നീലാഞ്ജനം : ഭാഗം 17
നോവൽ
എഴുത്തുകാരി: പാർവതി പിള്ള
ശാരിയുടെ വിവാഹമാണ് ഇന്ന്.
രഞ്ജിത്തിന്റെ നിർബന്ധപ്രകാരം അൽപ്പം ആർഭാടമായി തന്നെയാണ് വിവാഹം
നടത്തുന്നത്..
വിവാഹത്തിന് ദേവികയും കുടുംബവും എത്തിയിട്ടുണ്ട്.
വളരെ നാളുകൾക്ക് ശേഷമാണ് ഉണ്ണിമോൾ ദേവികയെ കാണുന്നത്.
അവൾ ദേവികയുടെ അടുത്തേക്ക് ഓടിച്ചെന്നു.
പിന്നെ സന്തോഷത്തോടെ പറഞ്ഞു ഏട്ടത്തി
ഒരുപാട് സുന്ദരിയായിരിക്കുന്നു.
ദേവിക സ്നേഹത്തോടെ അവളുടെ കവിളിൽ പിടിച്ചു വലിച്ചു.
ഉണ്ണി മോൾക്ക് എന്താ പറ്റിയത്. പഴയ
ചുറുചുറുക്ക് ഒന്നുമില്ലല്ലോ.
എല്ലായിടത്തു നിന്നും ഒഴിഞ്ഞുമാറി ഉള്ള ഉണ്ണിമോളുടെ നിൽപ്പ് കണ്ടു ദേവിക
വിനുവിനോട് പറഞ്ഞു.
ഞാനും ശ്രദ്ധിച്ചു. പഴയ കുസൃതി ഒക്കെ പോയപോലെ.
ദേവിക ഉണ്ണിമോളെ അടുത്തേക്ക് വിളിച്ചു.
റിസൾട്ട് വന്നോ..
വന്നു ഏട്ടത്തി…
90 ശതമാനം മാർക്കുണ്ട്…
ഇനി എന്തിനു പോകാനാ മോളുടെ പ്ലാൻ..
ബിടെക്കിന് പോകുവാണ്.
ഏട്ടന്റെ നിർബന്ധമാണ്..
അപ്പോഴാണ് പിന്നിൽ നിന്നും ദേവകിയമ്മ
അത് കേട്ടു കൊണ്ട് വന്നത്….
പൈസ ഇല്ലാത്ത സമയത്ത് ഒന്നിനും വിടണ്ട
എന്ന് പറഞ്ഞതാ അവനോട്. കേൾക്കണ്ടേ…
എല്ലാം അവൻ ഒരാളുടെ കൈകളിൽ കൂടി
വേണ്ടേ ഓടാൻ…
ഇനി ശ്രീക്കുട്ടിയുടെയും കൂടി കാര്യം കഴിയുന്നതുവരെ എനിക്ക് സമാധാനം ഇല്ല.
അതെങ്ങനെയാ അതിനിടക്ക് വേറെ ഓരോന്ന്
ഇങ്ങനെ വരികയല്ലേ.
അത് കേട്ട് ദേവിക ഒന്ന് പുഞ്ചിരിച്ചു.
അതൊക്കെ നടക്കും അമ്മേ.. ഉണ്ണിമോൾ പഠിക്കാൻ മിടുക്കി അല്ലേ.. അവൾ പഠിക്കട്ടെ…
പഠിക്കട്ടെ.. പഠിക്കട്ടെ.. വല്ലവന്റെയും പുല്ലിനു
പുല്ലു പറിച്ചാൽ പുല്ലും കാണില്ല പൂടയും
കാണില്ല…
ദേവകിയമ്മ രോഷത്തോടെ പറഞ്ഞുകൊണ്ട് നടന്നു.
വിനുവും ദേവികയും അന്ധാളിപ്പോടെ ഉണ്ണിമോളുടെ മുഖത്തേക്ക് നോക്കി.
നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാനായി അവൾ മുഖം കുനിച്ചു.
പിന്നെ അവരെ നോക്കി ഒരു ചിരി മുഖത്ത് വരുത്തി.
വിവാഹം കഴിഞ്ഞ് പോകാൻ ഇറങ്ങുമ്പോഴും ദേവികയുടെ കണ്ണുകൾ ഉണ്ണിമോളെ തിരഞ്ഞു.
ഒടുവിൽ ശ്രീകാന്തിനോട് ഉണ്ണിമോളെ
തിരക്കുമ്പോൾ ദേവകിയമ്മ പെട്ടെന്ന് പറഞ്ഞു അവൾ കഴിക്കാൻ പോയി എന്ന്..
ശ്രീക്കുട്ടിയേയും കൂട്ടി ദേവികയുടെ
അടുത്തേക്ക് നീങ്ങി നിന്ന് ദേവകിയമ്മ
ചോദിച്ചു. അല്ല അവിടുന്ന് മനു മോൻ വീട്ടുകാരെയും കൂട്ടി വരാം എന്ന് പറഞ്ഞിട്ട് കണ്ടില്ലല്ലോ…
ദേവിക എന്തു പറയണമെന്നറിയാതെ
വിനുവിന്റെ മുഖത്തേക്ക് നോക്കി..
അത് പിന്നെ മനുവിന് പെട്ടെന്ന് തിരികെ പോകേണ്ടിവന്നു. അതുകൊണ്ടാണ്
വരാതിരുന്നത്..
പിന്നെ കൂടുതൽ ചോദ്യങ്ങൾക്ക് അവസരം കൊടുക്കാതെ എല്ലാവരോടും യാത്ര പറഞ്ഞ്
വിനു ദേവികയേയും കൂട്ടി കാറിന് അരികിലേക്ക് നടന്നു.
ഉണ്ണി മോൾക്ക് പിടിപ്പത് പണിയുണ്ടായിരുന്നു വീട്ടിൽ…
വിവാഹം കഴിഞ്ഞതിന് പിറ്റേന്ന് തന്നെ ശാലിനിയും ഭർത്താവും മടങ്ങിയിരുന്നു.
എല്ലാവരും മാറിയിട്ട് മുഷിഞ്ഞ ഡ്രസ്സുകളും കഴുകാനായി അടുക്കളയിൽ കുന്നുകൂടിയ പാത്രങ്ങളും ഒക്കെ കണ്ട് ഒരു വേള അവളുടെ കണ്ണ് നിറഞ്ഞു.
രണ്ടുദിവസത്തെ ഉറക്കമില്ലായ്മയും അവളെ തളർത്തുന്നുണ്ടായിരുന്നു….
രാവിലെ തുടങ്ങിയ ജോലി ഉച്ചയോടെയാണ് തീർന്നത്…
വെളിയിൽ എന്തോ ആവശ്യങ്ങൾക്കായി പോയിട്ട് വന്ന ശ്രീകാന്ത് കാണുന്നത് മുറ്റം നിറയെ കഴുകി ഉണക്കാനായി ഇട്ടിരിക്കുന്ന തുണികൾ ആണ്…
അടുക്കളയിലേക്ക് ചെന്നപ്പോൾ ആഹാരം പാകം ചെയ്യുന്ന തിരക്കിലായിരുന്നു ഉണ്ണിമോൾ..
അവനൊന്നും മിണ്ടാതെ അമ്മയുടെ മുറിയിലേക്ക് എത്തി നോക്കി..
അവിടെ അമ്മയും ശ്രീക്കുട്ടിയും കൂടി ശാരിക്ക് കിട്ടിയ പ്രെസന്റ്റേഷനുകൾ പൊട്ടിച്ചു നോക്കുന്ന തിരക്കിലായിരുന്നു.
അവൻ മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തി കൊണ്ട് ഉമ്മറത്തേക്ക് ഇറങ്ങി…
ആരെയും കാത്തു നിൽക്കാൻ ഇല്ലാത്ത വണ്ണം ദിവസങ്ങൾ പിന്നെയും പോയി മറഞ്ഞു…
ഉണ്ണിമോളെ വീട്ടിൽ നിർത്തിയാൽ ശരിയാവില്ലെന്ന് അറിയാവുന്ന ശ്രീകാന്ത്
അവർക്ക് വേണ്ടി നഗരത്തിലെ കോളേജിൽ ആണ് അഡ്മിഷൻ എടുത്തത്..
കോളേജിലെ ഹോസ്റ്റലിൽ തന്നെ അവൾക്ക് താമസ സൗകര്യവും ഏർപ്പെടുത്തി..
അറിഞ്ഞപ്പോൾ ഉണ്ണിമോൾ ഒരുപാട് എതിർത്തെങ്കിലും ശ്രീകാന്തിന്റെ വാശിക്ക് മുൻപിൽ അവൾക്ക് ഒന്നും പറയാനായില്ല..
പോകുന്നതിനു മുൻപ് ദേവകിയമ്മയുടെ വക പ്രാക്കും പാഴാങ്ങം പറച്ചിലും ആവോളം കിട്ടി ഉണ്ണി മോൾക്ക്..
അവൾക്ക് നെഞ്ച് വിങ്ങുന്ന പോലെ തോന്നി..
എത്ര പെട്ടെന്നാണ് അമ്മയുടെ ഭാവം മാറിയത്..
പണ്ടും തന്നോട് ഒരു അകൽച്ച ഉണ്ടായിരുന്നു പക്ഷേ അന്നൊന്നും അതിന്റെ കാരണം അറിയില്ലായിരുന്നു.
ഇപ്പോൾ വല്ലാതെ നോവുന്നു. ഒരു പക്ഷെ അതിന് കാരണം അറിയാവുന്നതു കൊണ്ടാവും..
പഴയതുപോലെ ഇനി അമ്മ എന്നെ ഉണ്ണിമോളെ എന്ന് വിളിക്കുമോ..
അറിയില്ല.. മുൻപിൽ ചെല്ലുന്നത് പോലും ദേഷ്യമാണ്..
ബാഗ് ഒക്കെ പാക്ക് ചെയ്ത് വെക്കുമ്പോഴാണ് ദേവകിയമ്മ ഉണ്ണിമോളുടെ മുറിയിലേക്ക് വന്നത്…
ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.. പഠിത്തമൊക്കെ കഴിഞ്ഞ് ഇനിയും എന്റെ ചെറുക്കന്റെ തലയിൽ തൂങ്ങാൻ നിൽക്കരുത്.
നിന്റെ കാര്യം നോക്കി പൊയ്ക്കോണം.
അവൾ അമ്പരപ്പോടെ അമ്മയുടെ മുഖത്തേക്ക് നോക്കി.
ഞാൻ… ഞാൻ എങ്ങോട്ടാണ് അമ്മേ പോകേണ്ടത്…
അതൊന്നും എനിക്കറിയില്ല എത്രയും പെട്ടെന്ന് ഒരു ജോലി വാങ്ങി പോകണം..
ഇനി നിന്നെയും വിവാഹം ചെയ്ത് അയച്ചിട്ട് അവൻ കല്യാണം കഴിക്കാൻ നിന്നാൽ മൂക്കിൽ പല്ല് മുളക്കുകയേയുള്ളൂ…
നിനക്ക് അവനോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ അതിന് ഇടവരുത്തരുത്.
ദേവകിയമ്മയുടെ സംസാരം കേട്ട് ഇറങ്ങിവന്ന ശ്രീക്കുട്ടി ഉണ്ണിമോളെ രൂക്ഷമായി നോക്കി.
അപ്പോഴാണ് ശ്രീക്കുട്ടിയുടെ കണ്ണുകൾ ഉണ്ണിമോളുടെ ബാഗിലേക്ക് നീണ്ടത്.
ബാഗിൽ വെച്ചിരിക്കുന്ന പുതിയ
ഡ്രസ്സുകളിലേക്ക് ശ്രീക്കുട്ടിയുടെ കണ്ണുകളുടക്കി.
അവൾ പാഞ്ഞു ചെന്ന് അത് കൈക്കലാക്കി..
കണ്ടില്ലേ അമ്മേ ഏട്ടൻ ഇവൾക്ക് വാങ്ങിച്ചു കൊടുത്തിരിക്കുന്നത്.
ഇതേപോലെ ഒരെണ്ണം എനിക്ക് വാങ്ങിച്ചു തരുമോ ഏട്ടൻ..
അതങ്ങനെയാ കണ്ണും കാലും കാണിച്ച് ഏതുനേരവും ഏട്ടന്റെ പിറകെ അല്ലേ
നാശം….
അങ്ങനെ നീ ഇത് ഇടണ്ട.. ഉള്ളതൊക്കെ ഇട്ടാൽ മതി..
ശ്രീക്കുട്ടി അതുമായി അവളുടെ റൂമിലേക്ക് പോയി..
ഉണ്ണിമോൾ ഒരക്ഷരം പറയാനാകാതെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടയ്ക്കാൻ മറന്ന് ഭിത്തിയോട് ചേർന്ന് നിന്നു..
ശ്രീകാന്തിന് ലീവ് കിട്ടാത്തതിനാൽ വേണു മാഷാണ് ഉണ്ണി മോളെ കോളേജിലേക്ക് കൊണ്ടുപോയത്…
ഗാർഡിയൻ പേരിന്റെ സ്ഥാനത്ത് വേണു മാഷിന്റെ പേരാണ് വെച്ചത്..
ഹോസ്റ്റലിൽ അവളെ കൊണ്ടാക്കി മടങ്ങുമ്പോൾ ശ്രീകാന്തിന്റെ നിർദ്ദേശപ്രകാരം കുറച്ചു പൈസ അവളുടെ കൈകളിലേക്ക് വെച്ച് കൊടുക്കാനും മറന്നില്ല.
ഉണ്ണി മോളുടെ കയ്യിൽ ഫോൺ ഇല്ലാത്തതുകൊണ്ട് ഹോസ്റ്റലിലെ നമ്പറും വാങ്ങിയാണ് വേണുമാഷ് മടങ്ങിയത്.
ഹോസ്റ്റൽ റൂമിലേക്ക് കയറിയ ഉണ്ണി മോൾക്ക് മനസ്സിന് ആകെ ഒരു വിങ്ങൽ തോന്നി..
വല്ലാത്ത ഒരു വീർപ്പുമുട്ടൽ പോലെ
ആദ്യമായാണ് ഇങ്ങനെ വീട്ടിൽ നിന്നും മാറി നിൽക്കുന്നത്..
റൂമിൽ 3ബെഡ് ആണ് ഉള്ളത്.. കൂടെയുള്ള രണ്ടുപേരും അച്ചായത്തി മാരാണ്..
കാണുമ്പോഴേ അറിയാം വലിയ വീട്ടിലെ കുട്ടികൾ ആണെന്ന്…
രണ്ടുപേരും ഉണ്ണി മോളോട് സൗഹൃദത്തിൽ ചിരിച്ചു..
രണ്ടാളുടെയും പഠന കാലം മുഴുവൻ ഹോസ്റ്റലിൽ ആയിരുന്നതുകൊണ്ട് അവർക്ക് ഒരു പുതുമയും അതിലുണ്ടായിരുന്നില്ല..
ഒരാൾ കോട്ടയം കാരിയാണ് പേര് ജെയ്സ്‌ലി. ഒരാളുടെ വീട് തിരുവല്ലയാണ്.
ലിൻഡ എന്നാണ് പേര്. ആളുടെ പപ്പയും മമ്മിയും എല്ലാം ലണ്ടനിലാണ്..
നാട്ടിൽ മമ്മിയുടെ അപ്പച്ചനും അമ്മച്ചിയും ആണ് ഉള്ളത്..
വായാടികൾ ആയ രണ്ടുപേരുടെയും നടുവിൽ ആയതുകൊണ്ട് ഉണ്ണി മോൾക്ക് ഒരുപാട് വിഷമം ഒന്നും തോന്നിയില്ല..
ഏട്ടനെ വിളിക്കാൻ പറ്റാതെ വിഷമിച്ച് ഇരുന്ന ഉണ്ണി മോൾക്ക് ജെയ്‌സ്‌ലി ഫോൺ നൽകി.
ഏട്ടനെ വിളിച്ച് വിശേഷങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ അവൾക്ക് അല്പം ആശ്വാസം തോന്നി..
പിറ്റേന്ന് കോളേജിൽ പോകാൻ മൂന്നാളും കൂടിയാണ് ഇറങ്ങിയത്..
ഒരു വലിയ കണ്ണാടിയാണ് റൂമിൽ ഉള്ളത് രാവിലെതന്നെ ലിൻഡയും ജയ്‌സ്‌ലിയും അതിന്റെ മുൻപിലാണ്…
അവരുടെ മേക്കപ്പിടീൽ കണ്ട് അന്തംവിട്ടു നിൽക്കുകയാണ് ഉണ്ണിമോൾ…
വാ തുറന്ന് ഉള്ള ഉണ്ണിമോളുടെ നിൽപ്പ് കണ്ട് അവർ രണ്ടാളും മുഖത്തോടുമുഖം നോക്കി ചിരിച്ചു..
എന്റെ ഉണ്ണി മോളേ ഞങ്ങൾക്കും നിന്റെ ഒപ്പം പിടിച്ചു നിൽക്കണ്ടേ…
ഒരു പൗഡറും ഇട്ടു ഒരു കുഞ്ഞു പൊട്ടും തൊട്ടു ഉണ്ണിമോളുടെ ഒരുക്കവും കഴിഞ്ഞു..
എന്തോരം മുടിയാ നിനക്ക്..
എന്തായാലും കോളേജിലെ ചുള്ളന്മാർ ഒക്കെ ക്യൂ നിൽക്കും എന്ന് ഉറപ്പാ…
ഇവളുടെ കൂടെ പോയി നമ്മളെ ആരെങ്കിലും ഒന്നു നോക്കിയാൽ മതിയായിരുന്നു..
ലിൻഡ ആവേശത്തോടെ പറഞ്ഞു നിർത്തി.
ഉണ്ണിമോൾ രൂക്ഷമായി അവളെ നോക്കി.
പിന്നെ പറഞ്ഞു എന്നെ ആരും നോക്കില്ല അഥവാ നോക്കിയാൽ തന്നെയും
കുറച്ചു കഴിയുമ്പോൾ അവർ എന്നെ ഉപേക്ഷിച്ചു പൊയ്ക്കൊള്ളും…
ഉണ്ണിമോൾ ഏതോ ഓർമ്മയിൽ വേദനയോടെ പറഞ്ഞു..
ആദ്യമായി കോളേജിൽ പോകുന്നതിന്റെ വെപ്രാളവും പേടിയും ഒക്കെ ഉണ്ടായിരുന്നു ഉണ്ണി മോൾക്ക്.
എന്നാൽ കൂടുള്ള രണ്ടുപേർക്കും അതൊന്നും ബാധകമല്ലായിരുന്നു.
ക്ലാസിൽ മൊത്തം 40 കുട്ടികൾ ആണ് ഉണ്ടായിരുന്നത്
അതിൽ 15 ആൺകുട്ടികൾ ആയിരുന്നു ഉള്ളത്.
എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും നല്ല ഫ്രണ്ട്‌ലി ആയതുകൊണ്ട് ആദ്യം ഉള്ള ഭയം ഒക്കെ ഉണ്ണിമോളെ വിട്ടുപോയിരുന്നു..
ക്ലാസ് ഒക്കെ ഒരു വിധം നല്ല രീതിയിൽ നടന്നു കൊണ്ടിരുന്നു.
ഇതിനിടയിൽ സീനിയേഴ്സ് പലരും ഉണ്ണി മോളുമായി സൗഹൃദം കൂടാൻ എത്തി.
എന്നാൽ എല്ലാവരോടും ഒരു ചിരിയിൽ തന്റെ സംസാരം ഒതുക്കി അവൾ.
ക്ലാസ്സ് തുടങ്ങി ഒരു മാസം കഴിഞ്ഞുള്ള ഒരു വെള്ളിയാഴ്ച ലിൻഡയും ജെയ്‌സ്‌ലിയും
വീട്ടിലേക്ക് പോകാനായി ഇറങ്ങി.
അന്ന് രാത്രി ഉണ്ണി മോൾക്ക് ഉറങ്ങാനേ പറ്റിയില്ല.
തനിക്ക് പോകാൻ ഒരു ഇടം ഇല്ലല്ലോ എന്ന് ആലോചിച്ചപ്പോൾ അവളുടെ ഉള്ളം വിങ്ങി.
ആ ഒരു വർഷക്കാലം അവൾ വീട്ടിലേക്ക് മടങ്ങിയതേ ഇല്ല.
കൂട്ടുകാരുടെ രണ്ടുപേരുടെയും ചോദ്യങ്ങൾക്ക് പല കള്ളങ്ങളും പറഞ്ഞെങ്കിലും ഒടുവിൽ പിടിച്ചുനിൽക്കാൻ പറ്റാതായപ്പോൾ അവൾക്ക് സത്യം പറയേണ്ടിവന്നു.
അന്നുമുതൽ അവളുടെ രണ്ടു സൈഡിലും നിന്ന് രണ്ടു വൻമരങ്ങൾ എന്നപോലെ
അവളെ കൊണ്ടുനടന്നു ആ കൂട്ടുകാർ.
ഇതിനിടയിൽ പല തവണ ശ്രീകാന്ത് അവളെ കാണാനായി എത്തി.
അവളെയും കൂട്ടി പുറത്തുപോയി അവൾക്ക് ആവശ്യമുള്ളതെല്ലാം വാങ്ങിക്കൊടുത്തു.
ശ്രീകാന്തും ഒരിക്കലും വീട്ടിലേക്ക് വരാൻ അവളെ നിർബന്ധിച്ചില്ല.
കാരണം അവനറിയാമായിരുന്നു ഈ കിട്ടുന്ന സമാധാനം ഒരിക്കലും അവൾക്ക് വീട്ടിൽ നിന്നും കിട്ടുകയില്ല എന്ന്.
സെക്കൻഡ് ഇയർ ക്ലാസ്സ് തുടങ്ങിയതിനുശേഷം ഒരു ദിവസം രാവിലെ
മൂന്നാളും കൂടി കാന്റീനിൽ പോയി മടങ്ങുകയായിരുന്നു.
എതിരെ സീനിയേഴ്സ് കുറെ പേർ നടന്നു വരുന്നത് കണ്ടു.
കൂട്ടത്തിൽ ജയ്‌സ്‌ലി ഒരു കൊച്ചു വായിനോക്കി ആണ്.
അതുകൊണ്ടുതന്നെ അവരെ കണ്ടയുടൻ ഉണ്ണിമോൾ അവളോട് പറഞ്ഞു. അതേ ഒരു കാര്യം പറഞ്ഞേക്കാം. നിന്ന് വായി നോക്കാതെ ഞങ്ങളുടെ കൂടെ മിണ്ടാതെ വന്നോണം.
ഉണ്ണിമോൾ അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് മുന്പോട്ട് നടന്നു. പക്ഷേ എത്ര ശ്രമിച്ചിട്ടും ജയ്സ്‌ലിക്ക് തന്റെ കണ്ണുകളെ നിയന്ത്രിക്കാനായില്ല.
അവൾ എല്ലാവരെയും നോക്കി ഒരു പുഞ്ചിരി സമ്മാനിച്ച് കൊണ്ട് മുൻപോട്ടു നടന്നു.
അപ്പോഴാണ് പുറകിൽ നിന്നും ഒരു വിളി കേട്ടത്.
ലിൻഡയും ജെയ്‌സ്‌ലിയും പെട്ടെന്ന് തന്നെ തിരിഞ്ഞു നോക്കി. എന്നാൽ ഉണ്ണിമോൾ തിരിഞ്ഞുനോക്കാതെ നടക്കുകയാണ് ഉണ്ടായത്.
അപ്പോഴാണ് ആ കൂട്ടത്തിൽ നിന്നും സുന്ദരനായ ഒരാൾ മുൻപോട്ട് വന്നത്.
സൂപ്പർ സീനിയറിലെ രാകേഷ് ആയിരുന്നു അത്.
ജെയ്‌സ്‌ലി വാതുറന്നു നിന്നു. കാരണം ആ കോളേജിലെ സകല പെൺപിള്ളേരും രാകേഷിന്റെ ഒരു നോട്ടത്തിനു വേണ്ടി കൊതിക്കുന്നവരാണ്.
സാധാരണ പെൺപിള്ളേരെല്ലാം അങ്ങോട്ടുപോയി മിണ്ടാറ് ആണ് പതിവ്.
വലിയ ഒരു പഠിപ്പിസ്റ്റ് കൂടിയാണ് ആൾ. ഒപ്പംതന്നെ നന്നായി പാടും.
ഈശ്വരാ ഇനി എന്നെ ഇഷ്ടമാണെന്ന് എങ്ങാനും പറയാൻ ആണോ വരുന്നത്.
അവൾ ലിൻഡയുടെ കാതിൽ പറഞ്ഞു.
ലിൻഡ അവളെ ഒന്നു കൂർപ്പിച്ചു നോക്കി.
അവൾ വല്ലാതെ ഒന്നു ഇളിച്ചു കാണിച്ചു.
പിന്നെ രാകേഷിനോട് ആയി ചോദിച്ചു.
എന്താ ചേട്ടാ……
എന്നാൽ രാകേഷിന്റെ കണ്ണുകൾ നടന്നുനീങ്ങിയ ഉണ്ണിമോളുടെ മുഖത്തേക്ക് ആയിരുന്നു.
( തുടരും)