Friday, November 22, 2024
Novel

നീരവം : ഭാഗം 18

എഴുത്തുകാരി: വാസുകി വസു


നടന്ന് അകന്ന് മറയുന്ന നീരവിനെ നോക്കി നീഹാരിക തറഞ്ഞങ്ങനെ നിന്നു പോയി. മനസിൽ ഇഷ്ടമുണ്ട്.അത് പറഞ്ഞറിയിച്ചൊരു പ്രതീക്ഷ നൽകാൻ കഴിയില്ല.അവളുടെ മനമാകെ കാറ്റും കോളും നിറഞ്ഞങ്ങനെ കലങ്ങി മറിഞ്ഞു.അവളിൽ നിന്നൊരു നെടുവീർപ്പ് ഉയർന്നു.

ബസ് കയറി വീട്ടിലെത്തിയട്ടും മനസ് തെളിഞ്ഞില്ല.വന്ന് കയറിയ പാടേ മുറിയിൽ കയറി കതകടച്ചു കട്ടിലിലേക്ക് വീണു.

നീരവിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.നീഹാരികയോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അവനിലും പ്രതീക്ഷയുടെ പുൽനാമ്പ് കിളിർത്തിരുന്നില്ല.

“എന്തുപറ്റി ഏട്ടാ”

കോളേജിൽ നിന്ന് ഗ്ലൂമിയായി വന്ന ഏട്ടനെ കണ്ട് നീരജ അടുത്തേക്ക് വന്നു.ഹാളിൽ ടിവിയും കണ്ടിരിക്കുകയായിരുന്നു അവൾ.

“ഹേയ്..ഒന്നുമില്ല”

അങ്ങനെ പറഞ്ഞിട്ട് നീരവ് മുറിയിലേക്ക് കയറിപ്പോയി. അവൾക്ക് മനസ്സിലായി ഏട്ടന്റെ തിളച്ച് മറിയുന്ന മനസ്സ്.അതിനാൽ അവൻ പോയ പിറകെ അവളും മുറിയിലേക്ക് ചെന്നു.നീരവ് ആകെ അസ്വസ്ഥനായി കിടക്കുകയാണ്.

“ഏട്ടോ..ഇന്ന് നീഹാരികയെ കണ്ടിരുന്നോ?”

അങ്ങനെയൊരു ചോദ്യം അവൻ പ്രതീക്ഷിച്ചില്ലെന്ന് തോന്നി.നീരവ് മെല്ലെ കിടക്ക വിട്ട് എഴുന്നേറ്റു. ഒന്നും മറച്ചു വെച്ചില്ല.എല്ലാം അനിയത്തിയോട് തുറന്നു പറഞ്ഞു.

“വിട്ടേക്ക് ഏട്ടായി..ഇഷ്ടം ഇല്ലെങ്കിൽ പുറകെ നടന്നിട്ട് കാര്യമില്ല”

“ഹേയ് അങ്ങനെ വിട്ടുകളയാൻ ഞാൻ ഒരുക്കമല്ല.മനസ്സിലാദ്യമായി ഇടം നേടിയവളാണ്”

നീരജക്ക് മനസ്സിലായി ഏട്ടൻ നീഹാരികയെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന്.

ദിവസങ്ങൾ ആഴ്ചകളായും മാസങ്ങളായും കടന്നു പോയി. നീഹാരികയും നീരജയും തമ്മിലുള്ള സൗഹൃദത്തിന് യാതൊരു ഉടവും തട്ടിയതേയില്ല.നീരവ് നീഹാരികയുടെ പിന്നാലെയൊന്നും നടന്നില്ലെങ്കിലും അവന്റെ മനസ്സിൽ നിറദീപം ചൊരിഞ്ഞങ്ങനെ നിറഞ്ഞു നിന്നിരുന്നു.

പിജി ഫസ്റ്റ് ഇയറിന്റെ അവസാന നാളുകളിലൊരു ദിവസം വളരെ അപ്രതീക്ഷിതമായി നീഹാരിക നീരവിനെ തേടിയെത്തി. ക്ലാസ് കഴിഞ്ഞു ഇറങ്ങിയ നീരവ് തനിക്ക് മുമ്പിൽ നിൽക്കുന്ന നീഹാരികയെ കണ്ടു ആശ്ചര്യപ്പെട്ടു..

എനിക്കൊന്ന് സംസാരിക്കണം”

സ്വരം താഴ്ത്തി താഴ്മയോടെയാണ് അവളുടെ സംസാരം.തന്നോട് തന്നെയാണോ ഇവൾ സംസാരിക്കുന്നതെന്ന് തോന്നാതിരുന്നില്ല.

ഹാഫ്സാരിയും ബ്ലൗസുമാണ് നീഹാരികയുടെ വേഷം.മുടി ഇരുവശത്തേക്കും പിന്നിയിട്ട് നാലുമടക്കാക്കി റിബണു കൊണ്ട് മനോഹരമായി കെട്ടിവെച്ചിട്ടുണ്ട്.ആ വേഷത്തിലവൾ കൂടുതൽ സുന്ദരിയായിരുന്നു.

“എവിടെ വെച്ചാണ് സംസാരിക്കേണ്ടത്”

നീരവ് മൗനത്തിന്റെ ആവരണം ഉടച്ചു..നീഹാരിക തലയും താഴ്ത്തി നിന്ന് മറുപടി നൽകി.

“ബീച്ചിലേക്ക് പോകാം”

എങ്ങനെയെന്ന് ചോദിച്ചില്ല.അതിനു മുമ്പേ അവൾ ടൂവീലർ പാർക്കിങ്ങ് ഏരിയയിലേക്ക് നടന്നു.നീരവും അവളുടെ പിന്നാലെ ചെന്നു.

അനിയത്തിയെ അറിയിക്കണമെന്ന് കരുതി ഫോൺ എടുക്കാൻ ശ്രമിച്ചു. വീട്ടിലേക്ക് ബസിൽ പൊയ്ക്കൊളളാൻ പറയാനായിരുന്നു.

“നീരജ വീട്ടിലേക്ക് പോയി”

അവന്റെ മനസ് വായിച്ചത് പോലെ അവൾ മറുപടി നൽകി. പിന്നെയൊന്നും നീരവ് ശബ്ദിച്ചില്ല.ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തതോടെ മടിക്കാതെ നീഹാരിക അതിന്റെ പിന്നിലേക്ക് കയറി.

മൂന്നര കഴിഞ്ഞതേയുളളതിനാൽ ബീച്ചിലെ മണലുകൾക്കും വീശുന്ന കാറ്റിനും പൊള്ളുന്ന ചൂടാണ്..

“നമുക്ക് ഓരോ ചായ കുടിച്ചാലോ?”

“തീർച്ചയായും”

നീഹാരിക അവനെ അനുഗമിച്ചു.ചെറിയ ഒരു കടയിലാണ് അവർ കയറിയത്.ചായയും പരിപ്പുവടയും ആസ്വദിച്ചു കഴിച്ച ശേഷം ബീച്ചിലെ ഒഴിഞ്ഞ ചാരുബെഞ്ചിലേക്ക് വന്നിരുന്നു.

നീഹാരികയാണ് സംസാരത്തിന് തുടക്കമിട്ടത്.അവൾ മിഴികൾ നീരവിൽ ഉറപ്പിച്ചിരുന്നു.

“ഏട്ടായിക്ക് എന്നോടുളളത് പ്രണയമാണോ പ്രേമമാണോ?”

ഏകദേശം ഒരേ അർത്ഥം വരുന്ന വാക്കുകൾ ആമുഖമില്ലാതെ നീഹാരിക ചോദിച്ചപ്പോൾ നീരവിനു പെട്ടെന്ന് മറുപടി കിട്ടിയില്ല.അവന്റെ നെറ്റി ചുളിഞ്ഞു.കുറച്ചു സമയം ആലോചിച്ചാണ് ഉത്തരം കൊടുത്തത്.

“പ്രണയമാണ് നിന്നോടെനിക്ക്..വെറുതെയൊരു ടൈം പാസ് പോലെ കുറച്ചു സമയം സ്പെൻഡ് ചെയ്തു പ്രേമം പോലെ കൊണ്ടു നടക്കാൻ താല്പര്യമില്ല”

നീരവിന്റെ ഉത്തരം അവളെ സംതൃപ്തയാക്കിയതു പോലെ തോന്നിച്ചു.

“ഏട്ടന് അറിയാമല്ലോ എന്നെ കുറിച്ച് എല്ലാം..വീട്ടുകാരുടെ ആകെയുള്ള പ്രതീക്ഷ. എന്റെ വിവാഹം കഴിഞ്ഞാൽ അവർ തനിച്ചായിപ്പോകും”

നീഹാരികയിൽ വിഷാദത്തിന്റെ കരിനിഴൽ പടർന്നു കയറി.. നീരവത് ശ്രദ്ധിച്ചു.

“ഞാനും നീയുമെന്നാൽ നമ്മളാണ്..നമ്മളെന്നാൽ നീയും ഞാനും”

നീരവ് തന്റെ കരമെടുത്ത് നീഹാരികയുടെ കൈവിരലുകളിൽ അമർത്തിപ്പിടിച്ചു. അതിൽ എല്ലാം അടങ്ങിയിരുന്നു.

“ഇനിയും ഏട്ടന്റെ സ്നേഹം ഞാൻ കാണാതെ നടിച്ചാൽ എന്റെ മനസാക്ഷിയെ വഞ്ചിക്കുന്നത് പോലെയാകും.നീരജ അവളുടെ ഈ ഏട്ടനെ കുറിച്ച് വളരെ മുമ്പേ പറഞ്ഞിരുന്നു. ഏട്ടനെന്നാൽ ജീവനാണ് അവൾക്ക്..ആ ജീവനെ ഞാനും എന്നേ സ്നേഹിച്ചിരുന്നു”

നീരജ അങ്ങനെയൊക്കെ പറയുമ്പോൾ നീരവിനു അത്ഭുതമാണ് അനുഭവപ്പെട്ടത്.തനിക്ക് മുമ്പേ ഇവൾ തന്നെ പ്രണയിച്ചിരുന്നു.ചിലപ്പോൾ കാലം തനിക്കായി സൂക്ഷിച്ച നിധിയാകുമിത്.അവന് അങ്ങനെ വിശ്വസിക്കാനായിരുന്നു ഇഷ്ടം.അവൾ അവന്റെ കൈത്തോളിലേക്ക് തല ചായ്ച്ചു.

ഇന്ന് ക്ലാസ് റൂമിൽ ഉച്ചക്ക് സംഭവിച്ചത് നീഹാരികയുടെ മനസ്സിൽ തെളിഞ്ഞു.ഉച്ചക്കത്തെ ഭക്ഷണം കഴിച്ചു കഴിഞ്ഞു ലൈബ്രറിയിലേക്ക് പോവുകയായിരുന്നു നീഹാരിക. നീരജ മിസിന്റെ അടുത്തേക്ക് പോയിരുന്നു.

ലൈബ്രറിയിൽ ഉച്ചയായതിനാൽ തിരക്കില്ല.ഒരു ബുക്ക്സ് എടുക്കാനായിട്ടാണ് അവൾ പോയത്.ബുക്ക് തിരഞ്ഞ് കൊണ്ട് ഇരിക്കുമ്പോഴാണ് പിന്നിലൊരു ചൂളമടി കേട്ടത്.തിരിഞ്ഞ് നോക്കുമ്പോൾ നീരജ് പിന്നിൽ ചിരിയോടെ നിൽക്കുന്നു.അവളുടെ മുഖം വിളറി.

“ഞാനൊരു കാര്യം പറഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞു.. ഇതുവരെ മറുപടി ലഭിച്ചില്ല”

“നീരജ് ഞാനന്നേ പറഞ്ഞില്ലേ എനിക്ക് നിന്നെ അങ്ങനെ കാണാൻ പറ്റില്ലെന്ന്..എനിക്കായി ഒരാൾ കാത്തിരിപ്പുണ്ട്..എന്റെ ലൈഫിലൊരു വിവാഹം ഉണ്ടെങ്കിൽ അദ്ദേഹത്തിന് ഒപ്പമായിരിക്കും”

നീരവിനെ മനസ്സിലോർത്താണ് അവൾ പറഞ്ഞത്.അവനിപ്പോഴും തനിക്കായി കാത്തിരിക്കുവാണ്.അനുകൂലമായൊരു സൂചന നൽകിയാൽ മാത്രം മതി.എത്രനാൾ വേണമെങ്കിലും ആൾ കാത്തിരിക്കും‌. എത്രയൊക്കെ തള്ളിക്കളഞ്ഞാലും താൻ നീരവിനെ പ്രണയിക്കുന്നുണ്ടെന്ന സത്യം നീഹാരികക്ക് അറിയാം.

അവളുടെ മറുപടി കേട്ട് അവന്റെ ചുണ്ടിലൊരു പരിഹാസ പുഞ്ചിരി വിടർന്നു.അശ്ലീലത കലർന്നയൊരു നോട്ടം നീരജിൽ നിന്നുണ്ടായി.

“നിന്നെ ഞാൻ ഒരുപാട് ആഗ്രഹിച്ചതാടീ..അതുകൊണ്ട് നീയെന്റെ കൂടെ കുറച്ചു ദിവസം ഒന്ന് സ്പെൻഡ് ചെയ്താൽ മതി”

“നീരജ് അനാവശ്യം പറയരുത്”

അഭിമാനത്തിന് ക്ഷതമേറ്റപ്പോൾ അവൾ ചീറ്റപ്പുലിയായി.കോളേജിലെ അലമ്പന്മാരുടെ കൂട്ടത്തിലെ പ്രമുഖനാണ് നീരജ്.കഞ്ചാവും മയക്കുമരുന്നിനും അടിമ.ഇഷ്ടപ്പെട്ട പല പെൺകുട്ടികളെയും നശിപ്പിച്ചിട്ടുണ്ട്.അപമാനം ഭയന്ന് ആരുമിതൊന്നും പുറത്ത് അറിയിച്ചിട്ടില്ല.മറ്റുള്ളവർക്ക് മുമ്പിൽ എപ്പോഴും നല്ല സർട്ടിഫിക്കറ്റ് ആണ് അവനുളളത്.

“പിന്നെ നീയെന്ത് കരുതിയെടീ നീരവിനെ വിവാഹം കഴിച്ചു ഞങ്ങളുടെ വീട്ടിൽ കുടിയിരിക്കാമെന്ന് കരുതിയോടീ..ഞാൻ നിന്നെ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നേടിയിരിക്കും”

ഭീഷണിപ്പെടുത്തി അകന്ന് പോകുന്ന നീരജിനെ ഓർത്ത് നീഹാരിക ഭയപ്പെട്ടു. കുറച്ചു മാസങ്ങളായി അവന്റെ ശല്യം തുടങ്ങിയട്ട്.നീരജയെ അറിയിക്കണമെന്ന് കരുതിയെങ്കിലും നല്ല സൗഹൃദത്തെ ഓർത്തപ്പോൾ അവളൊന്നും അറിയരുതെന്ന് കരുതി. നീരവുമായി സംസാരിക്കുന്നതാണ് നല്ലതെന്ന് മനസ്സിലായപ്പോൾ അവനെ തേടിയെത്തി ‌

നീരജിന്റെ ഭീക്ഷണിയെക്കോൾ സുരക്ഷിതത്വം നീരവുമായി ഒന്നിച്ചു ജീവിക്കുന്നതിലാണെന്ന് നീഹാരിക കരുതി.അവന്റെ കാര്യം അവൾ സൂചിപ്പിക്കുകയും ചെയ്തു..

വൈകുന്നേരം ആയപ്പോഴാണ് നീരവും നീഹാരികയും ബീച്ചിൽ നിന്ന് മടങ്ങിയത്.അവളെ വീട്ടിൽ കൊണ്ട് ചെന്ന് വിട്ടതിനു ശേഷം നീരവ് തന്റെ വീട്ടിലെത്തി.

“ഏട്ടോ.. ഇപ്പോൾ ഹാപ്പിയായല്ലോ അല്ലേ”

നീരജ അവന്റെ അടുത്ത് വന്നു ചോദിച്ചു.

“ന്യൂസ് എത്തിച്ചോ ഇത്രയും പെട്ടെന്ന് ”

“അത് പിന്നെയെന്ത് ചോദ്യമാണ് ഏട്ടാ..എന്റെ ചങ്കത്തിയല്ലേ അത്”

“രണ്ടും കൊള്ളാം”

മനസ്സിലെ നീറ്റൽ ശരീരമാകെ പുകയാൻ തുടങ്ങിയത് നീരവ് അടക്കി പിടിക്കാൻ ശ്രമിച്ചു. മുറിയിൽ എത്തിയട്ടും മനസ്സിന് സമാധാനം ലഭിച്ചില്ല.രാത്രിയിൽ അനിയനെ ഒത്ത് അടുത്ത് കിട്ടിയപ്പോൾ അവൻ ഉപദേശിച്ചു.

“നീരജ് മറ്റ് പെൺകുട്ടികളെ കാണുന്നത് പോലെ നീഹാരികയെ കാണരുത്.നിന്റെ ഏട്ടത്തിയമ്മയായി ഈ വീട്ടിൽ വരേണ്ടവളാണ്”

നീരജിന്റെ കണ്ണിൽ മിന്നി മറിഞ്ഞ കൗശലം നീരവ് ശ്രദ്ധിച്ചില്ല.

“സോറി..ഞാനതങ്ങ് വിട്ടു…നീഹാരികയെ അല്ല ഏട്ടത്തിയമ്മയെ തെറ്റായി നോക്കത്ത് പോലുമില്ല”

അനിയന്റെ വാക്കുകൾ ഏട്ടനിൽ ആശ്വാസം പകർന്നു..അതോടെ നീരവിനു പാതി സമാധാനമായി..

സന്തോഷത്തോടെ അനിയന്റെ അടുത്ത് നിന്ന് നീരവ് പോകുമ്പോൾ,,, അവൻ പിന്നിൽ നിന്ന് പല്ല് ഞെരിക്കുന്ന ഒച്ച നീരവ് കേട്ടില്ല..

“നീ കിനാവ് കണ്ടു നടന്നോളൂ…നീരജ് ജീവനോടെ ഉണ്ടെങ്കിൽ നീഹാരികയുടെ ശരീരത്തിന്റെ ചൂട് ഞാനേറ്റു വാങ്ങും…ആഗ്രഹിക്കുന്നതൊക്കെ നേടിയെടുത്തിട്ടേയുള്ളൂ…പക്ഷേ നീ ആഗ്രഹിക്കുന്നത് ഞാൻ നേടിയെടുക്കുമ്പോൾ അതൊരു ലഹരിയാണ്…

ഉന്മാദിയെ പോലെ ആയിരുന്നു അപ്പോഴത്തെ അവന്റെ അവസ്ഥ….

(തുടരും)

നീരവം : ഭാഗം 1

നീരവം : ഭാഗം 2

നീരവം : ഭാഗം 3

നീരവം : ഭാഗം 4

നീരവം : ഭാഗം 5

നീരവം : ഭാഗം 6

നീരവം : ഭാഗം 7

നീരവം : ഭാഗം 8

നീരവം : ഭാഗം 9

നീരവം : ഭാഗം 10

നീരവം : ഭാഗം 11

നീരവം : ഭാഗം 12

നീരവം : ഭാഗം 13

നീരവം : ഭാഗം 14

നീരവം : ഭാഗം 15

നീരവം : ഭാഗം 16

നീരവം : ഭാഗം 17