Friday, November 22, 2024
Novel

നിലാവിനായ് : ഭാഗം 23

നോവൽ
****
എഴുത്തുകാരി: സേഷ്മ ധനേഷ്‌

അവൾ അപ്പോൾ തന്നെ ബാങ്ക് ആയി കോണ്ടാക്ട് ചെയ്തു. തിരികെ അവിടെ നിന്നും കേട്ട മറുപടിയിൽ കലി പൂണ്ട് നിന്നു ഗായത്രി. ഒപ്പം ദേവ്നിയെ ജീവനോടെ എരിക്കാനുള്ള ദേഷ്യവും അവളുടെ കണ്ണിൽ നിറഞ്ഞു.

അശ്വിന് ഗായത്രിയുടെ നിൽപ് കണ്ടപ്പോൾ തന്നെ ഏകദേശം കാര്യം പിടികിട്ടി.

ഇതുവരെ തന്റെ ചിലവ് പോലും അവളുടെ കയ്യിൽ നിന്നായിരുന്നു. തന്റെ കയ്യിൽ കാശില്ലാത്തത് കൊണ്ടൊന്നുമല്ല, അവളായി ചെയ്യുന്നതാണ് അപ്പൊ അതിനൊരു മുടക്ക് അവൻ പറഞ്ഞതുമില്ല.

എങ്കിലും ഇന്നത്തെ അവളുടെ ക്യാഷ് അവൻ അടച്ചാലോ എന്നൊന്ന് ആലോചിച്ചു. പിന്നെ കരുതി എന്തിന് വേണ്ടി… കഴിഞ്ഞയാഴ്ച ഷോപ്പിങ് ചെയ്ത സാധനങ്ങൾ തന്നെയാണ് ഇന്നും അവൾ എടുത്തു വച്ചതു. വേറെ വേറെ ബ്രാൻഡുകൾ ആണെന്ന് മാത്രം.

അനാവശ്യമായി ചെലവാക്കാൻ അവന്റെ മനസും ഒന്നു മടിച്ചു. എങ്കിലും അവളുടെ മുന്നിൽ ഒന്നാളാവാൻ വേണ്ടി അവൻ പറഞ്ഞു.

“എന്തു പറ്റി ഗായു… അക്കൗണ്ടിൽ പൈസ ഇല്ലേ… അങ്ങനെ പെട്ടന്ന് വറ്റി പോകുന്ന കടൽ അല്ലലോ ലക്ഷ്മി ഗ്രൂപ്പ്… ഞാൻ വേണമെങ്കിൽ അടയ്ക്കാം.

എന്റെ കയ്യിൽ കാർഡ് ഉണ്ട്. നിങ്ങളുടെ അത്ര വരില്ലെങ്കിലും ഞാനും ഒരു കൊച്ചു മുതലാളി തന്നെയാടോ”… അശ്വിൻ അവളെ പാതി കളിയാക്കി കൊണ്ട് പറഞ്ഞു.

എന്തുകൊണ്ടോ അശ്വിൻ ബിൽ അടയ്ക്കാം എന്നു പറഞ്ഞപ്പോൾ ഗായത്രിയുടെ അഭിമാനം സമ്മതിച്ചില്ല. പിന്നീട് വന്നു എടുക്കാമെന്നും പറഞ്ഞു അവൾ അവിടെ നിന്നും ഇറങ്ങാൻ തുടങ്ങി.

അശ്വിന് ഒരു കോൾ വന്നതും ആ പേരും പറഞ്ഞു അവൻ വേഗം തടി തപ്പി. എങ്കിലും പോകുമ്പോൾ ചേർത്തു പിടിച്ചു അവളെ ചുംബിക്കാൻ അവൻ മറന്നില്ല. ആ ചുംബനത്തിന്റെ ആലസ്യത്തിൽ കുറച്ചു നിമിഷത്തിൽ അവൾ സ്വയം മറന്നു നിന്നു.

ഓഫീസ്‍ റൂമിലേക്ക് ചവിട്ടി തുള്ളിയുള്ള വരവായിരുന്നു ഗായത്രിയുടെ. തന്റെ അക്കൗണ്ട് ലിമിറ്റ് ചെയ്യാൻ മാത്രം പുതിയ മാനേജർ ആയോയെന്നു അവൾക്ക് മുഖത്തു നോക്കി ചോദിക്കണമായിരുന്നു. അപ്പോഴാണ് ശീതൾ എതിരെ വരുന്നത് കണ്ടത്.

“നീ… നീയെന്താ ഇവിടെ… എന്നുമുതൽ ഇവിടെ വന്നു തുടങ്ങിയത്… എന്നോട് ഒന്നും പറഞ്ഞില്ലലോ നീ” ശീതളിനെ കണ്ട അത്ഭുതത്തിലായിരുന്നു ഗായത്രി.

“എന്നതാടി… നിന്റെ ചുണ്ടൊക്കെ ചുവന്നു പൊട്ടിയിരിക്കുന്നു… ആ അശ്വിൻ കാര്യമായി സ്നേഹിക്കുന്നുണ്ടെന്നു തോന്നുന്നല്ലോ” ഗായത്രിയുടെ ചോദ്യത്തിന് മറുപടി അവളുടെ ചുണ്ടുകൾ കൂട്ടിപിടിച്ചു ശീതൾ മറുചോദ്യമാക്കി.

ഗായത്രി ഒരു ലജ്ജയോടെ അവളുടെ കൈകളെ തട്ടി മാറ്റി… “നീ ഞാൻ ചോദിച്ചതിന് മറുപടി പറ”

“നിനക്ക് അപ്പൊ എന്നെ ഓര്മയുണ്ടല്ലേ… ഞാൻ കരുതി… ജീവിക്കേണ്ട മോളെ… അച്ഛന്റെ ബിസിനസിന്റെ കാര്യത്തിൽ ഏതാണ്ട് തീരുമാനമായി തുടങ്ങി.

അയാളും മകനും കളി തുടങ്ങി എന്നു വ്യക്തമായി പറയാം. എന്റെ അച്ഛനോടണല്ലോ അവരുടെ പക. ജീവിക്കാൻ വേറെ വഴിയില്ലാത്തത് കൊണ്ടു നിന്റെ അച്ഛന്റെ കാലു പിടിച്ച ഇവിടെ വീണ്ടും ജോലിക്ക് കയറിയത്..

ഞാൻ നിന്നെ കുറെ വിളിച്ചിരുന്നു… നീ എന്റെ കോൾ പോലും എടുക്കുന്നില്ലലോ. ഇപ്പൊ ഈ ശീതളിന് വിലയൊന്നുമില്ലലോ അല്ലെ”

“അയ്യോ… അങ്ങനെയൊന്നും പറയല്ലേ പെണ്ണേ… നീയെന്റെ ഏറ്റവും ബെസ്റ്റി അല്ലെടാ… കോൾ എടുക്കാതിരുന്നത്… പിന്നെ… ഞാൻ …. അശ്വിൻ..”

“ഉം… ഉം… മനസിലായി… കിട്ടിയ ഫ്രീഡം ആസ്വദിക്കുവാണല്ലേ… നടക്കട്ടെ… നടക്കട്ടെ.. അല്ല നീ വന്നത് നല്ല കലി തുള്ളിയാണെന്നു തോന്നുന്നു… മുഖഭാവം കണ്ടപ്പോൾ അങ്ങനെ തോന്നി… എന്താ കാര്യം”

“ഇവിടെയിപ്പോ ആരുടെ ഭരണമാണ്. അതൊന്നു തിരക്കിയിട്ട് പോകാമെന്ന് കരുതി. എന്റെ അക്കൗണ്ട് ലിമിറ്റ് ചെയ്യാൻ മാത്രം ആരാ ഇവിടെ എന്നു എനിക്കൊന്നു അറിയണം”… അതു പറയുമ്പോൾ ഗായത്രിയുടെ കവിളും മൂക്കും ചുവന്നിരുന്നു ദേഷ്യം കൊണ്ട്.

“ഓഹ്… അപ്പൊ അതാണ് കാര്യം. ആയമ്മ അപ്പോൾ നിനക്കിട്ടും പണി തന്നല്ലേ… എന്നാലും മാധവ് മേനോന്റെ മകളാണെന്നു അറിഞ്ഞിട്ടു തന്നെ അവൾ നിനക്കിട്ടും പണിതല്ലോ എന്ന… നിന്നെ ശരിക്കും മനസിലായിട്ടില്ല അവൾക്ക്…

അല്ലെങ്കി നിന്നെപോലും വെറുതെ വിടുന്നില്ലലോ… പക്ഷെ ഗായു നീയെത്ര ചവിട്ടി തുള്ളി വന്നിട്ടും കാര്യമില്ല. അങ്ങനെയാണ് എനിക്ക് തോന്നുന്നത്”

“നീയെന്താ അങ്ങനെ പറഞ്ഞതു.” ഒരു സംശയത്തോടെ ആയിരുന്നു ഗായത്രി ചോദിച്ചത്.

“കാരണം… കാരണം ഉണ്ട് മോളെ, ദി ഗ്രെറ്റ്‌ മാധവ് മേനോനു പോലും ഇപ്പോൾ അവളുടെ വാക്കാണ് അവസാനത്തെതു.

അവൾക്ക് എന്തു തീരുമാനം എടുക്കുവാനുള്ള സ്വാതന്ത്ര്യം പതിച്ചു നല്കിയെക്കുവാ… ഒരാൾക്കും ചോദ്യം ചെയ്യാൻ കഴിയില്ല.

പണ്ടേ അഹങ്കാരിയാണ് ഇപ്പോൾ എല്ലാ അധികാരവും കൂടിയായപ്പോൾ പിന്നെ പറയുകയെ വേണ്ട” ശീതൾ പറയുന്നത് ബാക്കി കേൾക്കാതെ ഗായത്രി കലിച്ചു തുള്ളി ക്യാബിനിലേക്ക് നടന്നു നീങ്ങിയിരുന്നു.

അവളുടെ ചാടി തുള്ളിയുള്ള പോക്ക് നോക്കി കൊണ്ടു ശീതളും നിന്നു. മനസിൽ പുതിയ കണക്ക് കൂട്ടലുകളുമായി.

ഗായത്രി ക്യാബിനിലേക്ക് ചെല്ലുമ്പോൾ മാധവ് മേനോൻ അവിടെ ഉണ്ടായിരുന്നില്ല. വന്ന വഴി നേരെ ദേവ്നിയുടെ ക്യാബിനിലേക്ക് ചെന്നു. അവിടെയും ശൂന്യമായിരുന്നു. പിന്നീടാണ് അറിഞ്ഞത് അവർ വീട്ടിലേക്ക് പോയെന്ന്.

ഗായത്രിയുടെ ഉള്ളിലെ ദേഷ്യം ഒട്ടും ചോരാതിരിക്കാൻ ശീതൾ വാക്കുകൾ കൊണ്ട് മൂർച്ച കൂട്ടികൊടുത്തു കൊണ്ടേയിരുന്നു.

ഗായത്രി വീട്ടിലേക്ക് എത്തിയപ്പോഴാണ് ഒരു കാര്യം ഓര്മിച്ചത്… ഇന്ന് ഗൗതമിനെ ട്രീട്മെന്റ് കൊണ്ടുപോകുന്ന ദിവസമാണ്.

അവിടെ താമസിച്ചാണ് ചികിത്സ. ആർക്കും കൂടെ നിൽക്കാൻ കഴിയില്ല. ഭേദമാകുമ്പോൾ ഗൗതം സ്വയം വന്നുകൊള്ളും. അതാണ് ആ ചികിത്സയുടെ ഉറപ്പു. ഗായത്രി ആ ഒരു കാര്യം മറന്നു പോയിരുന്നു.

ഏട്ടൻ കിടപ്പിലായപ്പോൾ പഴയ പ്രതാപമെല്ലാം പോയപ്പോൾ പിന്നെ ഏട്ടൻ അനിയത്തി വാത്സല്യവും എവിടേക്കോ പോയിരുന്നു. കൂടുതലും ഏട്ടൻ ദേവ്നിയോട് അടുക്കുന്നത് കണ്ടാണ് ദേഷ്യമായത്… അതിനൊപ്പം തന്നെ ജീവനോടുള്ള സ്നേഹവും.

പിന്നെ ഒരു വിലക്കുകളുമില്ലാതെ അശ്വിന്റെ പ്രണയം ഒഴുകിയെത്താൻ തുടങ്ങിയപ്പോൾ മനപൂർവ്വം ഗൗതമിനെ മറന്നു എന്നുവേണം പറയാൻ.

ഗൗതത്തിന്റെ അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ എല്ലാം തന്നെ എടുത്തു വയ്ക്കുകയായിരുന്നു സുഭദ്ര.

അമ്മയും മകനും ഇപ്പോൾ മാനസികമായി ഒരു ചെറിയ അകൽച്ചയിലാണ്. പരസ്പരം കളിച്ചിരികൾ ഇല്ല തുറന്ന സംസാരമില്ല എന്തിനേറെ പങ്കുവയ്ക്കാൻ ചുണ്ടുകളിൽ ഒരു പുഞ്ചിരി പോലും വിരിയുന്നില്ല.

അഭിനയമായിരുന്നോ ഇത്രയും നാളുകൾ… ഒരു അമ്മയുടെ സ്നേഹവും മകന്റെ സ്നേഹവുമെല്ലാം… രണ്ടു മനസുകളും ഒരേ കാര്യങ്ങൾ തന്നെയാണ് ചിന്തിച്ചു കൂട്ടിയത്. ദേവ്നിയുടെ കയ്യിൽ ഇമ്പോര്ടൻറ് ഫയലുകൾ ഉണ്ടായിരുന്നു.

അത്യാവശ്യം ചിലത് ഗൗതത്തിന്റെ സൈൻ കൂടി വേണ്ടതായിരുന്നു. ഗൗതം മറ്റൊന്നിലും ശ്രെദ്ധിക്കാതെ ഫയലുകൾ എല്ലാം തന്നെ വായിച്ചു നോക്കുന്ന തിരക്കിലായിരുന്നു.

എല്ലാം വ്യക്തമായി വായിച്ചു നോക്കി ചിലതിൽ മാർക് ചെയ്യുന്നുണ്ട്. ചില കടലാസുകളിൽ അവൻ സൈൻ ഇടുന്നുമുണ്ട്.

സുഭദ്ര ഇടക്കിടെ ഗൗതമിനെ ഒന്നു പാളി നോക്കി. അവന്റെ കണ്ണുകൾ ഫയലിൽ നിന്നും എടുക്കുന്നില്ല എന്നു കണ്ടു സുഭദ്ര തന്റെ ജോലിയിലേക്ക് തിരിഞ്ഞു.

അവൻ ആവശ്യത്തിനു ദേവ്നിയോട് സംസാരിക്കുന്നുമുണ്ട്. മാധവൻ അടുത്തു തന്നെ മറ്റു ഫയലുകളിൽ ഉറ്റു നോക്കുന്നു.

“ഡി… ദേവ്നി” ഗായത്രിയുടെ അലർച്ച ആയിരുന്നു എല്ലാവരുടെയും ശ്രെദ്ധ ഫയലിൽ നിന്നുമെടുത്തത്. നോക്കുമ്പോൾ കോപം കൊണ്ട് ജ്വലിച്ചു നിൽക്കുന്നുണ്ട് ഗായത്രി.

ദേവ്നി ഈ വരവും അടുത്തതായി നടക്കാൻ പോകുന്ന ചോദ്യം ചെയ്യലും മുൻകൂട്ടി പ്രതീക്ഷിച്ചതു കൊണ്ടു അപ്രതീക്ഷിതമായ കണ്ട ഒരു ഞെട്ടൽ അഭിനയിക്കേണ്ടി വന്നില്ല.

മാധവ് മേനോൻ ‘എന്താ’ എന്ന ചോദ്യഭാവത്തിൽ ഗായത്രിയെ നോക്കി. പക്ഷെ വാക്കുകൾ പുറത്തേക്കു വന്നില്ല.

“നീയാരാ എന്റെ ബാങ്ക് അക്കൗണ്ട് ലിമിറ്റ് ചെയ്യാൻ.. നീയാരാണെന്ന ചോദിച്ചത്… അത്രക്ക് എന്തു അധികാരമാണ് നിനക്ക് കമ്പനിയിൽ പതിപ്പിച്ചു തന്നിരിക്കുന്നത്” ഗായത്രിയുടെ കൈകൾ ദേവ്നിയുടെ വലതു കൈകളിൽ മുറുകെ അമർത്തി കൊണ്ടായിരുന്നു ചോദ്യം.

ദേവ്നിയുടെ കൈകളിൽ ചുവപ്പ് പടർന്നിരുന്നു. ഗായത്രിയുടെ ദേഷ്യത്തിന്റെ ആഴം എത്രത്തോളമുണ്ടെന്നു ദേവ്നിയുടെ കൈകളിൽ പടർന്ന ചുവപ്പ് പറയുന്നുണ്ടായിരുന്നു. പക്ഷെ ദേവ്നിയുടെ കണ്ണുകൾ ഗായത്രിയിൽ തന്നെയായിരുന്നു.

രൂക്ഷമായ നോട്ടം തൊടുത്തു കൊണ്ടു നിൽപ്പായിരുന്നു… കൈകളിൽ ചുവപ്പു രാശി പടർന്നതൊന്നും ദേവ്നി അറിഞ്ഞില്ല.

“ഗായത്രി… നീ… നീ അവളുടെ കൈകൾ വിട്”

“ഓഹ്… കാമുകിയെ വേദനിച്ചപ്പോ എന്തേ സഹിച്ചില്ലേ നിങ്ങൾക്ക്” ദേഷ്യത്തിൽ ഗായത്രിയുടെ ഉള്ളിൽ നിന്നും പുറം തള്ളുന്ന വാക്കുകൾ വിഷമയമായിരുന്നു.

“അസത്തെ… നീ ആരെയാടി നിങ്ങൾ എന്നു വിളിച്ചത്” ഗായത്രിയുടെ തോളിൽ ശക്തമായി പ്രഹരിച്ചു കൊണ്ടു സുഭദ്ര കണ്ണുനീർ ഈറനോടെ ചോദിച്ചു.

“വളർത്തു ദോഷം. അമ്മയുടെ അല്ലെ മകൾ” മാധവ് മേനോൻ സുഭദ്രക്ക് കേൾക്കാൻ പാകത്തിൽ പറഞ്ഞു.

സുഭദ്രക്ക് കേട്ടു നിൽക്കാൻ മാത്രമേ ആയുള്ളൂ… തനിക്ക് ഉണ്ടായ ദിവ്യ ഗർഭത്തിൽ നിന്നുമല്ല ഗായത്രി ഉണ്ടായത്, അവളെ താൻ ഒറ്റക്ക് അല്ല വളർത്തിയത്… അച്ഛനും ഏട്ടനും കൂടിയാണ് വളർത്തിയത്. എന്നിട്ടും…

“കമ്പനിയിൽ പുതിയ പരിഷ്‌കാരങ്ങൾ കൊണ്ട് വന്നതോ അല്ലെങ്കി പുതിയ മാനേജരുടെ ഭരണമോ എന്തുവേണമെങ്കിലും വിചാരിച്ചോളൂ. ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല.

എന്റെ കമ്പനിയിലെ പോസ്റ്റിലും മുകളിൽ ഇരിക്കുന്നവരുടെ നിർദേശങ്ങൾ ഞാൻ നടത്തുന്നു. അത്ര മാത്രം” നെഞ്ചിൽ കൈകൾ പിണച്ചു കെട്ടി നിന്നു ദേവ്നി ഗായത്രിക്കുള്ള മറുപടി നൽകി.

ദേവ്നിയുടെ മറുപടിയിൽ തൃപ്തി വരാതെ ഗായത്രി മാധവ് മേനോന് നേരെ തിരിഞ്ഞു.
“എന്റെ ബാങ്ക് അക്കൗണ്ട് ലിമിറ്റ് ചെയ്‌തോ… എന്താ കാണിച്ചു വച്ചിരിക്കുന്നത്.

പുതിയ ഭരണ പരിഷ്കാരങ്ങളൊക്കെ കമ്പനിയിൽ എന്നുമുതലാണ് തുടങ്ങിയത്. ഷോപ്പിങ് ചെയ്യാൻ പോയ ഇന്ന് ഞാൻ നാണം കെട്ട് തൊലിയുരിഞ്ഞു പോയി”

“കമ്പനിയിൽ പുതിയ ഭരണ പരിഷ്‌കാരങ്ങൾ എന്നൊന്നും പറയാൻ കഴിയില്ല… നിനക്ക് അറിയില്ലെങ്കിലും… ഇനി അറിഞ്ഞിട്ടു അറിയാത്ത ഭാവം നടിക്കുന്നതാണോ എന്നും അറിയില്ല… ഇപ്പോൾ മുങ്ങി കൊണ്ടിരിക്കുന്ന ഒരു കപ്പലാണ് നമ്മുടെ ലക്ഷ്മി ഗ്രൂപ്പ്.

കമ്പനിയുടെ നില നിൽപ്പിന് വേണ്ടി പുതിയ മാനേജർ ചില കാര്യങ്ങൾ നിർദേശിച്ചു. കമ്പനിയുടെ നല്ല നടത്തിപ്പിന് അതു ആവശ്യമാണെന്ന് തോന്നിയത് കൊണ്ടു ഞാനത് അംഗീകരിച്ചു”

“ഓഹോ… നിങ്ങൾ എന്താ എന്നെ പൊട്ടിയാക്കുകയാണോ… എനിക്കും കമ്പനിയിൽ അധികാരവും അവകാശവുമുണ്ട്… അതു മറക്കരുത്” ഗായത്രിയുടെ വാക്കുകളിൽ അവളുടെ സമനില തെറ്റി തുടങ്ങിയെന്ന് മനസ്സിലായിരുന്നു.

“മോൾക്ക്‌ എന്തു അധികാരവും അവകാശവും ഉണ്ടെന്ന പറഞ്ഞു വരുന്നത്. എനിക്ക് മനസിലായില്ല” അതുവരെ മിണ്ടാതിരുന്ന ഗൗതത്തിന്റെ ശബ്ദമുയർന്നു.

“ഏട്ടന് അറിയില്ലേ… ഞാൻ ദാ… ഈ നിൽക്കുന്ന മാധവ് മേനോന്റെ മകളാണ്… അതു പോരെ എനിക്ക് കമ്പനിയിലുള്ള അവകാശത്തിനു”

“അതു പോരല്ലോ” ഒട്ടും മയമില്ലാത്ത ഗൗതത്തിന്റെ വാക്കുകൾ ഗായത്രിയിൽ സങ്കോചമുണ്ടാക്കി.

“മനസിലായില്ല”

“അതിനു ലക്ഷ്മി ഗ്രൂപ്പ് ഈ നിൽക്കുന്ന മാധവ് മേനോന്റെ ആണെന്ന് നിനക്ക് ഉറപ്പുണ്ടോ” തിരിച്ചുള്ള ഗൗതത്തിന്റെ ചോദ്യത്തിൽ കാര്യമറിയാതെ കണ്ണു മിഴിച്ചു നിൽക്കാൻ മാത്രമേ അവൾക്കായുള്ളൂ.

“മനസിലായില്ല അല്ലെ… ലക്ഷ്മി ഗ്രൂപ്പ്… പേരു പോലെ തന്നെ അതു എന്റെ അമ്മയുടെ കമ്പനിയാണ്. അമ്മയുടെ തായ് വഴി കിട്ടിയ ബിസിനെസ്സ് സംരംഭം.

ഞാൻ വലുതാകും വരെ അതു നോക്കി നടത്തുന്ന ഒരു വ്യക്തി മാത്രമാണ് മാധവ് മേനോൻ. കമ്പനിയുടെ മുഴുവൻ അവകാശവും അധികാരവും എനിക്ക് മാത്രമാണ്.

ഈ നിൽക്കുന്ന മാധവ് മേനോനിൽ അല്ല. ഞാൻ തീരുമാനിക്കുന്ന വ്യക്തി ഇനി കമ്പനി നോക്കി നടത്തും. ഇപ്പൊ മോളുടെ സംശയങ്ങൾ ഒക്കെ തീർന്നോ…ഉം”

അങ്ങനെയൊരു കാര്യം ഗായത്രിക്ക് ഇതുവരെ അറിയില്ലായിരുന്നു. ഗായത്രിക്ക് മാത്രമല്ല സുഭദ്രക്കും… അവരുടെ മുഖത്തു കണ്ട ഭാവങ്ങൾ അതു പറയുന്നുണ്ടായിരുന്നു.

കത്തുന്ന മിഴികളോടെ മാധവ് മേനോനെയും സുഭദ്രയെയും ഗായത്രി നോക്കി… ദേവ്നിക്ക് നേരെ നീണ്ട മിഴികൾ ഒന്നു കൂടി ജ്വലിച്ചിരുന്നു.

കാരണം ഗൗതം അധികാരം കൈമാറ്റുന്ന വ്യക്തിയാണ് കണ്മുന്നിൽ നിൽക്കുന്നത്. ദേവ്നിയുടെ കണ്ണുകളിൽ ഗായത്രിയോടുള്ള പുച്ഛവും ചുണ്ടുകളിൽ കളിയാക്കിയുള്ള ചിരിയും വിടർന്നു. അതു കാണ്കെ ഗായത്രിയുടെ മുഖമാകെ വീണ്ടും ചുവന്നു വന്നു.

“ഈ അധികാരം സ്ഥാപിച്ചെടുക്കാൻ വേണ്ടി നീ എന്നതാടി ചെയ്തത്… നിന്നെ പോലുള്ളവളുമാർ എന്തിനും മടിക്കില്ല… കൂടെ കിടന്നു കുറച്ചു വിയർപ്പോഴുക്കിയാൽ മാത്രം മതി…” ഗായത്രി പറഞ്ഞു നിർത്തിയതും അവളുടെ കവിളിൽ ആദ്യ അടി വീണത് സുഭദ്രയുടെ കൈകൾ ആയിരുന്നു…

“നീയൊരു പെണ്ണ് തന്നെ അല്ലെടി…”

ആ തരിപ്പ് മാറും മുന്നേ അച്ഛനായ മാധവ് മേനോന്റെ കൈകൾ ഇരുകവിളിലും മാറി മാറി പതിച്ചു. ഗൗതമിനു കൊടുക്കാൻ കഴിയാത്തത് കൂടി മാധവ് മേനോൻ നൽകി.

അപ്രതീക്ഷിതമായ അടി ആയതിനാൽ ഗായത്രി പിന്നെ ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങി പോയി. മാധവ് മേനോനും സുഭദ്രയും കൂടി ഇറങ്ങി.

ഗൗതമിനേയും ദേവ്നിയെയും തനിച്ചു വിട്ടു. ഗൗതം ദേവ്നിയെ ഉറ്റു നോക്കി കൊണ്ടിരുന്നു. പക്ഷെ അവളുടെ മുഖത്തു കുറച്ചു മുൻപ് ഗായത്രി വാക്കുകൾ കൊണ്ട് മുറിവേല്പിച്ചതിന്റെ ഒരു ലക്ഷണവും കണ്ടില്ല.

ഗൗതമിനെ നോക്കി ദേവ്നി കണ്ണു ചിമ്മി ചിരിച്ചു. അവൻ കണ്ണുകൾ കൊണ്ടു തന്നെ അവന്റെ അടുത്തേക്ക് അവളെ ക്ഷണിച്ചു. അവൾ പ്രണയപൂർവ്വം തന്നെ അവനരികിൽ ഇരുന്നു.

അവന്റെ കൈകൾ തന്റെ കൈകൾക്കുള്ളിൽ പൊതിഞ്ഞു പിടിച്ചു. അവനെ നോക്കി, കണ്ണുകളിൽ നോക്കി കുറച്ചു സമയം മൗനമായി പ്രണയിച്ചു കൊണ്ടിരുന്നു ഇരുവരും.

“ഞാൻ തിരികെ വരും ദേവു…”

“വരണം എനിക്ക് വേണ്ടി…”

മൗനമായുള്ള അവരുടെ മനസിന്റെ സംഭാഷണങ്ങൾ… അവളുടെ മറുപടി അവന്റെ മനസിന്റെ ഉറപ്പു കൂടിയായിരുന്നു. അവളുടെ കൈകളെ കുറച്ചു കൂടി ബലമായി തന്നെ അവൻ പൊതിഞ്ഞു പിടിച്ചിരുന്നു.

“ഗായത്രിയുടെ വാക്കുകൾ… വേദനിച്ചോ”

ദേവ്നി പുഞ്ചിരിച്ചു കൊണ്ട് തന്നെ കണ്ണുകൾ ചിമ്മി ഇല്ലായെന്നു മറുപടി കൊടുത്തു. അവൾ ആ നിമിഷം അവരുടെ പ്രണയ നിമിഷങ്ങൾ ആസ്വദിക്കുന്ന തിരക്കിലായിരുന്നു. കുറച്ചു നിമിഷങ്ങൾ ഗൗതമിന്റെ നെഞ്ചിൽ ചാരി അവൾ ഇരുന്നു.

“ഇനി ഒന്നുകൊണ്ടും ആരുടെ ഒരു വാക്ക് കൊണ്ടു പോലും എന്റെ മനസിനെ വേദനിപ്പിക്കാനാകില്ല ഗൗതം. നിനക്കൊഴികെ” അവൾ പറഞ്ഞതിന്റെ പൊരുൾ മനസിലായത് പോലെ ഗൗതം അവളെ തന്നിലേക്ക് ഒന്നു കൂടി ചേർത്തു മുറുകെ പിടിച്ചിരുന്നു.

“എന്നിൽ നിന്നും നിനക്കിനി ഒരിക്കലും വേദനിക്കേണ്ടി വരില്ല ദേവു. അങ്ങനെ ഞാൻ ചിന്തിക്കാൻ തുടങ്ങും മുന്നേ നിന്റെ ഏട്ടൻ ചിലപ്പോ എന്താ ചെയ്യ എന്നു പറയാൻ പോലും പറ്റില്ല”

“അപ്പൊ ഏട്ടനെ പേടിയുണ്ടല്ലേ… എനിക്കെ ചോദിക്കാനും പറയാനുമൊക്കെ ആളുണ്ട് കേട്ടോ” ഒരു ഏട്ടൻ എന്തിനും ഏതിനും കൂടെയുണ്ടെന്ന അധികാരത്തിൽ പറഞ്ഞു.

“ആയിക്കോട്ടെ… ഏട്ടനെ സ്നേഹിക്കുന്ന കൂട്ടത്തിൽ ഈ എന്നെ കൂടി ഒന്നു പരിഗണിച്ച മതി.

പിന്നെ… ദേവു… കമ്പനി… അറിയാമല്ലോ… ഒന്നിനും ഒരു കുറവുമില്ലാതെ നീ നോക്കണം. എല്ലാം കൃത്യമായി വേണ്ട വിധത്തിൽ തന്നെ ചെയ്യണം.

ഞാൻ പോയി കഴിഞ്ഞാൽ അതിനുള്ള എല്ലാ അധികാരവും നിനക്ക് മാത്രമായിരിക്കും. കമ്പനി കാര്യങ്ങളിൽ പുറമെ നിന്നുള്ള ഒരാളുടെ കൈകടത്തലുകൾ താൻ അനുവദിച്ചു കൊടുക്കരുത്.

തനിക്ക് മുകളിൽ ആരും തന്നെ തന്നെ ഭരിക്കാനും സമ്മതിച്ചു കൊടുക്കരുത്. അതിനുള്ള അവകാശം നിനക്ക് മാത്രമാണ്. അതിനുള്ളതാണ് ഈ ഫയലിൽ ഉള്ളത്” ഒരു ഫയൽ എടുത്തു ഗൗതം ദേവ്നിയുടെ കൈകളിൽ വച്ചു കൊണ്ടു പറഞ്ഞു.

“ദേവു… ഇതും എന്റെ ജീവിതം തന്നെയാണ്. കൈ വിട്ടു കളയരുത്. നിന്റെ കയ്യിൽ ഭദ്രമായി സൂക്ഷിക്കണം… കമ്പനിയും” ഗൗതത്തിനു മറുപടിയായി ദേവ്നിയുടെ കൈകൾ അവന്റെ കൈകളെ ബലമായി പിടിച്ചു. അതിലുണ്ടായിരുന്നു അവളുടെ മനസിന്റെ ധൈര്യവും.

“പിന്നെ നിനക്ക് എന്തു സഹായത്തിനും ഏത് നിമിഷവും ഒരു വിളിപ്പാട് അകലെയായി… ” ഗൗതം പറഞ്ഞു പൂർത്തിയാക്കും മുന്നേ അവന്റെ കൈകളിൽ ഫോൺ റിങ് ചെയ്തു. സ്ക്രീനിലേക്ക് നോക്കിയ ഗൗതത്തിന്റെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു….

“ജീവൻ…”

“ഗൗതം..”

“അപാര ടൈമിങ് ആണല്ലോ മനുഷ്യ നിങ്ങൾക്ക്” മറുപുറം ജീവന്റെ ചിരി മുഴങ്ങുന്നത് ദേവ്നിയും കേട്ടു.

“ഞാൻ ദേവ്നിയോട് കാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്കുകയായിരുന്നു. പിന്നെ എന്തു സഹായത്തിനും ഒരു വിളിപ്പാട് അകലെ ഇങ്ങനെയൊരു ഏട്ടൻ കൂടി ഉണ്ടെന്നു പറയുമ്പോഴേക്കും താൻ വിളിച്ചു… താൻ ഏത് നിമിഷത്തിലും കൂടെയുണ്ടെന്നു ഒരിക്കൽ കൂടി ബോധ്യപ്പെട്ടു”

പിന്നീട് അവരുടെ സംഭാഷണങ്ങൾ ബിസിനസ് കടന്നു ഗൗതത്തിന്റെ ട്രീട്മെന്റിൽ അവസാനിച്ചു. ദേവ്നിയെ പിന്നെ വിളിച്ചോളാം എന്നും പറഞ്ഞു ജീവൻ ഫോൺ വച്ചിരുന്നു.

മാധവൻ ആയിരുന്നു ജീവനെ കൊണ്ടുപോയത്. പ്രത്യേകിച്ചു ഒരു യാത്ര പറച്ചിൽ പിന്നീട് ഉണ്ടായില്ല. കാർ മുറ്റം കടന്നു പോകുന്നത് ദേവ്നി നിറ മിഴികളാലെ നോക്കി നിന്നു. കണ്ണിമ ചിമ്മാതെ… പ്രാർത്ഥനയോടെ.

യാത്ര പറയാൻ ദേവ്നി സുഭദ്രയുടെ അടുത്തേക്ക് ചെന്നു. ഒരു ടേബിളിൽ തല വച്ചു കിടക്കുകയായിരുന്നു അവർ. കണ്ണടച്ചിട്ടും കണ്ണുനീർ ഒഴുകുന്നുണ്ട്.

അവരോട് സഹതാപം തോന്നി അവൾക്ക്. എന്തു പറഞ്ഞു വിളിക്കുമെന്ന് ദേവ്നി ഒന്നു സംശയിച്ചു… എങ്കിലും

“അമ്മേ…” പെട്ടന്ന്… കുറെ നാളുകൾക്കു ശേഷം തന്നെ ആരോ അമ്മേ എന്നു വിളിച്ച സന്തോഷത്തിൽ സുഭദ്ര തലയുയർത്തി നോക്കി.

“ദേവ്നി…” അവൾക്ക് പറയാനുള്ളത് കേൾക്കാൻ എന്നപോലെ സുഭദ്ര നിന്നു. മറുത്തൊന്നും പറഞ്ഞില്ല.

“ഞാൻ… ഞാൻ ഇറങ്ങുകയാണ്”

സുഭദ്ര മറുപടി ഒന്നും പറയാതെ അവളെ തന്നെ നോക്കി നിന്നു. പിന്നീട് അവളിൽ നിന്നും മിഴികൾ പിൻവലിച്ചു. കുറച്ചു നിമിഷങ്ങൾ സുഭദ്രയെ നോക്കി നിന്നു ദേവ്നി. തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ.

“ദേവ്നി…” സുഭദ്ര ആദ്യമായാണ് അവളോട്‌ സംസാരിക്കുന്നത്.

“ഒരു പെണ്ണിന്റെ മുഖത്തു നോക്കി പറയാൻ പാടില്ലാത്തതാണ് എന്റെ മകൾ ഇന്ന് നിന്നോടു പറഞ്ഞതു. അവൾ അങ്ങനെ പറയുന്നതിൽ പാതി തെറ്റു എന്റെ ഭാഗത്താണ്.

വേണ്ട വിധത്തി അവളെ വളർത്താൻ കഴിഞ്ഞില്ല… അവൾക്കു വേണ്ടി ഞാൻ മാപ്പ് ചോദിക്കുകയാണ്”

“മകൾ ചെയ്ത തെറ്റിനു അമ്മ എന്തിനാ മാപ്പ് ചോദിക്കുന്നത്… അവളുടെ തെറ്റു അവളായി തന്നെ തിരുത്തും… എനിക്ക് വിഷമമോ പരിഭവങ്ങളോ പിണക്കമോ ഇല്ല” ഒരു ചിരിയോടെ തന്നെ ദേവ്നി വാക്കുകൾ കൊണ്ടു സുഭദ്രയെ സമാധാനിപ്പിച്ചു.

“ദേവ്നി… എനിക്ക് നിന്നോട് ദേഷ്യം ഒന്നുമില്ല. എങ്കിലും നിന്നെ മനസു കൊണ്ടു അംഗീകരിക്കാൻ… എന്റെ മകന്റെ ഭാര്യയായി അംഗീകരിക്കാൻ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല” സുഭദ്രയുടെ ആ സംസാരത്തിനും ദേവ്നിയിൽ പുഞ്ചിരി തന്നെയായിരുന്നു.

“എനിക്ക് മനസിലാകും” അത്ര മാത്രം പറഞ്ഞു കൊണ്ട് ദേവ്നി അവിടെ നിന്നുമിറങ്ങി.

അത്യാവശ്യമുള്ള കുറച്ചു നോട്ട്‌സ് തയ്യാറാക്കുകയായിരുന്നു ജീവൻ. ദേവ്നിക്ക് വേണ്ടി തന്നെ. എപ്പോഴും ശ്രെദ്ധിക്കേണ്ടേ കാര്യങ്ങൾ എല്ലാം ഓർഡർ ആക്കി ടൈപ്പ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.

”മോൻ തിരക്കിലാണോ” പ്രകാശ് ജീവനരികിൽ വന്നിരുന്നു കൊണ്ടു ചോദിച്ചു.

ജീവൻ ലാപ് ടോപ്പിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു “എന്താ അച്ഛാ… പറഞ്ഞോ”

“ഗൗതം ട്രീട്മെന്റ് പോയല്ലേ”

“എസ്… ഞാൻ ദേവ്നിക്ക് അത്യാവശ്യം ശ്രെദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ നോട്ട്സ് ആയി കൊടുക്കുകയായിരുന്നു. അതു ടൈപ്പ് ചെയ്യുകയാണ്” അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അച്ചു കയ്യിൽ ഒരു പ്ളേറ്റിൽ കുറച്ചു പലഹാരങ്ങൾ ആയി വന്നു.

“ആഹാ… ഇന്ന് എന്താ സ്‌പെഷ്യൽ”

“അങ്കിളിന്റെ ഏറ്റവും ഇഷ്ടം എല്ലാം ഉണ്ട്. പഴം പൊരി, പരിപ്പ് വട, ഉഴുന്ന് വട പിന്നെ ഇലയട…” അച്ചുവിന്റെ ശബ്ദം കേട്ടതും ജീവൻ മുഖമുയർത്തി നോക്കി..

“മോൾ ഇതാർക്ക് വേണ്ടിയാ കൊണ്ടുവന്നെ… അച്ഛനോ” അവൾ അതെയെന്ന് തലയാട്ടി അവനെ കൂർപ്പിച്ചു നോക്കി.

“അച്ഛാ… എണ്ണയിൽ മുങ്ങി കിടക്കുന്ന ഈ പലഹാരങ്ങൾ ഒന്നും ആരോഗ്യത്തിനു അത്ര നല്ലതല്ല”

“ഒരെണ്ണം ഒക്കെ കഴിക്കാമെഡോ” പ്രകാശ് ചിരിയോടെ ജീവനോട് പറഞ്ഞു കൊണ്ട് പ്ളേറ്റിലേക്ക് കൈകൾ നീട്ടി.

“നാളെ 3 റൌണ്ട് കൂടുതൽ ഓടാൻ റേഡിയാണെങ്കി മാത്രം അതിൽ നിന്നുമെടുത്താൽ മതി”

അതു കേട്ടതും കയ്യിൽ തടഞ്ഞ പരിപ്പുവട വ്യസനത്തോടെ അവിടെ തന്നെ വച്ചു പ്രകാശ് അച്ചുവിന്റെ മുഖത്തേക്ക് ദയനീയമായി നോക്കി.

“ദേ… ജീവേട്ട… ഇത്ര സ്ട്രിക്ട് പാടില്ലാട്ടോ… ഒന്ന് മാത്രമേ അങ്കിൾ കഴിക്കു” അച്ചുവിന്റെ കണ്ണിൽ കുശുമ്പിന്റ മിന്നൽ തെളിഞ്ഞു നിന്നിരുന്നു.

ഇത്രയും നാളുകളും പ്രകാശിന്റെ എല്ലാ കാര്യങ്ങളും അച്ചുവിന്റെ നിയന്ത്രണത്തിലായിരുന്നു… പെട്ടന്ന് ആണ് അവിടെ മറ്റൊരാളുടെ കൈ കടത്തൽ. ആ കുശുമ്പ് മനസിലാക്കിയാണ് ജീവൻ മനപൂർവ്വം അച്ചുവിനോട് ദേഷ്യം കാണിക്കുന്നത്.

ആ കണ്ണിൽ തന്റെ അച്ഛന് വേണ്ടി മിന്നി മറയുന്ന കുശുമ്പ് കാണാൻ… സ്നേഹം കാണാൻ… ഒടുവിൽ പരിഭവത്തോടെയുള്ള അവളുടെ നോട്ടം തന്നിലേക്ക് നീളുന്നതിനു വേണ്ടി. അവൾ അവനെ കണ്ണുരുട്ടി നോക്കി നിന്നു.

“കണ്ണുരുട്ടുന്നോ ഉണ്ടകണ്ണി… പാവം അപ്പച്ചിയെ അടുക്കളയിൽ കയറ്റി പണിയെടുപ്പിക്കുന്നു… നിനക്ക് വേറെ എന്താ പണി… ഇങ്ങനെ തേരാ പാരാ യാത്രകൾ ചെയ്യുന്നതോ… അച്ഛാ… ഇവളെ ഇങ്ങനെ കയറൂരി വിടേണ്ട… നല്ലൊരു പയ്യനെ കണ്ടുപിടിച്ചു അങ്ങു കെട്ടിച്ചു വിട്ടാലോ” അച്ചുവിന് ജീവന്റെ പറച്ചിൽ കേട്ടു ദേഷ്യം… അടിമുടി പെരുത്തു കേറി.

“എന്നെ കെട്ടിക്കാൻ ഇയാൾ അങ്ങു കഷ്ടപ്പെടേണ്ട… എന്നെ കെട്ടിക്കാനാന്നോ ഇങ്ങോട്ട് വന്നത്… അല്ലലോ… അച്ഛനെ സ്നേഹിക്കാൻ അല്ലെ… അപ്പൊ അതു ചെയ്ത മതി”

“നീ ഇവിടെ നിന്ന ഞാൻ എങ്ങനെയാ കെട്ടുന്നെ… ഇപ്പോഴേ ഇതാ നിന്റെ സ്വഭാവം. നിന്നെ കെട്ടിച്ചിട്ട് വേണം എനിക്ക് സ്വസ്ഥമായി ഒരു കല്യാണം കഴിക്കാൻ”

ജീവൻ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ ഉള്ളൊന്നു നൊന്തു. വെറുതെ കുറെ മോഹങ്ങൾ നെയ്തു കൂട്ടിയ മനസു വേദനിച്ചുവെന്നു തോന്നുന്നു… കണ്ണു നിറഞ്ഞു. പിന്നെ അവനോടു തല്ലു പിടിക്കാൻ നിൽക്കാതെ അവൾ വലിഞ്ഞു അവിടെ നിന്നു.

“അതൊരു പാവം ആണ് ജീവ… എന്തിനാ നീയതിനെ”

“എനിക്കുമറിയാം അച്ഛാ… പിന്നെ ഞാൻ ഇതൊക്കെ ആസ്വദിക്കുകയാണ് ഇപ്പോൾ… എനിക്ക് നഷ്ടമായ ചില സന്തോഷങ്ങൾ ആണ് ഈ തല്ലു പിടുത്തമൊക്കെ… അതൊക്കെ ഒന്നു ഞാൻ എൻജോയ് ചെയ്യട്ടെ മാൻ” പ്രകാശ് പറഞ്ഞതു പൂർത്തിയാക്കാതെ ജീവൻ പറഞ്ഞു കൊണ്ട് പ്രകാശിന്റെ വായിലേക്ക് ഒരു ഉഴുന്ന് വട കയറ്റി വച്ചു അവൻ ചിരിച്ചു.

ദിവസങ്ങൾ ഓടി മറഞ്ഞു കൊണ്ടിരുന്നു. പ്രത്യക്ഷത്തിൽ ശീതളിനെ കൊണ്ടു ദേവ്നിക്ക് ഉപദ്രവം ഒന്നും ഉണ്ടായിരുന്നില്ല.

എങ്കിലും അവളുടെ മേലെ എപ്പോഴും ഒരു ശ്രെദ്ധ വേണമെന്ന് ദേവ്നിയെ ജീവനും ഗൗതവും കൂടെ കൂടെ ഓർമിപ്പിച്ചു കൊണ്ടിരുന്നു.

ആഴ്ചയിൽ ഒരിക്കൽ മാത്രമേ ഗൗതമിനു അവളെ വിളിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ജീവൻ എപ്പോഴും വിളിച്ചു അവളുടെ വിശേഷങ്ങൾ തിരക്കിയിരുന്നു.

ദേവ്നിക്ക് അവളുടെ കഴിവ് തെളിയിക്കാനുള്ള ഒരു അവസരം കൂടി വന്നു ചേർന്നു. ആസ്റ്റർ ഗ്രൂപ്പ് ആയി. പക്ഷെ അവരുടെ ടെൻഡർ കിട്ടുന്നതിന് ഏറ്റവും വലിയ വെല്ലുവിളി ജീവൻ നയിക്കുന്ന രാജ് ഗ്രൂപ്‌സ് തന്നെയായിരുന്നു.

ദേവ്നിയുടെ മുഖം അതു അറിഞ്ഞപ്പോൾ മുതൽ മ്ലാനമായിരുന്നു. എത്രയൊക്കെ ചെയ്താലും ജീവന്റെ കഴിവുകളോ ഈ മേഖലയിലെ പരിച്ചയമോ അവൾക്കില്ല.

ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കാനും കഴിയാത്ത ഒരു അവസ്ഥ. ജീവനോട് ഒരിക്കലും ഈ ബിസിനെസിൽ നിന്നു പിന്മാറാൻ പറയാനും കഴിയില്ല. ദേവ്നിയാകെ തല പുകഞ്ഞു ആലോചനയോടെ.

“ജീവേട്ട…”

“പറയു ദേവാ… എന്താണ് മുഖത്തു ഒരു വാട്ടം” കോഫി ഷോപ്പിൽ ജീവന് എതിരെ ഇരിക്കുകയായിരുന്നു ദേവ്നി.

“വളച്ചു കെട്ടില്ലാതെ തന്നെ ഞാൻ കാര്യം പറയാം. മറ്റന്നാൾ നടക്കുന്ന ടെൻഡർ… അതു എനിക്ക് വേണം… ജീവേട്ടൻ എതിർ നിൽക്കരുത്”

“ഞാൻ ലക്ഷ്മി ഗ്രൂപ്പിനോ അല്ലെങ്കി അതിൽ പങ്കെടുക്കുന്ന മറ്റു ബിസിനസ് സ്ഥാപനങ്ങൾക്ക് എതിരെ അല്ല നിൽക്കുന്നത്.

നിങ്ങളെ പോലെ തന്നെയുള്ള ഒരു ബിസിനസ് തന്നെയാണ് എന്റേതും. നിങ്ങളോടൊപ്പം തന്നെയാണ് മത്സരിക്കുന്നതും” ജീവൻ പറയുന്നതിനൊപ്പം അവന്റെ മുഖവും വലിഞ്ഞു മുറുകിയിരുന്നു.

“അറിയാം. എങ്കിലും രാജ് ഗ്രൂപ്സിന് ഈ ചെറിയ ബിസിനസ് കിട്ടിയിട്ട് ഒന്നും നേടാനോ നഷ്ടപ്പെടാനോ ഇല്ല” ദേവ്നിയുടെ വാക്കുകളിൽ ഒരു അനിഷ്ടം നിറഞ്ഞു നിന്നിരുന്നു.

“ഏതൊരു ബിസിനസ് ഗ്രൂപ്പും വലുതാകുന്നത് ഇതുപോലുള്ള ചെറിയ ബിസിനെസിൽ നിന്നു തുടങ്ങിയാണ്. പിന്നെ രാജ് ഗ്രൂപ്‌സ് എന്റെ അല്ല എന്റെ അച്ഛന്റെയാണ്.

ഇതുവരെ അവിടെ എന്റേതായ ഒരു കോണ്ട്രിബുഷൻ ഇല്ല. അദ്ദേഹത്തിന്റെ വിയർപ്പിന്റെയാണ് അതു.

എന്നെ വിശ്വസിച്ചു ഒരു കാര്യം അദ്ദേഹം ഏല്പിച്ചിട്ടുണ്ടെങ്കിൽ അതു ഭംഗിയായി തന്നെ ഞാൻ ചെയ്യും”

“അപ്പൊ ഇതിൽ നിന്നും പിന്മാറില്ല അല്ലെ”

“എതിരാളികളെ പോയി കണ്ടു കാലു പിടിച്ചല്ല ബിസിനെസിൽ നേടിയെടുക്കേണ്ടത്… നേർക്ക് നേരെ നിന്നു പൊരുതിയിട്ടാണ്” ദേവ്നി മറുത്തൊന്നും പറയാതെ എഴുനേറ്റു പോകാൻ ഇറങ്ങി.

“ദേവാ”

“ഞാനിപ്പോ ജീവേട്ടന്റെ ദേവ ആയിട്ടല്ല നിൽക്കുന്നത്… ലക്ഷ്മി ഗ്രൂപ്പിന്റെ മാനേജർ ദേവ്നിയാണ്‌”

(തുടരും) – കാരണം പറഞ്ഞു പറഞ്ഞു ഞാനും കേട്ടു കേട്ടു നിങ്ങൾക്കും ബോറടിച്ചു കാണും. അതുകൊണ്ട് കാരണം പറയുന്നില്ല . അറിയാമല്ലോ. 34 വീക്‌സ് വളർച്ചയായി കുട്ടിക്ക്. അത്യാവശ്യം weight ഉണ്ട്. അവസാന സ്കാനിങ് കഴിഞ്ഞു. കൃത്യമായ ഒരു തീയതി പറഞ്ഞില്ല. എപ്പോൾ വേണമെങ്കിലും ഡെലിവറി നടക്കാം.

metro matrimony
നിങ്ങളുടെ വിവാഹങ്ങൾ ഇനി ഞങ്ങളിലൂടെ നടക്കട്ടെ… വാട്‌സാപ്പിൽ ബന്ധപ്പെടൂ…

നിലാവിനായ് : ഭാഗം 1

നിലാവിനായ് : ഭാഗം 2

നിലാവിനായ് : ഭാഗം 3

നിലാവിനായ് : ഭാഗം 4

നിലാവിനായ് : ഭാഗം 5

നിലാവിനായ് : ഭാഗം 6

നിലാവിനായ് : ഭാഗം 7

നിലാവിനായ് : ഭാഗം 8

നിലാവിനായ് : ഭാഗം 9

നിലാവിനായ് : ഭാഗം 10

നിലാവിനായ് : ഭാഗം 11

നിലാവിനായ് : ഭാഗം 12

നിലാവിനായ് : ഭാഗം 13

നിലാവിനായ് : ഭാഗം 14

നിലാവിനായ് : ഭാഗം 15

നിലാവിനായ് : ഭാഗം 16

നിലാവിനായ് : ഭാഗം 17

നിലാവിനായ് : ഭാഗം 18

നിലാവിനായ് : ഭാഗം 19

നിലാവിനായ് : ഭാഗം 20

നിലാവിനായ് : ഭാഗം 21

നിലാവിനായ് : ഭാഗം 22