞ്ചിൽ തറച്ചു കയറി. നിന്റെ വേദന എന്നെക്കാളേറെ മറ്റാർക്ക് മനസ്സിലാക്കാൻ കഴിയും ശ്രീക്കുട്ടീ. നീയെന്റെ ശ്രീക്കുട്ടിയാണ് അത് തെളിയിക്കാൻ എനിക്കാകും..
അവന്റെ വാക്കുകൾക്ക് ഉറപ്പുണ്ടായിരുന്നു. നാളെ മറ്റൊരു പേരുമായി മറ്റൊരുവളാണ് ഞാനെന്ന് പറഞ്ഞ് ആരെങ്കിലും വന്നാൽ നിങ്ങൾ ഇപ്പോൾ പറഞ്ഞ തെളിവുകൾ അവരും നിരത്തിയാൽ ഞാൻ അവരുടെ കൂടെ പോകണോ.. പറയ്.. ഇപ്രാവശ്യം അവളുടെ വാക്കുകളിൽ നിറഞ്ഞു നിന്നത് കോപമായിരുന്നു. താനാരാണെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിൽ നിന്ന് രൂപമെടുത്ത കോപം. വിഹാൻ നിശബ്ദത പാലിച്ചതേയുള്ളൂ . അതവളെ കൂടുതൽ ചൊടിപ്പിച്ചു. ആരാ എന്താണെന്ന ബോധം പോലുമില്ലാത്ത ഒരുവളെ താലി ചാർത്താൻ തനിക്കെങ്ങനെ കഴിഞ്ഞു. അവകാശം സ്ഥാപിക്കാൻ തനിക്കീ മാർഗമേ മുൻപിലുണ്ടായിന്നുള്ളോ. ശ്രീക്കുട്ടീ എന്ന മന്ത്രമുരുവിട്ട് നടക്കുന്നവനല്ലേ താൻ. ഞാൻ ശ്രീക്കുട്ടിയല്ലെന്ന് തെളിഞ്ഞാൽ വലിച്ച് പൊട്ടിച്ചു കളയുമോ എന്റെ കഴുത്തിലെ ഈ താലി..
കഴുത്തിലെ താലിച്ചരട് ഉയർത്തിക്കൊണ്ടവൾ ചോദിച്ചതും വിഹാന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞിരുന്നു. കവിളിൽ കൈ പൊത്തിപ്പിടിച്ചുകൊണ്ട് അവളവനെ തുറിച്ചു നോക്കി. പെണ്ണിനെ തല്ലി ശീലിക്കരുതെന്നും അവളെ ബഹുമാനിക്കണമെന്നും ചൊല്ലി വളർത്തിയ അച്ഛന്റെയും അമ്മയുടെയും മകനാണ് ഞാൻ. നിനക്ക് വേദനിക്കുമ്പോൾ പിടയുന്നത് ദേ ഇവിടെയാണ്.. തന്റെ ഇടനെഞ്ചവൻ തൊട്ടു കാണിച്ചു . അതേടീ മരണം വരെയും ശ്രീക്കുട്ടീ എന്ന് തന്നെ പറയും ഞാൻ. താലിക്ക് വില കല്പിക്കുന്നവനാണ് ഞാൻ. താലിയുടെ പവിത്രതയെന്തെന്ന് സ്പഷ്ടമായി അറിയാവുന്നവൻ. ഏറെ ചിന്തിച്ചിട്ടെടുത്ത തീരുമാനം തന്നെയാണിത്. ഇന്നിവിടെ നിന്നും പോയാൽ പിന്നെ ഒരിക്കലും എനിക്ക് നിന്നെ കാണാൻ പറ്റിയില്ലെങ്കിലോ എന്നുള്ള ഭയം.
ഞാൻ സത്യങ്ങൾ പറഞ്ഞാൽ ഉടൻ അതെല്ലാം വിശ്വസിക്കുന്നവരല്ല ഇവിടുള്ളവർ. അല്ലെങ്കിൽ തന്നെ ഞാൻ വിളിച്ചാൽ നീ ഇറങ്ങി വരുമോ. ഇല്ലല്ലോ. അവർ വച്ചാരാധിക്കുന്ന അമ്മന്റെ പ്രതിഷ്ഠയ്ക്ക് മുൻപിൽ വച്ച് നിന്റെ കഴുത്തിൽ താലി ചാർത്തിയത് കൊണ്ട് അമ്മനാണ് ഈ കാട് കാക്കുന്നതെന്ന വിശ്വാസമുള്ളത് കൊണ്ടുമാത്രമാണ് ഇന്നീ സത്യങ്ങൾ വെളിച്ചം കണ്ടത്. എന്റെ പെണ്ണിന്റെ സാന്നിധ്യം അത് എത്ര അകലെ നിന്നായാലും തിരിച്ചറിയാൻ എനിക്കാകും. നിന്നെ ആ വെള്ളച്ചാട്ടത്തിന്റെ അരികെ വച്ച് കണ്ടപ്പോൾ ഞാൻ മനസ്സിലാക്കിയതാണ് നീയെന്റെ പെണ്ണാണെന്ന്. വിധി അത് മാത്രമാണ് ഇപ്പോൾ നിന്നെ എന്റെ മുൻപിൽ നിർത്തിയത്.. അതേ വിധി തന്നെയാണ് കണ്മുന്നിൽ ഉണ്ടായിരുന്നിട്ടും തിരിച്ചറിയാനാകാതെ അപരിചിതനെപ്പോലെ എന്നെ നിർത്തിയിരിക്കുന്നതും.
നിനക്ക് തെളിവുകൾ അല്ലേ വേണ്ടത്. നിനക്ക് വേണോ തെളിവുകൾ പറയെടീ… അവനവളെ ചുമലിൽ പിടിച്ചു കുലുക്കി. നിറഞ്ഞു തൂവുന്ന കണ്ണുകളുമായി അവൾ പാവയെപ്പോലെ വേണമെന്ന് തല ചലിപ്പിച്ചു. അവനവളെ ഇടതുകൈ ഇടുപ്പിൽ ചുറ്റി തന്നിലേക്കടുപ്പിച്ചു. പെട്ടെന്നുള്ള അവന്റെ പ്രവൃത്തിയിൽ അന്ധാളിച്ചുവെങ്കിലും അവൾ കുതറി മാറുവാൻ ശ്രമിച്ചു. അവളുടെ മാറിൽ കിടന്ന ദാവണിയുടെ ദുപ്പട്ട അവൻ പൊട്ടിച്ചെടുത്തു. ഞെട്ടലോടെ അവൾ മിഴികളുയർത്തി. എന്നാൽ അവന്റെ കണ്ണിൽ കാമമോ ആർത്തിയോ അല്ല അവൾക്ക് കാണാൻ കഴിഞ്ഞത് തികച്ചും ശാന്തമായിരുന്നു ആ മിഴികൾ.അതിലെ വേദന അവൾ കണ്ടറിഞ്ഞു. കൈകൾ ബ്ലൗസിലെത്തിയതും അവൾ പിടച്ചിലോടെ അവന്റെ കൈയിൽ പിടിച്ചു. എന്നാലവൻ അവളുടെ മിഴികളിലേക്ക് മാത്രം ഉറ്റുനോക്കിക്കൊണ്ട് അവളെ കണ്ണാടിക്ക് മുൻപിൽ നിർത്തി. അവളുടെ കണ്ണുകൾ കണ്ണാടിയിലായിരുന്നു.
വലത് നെഞ്ചിന്റെ ഭാഗത്തായി അവൾ ടാറ്റൂ കണ്ടു. ഇതെന്താണെന്ന് അറിയാമോ അവനവളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു. ഒരു വാലെന്റൈൻസ് ഡേയ്ക്ക് നീയെനിക്ക് നൽകിയ സമ്മാനം. നിന്റെ മനസ്സിൽ മാത്രമല്ല നിന്റെ ശരീരത്തിലും പതിച്ചുവച്ച എന്റെ പേര്. വിഹാൻ !! അവൾ കണ്ണാടിയിലേക്ക് നോക്കി. പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ശ്രദ്ധിക്കാത്ത ഒന്ന്. ലവ് സിമ്പലിൽ രണ്ട് ഇണപ്രാവുകൾ കൊക്കുരുമ്മി ഇരിക്കുന്നതിന് അടുത്തായി വിഹാൻ എന്ന പേര്. തിരിച്ച് എഴുതിയിരുന്നതിനാൽ കണ്ണാടിക്ക് മുൻപിൽ അത് കൃത്യമായി വായിക്കുവാൻ കഴിഞ്ഞിരുന്നു. സൂക്ഷിച്ചുനോക്കിയാൽ മാത്രമേ ലിപി മനസ്സിലാകുകയുള്ളൂ. കണ്ണാടിയിൽ കൂടി തന്നെ അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി. അവന്റെ കണ്ണുകൾ അപ്പോഴും തന്റെ മുഖത്തുനിന്നും അൽപ്പം പോലും തെന്നിയിട്ടില്ലെന്ന് അവൾ തിരിച്ചറിഞ്ഞു.
നിന്റെ ചോദ്യങ്ങൾക്കൊന്നും ഉത്തരമായിട്ടില്ലെന്ന് എനിക്കറിയാം. ഈ കാട് വിട്ടാൽ മാത്രമേ നീ ആരാണെന്ന് കണ്ടെത്താൻ നിനക്കാകുള്ളൂ. അതുകൊണ്ട് നാളെ രാവിലെ നമ്മൾ ഇവിടുന്ന് തിരിക്കും. നമ്മുടെ നാട്ടിലേക്ക്. പേടിക്കേണ്ട നീ ആരാണെന്ന് നിനക്ക് പൂർണ്ണബോധ്യമായതിന് ശേഷം നിന്റെ ഓർമ്മകളിൽ വിഹാൻ വന്നതിന് ശേഷം നിന്റെ അനുവാദത്തോടെ മാത്രമേ നമ്മൾ മറ്റൊരർത്ഥത്തിൽ ഒന്നിക്കുകയുള്ളൂ. എനിക്ക് വേണ്ടത് എന്റെ ശ്രീക്കുട്ടിയെയാണ് അഞ്ചര വർഷമായി ഞാൻ സ്നേഹിക്കുന്ന എന്നെ പ്രണയിച്ച എന്റെ പെണ്ണിനെ.അതുവരെ വിഹാൻ കാത്തിരിക്കും. കൂടെ നിൽക്കും നിന്റെ ഓർമ്മകൾ തിരികെ പിടിക്കാൻ. മാറിലേക്ക് ദുപ്പട്ട വലിച്ചിട്ടുകൊണ്ട് അവൻ പുറത്തേക്കിറങ്ങി. അവളുടെ ദൃഷ്ടി കണ്ണാടിയിലേക്കായി. എനിക്കറിയണം ഞാനാരാണെന്ന്. ഓടിയൊളിച്ച ഓർമ്മകളെ കണ്ടെത്തിയേ മതിയാകൂ..
(തുടരും )
..