Thursday, December 26, 2024
Novel

നിഴലായ് മാത്രം : ഭാഗം 12

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

പല്ലുകൾ കടിച്ചു പിടിച്ചുള്ള അവന്റെ വാക്കുകൾ കേട്ടപ്പോൾ… അവന്റെ ആ നേരത്തെ ഭാവം കണ്ടപ്പോൾ… കണ്ണുകളിൽ എരിയുന്ന ദേഷ്യത്തെ കണ്ടപ്പോൾ ഇനിയും ഒരിക്കൽ കൂടി ഓർമയിൽ പോലും വരരുതെന്നു ആഗ്രഹിച്ച പഴയ ഹർഷനെ അവൾ കണ്ടു…!!

“ഹർഷാ…” ഉണ്ണി കുറച്ചു ഉറക്കെ അസ്വസ്ഥതയോടെ അവനെ വിളിച്ചു. അവൻ ഒന്നു ഞെട്ടി കൊണ്ടു കൈകൾ മുഖത്തു നിന്നും പിൻവലിച്ചു. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൻ കുറച്ചു നിമിഷങ്ങൾ അവളെ നോക്കി നിന്നു … പിന്നെ അകത്തേക്ക് നടന്നു പോയി. ഒരു പേടിയോടെ ഉണ്ണി അവനെതന്നെ നോക്കി നിന്നു.

ഞാറാഴ്ചയാണ് കല്യാണ നിശ്ചയം വച്ചിരിക്കുന്നത്. ബുധനാഴ്ച ഡ്രസ് എടുക്കാൻ പോകാൻ തീരുമാനമായി. ഉണ്ണിമായ അപ്പോഴും ആശങ്കയിലായിരുന്നു. പോകണോ വേണ്ടയോ. ഹർഷൻ എന്തായാലും തന്റെ ഇഷ്ടം നോക്കി മാത്രമേ ഡ്രസ് സെലക്ട് ചെയ്യൂ. യാമിക്കു അതു ഇഷ്ടമാകില്ലയെന്നു നൂറുശതമാനം ഉറപ്പാണ്. യാമിയുടെ അമ്മയുടെ ഇഷ്ടകേടും കൂടെയുണ്ടാകും. എന്തിനാ വെറുതെ. എന്തെങ്കിലും ഒഴിവുകഴിവ്‌ പറഞ്ഞു ഹർഷനോട് ഡ്രെസ് എടുക്കാൻ ചെല്ലിലയെന്നു പറയാൻ തന്നെ അവൾ തീരുമാനിച്ചു.

ബുധനാഴ്ച രാവിലെ നേരത്തെ തന്നെ കോളേജിൽ പോകുവാനായി ഉണ്ണിമായ റെഡിയായി വന്നു. അച്ഛനോട് യാത്ര പറയുംനേരം രാധാകൃഷ്ണൻ ചോദിക്കുകയും ചെയ്തു

“ഇന്ന് പോകണോ മോളെ… ഹർഷൻ നിനക്കു അറിയാലോ അവനെ…”

“ഞാൻ അവനോടു പറയാം ഇന്ന് പോകാതെ പറ്റില്ലെന്ന്.”

ഉണ്ണിമായ ബാഗുമെടുത്തു ദൃതിയിൽ ഇറങ്ങി.

കൃത്യം പത്തു മണിക്ക് തന്നെ ടെക്സ്റ്റ്സ്റ്റൈൽ ഷോപ്പിലേക്കു എത്താമെന്നു ഹർഷൻ യാമിയോട് പറഞ്ഞിരുന്നു. പത്തു മണിക്ക് മുൻപേ തന്നെ യാമിയും അമ്മയും എത്തിയിരുന്നു. ഹർഷനെയും വീട്ടുകാരെയും കാത്തിരിക്കാൻ തുടങ്ങി. പത്തു മണി കഴിഞ്ഞു പത്തു മിനിറ്റ് കൂടി നോക്കി. കാണാതായപ്പോൾ യാമി ഹർഷനെ വിളിക്കാൻ തുടങ്ങി. 3 പ്രാവശ്യം ഫുൾ റിങ് ചെയ്തിട്ടും ഹർഷൻ കോളെടുക്കുന്നുണ്ടായിരുന്നില്ല. പിന്നെയും ട്രൈ ചെയ്തു. അപ്പോഴേക്കും ഹർഷന്റെ കാർ ഗേറ്റ് കടന്നു വരുന്നത് കണ്ടു.

കാറിൽ നിന്നും പാറുവും മീനു ഏടത്തിയും ഇറങ്ങി. അമ്പാടിയെ കണ്ടില്ല. ചിലപ്പോ അമ്മയുടെ അടുത്തു ഏൽപ്പിച്ചു കാണും. യാമി ഊഹിച്ചു. ഹർഷനെ കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി. മുഖം വല്ലാതെ… വല്ലാത്ത ദേഷ്യത്തിൽ. ഹർഷൻ അടുത്തേക്ക് വന്നതും യാമി ചോദിച്ചു

“ഞാൻ വിളിച്ചിരുന്നു. ഹർഷൻ എന്താ കോൾ എടുക്കാതിരുന്നത്”

“ഡ്രൈവിങ്ങിൽ ആയിരുന്നു…” ആരോടെന്നില്ലാതെ പോലെ മറുപടി കൊടുത്തു.

“ഉണ്ണിമായ വന്നില്ലേ” ആചോദ്യത്തിനു രൂക്ഷമായ നോട്ടം മാത്രമായിരുന്നു മറുപടി.

“ഡ്രസ് എടുക്കാൻ ഉണ്ടെങ്കിൽ വേഗം ആകാം” ഹർഷൻ ദേഷ്യത്തോടെ പറഞ്ഞു…

“ഉണ്ണിയേച്ചി ഇന്ന് കോളേജിൽ പോയി… അതിന്റെ ദേഷ്യത്തിലാ… കാര്യമാക്കണ്ട” പാറുവിനു അപ്പോളത്തെ യാമിയുടെ നിൽപ്പു കണ്ടു പാവം തോന്നി പറഞ്ഞു.

**********&&&&&&&&&*******&&&&&&&

“അനന്തു…ഇത്രയുമാണ് എന്റെയും ഹർഷന്റെയും പാസ്റ്റ്. അവനു ഒരിക്കലും എന്നെ അകറ്റി നിർത്താൻ ആകില്ല. ഞാൻ കൂടെ വേണം. ഒരു കൂട്ടുകാരിയായി. അവന്റെ മനസാക്ഷിയായി. വീട്ടുകാർക്ക് ഇതൊക്കെ അറിയാവുന്നതുകൊണ്ടാണ് അവർ ആദ്യമേ ഞങ്ങളുടെ വിവാഹവും തീരുമാനിച്ചത്.

അനന്തു ഉണ്ണിയെ കെട്ടുകൊണ്ടിരിക്കുകയായിരുന്നു.

“ഇതൊന്നും യാമിക്കു അറിയില്ല. അവൾക്കോ വീട്ടുകാർക്കോ പറഞ്ഞാലും മനസിലകണമെന്നില്ല. ഇതുപോലെയാണെങ്കിൽ യാമിക്കു ഇഷ്ടപ്പെടുകയുമില്ല. എന്താ ഇതിനൊരു സൊലൂഷൻ”

ഉണ്ണി വ്യഗ്രതയോടെ ചോദിച്ചു.

“യാമിയെ എല്ലാകാര്യങ്ങളും അറിയിച്ചാൽ ഒരുപക്ഷേ അവനെ വിട്ടു അവൾ പോകുമോയെന്ന ഭയം കൂടിയുണ്ടെനിക്കു. യാമിയെ ഒരുപാട് ഇഷ്ടമാണ് ഹർഷനു. അതു ചിലപ്പോ ഹർഷനെ പഴയ ഹർഷനിലേക്കു എത്തിക്കും. അതെനിക്ക് സഹിക്കില്ല”

ഉണ്ണി കരച്ചിലോടെ പറഞ്ഞു നിർത്തി. അനന്തുവും ആലോചിക്കുവായിരുന്നു. എന്താ പരിഹാരം.

“നീ ഇന്ന് ചെയ്തപോലെ പതുക്കെ പതുക്കെ അവനിൽ നിന്നും ഒഴിഞ്ഞു നിന്നാൽ മതി. യാമിയോട് ഇപ്പോൾ പറയണ്ട. എങ്കിലും എനിക്ക് തോന്നുന്നത് യാമിയോട് പറഞ്ഞാൽ തെറ്റില്ല. അവൾക്കു ആത്മാര്ഥമായുള്ള സ്നേഹവും പ്രണയവും തന്നെയാണ് ഹർഷനോട്. അതൊരിക്കലും ഈ ഒരു കാരണത്തിന്റെ പേരിൽ അവൾ ഉപേക്ഷിക്കില്ല.

അതല്ലെങ്കിൽ താൻ ഒരു കല്യാണം കഴിക്കണം.”

ഉണ്ണിമായ അനന്തുവിനെ രൂക്ഷമായി നോക്കി.

“നോക്കി പേടിപ്പിക്കണ്ട ഉണ്ടക്കണ്ണി… അവന്റെ മനസ്സു വിഷമിക്കുമ്പോൾ നീയിനി ഉണ്ടാകില്ല എന്ന തിരിച്ചറിവ് അവനെ യാമിയിലേക്കു കൂടുതൽ അടുപ്പിക്കും എന്നാണ് എനിക്ക് തോന്നുന്നത്. അതിനു നീയിങ്ങനെ കല്യാണം കഴിക്കാതെ നിന്നിട്ട് കാര്യമില്ല”

“ഞങ്ങൾ തമ്മിലുള്ള ബന്ധം എന്താണെന്ന് യഥാർത്ഥത്തിൽ ആർക്കും മനസിലാക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെ പൂർണ്ണമായും മനസിലാക്കുന്ന ഒരാൾ വരട്ടെ അപ്പൊ നോക്കാം” ഉണ്ണി അതൊരു കള്ള ചിരിയോടെ…ചുണ്ടിൽ ഊറിയ ചിരി പരമാവധി മറച്ചു കൊണ്ടു പറഞ്ഞു.

“ആഹാ…ഓഹ്..അപ്പൊ അവിടേം വരെ എത്തി കാര്യങ്ങൾ. അപ്പൊ ഇനി അങ്ങനെ ഒരാളെ തപ്പി കണ്ടുപിടിക്കണം അല്ലെ…. നല്ല കമ്മീഷൻ തരുവോ… എങ്കിൽ ഞാൻ നോക്കാം.”

അനന്തുവും ഒട്ടും വിട്ടുകൊടുക്കാതെ അതേ രീതിയിൽ മറുപടി പറഞ്ഞു. ഉണ്ണിമായയുടെ കുസൃതി ചിരി എവിടേക്കോ പോയി.

പെട്ടന്ന് ഉണ്ണിമായയുടെ ഫോൺ അടിച്ചു. പാറു ആണല്ലോ…

“പറയു മോളെ…”

……………

“ആണോ…ഞാൻ…ഞാൻ വരാം”

“ഹർഷൻ പ്രശ്നം ഉണ്ടാകുവാണോ” ഉണ്ണിമായയുടെ ഉത്കണ്ഠ കണ്ടുകൊണ്ടു അനന്തു തിരക്കി.

“ഉം…ഇത്ര നേരമായിട്ടും ഒന്നും സെലക്ട് ചെയ്തില്ല പോലും. എല്ലാവരോടും ദേഷ്യം കാണിക്കുവാണെന്… യാമിയോടും.”

“വാ…ഞാൻ എന്തായാലും ആ വഴികാണു. ഒരുമിച്ചു പോകാം” അനന്തു വിളിച്ചപ്പോൾ ഒരു നിമിഷം ഉണ്ണിമായ ചിന്തിച്ചു നിന്നു.

“താൻ എന്താ ആലോചിക്കുന്നെ”

“അതു..പിന്നെ… നമ്മളെ ഒരുമിച്ചു കണ്ടാൽ..”

“ഒരുമിച്ചു കാണണം. അതിനും കൂടി വേണ്ടിയാ

മനസിലായോ”

“ഉം”…

********&&&&&&&*******&&&&&&&&***

യാമി ജുബ്ബയായിരുന്നു ഹർഷനു വേണ്ടി സെലക്ട് ചെയ്തത്. ഹർഷൻ പക്ഷെ ഒന്നിലും താൽപര്യമില്ലാത്ത മട്ടിൽ നിൽക്കുവായിരുന്നു. ഇടക്കൊക്കെ ഷോപ്പിലെ മെയിൻ എൻട്രാൻസിലേക്കു കണ്ണു പോകുന്നുണ്ടായിരുന്നു. മറ്റുള്ളവർക്കുള്ള ഡ്രസ് പാറുവും മീനു ഏടത്തിയും കൂടി സെലക്ട് ചെയ്തിരുന്നു. ഹർഷന്റെ ഈ മനോഭാവം യാമിയിൽ ഒരുപോലെ ദേഷ്യവും സങ്കടവും വരുത്തിയിരുന്നു.

അനന്തുവിന്റെ കൂടെ കാറിൽ വന്നിറങ്ങിയപ്പോൾ ഉണ്ണിമായക്കു ചെറിയ ഒരു ടെൻഷൻ ഉണ്ടായിരുന്നു. അനന്തുവും ഒപ്പം ഇറങ്ങി.

“താങ്ക്സ്… അനന്തു” ഉണ്ണി നന്ദി പറയാൻ മറന്നില്ല.

“എന്നെ കൂടെ വിളിക്കെടോ… ഞാൻ സെലക്ട് ചെയ്തു തരട്ടെ”

“ഉണ്ണി..” കടുപ്പിച്ചുള്ള വിളി അനന്തുവിലും ഉണ്ണിമായയിലും ഒരു ഞെട്ടൽ ഉണ്ടാക്കി.

“പേടിപ്പിച്ചു കളഞ്ഞല്ലോ ഹർഷാ… ഇത്ര അടുത്തു നിന്നിട്ടാണോ ഉറക്കെ വിളിച്ചത്”

അനന്തു രംഗം ശാന്തമാക്കാൻ ശ്രമിച്ചു. അപ്പോഴാണ് ഹർഷൻ ഓർത്തത് ഇതൊരു ഷോപ് ആണല്ലോയെന്നു.

“സോറി…” ഉണ്ണിയെ രൂക്ഷമായി നോക്കി കൊണ്ടു സാരി സെക്ഷനിൽ ഹർഷൻ നടന്നു.

ഉണ്ണി ചെറിയ ഒരു ഭയപ്പാടോടെ അനന്തുവിനെ നോക്കി. അവൻ കണ്ണുകൾ അടച്ചു അവളെ സമാധാനിപ്പിച്ചു.

അനന്തുവും ഒരുമിച്ചു തന്നെയാണ് സാരി സെക്ഷണിലേക്കു ഉണ്ണി ചെന്നതു. പാറുവിനും മീനു ഏടത്തിക്കും ഉണ്ണിയെ കണ്ടപ്പോൾ സന്തോഷമായി. അവർ അവിടെ നിന്നും ഓരോ സാരി സെലക്ട് ചെയ്യാൻ തുടങ്ങി. പതിയെ ഉണ്ണിയും അവരുടെ കൂടെ കൂടി. അനന്തുവും അവരുടെ ഒപ്പം ഓരോ കളർ സെലക്ട് ചെയ്യാനും പുതിയ മോഡൽ കാണിച്ചു കൊടുക്കുവാനും ഒപ്പം കൂടി. എല്ലാവർക്കും അതിശയം തോന്നിയത് അവിടെയുള്ള സ്റ്റാഫിനെ വളരെ അടുത്തു പരിചയം ഉള്ളപോലെയാണ് അനന്തുവിന്റെ പെരുമാറ്റം. പുതിയ പുതിയ മോഡൽ പേരുകൾ എടുത്തു പറഞ്ഞു സ്റ്റോക്കിൽ നിന്നും കൊണ്ടുവരിയിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ഇതിനിടയിൽ പാറുവും മീനു ഏടത്തിയും അനന്തുവുമായി നല്ല കൂട്ടായി. അവർക്ക് ഒത്തിരി ഇഷ്ടമായി അനന്തുവിനെ. അനന്തു അവരെ കയ്യിലെടുത്തു എന്നുവേണം പറയാൻ.

“അനന്തുവേട്ട… ഏട്ടന് ഈ കട മുന്നേ പരിചയമുണ്ടോ..”

പാറുവിനു തന്റെ സംശയം അടക്കാൻ ആയില്ല. പാറുവിനു മാത്രമല്ല കുറെ നേരമായി മറ്റുള്ളവർക്കും ഉള്ള സംശയം തന്നെയാണ്. എല്ലാവരുടെ കണ്ണുകളും അനന്തുവിന് നേരെ നീങ്ങി.

“ഞാൻ ഇവിടെയാണ് ജോലി ചെയ്യുന്നത്. എനിക്കറിയാം ഇവിടുത്തെ എല്ലാ കാര്യങ്ങളും.”

“ആഹാ…അതു പറയു… ഉം.. അപ്പൊ കാര്യമായി ഓഫർ കിട്ടുമോ” പാറു കുസൃതിയോടെ ചോദിച്ചു.

“അതിനെന്താ… തരാലോ”

“എങ്കിലേ… നമുക്ക് ഒരു ഡീൽ ഉണ്ടാക്കിയാലോ”

“മനസിലായില്ല”

“കോളേജിലെ എന്റെ ഫ്രണ്ട്‌സ് ആയിട്ടു ഇവിടുന്നു തന്നെ ഷോപ്പിംഗ് ചെയ്യിപ്പിക്കാം… എനിക്ക് കാര്യമായി ഡിസ്‌കൗണ്ട് തന്നാൽ മതി”

“കൊള്ളാലോ ഡീൽ… നമുക്ക് നോക്കാമെന്നെ”

എല്ലാവരും ചിരിയോടെ വീണ്ടും ഡ്രെസ് സെലക്ട് ചെയ്യുന്നതിലേക്ക് നീങ്ങി. പതിയെ പതിയെ ഹർഷൻ അവരുടെ കൂടെ മിണ്ടിയും പറഞ്ഞും കൂടി.

യാമി ഹർഷനുമായി മാറിയ സമയത്തു പാറു ഉണ്ണിയോട് പറഞ്ഞു തുടങ്ങി.

“എന്റെ പൊന്നു ചേച്ചി. ചെറിയേട്ടന്റെ സ്വഭാവം അറിഞ്ഞിട്ടാണോ ഇങ്ങനെ ചെയ്തത്. എന്തൊക്കെ പുകിലായിരുന്നെന്നോ ഇവിടെ. എല്ലാത്തിനോടും ദേഷ്യം. പാവം യാമി ഏടത്തി പേടിച്ചുപോയി.”

ഉണ്ണി പാറു പറയുന്നത് കേൾക്കുന്നതിനോടൊപ്പം അനന്തുവിനെ നോക്കുകയും ചെയ്തു.

“എത്രയൊക്കെ നോക്കിയിട്ടും ഏട്ടന് ഒന്നും ഇഷ്ടമാകുന്നില്ല. ദേഷ്യം മാത്രം… അതുകൊണ്ടാ ഞാൻ ചേച്ചിയെ വിളിച്ചേ. ചേട്ടനെ മെരുക്കാൻ യാമി ഏടത്തിക്കു പോലും പറ്റുനില്ല.”

യാമിയും ഹർഷനും അവിടേക്ക് വന്നപ്പോൾ അവർ സംസാരം പെട്ടന്ന് നിർത്തി. ഉണ്ണിയേയും വിളിച്ചുകൊണ്ടു ഹർഷനുവേണ്ടി ജുബ്ബ സെലക്ട് ചെയ്യാൻ കൊണ്ടുപോയി. ഓരോന്ന് എടുത്തു വച്ചു ഉണ്ണിയോടായിരുന്നു ഹർഷന്റെ നോട്ടം ‘എങ്ങനെയുണ്ട് ” എന്നു.

ആ നിമിഷം ഉണ്ണിയുടെ കണ്ണുകൾ യാമിയിലേക്കു പതിയെ നീളും. അവളുടെ കണ്ണിലെ തിളക്കം നോക്കിയാണ് ഉണ്ണി ഹർഷനുവേണ്ടി ജുബ്ബ സെലക്ട് ചെയ്തത്.

ഹർഷൻ തന്നെ ആയിരുന്നു ഉണ്ണിക്ക് വേണ്ടി സാരി എടുത്തത്. ഹർഷൻ ഓരോന്ന് വച്ചു നോക്കുമ്പോഴും എന്തുകൊണ്ടോ ഉണ്ണിയുടെ കണ്ണുകൾ അനന്തുവിലേക്കു നീണ്ടുപോകും. അനന്തുവിന്റെ നോട്ടത്തിൽ നിന്നുമാണ് ഉണ്ണി സാരി എടുത്തത്.

ഹർഷനും അനന്തുവും കൂടി പുറത്തിറങ്ങിയ സമയം പാറു ഉണ്ണിയെ പിടിച്ചു മാറ്റി നിർത്തി പറഞ്ഞു “അതേ കണ്ണുകൊണ്ടുള്ള കഥകളി ആരും കാണുന്നില്ല എന്നു കരുതണ്ട” കളിയാക്കി പാറു പരഞ്ഞെങ്കിലും ഉണ്ണിക്ക് ഒരു ജാള്യത തോന്നി.

“ഞങ്ങൾക്ക് അനന്തുവിനെ ഒത്തിരി ഇഷ്ടമായി. നല്ല പയ്യനാ” മീനു ഏടത്തി ഉണ്ണിയുടെ തോളിൽ കൈ വച്ചു പറഞ്ഞു. ഉണ്ണി മറുപടി ഒരു ചിരിയിൽ ഒതുക്കി.

ഷോപ്പിങ് കഴിഞ്ഞു ബില്ലിംഗ് ഭാഗത്തേക്ക് എല്ലാവരും വന്നു. യാമിയുടെ ‘അമ്മ ഇടക്ക് എവിടേക്കോ പോയിരുന്നു. യാമിയും മറ്റുള്ളവരും അവർ വരുവാൻ കാത്തു നിന്നു. ഇതിനിടക്ക് ബില്ല് കൊണ്ടുവന്നു. ബില്ല് കണ്ട ഹർഷൻ ഞെട്ടി പോയി. അത്യാവശ്യം നല്ലൊരു അമൗണ്ട് ഷോപ്പ് ചെയ്തു പക്ഷെ ബില്ല് തുക പേരിനു മാത്രം. അവൻ കാര്യം തിരക്കാൻ വേണ്ടി ബില്ലിംഗ് ഡിപാർട്മെന്റിലേക്കു നടന്നു.

“സാർ … ഞങ്ങളുടെ ഓണർ ഫ്രണ്ട്‌സ് അല്ലെ നിങ്ങൾ. അദ്ദേഹം പ്രത്യേകം പറഞ്ഞിട്ടുണ്ട്”

“ഓണർ…ഫ്രണ്ട്‌സ്” ഹർഷൻ ആകെ സംശയിച്ചു നിന്നു.

“നിങ്ങൾ അനന്തു സാറിന്റെ ഫ്രണ്ട്‌സ് അല്ലെ. ഇതു അദ്ദേഹത്തിന്റെ ഷോപ് ആണ്”

ഹർഷൻ അപ്പോൾ ശരിക്കും ഞെട്ടി. അനന്തുവിനോട് ചോദിച്ചപ്പോൾ മറുപടി നല്ലൊരു ചിരിയിൽ ഒതുക്കി.

കുറച്ചു നേരം കൂടി കഴിഞ്ഞു യാമിയുടെ അമ്മയും കൂടെ ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. ആ ചെറുപ്പക്കാരനോട് യാമിയും അമ്മയും കണ്ണു കൊണ്ടു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഉണ്ണിയും പാറുവും അതു കാര്യമാക്കിയില്ല.

സന്ധ്യയോട് അടുത്തു തിരികെ എത്തുമ്പോൾ. അവർ ചെല്ലുമ്പോൾ ഗോപനും എത്തിയിരുന്നു. അവർ വാങ്ങിയ ഡ്രെസ് എല്ലാവരെയും കാണിച്ചു. ഗോപന്റെ മുഖം കുറച്ചു ഗൗരത്തിലായിരുന്നു.

“ഈ വല്യേട്ടനു എന്താ പറ്റിയത്. മുഖം അത്ര തെളിച്ചമില്ലലോ…വല്ല കള്ളന്മാരും ജയിൽ ചാടിയോ”

“അച്ഛാ… വൈകീട്ട് യാമിയുടെ അച്ഛൻ വിളിച്ചിരുന്നു. ഒരു കല്യാണ ആലോചന. ചെറുക്കനു ഇന്ന് ഷോപ്പിൽ വച്ചു പെണ്കുട്ടിയെ കണ്ടു ഇഷ്ടമായി… ഹർഷന്റെ നിശ്ചയത്തിനു ഒപ്പം നടത്താൻ പറ്റുമോയെന്നു ചോദിക്കുന്നു”

“നീയാരുടെ കാര്യമാ പറയുന്നേ” ജാനാകിയമ്മ എടുത്തു ചോദിച്ചു.

“പാറുവിന്റെ…”

“എനിക്കോ…ഹ..ഹ” പാറുവിനു പക്ഷെ ചിരിയായിരുന്നു.

“ചെക്കൻ അമേരിക്കയിൽ ആണ്. അവിടെ സെറ്റിൽഡ്…ഡോക്ടർ ആണ്. ഞാൻ കുറച്ചു അന്വേഷിച്ചു… നല്ല ബന്ധം ആണെന്ന് തോന്നി അച്ഛാ…ഇനി നിങ്ങളുടെ…” ഗോപൻ പൂർത്തിയാക്കും മുന്നേ പാറു ദേഷ്യപ്പെടാൻ തുടങ്ങി.

“എന്റെ പഠിപ്പു കഴിഞ്ഞു മതി എനിക്ക് കല്യാണം.എനിക്ക് അമേരിക്കയിൽ ഒന്നും പോകണ്ട.”

“പയ്യനെ കണ്ടോ നീ… എങ്ങനെയുണ്ട്”

“തരക്കേടില്ല. പാറുവിനു നല്ല ചേർച്ചയുണ്ട്”

“നിങ്ങൾ ഇത് എന്തൊക്കെയാ പറയുന്നേ… അച്ഛാ … എനിക്ക് കല്യാണം വേണ്ട… എനിക് ഇപ്പൊ കല്യാണം വേണ്ട അച്ഛാ” പാറു കരഞ്ഞു തുടങ്ങിയിരുന്നു. അവൾ രവീന്ദ്രന്റെ കൈ പിടിച്ചു പറഞ്ഞു.

“എനിക്കറിയാം നിന്റെ മനസിൽ എന്താണെന്ന്. അതു നടക്കില്ല പാറു. എന്തു യോഗ്യതയാണ് അവനു” ഗോപൻ മനസിൽ സൊരുകൂട്ടി വച്ചതു മുഴുവൻ പുറത്തേക്കു വാക്കുകളായി വരാൻ തുടങ്ങി.

“ബാലുവിന് സംസാരിക്കാൻ കഴിയാത്തതു ഒരു യോഗ്യത കുറവാണോ ഏട്ടാ… അവൻ ഒരു അനാഥൻ ആയി പോയത് അവന്റെ തെറ്റാണോ”

“പാറു…നീ എന്തൊക്കെ പറഞ്ഞാലും ഞാൻ സമ്മതിക്കില്ല. അതു മാത്രമാണോ സ്വന്തമായി ഒരു വീട് ഉണ്ടോ അവനു. ബന്ധുക്കൾ ഉണ്ടോ…അത്യാവശ്യം മുതൽ അതുമില്ല. ഒന്നുമില്ലാത്ത ഒരുത്തൻ… ”

“ഏട്ടാ… എന്റെ ഏട്ടൻ ഇങ്ങനെയൊക്കെ ചിന്തിക്കുന്ന ഒരാൾ ആണോ… ചെറിയേട്ടന്റെ കൂടി മൗന സമ്മതം ഉണ്ടായിരുന്നില്ലേ…എന്നിട്ട് ഇപ്പൊ മിണ്ടാതെ നിൽക്കുവാണോ” പാറു കരച്ചിലും ദേഷ്യവും കൊണ്ടു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു. അവളുടെ ചോദ്യത്തിന് മുൻപിൽ ഹർഷന്റെ തല കുമ്പിട്ടു പോയി . ഉണ്ണിയും മറ്റുള്ളവരും പാറുവിന്റെ ഭാവത്തെ അതിശയത്തോടെ നോക്കുകയായിരുന്നു. അവൾ പൊട്ടിത്തെറിച്ചു ഇതിക്കു മുൻപ്‌കണ്ടിട്ടില്ല.

“പാറു…ഈ കല്യാണം വേണ്ടെങ്കിൽ വേണ്ട. എന്നു കരുതി ഒരു ദരിദ്രവാസിയായ ഒരുത്തനെ കൊണ്ടു നിന്നെ കെട്ടിക്കുമെന്നു നീ കരുതണ്ട”

“ഏട്ടാ…മതി…ഇനി ഒരിക്കൽ കൂടി ബാലുവിനെ അങ്ങനെ വിളിക്കരുത്. അപ്പൊ ഏട്ടൻ കെട്ടിയതോ… ഏടത്തിയുടെ വീട്ടിലെ അവസ്ഥകൾ അറിഞ്ഞു അല്ലെ.. ഏടത്തിയുടെ വീട്ടിൽ …” പാറു പറഞ്ഞു തീരും മുന്നേ അവളുടെ കവിളിൽ ഹർഷന്റെ കൈ പതിഞ്ഞിരുന്നു.

“നിനക്കു കല്യാണത്തിൽ താല്പര്യം ഇല്ലെങ്കിൽ അതു മാത്രം പറയുക. ഏടത്തിയെയോ അവരുടെ വീട്ടുകാരെയോ പറയാൻ നിനക്കു ഒരു അധികാരവുമില്ല” ഹർഷൻ കൈ കുടഞ്ഞു കൊണ്ടു ദേഷ്യത്തിൽ പറഞ്ഞു.

പാറു കരഞ്ഞു കൊണ്ട് റൂമിലേക്ക് ഓടി. രവീന്ദ്രൻ മാഷും ജാനാകിയും ഒന്നും പറയാതെ അവിടെ തന്നെ ഇരുന്നു. അവർക്ക് ബാലുവിനെ ഇഷ്ടമാണ്…പക്ഷെ ഗോപൻ

ഹർഷൻ ദേഷ്യം കൊണ്ടു ഉമ്മറത്തേക്കു നടക്കുമ്പോൾ അവിടെ ബാലു കൈകളിൽ ഒരുപൊതിയുമായിനിൽക്കുന്നത് കണ്ടു.

അവിടെ നടന്ന സംഭാഷണങ്ങൾ അവൻ കേട്ടിരുന്നു എന്നതിന് തെളിവായി ബാലുവിന്റെ കടക്കണ്ണിൽ കണ്ണീർ ഒളിപ്പിച്ചിരുന്നത് ഹർഷൻ കണ്ടു.

“എനിക്കുള്ള ഷർട്ട് എവിടെ… ഇവിടേക്കു വരാൻ ഉണ്ണി മെസ്സേജ് അയച്ചിരുന്നു.” ഒന്നും സംഭവിക്കാത്ത പോലെ ഹർഷനോട് ബാലു ചോദിച്ചു.

ബാലുവിനുള്ള ഷർട്ടും എടുത്തു വീട്ടിലേക്കു പോകാൻ ഇറങ്ങിയ ഉണ്ണി ബാലുവിനെ കണ്ടു. അവർ ഒന്നിച്ചു ഇറങ്ങി. ബാലു എന്തോ ഓർത്തപോലെ തിരികെ നടന്നു. ഹർഷന്റെ അരികിൽ ഗോപനും എത്തിയിരുന്നു. ബാലുവിന്റെ കയ്യിലെ പൊതി ഗോപന്റെ കയ്യിൽ കൊടുത്തു ബാലു പറഞ്ഞു

“ഇതു അമ്പാടിക്കു ഉള്ളത് ആണ്. പിന്നെ…നല്ല ആലോചനയാണെങ്കിൽ പാറുവിനെ ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം…ഞാൻ പറഞ്ഞാൽ അവൾ കേൾക്കും” മിഴിനീർ തുളുമ്പുമെന്നു തോന്നിയപ്പോൾ അവൻ ഗോപന്റെ മറുപടിക്ക് കാക്കാതെ തിരികെ നടന്നു.

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

നിഴലായ് മാത്രം : PART 1

നിഴലായ് മാത്രം : PART 2

നിഴലായ് മാത്രം : PART 3

നിഴലായ് മാത്രം : PART 4

നിഴലായ് മാത്രം : PART 5

നിഴലായ് മാത്രം : PART 6

നിഴലായ് മാത്രം : PART 7

നിഴലായ് മാത്രം : PART 8

നിഴലായ് മാത്രം : PART 9

നിഴലായ് മാത്രം : PART 10

നിഴലായ് മാത്രം : PART 11