Wednesday, January 8, 2025
Novel

നിവാംശി : ഭാഗം 10

എഴുത്തുകാരി: ശിവന്യ


“ഞാൻ സ്നേഹിക്കുന്ന പെണ്ണ് നിവാംശി അല്ല…. അത് വേറൊരാളാ…. പക്ഷേ വംശിയെ സ്നേഹിക്കുന്ന ഒരാളെ എനിക്കറിയാം”…

ആനന്ദിന്റെ വാക്കുകൾ കേട്ട് ജിത്തു അമ്പരന്നു….

“വംശിയെ സ്നേഹിക്കുന്ന ഒരാളോ?… അതാരാ..??”

“ഒരു കള്ളകാമുകൻ”

ആനന്ദിന്റെ മുഖത്ത് കുസൃതി നിറഞ്ഞു…

“അനൂ… കളിക്കാതെ കാര്യം പറയുന്നുണ്ടോ
നീ”

ജിത്തുവിന് ദേഷ്യം വന്നു തുടങ്ങി…

” ആഹ്… ചില പൂച്ചകളുടെ വിചാരം കണ്ണടച്ചു പാല് കുടിക്കുന്നത് ആരും അറിയില്ലെന്നാ… അല്ലെങ്കിലും മിണ്ടാപ്പൂച്ച കലം ഉടക്കും എന്നാണല്ലോ…”

” നീ എന്താ പഴഞ്ചൊല്ല് പറഞ്ഞു കളിക്കുവാ..??”

” പഴഞ്ചൊല്ലല്ല.. ഒരു നഗ്ന സത്യം
പറഞ്ഞതാ.. ”

“എന്ത് സത്യം?”

“എടാ കള്ളകാമുകാ… നി എന്താ വിചാരിച്ചെ നീ വംശിയെ സ്നേഹിക്കുന്ന കാര്യം എനിക്ക് മനസ്സിലാകില്ലെന്നോ ”

ജിത്തുവിന്റെ മുതുകിൽ ഒരടി കൊടുത്തുകൊണ്ട് ആനന്ദ് ചോദിച്ചു….

ആനന്ദിന്റെ ചോദ്യം കേട്ട് ജിത്തു വിളറി വെളുത്തു പോയി …

” ഞ…. ഞാൻ… വംശിയെ സ്നേഹിക്കുന്നെന്നോ… ദേ നോക്ക് അനൂ നിന്റെ കളി കൂടുന്നുണ്ടേ…”

ജിത്തുവിന്റെ ശബ്ദത്തിൽ പതർച്ച വ്യക്തമായിരുന്നു…

“മോനേ ജിത്തൂ സത്യം പറഞ്ഞോ…. എന്നോട് ഒന്നും നീ മറച്ച് വെക്കണ്ട… ഏകദേശം എല്ലാ കാര്യങ്ങളും എനിക്കറിയാം”

ആനന്ദ് കട്ടിലിൽ അവനരികിലായി ചെന്നിരുന്നു…

” പറയെടാ… ഞാനുണ്ടാകും എന്തിനും നിന്റെ കൂടെ…. നിനക്കവളെ ഇഷ്ടല്ലേ….”

“അതെ… ജിത്തുവിന്റെ സ്വരം താണിരുന്നു…

എനിക്കവളെ ഇഷ്ടാ… ഒരുപാടിഷ്ടാ…. ആദ്യമായി കണ്ട അന്ന് തന്നെ അവളെന്റെ മനസ്സിൽ കേറിയതാ…”

ആദ്യമുണ്ടായിരുന്ന സങ്കോചം മാറി ജിത്തു വാചാലനായി…

നിനക്കറിയോ എന്റെ കാറിന് മുൻപിൽ വീണൊരു കുട്ടിയേയും അവളുടെ ആന്റിയേയും കുറിച്ച് ഞാൻ പറഞ്ഞിട്ടില്ലേ.. അത് തനു മോളും നിവാംശിയും ആയിരുന്നു”

ആനന്ദിന് അത് പുതിയ അറിവാണ്…

“ടാ.. സത്യാണോ… അന്ന് നിന്നോട് പേര് മാറ്റിപ്പറഞ്ഞ് പറ്റിച്ച ആ പെണ്ണ് നിവാംശിയാണോ…”

ആനന്ദ് അദ്ഭുതത്തോടെ ചോദിച്ചു..

“അതെ… അന്ന് എന്നോട് നുണ പറഞ്ഞ് പോയ അവളെ പിന്നീട് ഞാൻ കാണുന്നത് ശ്രീ പത്മത്തിന്റെ ഓഫീസിൽ വെച്ചാണ്….”

ജിത്തു നടന്ന സംഭവങ്ങൾ മുഴുവനും ആനന്ദിനെ പറഞ്ഞ് കേൾപ്പിച്ചു…

മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ ആനന്ദിന് വല്ലാത്ത വിഷമമായി..

” എന്നാലും അവളുടെ മമ്മീടെ കാര്യവും ചേച്ചീടെ കാര്യവുമൊന്നും എനിക്കറിയില്ലാരുന്നെടാ…. പാവം… ഒരു പാടനനുഭവിച്ച് കഴിഞ്ഞിരിക്കുന്നു..”

അവനിൽ ഒരു ദീർഘനിശ്വാസം ഉണ്ടായി….

” പറ ഇനി എന്താ നിന്റെ പ്ലാൻ ”

ആനന്ദ് പ്രതീക്ഷയോടെ ജിത്തുവിനെ നോക്കി..

“എനിക്കവളെ ഇഷ്ടമാണെന്ന് പറഞ്ഞില്ലേ… വിവാഹം ചെയ്യാനും ഞാൻ തയ്യാറാ…. അല്ല…. എനിക്കൊരു വിവാഹം ഉണ്ടെങ്കിൽ അതവളുടെ കൂടെ മാത്രം ആയിരിക്കും…. ”

”നിന്റെ ഇഷ്ടത്തെ കുറിച്ച് വംശിക്കു അറിയുമോ… ”

ഞാൻ പറഞ്ഞിട്ടില്ല… പക്ഷെ അവൾക്കു എന്നെ ഇഷ്ടമാണെന്ന എന്റെ വിശ്വാസം “…

”ഉറപ്പാണല്ലോ.”

“അതെ… ”

“എങ്കിൽ ബാക്കി കാര്യം ഞാനേറ്റു… ”

” എങ്ങനെ”

ജിത്തു സംശയത്തോടെ ആനന്ദിനെ നോക്കി…

“അതൊന്നും നീയറിയണ്ട….അപ്പൊ ഗുഡ് നൈറ്റ്‌ ”

ആനന്ദ് പോകാനായി എഴുന്നേറ്റു..

“നീ പോവാന്നോ ”

“അതെ… എന്തെ ഇനി എന്തെങ്കിലും ഉണ്ടോ..”

“ഉണ്ടല്ലോ… നീ ഇഷ്ടാപ്പെടുന്നത് ആരെയാണ് എന്ന് പറഞ്ഞില്ല.. ”

ജിത്തു വിന്റെ ചോദ്യം കേട്ടപ്പോൾ ആനന്ദ് വീണ്ടും പൊട്ടി ചിരിച്ചു…

“ഞാൻ ഇപ്പോൾ നിനക്ക് ചെയ്യുന്ന സഹായത്തിനു നീ എനിക്ക് എന്ത് തരും “??

“നീ ചോദിക്കുന്ന എന്തും “..

“ഓക്കേ… അത് മതി… നിന്റെ കാര്യങ്ങളെല്ലാം റെഡി ആയി കഴിഞ്ഞ ഞാൻ എന്റെ ആവശ്യം പറയാം…

ഞാൻ ഇഷ്ടപെടുന്ന പെണ്ണിനെ കുറിച്ചും പറയാം… ഇപ്പോൾ നീ ഉറങ്ങിക്കോ… എനിക്കൊരുപാട്
കാര്യങ്ങൾ പ്ലാൻ ചെയ്യാനുണ്ട്… ”

ഒരു മൂളിപ്പാട്ടും പാടി കൊണ്ട് അവൻ നടന്നു പോകുന്നത് കണ്ടപ്പോൾ ജിത്തൂന്റെ ചുണ്ടിലും അറിയാതൊരു ചിരി വിരിഞ്ഞു…

*****************************

വീട്ടിലേക്ക് നടക്കുന്ന വഴിയെ അവൻ ഫോണെടുത്തു മേഘയെ വിളിച്ചു…

എല്ലാ കാര്യങ്ങളും അറിഞ്ഞപ്പോൾ അവൾക്കും ആവേശമായി..

” പക്ഷേ അനു എട്ടാമായയുമായുള്ള വിവാഹം എങ്ങനാ മുടക്കുന്നേ.. ”

അവൾക്കതായിരുന്നു സംശയം…

“ഒരു വഴി എന്റെ മുൻപിൽ ഉണ്ട് മോളേ…. പക്ഷേ അതിത്തിരി വളഞ്ഞ വഴിയാണ്… എന്തേലും പ്രോബ്ലം ഉണ്ടായാൽ കട്ടക്ക് നിന്നോളം ട്ടോ….”

“ഞാനുണ്ടാകും അനുഏട്ടാ… നിങ്ങള് ധൈര്യായി പ്രൊസീഡ് ചെയ്തോ.. ”

അവളൂടെ കൂടെ നിക്കാം എന്ന് പറഞ്ഞപ്പോൾ ആനന്ദിന് ആത്മവിശ്വാസം കൂടി….

” എന്നാലും എന്താ അനു എട്ടാ ആ വഴി ”

“ജാതകം”

“ജാതകമോ ”

” ആഹ് പെണ്ണേ…. ജിത്തൂന്ന് മായയെ താൽപര്യമില്ലാത്തോണ്ട് ജാതകം നോക്കിയിട്ട് തീരുമാനിക്കാം എന്ന ആന്റി പറഞ്ഞത്….

അപ്പോ ജാതകം ചേരില്ല എന്നൊരു കാച്ച്കാച്ചും ”

“ആര്കാച്ചും ”?

“ഞാൻ കാച്ചും… ”

“നിങ്ങളു കാച്ചിയാലുടൻ എല്ലാവരും വിശ്വസിക്കാൻ നിങ്ങളെന്താ ജ്യോത്സ്യനാണോ മനുഷ്യാ ”

മേഘ്ന ഒരു ചിരിയോടെ ആനന്ദിനെ കളിയാക്കി….

“ടീ പെണ്ണേ… നീ തോക്കിൽ കേറി വെടി വെക്കല്ലേ….”

” ഇല്ല… വെടിവെക്കൽ പരിപാടി നിർത്തി… നിങ്ങള് കാര്യം പറ…. ”

” നീ ആരോടും പറയരുതെന്ന മുഖവുരയോടെ ആനന്ദ് തുടങ്ങി….

“ജാതകം ചേരുമോ എന്ന് നോക്കാനായി മിഥുൻൻറ്റേയും മായയുടേയും ജാതകം വാങ്ങിക്കാൻ ഞാനാണ് പോകുന്നെ….

ജാതകം വാങ്ങി വരുന്ന വഴി നിന്റെ ജാതകത്തിന് ചേരാത്ത ഒരു ജാതകം ഉണ്ടാക്കി അതാണ് മിഥുൻറ്റേതെന്ന് പറഞ്ഞ് ആന്റിക്ക് നൽകും….

കെട്ട് കഴിഞ്ഞാ നീ അല്ലെങ്കിൽ മിഥുൻ തട്ടിപ്പോകും എന്ന് പറഞ്ഞാ പിന്നെ ഈ കല്യാണം നടക്കില്ലല്ലോ…. ”

” അങ്ങനെ ചേരാത്ത ഒന്നുണ്ടാക്കണമെങ്കിൽ എന്റെ ജാതകം വേണ്ടേ” ?

”അതൊന്നും വേണ്ട.. നീ ജനിച്ച സമയവും ദിവസവും പറഞ്ഞ് കൊടുത്താ കിട്ടും… ”

“അങ്ങനെ കിട്ടുമോ ”

അവൾക്ക് വീണ്ടും സംശയം….

“ഇവിടെ ഒറിജിലിനെ വെല്ലുന്ന കള്ള പാസ്പോർട്ട് കിട്ടുന്നു.. അപ്പോഴാ ഒരു ജാതകം”

” അങ്ങനാണേൽ അനഏട്ടാമായേടേം ജിത്തു ഏട്ടന്റേയും ജാതകം ചേരാതാക്കിയാൽ പോരേ”

“പോര….. കാരണം മിഥുൻ മരിച്ചു പോകും എന്നായാൽ അവരീ കല്യാണത്തീന്ന് പിൻമാറും….

മഹേശ്വരനങ്കിളും മോനും വലിയ വിശ്വാസികളാ… മാത്രമല്ല ജിത്തുന്റെയും മായയുടേയും ജാതകത്തിൽ എന്തേലും കള്ളത്തരം കാണിച്ചാൽ, ജിത്തു ഈ കല്യാണത്തിന് താൽപര്യം കാണിക്കാത്ത സ്ഥിതിക്ക് മോഹനങ്കിളിനും എന്റെ അച്ചനും എന്തേലും സംശയം തോന്നാൻ മതി…. രണ്ടും ബുദ്ധിരാക്ഷസൻമാരാ…. പറ്റിക്കുമ്പോൾ പഴുതുകളടച്ച് വേണം ചെയ്യാൻ…”

” ഉം… എന്ത് ചെയ്താലും വേണ്ടില്ല… ഈ കല്യാണമൊന്ന് മുടക്കിയാ മതി…. പാവം എന്റെ ഏട്ടൻ..”

” നിന്റെ ഏട്ടൻ മാത്രമല്ലടീ ഞാനും പാവമാ….”

” ആഹ്… പാവം തന്നാ…. പക്ഷേ കയ്യിലിരിപ്പ് മുഴുവൻ തല്ലു കൊള്ളിത്തരവും”

” നീ ഇതിന് അനുഭവിക്കുമെടീ… ”

” ആയിക്കോട്ടെ… ഇപ്പോ വെക്കുവാണേ…. ഗുഡ് നൈറ്റ്… ”

അവൾ കാൾ കട്ട് ചെയ്തതിന് ശേഷം ആനന്ദ് നിവാംശിയുടെ നമ്പറിലേക്ക് വിളിച്ച് നോക്കി… അതപ്പോഴും സ്വിച്ച്ഡ് ഓഫ് ആയിരുന്നു….

*******************

പിറ്റേന്ന് രാവിലെ ജിത്തു പ്രഭാത സവാരിക്ക് പോയിരിക്കുകയായിരുന്നു….

മോഹനുള്ള ചായയുമായി ജീനാശാന്തി പൂമുഖത്തേക്ക് വന്നു….

“എന്താടോ തന്റെ മുഖം വല്ലാതിരിക്കുന്നെ… തനിക്ക് സുഖമില്ലേ”

അവരുടെ മ്ലാനമായ മുഖത്തേക്ക് നോക്കി….

“ഒന്നൂല്ല മോഹൻ…. ഞാൻ ജിത്തൂന്റെ കാര്യം ആലോചിക്കുവായിരുന്നു… ”

” ഇങ്ങനെ ടെൻഷൻ ആകാൻ മാത്രം അവനെന്താ പ്രശ്നം”

” മായയുമായുള്ള വിവാഹം വേണ്ടെന്ന നിലപാടിൽ തന്നെയാ
അവൻ ”

കഴിഞ്ഞ ദിവസം മായയെ കണ്ടു വന്നതിന് ശേഷമുള്ള ജിത്തുവിന്റെ പ്രതികരണവും രാത്രി ആനന്ദ് പറഞ്ഞതുമൊക്കെ ജീന മോഹനോട് പറഞ്ഞു….

“താനിപ്പോ എന്താ പറഞ്ഞു വരുന്നെ”

എല്ലാം കേട്ടതിന് ശേഷം മോഹൻ ചോദിച്ചു.

” നോക്ക് മോഹൻ കുറെ വർഷങ്ങൾക്ക് മുൻപ് ഇഷ്ടമില്ലാത്തൊരു വിവാഹം നടത്താൻ നമ്മൾ ശ്രമിച്ചതിന്റെ ഫലം എന്താ….. നമ്മളിന്നും അനുഭവിക്കുന്ന തീരാ ദു:ഖം അല്ലേ….”

ജീനാ ശാന്തി ഒരു നിമിഷം നിർത്തി..

അന്ന് നിങ്ങളുടെ അനിയൻ, എന്റെ കളിക്കൂട്ടുകാരനായ ഗോപനും പറഞ്ഞത് ഇങ്ങനെത്തന്നാ… ഇന്ന് ജിത്തു പറയുന്നത് പോലെ ഒരിക്കലും പൊരുത്തപ്പെടാൻ പറ്റില്ലെന്ന്….

അവൻ സ്നേഹിച്ച പെണ്ണിനെ വിവാഹം ചെയ്യാൻ ആരും സമ്മതിച്ചില്ല…
അച്ചനും നിങ്ങൾക്കുമായിരുന്നു ഏറെ വാശി.. ”

” അത് പിന്നെ അവനൊരു ബോംബെക്കാരിയെ സ്നേഹിച്ച കാര്യം നമ്മളറിഞ്ഞോ ”

മോഹൻ ഇടയിൽ കയറി പറഞ്ഞു..

അറിഞ്ഞിട്ടും നിങ്ങൾ സമ്മതിച്ചിരുന്നില്ലല്ലോ…

അവനിഷ്ടപ്പെടാത്ത വിവാഹം നടത്തുമെന്ന് നിങ്ങൾ വാശി പിടിച്ചിട്ടെന്തായി…. ഒരു മുഴം കയറിൽ അവൻ ജീവിതം അവസാനിപ്പിച്ചു…..

അന്നും നിങ്ങൾക്കിടയിൽ നിന്ന് ഉരുകുകയായിരുന്നു അമ്മ….

മരിക്കുന്നത് വരെ അച്ചന്റെയും അമ്മയുടേയും കണ്ണീര് തോർന്നിട്ടില്ല….

ഇന്ന് അച്ചന്റേയും അമ്മയുടേയും സ്ഥാനത്ത് നിങ്ങളും ഞാനും അല്ലേ മോഹൻ… ”

മോഹന്റെ തല താണിരുന്നു…

“എന്റെ മോനെ വിഷമിപ്പിക്കാൻ എനിക്ക് വയ്യ മോഹൻ.. അവനെ നഷ്ടപ്പെടുത്താനും വയ്യ… ”

ജീനാ ശാന്തിയുടെ കണ്ണ് നിറഞ്ഞിരുന്നു..

” അതിന് എന്ത് വേണമെന്നാ താൻ പറയുന്നെ”

” നമുക്കി പ്രപോസൽ വേണ്ടെന്ന് വെച്ചൂടെ ”

അവർ പ്രതീക്ഷയോടെ മോഹനെ നോക്കി..

” പക്ഷേ മഹേശ്വരനോട് നമ്മൾ എന്തു പറയുമെടോ… അയാൾക്കും മക്കൾക്കും നമ്മളല്ലേ പ്രതിക്ഷ കൊടുത്തത്.. എന്തായാലും ജാതകം നോക്കാം… അതിന് ശേഷം തീരുമാനിക്കാം എന്ത് വേണമെന്ന്…”

ജീനാ ശാന്തി തല കുലുക്കി…

” മഹേശ്വരനെ വിളിച്ച് ജാതകം ഓഫീസിലേക്ക് കൊടുത്തു വിടാൻ പറയാം…”

” വേണ്ട.. അനൂനെ അയക്കാം…. അവൻ ചെന്ന് വാങ്ങിക്കോളും ”

” ഉം ”

മോഹൻ ഗൗരവത്തിൽ മൂളി..

തുടരും

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

നിവാംശി : ഭാഗം 1

നിവാംശി : ഭാഗം 2

നിവാംശി : ഭാഗം 3

നിവാംശി : ഭാഗം 4

നിവാംശി : ഭാഗം 5

നിവാംശി : ഭാഗം 6

നിവാംശി : ഭാഗം 7

നിവാംശി : ഭാഗം 8

നിവാംശി : ഭാഗം 9