Thursday, April 18, 2024
Novel

നിലാവിനായ് : ഭാഗം 15

Spread the love

നോവൽ
****
എഴുത്തുകാരി: സേഷ്മ ധനേഷ്‌

Thank you for reading this post, don't forget to subscribe!

കൃഷ്ണന്റെ മനസിൽ അടുത്ത കണക്കു കൂട്ടലുകൾ തുടങ്ങി കഴിഞ്ഞിരുന്നു. എന്റെ മോൾ എന്നോട് ക്ഷമിക്കണം… അച്ഛന് ഇതല്ലാതെ വേറെ വഴിയില്ല… പ്രകാശിന്റെ സ്വത്തുക്കൾ എല്ലാം തന്നെ അവന്റെ മകന്റെ കൈകളിൽ വരും… അപ്പൊ അവന്റെ വാമഭാഗത് നീ വരണം… നിന്നെ നിർത്താൻ എനിക്കറിയാം” ക്രൗര്യത്തിൽ അയാളുടെ കണ്ണുകൾ വല്ലാതെ തിളങ്ങി.

ഗൗതമിന്റെ കൂടെ ആയതിനു ശേഷം ജീവന്റെ കൂടെ അധികം സംസാരിക്കാനോ സമയം ചിലവഴിക്കാനോ ദേവ്നിക്ക് കഴിഞ്ഞിരുന്നില്ല. എങ്കിലും രാത്രിയിൽ കോളിലൂടെയോ മെസ്സേജ് ആയിട്ടോ പരസ്പരം വിശേഷങ്ങൾ പറയാതെ ഉറങ്ങുകയുമില്ല അവർ. ചിലപ്പോൾ കോണ്ഫറൻസ് കോൾ ആയി അച്ചുവും അവരോടൊപ്പം കൂടാറുണ്ട്. എത്ര വിശേഷങ്ങൾ പറഞ്ഞാലും അച്ചുവും ജീവനും അവസാനം ചെന്നെത്തുന്നത് ഏതെങ്കിലും മലമുകളിലെ യാത്രയിൽ ആയിരിക്കും. അല്ലെങ്കി പുതിയ മോഡൽ കാർ, ബൈക്ക്… അങ്ങനെ എന്തെങ്കിലും ആയിരിക്കും. അതു തുടങ്ങുമ്പോഴേക്കും ദേവ്നി നൈസ് ആയി ഊരി പോരും. ദേവ്നിക്ക് വാഹനങ്ങൾ എന്നാൽ സഞ്ചരിക്കാൻ ഒരു വാഹനം എന്നതിന് അപ്പുറം ഒന്നുമറിയില്ല. താൽപര്യമില്ലാത്ത വിഷയം എന്നത് മാത്രമല്ല അവരോടു മറുപടി പറയാനും അറിയില്ലായിരുന്നു. പിറ്റേന്ന് ചെല്ലുമ്പോൾ ഓഫീസിൽ നിന്നും ഒരുമണിക്കൂർ മുന്നേ ഇറങ്ങണം എന്നും ചെറിയ ഒരു ഷോപ്പിംഗ് പോകാമെന്നും ജീവൻ പറഞ്ഞു കൊണ്ടാണ് അന്നത്തെ സംഭാഷണങ്ങൾ അവസാനിപ്പിച്ചത്. ഷോപ്പിംഗ് എന്നാൽ തണൽ വീട്ടിലെ കുട്ടികൾക്കുള്ള പെയിന്റിങ്ങ് ബുക്, സ്റ്റോറിസ് ബുക്, കളർ പെൻസിൽ, ക്രയോൻസ് ഒക്കെയാണ്. അവൾക്കും സന്തോഷമായി. കുറച്ചായി ഏട്ടന്റെ കൂടെ പുറത്തേക്ക് പോയിട്ട്.

പിറ്റേന്ന് ഓഫീസിൽ കാര്യമായ തിരക്കൊന്നും ഉണ്ടായിരുന്നില്ല. മൂന്നരയോടെ ഇറങ്ങാമെന്ന കരുതിയത്. അതുകൊണ്ടു തന്നെ വേഗം പണികളൊക്കെ തീർത്തു വച്ചു. ഫയലുകൾ കൃത്യമായി നോക്കുകയും ഒപ്പ് വാങ്ങാൻ ഉള്ളതൊക്കെ കൃത്യമായി ഗൗതമിനെ കൊണ്ട് ചെയ്യിക്കുകയും ചെയ്തു. പതിവില്ലാത്ത തരം വേഗത ചെയ്യുന്ന ജോലിയിൽ ദേവ്നി കാണിക്കുന്നുണ്ടായിരുന്നു.

“ദേവ്നി നല്ല വേഗത്തിൽ ആണല്ലോ ഇന്നത്തെ ജോലിയൊക്കെ ചെയ്തു തീർക്കുന്നെ… എന്താ കാര്യം… എല്ലാ കാര്യത്തിലും ഒരു തിടുക്കം കാണുന്നു”

“സർ എനിക്ക് ഇന്ന് ഒരു ഒന്നര മണിക്കൂർ മുന്നേ പോകണം. മൂന്നരയോടെ… അതിനു വേണ്ടിയാണ് വേഗം ജോലി തീർക്കുന്നത്”

“ഓഹ്.. അപ്പൊ അതാണ് കാര്യം… എവിടേക്കാണ് ആങ്ങളയും പെങ്ങളും പോകുന്നേ” ദേവ്നി മനസിലാകാത്ത പോലെ ഗൗതമിനെ നോക്കി.

“ജീവനുമായി ഷോപ്പിങ് ആണോ…” കൂടുതൽ വ്യക്തമാക്കി അവനും.

“ഉം… കാര്യമായ ഷോപ്പിങ് എന്നൊന്നും പറയാനില്ല. തണലിലെ കുട്ടികൾക്ക് കുറച്ചു ടോയ്‌സ് കളർ പെൻസിൽ ബുക്ക്സ്… അങ്ങനെ അല്ലറ ചില്ലറ സാധനങ്ങൾ… അതിൽ കൂടുതൽ ഒരു സഹോദരിയുടെ സ്നേഹം പകർന്നു നൽകാൻ എനിക്കും ഒരു സഹോദരന്റെ സ്നേഹം നൽകാൻ ഏട്ടനും കുറച്ചു സമയം” ദേവ്നി പറഞ്ഞു കഴിഞ്ഞപ്പോൾ ഗൗതം ചിന്തിച്ചത് അവരുടെ പരസ്പര സ്നേഹത്തിലുള്ള ആഴമാണ്.

“ദേവ്നി… അന്ന് …. അന്ന് അങ്ങനെയൊക്കെ സംഭവിച്ചു പോയതാണ്… എന്റെ ദേഷ്യമാണ് എല്ലാത്തിനും കാരണം… ക്ഷമ പറയാൻ ഞാൻ പല പ്രാവശ്യം മുന്നിൽ വന്നു… മനസുകൊണ്ട് ആയിരം തവണ ക്ഷമ പറയുകയും ചെയ്‌തു… എങ്കിലും ക്ഷമിക്കണം… ഞാൻ… ഞാൻ അടിക്കാൻ പാടില്ലായിരുന്നു… അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു”

“ഇത്രയും ലോക പരിചയമുള്ള ഒരാൾ… ബിസിനസ് ഫീൽഡിൽ വരും മുന്നേ ഫിലിം ഇൻഡസ്ട്രിയിൽ ഇത്രയും വിഹരിച്ചിരുന്ന ഒരാൾ ഞങ്ങൾ തമ്മിലുള്ള റിലേഷൻ തെറ്റി ധരിച്ചല്ലോ…” ദേവ്നി പറയുമ്പോൾ ഗൗതമിന്റെ കണ്ണുകൾ താഴ്ന്നു പോയിരുന്നു… അവളുടെ മുന്നിൽ തീരെ ചെറുതായ പോലെ… പക്ഷെ ഒരിക്കലും അവളും ജീവനും തമ്മിലുള്ള ബന്ധത്തെ മറ്റൊരു കണ്ണിൽ കണ്ടിട്ടില്ല… അവളുടെ അവഗണനയും തന്നോടുള്ള സമീപനവും എല്ലാം കൊണ്ടു മനസ് ഏതോ ഒരവസ്ഥയിൽ എത്തിയത് കൊണ്ടു പറ്റിയതാണ്…

“സത്യത്തിൽ അങ്ങനെയൊരു തെറ്റിദ്ധാരണയുടെ പുറത്താണോ സർ ഓവർ റിയാക്ട് ചെയ്തത്” ദേവ്നിയുടെ ചോദ്യത്തിന് ഒപ്പം കണ്ണുകളിലും ചിരിയിലും എന്തിനേറെ ആ നുണ കുഴി കവിളിലും ഒരു കുസൃതി അവൻ കണ്ടു. അപ്പൊ അവൾക്ക് അറിയാം… അവൾക്ക് മനസിലായി താൻ എന്തുകൊണ്ട അങ്ങനെ പ്രതികരിച്ചതെന്നു…

“ഞങ്ങളുടെ റിലേഷൻ എങ്ങനെയായാലും ഗൗതമിനെ…” അവൾ പൂർത്തിയാക്കും മുന്നേ ഗൗതം അവളെ കൂർപ്പിച്ചു നോക്കി.

“അല്ല… അല്ല ഞാൻ ഉദ്ദേശിച്ചത് സാറിനു അതൊരു പ്രശ്നമല്ലല്ലോ എന്ന” ഗൗതം മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും അവൻ ചിരിച്ചു കൊണ്ടു കവിളിൽ നാവു കുത്തി തുഴഞ്ഞു ചിരിച്ചു… ദേവ്നിയും ചിരിയോടെ നിൽക്കുന്നുണ്ടായിരുന്നു… രണ്ടുപേർക്കുമിടയിൽ അകലം കുറഞ്ഞു വരുന്ന പോലെ… അവരുടെ ചിരിയിൽ കുസൃതി മാത്രമല്ല തെളിഞ്ഞു നിന്നത്. പിന്നെ കുറച്ചു നിമിഷങ്ങൾ രണ്ടുപേർക്കുമിടയിൽ മൗനമായിരുന്നു സംസാരിച്ചത്… തമ്മിലുള്ള പുഞ്ചിരികൾ ആയിരുന്നു ഭാഷ… കണ്ണിലെ കുസൃതികൾ ആയിരുന്നു ആ ഭാഷക്ക് കൂട്ടു നിന്നത്… അവളുടെ കവിളിലെ ആഴം കുറച്ചുകൂടി കൂടിയത് പോലെ… അവൻ അവളെ തന്നെ നോക്കി നിന്നു… പെട്ടന്നാണ് ശീതൾ ഒന്നു നോക്ക് പോലും ചെയ്യാതെ ഗൗതമിന്റെ ക്യാബിനിൽ കേറി വന്നത്. ഗൗതവും ദേവ്നിയും സ്വബോധം വന്നപോലെ നിന്നു.

“നിനക്ക് വേറെ പണിയൊന്നുമില്ലേ… അസിസ്റ്റന്റ് ആണെന്നും പറഞ്ഞു ഏത് നേരവും ഗൗതമിന്റെ ക്യാബിനിൽ കേറി ഇറങ്ങണോ” മുഖം ചുളിച്ചു കൊണ്ടു വളരെയേറെ ദേഷ്യത്തിലായിരുന്നു ശീതൾ.

ദേവ്നിക്ക് ശീതൾ ഒരു വിഷയമേ അല്ലാത്ത പോലെ അവളെ അവഗണിച്ചു ചുണ്ടുകൊട്ടി ഗൗതമിനോട് കണ്ണുകൾ കൊണ്ടു മൗനാനുവാദം വാങ്ങി പുറത്തേക്ക് പോയി.

“ഗൗതം… ഗൗതം എന്തിനാ”ശീതൾ എന്തെങ്കിലും പറയും മുന്നേ ഗൗതം കൈകൾ ഉയർത്തി അവളുടെ വാക്കുകൾക്ക് തടസം പിടിച്ചു.

“ശീതൾ… ഞാൻ തന്റെ സുപ്പീരിയർ ഓഫീസർ ആണ്. അങ്ങനെയുള്ള എന്റെ ക്യാബിനിൽ കേറി വരുമ്പോൾ സാമാന്യം പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട്. നോക്ക് ചെയ്തിട്ടു വേണം വരാൻ. പിന്നെ ഞാൻ ആരോട് സംസാരിക്കണം വേണ്ട ഏതൊക്കെ തരത്തിൽ മറ്റുള്ളവരോട് ഇടപെടണം എന്നുള്ളതൊക്കെ ശീതളിനെ ബാധിക്കാത്ത കാര്യമാണ്. അതായത് എന്റെ കാര്യത്തിൽ ശീതൾ ഇടപെടാൻ വരണ്ട എന്നു. മനസ്സിലായല്ലോ… താൻ ഇപ്പൊ പോ… ഞാൻ കുറച്ചു തിരക്കിലാണ്” സംസാരിക്കാൻ പോലും താൽപര്യമില്ലാത്ത പോലെയുള്ള ഗൗതമിന്റെ വാക്കുകൾ അവളുടെ കണ്ണിൽ ദേഷ്യത്തിന്റെ അരുണ വർണ്ണം നിറച്ചു. ദേവ്നിയെ മനസിൽ ആലോചിക്കുമ്പോൾ നിർത്തി കത്തിക്കാനുള്ള ദേഷ്യം അവളിൽ ഉടലെടുത്തു കൊണ്ടിരുന്നു. ശീതൾ ഗൗതമിനെ തറപ്പിച്ചു നോക്കി… അവൻ അപ്പോഴേക്കും ലാപ് ടോപ്പിൽ മുഖം പൂഴ്ത്തിയിരുന്നു… അവൾ ചവിട്ടി തുള്ളി ക്യാബിനിൽ നിന്നും ഇറങ്ങി പോയി.

ദേവ്നി മൂന്നരയോടെ പണികൾ എല്ലാം തീർത്തു ബാഗുമെടുത്തു ഗൗതമിനോട് ഒരിക്കൽ കൂടി യാത്ര പറയാനായി ചെന്നു.

“സർ… ഞാൻ പോയിക്കോട്ടെ… ഇനി പണിയൊന്നും ഇല്ലാലോ”

“ഹാ.. സമയം ആയല്ലേ… എങ്കിൽ താൻ ഇറങ്ങിക്കോ” ദേവ്നി ചിരിച്ചുകൊണ്ട് തലകുലുക്കി ഡോറിനടുത്തേക്ക് നീങ്ങി.

“പിന്നെ…” ഗൗതമിന്റെ പിൻവിളി അവൾ പ്രതീക്ഷിച്ചിരുന്നു…

“നിങ്ങളുടെ കൂട്ടത്തിൽ എനിക്ക് കൂടി ഒരു ഇടം തരുവോ”

“ഇല്ല സർ” അപ്പോൾ തന്നെ അവളുടെ മറുപടി വന്നു. അവൻ പിണക്കത്തോടെ മുഖം തിരിച്ചു.

“സോറി…” ചിരിച്ചുകൊണ്ട് തന്നെ അവൾ പറഞ്ഞപ്പോൾ അവന്റെ പരിഭവം എവിടെയോ പോയി.

ദേവ്നിയുടെ പുറകെ ഗൗതവും ഇറങ്ങി. അവളുടെയൊപ്പം നടന്നു. തമ്മിൽ മൗനമായി കൂടെ നടന്നു സംസാരിച്ചു. അവർക്ക് മാത്രം അറിയാവുന്ന മൗനമെന്ന ഭാഷയിൽ… ഇരുവരുടെയും മൗനത്തിൽ.

ഫ്രൻറ് ഓഫീസ് കഴിഞ്ഞു ദേവ്നി ഇറങ്ങാൻ തുടങ്ങുകയായിരുന്നു.

“ദേവ്നി…” ജീവന്റെ ഗൗരവമാർന്ന ശബ്ദം കേട്ടു ദേവ്നി പെട്ടന്ന് തിരിഞ്ഞു നോക്കി.

“എന്താ സർ”

“തന്റെ ഓഫീസ് സമയം കഴിഞ്ഞോ”

“ഇല്ല”

“ഇപ്പൊ എവിടേക്ക് ആണ് പോകുന്നേ”

“ജീവൻ, ദേവ്നി എന്നോട് പെർമിഷൻ വാങ്ങിയാണ് പോകുന്നത്” ദേവ്നിക്കും ഗൗതമിനും അത്ഭുതമായിരുന്നു. കാരണം അവനെ കാണാനും സമയം ചിലവഴിക്കാനുമാണ് അവൾ പോകുന്നേ… പിന്നെ ഇവന്റെ ചോദ്യം ചെയ്യൽ മനസിലായില്ല.

“ഗൗതം… താൻ പെർമിഷൻ കൊടുക്കുവോ കൊടുക്കാതെ ഇരിക്കുവോ അതു തന്റെ ഇഷ്ടം”

“ദേവ്നി എന്റെ അസിസ്റ്റന്റ് ആണ്. അപ്പോൾ എന്റെ പെർമിഷൻ മാത്രം മതിയാകും” ഗൗതവും വിടാൻ ഉദേശമില്ലായിരുന്നു.

“ദേവ്നി തന്റെ അസിസ്റ്റന്റ് മാത്രമല്ല ഈ കമ്പനിയിലെ ഒരു എംപ്ലോയ്‌ കൂടിയാണ്. ഓഫീസിൽ സാമാന്യം പാലിക്കേണ്ട ചില നിയമങ്ങൾ ഉണ്ട്. സാധാരണ വർക്കിങ് സമയം കഴിയുന്നത് അഞ്ചു മണിക്കാണ്. ഇവിടെ രാവിലെ വരുമ്പോഴും വൈകീട്ട് തിരികെ പോകുമ്പോഴും പഞ്ചിങ് ഉണ്ട്. രാവിലെ ഇവർ ഇവിടെ പഞ്ച് ചെയ്തു കയറിയാൽ പിന്നെ തിരികെ പോകുന്നവരെ ഇവരുടെ എല്ലാ ഉത്തരവാദിത്യം കമ്പനിക്കാണ്. പഞ്ചിങ് സമയത്തിന് മുന്നേ പോകുന്നെങ്കിൽ അതിവിടെ രജിസ്റ്ററിൽ കാര്യ കാരണ സഹിതം മെൻഷൻ ചെയ്യണം. അതിപ്പോ ഏത് സുപ്പീരിയർ പെർമിഷൻ തന്നാലും. അതു ചെയ്തിട്ട് ഇവിടെ നിന്നും ഇറങ്ങിയാൽ മതി” ഇയാൾ ഇതു എന്തു മനുഷ്യനാണ് ഹേ എന്ന ഭാവത്തിൽ ജീവനെ കണ്ണുരുട്ടി നോക്കി ദേവ്നി… ഗൗതമിന്റെ മുഖത്തും പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തൊക്കെയോ ഭാവങ്ങൾ. ദേവ്നി തിരിഞ്ഞു നോക്കിയപ്പോൾ മാധവ് മേനോനും കുറച്ചു ഓഫീസ് സ്റ്റാഫ് അവരെ തന്നെ നോക്കി നിൽക്കുന്നു.

ദേവ്നി പോയതും ജീവൻ ഗൗതമിനു അരികിലേക്ക് ചെന്നു. “ഇതൊരു കമ്പനിയാണ് ഗൗതം. ഏത് ബന്ധവും ഈ കമ്പനിക്ക് പുറത്തു. ഇതിനുള്ളിലെ നിയമങ്ങൾ എല്ലാവർക്കും ബാധകമാണ്. ദേവ്നി ഒരു പെണ്കുട്ടിയാണ്. താൻ വാക്കുകളാൽ പെർമിഷൻ കൊടുത്തു. അവൾ നേരത്തെ പോയി. എവിടേക്കാണെന്നു തനിക്ക് അറിയുകയുമില്ല. നാളെ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ ആദ്യം അന്വേഷണം വരുന്നത്…. ഞാൻ പിന്നെ പറയണ്ടല്ലോ. എപ്പോഴും നമ്മുടെ ഭാഗം ക്ലീയർ ആകണം. നമ്മുടെ കമ്പനിയുടെ റെപ്യുറ്റേഷൻ ആണ് പ്രധാനം. മനസിലായോ” ജീവൻ അത്രയും പറഞ്ഞു ഗൗതത്തിന്റെ തോളിൽ തട്ടിക്കൊണ്ടു ദേവ്നി പോയ വഴിയേ പോയി. മാധവനു നേരെ ഒന്നു നോക്കാനും ജീവൻ മറന്നില്ല.

അച്ചു തന്റെ ടാബിൽ യാത്രക്കിടയിൽ എടുത്ത ഫോട്ടോസ് ജീവന് കാണിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടന്നാണ് അവന്റെ തലക്ക് ഒരു അടി കിട്ടിയത്. തിരിഞ്ഞു നോക്കാനും കൂടി കഴിഞ്ഞില്ല. ദേവ്നി തന്റെ ബാഗും കുടയും എടുത്തു അവനെ തലങ്ങും വിലങ്ങും അടിയായിരുന്നു. അച്ചു വായപൊത്തി ചിരിയും. ഒന്നു രക്ഷിക്ക് എന്നുള്ള ജീവന്റെ മുഖഭാവത്തിനു… വരുത്തി വചതല്ലേ അനുഭവിച്ചോ എന്നു ചിരിയോടെ അച്ചുവും മറുപടി നൽകി. ദേഷ്യമൊന്നു അടങ്ങിയപ്പോൾ മുന്നിലെ ജഗിൽ നിന്നും വെള്ളം കുടിച്ചു ജീവനെ ഒന്നുകൂടി കണ്ണുരുട്ടി ഇരുന്നു.

“മോളെ… ദേവാ”

“ഞാൻ ആരുടെയും ദേവ അല്ല… ദേവ്നി… അതാ എന്റെ പേരു”

“ആണോ… പക്ഷെ നീയെന്റെ ദേവ അല്ലെ” ദേവ്നിയുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു പറഞ്ഞു. അവൾ ഒരു ദാക്ഷിണ്യവും ഇല്ലാതെ അവന്റെ കൈകൾ തട്ടിയെറിഞ്ഞു.

“മോളെ… ഞാൻ പറയട്ടെ… നിനക്ക് അറിയാലോ കമ്പനി വേറെ… നമ്മുടെ റിലേഷൻഷിപ് വേറെ… ഞാൻ നല്ല സ്ട്രിക്ട് ആണെന്ന് നിനക്ക് അറിയാലോ ഗൗതമിന്റെ ഭാഗത്തെ തെറ്റു ഞാൻ ചൂണ്ടി കാണിച്ചു അത്ര തന്നെ” ജീവൻ പറയുമ്പോൾ ദേവ്നി ഓർത്തത് ഗൗതമിന്റെ ആ സമയത്തെ നിൽപ്പ് മാത്രമാണ്. അതാലോചിച്ചപ്പോൾ അവളുടെ മുഖം വാടി.

“അച്ചുവെ… ഇവിടെ കീരിയും പാമ്പും പോലെ ആയിരുന്ന ചിലർ ഇപ്പൊ അടയും പഞ്ചാരയും പോലെ ആയന്നെ” ദേവ്നി അതിനുള്ള മറുപടി പറയാതെ അവനെ കൂർപ്പിച്ചു നോക്കി. അച്ചു അടക്കി പിടിച്ചു ചിരിച്ചു.

“ഇന്നത്തെ മോന്റെ പെർഫോമൻസ് കലക്കി. അതിനുള്ള പണി മോന് ഞാൻ തരാട്ട. ഫുഡ് ഓർഡർ ചെയ്തില്ലലോ…” അതും പറഞ്ഞു അവന്റെ പോക്കറ്റിൽ നിന്നും പേഴ്സ് എടുത്തു അവൾ നടന്നു. അധികാരത്തോടെയുള്ള അവളുടെ പെരുമാറ്റം കണ്ടു അച്ചു അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു.

“എന്നോട് ഇതുപോലെ അധികാരത്തിൽ ഇതുവരെ സ്വന്തം സഹോദരി പോലും വന്നിട്ടില്ല. എനിക്ക് അതൊക്കെ എന്തു ഇഷ്ടമാണെന്നോ അച്ചു. ഇഷ്ടമുള്ളതൊക്കെ വാങ്ങി കൊടുക്കാൻ… എല്ലായിടത്തും കൊണ്ടുപോകാൻ… എന്നോട് വഴക്കുണ്ടാക്കാൻ… ഇപ്പൊ ദേവായിലൂടെ ഞാൻ അതൊക്കെ അനുഭവിക്കുന്നുണ്ട്. വെറുതെയ അവൾ വലിയ കാര്യത്തിൽ പേഴ്സ് കൊണ്ടു പോകുന്നത്… ഒരു ബിരിയാണിയും ജ്യൂസ്.. അതിലും കൂടിയാൽ ഒരു ഐസ് ക്രീം കൂടി. പാവം… അവൾക്കറിയാം പൈസയുടെയും ആഹാരത്തിന്റെയുമൊക്കെ വില. ഒരു വറ്റു പോലും ബാക്കി വയ്ക്കാതെ മുഴുവൻ കഴിക്കും… ചിലപ്പോ എന്റെ പ്ളേറ്റിൽ ബാക്കിയുള്ളത് കൂടി…” അച്ചു ജീവനെ തന്നെ കണ്ണിമ ചിമ്മാതെ നോക്കിയിരുന്നു. ജീവൻ ദേവ്നിയെ കുറിച്ചു പറയുന്നത് കെട്ടുകൊണ്ടിരുന്നു.

“എന്താടോ താൻ ഇങ്ങനെ നോക്കുന്നെ”

“അല്ല… ഈ ഏട്ടനും അനിയത്തിക്കും ഇടയിൽ എന്നെ കൂടി കേറ്റിയല്ലോ… അതിനെ കുറിച്ചു ആലോചിച്ചതാണ്” ജീവനും അവളെ നോക്കി ഇരുന്നു… കണ്ണിമ ചിമ്മാതെ.

ഒരു വലിയ ട്രേയിൽ മൂന്നുപേർക്കുള്ള ബിരിയാണിയും വെള്ളവുമായി ദേവ്നി അവർക്കിടയിലേക്ക് വന്നു.

“ദേ… ഒരു കാര്യം ഞാൻ മുന്നേ പറഞ്ഞേക്കാം. ഇവിടെ നിന്നും പോകും വരെ മലമൂട്ടിലേക്കുള്ള യാത്രകൾ വാഹനങ്ങൾ തുടങ്ങിയ ടോപിക് നിരോധനം ആണ്. ആരെങ്കിലും തുടങ്ങി വച്ചാൽ ഞാൻ അപ്പൊ എഴുനേറ്റു പോകും” ഭീഷണിയുടെ സ്വരത്തിൽ ഗൗരവത്തിൽ തന്നെ ദേവ്നി പറഞ്ഞു. പിന്നെ വഴക്കിട്ടും തല്ലു കൂടിയും അവർ അവരുടെ ലോകത്തായി. ഇവരുടെ കളി ചിരികൾ എല്ലാം കണ്ടുകൊണ്ടു അവരെ വീക്ഷിച്ചു കൊണ്ടു നിന്നിരുന്നു രണ്ടു കണ്ണുകൾ… തനിക്ക് ഏറെ പ്രിയപ്പെട്ട നുണകുഴി കവിൾ മാത്രം നോക്കി കൊണ്ടു.

ഇന്നാണ് ജീവന്റെ കൂടെ ശീതളും പങ്കെടുക്കുന്ന മീറ്റിങ്. ഉച്ചക്ക് ശേഷം കൃഷ്ണൻ വീട്ടിൽ നിന്നും ഇറങ്ങാതെ ടിവിയിൽ ന്യൂസ് കണ്ടു കൊണ്ടിരിക്കുകയാണ്. ഇടക്ക് ചാനെൽ മാറ്റി നോക്കുന്നുണ്ട് എങ്കിലും ന്യൂസ് ചാനെൽ മാത്രമാണ് കാണുന്നത്. ഇടക്ക് രാധിക വന്നു ന്യൂസ് ചാനെൽ മാറ്റാൻ പറഞ്ഞെങ്കിലും ഭാര്യയെ ചീത്ത പറഞ്ഞു അയാൾ വീണ്ടും കണ്ണുകൾ സ്ക്രോൾ ചെയ്യുന്ന ന്യൂസിലേക്ക് പോയിക്കൊണ്ടിരുന്നു.

“വളരെ പ്രധാനപ്പെട്ട പുതിയ വാർത്തയിലേക്ക് കടക്കുകയാണ്. പ്രശസ്ത സിനിമാ താരം ഗൗതം മാധവ്നേയും ഗൗതമിന്റെ കമ്പനിയിലെ തന്നെ എംപ്ലോയ്‌ ആയിരുന്ന ഒരു യുവതിയെയും ഹോട്ടലിൽ ഒരുമിച്ചു ഒരു റൂമിൽ വച്ചു കാണാൻ ഇടയായ സാഹചര്യത്തിൽ സദാചാരഗുണ്ടകൾ എന്നു തോന്നിപ്പിക്കുന്ന ചില ആളുകളുടെ ഇടപെടൽ മൂലം പിടിച്ചു വെച്ചു. അവസാനം പോലീസ് ഇടപെട്ടു പ്രശ്നം പരിഹരിച്ചെന്നാണ് പുതിയ വാർത്ത… വാർത്തയുടെ കൂടുതൽ വിഷാദംശങ്ങളിലേക്കു കടക്കാം…” ന്യൂസ് പൂർത്തിയാകും മുന്നേ ടീവിയുടെ നേർക്ക് വലിയ ഫ്ലവർ പോട്ട് വന്നു വീണു സ്ക്രീൻ ആകെ പൊളിഞ്ഞു. നോക്കുമ്പോൾ ശീതൾ ദേഷ്യത്തിൽ ഉറഞ്ഞു തുള്ളി നിൽക്കുന്നു… കൃഷ്ണൻ എന്തു ചെയ്യുമെന്നോ പറയുമെന്നോ അറിയാതെ സോഫയിൽ ഇരുന്നു പോയി.

അപ്പോൾ തന്നെ കൃഷ്ണന്റെ ഫോണിലേക്ക് ഒരു കാൾ വന്നു.

“എന്റെ മകന് വെച്ച കെണിയായിരുന്നു അല്ലെ കൃഷ്ണ… കണ്ടോ അതെങ്ങനെ തിരിച്ചു നിനക്ക് തന്നെ പണിയായതെന്നു”… മറുഭാഗത്ത് പ്രകാശിന്റെ പൊട്ടിച്ചിരിക്കുന്ന ശബ്ദം.

..തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിലാവിനായ് : ഭാഗം 1

നിലാവിനായ് : ഭാഗം 2

നിലാവിനായ് : ഭാഗം 3

നിലാവിനായ് : ഭാഗം 4

നിലാവിനായ് : ഭാഗം 5

നിലാവിനായ് : ഭാഗം 6

നിലാവിനായ് : ഭാഗം 7

നിലാവിനായ് : ഭാഗം 8

നിലാവിനായ് : ഭാഗം 9

നിലാവിനായ് : ഭാഗം 10

നിലാവിനായ് : ഭാഗം 11

നിലാവിനായ് : ഭാഗം 12

നിലാവിനായ് : ഭാഗം 13

നിലാവിനായ് : ഭാഗം 14