Sunday, October 6, 2024
Novel

നിലാവിനായ് : ഭാഗം 22

നോവൽ
****
എഴുത്തുകാരി: സേഷ്മ ധനേഷ്‌

ഒരുപാട് വൈകി പോയെന്ന് അറിയാം. മുൻ ഭാഗം വായിച്ചു നോക്കി ഈ ഭാഗം വായിക്കണം. ഓർമ കിട്ടാൻ വേണ്ടിയാണ്.

ജീവൻ ഇനി തോൽക്കില്ല ആരുടെ മുന്നിലും… ജയിക്കണം… ജയിക്കണം… വളരണം എനിക്ക്… അവന്റെ മനസിന്റെ ഉറച്ച തീരുമാനം.

അന്ന് ഭക്ഷണം കഴിക്കാനായി ഇരിക്കുമ്പോൾ പതിവിലും നിശ്ശബ്ദമായിരുന്നു. ഗൗതം കൂടി ഇല്ലാത്തത് കൊണ്ടു വല്ലാത്ത മൗനം മൂവരുടെ ഇടയിലും ചുറ്റി നടന്നു.

ഗായത്രി പക്ഷെ ഇതൊന്നും തന്നെ ബാധിക്കുന്ന ഒന്നല്ല എന്നപോലെ ആയിരുന്നു. അവൾ സുഭിക്ഷമായി തന്നെ ഭക്ഷണം കഴിച്ചു കൊണ്ടു അവളുടെ ലോകത്തായിരുന്നു.

മാധവൻ സുഭദ്രയെയും ഗായത്രിയെയും മാറി മാറി നോക്കി കൊണ്ടു കണ്ണുരുട്ടി. ഗായത്രി മാധവനെ നോക്കാൻ പോയില്ല.

സുഭദ്ര ആണെങ്കി മാധവന്റെ മുഖഭാവം കാണുമ്പോൾ പേടിക്കുന്നുമുണ്ട്. അയാൾ കണ്ണുകൊണ്ട് എന്തെല്ലാമോ കാണിക്കുന്നു.

ജീവന്റെ മനോഭാവം അറിയുന്നത് കൊണ്ട് സുഭദ്രയും മാധവനെ ശ്രെദ്ധിക്കാതെ ഇരുന്നു. ജീവൻ പതിവുപോലെ ഭക്ഷണം കഴിച്ചു കൊണ്ടു എഴുനേറ്റു.

ആരെയും നോക്കാതെ മുറിയിലേക്ക് പോകുകയും ചെയ്തു.

“നിന്നോട് ഞാൻ പറഞ്ഞതൊക്കെ മറന്നോ സുഭദ്രേ”

“ഞാൻ എന്തു ചെയ്യാനാ… എന്റെ വാക്കുകൾ കേൾക്കാൻ പോലും അവൻ നിന്നു തരുന്നില്ല. അപ്പൊ… അപ്പൊ പിന്നെ ഞാൻ എന്താ ചെയ്യാ…” അവർക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.

“ഇപ്പൊ എന്റെ മുന്നിൽ പൊഴിക്കുന്ന പൂങ്കണ്ണീർ അവന്റെ… സ്വന്തം മകന്റെ മുൻപിൽ കാണിക്കു. എങ്ങനെ അവൻ വിശ്വസിക്കും നീ തന്നെയല്ലേ അവനെ പ്രസവിച്ചത്…

എന്റെ മകനെ നന്നായി നോക്കാനും ശ്രെദ്ധിക്കാനും മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. അല്ലാതെ നിന്റെ മകനെ സ്നേഹിക്കണ്ട എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല.

പെറ്റ വയറിനു എങ്ങനെ ഇത്രയും കാലം തള്ളി കളയാൻ തോന്നിയെന്ന ഞാൻ ആലോചിക്കുന്നെ… നീയൊക്കെ ഒരു സ്ത്രീ തന്നെയല്ലേ”

“മാധവേട്ട…” സുഭദ്രയുടെ ഉള്ളിൽ നിന്നും ഒരു അലർച്ച തന്നെയുണ്ടായി. വേറെയാര് കുറ്റപ്പെടുത്തിയാലും മാധവൻ അങ്ങനെ പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുമെന്ന് അവർ കരുതിയില്ല.

മാധവന്റെ മനസിൽ ഗൗതം പോലുമില്ല… അയാളുടെയുള്ളിൽ സ്വന്തം ബിസിനസ് സാമ്രാജ്യം തകർന്നു പോകുന്നത് കാണേണ്ടി വരുമോയെന്ന ചിന്തകൾ മാത്രമേയുള്ളൂ.

സുഭദ്രയെ കല്പിച്ചു നോക്കി കൊണ്ടു അയാൾ ഓഫീസ് മുറിയിലേക്ക് കടന്നു. അവിടെ അയാളെ കാത്തുകൊണ്ടു ജീവൻ ഇരിക്കുന്നുണ്ടായിരുന്നു.

അയാൾ വരുന്നത് കണ്ടു ജീവൻ എഴുനേറ്റു നിന്നു. അയാൾ ഇരുന്നതിനു ശേഷം ജീവനും ഇരുന്നു. മാധവന് ജീവന്റെ വരവിന്റെ ഉദ്ദേശം ഏകദേശം മനസ്സിലായിരുന്നു.

ഒരുപാട് ഫയലുകൾ ജീവന്റെ മുൻപിൽ വച്ചിട്ടുണ്ട്. പലതും ലക്ഷ്മി ഗ്രൂപ്പിന്റെ പ്രധാനപെട്ട ഫയലുകൾ ആയിരുന്നു.

കുറച്ചു നിമിഷങ്ങൾ മൗനമായി തുടർന്നു. ഒടുവിൽ ജീവൻ തന്നെ സംസാരം തുടർന്നു.

“ഇതുവരെ എന്നെ ഏൽപ്പിച്ച എല്ലാ ഫയലുകളുമാണ്. പിന്നെ ഇതുവരെ ചെയ്തു വന്ന കാര്യങ്ങൾ എല്ലാം തിരികെ ഏല്പിക്കുകയാണ്. ഈ നിമിഷം വരെ ഉള്ളതെല്ലാം കൃത്യമാണ്.

സംശയമുള്ളത് നോക്കാം. ഇതിക്കു മുന്നേ ഞാൻ ഏല്പിക്കുമായിരുന്നു. ചോദിച്ചപ്പോൾ പിന്നെയാകട്ടെ എന്നു പറഞ്ഞതു കൊണ്ടാണ് ഇത്രയും ദിവസവും ഇതു എന്റെ കൈകളിൽ ഇരുന്നത്”

“ജീവൻ അപ്പോൾ പോകാൻ തന്നെയാണ് തീരുമാനം. അതിലൊരു മാറ്റവുമില്ല അല്ലെ”

“തീർച്ചയായും” അവന്റെ വാക്കുകളിലെ ഗാംഭീര്യം തന്നെ അവന്റെ മനസിന്റെ ഉറപ്പു എത്രത്തോളം ആണെന്ന് മനസ്സിലായിരുന്നു.

ആ ഒരൊറ്റ വാക്കിൽ തന്നെ മാധവന് മറുത്തു എന്തെങ്കിലും പറയാൻ പോലുമായില്ല. ജീവനോട് അപേക്ഷിക്കാൻ പോയിട്ട് കുറച്ചു നാളുകൾ കൂടി ഇവിടെ തന്നെ നിൽക്കണം എന്നു പറയാൻ അയാളുടെ അഭിമാനവും അഹങ്കാരവും സമ്മതിച്ചില്ല.

ജീവന്റെ മുഖത്തു എന്നത്തേയും പോലെ ശാന്തതയും നറു പുഞ്ചിരിയും ഉണ്ടായിരുന്നു. അതു കാണ്കെ മാധവന് തോന്നിയത് ജീവൻ കളിയാക്കി ചിരിക്കും പോലെയായിരുന്നു.

എത്രയൊക്കെ ആണെങ്കിലും പ്രകാശിന്റെ മകനാണെന്നു സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

ജീവന്റെ കഴിവ് വച്ചു കൊണ്ടു തന്നെ ലക്ഷ്മി ഗ്രൂപ്പ് മുന്നോട്ട് കൊണ്ടുപോകാമെന്നു കണക്ക് കൂട്ടിയിരുന്നതായിരുന്നു. ഗൗതമിനെ മുന്നിൽ നിർത്തി ജീവന്റെ കഴിവുകൾ ഉപയോഗിച്ച് ചെയ്യാമെന്ന് കരുതി. പക്ഷെ ആദ്യ എതിർപ്പ് ഗൗതം തന്നെയായിരുന്നു…

ഇനി ലക്ഷ്മി ഗ്രൂപ്പിന്റെ മുന്നോട്ടുള്ള ഭാവി… ജീവന് പക്ഷെ ഇനി ഇവിടെ കടിച്ചു തൂങ്ങി നിൽക്കേണ്ട ആവശ്യവുമില്ല.

മാധവൻ ആലോചനയോടെ തലയാട്ടി… ജീവൻ അവിടെ നിന്നും എഴുനേറ്റു പോയിരുന്നു. അയാളുടെ കണ്ണുകളിൽ ദേഷ്യത്തിന്റെ ചുമപ്പു വർണ്ണം പടർന്നിരുന്നു.

സുഭദ്ര കിടക്കുവാനുള്ള ബെഡ് തട്ടി കുടഞ്ഞു പുതിയ ബെഡ്ഷീറ്റ് വിരിച്ചു കൊണ്ടിരിക്കുമ്പോൾ മാധവൻ ദേഷ്യത്തിൽ മുറിയിലേക്ക് കയറി വന്നു. സുഭദ്രയുടെ കൈ മുട്ടിൽ പിടിച്ചു വലിച്ചു തനിക്ക് അഭിമുഖമായി നിർത്തി.

“നിന്നോട് ഞാൻ പറഞ്ഞതല്ലേ… അവനോടു സംസാരിക്കുവാനായി… നിങ്ങൾ അമ്മയും മോളും എന്താ കരുതിയിരിക്കുന്നത്… ഇവിടെ സുഭിക്ഷമായി കഴിയണമെങ്കിൽ ഞാൻ പറയുന്നത് കൂടി അനുസരിക്കണം”

കൈ വേദനിച്ചത് കൊണ്ടും അയാൾ പറഞ്ഞ വാക്കുകളിലെ വേദന കൊണ്ടും അയാളുടെ കൈകൾ സുഭദ്ര തട്ടിയെറിഞ്ഞു.

“എന്റെ വാക്കുകൾ ഒന്നു കേൾക്കാനായി പോലും അവൻ നിന്നു തരുന്നില്ല. ഞാൻ എന്താ ഇനിയുമവനോട് ചോദിക്കേണ്ടത്…

ഇത്രയും നാളുകൾ വളർത്തു മകന് വേണ്ടി സ്വന്തം മകനെ തഴഞ്ഞതാണ്… ഇനിയും അതേ മകന് വേണ്ടി അവന്റെ ജീവിതം ഇവിടെ ഹോമിക്കാൻ ഞാൻ എങ്ങനെ പറയും…”

“പറയണം… നീ തന്നെ പറയണം… അവനെ ഇത്രയും നാളുകൾ പോറ്റി വളർത്തിയില്ലേ, ഒരു മകനെ പോലെ അവൻ ഇവിടെ നിന്നില്ലേ, ഇവിടുത്തെ കുട്ടിയായി തന്നെയല്ലേ അവൻ വളർന്നത്…

ആ ഒരു നന്ദിയെങ്കിലും ഈ സമയത്തു അവനോടു കാണിക്കാൻ പറ” മാധവന്റെ വാക്കുകൾ കേൾക്കുംതോറും സുഭദ്രയിൽ പുച്ഛം മാത്രം നിറഞ്ഞു നിന്നു അയാളോട്.

മനസിൽ കൂട്ടിവച്ച കുറെ കാര്യങ്ങൾ സുഭദ്ര പോലും അറിയാതെ അവരുടെ ഉള്ളിൽ നിന്നും പ്രവഹിച്ചു.

“ഒരു മകനെ പോലെയാണോ അവൻ ഇവിടെ വളർന്നത്… ഹേ… പറ… ആണൊന്നു… നമ്മുടെ… അല്ല… അല്ല… നിങ്ങളുടെ ഏതെങ്കിലും ബന്ധുക്കളുടെ വീട്ടിലോ അല്ലെങ്കി എന്തെങ്കിലും ഫങ്ഷൻസ്..

അങ്ങനെ നാലാളുകൾ കൂടുന്നിടത് എവിടെയെങ്കിലും എന്റെ മോനെ കൊണ്ടുപോയിട്ടുണ്ടോ… ഒരനാഥനെ പോലെയല്ലെ അവൻ ഇവിടെ വളർന്നത്… ഒരമ്മയുടെ സ്നേഹമോ അച്ഛന്റെ സ്നേഹമോ സഹോദരങ്ങളുടെ സ്നേഹമോ ഒന്നും കിട്ടാതെ… എന്നിട്ട്…. എന്നിട്ട് ഇപ്പൊ അവന്റെ കഴിവ് മാത്രം ഉപയോഗിക്കണം…

കഴിഞ്ഞ മൂന്നു വർഷങ്ങൾ കൊണ്ടു കമ്പനിയുടെ വളർച്ച എത്രത്തോളം ആണെന്നും അതിനു എന്റെ മകന്റെ കഴിവ് എത്രത്തോളം ഉണ്ടെന്നും എനിക്ക് നന്നായി അറിയാം.

തുച്ഛമായ ശമ്പളം അല്ലെ അവനു നൽകിയിരുന്നത്… അവനിൽ താഴെയുള്ള ആളുകൾക്ക് വരെ നിങ്ങൾ ശമ്പളം കൂട്ടി കൊടുത്തില്ലേ… അവനോ… അവനു നിങ്ങൾ എന്താ ചെയ്തത്… അവൻ അനുഭവിച്ചത് മതി…

അവൻ അവന്റെ അച്ഛന്റെ കൂടെ ജീവിച്ചോട്ടെ” സുഭദ്ര പറഞ്ഞു നിർത്തുമ്പോഴേക്കും കിതച്ചു പോയിരുന്നു. മാധവൻ ഈർഷ്യയോടെ സുഭദ്രയെ നോക്കി കൊണ്ടിരുന്നു.

“എന്താ… മകന്റെയൊപ്പം അവന്റെ അച്ഛന്റെ കൂടെ ജീവിക്കണമെന്ന് ആഗ്രഹമുണ്ടോ… സ്വസ്ഥം കുടുംബജീവിതം ഈ വയസിൽ… പുതിയ ജീവിതം എന്താ” മാധവന്റെ വാക്കുകളിലെ കളിയാക്കലും ഭാവവും കണ്ടു സുഭദ്രക്ക് വെറുപ്പ് തോന്നി.

“ചെ” സുഭദ്ര മാധവന് നേരെ മുഖം തിരിച്ചു. ആ മുറിയിൽ ഇനി ഒരു നിമിഷം കൂടി നിൽക്കുവാൻ സുഭദ്രക്ക് കഴിയുമായിരുന്നില്ല.

ഇത്രയും ഇടുങ്ങിയ ചിന്തഗതിയുള്ള ഒരാളുടെ കൂടെ കിടക്കാൻ പോലും അവർ അറച്ചു. ഇങ്ങനെയൊന്നുമായിരുന്നില്ല തന്റെ ഭർത്താവിനെ കുറിച്ചുള്ള കാഴ്ചപ്പാട്.

ഇതിപ്പോ ഏത് വിശ്വസിക്കണം എന്ന ചിന്തയിലായി സുഭദ്ര… ഇത്ര നാളുകളും തന്റെ മുൻപിൽ ഒരു പോയ്‌ മുഖമായിരുന്നു അയാൾക്കെന്നു സുഭദ്രക്ക് വിശ്വസിക്കാൻ പോലുമായില്ല.

അവർ ആ മുറി വിട്ടു പോകാൻ ഇറങ്ങിയപ്പോൾ മാധവൻ അവരുടെ കൈകളിൽ പിടിച്ചു വലിച്ചു ബെഡിലേക്ക് ഇട്ടു.

“എവിടെ പോകുന്നു നീ… ആദ്യ ഭർത്താവിനെ കുറിച്ചു പറഞ്ഞതു എന്തേ ഇഷ്ടപെട്ടില്ലേ… നീ ഇവിടെ കിടന്ന മതി… ഇന്ന് നിനക്ക് ഞാനൊരുക്കാം ഒരു വിരുന്നു…

നിന്റെ ആദ്യ ഭർത്താവിന്റെ വക ഞാൻ തരാം… എന്തേ” അയാളുടെ വിടു വർത്തമാനം കേട്ടു സുഭദ്രക്ക് കണ്ണുനീർ വരുന്നുണ്ടായിരുന്നു… സ്തംഭിച്ചു പോയി അവർ… ഈ പ്രായത്തിലും… ഇങ്ങനെയൊക്ക.

ജീവന് പ്രത്യേകം യാത്ര പറയാൻ ആരുമുണ്ടായിരുന്നില്ല ആ വീട്ടിൽ. എങ്കിലും ഗൗതമിനു അടുത്തേക്ക് ചെന്നിരുന്നു കുറച്ചു നേരം.

അവർ ഒന്നും പരസ്പരം സംസാരിച്ചില്ലെങ്കിലും രണ്ടു പേരുടെയും ചുണ്ടുകളിൽ പുഞ്ചിരിയുണ്ടായിരുന്നു. കുറച്ചു നേരം അസുഖകരമായ മൗനത്തോടെ കടന്നു പോയി…

“ഇങ്ങനെയൊരു യാത്രയയപ്പ് ആയിരുന്നില്ല മനസിൽ. ഇതിപ്പോ ഞാൻ ഇങ്ങനെ ആയിപോയില്ലേ… അല്ലെങ്കി” ഗൗതം തന്നെ മൗനത്തെ മുറിച്ചു കൊണ്ടു തുടർന്നു.

“അതു സാരമില്ല. പിന്നെ അതിലൊക്കെ എന്തെങ്കിലും കാര്യമുണ്ടെന്നു എനിക്കും തോന്നുന്നില്ല. പിന്നെ നിങ്ങളെ വിട്ടു എന്നെന്നെക്കുമായുള്ള ഒരു വിടവാങ്ങൽ അല്ലലോ ഇതു… തിരിച്ചു വരും” ജീവൻ പറഞ്ഞതിന്റെ അർത്ഥം മനസിലായ പോലെ ഗൗതം ചിരിച്ചു.

മാധവൻ ഗൗതമിനു അടുത്തേക്ക് വരുമ്പോൾ കണ്ടു പോകാൻ തയ്യാറായി നിൽക്കുന്ന ജീവനെ. അവനെ കാണുംതോറും അയാളുടെ കണ്ണുകളിൽ തീഷ്ണതയേറി.

തൊട്ട് പുറകിലായി തന്നെ സുഭദ്രയും ഉണ്ടായിരുന്നു… അവരുടെ കവിളുകളും കരി നീലിച്ചു കിടന്നിരുന്നു. ജീവൻ പക്ഷെ അതൊന്നും ശ്രെദ്ധിക്കാൻ തന്നെ മിനക്കെട്ടില്ല.

വാക്കുകൾകൊണ്ട് യാത്ര പറയാൻ അവനായില്ല. അവന്റെ തൊണ്ടയിൽ തന്നെ വാക്കുകൾ കുരുങ്ങി കിടന്നു അവനെ ശ്വാസം മുട്ടിച്ചു… എന്നും ഓര്മിക്കേണ്ട ബാല്യവും കൗമാരവുമൊക്കെ കടന്നുപോയ വീടാണിത്.

നല്ലതല്ലെങ്കിലും എല്ലാ ഓർമകളും ചുറ്റി നിൽക്കുന്നിടം. അവനറിയാതെ മിഴികളിൽ നനവൂറി.

“എല്ലാവരോടും യാത്ര പറയുകയാണ് ഞാൻ” അത്ര മാത്രം പറഞ്ഞു കൊണ്ട് ജീവൻ ട്രോളി ബാഗ് കയ്യിലെടുത്തു… മാധവനരികിൽ ചെന്നു നിന്നു.

“കുറച്ചു ഡ്രെസ്സുകളും പഠിച്ചു നേടിയ സർട്ടിഫിക്കറ്റും മാത്രമേ കൊണ്ടുപോകുന്നുള്ളൂ… പിന്നെ ഇതുവരെ ഈ വീടിനെ ചുറ്റി പറ്റി മനസിൽ നിറഞ്ഞു നിൽക്കുന്ന ഓർമകളും” ജീവൻ പറഞ്ഞ ആ ഓർമകൾ അവനെ അവഗണിച്ചു പോയ ഓരോ നിമിഷവും ആണെന്ന് മാധവന് തോന്നി.

“മനുഷ്യനോളം സ്നേഹവും വിദേയത്വവും ഒക്കെ മൃഗങ്ങൾക്കെ കാണൂ…” മാധവൻ ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടിരുന്നു… “ഉണ്ണുന്ന ചോറിനു നന്ദി കാണിക്കുക എന്നൊക്കെ മൃഗങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ്”

ജീവന് ഉള്ളം പിടഞ്ഞു മാധവന്റെ വാക്കിലും നോക്കിലും.

“എന്റെ പൈസ കൊണ്ടു നേടിയ പഠനം അല്ലെ… ഒരു അനാഥനെ പഠിപ്പിച്ചു ഊട്ടി വളർത്തിയെന്നൊരു പുണ്യമെങ്കിലും കിട്ടുമായിരിക്കും”

“അച്ഛൻ ഒന്നു നിർത്തുന്നുണ്ടോ… ജീവൻ… തനിക്ക് ഇതു കേട്ടു നിൽക്കേണ്ട കാര്യമെന്താ… പറയാനുള്ളത് ദൈവം വന്നു മുന്നിൽ നിന്നാലും പറയണം…

ജീവനെ അച്ഛൻ പഠിപ്പിച്ചുവെന്നു പറഞ്ഞല്ലോ… എവിടെയാ പടിപ്പിച്ചേ… ഒരു സാധാരണ ഗവണ്മെന്റ സ്കൂളിൽ അല്ലെ… അതിനു എത്ര ചിലവഴിച്ചു കാണും… കുറച്ചു ക്ലാസുകളിൽ അല്ലെ അച്ഛൻ ജീവനെ പഠിപ്പിച്ചത്…

പിന്നീട് ജീവൻ പഠിച്ചു വളർന്നത് എല്ലാം സ്വന്തം നിലയിൽ നേടിയെടുത്ത സ്കോളർഷിപ് കൊണ്ടല്ലേ… പിന്നെ കൊടുത്ത ഭക്ഷണത്തിന് അച്ഛൻ കണക്ക് പറയുകയാണെങ്കി… നാളെ ഞാൻ ഈ കിടപ്പ് കിടന്നതിന്റെ കണക്ക് കൂടി അച്ഛൻ പറയുമല്ലോ എന്നോട്…

പുച്ഛം തോന്നുന്നു എനിക്ക് അച്ഛനോട്… ഈ അച്ഛന്റെ മകനായി എങ്ങനെ ജനിച്ചുവെന്നു ആലോചിച്ചു… ഞാൻ എന്റെ ലക്ഷ്മിയമ്മയുടെ മകൻ മാത്രമാണ്.

അതുകൊണ്ടാ അവരുടെ ഗുണം മാത്രമേ എന്റെ രക്തത്തിലുള്ളൂ” ഗൗതം ദേഷ്യത്തിൽ അലറി വിളിക്കും പോലെയായിരുന്നു.

അവന്റെ വാക്കുകൾ ഉമിതീ പോലെ പിന്നെയും സുഭദ്രയുടെ നെഞ്ചിലാഴ്ത്തി. എന്റെയമ്മ ലക്ഷിമിയമ്മ… അപ്പൊ താനോ… തനിക്ക് എന്താണ് ഒരു സ്ഥാനം.

ജീവൻ പിന്നീട് അവിടെ നിന്നില്ല. അവൻ പടികൾ ഇറങ്ങുമ്പോൾ സുഭദ്ര ഓടി അടുത്തു വന്നു കണ്ണുകൾ നിറച്ചു നിന്നിട്ട് കൂടി അങ്ങനെയൊരു വ്യക്തിയെ അവിടെ അടുത്തു നിൽക്കുന്നുണ്ട് എന്നുപോലും പരിഗണിക്കാതെ മുഖം തിരിച്ചിരുന്നു ജീവൻ.

ഗായത്രി ഒരു ചിരിയോടെ അവന്റെ പോക്ക് നോക്കി കണ്ടു. അവളുടെ മനസിൽ അപ്പോൾ കണക്ക് കൂട്ടലുകൾ ആയിരുന്നു. ഗൗതം ആണെങ്കി ഇങ്ങനെ കിടക്കുന്നു.

അച്ഛന് കമ്പനി കാര്യങ്ങൾ.. ഇനിയിപ്പോ തന്റെ മേലേക്ക് ഒരു നിയന്ത്രണം ആരിലും ഉണ്ടാകില്ല… ഒരു പക്ഷിയായി പറന്നു നടക്കാം… ഇഷ്ടംപോലെ കാശും കയ്യിലുണ്ട്.

ജീവൻ നേരെ ചെന്നത് പ്രകാശിന്റെ അരികിലേക്ക് ആയിരുന്നു. കാലത്തെ പ്രാതൽ കഴിഞ്ഞു അച്ചുവും പ്രകാശും ഹാളിൽ സംസാരിക്കുന്ന സമയത്തായിരുന്നു ജീവൻ കടന്നു വന്നത്.

പ്രകാശിന്റെ മുഖം സന്തോഷം കൊണ്ടു വിടർന്നു… അച്ചുവിന്റെ മുഖത്തും കാണാമായിരുന്നു സന്തോഷത്തിന്റെയും നാണത്തിന്റെയും ചുമപ്പ് രാശി.

അവന്റെയ വരവ് പ്രതീക്ഷിച്ചുകൊണ്ടായിരുന്നു ഓരോ നിമിഷവും അവർ ഇരുന്നതെന്നു ജീവന് തോന്നി. തന്നെ കാത്തിരിക്കാൻ ഒരു വീടും അച്ഛനും… അവന്റെ ഉള്ളം ആ നിമിഷം പിടഞ്ഞത് സന്തോഷത്താൽ ആയിരുന്നു.

“ആതിഥ്യ മര്യാദയുടെ ആവശ്യമൊന്നുമില്ല. ഇതു നിന്റെ വീടാണ്. എല്ലാ മുറികളും കുറെ ദിവസമായി ദിവസവും വൃത്തിയാക്കി ഇടാറുണ്ട്. നിന്റെ ഇഷ്ടമാണ് ഇനി” പ്രകാശ് ചിരിച്ചു കൊണ്ടു തന്നെ ജീവനോട് പറഞ്ഞു.

“ഞാൻ… എനിക്ക്… ഞാൻ കുറച്ചു ദിവസം അച്ഛന്റെ കൂടെ അച്ഛന്റെ മുറിയിൽ താമസിച്ചോട്ടെ….” ആദ്യം ജീവന്റെ വായിൽ നിന്നും വന്നത് അങ്ങനെയായിരുന്നു. അച്ചു അതിശയത്തിൽ ജീവനെ നോക്കിയപ്പോൾ പ്രകാശ് കുറച്ചു പരിഭവത്തിലും ദേഷ്യത്തിലും അവനെ നോക്കി.

പ്രകാശിന്റെ ആ നോട്ടം പോലും എന്തിനെന്ന് മനസിലാക്കിയ ജീവൻ തന്റെ ചോദ്യം ഒന്നു കൂടി ആവർത്തിച്ചു. ഇത്തവണ അതൊരു ചോദ്യമായിരുന്നില്ല… “എനിക്കും അച്ഛനും ഒരു മുറി മതി… ഞാൻ അച്ഛന്റെ കൂടെ നിൽക്കാനാണ് വന്നത്.

അപ്പൊ കുറച്ചു ദിവസം അച്ഛന്റെ കൂടെ തന്നെ നിൽക്കും” . ജീവന്റെ വാക്കുകളിൽ നിറഞ്ഞു നിന്നത് ഒരു അധികാരത്തിന്റെ സ്വരമായിരുന്നു.

അതു തന്നെയാണ് പ്രകാശും ആഗ്രഹിച്ചതും. അതും പറഞ്ഞു പ്രകാശിനെ ജീവൻ വരിഞ്ഞു മുറുക്കുമ്പോൾ അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിയിരുന്നു. കണ്ടു നിന്ന അച്ചുവിന്റെ കണ്ണും നിറഞ്ഞിരുന്നു.

പ്രകാശിനെ തന്നെ നോക്കി കിടന്നു ജീവൻ. ഒരുപാട് പരാതികളും പരിഭവങ്ങളും കണ്ണുകളിലൂടെ ആ അച്ഛനും മകനും പറഞ്ഞു കൊണ്ടിരുന്നു.

അവന്റെ പരിഭവങ്ങൾ മൗനത്തിലൂടെ കേട്ടു കൊണ്ടിരുന്നു. അവന്റെ കണ്ണിൽ നിന്നും നീര് മണികൾ ഉരുണ്ടു കൂടി താഴോട്ട് പതിച്ചപ്പോൾ പ്രകാശ് ഒന്നു കൂടി അവനോടു ചേർന്നു കിടന്നു അവന്റെ മുടിയിഴകൾ മാടിയൊതുക്കി, അച്ഛന്റെ തലോടൽ ഏറ്റു, ആ തണുപ്പിൽ, അച്ഛൻ എന്ന തോരാ മഴയുടെ തണുപ്പിൽ അവൻ ചുരുണ്ടു കൂടി.

അവൻ ഉറങ്ങി കഴിഞ്ഞിട്ടും പ്രകാശ് അവന്റെ മുടിയിഴകളിൽ കൂടി തലോടി കൊണ്ടിരുന്നു… അയാളുടെ കണ്ണുകളും നിറഞ്ഞിരുന്നു…. ഓർമ വച്ചതിനു ശേഷം ഇത്രയും നല്ലൊരു രാത്രി ആദ്യമായിരിക്കും തന്റെ മകന് കിട്ടിയതെന്ന് ആ അച്ഛന്റെ ഉള്ളു പറഞ്ഞു.

അതു സത്യമെന്നു പറയും പോലെ ജീവന്റെ ചുണ്ടുകളിൽ ചെറിയ നനുത്ത പുഞ്ചിരി ഉണ്ടായിരുന്നു.

രാവിലെ കണ്ണു തുറന്നു നോക്കുമ്പോൾ ജീവൻ പ്രകാശിന്റെ തോളിൽ തല വച്ചു കിടക്കുകയായിരുന്നു. അവൻ ഒന്നു തലയുയർത്തി നോക്കി.

തലോടാൻ എന്ന പോലെ ആ കൈകൾ ഇപ്പോഴും തന്നെ പൊതിഞ്ഞിരിക്കുന്നത് അവൻ കണ്ടു. അയാളുടെ മുന്നിൽ താൻ ഒരു അഞ്ചു വയസുകാരനെ പോലെ അവനു തോന്നി.

അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു. പതിയെ അവൻ എഴുനേറ്റു… അഞ്ചര കഴിഞ്ഞിരിക്കുന്നു… അവൻ പതിയെ ഫ്രഷായി വന്നു. അച്ഛനെ തട്ടിയുണർത്തി.

“എണീറ്റെ… മതി ഉറങ്ങിയത്…” പ്രകാശ് കണ്ണു തുറന്നു… “goodmorning my son”

“Very good morning dear” ജീവൻ അച്ഛന്റെ കവിളിൽ പിടിച്ചു വലിച്ചു.

“അച്ഛൻ വേഗം പോയി ഫ്രഷായി വാ… ഇന്ന് മുതൽ എന്റെ ഡെയിലി റൂട്ടീൻ തന്നെയാണ് അച്ഛനും… അപ്പൊ മടി പിടിക്കാതെ എഴുനേറ്റ് വായോ മകനെ… get up get up” പ്രകാശിന്റെ കൈകളിൽ പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു. ഒരു മകന്റെ എല്ലാ അധികാരത്തോടെയും.

അച്ഛനെ ഫ്രഷാകാൻ വിട്ടുകൊണ്ട് ജീവൻ ഹാളിലേക്ക് വന്നിരുന്നു.

“ഗുഡ് മോർണിംഗ് ഏട്ടാ” ജീവൻ തലയുയർത്തി നോക്കുമ്പോൾ നിറഞ്ഞ ചിരിയോടെ കയ്യിലെ ട്രേയിൽ രണ്ടു കപ്പ് കോഫിയും പിടിച്ചു അച്ചു. കുളിച്ചിട്ടില്ല. എങ്കിലും ആ നിറഞ്ഞ ചിരി മാത്രം മതി… എന്തു സ്ത്രീത്വം ആണ്… നോക്കി ഇരുന്നു പോകും.

അവൾ പറഞ്ഞതിന് മറുപടി കാണാതെ വന്നപ്പോ അവൾ അവന്റെ മുഖത്തേക്ക് കൈ നീട്ടി വീശി. ജീവൻ പെട്ടന്നു ബോധത്തിലേക്ക് വന്നു.

“ഹലോ… എന്തു പറ്റി… ഇവിടെയൊന്നുമല്ലയെന്നു തോന്നുന്നു” ജീവൻ ഒന്നു ചമ്മിയ പോലെ… ചിരിച്ചെന്നു വരുത്തി പെട്ടന്ന് ഗൗരവത്തിൽ മുഖം പിടിച്ചു.

“ഇതാർക്ക് ആണ് കോഫി”

“അതു… അങ്കിളിനു… ഏട്ടനും എടുക്കു”

“എനിക്ക് വേണ്ട… അതുപോലെ അങ്കിളിനും വേണ്ട”

“അങ്കിളിനു കാലത്ത് തന്നെ ഇതു കിട്ടിയില്ലെങ്കി” അച്ചു പറഞ്ഞതു മുഴുവനക്കാൻ ജീവൻ സമ്മതിച്ചില്ല.

“ഇനിമുതൽ ആ അങ്കിളിന്റെ എല്ലാ കാര്യവും നോക്കുന്നത് ഈ മകൻ ആണ്. കാലത്തും തന്നെ ഇനി കോഫി കൊണ്ടുവന്നാൽ നിനക്ക് കിട്ടും എന്റെ കയ്യിന്നു… മോള് പോയെ” അച്ചുവിന് ദേഷ്യം വന്നു. അവൾ മുഖം വീർപ്പിച്ചു നിന്നു.

അവളുടെ ആ ദേഷ്യം ആസ്വദിച്ചു കൊണ്ടു ജീവൻ എഴുനേറ്റു അവളുടെ തലക്കിട്ട് ഒരു കൊട്ടും കൊടുത്തു നടന്നു. അപ്പോഴേക്കും ട്രാക്ക് പാന്റും ടീഷർട്ടും ഇട്ടുകൊണ്ടു പ്രകാശും എത്തി.

അയാളെയും കൂട്ടി അവൻ പുറത്തേക്ക് ഇറങ്ങുന്നത് ഒരു ചെറു കുശുമ്പോടെ അച്ചു നോക്കി നിന്നു. അവളുടെ മുഖത്തെ ഭാവങ്ങൾ മിന്നി മാറുന്നത് ആസ്വദിച്ചു ജീവനും ചിരിയോടെ പുറത്തേക്കു നടന്നു.

ജീവന്റെ അഭാവം കമ്പനിയെ കാര്യമായി ബാധിക്കുന്നത് മാധവൻ മനസിലാക്കി കൊണ്ടിരുന്നു. ഗൗതമിനോടുള്ള ദേഷ്യം കൊണ്ടും ദേവ്നിയെ എല്ലാ കാര്യങ്ങളും ഏൽപ്പിക്കാൻ അയാൾക്ക് ഒരു വിമുകത ഉണ്ടായിരുന്നു.

എങ്കിലും അയാൾ ചിന്തിച്ചിരുന്നില്ല… കുറച്ചു നാളത്തെ ജീവന്റെ ട്രെയിനിംഗ് ഒന്നു മാത്രം കിട്ടിയ ദേവ്നിയുടെ കഴിവിനെ… അടി പതറി പോകുന്ന മാധവന് എവിടെ നിന്നും തുടങ്ങുമെന്ന് അറിയാതെ കുഴങ്ങി നിന്നു.

ഓരോന്ന് ഓർത്തു ഇരുന്ന മാധവന്റെ ഫോൺ ശബ്‌ധിച്ചപ്പോഴാണ് അയാൾ ഓര്മയിലേക്ക് വന്നത്.

ഫോൺ എടുത്തു അപ്പുറത്തു നിന്നു പറയുന്ന കാര്യങ്ങൾ കേട്ടു അയാളുടെ സപ്ത നാടികളും തളർന്നു. പുതുതായി പണിത പ്രോജെക്ഡിന്റെ ഒരു കെട്ടിടം തകർന്നു വീണു. ഭാഗ്യത്തിന് ആളപായം ഒന്നുമില്ല.

പക്ഷെ അതു കമ്പനിയുടെ ഗുഡ് വിൽ നെ തന്നെ ബാധിക്കുന്ന ഒന്നായിരുന്നു. എല്ലായിടത്തും ജീവന്റെ കണ്ണുകൾ എത്തുന്നതാണ്. ഓടിയൊടി മാധവൻ തളർന്നു. പ്രോജക്ട് മേധാവികളുമായി ഒരു ചർച്ച ഇവരുടെ കമ്പനിയിൽ തന്നെ വച്ചു നടന്നു.

പ്രോജെക്ടിൽ നിന്നും ആ കമ്പനി പിന്മാരുന്ന തരത്തിൽ കാര്യങ്ങൾ എത്തിയപ്പോൾ ദേവ്നിയുടെ വാക്കുകൾ അവരെ പിടിച്ചിരുത്തി.

അവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ ദേവ്നിക്ക് ആയിരുന്നു. ആ ഒരൊറ്റ കാരണം കൊണ്ടു തന്നെ ദേവ്നിയെ കാര്യങ്ങൾ ഏൽപ്പിക്കാൻ മാധവൻ തീരുമാനിച്ചു. ജീവന്റെ സ്ഥാനത്തു തന്നെ അവളെ അവരോധിക്കുകയും ചെയ്തു.

ഒരു മാസത്തെ വരവ് ചിലവ് കണക്കുകൾ നോക്കി കൊണ്ടിരുന്ന ദേവ്നിയുടെ കണ്ണുകളിൽ അതിശയം വിടർന്നു. കണക്കുകൾ നോക്കും തോറും അവളുടെ കണ്ണുകൾ കുറുകി വന്നു.

ഗായത്രി ക്ലാസ്സും കട്ട് ചെയ്തു ഷോപ്പിംഗ് മാളിൽ അശ്വിന്റെ കൈകളിൽ തൂങ്ങി നടക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ചയിൽ കൂടി അവൾ വലിയൊരു ഷോപ്പിംഗ് നടത്തിയതായിരുന്നു. എന്നിട്ട് വീണ്ടും വീണ്ടും ഷോപ്പിംഗ്.. എത്ര വാങ്ങി കൂട്ടിയാലും മതിയാകില്ല…

ഭീമമായ ബിൽ കൈകളിൽ കിട്ടിയപ്പോൾ അശ്വിൻ പോലും ഒരുവേള അതിശയിച്ചു പോയി… ഇതിനെയൊക്കെ കെട്ടുന്നവരുടെ ഒരു കാര്യം…

അവൻ ആത്മഗതം ചിന്തിച്ചു നിന്നു… അഹങ്കാരത്തോടെ അശ്വിന്റെ കൈകളിൽ നിന്നും ബിൽ വാങ്ങി പേഴ്സിൽ നിന്നും കാർഡ് എടുത്തു കൗണ്ടറിൽ നീട്ടി പിടിച്ചു നിന്നു ഗായത്രി.

അൽപസമയം കഴിഞ്ഞിട്ടും പേയ്മെന്റ് ചെയ്യാൻ കഴിയാതെ വന്നപ്പോൾ അവൾക്കും ദേഷ്യമായി.

“ATleast നല്ല മെഷീൻ എങ്കിലും വാങ്ങി വയ്ക്ക്”

“മാഡം ഇതു ഞങ്ങളുടെ മെഷീൻ പ്രോബ്ലെം അല്ല. കാർഡ് നോട് വർക്കിങ് ആണ്”

“What”

“മാഡം.. ബാങ്ക് ആയി കോണ്ടാക്ട് ചെയ്തു നോക്ക്”

ഗായത്രിക്ക് ആകെ ചമ്മലും ജാള്യതയും നിറഞ്ഞു നിന്നു. അശ്വിന്റെ മുൻപിൽ ചെറുതായ പോലെ.

അവൾ അപ്പോൾ തന്നെ ബാങ്ക് ആയി കോണ്ടാക്ട് ചെയ്തു. തിരികെ അവിടെ നിന്നും കേട്ട മറുപടിയിൽ കലി പൂണ്ട് നിന്നു ഗായത്രി. ഒപ്പം ദേവ്നിയെ ജീവനോടെ എരിക്കാനുള്ള ദേഷ്യവും അവളുടെ കണ്ണിൽ നിറഞ്ഞു.

(തുടരും)

ആരോഗ്യപരമായ കാരണം അറിയാമല്ലോ… ഗര്ഭാവസ്ഥ അവസാന മാസത്തേക്ക് ആകനായി… പോരാത്തതിന് നല്ല പനിയും പിടിച്ചു. അതുകൊണ്ടാണ് താമസിച്ചത്. ക്ഷമിക്കണം.

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിലാവിനായ് : ഭാഗം 1

നിലാവിനായ് : ഭാഗം 2

നിലാവിനായ് : ഭാഗം 3

നിലാവിനായ് : ഭാഗം 4

നിലാവിനായ് : ഭാഗം 5

നിലാവിനായ് : ഭാഗം 6

നിലാവിനായ് : ഭാഗം 7

നിലാവിനായ് : ഭാഗം 8

നിലാവിനായ് : ഭാഗം 9

നിലാവിനായ് : ഭാഗം 10

നിലാവിനായ് : ഭാഗം 11

നിലാവിനായ് : ഭാഗം 12

നിലാവിനായ് : ഭാഗം 13

നിലാവിനായ് : ഭാഗം 14

നിലാവിനായ് : ഭാഗം 15

നിലാവിനായ് : ഭാഗം 16

നിലാവിനായ് : ഭാഗം 17

നിലാവിനായ് : ഭാഗം 18

നിലാവിനായ് : ഭാഗം 19

നിലാവിനായ് : ഭാഗം 20

നിലാവിനായ് : ഭാഗം 21