Friday, April 26, 2024
Novel

നിലാവിനായ് : ഭാഗം 14

Spread the love

നോവൽ
****
എഴുത്തുകാരി: സേഷ്മ ധനേഷ്‌

Thank you for reading this post, don't forget to subscribe!

പുതിയ കണക്ക് കൂട്ടലുകളുമായി കൃഷ്ണൻ അവിടെ തറഞ്ഞു നിന്നു. പ്രകാശ് രാജുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കൃത്യം ഒരാഴ്ച കഴിഞ്ഞായിരുന്നു രജിസ്ട്രേഷന് നിശ്ചയിച്ചത്. അന്ന് തന്നെ മുഴുവൻ കാശും കൊടുത്തുകൊണ്ടായിരുന്നു രജിസ്ട്രേഷന്. പ്രകാശിന്റെ മുഖത്തു വല്ലാത്തൊരു വിജയ ചിരി ഉണ്ടായിരുന്നു. പേപ്പർ ഒപ്പിട്ട് കൊടുക്കുമ്പോഴാണ് കൃഷ്ണൻ ഒരു കാര്യം ശ്രെദ്ധിക്കുന്നത്. ജീവന്റെ പേരിലാണ് രജിസ്ട്രേഷൻ.

കുറച്ചു ദിവസങ്ങൾ കൊണ്ടു പ്രകാശിന്റെ സ്വത്തുക്കളുടെ കണക്കുകൾ കൃഷ്ണന് കാണാപാടം ആയി. അറിഞ്ഞത് മാത്രമല്ല അറിയാൻ ഇനിയുമേറെ ഒരുപാട് ഉണ്ടെന്നാണ് പുതിയതായി കിട്ടിയ വിവരം. കൃഷ്ണന്റെ മനസിൽ പുതിയ കണക്കു കൂട്ടലുകൾ ഓരോന്നായി തുടങ്ങി കഴിഞ്ഞിരുന്നു. ഇനി മകളെ വച്ചു കളിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. ജീവൻ ഇതുവരെ ഒന്നും അറിഞ്ഞിട്ടില്ല… അവൻ സത്യങ്ങൾ അറിയും മുന്നേ ശീതളുമായുള്ള അവന്റെ കല്യാണം എന്തു കുബുദ്ധി ഉപയോഗിച്ചാണെങ്കിലും നടത്താൻ തന്നെ കൃഷ്ണൻ കണക്കു കൂട്ടി.

അധികമൊന്നും സംസാരിക്കാതെ പ്രകാശ് കൗശലമായ ചിരിയോടെ പൈസയും കൊടുത്തു കൃഷ്ണന് ഒരു കയ്യും കൊടുത്തു പിരിഞ്ഞു.

തൊണ്ണൂറു ലക്ഷം… ഇനി പത്തു ലക്ഷം കൂടി ചേർത്തു വേണം ഒരു കോടി രൂപ പുതിയ ബിസിനസ് ഇറക്കാനായി വേണ്ടത്. ഇത്തവണ തന്റെ ബിസിനസ് തട്ടകം ഒന്നു മാറ്റി പിടിക്കാൻ തീരുമാനിച്ചു. ബാംഗ്ലൂരിൽ ആണ്… ഇത്തവണ ടെക്സ്റ്റയിൽ ബിസിനസ് ആണ് തിരഞ്ഞെടുത്തത്. പഴയൊരു കൂട്ടുകാരൻ വഴി. ഒരു കോടിയാണ് ആദ്യ മുതൽ മുടക്ക്… പങ്കാളിത്ത ബിസിനസ്… അവനും കൂടിയുണ്ട്. അതുകൊണ്ടു മാത്രം തയ്യാറായതാണ്. പത്തു ലക്ഷം പിന്നെ കയ്യിൽ ഉണ്ടായിരുന്നു. അതുകൂടി ചേർത്തു ഇന്ന് തന്നെ പൈസ ഏൽപ്പിക്കാൻ കൃഷ്ണൻ തീരുമാനിച്ചു. എഗ്രിമെന്റ് ഇന്ന് തന്നെ എഴുതണം. അധികം പൈസ കയ്യിൽ സൂക്ഷിക്കുന്നതും അത്ര നല്ലതല്ല. തന്റെ കൂട്ടുകാരനെ കൂട്ടി ഇന്ന് തന്നെ എഗ്രിമെന്റ് എഴുതാൻ വിളിച്ചു പറഞ്ഞു.

“കൃഷ്ണാ നമുക്ക് ഭാഗ്യമുണ്ട്. നമ്മുടെ പുതിയ ബിസിനസ് മേജർ പങ്കാളിത്തം ഉള്ള ആ വലിയ കാശുകരൻ ഉണ്ടല്ലോ… അദ്ദേഹം നാട്ടിലുണ്ട്. നമുക്ക് നേരിട്ട് കാണാമെന്നു പറഞ്ഞു. നീ എന്തായാലും ഈ വഴി വായോ… അയാൾ ഇപ്പൊ വേറെ എവിടെയോ ആണ് ആളുടെ മാനേജർ ബാക്കി കാര്യങ്ങൾ ഒക്കെ ചെയ്തു തരും”

കൃഷ്ണൻ ഫോൺ വച്ചു. നേരെ കൂട്ടുകാരന്റെ അടുക്കലേക്ക് വച്ചു പിടിച്ചു. എങ്കിലും ഒരു അപായ സൂചന. വേണോ. എടുത്തു ചാടണോ. പെട്ടന്ന്… അടുത്ത ബിസിനസിലേക്ക് പോകണോ… അയാളുടെ ഉള്ളം ഒരുപാട് ചോദ്യങ്ങൾ കൊണ്ടു നിറഞ്ഞു. ശരി… എന്തായാലും പ്രകാശിന്റെ മുൻപിൽ മുട്ടുമടക്കി… ഇനിയില്ല… ഇനി മുന്നോട്ട് തന്നെ… ചിലപ്പോ ഈ ബിസിനസിൽ നിന്നും നല്ല പുരോഗതിയുണ്ടാകും. തനിക്ക് അറിയാത്ത ഒരു ഫീൽഡ് ആണെങ്കിലും കൂട്ടുകാരൻ ഉള്ള ധൈര്യത്തിലാണ് ഇത്രയുമധികം പൈസ മുടക്കാൻ തീരുമാനിച്ചത് തന്നെ.

കൂട്ടുകാരനെയും കൂട്ടി കൃഷ്ണൻ പുതിയ ബിസിനസ് ചെയ്യുന്ന അവന്റെ മുതലാളിയുടെ മാനേജരുടെ അടുത്തു പോയി എഗ്രിമെന്റ് ഒപ്പിട്ടു കൊടുത്തു പൈസയും കൈമാറി. നെഞ്ചിൽ ഒരു വിലക്കം. അത്രയും പൈസ ഒരുമിച്ചു കൊടുക്കുമ്പോൾ. എങ്കിലും ആഴത്തിൽ മുങ്ങി കൊണ്ടിരിക്കുന്ന ഒരു കപ്പലാണ് തന്റെ ബിസിനസ് സാമ്രാജ്യം… ഒരു തിരിച്ചു കയറ്റത്തിനു ഒരു കൈത്താങ്ങ് കൂടിയേ തീരൂ… അതിനു വേണ്ടിയാണ് തൻ്റെയി സാഹസം… എല്ലാം നല്ലതിനാകുമെന്നു ഉറപ്പിച്ചു കൊണ്ടു കൃഷ്ണൻ അവിടെ നിന്നു.

“ബോസ് ഇപ്പൊ വരും ഒരു അഞ്ചു മിനിറ്റു കാത്തിരിക്കാൻ പറഞ്ഞു”… മാനേജർ പറഞ്ഞു തീരും മുന്നേ ഒരു പോർഷെ കാർ അവിടെ വന്നു നിന്നു. കാറിൽ നിന്നും ഇറങ്ങിയ പ്രകാശിനെ കണ്ടപ്പോൾ തന്നെ കൃഷ്ണന്റെ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു. കണ്ണുകൾ തുറിച്ചു വന്നു. പ്രകാശിന്റെ ചുണ്ടിൽ അപ്പോഴും വിജയ ചിരിയുണ്ടായിരുന്നു. താൻ ചതിക്കപ്പെട്ടിരിക്കുന്നു എന്നു ഉള്ളിൽ ഇരുന്നു ആരോ പറയും പോലെ… കൃഷ്ണന്റെ നെഞ്ചിൽ ഒരു മുഴക്കം… എഗ്രിമെന്റ് ഒപ്പിട്ടു കൊടുക്കുകയും ചെയ്തു പോയി.. ഇനി ഒരു വർഷത്തേക്ക് അതു ബ്രേക്ക് ചെയ്യാൻ കഴിയില്ല. അങ്ങനെയൊരു ക്ലോസ് കൂടി അതിലുണ്ടായിരുന്നു… കൃഷ്ണന്റെ മനസിലേക്ക് ആദ്യം ഓടിയെത്തിയത് തന്റെ പണത്തിന്റെ മൂല്യമാണ്. കയ്യിൽ ഉള്ളതും നഷ്ടമാകാൻ പോകുന്നുവെന്ന് ഹൃദയം അലറി പറയുംപോലെ അയാൾക്ക്‌ തോന്നി.

പ്രകാശ് തന്റെ മുഖത്തു നിന്നു വില കൂടിയ കറുത്ത കണ്ണട എടുത്തു… ഒരു രാജകീയ ഭാവമായിരുന്നു ആ നിമിഷം അയാൾക്ക്‌. കൃഷ്ണന് നേരെ അഭിവാദ്യത്തിനായി കൈകൾ നീട്ടി… പുച്ഛം കലർന്ന മുഖഭാവത്തോടെ തന്നെ… കൃഷ്ണന്റെ കൂടെയുള്ള കൂട്ടുകാരൻ കൃഷ്ണനെ പ്രകാശിനു പരിചയപെടുത്തി കൊടുക്കുന്ന തിരക്കിലായിരുന്നു. ആ സമയം പ്രകാശിന്റെയും കൃഷ്ണന്റെയും മനസിലെ പോർവിളികൾ അവരുടെ കണ്ണുകളിൽ തെളിഞ്ഞു കണ്ടിരുന്നു. കൂട്ടുകാരൻ ഇരുവർക്കുമിടയിൽ നിന്നും അകന്നു മാറിയ നിമിഷം പ്രകാശ് ഒന്നു കൂടി കൃഷ്ണനോട് ചേർന്നു നിന്നു കൊണ്ടു പറഞ്ഞു… “നിനക്ക് ഞാൻ തന്ന പണം… നിന്റെ കയ്യിൽ ഉള്ളതും കൂട്ടി ഒരു കോടിയായി എന്നിലേക്ക് തന്നെ വന്നു ചേർന്നത് കണ്ടോ… ചേർന്നതല്ല… ഞാൻ വരുത്തിച്ചതാണ് ആ പണം എന്റെ കൈകളിലേക്ക് തന്നെ… നീ നോക്കി ഇരുന്നോ… നിന്റെ പതനത്തിന്റെ ആദ്യ പടി ഇന്ന് ഇവിടെ തുടങ്ങി. പ്രകാശിന്റെ വാക്കുകൾ കൃഷ്ണന്റെ ഹൃദയത്തിൽ മുഴക്കം കൂട്ടി… അവന്റെ ഹൃദയതാളം പോലും തെറ്റിപോയ അവസ്ഥയിലായി. പ്രകാശ് അവിടെ നിന്നും പോയിട്ട് നിമിഷങ്ങൾ ഏറെ കഴിഞ്ഞെങ്കിലും അയാളുടെ വാക്കുകൾ കൊണ്ടു ഉണ്ടായ ഞെട്ടലിൽ നിന്നും മുക്തനാകാൻ പിന്നെയും സമയം ഒരുപാട് വേണ്ടി വന്നു.

അത്യാവശ്യമായ കാര്യങ്ങൾ സംസാരിക്കാനായി മാധവന്റെ ക്യാബിനിൽ എത്തിയതായിരുന്നു ജീവനും ഗൗതവും പിന്നെ അവരുടെ അസിസ്റ്റാൻസും.

“ഇന്ന് തിങ്കൾ… ബുധനാഴ്ചയാണ് രാജ് ഗ്രൂപ്‌സ് ആയി അടുത്ത മീറ്റിങ് വരുന്നത്. അതൊരു പ്രധാനമായ മീറ്റിങ് കൂടിയാണ്. നമ്മൾ കാണിച്ച പ്രോജക്ട് അവർ അപ്പ്രൂവ് ചെയ്തെങ്കിലും കുറച്ചുകൂടി ആവശ്യങ്ങൾ അവർ പറഞ്ഞിരുന്നു. അതിനു അനുസരിച്ചു ഗൗതം അതു മാറ്റുകയും ചെയ്തിരുന്നല്ലോ…” മാധവൻ ഇല്ലേ എന്ന അർത്ഥത്തിൽ ഗൗതമിനെ നോക്കി.

“യെസ്” അവൻ മറുപടിയും പറഞ്ഞു.

“ഒക്കെ… അപ്പൊ അതു കൂടി ഉൾപ്പെടുത്തി ആ പ്രോജക്ട് ഒന്നു കൂടി പ്രകാശ് രാജിനെ കാണിക്കണം. ബിസിനസ് മീറ്റ് ഇതുവരെ ഗൗതം ചെയ്യാത്തതുകൊണ്ടു ജീവൻ പോകട്ടെ…” മാധവൻ ജീവന്റെ മുഖത്തേക്ക് നോക്കി. അവിടെ പക്ഷെ ഒരു അതൃപ്തി അയാൾ കണ്ടു.

“സർ… ഒരു കാര്യം… ഞാൻ എന്തായാലും ആറു മാസം തികച്ചും ഇനി ഇവിടെ കാണില്ല. ആ പ്രോജക്ട് കഴിയാൻ അതിലേറെ സമയമെടുക്കുകയും ചെയ്യും… അതുകൊണ്ടു മുന്നോട്ട് ഉള്ള കാര്യങ്ങൾ നോക്കുമ്പോൾ ഗൗതം തന്നെ പോകുന്നതല്ലേ നല്ലതു”

ജീവൻ പറഞ്ഞതിൽ കാര്യമില്ലാതില്ല. പക്ഷെ ഈ പ്രോജക്ട് പൂർണ്ണമായും ഉറപ്പിക്കാൻ അതു ജീവനെ കൊണ്ടു മാത്രമേ കഴിയൂ.

“സമയമുണ്ടല്ലോ ജീവൻ… എന്തായാലും ഈ മീറ്റിങ് ജീവൻ അറ്റൻഡ് ചെയ്താൽ മതി. സോ പ്രോജക്ട് ഒന്നുകൂടെ പഠിച്ചു തയ്യാറാകൂ”

സ്വന്തം ക്യാബിനിൽ തിരിച്ചെത്തിയ ഗൗതത്തിന്റെ മുഖത്തു മുൻപത്തെ തിളക്കം കണ്ടില്ല. ദേവ്നി ഒന്നു രണ്ടു ഫയലുകളും പുതിയ ക്ലയന്റ് ഡീറ്റൈൽസ് ഒക്കെ കൊടുക്കാൻ വേണ്ടി പല വട്ടം ക്യാബിനിൽ കയറിയപ്പോഴും അവന്റെ നിസ്സംഗഭാവം ശ്രെദ്ധിച്ചിരുന്നു.

“സർ… എന്തു പറ്റി… ആകെ ഒരു മൂഡ് ഓഫ് ആയപ്പോലെ”

“ഹേയ്… നത്തിങ് ദേവ്നി… തോന്നിയതാകും” മുഖത്തു പഴയ പ്രസാദം തിരികെ കൊണ്ടുവരാൻ എന്നപോലെ അവൻ പുഞ്ചിരിയെടുത്തണിഞ്ഞു.

“സാറിനു അഭിനയിക്കാൻ ഉള്ള കഴിവ് ഉള്ളത് നന്നായി. ഈ ചിരിയും ഗൗരവവും കണ്ണിലെ തിളക്കവുമൊക്കെ നിമിഷത്തിൽ അല്ലെ മാറി കൊണ്ടിരിക്കുന്നത്” ദേവ്നിയുടെ വാക്കുകൾ കേട്ടു അവന്റെ കണ്ണുകളിൽ കുസൃതി വിരിഞ്ഞു. എന്തോ ഒന്നു പിടിക്കപ്പെട്ടപോലെ അവളിൽ നിന്നും.

“അപ്പൊ മിസ് ദേവ്നി ഇവിടെ എന്റെ മുഖത്തിലെ ഭാവങ്ങൾ എന്തൊക്കെയാണെന്ന് നോക്കി ഇരിക്കുവാണോ… എന്നെ നന്നായി പഠിക്കുന്നുണ്ടല്ലോ” കള്ളം പിടിക്കപ്പെട്ടു ദേവ്നി… ഇനി നിനക്ക് രക്ഷയില്ല… അവൾ സ്വയം പറഞ്ഞു കൊണ്ടു എരിവ് വലിക്കും പോലെ ശബ്ദമുണ്ടാക്കി ഇരു കണ്ണുകളും അടച്ചു. അവളുടെ കുട്ടികളുടേത് പോലെയുള്ള ഭാവം കണ്ടു ഗൗതം കണ്ണിമ ചിമ്മാതെ അവളെ തന്നെ നോക്കിയിരുന്നു.

“തണൽ വീട്ടിൽ കുഞ്ഞി പിള്ളേരുടെ കൂടെയാണല്ലേ അധികവും കൂട്ടു… അതല്ലേ ഈ സ്വഭാവം ഇങ്ങനെ കുട്ടിത്തം നിറഞ്ഞു നിൽക്കുന്നെ”

“സാർ എന്റെ മുഖത്തു വിരിഞ്ഞ ഭാവങ്ങൾ വിശദീകരിച്ചു പറഞ്ഞു ഉള്ള വിഷയത്തിൽ നിന്നും വ്യതിചലിക്കുന്നു… സത്യം പറ എന്തായിരുന്നു വിഷമം”

ദേവ്നിയുടെ സ്വാതന്ത്രത്തോടെയുള്ള തന്നോടുള്ള ചോദ്യവും പെരുമാറ്റവും നോക്കി കാണുകയായിരുന്നു ഗൗതം ആദ്യത്തെതിൽ നിന്നും ഒരുപാട് മാറിയിരിക്കുന്നു. തന്നോടു വളരെയേറെ അടുപ്പം കാണിക്കുന്നുണ്ട്. ഒരു കൂട്ടുകാരൻ എന്നപോലെ… ദേവ്നിയെ നോക്കി ചിരിച്ചു കൊണ്ടു തന്നെ ഗൗതം ഇരുന്നു… തന്റെ മുഖത്തിനു നേരെ രണ്ടു വിരലുകൾ ശബ്ദം ഉണ്ടാക്കിയപ്പോൾ ആയിരുന്നു ഗൗതം ചിന്തയിൽ നിന്നും മുക്തനായത്.

“സർ എന്താ ആലോചിക്കുന്നെ”

“ഹേയ് ഒന്നുമില്ലടോ… ഞാൻ …. അതു പിന്നെ.. ”

“എനിക്ക് മനസിലാകും സർ… ആ പ്രോജക്ട് ചെയ്യാൻ വേണ്ടി സർ കുറെ തല പുകച്ചതാണെന്നു അറിയാം. ജീവൻ സറിനെക്കാളും ആ പ്രോജെക്ടിന്റെ ഓരോ മുക്കും മൂലയും ഗൗതം സാറിനാണ് അറിയുന്നതെന്നു എനിക്ക് മനസിലായി. അതു ഭംഗിയായി അവതരിപ്പിക്കാനുള്ള എല്ലാ തയ്യാറെടുപ്പും നടത്തിയതാണെന്നും അറിയാം… പെട്ടന്ന് ആ അവസരം നഷ്ടമായത് കൊണ്ടുള്ള ഒരു പരിഭവം അല്ലെ ഈ മുഖത്തു” ഗൗതം പറഞ്ഞു മുഴുവിപ്പിക്കും മുന്നേ ദേവ്നി അവന്റെ മനസിൽ ഉള്ളത് തുറന്നു പറഞ്ഞപ്പോൾ അവനു ശരിക്കും അതിശയമായി.

“താൻ… താൻ എന്നെ പഠിച്ചു തുടങ്ങിയല്ലോ”

“ഉം… പഠിച്ചു വരുന്നു…. സർ ഈ ചെറിയ കാര്യത്തിന് ഡെസ്പ് ആകരുത്. പിന്നെ സാറിനു കഴിവില്ലാത്തത് കൊണ്ടല്ല ജീവൻ സാറിനെ ആ ജോലി ഏൽപ്പിച്ചത്. ഗൗതം എന്ന സിനിമ നടൻ നല്ലൊരു ബിസിനസ് മാൻ ആകാനുള്ള എല്ലാ കഴിവുകളും ഉണ്ടെന്നു ആദ്യ പ്രോജെക്ടിൽ തന്നെ തെളിയിച്ചതാണ്. അതുകൊണ്ടു അങ്ങനെയൊരു അപകർഷതാ ബോധം ഒന്നും വേണ്ട…. മാധവൻ സർ അല്ലെ ചിലപ്പോ അവസാന നിമിഷത്തിൽ ഗൗതം സാറിനെ തന്നെ ആയിരിക്കും മീറ്റിങ് പറഞ്ഞയക്കുന്നത്. അതുകൊണ്ടു എപ്പോഴും തയ്യാറെടുക്കുന്നത് നല്ലതാണ്” ഗൗതം തന്റെ ഇരു കണ്ണുകളും അടച്ചുകൊണ്ടു സമ്മതം അറിയിച്ചു. ദേവ്നി കയ്യിലെ നോട്ട് എടുത്തു ക്യാബിൻ വിട്ട് ഇറങ്ങാൻ തുനിഞ്ഞു.

“ദേവ്നി” ഗൗതമിന്റെ ആ ഒരു പിൻവിളി അവൾ പ്രതീക്ഷിച്ചിരുന്നു. അവനെ തിരിഞ്ഞു നോക്കിയില്ല. അവിടെ തന്നെ പാദങ്ങൾ നിശ്ചലമാക്കി അവൾ നിന്നു.

“ഇപ്പൊ… ഇപ്പൊ മനസു കൊണ്ട് അടുത്തില്ലേ… എന്നെ പേരു വിളിക്കാമല്ലോ ഇനി… ഒന്നുമില്ലെങ്കിലും ഈ സർ വിളി ഒന്നു ഒഴിവാക്കി വിടെഡോ”

“ഞാൻ മനസുകൊണ്ട് അടുത്തില്ല… ആ മനസു പഠിച്ചു വരുന്നതേയുള്ളൂ… മുഴുവൻ ആകട്ടെ… അപ്പോൾ ആലോചിക്കാം” അവൾ അവനു മുഖം കൊടുക്കാതെ ക്യാബിൻ വിട്ടു പോയെങ്കിലും അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയും കവിളിൽ വിരിഞ്ഞ നുണകുഴിയും അവൻ മനസിൽ കണ്ടിരുന്നു.

അന്നും ശീതൾ കലി തുള്ളിയാണ് വീട്ടിലേക്ക് കേറി വന്നത്. കയ്യിൽ കിട്ടിയ എല്ലാം തന്നെ വലിച്ചിട്ടു നശിപ്പിച്ചു കൊണ്ടിരുന്നു. കൃഷ്ണൻ അവളുടെ ദേഷ്യം അടങ്ങും വരെ സോഫയിൽ തല കുമ്പിട്ടു ഇരുന്നു… അതുവരെ അവളെ ഒന്നു ശാസിക്കാനോ നിയന്ത്രിക്കാനോ പോയില്ല. അവളുടെ ദേഷ്യം അവൾ തന്നെ നിയന്ത്രിക്കട്ടെയെന്നു കരുതി. കുറെ നേരത്തിനു ശേഷം ചെറിയ എങ്ങലടികളോടെ അയാളുടെ കാലിനു കീഴെ അവൾ വന്നിരുന്നു. അയാൾ പതുക്കെ അവളുടെ തലയിൽ തലോടി… “ഇന്നത്തെ പ്രശ്നം എന്താ മോളെ”

“ഗൗതം എൻറെയടുത്തു നിന്നു അകലുന്ന പോലെ… ഇപ്പൊ ആ പെണ്ണും അവനോടു ചിരിച്ചും കളിച്ചുമൊക്കെ സംസാരിക്കാൻ തുടങ്ങി… എന്നെയൊന്നു നോക്കുന്ന കൂടിയില്ല…”

“അതു മാത്രമല്ലലോ ഇന്നത്തെ പ്രശ്നം… ഇത്രയും രൂക്ഷമായി ദേഷ്യം പുറത്തു വരണമെങ്കിൽ മറ്റെന്തെങ്കിലും കൂടി കാണണം”

“ജീവൻ… അവൻ തന്നെയാണ് പ്രശ്‌നം… ഭയങ്കര റൂഡ് ആണ് അയാൾ. ജോലിയിൽ ഇത്രയും കർക്കശക്കാരൻ ആയിരുന്നെന്ന് എനിക്ക് ഇപ്പോഴാ മനസിലായത്” അതു കേട്ടു കൃഷ്ണൻ ഉറക്കെ ചിരിച്ചു. അയാളുടെ ചിരി അവളെ കളിയാക്കുന്നത് പോലെ അവൾക്ക് തോന്നി.

“അച്ഛൻ എന്നെ കളിയാക്കുകയാണോ”

“അല്ല മോളെ. ജീവൻ കർക്കശക്കാരൻ ആണെന്ന് എനിക്ക് നന്നായി അറിയാം. അവൻ നിന്നെ നന്നായി മോൾഡ് ചെയ്തെടുക്കും. അവന്റെ കൂടെയുള്ള ജോലി നല്ലതാണ്. ഭാവിയിൽ നിനക്ക് തന്നെ ഗുണം ചെയ്യും. അവന്റെ കഴിവ് അറിയുന്നത് കൊണ്ടല്ലേ മാധവൻ അവനെ വിടാതെ പിടിച്ചു വച്ചിരിക്കുന്നത്”

“ഉവ്വ… ഇനി ഒരു ആറു മാസം കൂടി സഹിച്ചാൽ മതിയല്ലോ”

“ആറു മാസം വരെ അവൻ ഉണ്ടാകൂ എന്നത് നിന്റെ വെറും തോന്നലാണ്. അവനെ അവിടെ തന്നെ പിടിച്ചു നിർത്താനുള്ള മാധവന്റെ ഒരു അടവ് മാത്രമാണ് ഈ ആറു മാസം… അതു കഴിയുമ്പോൾ അയാൾ അടുത്ത ബുദ്ധി ഉപയോഗിച്ചു അവനെ അവിടെ തന്നെ നിർത്തും… നീ നോക്കിക്കോ”

“അതു എന്തെങ്കിലും ആകട്ടെ… ഈ ബുധനാഴ്ച ഒരു മീറ്റ് ഉണ്ട്. അന്നത്തെ ആ വലിയ പ്രോജക്ട് ഇല്ലേ രാജ് ഗ്രൂപ്‌സ്… അവരുമായാണ് മീറ്റ് അതും ഹോട്ടൽ ബ്ലൂ മൂണിൽ വച്ചു. ഇത്തവണ അയാളുടെ… ആ ജീവന്റെ കൂടെ പോകേണ്ടത് ഞാൻ ആണ്” ശീതളിന്റെ സംസാരത്തിൽ നിന്നും തനിക്കു ഒരു കച്ചി തുരുമ്പ് കിട്ടിയ പോലെ കൃഷ്ണന്റെ കണ്ണുകൾ തിളങ്ങി.

“മോൾ എന്താ പറഞ്ഞു വരുന്നത്”

“രാജ് ഗ്രൂപ്‌സ് ആയുള്ള മീറ്റിങ്… ഞാനും ജീവനും ആണ് പോകുന്നേ… ജീവന്റെ അസിസ്റ്റന്റ് ഞാൻ ആണല്ലോ… ബ്ലൂ മൂണിൽ ആദ്യമായാണ് ഒരു മീറ്റിങ്. റൂം ബുക് ചെയ്തു കഴിഞ്ഞു”

ശീതൾ പറഞ്ഞു കൊണ്ടു ദേഷ്യത്തിൽ ചവിട്ടി കുലുക്കി അകത്തേക്ക് പോയി.

കൃഷ്ണന്റെ മനസിൽ അടുത്ത കണക്കു കൂട്ടലുകൾ തുടങ്ങി കഴിഞ്ഞിരുന്നു. എന്റെ മോൾ എന്നോട് ക്ഷമിക്കണം… അച്ഛന് ഇതല്ലാതെ വേറെ വഴിയില്ല… പ്രകാശിന്റെ സ്വത്തുക്കൾ എല്ലാം തന്നെ അവന്റെ മകന്റെ കൈകളിൽ വരും… അപ്പൊ അവന്റെ വാമഭാഗത് നീ വരണം… നിന്നെ നിർത്താൻ എനിക്കറിയാം” ക്രൗര്യത്തിൽ അയാളുടെ കണ്ണുകൾ വല്ലാതെ തിളങ്ങി.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിലാവിനായ് : ഭാഗം 1

നിലാവിനായ് : ഭാഗം 2

നിലാവിനായ് : ഭാഗം 3

നിലാവിനായ് : ഭാഗം 4

നിലാവിനായ് : ഭാഗം 5

നിലാവിനായ് : ഭാഗം 6

നിലാവിനായ് : ഭാഗം 7

നിലാവിനായ് : ഭാഗം 8

നിലാവിനായ് : ഭാഗം 9

നിലാവിനായ് : ഭാഗം 10

നിലാവിനായ് : ഭാഗം 11

നിലാവിനായ് : ഭാഗം 12

നിലാവിനായ് : ഭാഗം 13