Friday, November 22, 2024
Novel

നിലാവിനായ് : ഭാഗം 26

എഴുത്തുകാരി: സേഷ്മ ധനേഷ്‌

ഗായത്രി ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ ശീതളിനെ ഉറ്റു നോക്കി. ശേഷം തന്റെ തോളിൽ വിശ്രമിച്ചിരുന്ന അവളുടെ കൈകളെ എടുത്തു മാറ്റി. “നീയെന്താ ഉദ്ദേശിക്കുന്നത്”…. തന്റെ ചുമലിൽ വിശ്രമിച്ച ശീതളിന്റെ കൈകൾ എടുത്തു മാറ്റിക്കൊണ്ട് ഗായത്രി ഗൗരവത്തിൽ തന്നെ ചോദിച്ചു. ശീതളിന്റെ മിഴികൾ സഞ്ചരിച്ചത് ഗായത്രിയുടെ മുഖത്തെ ഭാവങ്ങളിലും തന്റെ കൈകൾ ബലമായി എടുത്തു മാറ്റിയ ഗായത്രിയുടെ കൈകളിലേക്കും അവളുടെ ഉള്ളിൽ നിന്നും വന്ന മുറുകിയ വാക്കുകളിലേക്കുമായിരുന്നു. “നീ കൂടി ഇവിടെ എത്തിയപ്പോഴാണ് എനിക്ക് കൂടുതൽ ധൈര്യമായത്” “എന്തിനു വേണ്ടി” “എന്തിനു വേണ്ടിയെന്നോ… നമ്മുടെ പൊതു ശത്രു അല്ലെ മുന്നിൽ… നമ്മളെ രണ്ടു പേരെയും അവളുടെ കാൽകീഴിൽ കൊണ്ടുവന്നില്ലേ…

ഇനി നമുക്ക് ഒരുമിച്ചു കളിച്ചു അവളെ തന്നെ ഇവിടെ നിന്നും പുറത്തിറക്കണം, നശിപ്പിക്കണം എനിക്ക്” വല്ലാത്ത ഒരു ഭാവത്തോടെയായിരുന്നു ശീതൾ പറഞ്ഞു നിർത്തിയത്. “നീ എന്തു നശിപ്പിക്കണം എന്ന ഉദ്ദേശിക്കുന്നത്, കമ്പനിയാണോ അല്ലെങ്കി ദേവ്നിയെയോ… രണ്ടായാലും നടക്കില്ല ശീതൾ” ഉറച്ചതായിരുന്നു ഗായത്രിയുടെ വാക്കുകൾ. “നിനക്ക് പെട്ടന്ന് എന്താ ഒരു മനം മാറ്റം… നീ തലപ്പത്ത് ഇരിക്കേണ്ടിടത്തു ആണ് അവൾ കയറി ഇരിക്കുന്നത്… നിന്റെ സ്വത്തുക്കൾ ആണ് അവൾ അനുഭവിക്കുന്നത്… നീയാണ് ഇവിടെ ഭരിക്കേണ്ടത്…” ശീതൾ പറഞ്ഞു തുടങ്ങിയത് മുഴുവനാക്കാൻ സമ്മതിക്കാതെ ഗായത്രി കൈകൾ ഉയർത്തി തടഞ്ഞു. “കമ്പനി നശിപ്പിക്കാൻ ഞാൻ കൂട്ടു നിൽക്കില്ല ശീതൾ. ഞാൻ അങ്ങനെ ചെയ്താൽ എന്റെ തന്നെ നിലനിൽപ്പു ഞാൻ തന്നെ വേരോടെ പിഴുതേടുക്കുന്നതിനു സമാനമാകും.

ഞാൻ ഇതിന്റെ തലപ്പത്ത് ഒന്നുമറിയാതെ കേറിയിരുന്നു എന്തു ചെയ്യാനാണ്. പിന്നെ ഇവിടെയുള്ളവരെ ഭരിക്കുന്നത്… ഇവിടെയുള്ള എല്ലാ സ്റ്റാഫിനും അറിയാം ഞാൻ മാധവ് മേനോന്റെ മകളാണെന്നു… ആ ഒരു ബഹുമാനം അവർ എനിക്ക് എന്നും നൽകും. ഞാൻ അതു പിടിച്ചു വാങ്ങേണ്ട കാര്യമില്ല, ബഹുമാനവും സ്നേഹവും പ്രണയവും എല്ലാം പിടിച്ചടക്കാനോ അടിച്ചമർത്തി വാങ്ങാനോ കഴിയില്ല ശീതൾ. അതു അറിഞ്ഞു കിട്ടുമ്പോഴാണ് അതിന്റെ മാധുര്യം കൂടുന്നത് അതു അനുഭവിക്കാൻ കഴിയുന്നത്. ഇപ്പൊ ഞാൻ അതു മനസിലാക്കുന്നുണ്ട്. പിന്നെ ദേവ്നി, ഇവിടെ നിന്നും അവൾ ജോലി ചെയ്യുന്നതിനുള്ള ശമ്പളം അല്ലാതെ ഒരു രൂപ പോലും കൂടുതൽ എടുക്കുന്നില്ല, അവൾ ഇപ്പോഴും ആ അനാഥാലയത്തിൽ തന്നെയാണ് താമസിക്കുന്നത്.

അവൾ ഇരിക്കുന്ന പോസ്റ്റിൽ കമ്പനി വില്ല പോലും കൊടുക്കുന്നതാണ് താമസിക്കാൻ. അതുപോലും അവൾ നിഷേധിച്ചു കൊണ്ടാണ് ഇപ്പോഴും ആ അനാഥാലയത്തിൽ താമസിക്കുന്നത്… അവൾ എങ്ങനെയാണ് എന്റെ സ്വത്തുക്കൾ അനുഭവിക്കുന്നത് എനിക്ക് മനസിലാകുന്നില്ല. പിന്നെ ജീവേട്ടന്റെയും ഏട്ടന്റെയും അഭാവത്തിൽ അച്ഛൻ പോലും കമ്പനി കാര്യങ്ങളിൽ ചുവടൊന്നു പിഴച്ചപ്പോൾ താങ്ങായി നിന്നതു ദേവ്നിയാണ്. She is brilliyant, നല്ല കഴിവുണ്ട്. ഇപ്പൊ കമ്പനി മുന്നോട്ട് കൊണ്ടുപോകാൻ അവൾക്കെ കഴിയൂ… ഒരു അനുഭവ സമ്പത്തും ഇല്ലാത്ത ഞാൻ കമ്പനി തലപ്പത്ത് കേറി ഇരുന്നു എന്തു ചെയ്യാനാണ്. സോ നീ നശിപ്പിക്കണം എന്നു പറയുന്നത് ഞങ്ങളുടെ കുടുംബം തന്നെയാണ്…

മുന്നത്തെ ഗായത്രി ശീതൾ എന്തു പറഞ്ഞാലും വിശ്വസിച്ചിരുന്നു… ഇനിയില്ല. നീ എന്നു തന്നെയല്ല ആരെയും ഗായത്രിക്ക് ഇപ്പൊ വിശ്വാസമില്ല. എന്തുപറഞ്ഞാലും എടുത്തുചാടി ഓരോന്ന് കാട്ടികൂട്ടിയിരുന്ന ഗായത്രി ഇപ്പൊ ഇല്ല. നീയും ഒന്നിനെക്കുറിച്ചും ചിന്തിക്കേണ്ട. പിന്നെ ശീതൾ, ദേവ്നി ഏട്ടന് സ്വന്തമാണ്. ഗൗതം ഏട്ടൻ വന്നു കഴിഞ്ഞാൽ ഉറപ്പായും അവരുടെ കല്യാണം ഉണ്ടാകും. അവർ തമ്മിൽ അത്രത്തോളം സ്നേഹിക്കുന്നുണ്ട്. പ്രണയിക്കുന്നുണ്ട്. ഇടയിലേക്ക് നീ കയറാതെ ഇരിക്കുന്നതാണ് കൂടുതൽ നല്ലതു. ഞാൻ പറഞ്ഞുവെന്നു മാത്രം. അതൊക്കെ നിന്റെ പേർസണൽ കാര്യങ്ങൾ. ഞാൻ അഭിപ്രായങ്ങൾ ഒന്നും പറയില്ല. എന്നോട് ഒന്നും ചോദിക്കുകയും വേണ്ട.എന്തുവേണമെങ്കിലും നീ ചെയ്‌തോളൂ.

അതിന്റെ ഭവിഷത്തും സ്വയം ഏൽക്കാൻ തയ്യാറായി വേണം എന്തെങ്കിലും ചെയ്യാൻ…. ഒന്നിനും എന്നെ കൂട്ടുവിളിക്കേണ്ട”… “നീ ഇതിലും ഭേദം സന്യാസം തിരഞ്ഞെടുക്കുന്നതായിരുന്നു നല്ലതു” ശീതളിന്റെ വാക്കുകളിൽ മുഴുവൻ പരിഹാസം നിറഞ്ഞു നിന്നിരുന്നു. “സന്യാസിക്കാൻ പോകാനും വേണം നല്ല ശുദ്ധമായ മനസു… അതു ഇപ്പോഴും എനിക്കില്ല, അങ്ങനെ വരുമൊന്നു നോക്കട്ടെ അന്ന് തീരുമാനിക്കാം സന്യാസിക്കണോയെന്നു” ശാന്തമായി ചിരിച്ചു കൊണ്ടു തന്നെ ഗായത്രി മറുപടി പറഞ്ഞു തിരികെ നടന്നു. ശീതൾ അവൾ പോകുന്നത് നോക്കി നിന്നു… “ഇനി ഒറ്റയാൾ പോരാട്ടം തന്നെ… ” മനസിൽ പറഞ്ഞു കൊണ്ടു കൗശലം നിറഞ്ഞ ചിന്തകളോടെ തന്റെ ക്യാബിനിലേക് പോയി.

ഒരു വാതിലിനു അപ്പുറം ഇവരുടെ സംഭാഷണങ്ങൾ ദേവ്നി ഒരു പുഞ്ചിരിയാലെ കേട്ടു നിന്നിരുന്നു. ദേവ്നിയുമായി നേരിട്ടുള്ള സംഭാഷണങ്ങളിൽ എല്ലാം തന്നെ ഗായത്രി ബഹുമാനത്തോടെ ‘മാഡം’ എന്നു തന്നെ വിളിച്ചു. കമ്പനിക്ക് പുറത്തു പഴയ ഗായത്രിയുമായി. പഴയ ഗായത്രിക്ക് അഹങ്കാരം ആയിരുന്നുവെങ്കിൽ ഇപ്പോൾ ഗൗരവമാണ്. സംസാരം പോലും വളരെ കുറവ്‌. ഒരു സ്റ്റാഫിനോട് പോലും അമിതമായ കൂട്ട് ഇല്ല. എല്ലാവരെയും ഒരു കൈ അകലത്തിൽ നിർത്തി പോന്നു. പക്ഷെ കമ്പനി കാര്യങ്ങളിൽ ഒരു വിട്ടു വീഴ്ചയും ഉണ്ടായിരുന്നില്ല. ചിട്ടയോടെ തന്നെ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തു പോന്നു. ദേവ്നിക്ക് ഗായത്രിയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് പുതിയ പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവളുടെ ആകാംഷ. ക്ഷമയോടെ കൃത്യതയോടെ വളരെ വേഗത്തിൽ ഗായത്രി തന്റെ ജോലികൾ പൂർത്തിയാക്കാൻ തുടങ്ങി.

ഗായത്രി ഉള്ളത് കൊണ്ട് ദേവ്നിക്ക് ഇപ്പോൾ കുറച്ചേറെ കമ്പനി ഭാരം കുറഞ്ഞത് പോലെയായി. വിശ്വസിച്ചു തന്നെ പല കാര്യങ്ങളും അവളെ ഏൽപ്പിക്കാൻ കഴിഞ്ഞു. എവിടെയും ഗായത്രിയുടെ കണ്ണും മെയ്യും ചെന്നെത്തും. കീഴ് ജീവനക്കാരെ ആവശ്യത്തിനു ശാസിച്ചും അതേ പോലെ അനുഭാവവും കാണിച്ചും ഓഫീസിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ ആയി മാറി. “ഗായത്രി…” “എസ് മാഡം”… “ഗായത്രി… താൻ …. താൻ എന്നെ മാഡം എന്നു വിളിക്കണ്ട. എനിക്ക് എന്തോ പോലെ തോന്നുന്നു. താൻ പഴയ പോലെ എന്നെ ദേവ്നി എന്നു വിളിച്ചാൽ മതി. അല്ലെങ്കി ദേവു” “സോറി മാഡം… ഇതൊരു ഓഫീസ് അല്ലെ… സോ… പിന്നെ ഈ ഓഫീസിനു പുറത്തു ഞാൻ ദേവ്നി എന്നു തന്നെയാണ് വിളിക്കുന്നത്” ദേവ്നി കുറച്ചു നിമിഷങ്ങൾ അവളെ നോക്കി നിന്നു. ഗായത്രിയോട് ഇനിയൊന്നും പറഞ്ഞിട്ടു കാര്യമില്ലെന്ന് തോന്നിയത് കൊണ്ടാകും ദേവ്നി വന്ന കാര്യം പറഞ്ഞു.

“ഇന്ന് ഉച്ചക്ക് ശേഷം എന്റെ കൂടെ വരണം. ഒരു മീറ്റിങ് ഉണ്ട്” “ഒക്കെ മാഡം” ഉച്ചക്ക് ശേഷം ദേവ്നി ഗായത്രിയെ കൊണ്ടു പോയത് ദേവ്നിയും ജീവനും സ്ഥിരം കണ്ടുമുട്ടാറുള്ള മാളിലേക്കാണ്. കോഫി ഷോപ്പിൽ ദേവ്നി ജീവനായി കാത്തിരുന്നു. അപ്പോഴും ഗായത്രി കരുതിയിരുന്നത് ഒഫീഷ്യൽ മീറ്റിങ് ആയിരിക്കുമെന്നാണ്. ജീവനും അച്ചുവും ചിരിച്ചു കൊണ്ടു അവർക്കരികിലേക്കു വരുന്നത് കണ്ടപ്പോൾ ഗായത്രിക്ക് മനസിലായി അവരെ കാണാനായാണ് ദേവ്നി വന്നതെന്ന്. “കുറെ നേരമായോ ദേവാ….” “ഹേയ് ഇല്ല… എന്നാലും കൃത്യസമയം പാലിക്കുന്ന ജീവന് ഇതെന്തു പറ്റി” അച്ചുവിനെ നോക്കി ഒരു കണ്ണിറുക്കി കൊണ്ടു ദേവ്നി ചോദിച്ചു.

അതിനു മറുപടിയായി ജീവൻ അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു ചിരിച്ചു. ഗായത്രി ആകെ ശ്വാസം മുട്ടിപോയി… കുറച്ചു സമയം കൊണ്ടു തന്നെ അവൾക്ക് ഒരു വല്ലായ്മ… അവരുടെ കൂട്ടത്തിൽ ഇരിക്കുവാൻ. “എസ്ക്യൂസ്‌ മീ മാഡം… ഇതൊരു ഒഫീഷ്യൽ മീറ്റിങ് ആണോ” പെട്ടെന്നാണ് ഗായത്രിയുടെ ചോദ്യം. അവളുടെ മുഖവും ഗൗരവത്തിലായിരുന്നു. അല്ല എന്നു പറഞ്ഞു കഴിഞ്ഞാൽ ഗായത്രി ബഹളം വയ്ക്കുമെന്നു ഒരുവേള ദേവ്നി ഭയന്നു. “സോറി ഗായത്രി… ഒഫീഷ്യൽ അല്ല” “ഒക്കെ… ഞാൻ ആ കോർണറിൽ ടേബിളിൽ കാണും. കഴിയുമ്പോൾ വിളിച്ചാൽ മതി” പറയുന്നതിനൊപ്പം ഒരു വേദനയിൽ കലർന്ന ചെറു ചിരിയോടെ പറഞ്ഞു കൊണ്ടു കയ്യിൽ ഇരുന്ന ലാപ് ടോപ്പ് ആയി ഗായത്രി മാറിയിരുന്നു”.

ഗായത്രി പോകുന്നത് അതിശയത്തോടെ ജീവനും അച്ചുവും നോക്കി കണ്ടു. “എന്നാലും ദേവു… നീ പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. നല്ല മാറ്റമുണ്ട് അവൾക്ക്” “എന്തോ അവളുടെ മനസിനെ വല്ലാതെ ഉലച്ചിട്ടുണ്ട്. അതാണ് ഇങ്ങനെയെന്നു തോന്നുന്നു. പഴയതുപോലെ ശീതൾ ആയി വലിയ കൂട്ടൊന്നുമില്ല. അവർ തമ്മിൽ ഓഫീസിൽ തന്നെ വളരെ ചുരുക്കമാണ് കാണുന്നതും സംസാരിക്കുന്നതും. പണ്ടത്തെ പോലെ ഷോപ്പിങ് അടിച്ചുപോളി ഒന്നുമില്ല. മാസം ഇട്ടു കൊടുക്കുന്ന പൈസ പോലും അവൾ എടുക്കുന്നില്ല. സാലറി ആണ് ഉപയോഗിക്കുന്നതെന്നു തോന്നുന്നു. അതു മാത്രമല്ല അച്ചു.. അവൾ ഒരിക്കൽ ഉപയോഗിച്ച ഡ്രസ് വീണ്ടും ഇടുന്നത് ഞാൻ കണ്ടിരുന്നില്ല.

ഇപ്പൊ അങ്ങനെയല്ല, തന്നെയുമല്ല നീയൊന്നു നോക്കിക്കേ സിംപിൾ മേക്കപ്പ് ആണ്. ആദ്യത്തെ ഗായത്രിയിൽ നിന്നും ഈ ഗായത്രിയിലേക്ക്… ശരിക്കും അവിശ്വസനീയമാണ്…” ഗായത്രിയെ കുറിച്ചു ദേവ്നി വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു. അച്ചു കണ്ണു ചിമ്മാതെ കേട്ടു കൊണ്ടിരുന്നു. ജീവനും തന്റെ മിഴികൾ ഗായത്രിയിൽ തന്നെ ഉറപ്പിച്ചിരുന്നു. ഇടക്ക് ജീവന്റെ മേലെ ഗായത്രിയുടെ പാളി നോട്ടം വീണു കൊണ്ടിരുന്നു… ആ നോട്ടത്തിൽ കുറുമ്പും കുസൃതിയും പരിഭവവും അവൻ കണ്ടു… ഇതുപോലെ കണ്ടിരുന്നതു അവൾ ഗൗതമിനെ നോക്കുമ്പോഴായിരുന്നുവെന്നു ജീവൻ ഓർത്തു. “എങ്കിലും നീയവളെ അങ്ങനെ പൂര്ണമായി വിശ്വസിക്കണ്ട ദേവു… ഈ പാമ്പ് എപ്പോഴാണ് തിരിഞ്ഞു കൊത്തുന്നതെന്നു പറയാൻ പറ്റില്ല.

ആ രണ്ടും കൂടിയുള്ള പ്ലാനിങ് ആണെങ്കിലോ” അച്ചുവിന് ഇപ്പോഴും ഗായത്രിയുടെ മാറ്റം പൂർണ്ണമായും ഉള്കൊള്ളാനാകുമായിരുന്നില്ല. “വിശ്വസിക്കാം അച്ചു. അവൾ ഇനി മാറില്ല. ഈ ഗായത്രിയെയാണ് ഞാൻ കാണാൻ ആഗ്രഹിച്ചത്. അവൾ പൂർണ്ണമായും മാറാൻ ശ്രമിക്കുന്നുണ്ട്. ഇപ്പോഴും ആ മനസിന്റെ കോണിൽ എവിടെയോ ഈഗോയും മുൻപ് പറഞ്ഞതും ചെയ്തതുമായ കാര്യങ്ങളുടെ കുറ്റബോധവും ഉള്ളതുകൊണ്ടാണ് ഇപ്പൊ മാറി ഇരിക്കുന്നത്. ഇത്ര നാളും ശത്രുക്കളെ പോലെ പെരുമാറിയിട്ടു പെട്ടന്ന് ഒരു ദിവസം വന്നു എല്ലാം മറന്നുകൊണ്ട് കളിച്ചു ചിരിച്ചു സംസാരിക്കാൻ കഴിയില്ലലോ. She needs more time… അവളുടെ മനസ്സ് പൂര്ണമായും നമ്മളെ ഉൾക്കൊള്ളുന്ന ദിവസം അവളും നമുക്കൊപ്പം കാണും..” ജീവൻ ഗായത്രിയിൽ തന്നെ മിഴികൾ ഊന്നി പറഞ്ഞു.

അവന്റെ ചുണ്ടുകളിൽ വിരിഞ്ഞ പുഞ്ചിരി അവനു അവളോടുള്ള സ്നേഹവും കരുതലും വാത്സല്യവുമൊക്കെ ഇന്നും വറ്റാതെ അവന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതാണെന്നു അച്ചുവിനും ദേവ്നിക്കും മനസിലായി. ഗായത്രിക്ക് ഇഷ്ടമുള്ള ചോക്ലേറ്റ് ഷേക് ഓർഡർ ചെയ്തു കൊടുത്തു. ജീവന് നേരെ നൽകിയ പുഞ്ചിരിയും കണ്ണുകളിൽ ഊറിയ നനവും അവന്റെ കണ്ണുകളിലും പ്രതിഫലിച്ചു. അച്ചുവും ദേവ്നിയും ജീവനും കൂടി അവരുടെ പതിവ് ചർച്ചകളും ആരംഭിച്ചു. അവരുടെ കളി തമാശകൾക്കിടയിലും ജീവന്റെ കണ്ണുകൾ ഗായത്രിയിൽ തന്നെ ഇടയ്ക്കിടെ പാളി വീഴുമായിരുന്നു. “ഇച്ചിരി കുശുമ്പ് ഇല്ലായ്ക ഇല്ലാട്ടോ എനിക്ക്” ദേവ്നി പരാതി പറയും പോലെ ജീവന്റെ കൈകളിൽ തൂങ്ങി.

“ഓഹ്… ഈ കുഞ്ഞി മനസിൽ ഇനി അതിനും കൂടി സ്ഥലമൊക്കെയുണ്ടോ. ഉള്ള സ്ഥലത്തു ഒരു നായകന് വേണ്ടി താജ് മഹൽ കെട്ടി കാത്തിരിക്കുകയല്ലേ.” ജീവൻ അതു പറയുമ്പോൾ നാണത്തിന്റെ ചുവപ്പ് രാശി ദേവ്നിയുടെ കണ്ണുകളിലും മൂക്കിന് തുമ്പിലും പ്രതിഫലിച്ചിരുന്നു. “അവൻ എന്ന വരുന്നത്… എന്നോട് പറഞ്ഞിരുന്നു ഇപ്പൊ ഓടാനോ ചാടാനോ എന്തിനും പോന്ന പരുവത്തിൽ നിൽക്കുകയാണെന്ന്” “ആഹാ… ട്രീട്മെന്റ് അപ്പോൾ മുഴുവനായല്ലോ… പിന്നെ എന്താ വരാത്തത്” അച്ചുവിന്റെ സംശയം. “രണ്ടു ദിവസം കഴിഞ്ഞാൽ വരും. യോഗയുടെ ഒരു ക്ലാസ് കൂടിയുണ്ട്. ഇനി രണ്ടു ദിവസം കൂടിയത് ചെയ്യണം. അതുകൊണ്ടാണ് താമസിക്കുന്നത്” “അപ്പോ വരുന്നതൊക്കെ പറഞ്ഞോ…

ഞാൻ കരുതി സിനിമയിൽ കാണുന്ന പോലെ നായികയെ ഞെട്ടിച്ചു കൊണ്ടുള്ള എൻട്രി ആയിരിക്കുമെന്ന്” “അങ്ങനെ സർപ്രൈസ് തന്നു ഞെട്ടിക്കാൻ ഇതു കഥയും സിനിമയുമൊന്നുമല്ലലോ… ജീവിതമല്ലേ… ഒരു ദിവസം മുന്നേ നേരത്തെ ആളെ ഒന്നു കണ്ടാൽ മതിയെന്നെ എനിക്കുള്ളൂ” ഗൗതത്തിന്റെ ഓർമയിൽ ദേവ്നിയുടെ കണ്ണുകൾ തിളങ്ങി. കുറച്ചു സമയം കൂടി ചിലവഴിച്ചു അവർ പിരിഞ്ഞു. അച്ചുവിനും ജീവനും ഒരു പുഞ്ചിരികൊണ്ടു യാത്ര പറഞ്ഞു ഗായത്രി. ഗൗതത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ശീതളും. ഒരു കാര്യം ഉറപ്പായി.

ഇനിയൊരിക്കലും അവൻ തനിക്ക് സ്വന്തമാകില്ലെന്നു. തനിക്ക് സ്വന്തമല്ലാത്തത് വേറെ ആർക്കും സ്വന്തമാക്കുവാൻ അവൾ സമ്മതിക്കുകയുമില്ല. കാത്തിരിക്കാം. (തുടരും) കുഞ്ഞി പെണ്ണിന്റെ പേരിടൽ ചടങ്ങുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. സന്ദർഭം ശരിയല്ലലോ. ജനിക്കും മുന്നേ പെണ്കുഞ്ഞാണെന്നു ഉറപ്പിച്ചു ഒരു പേരും കരുതിയിരുന്നു. ഫാഷൻ ഉള്ള പേരൊന്നുമല്ല. കൊച്ചു വലുതായാൽ ഈ പേരിന്റെ പേരിൽ തെറി വിളി കേൾക്കുമോ എന്തോ. കുറച്ചു പേരൊക്കെ msg അയച്ചു ചോദിച്ചിരുന്നു പേരു. ഗൗരി ഭദ്ര.

നിലാവിനായ് : ഭാഗം 1

നിലാവിനായ് : ഭാഗം 2

നിലാവിനായ് : ഭാഗം 3

നിലാവിനായ് : ഭാഗം 4

നിലാവിനായ് : ഭാഗം 5

നിലാവിനായ് : ഭാഗം 6

നിലാവിനായ് : ഭാഗം 7

നിലാവിനായ് : ഭാഗം 8

നിലാവിനായ് : ഭാഗം 9

നിലാവിനായ് : ഭാഗം 10

നിലാവിനായ് : ഭാഗം 11

നിലാവിനായ് : ഭാഗം 12

നിലാവിനായ് : ഭാഗം 13

നിലാവിനായ് : ഭാഗം 14

നിലാവിനായ് : ഭാഗം 15

നിലാവിനായ് : ഭാഗം 16

നിലാവിനായ് : ഭാഗം 17

നിലാവിനായ് : ഭാഗം 18

നിലാവിനായ് : ഭാഗം 19

നിലാവിനായ് : ഭാഗം 20

നിലാവിനായ് : ഭാഗം 21

നിലാവിനായ് : ഭാഗം 22

നിലാവിനായ് : ഭാഗം 23

നിലാവിനായ് : ഭാഗം 24

നിലാവിനായ് : ഭാഗം 25