Friday, April 19, 2024
Novel

നിലാവിനായ് : ഭാഗം 18

Spread the love

നോവൽ
****
എഴുത്തുകാരി: സേഷ്മ ധനേഷ്‌

Thank you for reading this post, don't forget to subscribe!

“നീയറിഞ്ഞത് സത്യമാണ് ജീവൻ. ഞാൻ മനപൂർവ്വം ഗൗതമിനെ പെടുത്തിയതാണ്”

പ്രകാശ് രാജിന്റെ ആ തുറന്നു പറച്ചിലിൽ അവിടെ കൂടെ നിന്നിരുന്ന എല്ലാവരിലും ഒരു ഞെട്ടലും എന്തിനായിരുന്നു എന്ന ഭാവവും ആയിരുന്നു. ആദ്യം വാക്കുകൾ കൊണ്ടു പ്രതികരിക്കാൻ മാധവ് മേനോൻ തന്നെ മുന്നോട്ട് ഇറങ്ങി.

“സർ… എനിക്ക് നിങ്ങളോടു ബഹുമാനവും നിങ്ങളുടെ കഴിവിലും പ്രയത്നത്തിലും ആരാധനയും ഉണ്ടായിരുന്നു.

പക്ഷെ നിങ്ങൾ ഇതുപോലെ ഒരു ചീപ് റിവൻജ് എന്തിന് വേണ്ടിയായിരുന്നു” മേനോനെക്കാൾ മുന്നേ ജീവന്റെ വാക്കുകൾ അവിടെ ആദ്യം പ്രതികരിച്ചു. അച്ഛൻ എന്ന വിളിക്ക് പകരം സർ എന്ന വിളി…

ജീവന്റെ വാക്കുകളിൽ സർ എന്ന വിളി മാത്രമാണ് പ്രകാശ് കേട്ടത്. അയാൾ ജീവനെ തന്നെ ഉറ്റു നോക്കുകയായിരുന്നു. അയാളുടെ മനസു മൗനമായി അച്ഛനാണെന്നു ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നു.

അതിന്റെ പ്രകമ്പനം മുഖത്തും വ്യക്തമായി കാണാമായിരുന്നു.

“പ്രകാശ് രാജ്… ഇതുവരെ നിങ്ങൾ ഒരു മാന്യൻ ആണെന്നാണ് ഞാൻ കരുതിയത്. അതല്ല ഒരു മാന്യന്റെ മുഖം മൂടി ആവരണമാക്കി നടക്കുന്ന ഒരാൾ ആണെന്ന് ഞാൻ കരുതിയില്ല.

നിങ്ങൾക്ക് ഞാനുമായി ലക്ഷ്മി ഗ്രൂപ്പ് ആയി ഒരു ബിസിനസ് താത്പര്യമില്ലായെങ്കിൽ അതു പറഞ്ഞാൽ മതിയായിരുന്നു. അതിനു വേണ്ടി ഇങ്ങനെയൊരു… ചെ… അതും എന്റെ മകനോട് തന്നെ” മാധവ് മേനോൻ ദേഷ്യം വലിഞ്ഞു മുറുകി വാക്കുകളിലൂടെ പറഞ്ഞു കൊണ്ടിരുന്നു.

അവിടെ കൂടി നിന്നവരിൽ നിന്നും കൃഷ്ണന്റെയും സുഭദ്രയുടെയും മുഖം മാത്രം വ്യത്യസ്തമായിരുന്നു.

വർഷങ്ങളായി ആരും അറിയാതെ സൂക്ഷിച്ചു വച്ച രഹസ്യങ്ങൾ ഇന്നിവിടെ കൊഴിഞ്ഞു വീഴുമെന്ന ഭയമായിരുന്നു അവരുടെ മനസിൽ. കൃഷ്ണന് തന്റെ കള്ളങ്ങൾ പിടിക്കപ്പെടുമോയെന്നും കാൽകീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുമോയെന്നുമുള്ള ഭയമായിരുനെങ്കി സുഭദ്രക്ക് തന്റെ മുന്നിൽ നിൽക്കുന്ന പ്രകാശ് രാജ് എന്ന സത്യത്തെ ….

ജീവന്റെ അച്ഛൻ എന്ന സത്യത്തെ അവനു മുന്നിൽ തെളിയുന്ന ഭയമായിരുന്നു.

“അങ്കിൾ… അങ്കിൾ ഒരാൾ കാരണം ഇന്നിപ്പോ എന്തൊക്കെയാ സംഭവിക്കുന്നതെന്ന് അറിയുമോ. അങ്ങനെയൊരു ഇഷ്യൂ ഉണ്ടായത് കൊണ്ട് ഇപ്പൊ എന്റെ ഏട്ടന്റെ തലയിൽ ആകുവാണ് ഈ പെണ്ണ്.

ഏട്ടന് വേണ്ടി നോമ്പ് നോറ്റിരുന്ന ഈ പാവം പിടിച്ച ശീതൾ ഇനി എന്തു ചെയ്യും. ഇത്രയൊക്കെ ചെയ്യാൻ മാത്രം എന്തു തെറ്റാ ഇവർ ചെയ്തത്” ഗായത്രിയും വലിയ ശബ്ദത്തിൽ തന്നെ തന്റെ ഭാഗത്തു നിന്നു പ്രതിഷേധവും അറിയിച്ചു. ശീതൾ കരഞ്ഞു കരഞ്ഞു കണ്ണുകൾ ഒക്കെ വീങ്ങി ഇരിക്കുന്നുണ്ടായിരുന്നു.

ഇപ്പോൾ അവളുടെ കണ്ണുകളിൽ രക്ത വർണ്ണമായിരുന്നു. അവളുടെ നോട്ടത്തിൽ ദേവ്നിയെ ദഹിപ്പിക്കാനുള്ള ചൂടുണ്ടായിരുന്നു.

“ഇനിയുള്ള വിചാരണ ഗൗതവും ദേവ്നിയും കൃഷ്ണനും സുഭദ്രയും മാത്രമാണല്ലോ… നിങ്ങൾക്കൊന്നും പറയാനില്ലേ” പ്രകാശ് യാതൊരു കൂസലുമില്ലാതെ നിസാര ഭാവത്തിൽ നെഞ്ചിൽ കൈകൾ പിണച്ചു കെട്ടി താൻ വന്ന വണ്ടിയിൽ ചാരി നിന്നു ചോദിച്ചു. അയാളുടെ മുഖത്തു ആ നിമിഷവും ഒരു കുസൃതി ചിരിയും നിന്നിരുന്നു.

എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ദേവ്നി ആ നിമിഷം പ്രകാശിന്റെ മുന്നിലേക്ക് വന്നു നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഇതുവരെയും അഭിമാനം മാത്രമേ കൈ മുതൽ ആയുണ്ടായിരുന്നുള്ളൂ…

അതും മനഃപൂർവ്വമല്ലാത്ത തെറ്റിന്റെ പേരിൽ… ഇപ്പോൾ കേൾക്കുന്ന പഴികൾ… എല്ലാം കൊണ്ടും അവൾ ആകെ തകർന്നിരുന്നു.

“സർ… ഞാൻ സാറിനെ ഒഫീഷ്യൽ ആയി കാണും മുന്നേ പരിചയപ്പെട്ടതാണ്. ഓർക്കുന്നുണ്ടോ സാർ.. അന്ന് അമ്പലത്തിൽ വച്ചു.

അന്ന് എന്നോട് സംസാരിക്കുമ്പോഴും എന്നോടുള്ള നോട്ടത്തിലും എല്ലാം ഒരു വാത്സല്യം നിറഞ്ഞിരുന്നു.

അതു ആത്മാർത്ഥത നിറഞ്ഞതായിരുന്നു. ഇപ്പോൾ പോലും എന്നെ നോക്കുന്ന ഈ കണ്ണുകളിൽ ഞാൻ വാത്സല്യം കാണുന്നുണ്ട്. ഒരു കുറുക്കന്റെ കൗശലം അല്ല.

മറിച്ചു എന്നെ നോക്കുമ്പോൾ ഒരു കുറ്റബോധവും ഞാൻ കാണുന്നുണ്ട്. പറ അറിഞ്ഞുകൊണ്ട് സർ എന്തിനാ ഇങ്ങനെ ചെയ്തത്… സാറിന്റെ ഈ മകൾ അച്ചുവിന്റെ പ്രായം തന്നെയല്ലേ എനിക്കുമുള്ളു…

എന്നിട്ടും സാറിനു എങ്ങനെ തോന്നി… ഞാൻ കൂടെ ഉണ്ടെന്നു അറിഞ്ഞിട്ടും… ” ദേവ്നിക്ക് സങ്കടം അധികരിച്ചു വാക്കുകൾ കിട്ടാതെ തടഞ്ഞു നിന്നു.

അവളുടെ തല കുമ്പിട്ടു പോകും മുന്നേ ജീവൻ അവളെ ചേർത്തു പിടിച്ചിരുന്നു. അവളെ ഒരു ശാസനയോടെ അവൻ നോക്കി. “നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ദേവാ… തെറ്റു ചെയ്തതെന്ന ഒരു ചിന്ത പോലും നിനക്ക് പാടില്ല. തെറ്റു ചെയ്യാതെ ഈ തല ആരുടെ മുൻപിലും കുനിക്കരുതെന്നു. ഉയർത്തിപ്പിടിച്ചു തന്നെ നിൽക്കണം”.

അവളുടെ കവിളിൽ തട്ടി അവനത് പറയുമ്പോൾ അവളുടെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി അവനായി വിടർന്നിരുന്നു. ജീവന്റെയും ദേവ്നിയുടെയും നോട്ടം ഗൗതമിൽ ചെന്നു നിന്നപ്പോൾ അവളിലെ പുഞ്ചിരി അവന്റെ ചുണ്ടിലും വിടർന്നു തുടങ്ങിയിരുന്നു.

അവളെ ഇരു കണ്ണുകളും അടച്ചു ഒന്നുമില്ലായെന്നു സമാധാനിപ്പിക്കാൻ ഗൗതം മറന്നില്ല.

പ്രകാശ് രാജ് ജീവനെ നോക്കി കാണുകയായിരുന്നു. രക്തബന്ധം അല്ലാതിരുന്നിട്ടു കൂടി ദേവ്നിയോടുള്ള അവന്റെ കരുതൽ. അവന്റെ സ്നേഹമെല്ലാം. അതു അയാളുടെ കണ്ണുകൾ നിറച്ചു.

പ്രകാശ് രാജ് മുന്നോട്ട് നടന്നു ഗായത്രിയുടെയും ശീതളിന്റെയും അരികിലെത്തി. “ഈ വീട്ടിൽ പെണ്കുട്ടികൾ ഇത്ര ശബ്ദത്തിൽ പ്രതികരിക്കുമെന്നു എനിക്കറിയില്ലായിരുന്നു. ഇന്നത്തെ കാലത്തു പെണ്കുട്ടികളുടെ ശബ്ദം ഉയർന്നു തന്നെ കേൾക്കണം.

അതുപക്ഷേ കാര്യമുള്ള കാര്യത്തിനായിരിക്കണം” അവസാന വാക്കുകൾ പറയുമ്പോൾ അയാളുടെ മുഖം മുറുകിയിരുന്നു.

പ്രകാശ് രാജ് ദേവ്നിക്ക് അരികിലേക്ക് വന്നു. “സത്യത്തിൽ ഇതൊരു കെണിയായിരുന്നു. അതു ഗൗതമിനും ദേവ്നിക്കും വേണ്ടിയായിരുന്നില്ല. പകരം എന്റെ മകന് വേണ്ടിയുള്ളതായിരുന്നു.

എന്റെ മകന്റെ പേരു വരാതിരിക്കാനായി ഞാൻ മനപൂർവ്വം ഗൗതമിനെ വിളിച്ചു വരുത്തിയതാണ്. ഒരു മധുര പ്രതികാരം. എന്റെ മുൻപിൽ എന്റെ ശരികൾ മാത്രമേ ഉണ്ടായിരുന്നുള്ളു… ഇപ്പോഴും അതു അങ്ങനെ തന്നെയാണ്…

എന്റെ മാത്രം ശരികൾ… എന്റെ മകനോളം ബന്ധം എനിക്ക് വേറെ ആരോടുമില്ല… ആ സമയത്തു എനിക്ക് അങ്ങനെ ചെയ്യാനാണ് തോന്നിയത്… അവിടെ നിന്റെ മുഖം എന്റെ മനസിൽ ഉണ്ടായിരുന്നില്ല…

എന്റെ മകൻ മാത്രമായിരുന്നു മനസിൽ. ഈ അച്ഛനോട് ക്ഷമിക്കണം മോള്” ദേവ്നിക്ക് മുൻപിൽ കൈകൾ കൂപ്പി ക്ഷമാപണം പറയുമ്പോൾ അതിശയവും അതിനുമിരട്ടി സംശയങ്ങളും ചോദ്യങ്ങളും ആയിരുന്നു അതു കേട്ടു നിന്ന ഓരോരുത്തരുടെയും മനസിൽ.

മാധവ് മേനോൻ വീറോടെ പ്രകാശിന് മുന്നിൽ വന്നു നിന്നു. “എന്റെ മോനെ ചതിയിൽ പെടുത്താൻ മാത്രം എന്തു പ്രതികാരമാണ് നിങ്ങൾക്ക് എന്നൊടുള്ളത്… എനിക്ക് മനസിലായില്ല മിസ്റ്റർ പ്രകാശ് രാജ്.

ഒരുത്തരത്തിലുമുള്ള ശത്രുതയും നമ്മൾ തമ്മിൽ ഇല്ല. ഒരുതരത്തിലുള്ള ബിസിനസ് ബന്ധങ്ങളും ഇപ്പോഴുള്ള പ്രോജെക്ടിന് മുൻപ് വരെ ഉണ്ടായിരുന്നില്ല.

പിന്നെ… പിന്നെ എന്തു ശത്രുതയാണ്… പറയു… എനിക്കറിയണം” മാധവന്റെ ദേഷ്യത്തിൽ വാക്കുകൾ പ്രവഹിക്കുന്നതിനൊപ്പം അയാളുടെ കൈകൾ പ്രകാശിന്റെ ഷർട്ടിൽ വീണിരുന്നു. ഒരു ചിരിയോടെ മാധവന്റെ കൈകളെ ബലമായി എടുത്തുമാറ്റി പ്രകാശ് രാജ്.

അവിടെ എന്താ നടക്കുന്നതെന്ന് മനസിലാകാതെ നിൽക്കുകയായിരുന്നു ജീവനും ഗൗതവും. അവർ പരസ്പരം കണ്ണുകളാൽ സംവദിച്ചു. പക്ഷെ ജീവന്റെ ഹൃദയമിടിപ്പ് അകാരണമായി കൂടുന്നുണ്ടായിരുന്നു.

“ഞാൻ ഇതു എന്തിനു ചെയ്തുവെന്ന്… ദേ നിൽക്കുന്ന നിന്റെ അളിയനോട് ചോദിച്ചു നോക്കു. കാരണം അയാൾക്ക് വ്യക്തമായി അറിയാം.

മാത്രവുമല്ല അന്ന് ആ ഹോട്ടലിൽ രണ്ട് ദിവസം മുന്നേ അത്രയും സദാചാരവാദികളെ ചിലവ് കൊടുത്തു തമാസിപ്പിച്ചത് അയാളാണ്… തന്റെ അളിയൻ കൃഷ്ണൻ” എല്ലാവരുടെയും കണ്ണുകൾ ഒരു ഞെട്ടലോടെ കൃഷ്ണന്റെ അടുത്തേക്ക് പാഞ്ഞു.

എല്ലാം തകർന്നപ്പോലെ കൃഷ്ണൻ അടുത്തു കണ്ട തൂണിൽ മുറുകെ പിടിച്ചു നിന്നു. അയാൾ നിന്നു വിയർത്തു കൊണ്ടിരുന്നു. കൃഷ്ണന്റെ മുന്നിലേക്ക് ആദ്യമെത്തിയത് ശീതൾ ആയിരുന്നു.

“പ്രകാശ് സർ പറഞ്ഞതു സത്യമാണോ… അച്ഛനാണോ ഇതിനൊക്കെ പിന്നിൽ… പറയു… അച്ഛനാണോ” അവളുടെ മനസിൽ ദേവ്നിയെ ചേർത്തു പിടിക്കുന്ന ഗൗതം ആയിരുന്നു… ആ പകയുടെ ചൂട് അവളുടെ കണ്ണുകളിലൂടെ വെളുത്ത രക്തമായി ഒഴുകിയിരുന്നു.

“അതു… മോളെ… ഞാൻ” മകളെ എന്തു പറഞ്ഞു സമാധാനിപ്പിക്കുമെന്നു അയാൾക്കറിയില്ലായിരുന്നു.

“എടൊ… താൻ ആണോ ഇതു ചെയ്തത്… എന്തിന് വേണ്ടിയാടോ… പറ… എന്തിന് വേണ്ടിയാണ് ചെയ്തത്….” മാധവൻ ചോദിക്കുന്നതിനൊപ്പം അവന്റെ കൈകൾ കൃഷ്ണന്റെ മുഖത്തു ആഞ്ഞു പതിച്ചിരുന്നു.

പെട്ടെന്നുള്ള പ്രഹരത്തിൽ അയാൾ പിന്നിലേക്ക് വേച്ചു വീണുപോയി. അയാളെ എടുത്തു ഉയർത്തി പിന്നെയും അടിക്കാനായി പോയപ്പോൾ സുഭദ്ര മുന്നിലേക്ക് വന്നു നിന്നു അയാളെ തടഞ്ഞു. “എന്റെ ഏട്ടനെ ഒന്നും ചെയ്യല്ലേ… എല്ലാം അയാളാണ് ചെയ്തത്… എന്നിട്ട് അതു എന്റെ ഏട്ടന്റെ തലയിൽ ഇടുന്നതാണ്…

എന്റെ ഏട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല”. ജീവൻ വല്ലാത്തൊരു ഹൃദയഭാരത്തോടെ പ്രകാശിന്റെയും സുഭദ്രയുടെയും മുഖത്തേക്ക് മാറി മാറി നോക്കി. എന്തൊക്കെയോ സംഭവിക്കാൻ പോകുന്ന ഒരു തോന്നൽ അവനിൽ ഉണ്ടായി.

“അതിനു… പ്രകാശ് രാജിനെ നിങ്ങൾക്ക് മുന്നേ അറിയുമോ. ഇതിക്കു മുൻപ് നിങ്ങൾ അയാളെ കണ്ടിട്ടുണ്ടോ….

നിങ്ങൾ തമ്മിൽ എന്താ ബന്ധം” എല്ലാവരുടെയും ഉള്ളിലെ ചോദ്യം മാധവ് മേനോൻ ഓരോന്നായി സുഭദ്രയുടെയും കൃഷ്ണന്റെയും മുഖത്തേക്ക് നോക്കി ചോദിച്ചു.

സുഭദ്രയുടെ കണ്ണുകൾ ജീവനിലും പ്രകാശ് രാജിലും മാറി മാറി പതിഞ്ഞു കൊണ്ടിരുന്നു. കനത്ത നിശബ്ദതയായിരുന്നു കുറച്ചു നിമിഷങ്ങളിൽ. ആ കുറച്ചു നിമിഷങ്ങൾ ഒരു യുഗം പോലെ തോന്നിച്ചു ജീവന്‌.

എന്തോ മനസ് വല്ലാതെ തുടികൊട്ടുന്നു… കണ്ണുകൾ പോലും അവൻ അറിയാതെ നിറയുന്നു. അവന്റെ ഭാവം മനസിലാക്കി ദേവ്നി അവന്റെ കൈകളിൽ മുറുകെ പിടിച്ചു ധൈര്യം നൽകി.

“സുഭദ്രേ… എന്തെങ്കിലുമൊന്നു പറയു. നിങ്ങളോടു അല്ലെ ചോദിച്ചത്… എന്താ ഇതിനൊക്കെ അർത്ഥം… എന്നെ കൂടുതൽ ദേഷ്യം പിടിപ്പിക്കാതെ” സുഭദ്രക്ക് മാധവ് മേനോനെ നേരിടാൻ കഴിയാതെ പോയി.

അയാളുടെ മുഖത്തു നോക്കി എന്താണ് പറയേണ്ടത്. പ്രകാശ് രാജ് ആരാണെന്നു പറയും. തന്റെ ഭൂതകാലം ഒന്നും തന്നെ മാധവ് മേനോൻ ചോദിച്ചിട്ടില്ല. താൻ പറഞ്ഞിട്ടുമില്ല.

“സുഭദ്രേ” അതൊരു അലർച്ച തന്നെയായിരുന്നു മേനോന്റെ. സുഭദ്ര ഒന്നു ഞെട്ടി പിടഞ്ഞു മേനോനെ നോക്കി.

“പ്രകാശ് ഏട്ടൻ… പ്രകാശ് ഏട്ടൻ എന്നെ വിവാഹം ചെയ്തയാളാണ്. ജീവന്റെ… ജീവന്റെ അ..അച്ഛൻ” വിതുംബി കരഞ്ഞു കൊണ്ടായിരുന്നു സുഭദ്ര അതു പറഞ്ഞതു. കൃഷ്ണനും സുഭദ്രയും പ്രകാശും ഒഴികെ എല്ലാവരും ഞെട്ടിത്തരിച്ചു നിന്നു.

ജീവന്റെ ചുണ്ടുകൾ വിറകൊണ്ടു… നിശബ്ദമായി അവന്റെ ചുണ്ടുകൾ ചലിച്ചു “അച്ഛൻ” പ്രകാശിന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കാൻ അവനായില്ല….

പ്രകാശിനെ മുഖമുയർത്തി നോക്കാൻ അവന് കഴിഞ്ഞില്ല. അവൻ ഒരു കുഞ്ഞു കുട്ടിയെ പോലെ ദേവ്നിയുടെ കൈകളിൽ മുറുകെ പിടിച്ചു.

“നീ… നീയെന്താ പറഞ്ഞതു… പ്രകാശ് രാജ്.. പ്രകാശ് രാജ് നിന്റെ… നിന്റെ മുൻ ഭർത്താവ് ആയിരുന്നെനോ” സുഭദ്രക്ക് മേനോനെയും അഭിമുഗീകരിക്കാൻ കഴിയാതെ കണ്ണുനീർ വാർത്തു നിന്നു.

എങ്കിലും അയാൾ തന്നെ ഉപേക്ഷിച്ചു പോയതല്ലേ ഒരു കുഞ്ഞിനെ തന്നു… അതാലോചിച്ചപ്പോൾ അവളിലെ പെണ്ണിന്റെ അഭിമാനം ഉണർന്നു.

കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടു അവൾ മുഖമുയർത്തി ഒരു ദീർഘനിശ്വാസം വെടിഞ്ഞു മേനോനെ നോക്കി അവൾ തുടർന്നു.

“കോളേജിൽ പഠിക്കുന്ന സമയത്തു തമ്മിൽ ഇഷ്ടപ്പെട്ടു. ജാതിയുടെയും സമ്പത്തിന്റെയും പ്രശ്നങ്ങൾ ഒരുപാട് ഉണ്ടായിരുന്നു.

എങ്കിലും എന്നെ കല്യാണം കഴിച്ചു. അയാളുടെ വീട്ടിൽ പതുക്കെ അറിയിക്കാമെന്നും പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ വീട്ടിലേക്ക് ഏട്ടൻ തന്നെ കൂട്ടികൊണ്ടു വന്നു.

കുറച്ചു നാളുകൾ സുഖമായി തന്നെ ജീവിച്ചു പെട്ടന്ന് ഒരു ദിവസം എന്നെ ഉപേക്ഷിച്ചു പോയതാണ്… അന്ന് എന്നെ ഉപേക്ഷിച്ചു പോയപ്പോൾ ഇയാൾ അറിഞ്ഞിട്ടില്ല എന്റെയുള്ളിൽ അയാളുടെ പാപക്കറ വളർന്നു തുടങ്ങിയെന്ന്” സുഭദ്ര കഥ പറഞ്ഞു നിർത്തുമ്പോൾ ജീവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

‘അയാളുടെ പാപക്കറ’ ആ ഒരു വാക്ക്… അവർ ചെയ്ത പാപം ആയിരുന്നു ഞാൻ…

അവന്റെ ഹൃദയം വല്ലാതെ വേദനിച്ചു. അവന്റെ ഹൃദയം പിടച്ചു. അച്ഛനോടുള്ള വിരോധം ആയിരിക്കും തന്നെ സ്നേഹിക്കുന്നതിൽ അമ്മ പിശുക്ക് കാണിച്ചത്…

അങ്ങനെ സമാധാനിക്കാൻ അവൻ ശ്രമിച്ചു. ജീവൻ പ്രകാശിനെ നോക്കുമ്പോൾ അയാളുടെ കണ്ണുകൾ സുഭദ്രയുടെ നേർക്കായിരുന്നു. സുഭദ്രയുടെ ഓരോ ഭാവങ്ങളും തന്റെ കണ്ണുകളാൽ ഒപ്പിയെടുക്കുകയായിരുന്നു.

സുഭദ്ര കണ്ണു തുടക്കുകയും മൂക്ക് പിഴിയുകയുമൊക്കെ ചെയ്യുന്നുണ്ട്. ഇടക്കിടക് പ്രകാശിന്റെ നേർക്ക് രൂക്ഷ നോട്ടവും വിടുന്നുണ്ട്. പ്രകാശിന്റെ ചുണ്ടുകളിൽ ഇതൊക്കെ കാണുമ്പോൾ പുച്ഛം മാത്രമേ തോന്നിയുള്ളൂ.

“കഴിഞ്ഞോ നിന്റെ കഥ പറച്ചിൽ. ഇല്ലെങ്കി ബാക്കി ഞാൻ പറയാം”

“എനിക്ക് നിങ്ങളുടെ കള്ള കഥയൊന്നും കേൾക്കേണ്ട. മാന്യവും മര്യാദക്കും ജീവിക്കുന്നതാണ് ഞാൻ. അതിനിടയിൽ പഴയ ബന്ധത്തിന്റെ പേരും പറഞ്ഞു എന്റെ അടുത്തേക്ക് ആരും വരേണ്ട…

ഞാൻ എങ്ങനെയെങ്കിലും ജീവിച്ചു പോകട്ടെ” സുഭദ്ര കൈ കൂപ്പി പ്രകാശിനോട് പറഞ്ഞു. ജീവന്റെ കണ്ണുകളിൽ ഒരുതരം നിർവികാരതയായിരുന്നു.

താൻ ഒരുപാട് കാത്തിരുന്ന നിമിഷം. പലരാത്രികളിലെ ഒറ്റപെടലിലും തന്റെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളിലും വിജയങ്ങളിലും ഒന്നു മനസ്സറിഞ്ഞു അംഗീകരിച്ചു ചേർത്തു നിർത്താൻ അച്ഛനെങ്കിലും കൂടെ ഉണ്ടായിരുന്നെങ്കിൽ… പക്ഷെ

“സുഭദ്രേ… നിന്റെ മുൻ ഭർത്താവിന്റെ പകയ്ക്കും പ്രതികാരത്തിനും എന്റെ മക്കളെ ബലിയാടാക്കാൻ ഞാൻ സമ്മതിക്കില്ല.

നിങ്ങൾ തമ്മിൽ എന്തു പ്രശ്നം ആണെങ്കിലും അതൊന്നും എന്നെയോ എന്റെ മക്കളെയോ ബാധിക്കാനോ എന്തിനേറെ എന്റെ കുടുംബത്തിന്റെ പടി വാതിലിൽ പോലും വരാൻ പാടില്ല.

ഈ നിമിഷം ഇയാളെ ഇവിടെ നിന്നു പറഞ്ഞു വിടണം” മാധവൻ സുഭദ്രക്ക് നേരെ അലറുകയായിരുന്നു എന്നു വേണം പറയാൻ. സുഭദ്രയും ഒരു നിമിഷം പകച്ചു പോയിരുന്നു.

“ഞാൻ മുഴുവൻ പറഞ്ഞു തീർന്നില്ല മാധവ് മേനോൻ. സുഭദ്ര പറഞ്ഞതു അത്രയും അവൾ അനുഭവിച്ചതും… പിന്നെ അവളുടെ ഏട്ടൻ എന്നു പറയുന്ന…

ദേ… നിൽക്കുന്ന വൃത്തിക്കെട്ടവൻ പറഞ്ഞു പിടിപ്പിച്ച കഥയുമാണ്. ഇനി സത്യാവസ്ഥ ഞാൻ പറയാം…” പ്രകാശ് രണ്ടടി മുന്നോട്ട് വച്ചു സുഭദ്രക്ക് മുന്നിൽ ചെന്നു നിന്നു.

“നിന്നെ സ്നേഹിച്ചും പ്രണയിച്ചും നടന്ന സമയത്തും ഞാൻ മറച്ചു വച്ചിരുന്നൊരു കാര്യമുണ്ട്. എന്റെ യഥാർത്ഥ ഐഡന്റിറ്റി.

ഇന്ന് ഈ കാണുന്ന പണവും സമ്പത്തും പകുതിയിലേറെ എന്റെ കുടുംബ സ്വത്താണ്. ബാക്കി എന്റെ ഈ ജന്മത്തിലെ വിയർപ്പു കൊണ്ട് ഉണ്ടാക്കിയത്.

അന്നും ഞാൻ സാധാരണക്കാരനെ പോലെയായിരുന്നു ജീവിച്ചത്. ഒരിക്കലും പണത്തിന്റെ പ്രഭാവം ഞാൻ നിന്നോട് പറഞ്ഞിട്ടില്ല.

പക്ഷെ നിന്റെ വീട്ടിൽ വന്നപ്പോൾ ഞാൻ കണ്ടു ഒന്നുമില്ലാതിരുന്നിട്ടും എല്ലാ പ്രൗഢിയോടും ജീവിക്കുന്ന നിന്റെ വീട്ടുകാരെ. നിന്നെയും നിന്റെ വീട്ടുകാരെയും കുറെ നാളുകൾ ഞാൻ ജോലിയെടുത്തു നോക്കിയിരുന്നു…

ഓർക്കുന്നുണ്ടോ നീ… അന്ന് വയർ നിറച്ചു ഭക്ഷണവും കഴിച്ചു എന്റെ നെഞ്ചിൽ കിടന്നു പറഞ്ഞതു…

കുറെ നാളുകൾക്കു ശേഷം ഇവിടെയുള്ളവർ രണ്ടു കറികൾ കൂട്ടി സുഭിക്ഷമായി കഴിച്ചുവെന്നു….” അതു പറഞ്ഞു നിർത്തുമ്പോൾ സുഭദ്രയുടെ മുഖം താഴ്ന്നു പോയിരുന്നു. കണ്ണുകൾ ഇറുകെ പൂട്ടി വച്ചു.

“നിന്റെ സഹോദരൻ എനിക്കൊരു സമ്മാനം കരുതിയിരുന്നു. ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴി എന്നെ ഇവനും ഇവന്റെ കുറെ ഗുണ്ടകളും കൂടി…

എന്റെ ഭാഗ്യം കൊണ്ടു ജീവൻ പോകാതെ റോഡിൽ അവശേഷിച്ചു… അവിടെ നിന്നും ആരൊക്കെയോ എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. അവിടെ നിന്നും എന്റെ വീട്ടുകാർ കൊണ്ടുപോയി…

ഏകദേശം ഒന്നര വർഷത്തിന് മുകളിൽ എടുത്തു ഞാൻ രണ്ടു കാലിൽ നടക്കുവാൻ…

പിന്നെയും കുറെ കഴിഞ്ഞു ഞാൻ സാധാരണ മനുഷ്യനെ പോലെയാകുവാൻ” സുഭദ്രയും ജീവനും മറ്റുള്ളവരും ഞെട്ടലോടെ പ്രകാശിന്റെയും കൃഷ്ണന്റെയും മുഖത്തേക്ക് മാറി മാറി നോക്കി.

പ്രകാശ് തന്റെ കണ്ണുകൾ ഇറുകെ പൂട്ടി ഓർമകളെ മനസിലേക്ക് ഒരുവട്ടം കൂടി ആവാഹിച്ചു.

“ആരുടെയും സഹായമില്ലാതെ നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ അന്വേഷിച്ചു വന്നത് നിന്നെ കാണായിരുന്നു സുഭദ്രേ. നിന്റെമേലുള്ള എന്റെ പ്രണയം… നിന്നോടുള്ള എന്റെ സ്നേഹം… നീയുമൊത്തുള്ള ഒരു ജീവിതം…

ഇതൊന്നു മാത്രമായിരുന്നു വീണ്ടും എനിക്ക് പുതുജീവൻ തന്നത്… അല്ലെങ്കി എന്റെ ജീവന്റെ ഓരോ അണുവിലും നീ മാത്രമായിരുന്നു… അത്രയേറെ നിന്നെ ഞാൻ സ്നേഹിച്ചിരുന്നു…

നിന്റെ മുഖമാണ് വീണ്ടും പ്രകാശ് എന്ന എന്നെ എഴുനേല്പിച്ചത്… പക്ഷെ ഞാൻ വന്നപ്പോൾ അറിഞ്ഞത് നീ മറ്റൊരാളുടെ താലിക്ക് തല കുനിച്ചെന്നാണ്.

എന്തുവന്നാലും നീയെന്നെ കാത്തിരിക്കുമെന്നു ഞാൻ പ്രതീക്ഷിച്ചു. നിനക്കു അത്രയേ എന്നോട് സ്നേഹവും കരുതലും ഉണ്ടായിരുന്നുള്ളു അല്ലെ… ഞാൻ… ഞാൻ മാത്രമായിരുന്നു വിഡ്ഢി.

ഞാൻ അറിഞ്ഞു… നിന്നെ ലക്ഷ്മി ഗ്രൂപ്പിലെ മാധവ് മേനോൻ ആയിരുന്നു കല്യാണം കഴിച്ചതെന്നു…” പ്രകാശ് പറഞ്ഞ കഥ കേൾക്കുംതോറും ജീവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു.

തന്റെ ജീവിതം തന്നെ മാറ്റി മറിച്ചത് കൃഷ്ണൻ ആയിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വില്ലൻ… താൻ അറിയാതെ പോയി…

“സന്തോഷകരമായി ഒരു ജീവിതം നീ തിരഞ്ഞെടുത്തത് അറിഞ്ഞു… നീയെന്നെ അവിശ്വസിച്ചു മറ്റൊരു ജീവിതം തിരഞ്ഞെടുത്തത് തന്നെ എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു… അതുകൊണ്ട് ഞാൻ നിന്റെ കണ്മുന്നിൽ പോലും വന്നില്ല.

നിന്നെ സ്നേഹിച്ചപോലെ വേറെയാരെയും സ്നേഹിക്കാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് ഞാൻ വേറെ ഒരു ജീവിതം തേടി പോകാതിരുന്നത്. എന്റെ അറ്റൻഷൻ മുഴുവനും ബിസിനസിലേക്ക് തിരിഞ്ഞു”

“നിങ്ങൾ ഈ പറഞ്ഞ കഥയൊക്കെ ഞാൻ വിശ്വസിച്ചു… ഇപ്പോഴും നിങ്ങൾ പറഞ്ഞില്ല എന്റെ മോനെ എന്തിനുവേണ്ടിയാണ് ഇതിൽ പിടിച്ചിട്ടതെന്നു” മാധവ് മേനോന് ഭൂതകാലം കേൾക്കാൻ വലിയ താത്പര്യമുണ്ടായിരുന്നില്ല.

“ഞാൻ പറഞ്ഞു കഴിഞ്ഞില്ല മാധവാ… അന്ന് ഇവളെ അന്വേഷിച്ചു വന്നപ്പോഴും ഞാൻ അറിഞ്ഞില്ല എന്റെ രക്തം അവളിൽ ജീവനായി വളർന്നത്…

എന്റെ മോനെ കുറിച്ചു ഞാൻ അറിഞ്ഞിരുന്നില്ല… ഈ കഴിഞ്ഞ ബാംഗ്ലൂര് ബിസിനസ് മീറ്റിൽ വച്ചു ഞാൻ എന്റെ മകനെ ഒരു അപരിചിതനെ പോലെ പരിചയപ്പെട്ടു…

അന്ന് അവിടെ വച്ചു അയ്യർ ആണ് പറഞ്ഞതു ജീവൻ ലക്ഷ്മി ഗ്രൂപ്പിലെ മാധവന്റെ വളർത്തു മകൻ ആണെന്ന്… അതു മാത്രമല്ല അയ്യർ പറഞ്ഞതു ഇതുവരെ എന്റെ മകൻ നിന്നിലാൽ നേരിട്ട അവഗണനയും…

സ്വന്തം എന്നു പറയാൻ ഈ ലോകത്തു എനിക്കൊരു മകൻ ഉണ്ടെന്നു വർഷങ്ങൾക്ക് ശേഷം അറിയുന്ന ഒരു അച്ഛന്റെ മാനസികാവസ്ഥ നിങ്ങൾക്ക് പറഞ്ഞാൽ മനസിലാകില്ല…

ഇത്രയും വർഷങ്ങൾ… അവന്റെ ഒറ്റപ്പെടൽ… എല്ലാവരും ഉണ്ടായിട്ടും അനാഥനെ പോലെ അവൻ ജീവിച്ചത്… നിറമാർന്ന അവന്റെ ബാല്യം ഇരുട്ട് മൂടിയത്… അവന്റെ കൗമാരം…

അവന്റെ പുഞ്ചിരി പോലും നഷ്ടമായിരുന്നു….” പ്രകാശിന് ഹൃദയഭാരം കൂടി ശബ്ദം പോലും വിലങ്ങി നിന്നുപോയി. കുറച്ചു സമയത്തേക്ക് ആരുമാരും ഒന്നും പറഞ്ഞില്ല. മാധവ് മേനോനും ഒന്നും പറയാനില്ല… ശരിയാണ്…

അവനെ ജീവനെ ഇതുവരെ ഒരു മകനായി കണ്ടിട്ടില്ല മനസുകൊണ്ട്. അവന്റെ കാലിബെർ മാത്രമേ ആവശ്യത്തിലും അധികം ഉപയോഗിച്ചിട്ടുള്ളൂ.

“നിനക്ക് എങ്ങനെ തോന്നി സുഭദ്രേ… സ്വന്തം മകനെ… ജീവൻ കൊടുത്തു പത്തുമാസം ചുമന്നു പ്രസവിച്ച മകനെ കണ്മുന്നിൽ നിർത്തി മറ്റൊരു മകനോട് മാത്രം സ്നേഹം കൊടുക്കാൻ…

മക്കൾ എത്ര ഉണ്ടായാലും അമ്മ വാത്സല്യം എപ്പോഴും തുല്യമായിരിക്കും. ആർക്കുമാർക്കും കൂടുതലോ കുറവോ കൊടുക്കാൻ കഴിയില്ല…

അങ്ങനെയുള്ളപ്പോൾ നിനക്ക്… നിനക്കു എങ്ങനെ കഴിഞ്ഞു നമ്മുടെ മകനെ… എന്റെ മകനെ അകറ്റി നിർത്താൻ…

എനിക്ക് ഒരേയൊരു കാര്യത്തിൽ മാത്രമേ നിന്നോട് നന്ദിയുള്ളൂ… വയറ്റിൽ കുരുത്തപ്പോൾ അവനെ ഇല്ലാതാക്കാൻ നോക്കിയില്ലലോ… ആ ഒരൊറ്റ കാരണം കൊണ്ട് മാത്രം”

“മാധവാ… ഞാൻ ഈ നാട്ടിലേക്ക് ബിസിനെസ്സ് മാറുമ്പോൾ എന്റെ മകന്റെ കാര്യങ്ങൾ ഒന്നും എനിക്ക് അറിയില്ലായിരുന്നു. അന്ന് ബാംഗ്ലൂരിൽ നിന്നും തിരിച്ചത് വർധിച്ച വിഷമത്തോടെയാണ്…

ആ രാത്രിയും എനിക്ക് ജീവിതം തിരിച്ചു പിടിക്കാൻ കഴിഞ്ഞത് എന്റെ മകൻ ഒരാൾ കാരണമാണ്. കൃത്യസമയത്തു അവൻ എത്തിയില്ലായിരുനെങ്കി…

ചിലപ്പോ ഞാൻ ഇന്ന് ഇങ്ങനെ നിൽക്കില്ലായിരുന്നു. ഇനി എന്റെ ദിവസങ്ങൾ ആണ് മാധവാ…

എനിക്ക് വീണ്ടും കിട്ടിയ ഈ പുതുജീവൻ എന്നെയും എന്റെ മകന്റെയും ജീവിതം ഈ വിധത്തിൽ ആക്കിയവർക്കുള്ള തിരിച്ചടി ഒന്നൊന്നായി നൽകാൻ മാത്രമായിരിക്കും…

കൃഷ്ണന് ഇപ്പൊ ആവശ്യത്തിനു കിട്ടി തുടങ്ങി… അതിന്റെ ഭാഗമായാണ് ഗൗതമിന്റെ പേരിൽ ഉണ്ടായ ഇഷ്യൂ….

അന്ന് പ്രോജക്ട് അവതരിപ്പിക്കാൻ ജീവൻ ആണ് വരുന്നതെന്ന് മുൻകൂട്ടി കൃഷ്ണൻ അറിഞ്ഞു. അതറിഞ്ഞു കൊണ്ടു എന്റെ മകന് വേണ്ടി അയാൾ ഒരു കെണിയൊരുക്കി.

അതു ഞാൻ അറിഞ്ഞപ്പോൾ ഗൗതമിനെ വിളിച്ചു വരുത്തുകയല്ലാതെ എന്റെ മോനെ രക്ഷിക്കാൻ വേറെ വഴിയില്ലായിരുന്നു. കൃഷ്ണൻ അടിവേരു ഇളകി നിൽക്കുകയാണ്… സംശയം ഉണ്ടെങ്കിൽ ഒന്നു ചോദിച്ചു നോക്കു… സ്വന്തം അളിയൻ അല്ലെ…

അതിനിടയിൽ നീ എന്റെ മുന്നിൽ വരാതെ നോക്കിക്കോ… നിന്നെ ഞാൻ ഇപ്പോഴും വെറുതെ വിടുന്നത് എന്റെ മകനെ വളർത്തിയ ഒരൊറ്റ കാരണം കൊണ്ടാണ്… ആ ഒരു നന്ദി മാത്രം തന്നോടുണ്ട്.

എന്റെ വഴിമുടക്കി നിന്നാൽ ഞാൻ ആ ബന്ധവും മറക്കും” വേദനയിൽ പറഞ്ഞു തുടങ്ങിയത് അവസാനിപ്പിച്ചത് ഒരു ഭീഷണിയോടെയായിരുന്നു.

മാധവ് മേനോന് വേണ്ടിയുള്ള ഒരു താക്കീതായിരുന്നു അതു. പ്രകാശിന്റെ അപ്പോഴത്തെ മുഖഭാവവും പറച്ചിലും കണ്ടു മാധവ് മേനോൻ ശരിക്കും പകച്ചു പോയിരുന്നു.

“ഇനി ആർക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടോ… ഉണ്ടെങ്കിൽ ചോദിക്കാം..” കുറച്ചു നിമിഷങ്ങൾ കൂടി പ്രകാശ് അവിടെ നിന്നു… പക്ഷെ ആരുമാരും ഒന്നും ചോദിച്ചില്ല. ആർക്കും ഒന്നും ഇനി അറിയാൻ ഉണ്ടായിരുന്നില്ല.

പ്രകാശ് പോകാൻ തിരിയും മുന്നേ ജീവന്റെ മുൻപിൽ വന്നു നിന്നു. അവന്റെ മിഴികൾ നിറഞ്ഞു നിൽക്കുകയായിരുന്നു. അവന്റെ മുഖത്തു അച്ഛനോടുള്ള സ്നേഹമോ വികാരവായിപ്പോ ഒന്നും ഉണ്ടായിരുന്നില്ല.

പക്ഷെ അതു പ്രകാശ് രാജിന് മനസിലാകുമായിരുന്നു. അയാൾ ജീവന്റെ തോളിൽ കൈകൾ അമർത്തി. കുറച്ചു നിമിഷങ്ങൾ ജീവൻ അയാളെ തന്നെ ഉറ്റു നോക്കി… പതുക്കെ അവന്റെ കൈകൾ ഉയർത്തി അയാളുടെ കൈകൾ തന്റെ തോളിൽ നിന്നും എടുത്തു മാറ്റി.

പ്രകാശ് പിന്നെ അവിടെ നിൽക്കാതെ അച്ചുവിനെയും കൂട്ടി തിരികെ പോയി… അവൾ നിറഞ്ഞ കണ്ണുകളോടെ ജീവനെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി പ്രകാശിന്റെയൊപ്പം നടന്നു.

ജീവൻ ദേവ്നിയെ തിരികെ തണൽ വീട്ടിൽ വിട്ടു. പരസ്പരം ഒന്നും പറയാതെ. കാറിൽ നിന്നും ഇറങ്ങും മുന്നേ ദേവ്നി അവന്റെ കൈകൾ മുറുകെ പൊതിഞ്ഞു പിടിച്ചിരുന്നു. പെട്ടന്ന് അവളുടെ തോളിൽ ചാരി അവൻ വിതുംബി കരഞ്ഞു…

അവൾ അവനെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു… വാക്കുകളിൽ അല്ലാതെ കൈകളിലെ തലോടലിൽ…. കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവളെ വിട്ടു. അവൻ ചിരിക്കാൻ ശ്രമിച്ചു. അവന്റെ തലയിൽ തലോടി അവൾ ഇറങ്ങി. ജീവൻ തിരിച്ചു പോയിരുന്നു.

പോകുന്ന വഴിയിൽ അവന്റെ ഫോണിൽ കാൾ വന്നിരുന്നു… അച്ചുവായിരുന്നു വിളിച്ചത്…. എന്തുകൊണ്ടോ അവൻ കോൾ എടുത്തില്ല. വീണ്ടും കോൾ വന്നു… പ്രകാശ് രാജ് സർ കോളിങ്…

കുറച്ചു നിമിഷം അവന്റെ കൈകളിൽ ആ ഫോൺ വിറച്ചു… അവന്റെ ഹൃദയം കൂടിയായിരുന്നു വിറ കൊണ്ടത്. അവന്റെ മനസു അംഗീകരിച്ചിരുന്നില്ല എന്നതാണ് സത്യം… എങ്കിലും അവൻ കോൾ എടുത്തു.

“ഹലോ സർ”

“ഇനിയും സർ എന്ന വിളി വേണോ മോനെ”

“അച്ഛൻ എന്നു ഞാൻ ഇതുവരെ ആരെയും വിളിച്ചു ശീലിച്ചിട്ടില്ല… നാവു പഠിച്ചതെ വഴങ്ങു”

“മോനെ… ഞാൻ…” പ്രകാശിനും എന്തു പറയണം എന്നറിയില്ലായിരുന്നു.

“സർ പ്ളീസ്…” ജീവൻ കോൾ അവസാനിപ്പിച്ചു.

..തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിലാവിനായ് : ഭാഗം 1

നിലാവിനായ് : ഭാഗം 2

നിലാവിനായ് : ഭാഗം 3

നിലാവിനായ് : ഭാഗം 4

നിലാവിനായ് : ഭാഗം 5

നിലാവിനായ് : ഭാഗം 6

നിലാവിനായ് : ഭാഗം 7

നിലാവിനായ് : ഭാഗം 8

നിലാവിനായ് : ഭാഗം 9

നിലാവിനായ് : ഭാഗം 10

നിലാവിനായ് : ഭാഗം 11

നിലാവിനായ് : ഭാഗം 12

നിലാവിനായ് : ഭാഗം 13

നിലാവിനായ് : ഭാഗം 14

നിലാവിനായ് : ഭാഗം 15

നിലാവിനായ് : ഭാഗം 16

നിലാവിനായ് : ഭാഗം 17